കേരളത്തിന്‍റെ മുന്നേറ്റത്തെ ഭയക്കുന്ന പ്രതിപക്ഷം

പല പതിറ്റാണ്ടുകളായി കേരളത്തില്‍ 'മ' മാധ്യമങ്ങളാണ് ക്ഷുദ്ര വാര്‍ത്തകളും വീക്ഷണങ്ങളും ചമയ്ക്കുകയും അവയെ ചായ്ച്ചും ചരിച്ചും കെട്ടാറുമുള്ളത്. 'വിമോചനസമര'കാലം മുതല്‍ അവ എങ്ങനെ വസ്തുതാവിരുദ്ധമായി അത് ചെയ്തിട്ടുണ്ട് എന്നു പലരും ഗവേഷണം ചെയ്ത് നെല്ലും പതിരും സമൂഹത്തിനു മുമ്പാകെ തുറന്നുകാട്ടിയിട്ടുമുണ്ട്. നിലവിലുള്ള സര്‍ക്കാരിനെയോ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുന്ന പ്രസ്ഥാനങ്ങളെയോ ജനങ്ങളുടെ മുന്നോട്ടുള്ള കുതിപ്പിനെയോ ജീവന്‍ കെടുത്തി നശിപ്പിക്കാനാണ്, അവ ജനങ്ങള്‍ക്കിടയില്‍ ഇത്തരം സത്യവിരുദ്ധ സമ്മതി നിര്‍മിക്കാന്‍ ശ്രമിക്കാറുള്ളത്. ഇത്തരം ഒരു നീക്കമാണ് കഴിഞ്ഞ ജൂലൈ 4ന് കസ്റ്റംസ് തിരുവനന്തപുരത്ത് കിലോക്കണക്കിനു സ്വര്‍ണം യുഎഇ കോണ്‍സുലേറ്റിലേക്കു വന്ന ഉരുപ്പടികളില്‍ നിന്ന് പിടിച്ചെടുത്തതിനെതുടര്‍ന്ന് ഈ മാധ്യമങ്ങള്‍ ആരംഭിച്ചത്.
ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസുമായി അതിനെ ബന്ധപ്പെടുത്താന്‍ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തതതോടെ ആ നീക്കം പാളി. മാത്രമല്ല, ബിജെപിയുമായി ബന്ധപ്പെട്ട ജനംടിവിയുടെ പ്രധാനിയായ അനില്‍ നമ്പ്യാരെ കസ്റ്റംസും മറ്റും പിടികൂടി ചോദ്യം ചെയ്യുകയും അറിയപ്പെടുന്ന പല മുസ്ലിം ലീഗുകാരും സ്വര്‍ണ ഇടപാടില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തതോടെ, അവര്‍ക്കു നില തെറ്റി. മുഖ്യമന്ത്രിയുടെ മകളെ വിളിച്ച് ചോദ്യം ചെയ്താല്‍ ഇതിലെ സത്യം പുറത്തുവരും എന്ന് ബിജെപിയുടെ കേരള പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ചുമ്മാതങ്ങ് ആരോപിക്കുന്നിടം വരെ ഈ എല്‍ഡിഎഫ് വിരുദ്ധ പൊറാട്ടുനാടകം എത്തിനില്‍ക്കുകയാണ് ഇപ്പോള്‍.


ഇതിനിടെ ബന്ധപ്പെട്ട മാധ്യമങ്ങള്‍ ഇതുവരെയായി രണ്ടേകാല്‍ ലക്ഷം ഭവനരഹിത നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് സമ്മാനിച്ച സര്‍ക്കാരിന്‍റെ ഭവന പദ്ധതിയായ ലൈഫ് മിഷനെ ആക്ഷേപങ്ങളില്‍ കുടുക്കാന്‍ ശ്രമിച്ചു. വീട് നിര്‍മിച്ച് സംഭാവന ചെയ്യുന്നവര്‍ വഴി സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്ലാന്‍ അനുസരിച്ച് വീട് നല്‍കുകയാണ്. സ്ഥലം സര്‍ക്കാര്‍ നല്‍കും. അതിന്‍റെ ഭാഗമായി വടക്കാഞ്ചേരിയില്‍ 140 വീടുകള്‍ നിര്‍മിക്കാന്‍ യുഎഇയിലെ റെഡ്ക്രസന്‍റ് തയ്യാറായി. അതു സംബന്ധിച്ച് സര്‍ക്കാരുമായി ധാരണപത്രത്തില്‍ ഒപ്പിട്ടു. അത് ഏര്‍പ്പെടുത്തിയ കൂട്ടര്‍ അവിടെ വീടുകള്‍ നിര്‍മിച്ചുവരുന്നു. സ്വര്‍ണക്കള്ളക്കടത്തില്‍ കുടുങ്ങിയ സ്വപ്നാ സുരേഷ് ബാങ്ക് ലോക്കറിലുള്ള പണത്തിന്‍റെ സ്രോതസ് വിശദീകരിക്കാനായി അതില്‍ നിന്നു കണ്ടെടുത്ത ഒരു കോടി രൂപ ലൈഫ് ഇടപാടില്‍ കമ്മീഷന്‍ ലഭിച്ചതാണ് എന്നു മൊഴികൊടുത്തു. പക്ഷേ, വീട് നിര്‍മിക്കുന്ന ഏജന്‍സി അന്വേഷണ സംഘത്തോട് പറഞ്ഞത് സ്വപ്ന ഉള്‍പ്പെടെയുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് 75 ലക്ഷം രൂപ നല്‍കിയതെന്നും 3.5 കോടി രൂപ ഡോളറും രൂപാ നോട്ടുമായി യുഎഇ കോണ്‍സുലേറ്റിലെ ഖാലിദിനു നല്‍കി എന്നുമായിരുന്നു. ആ കേസ് മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്‍റെയോ മേല്‍കെട്ടിവയ്ക്കാന്‍ 'മ' മാധ്യമസംഘത്തിനു യുഡിഎഫ്- ബിജെപി നേതൃത്വത്തിനും തന്മൂലം കഴിയാതായി.


ഈ വഴി അടഞ്ഞതായി കണ്ടപ്പോള്‍ മന്ത്രി കെ ടി ജലില്‍ യുഎഇ എംബസിയില്‍ നിന്നു റംസാന്‍ കാലത്ത് പാവപ്പെട്ട മുസ്ലീങ്ങള്‍ക്ക് സക്കാത്ത് നല്‍കാനായി ഭക്ഷണപ്പൊതികള്‍ വാങ്ങുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുകയും ഖുറാന്‍ കോപ്പികള്‍ സ്വീകരിക്കുകയും ചെയ്തത് നയതന്ത്ര വ്യവസ്ഥകള്‍ക്കും മര്യാദകള്‍ക്കും നിയമത്തിനും വിരുദ്ധമായിട്ടാണ് എന്ന പരാതി പരത്തപ്പെട്ടു. ഖുറാന്‍ പാക്കറ്റുകളില്‍ സ്വര്‍ണം കടത്തിയിരിക്കാം എന്ന ആരോപണം വരെ മാധ്യമങ്ങളിലെ നിര്‍മിതബുദ്ധികള്‍ പ്രചരിപ്പിച്ചു. മന്ത്രി യുഎഇ സര്‍ക്കാരിനെ സമീപിച്ചിട്ടില്ല. അവരില്‍ നിന്ന് ഈ വസ്തുക്കളൊന്നും ഇറക്കുമതി ചെയ്തില്ല. തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റാണ് ഖുറാന്‍ പ്രതികള്‍ കൊണ്ടുവന്നത്. കസ്റ്റംസ് പരിശോധിച്ചാണ് അവയുടെ 250 കെട്ട് വന്നത് എന്നാണ് രേഖ. മന്ത്രിക്കു ലഭിച്ച ഖുറാന്‍ പാക്കറ്റുകള്‍ അന്വേഷണ സംഘം പരിശോധിച്ചിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്ന് വിവരം തിരക്കിയിട്ടുണ്ട്. അതില്‍ സംശയാസ്പദമായി ഒന്നും കാണാത്തതുകൊണ്ട് ഇ ഡി വകുപ്പിന്‍റെ കേരളത്തിലെ അധികൃതര്‍ മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കി. ഇതോടെ ബിജെപിയിലെ ഒരു വിഭാഗം വിഷണ്ണരായി. അവര്‍ ഇടപെട്ട ഡല്‍ഹിയില്‍ ഇ ഡി ഡയറക്ടറെക്കൊണ്ട് മന്ത്രിക്കെതിരായ അന്വേഷണം തുടരുമെന്നു പ്രഖ്യാപനം നടത്തിച്ചു എന്നുവേണം സംഭവഗതി വീക്ഷിക്കുമ്പോള്‍ മനസ്സിലാക്കാന്‍.


സ്വര്‍ണക്കള്ളക്കടത്തിലോ ലൈഫ് മിഷന്‍ ഇടപാടിലോ മന്ത്രി കെ ടി ജലീലുമായി ബന്ധപ്പെട്ട സംഭവത്തിലോ ഇതുവരെ പുറത്തുവന്ന വസ്തുതകള്‍ പ്രതിക്കൂട്ടിലാക്കിയിട്ടുള്ളത് കോണ്‍സുലേറ്റ് ജീവനക്കാരെയും ബിജെപിയും യുഡിഎഫുമായും ബന്ധപ്പെട്ടവരെയുമാണ്. അനില്‍ നമ്പ്യാര്‍ വാസ്തവം മറച്ചുവയ്ക്കാന്‍ സ്വപ്നാ സുരേഷിനെക്കൊണ്ട് അന്വേഷണസംഘത്തോട് കള്ളം പറയിക്കാന്‍ ശ്രമിച്ചു എന്നു സ്വപ്ന തന്നെ അവരോട് വെളിപ്പെടുത്തി. അനില്‍ നമ്പ്യാരെ ചോദ്യം ചെയ്ത സംഘം അദ്ദേഹത്തെ കൂടുതല്‍ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍, ബിജെപി നേതൃത്വം ഇടപെട്ട് അത് ഒഴിവാക്കിയതാണ് എന്ന് മാധ്യമങ്ങള്‍ തന്നെ വെളിവാക്കിയിട്ടുണ്ട്. ജൂലൈ 4ന് യുഎഇ കോണ്‍സുലേറ്റിനു വന്ന പാക്കേജില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. നിയമാനുസൃതമായി വിദേശകാര്യ വകുപ്പിന്‍റെ അനുമതി തേടിയാണ് കസ്റ്റംസ് അത് ചെയ്തത്. അക്കാര്യം കഴിഞ്ഞ ദിവസം ധനകാര്യ സഹമന്ത്രി പാര്‍ലമെന്‍റില്‍ സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം വിദേശകാര്യവകുപ്പിലെ സഹമന്ത്രിയായ വി മുരളീധരന്‍ ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത് അത് എംബസിക്കു ഔദ്യോഗികമായി വന്ന പാക്കറ്റല്ലായിരുന്നു എന്നാണ്. സ്വര്‍ണക്കള്ളക്കടത്തായാലും, ലൈഫ് കരാറായാലും ഖുറാന്‍ വന്നതായാലും, വസ്തുതകള്‍ വളച്ചൊടിക്കുന്നത് ബിജെപി- യുഡിഎഫ് നേതാക്കളും അവരെ ഉദ്ധരിച്ചോ അവര്‍ക്കുവേണ്ടിയോ ദുഷ്പ്രചാരണം നടത്തുന്ന മാധ്യമങ്ങളുമാണ്.


കഴിഞ്ഞ രണ്ടരമാസമായി, തല്‍പരകക്ഷികള്‍ സ്വര്‍ണക്കള്ളക്കടത്ത്-ലൈഫ്-ഖുറാന്‍ വിതരണ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രത്യേക രീതിയില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ട്. മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താ അവതരണങ്ങളില്‍ നിന്നും സര്‍ക്കാരിന്‍റെ ഔദ്യോഗിക അറിയിപ്പുകളില്‍നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മറ്റും പ്രസ്താവനകളില്‍നിന്നും വാര്‍ത്തകളില്‍ സത്യവിരുദ്ധമായവയും സത്യമായവയും ഏവ എന്ന് ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ചമയ്ക്കപ്പെടുന്ന കള്ളവാര്‍ത്തകള്‍ക്ക് ഒരു ദിവസത്തെ ആയുസ്സുപോലും പലപ്പോഴും ലഭിക്കുന്നില്ല. ഇത്തരം മാധ്യമങ്ങള്‍ കള്ളവാര്‍ത്തകള്‍ ചമയ്ക്കുന്നത് യുഡിഎഫിന്‍റെയും ബിജെപിയുടെയും നേതൃത്വങ്ങളുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് എന്നത് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുള്ള രഹസ്യമാണ്. ഇത് അറിയുന്നവര്‍ പോലും വാര്‍ത്തകളും രാഷ്ട്രീയനേതാക്കളുടെ പ്രസ്താവനകളും കുത്തൊഴുക്കായി വരുമ്പോള്‍ നെല്ലും പതിരും തിരിച്ചറിയാന്‍ പ്രയാസപ്പെടും. വാര്‍ത്തകള്‍ എല്ലാം വസ്തുതകളാണ്, അവയില്‍ കെട്ടിച്ചമയ്ക്കപ്പെട്ടവ ഇല്ല എന്നു വിശ്വസിക്കുന്ന ശുദ്ധാത്മാക്കള്‍ പ്രത്യേകിച്ചും. അവര്‍ അറിയുന്നില്ല, ഇമിറ്റേഷന്‍ ഗോള്‍ഡ് പോലെ സത്യേതര വസ്തുക്കള്‍ നീച വാര്‍ത്തകളും പ്രസ്താവനകളും ചമച്ച അമേരിക്കന്‍ സെനറ്റര്‍ ജോസഫ് മക്കാര്‍ത്തിയുടെ പിന്മുറക്കാര്‍ ഇവിടെ കേരളത്തില്‍ ഇപ്പോഴും കമ്യൂണിസ്റ്റ് വിരോധം വമിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു എന്ന്.


കേരളത്തില്‍ സമൂഹ ജീവിതത്തിന്‍റെ നാനാതുറകളില്‍ പുരോഗതിയും വികസനവും വൈവിധ്യവും ഉറപ്പാക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരും വിവിധ സാമൂഹ്യ-സാംസ്കാരിക സംഘടനകളും പ്രവര്‍ത്തകരും ചെയ്തു കൊണ്ടിരിക്കുന്ന കാലമാണിത്. അതിനെല്ലാം എതിരായ കാര്യങ്ങളും ഇവിടെ നടക്കുന്നുണ്ട്. എങ്കിലും, സൃഷ്ടിപരമായ, സമൂഹത്തെ മുന്നോട്ടു നയിക്കുന്ന കാര്യങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. അതിന്‍റെ ഫലമായാണ് ജനങ്ങളുടെ മുന്‍കയ്യില്‍ സമ്പൂര്‍ണ സാക്ഷരത 30 വര്‍ഷം മുമ്പ് കേരളം കൈവരിച്ചത്; ജനകീയാസൂത്രണം കാല്‍നൂറ്റാണ്ട് മുമ്പ് ആരംഭിച്ച് ഇന്നു കേരളീയ ജീവിതത്തിന്‍റെ സമസ്ത മണ്ഡലങ്ങളിലേക്കും പടര്‍ന്നു പന്തലിച്ചത്; ആരോഗ്യം, വിദ്യാഭ്യാസം, ജനക്ഷേമം, കൃഷി, ഐടി മുതലായ മേഖലകളില്‍ കേരളം തനതായ സാമൂഹ്യ മുദ്രപതിപ്പിച്ചുകൊണ്ടിരിക്കുന്നത്. കേരളം എന്നു കേട്ടാല്‍, ഞെരമ്പുകളില്‍ ചോര തുടിക്കാന്‍ ഇടയാക്കുന്ന ആവേശം എല്ലാ മലയാളികളിലും സൃഷ്ടിക്കുന്ന പലതും ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നു.


എന്നാല്‍, രാഷ്ട്രീയതലത്തിലും മാധ്യമതലത്തിലുമുള്ള പല പിന്നാക്കം നോക്കികളിലും ഉളവാക്കുന്നത് ഇവയെ ചൊല്ലിയുള്ള അഭിമാനമോ ആവേശമോ അല്ല. ഈ നേട്ടങ്ങളെ ഇടിച്ചുകാണിക്കാനുള്ള ദോഷൈക വീക്ഷണമാണ്. അതുകൊണ്ടാണ് വീടില്ലാത്തവര്‍ക്കെല്ലാം വീട് സര്‍ക്കാര്‍ സംഘടിപ്പിച്ചുകൊടുക്കുന്നതില്‍ മിക്കവര്‍ക്കും സന്തോഷവും സംതൃപ്തിയും തോന്നുമ്പോള്‍ അവയെ ദുരാരോപണങ്ങള്‍ എറിഞ്ഞ് ഉടയ്ക്കാന്‍ ഏതാനും പേര്‍ക്കു വെമ്പലുണ്ടാകുന്നത്; കള്ളക്കടത്തും കള്ളത്തരങ്ങളും നടത്തുന്നവരെയും ശതകോടിക്കള്ളനായ മഞ്ചേശ്വരത്തെ കമറുദ്ദീനെപ്പോലെയുള്ളവരെയും ചേര്‍ത്തുപിടിക്കാനും പിണറായി വിജയനെയും കെ ടി ജലീലിനെയും പോലുള്ളവരെ വ്യാജവാര്‍ത്ത ചമച്ച് രാഷ്ട്രീയമായി മുക്കിക്കൊല്ലാനുമുള്ള വികാരമുണ്ടാകുന്നത്. അത്തരക്കാരെക്കുറിച്ചാണ് പണ്ട് കുഞ്ചന്‍ നമ്പ്യാര്‍ "ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം" എന്ന് പാടിയത്. കേരളം ഇത്രമാത്രം പുരോഗമിച്ചിട്ടും ഇത്തരം ക്ഷുദ്രജീവികള്‍ സമൂഹത്തെയും ജനാധിപത്യത്തെയും ആക്ഷേപിച്ചാര്‍ക്കുന്നത് അവയുടെ പുരോഗതിക്ക് വലിയൊരു വെല്ലുവിളിയാണ്.