സ്വര്‍ണ കള്ളക്കടത്തും ബിജെപിയും മാധ്യമങ്ങളും

കെ എ വേണുഗോപാലന്‍

2020ജൂലൈ അഞ്ചിന് കസ്റ്റംസ് സ്വര്‍ണ്ണ കള്ളക്കടത്ത് പിടിച്ചു എന്ന വാര്‍ത്ത വന്ന് ചൂടാറുന്നതിനു മുമ്പെ ബിജെപിയുടെ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ ഒരു പ്രസ്താവനയുമായി മുന്നോട്ടുവന്നിരുന്നു. സ്വര്‍ണ്ണം വിട്ടുകൊടുക്കുന്നതിനുവേണ്ടി മുഖ്യമന്ത്രിയുടെ ആഫീസില്‍ നിന്ന് വിളിച്ചിരുന്നു എന്നായിരുന്നു ആ പ്രസ്താവന. അതിന് അച്ചടി - ദൃശ്യ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം കൊടുത്തു. അസംബന്ധം എന്നാണ് മുഖ്യമന്ത്രി ഇതിനെ കുറിച്ച് പറഞ്ഞത്. എന്നാല്‍ ആ നിഷേധം വാര്‍ത്താപ്രാധാന്യം നേടിയില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്‍റിനെ അടിക്കാന്‍ ഒരു വടി ആയിരുന്നു മാധ്യമങ്ങള്‍ക്ക് ആവശ്യം. എന്നാല്‍ ഇപ്പോള്‍ ബിജെപി നിയന്ത്രിക്കുന്ന ജനം ടിവിയുടെ കോഓഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ കസ്റ്റംസിനാല്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്‍റെ മൊഴിയാണ് ഈ ചോദ്യംചെയ്യലിലേക്കു നയിച്ചത്. സ്വപ്നയുടെ മൊഴിയില്‍ അനില്‍ നമ്പ്യാരുമായുള്ള ബന്ധം അനാച്ഛാദനം ചെയ്യപ്പെട്ടിട്ടുണ്ട്. നമ്പ്യാരാണ് ഡിപ്ലോമാറ്റിക് ബാഗേജ് അല്ല എന്ന് എഴുതിക്കൊടുക്കാന്‍ ഉപദേശിച്ചത്. കുറ്റം പൂര്‍ണമായും ഏല്‍ക്കാന്‍ സന്ദീപ് നായരോട് ആവശ്യപ്പെടാനും അനില്‍ നമ്പ്യാര്‍ സ്വപ്നയെ ഉപദേശിച്ചിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജ് അല്ല എന്ന് കോണ്‍സുലേറ്റില്‍ നിന്ന് ഇ-മെയില്‍ പോകുന്നത് അനില്‍ നമ്പ്യാരുടെ നിര്‍ദ്ദേശാനുസൃതമാണ്. ഡിപ്ലോമാറ്റിക് ബാഗേജ് അല്ല എന്ന് തറപ്പിച്ചു പറഞ്ഞു കൊണ്ടുള്ള വിദേശകാര്യസഹമന്ത്രിവി മുരളീധരന്‍റെ നിലപാട് ഇതുമായി കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ടതാണ്. 

സ്വപ്നയും ശിവശങ്കറും ആയുള്ള  ബന്ധവും അനില്‍ നമ്പ്യാര്‍ക്ക് അറിയാവുന്നതാണ്. സ്വപ്ന ശിവശങ്കറിനോട് കസ്റ്റംസുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ അതിന് അദ്ദേഹം തയ്യാറായില്ല എന്നാണ് ചോദ്യംചെയ്യലില്‍ വെളിപ്പെട്ടത്. പക്ഷേ അനില്‍ നമ്പ്യാര്‍ അങ്ങനെ പ്രതീക്ഷിച്ചു കാണും. ആ പ്രതീക്ഷയാണ് കെ സുരേന്ദ്രന്‍റെ മുഖ്യമന്ത്രിയുടെ ആഫീസില്‍ നിന്നുള്ള വിളിയായി രൂപം പ്രാപിച്ചത്. അല്ലാതെ ആ പ്രസ്താവന സുരേന്ദ്രന്‍റെ ഒരു ഉള്‍വിളിയായിരുന്നില്ല. ആ ഒരു പ്രസ്താവനയാണ് സാധാരണഗതിയില്‍ പിഴയൊടുക്കി അവസാനിപ്പിക്കാമായിരുന്ന ഒരു കേസിനെ ഇത്രയേറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാക്കി മാറ്റിയത്.
അനില്‍ നമ്പ്യാര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു മാധ്യമപ്രവര്‍ത്തകനാണ്. വിദേശത്തായിരുന്നപ്പോള്‍ തട്ടിപ്പ് കേസില്‍ പ്രതിയായിരുന്നു. സൂര്യ ടിവിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് കേന്ദ്രമന്ത്രി കെ വി തോമസിന് എതിരായി വ്യാജവാര്‍ത്ത ഉണ്ടാക്കുകയും അതിനെത്തുടര്‍ന്ന് ക്രിമിനല്‍ കേസില്‍ അകപ്പെടുകയും ചെയ്തത്. എന്തുകൊണ്ടും ജനം ചാനലിന്‍റെ കോര്‍ഡിനേറ്റര്‍ ആവാന്‍ യോഗ്യന്‍ തന്നെ. ഇവിടെയാണ് നയതന്ത്ര ബാഗേജ് അല്ല എന്ന് എഴുതി കൊടുക്കാനുള്ള അനില്‍ നമ്പ്യാരുടെ 'നിയമോപദേശവും' ആ ഉപദേശത്തിന് സാധുത നല്‍കുന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയും തമ്മിലുള്ള ബന്ധം പരിശോധിക്കേണ്ടത്. അനില്‍ നമ്പ്യാര്‍ സ്വപ്നയെ ഉപദേശിച്ചത് സൗഹൃദത്തിന്‍റെ പേരിലാണ് എന്ന് കരുതാം. എന്നാല്‍ കേന്ദ്ര സഹമന്ത്രി പ്രസ്താവന നടത്തുന്നത് എന്ത് ബന്ധത്തിലാണ്. സ്വപ്നയോ സ്വര്‍ണമോ ആയി അദ്ദേഹത്തിന് നേരിട്ട് ബന്ധമൊന്നുമില്ല എന്നാണല്ലോ വെപ്പ്. ബന്ധം ഇല്ലെങ്കില്‍ പിന്നെ ഈ പ്രസ്താവന എന്തിന്? സ്വര്‍ണ്ണക്കടത്തിന് സന്ദീപ് നായരെ നിയോഗിച്ചതില്‍ കേന്ദ്രസഹമന്ത്രിക്കോ സുരേന്ദ്രനോ എന്തെങ്കിലും പങ്കുണ്ടോ ? ഉണ്ടെന്നാണ് സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നത്.

കെ സുരേന്ദ്രന്‍ പ്രസ്താവന ഇറക്കി ഏതാനും നിമിഷങ്ങള്‍ക്കകം ചെന്നിത്തല അത് ഏറ്റുപിടിച്ചു എന്നതും നാം കണ്ടതാണ്. അനില്‍ നമ്പ്യാര്‍ കെ വി തോമസിന് എതിരായി വ്യാജവാര്‍ത്ത ഉണ്ടാക്കിയത് കോണ്‍ഗ്രസിലെ ഒരു ഗ്രൂപ്പ് താല്‍പര്യത്തിനു വിധേയമായിട്ടായിരുന്നു. സ്വാഭാവികമായും ചെന്നിത്തലയും അനില്‍ നമ്പ്യാരും തമ്മിലും അടുപ്പമുണ്ടാവും. സുരേന്ദ്രന് പറഞ്ഞുകൊടുത്ത വിവരം തന്നെ ചെന്നിത്തലയ്ക്ക് അനില്‍ നമ്പ്യാര്‍ പറഞ്ഞു കൊടുത്തിരിക്കും. അല്ലെങ്കില്‍ സുരേന്ദ്രന്‍ ചെന്നിത്തലയ്ക്കും കൊടുക്കാന്‍ പറഞ്ഞിരിക്കും. സത്യം പറഞ്ഞാല്‍ ഈ കാര്യത്തില്‍ ഒരു കോ-ലീ-ബി സഖ്യം രൂപപ്പെടുത്തുന്നതില്‍ മുഖ്യ കണ്ണിയായി പ്രവര്‍ത്തിച്ചത് അനില്‍ നമ്പ്യാരാണ്. പിടിക്കപ്പെട്ട പ്രതികളില്‍ പലരും ലീഗുകാരും കോണ്‍ഗ്രസ്സുകാരുമൊക്കെ ആയതുകൊണ്ട് അങ്ങനെയൊരു സഖ്യം രൂപപ്പെട്ടതില്‍ അത്ഭുതപ്പെടേണ്ടതില്ല. ഇവരെ തമ്മില്‍ ഒന്നിപ്പിക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധതയ്ക്കു പുറമേ ഇങ്ങനെ ചില സ്വര്‍ണ താല്‍പര്യങ്ങളും ഈ വിഷയത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. അനില്‍ നമ്പ്യാര്‍ക്ക് മാധ്യമ രംഗത്തുള്ള സൗഹൃദം കൂടെ ഉപയോഗപ്പെടുത്തുകയും മറ്റു ചില ഉപദംശങ്ങള്‍ പകര്‍ന്നുകൊടുക്കുകയും ചെയ്തതോടെ പുതിയൊരു മാധ്യമ സിന്‍ഡിക്കേറ്റ് ഇതിന്‍റെ പിന്നില്‍ രൂപപ്പെട്ടതിലും അത്ഭുതപ്പെടാനില്ല. അതാണ് ആദ്യദിവസത്തെ അനില്‍ നമ്പ്യാരുടെ ചോദ്യംചെയ്യല്‍ അത്തരം മാധ്യമങ്ങളില്‍ വാര്‍ത്തയാവാതെ പോയത്.

ഇതിനര്‍ത്ഥം താന്‍കൂടി പ്രതിയാകാവുന്ന ഒരു കേസില്‍ ക്രിമിനല്‍ ബുദ്ധിയുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ ബുദ്ധിപൂര്‍വമായ നീക്കങ്ങളുടെ ഫലമായാണ് ഈ രാഷ്ട്രീയ കോലാഹലമൊ ക്കെ നടന്നത് എന്നല്ല. 'സമഗ്രാധിപത്യ രാജ്യത്ത് എന്താണോ മര്‍ദ്ദനായുധം,അതാണ് ജനാധിപത്യ രാജ്യത്ത് പ്രചാരണം ' എന്ന് നോം ചോംസ്കി പറഞ്ഞിട്ടുണ്ട്. ഈ  പ്രചാരണം കേരളത്തിലെ സമ്പന്ന വിഭാഗത്തിന് അത്യന്താപേക്ഷിതമാ യിരിക്കുന്ന ഒരു സമയത്താണ് സ്വര്‍ണ്ണക്കള്ളക്കടത്ത് വീണുകിട്ടിയത്. കോവിഡ് നിയന്ത്രിക്കുന്നതില്‍, സൗജന്യചികിത്സ ഒരുക്കുന്നതില്‍ ഒക്കെ കേരളം ഏറെ മുന്നോട്ടു പോവുകയും മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് വന്‍തോതില്‍ റേറ്റിംഗ് ഉണ്ടാവുകയും ചെയ്ത കാലത്താണ് ഏഷ്യാനെറ്റ് ഒരു കാരണവുമില്ലാതെ ഒരു അഭിപ്രായ സര്‍വെ നടത്തിയത്. അതില്‍ പിണറായി വിജയന്‍റെ ജനപിന്തുണ വന്‍തോതില്‍ വര്‍ധിച്ചതായി കണ്ടെത്തി. അതു പക്ഷേ പ്രതിപക്ഷത്തിനുള്ള ഒരു മുന്നറിയിപ്പായിരുന്നു. ഇടതു പക്ഷത്തിന് തുടര്‍ ഭരണം കിട്ടിയാല്‍ കോണ്‍ഗ്രസും ബിജെപിയും ലീഗും ഒക്കെ അതിവേഗം  അപ്രസക്തമായിത്തീരും എന്ന മുന്നറിയിപ്പാണ് അവര്‍ക്ക് കിട്ടിയത്. തുടര്‍ന്ന് ഏതു വിഷയം കിട്ടിയാലും സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ലീഗും ഒക്കെ തയ്യാറായി. സ്പ്രിംഗ്ളര്‍ വിവാദം അടക്കം കൊണ്ടുവന്നതെല്ലാം ചീറ്റിപ്പോയി. അപ്പോഴാണ് സുരേന്ദ്രന്‍റെ പത്രസമ്മേളനം വീണുകിട്ടിയത്. അന്നുമുതല്‍ 29-8-2020 വരെ മനോരമയുടെ ഒന്നാം പേജ് വാര്‍ത്തകളെല്ലാം തന്നെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടതാ യിരുന്നു. എന്നാല്‍ സൂചനകള്‍ ബിജെപിക്കെതിരെ നീങ്ങുന്നു എന്നു വന്നതോടെ ആ വാര്‍ത്ത അപ്രത്യക്ഷമായി. ദൃശ്യമാധ്യമങ്ങളിലെ വീര ശൂര പരാക്രമികളായ ആങ്കര്‍മാരൊക്കെ പത്തി താഴ്ത്തി. ഇനി പുതിയൊരു വിഷയം വീണു കിട്ടുകയോ ഉണ്ടാക്കിയെടുക്കുകയോ ചെയ്യണം. അതുവരെ അവര്‍ നിഷ്പക്ഷരായിരിക്കും. സ്വര്‍ണ്ണക്കടത്തു കേസിന്‍റെ കാര്യം ഇനി കണ്ടറിയാം.