ശവംതീനികള്‍

ഗൗരി

വിമോചന സമരകാലത്തെ മലയാളപത്രങ്ങളെ കൃത്യമായും അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ മലയാള അച്ചടി-ദൃശ്യമാധ്യമങ്ങള്‍. പൊതുവില്‍ എക്കാലത്തും മുഖ്യധാരക്കാര്‍ എന്ന് പറയപ്പെടുന്ന മാധ്യമങ്ങള്‍ അവയുടെ ഉടമകളുടെയും അവയ്ക്ക് ജീവവായു പോലെ അനിവാര്യമായ പരസ്യദാതാക്കളുടെയും മൂലധന താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ് അവയുടെ എഡിറ്റോറിയല്‍ പോളിസി നിര്‍ണയിക്കുന്നത്. അതൊരു യാഥാര്‍ഥ്യമാണ്. മൂലധനതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയെന്നാല്‍ വലതുപക്ഷ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുകയെന്നാര്‍ഥം- കടുത്ത കമ്യൂണിസ്റ്റ് വിരോധമാണ് അവയുടെ മുഖമുദ്ര.

ഇക്കാര്യം വസ്തുനിഷ്ഠമായി പഠനവിധേയമാക്കിയെന്നതാണ് എഡ്വേര്‍ഡ് ഹെര്‍മനും നോം ചോംസ്കിയും ചേര്‍ന്നെഴുതിയ The Political Economy of the Mass Media എന്ന കൃതിയുടെ പ്രസക്തി. 1980കളിലെ ആഗോളരാഷ്ട്രീയത്തില്‍ തീപിടിച്ച ചര്‍ച്ചകള്‍ക്കിടയാക്കിയ വിഷയങ്ങളില്‍ ചിലത് അമേരിക്കയിലെ മുഖ്യധാര മാധ്യമങ്ങള്‍ എങ്ങനെയാണ് അവതരിപ്പിച്ചത് എന്ന കേസ് സ്റ്റഡിയുടെ പശ്ചാത്തലത്തില്‍ ഗ്രന്ഥകര്‍ത്താക്കള്‍ എത്തിച്ചേരുന്ന നിഗമനം മുഖ്യധാരാമാധ്യമങ്ങളുടെ പൊതുസ്വഭാവം കമ്യൂണിസ്റ്റ് വിരുദ്ധതയാണെന്നാണ്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റും പെന്‍റഗണും പാകപ്പെടുത്തിയെടുക്കുന്ന വിധമാണ് അവ വാര്‍ത്താവതരണം നടത്തുന്നത് എന്നും സ്ഥാപിക്കുന്നുണ്ട്.

1950കളിലെ പ്രത്യേകിച്ചും 1957-59 കാലത്തെ മലയാളപത്രങ്ങള്‍ പരിശോധിച്ചാലും പില്‍ക്കാലത്ത് സിപിഐ എമ്മിന്‍റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റുകള്‍ അധികാരത്തിലിരുന്നപ്പോള്‍ മാത്രമല്ല (അക്കാലത്ത് ഇത്തിരി സ്പിരിറ്റ് കൂടുമെങ്കിലും) പാര്‍ടി പ്രതിപക്ഷത്തായിരിക്കവെയും നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരുന്നതായി കാണാം. 2007 മുതല്‍ 2011 വരെയുള്ള കാലത്ത് കേരളത്തിലെ അച്ചടിമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ഏറ്റവുമധികം ചര്‍ച്ച ചെയ്ത വിഷയങ്ങളിലൊന്ന് പശ്ചിമബംഗാള്‍ ഇടതുമുന്നണി ഗവണ്‍മെന്‍റുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നു കാണാം. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2006ലെ കേരളത്തിലെയും ബംഗാളിലെയും തിരഞ്ഞെടുപ്പിലും ഇടതുപക്ഷം നേടിയ മിന്നുന്ന വിജയവും ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം നല്‍കിയ പിന്തുണയെത്തുടര്‍ന്ന് അതില്‍ നയപരമായി ഇടതുപക്ഷം നടത്തിയ ഇടപെടലുകളും മൂലധനശക്തികളെ ചൊടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇടതുപക്ഷത്തെ പാടെ തകര്‍ക്കുകയെന്ന അജന്‍ഡ വീണ്ടും മുഖ്യധാരയില്‍ ശക്തമായി ഇടംപിടിച്ചത്-ഇടതുപക്ഷത്തിന്‍റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ ബംഗാളില്‍ ഇടതുപക്ഷത്തെ തകര്‍ക്കുക, അങ്ങനെ ദേശീയതലത്തില്‍ ഇടതുപക്ഷത്തെ ദുര്‍ബലമാക്കുക എന്ന അജന്‍ഡയായിരുന്നു അന്ന് നടപ്പാക്കപ്പെട്ടത്.

2016 മുതല്‍ ഇനി കേരളത്തില്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്തു കൊണ്ടിരിക്കുകയാണ് വലതുരാഷ്ട്രീയ മാധ്യമകൂട്ടുകെട്ട്. അതിന്‍റെ കലാശക്കൊട്ടാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. 1957-1959ലെ പോലെ ഇന്ന് കേരളം ഇന്ത്യക്ക് വഴികാട്ടുകയാണ്- നവലിബറലിസത്തിനും വര്‍ഗീയ ഫാസിസത്തിനുമെതിരായ പോരാട്ടത്തില്‍ ദേശീയ രാഷ്ട്രീയത്തിലെ ഏകബദലാണ് കേരളത്തിലെ എല്‍ഡിഎഫ് ഗവണ്‍മെന്‍റ്. ഈ ഗവണ്‍മെന്‍റിന്‍റെ സ്വാധീനം എത്രത്തോളമെന്നുള്ള കണക്കെടുപ്പായിരുന്നു ഏഷ്യാനെറ്റ് സര്‍വെയിലൂടെ നടത്തപ്പെട്ടത്. ആ സ്വാധീനം തകര്‍ക്കാനുള്ള ആസൂത്രിത ആക്രമണത്തിനുള്ള കളമൊരുക്കലാണ് അതിനുപിന്നിലെ ലക്ഷ്യം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും ഇനിയും വരും നാളുകളില്‍ നാം കാണാന്‍ പോകുന്നതുമെല്ലാം ഈ ആസൂത്രിത വലതുപക്ഷ മൂലധന അജന്‍ഡയുടെ അക്രാമകമായ പ്രതിഫലനങ്ങളാണ്.

പതിവുപോലെ മനോരമയിലൂടെ തന്നെ ഈ ആക്രമണത്തിന്‍റെ രൗദ്രമുഖം നോക്കിക്കാണാം. ആഗസ്ത് 31ന്‍റെ, അതായത് തിരുവോണനാളിലെ മനോരമ തന്നെ നമുക്ക് നോക്കാം. മുഖ്യമന്ത്രിയുടെ മാധ്യമസമ്മേളനങ്ങളെ വിവാദത്തില്‍ മുക്കിക്കൊല്ലുകയെന്ന മാധ്യമ അജന്‍ഡ പൊളിച്ചെടുക്കപ്പെട്ടതിന്‍റെ പ്രതിഫലനം നമുക്കിതില്‍ കാണാം. പിണറായി വിജയന്‍ എന്ന കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ, ഇടതുപക്ഷത്തിന്‍റെ അമരക്കാരന്‍റെ വാര്‍ത്താസമ്മേളനങ്ങളെ മൂലധനശക്തികള്‍ എത്ര ഭയത്തോടുകൂടിയാണ് കാണുന്നത് എന്ന കാര്യം അതിനെതിരെ കോങ്കി-സംഘികേന്ദ്രങ്ങളില്‍ നിന്നുയരുന്ന ആക്രമണങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്. വാര്‍ത്താസമ്മേളനത്തിന്‍റെ അതേസമയത്തുതന്നെ ദൂരദര്‍ശനില്‍ മഹാഭാരതം സീരിയല്‍ സംപ്രേഷണം തുടങ്ങിയിട്ടും ജനങ്ങളെ ആകര്‍ഷിക്കാനാകാതായപ്പോള്‍ അതൊരു നിര്‍ബന്ധിത ചടങ്ങായി സംഘികള്‍ മാറ്റുന്നതായാണ് ഇപ്പോള്‍ സംഘി-കോങ്കി കേന്ദ്രങ്ങളിലെ നിശ്ശബ്ദപ്രചാരണത്തില്‍ കാണുന്നത്.

ഉത്രാടദിനത്തിലെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം അതിന്‍റെ സമയനിര്‍ണയം കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടു. നാല് മുതല്‍ അഞ്ചുവരെ. മാത്രമല്ല, കൃത്യമായും ഒരു മണിക്കൂര്‍ നേരവും കേരളത്തിലെ ജനങ്ങളുടെ ക്ഷേമവും കേരളത്തിന്‍റെ വികസനവും ലാക്കാക്കിയുള്ള 100 ദിനപദ്ധതി അവതരിപ്പിക്കുന്നതിനായി വിനിയോഗിക്കുകയായിരുന്നു അദ്ദേഹം. ഈ കോവിഡ് കാലത്തെ വാര്‍ത്താസമ്മേളനങ്ങളില്‍ അവതരിപ്പിക്കപ്പെട്ട നിരവധി വികസന-ക്ഷേമപരിപാടികള്‍ ചര്‍ച്ച ചെയ്യപ്പെടാതെ വിവാദങ്ങളില്‍ മുക്കുകയായിരുന്നു മുഖ്യധാരക്കാര്‍. എന്നാല്‍ ഉത്രാടനാളിലെ വാര്‍ത്താസമ്മേളനം മുഖ്യധാരക്കാരുടെ ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നില്ലെങ്കിലും അച്ചടിമാധ്യമങ്ങളില്‍ ഒന്നാം പേജില്‍  മുഖ്യസ്ഥാനത്ത് ഇടംപിടിച്ചുവെന്നത് മനോരമയുടെ 31ന്‍റെ പത്രം സാക്ഷ്യപ്പെടുത്തുന്നു-"മുഖ്യമന്ത്രിയുടെ തിരുവോണ പ്രഖ്യാപനം 100 ദിവസം, 100 പദ്ധതി" എന്ന ശീര്‍ഷകത്തില്‍ അവതരിപ്പിക്കാന്‍, നേര്‍ക്കാഴ്ച പേജില്‍ അതില്‍ ചില ഇനങ്ങള്‍ അവതരിപ്പിക്കാന്‍ മനോരമ പോലെയുള്ള ഒരു പത്രം നിര്‍ബന്ധിതമായി.

എന്നാല്‍ അതിന്‍റെ കേടുതീര്‍ക്കുന്നതിനായി എന്നുതന്നെ കരുതാം, ജനങ്ങളില്‍ ചിലരിലെങ്കിലും ആശങ്കയും സര്‍ക്കാര്‍ വിരുദ്ധ മനോഭാവവും സൃഷ്ടിക്കാനാവുമോയെന്ന പരിശ്രമം അന്നത്തെ മുഖപ്രസംഗത്തിലൂടെ നടത്തുന്നുണ്ട്. "തിരുവോണമെങ്കിലും ആശങ്കകള്‍. കാരുണ്യ ഫണ്ടിന്‍റെ ആനുകൂല്യം തുടരണം: മൊറട്ടോറിയം നീട്ടിക്കിട്ടണം". ഇത് 29ന്‍റെ പത്രത്തില്‍ 7-ാം പേജില്‍ "കാരുണ്യപദ്ധതിക്ക് 31നു മരണമണി" എന്ന തലക്കെട്ടില്‍ കാച്ചിയ സ്റ്റോറിയുടെ ബാക്കിപത്രമാണ്. കാരുണ്യപദ്ധതിയിലൂടെ നടപ്പാക്കപ്പെട്ട ഒരാനുകൂല്യവും നഷ്ടമാകില്ലെന്നും സമഗ്രമായ ഒരു പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പിനു കീഴില്‍ അത് മാറ്റപ്പെടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ധനമന്ത്രി ആവര്‍ത്തിച്ചുവ്യക്തമാക്കിയിട്ടും പത്രം തങ്ങളുടെ നുണപ്രചാരണം 31ന്‍റെ മുഖപ്രസംഗത്തിലൂടെയും തുടരുകയാണ്.

പങ്കാളിത്തത്തിലും നുണ

29ന്‍റെ മനോരമയുടെ ഒന്നാം പേജിലെ ഒരു കിടിലന്‍ സാധനത്തെകൂടി നോക്കിയിട്ട് 31ലേക്ക് നമുക്ക് വീണ്ടും വരാം. 29ന് ഒന്നാം പേജില്‍ 7 കോളം തലക്കെട്ട് നല്‍കി വക്രീകരണത്തിലൂടെ നുണപ്രചാരണം നടത്തുകയാണ് മനോരമ. നോക്കൂ- "പുനഃപരിശോധനാ സമിതി പ്രഹസനമായി. പങ്കാളിത്ത പെന്‍ഷന്‍ തന്നെ. തിരഞ്ഞെടുപ്പ് വാഗ്ദാനം മറന്ന് സര്‍ക്കാര്‍ വിജ്ഞാപനം. 2013 ഏപ്രില്‍ 1 മുതല്‍ നിയമിതരായവര്‍ക്ക് ബാധകം. "ഇത് പച്ചക്കള്ളമാണെന്ന് മനോജ് കടമ്പാട് എഴുതിയ സ്റ്റോറി സൂക്ഷിച്ചു വായിച്ചാല്‍ വ്യക്തമാകും. എന്നാല്‍ ശ്രദ്ധേയമായ കാര്യം പങ്കാളിത്തപെന്‍ഷന്‍ കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെന്ന കാര്യം ഇതിലെവിടെയും പറയുന്നില്ലെന്നതാണ്. മറ്റൊന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനം സംബന്ധിച്ച കാര്യമാണ്. അതാകട്ടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കാന്‍ സമിതിയെ നിയമിക്കുമെന്നതാണ്. അതുപ്രകാരമാണ് ഒരു സമിതിയെ സര്‍ക്കാര്‍ നിയമിച്ചത്; അതിന്‍റെ പ്രവര്‍ത്തനം നടന്നുവരികയുമാണ്. എന്നാല്‍ 2013 മുതല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തിലിത് നടപ്പിലാക്കി, പുതുതായി സര്‍വീസില്‍ വന്ന ജീവനക്കാരില്‍നിന്ന് ശമ്പളം പിടിച്ചു തുടങ്ങിയെങ്കിലും അത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയിരുന്നില്ല. വിജ്ഞാപനംപോലും ഇറക്കാതെയാണ് ഉമ്മന്‍ചാണ്ടി തിരക്കിട്ട് ഈ പദ്ധതി നടപ്പാക്കിയത്. 2002ല്‍ ഇത് നടപ്പാക്കാന്‍ ആന്‍റണി മന്ത്രിസഭ തീരുമാനിച്ചു ഉത്തരവിറക്കിയതാണെന്നതും ഓര്‍ക്കണം. അന്നത് നടപ്പാക്കാനായില്ല. തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് റദ്ദ് ചെയ്യുകയുമുണ്ടായി. ഇപ്പോള്‍ അത് നടപ്പാക്കപ്പെട്ടതിനെ തുടര്‍ന്ന് സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് പുനഃപരിശോധന സമിതി പ്രവര്‍ത്തനം നീണ്ടുപോകുന്നത്. എന്നാല്‍ 2013ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുറപ്പെടുവിക്കേണ്ടിയിരുന്ന വിജ്ഞാപനം പുറത്തിറക്കാതെ ജീവനക്കാരില്‍ നിന്നും ശമ്പളം പിടിക്കുന്നതിനെതിരെ കോടതിയില്‍ നിലവിലുള്ള കേസിലെ കോടതി നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോള്‍വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. അതിനാണ് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന കഥ മെനയാന്‍ മനോരമ തയ്യാറായത്. 

രാഷ്ട്രീയ മുതലെടുപ്പ്

31ന്‍റെ പത്രത്തിന്‍റെ ഒന്നാം പേജില്‍ 5 കോളത്തില്‍ വിന്യസിച്ചിട്ടുള്ള ഒരു റിപ്പോര്‍ട്ടിന്‍റെ ശീര്‍ഷകം ഇങ്ങനെ: "ജോലി സാധ്യത മങ്ങി: ഉദ്യോഗാര്‍ഥി ജീവനൊടുക്കി; നാടാകെ പ്രക്ഷോഭം". പിഎസ്സി റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും ജോലി കിട്ടാതെ അനു എന്ന യുവാവ് ആത്മഹത്യ ചെയ്തു എന്നാണ് ആരോപണം. എന്നാല്‍ പിഎസ്സി റാങ്ക് ലിസ്റ്റില്‍ വരുന്ന എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും ജോലി ലഭിക്കാറുണ്ടോ എന്നതാണ് പ്രശ്നം. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് ഒരാളെപ്പോലും നിയമിക്കാതെ കാലാവധി കഴിഞ്ഞ് ലിസ്റ്റ് റദ്ദായപ്പോള്‍ ഹൈക്കോടതി ഇടപെട്ട് ഒരാളെയെങ്കിലും നിയമിക്കാതെ കാലാവധി കഴിഞ്ഞാലും ലിസ്റ്റ് റദ്ദാക്കാന്‍ പാടില്ലെന്ന് തീരുമാനമെടുത്ത ചരിത്രമുണ്ട്.

അനുവിന്‍റെ കാര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ പട്ടികയില്‍നിന്ന് 72 പേരെ നിയമിച്ചിട്ടുണ്ട്. അനുവിന്‍റേത് 77-ാംനമ്പര്‍. സംവരണത്തിന്‍റെ റൊട്ടേഷന്‍ നോക്കുമ്പോള്‍ എട്ടോ പത്തോ പേരെ നിയമിച്ചാലേ അനുവിന് ജോലി ലഭിക്കൂ. ഏപ്രില്‍ മാസത്തില്‍ കാലാവധി കഴിഞ്ഞ ലിസ്റ്റ്, കോവിഡ് കാലം എന്ന പരിഗണനയില്‍ എല്ലാ ലിസ്റ്റുകളുടെയും കാലാവധി 2 മാസം കൂടി നീട്ടാനുള്ള മന്ത്രിസഭാ തീരുമാനം പിഎസ്സി അംഗീകരിച്ചതുകൊണ്ട് ജൂണ്‍ മാസം വരെ ഈ ലിസ്റ്റും നിലനിന്നു. വീണ്ടും എത്രകാലം നീട്ടിയാല്‍ അനുവന് ജോലി ലഭിക്കുമായിരുന്നു എന്ന പ്രശ്നം നില്‍ക്കട്ടെ, മൂന്നോ നാലോ മാസം കൂടി നീട്ടിയാലും ലിസ്റ്റില്‍ പിന്നെയും ആളുകള്‍ അവശേഷിക്കും. ലിസ്റ്റിലെ എല്ലാവര്‍ക്കും ജോലി നല്‍കുന്നതുവരെ അത് നീട്ടണമെന്നാണെങ്കില്‍ പുതിയ ഉദ്യോഗാര്‍ഥികളുടെ അവസരം നിഷേധിക്കലാകുമത്. ആവശ്യമുള്ളതിന്‍റെ രണ്ടോ മൂന്നോ ഇരട്ടിപേരെയാണ് ഓരോ ലിസ്റ്റിലും ഉള്‍പ്പെടുത്തുന്നത്. ഇതൊന്നും മനോരമയ്ക്ക് അറിയാത്തതാവില്ല. രാഷ്ട്രീയ മുതലെടുപ്പിനായി മനോരമ ഏതറ്റം വരെയും താഴുമെന്നാണ് ഇത് തെളിയിക്കുന്നത്.

"അനുവിന്‍റെ ജീവിതം തകര്‍ത്തത് എക്സൈസ് വകുപ്പിലെ തര്‍ക്കം" എന്ന ഒരൈറ്റം കൂടി ഇതിനനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ശുദ്ധവിവരക്കേടാണ് ഇതിലാകെ നിറഞ്ഞുനില്‍ക്കുന്നത്. വകുപ്പിലെ തൊഴില്‍ തര്‍ക്കം പരിഹരിച്ചിരുന്നെങ്കില്‍ തടഞ്ഞുവച്ച 200 ഓളം തസ്തികകളില്‍ നിയമനം നടത്താമായിരുന്നുവെന്നതാണ് വാദം. വകുപ്പുകള്‍ക്കുള്ളിലുണ്ടാകുന്ന സീനിയോറിറ്റി തര്‍ക്കം എങ്ങനെ തൊഴില്‍ തര്‍ക്കമാകും? മിക്ക വകുപ്പുകളിലും ഇത്തരം മൂപ്പിളമ തര്‍ക്കങ്ങളുണ്ടാകാറുണ്ട്. അത് അഡ്മിനിസ്ട്രേറ്റീവ് ട്രീബ്യൂണലോ ഹൈക്കോടതിയോ ആണ് പരിഹരിക്കുന്നത്. കോടതി ഇടപെട്ടാണ് പ്രൊമോഷന്‍ നിര്‍ത്തിവയ്ക്കാറുള്ളത്. അതില്‍ സര്‍ക്കാരിന് പ്രത്യേകമായി ഒന്നും ചെയ്യാനാവില്ല. ഇവിടെയും മുഖ്യമന്ത്രിയെ കൂട്ടിക്കെട്ടാന്‍ ലേഖിക കിണഞ്ഞ് പണിയെടുത്തിട്ടുണ്ട്. ആശ്രിതനിയമനത്തിന് നീക്കിവച്ച ഒഴിവുകള്‍ പിഎസ്സി ലിസ്റ്റില്‍നിന്ന് പ്രത്യേകം മാറ്റിനിര്‍ത്തിയിരിക്കുന്നത് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള സെല്ലിന്‍റെ ഇടപെടല്‍ മൂലമാണത്രെ! അവസാനമായി ഒന്നുകൂടി പറയട്ടെ. ജൂണില്‍ കാലാവധി കഴിഞ്ഞ് റദ്ദായ ലിസ്റ്റില്‍നിന്ന് നിയമനം ലഭിക്കാത്തതിന്‍റെ ദുഃഖഭാരം മൂലമുള്ള ആത്മഹത്യ നടന്നതാകട്ടെ ആഗസ്ത് അവസാനവും. ഇനി 28 വയസ്സുകാരന് ഇനിയൊരവസരമില്ലാത്തതു മൂലമാണ് എന്ന മനോരമ വ്യാഖ്യാനവും ഇതേ പോലെ ഒരുടായിപ്പുതന്നെ. ശവംതീനി കഴുകനായി തരംതാഴുകയാണവര്‍. ഇതിനടുത്ത പ്രദേശത്ത് കുറേ മാസങ്ങള്‍ക്കുമുമ്പ് നടന്ന വീട്ടമ്മയുടെ ആത്മഹത്യയെ ബാങ്ക് വായ്പ തിരിച്ചടവിനായി ജപ്തി നോട്ടീസ് അയച്ചതുമായി മാധ്യമങ്ങള്‍ കൂട്ടുക്കെട്ടിയതും പിന്നീട് ഗാര്‍ഹിക പീഡനം മൂലമാണത് സംഭവിച്ചത് എന്ന് തെളിഞ്ഞതും ഓര്‍മ വരുന്നു.

കോണ്‍ഗ്രസോ? 
കൊലപാതകമോ?


തിരുവോണദിനത്തിലെ മനോരമയുടെ ഒന്നാം പേജില്‍ ഏറ്റവും താഴെയായി നല്‍കീട്ടുള്ള ഒരു റിപ്പോര്‍ട്ട് നോക്കാം. "വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ നേതാക്കള്‍ വെട്ടേറ്റുമരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു; പിന്നില്‍ യൂത്ത് കോണ്‍ഗ്രസെന്ന് സിപിഎം". ഇത് തിരുവനന്തപുരത്തെ എഡിഷനിലാണ്. മറ്റ് എഡിഷനുകളില്‍ ഉള്‍പേജില്‍ ഒറ്റക്കോളം സാധനമായി ഒതുക്കപ്പെട്ടതായും കാണുന്നു. ഒരു മാസത്തിനിടയില്‍ നടക്കുന്ന രണ്ടാമത്തെ രാഷ്ട്രീയകൊലപാതകമാണിത്. ആദ്യത്തേത് ഒരാഴ്ചമുമ്പ് കായംകുളത്ത്. അന്നും അത് ഒറ്റക്കോളത്തില്‍ അകത്താളില്‍ ഒതുക്കിയ മനോരമ അതില്‍ രാഷ്ട്രീയമില്ലെന്ന് സ്ഥാപിക്കാന്‍ അച്ചുനിരത്തുകയും ചെയ്തു. കായംകുളത്തെ സിയാദിന്‍റെ കൊലയാളിയെ കൊല നടത്തിയശേഷം സംഭവസ്ഥലത്തുനിന്നു കാറില്‍ കയറ്റിക്കൊണ്ടുപോയ കോണ്‍ഗ്രസ്സുകാരനായ നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റിലായിട്ടുപോലും സംഭവത്തെ നിസ്സാരവല്‍ക്കരിക്കുകയായിരുന്നു മനോരമ; മറ്റു മുഖ്യധാരാമാധ്യമങ്ങളും.

ഇപ്പോള്‍ വെഞ്ഞാറമൂട്ടില്‍ പാതിരാത്രിയില്‍ നടന്ന നിഷ്ഠുരമായ ഇരട്ടക്കൊലപാതകത്തെപോലും മനോരമ നിസ്സാരവല്‍ക്കരിക്കുന്നത് "വെട്ടേറ്റുമരിച്ചു" വെന്ന പ്രയോഗത്തിലൂടെയാണ്. മാത്രമല്ല, ഒരു സ്ത്രീ ഉള്‍പ്പെടെ 7 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടും കോണ്‍ഗ്രസാണ് കൊലപാതകത്തിനു പിന്നിലെന്ന് തറപ്പിച്ചുപറയാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്കൊന്നും കഴിയുന്നില്ലെന്നതാണ് കോണ്‍ഗ്രസിനായാലും ആര്‍എസ്എസിനായാലും സിപിഐ എമ്മിന്‍റെ നേതാക്കളെയും പ്രവര്‍ത്തകരെയും കൊലക്കത്തിക്കിരയാക്കാന്‍ ആത്മവിശ്വാസം പകര്‍ന്നുനല്‍കുന്നത്. അതിലൊന്നും ഉന്നതരാഷ്ട്രീയ നേതാക്കളുടെ പങ്ക് കാണാനുള്ള കണ്ണ് നമ്മുടെ മുഖ്യധാരക്കാര്‍ക്കുണ്ടാവില്ല. വെഞ്ഞാറമൂട് കേസില്‍ സ്ഥലം എംപിയുടെ ഇടപെടല്‍ ഇപ്പോഴത്തെ ഇരട്ടക്കൊലപാതകത്തിന്‍റെ ഡ്രസ് റിഹേഴ്സലായി കരുതാവുന്ന മെയ് മാസത്തില്‍ നടന്ന മറ്റൊരു ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റെ വധശ്രമക്കേസില്‍ ഉണ്ടായി എന്ന് വ്യക്തമാക്കപ്പെട്ടിട്ടും അതിനു തെളിവെവിടെ എന്ന് ചോദിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളെയും ചാനല്‍ ചര്‍ച്ചക്കാരെയുമാണ് നാം കാണുന്നത്. എന്നാല്‍ കോണ്‍ഗ്രസുമായോ ബിജെപിയുമായോ ബന്ധമുള്ള ഏതെങ്കിലുമൊരു ഗുണ്ടയാണ് കൊല്ലപ്പെടുന്നതെങ്കില്‍ പോലും അതിനുപിന്നില്‍ സിപിഐ എമ്മിന്‍റെ ജനറല്‍ സെക്രട്ടറിയുടെ വരെ പങ്ക് കാണാന്‍ ഇതേ മാധ്യമങ്ങള്‍ക്ക് ഒരു തെളിവും ആവശ്യമില്ല. കേരളത്തില്‍ ഏറ്റവുമധികം രാഷ്ട്രീയകൊലപാതകങ്ങള്‍, ചീമേനിയിലേതുപോലെ കൂട്ടക്കൊലകള്‍ പോലും നടത്തിയ, സ്വന്തം പാര്‍ടിക്കുള്ളിലെ ഗ്രൂപ്പുവഴക്കുകള്‍ പോലും കൊലക്കത്തികൊണ്ട് പരിഹരിക്കുന്ന പാരമ്പര്യമുള്ള കോണ്‍ഗ്രസിനെ സമാധാനത്തിന്‍റെ വെള്ളരിപ്രാവുകളായി അവതരിപ്പിക്കാന്‍ മാധ്യമനിഷ്ക്കുകള്‍ക്ക് ഒരു മടിയുമില്ല. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയെന്നറിയപ്പെടുന്ന 1984ലെ ഡല്‍ഹി സിക്ക് കൂട്ടക്കൊലയെ അന്ന് പ്രധാനമന്ത്രിയായി ചുമതലയേറ്റ രാജീവ്ഗാന്ധി തന്നെ ന്യായീകരിച്ചത്, കോണ്‍ഗ്രസിന്‍റെ ഉന്നതനേതാക്കള്‍ തന്നെ അതില്‍ പ്രതിയായി ശിക്ഷിക്കപ്പെട്ടിട്ടും കോണ്‍ഗ്രസിനെ സമാധാനപാര്‍ടിയായി മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നതുതന്നെയാണ് എന്തും ചെയ്യാനുള്ള ബലം അവര്‍ക്ക് നല്‍കുന്നത്. 1980കളില്‍ കലാലയ രാഷ്ട്രീയത്തില്‍ കെഎസ്യു തോറ്റതോടെയാണ് കലാലയങ്ങളില്‍ അടിക്കടി കൊലപാതകങ്ങള്‍ നടന്നത്. മരിച്ചുവീണത് എസ്എഫ്ഐക്കാരും. കൊലയാളികള്‍ കെഎസ്യുക്കാരും കോണ്‍ഗ്രസുകാരും. ഒരു കെഎസ്യുക്കാരന്‍പോലും കൊല്ലപ്പെട്ടിട്ടുമില്ല. എന്നിട്ടും എസ്എഫ്ഐക്കാണ് കൊലപാതകരാഷ്ട്രീയത്തിന്‍റെ പേറ്റന്‍റ് ചാര്‍ത്തിയിരിക്കുന്നത്. ഇതാണ് മാധ്യമപ്രചരണത്തിന്‍റെ മിടുക്ക്.
സെപ്തംബര്‍ 2ന്‍റെ പത്രത്തില്‍ "വെഞ്ഞാറമൂട് ഇരട്ടക്കൊല: ഏഴ് പേര്‍ അറസ്റ്റില്‍" എന്ന് റിപ്പോര്‍ട്ടുചെയ്യുമ്പോഴും മനോരമ "പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്ന് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്" എന്നു പറയാനേ തയ്യാറാകൂന്നുള്ളൂ. പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്നും നിഷ്ഠുരമായ കൊലപാതകത്തിനുപിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും പറയാന്‍ മുഖ്യധാരക്കാര്‍ക്ക് നാവില്ല. കൊല്ലപ്പെട്ട യുവാക്കളുടെ ഭാര്യമാരുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും അച്ഛനമ്മമാരുടെയും കണ്ണീരും നിലവിളിയും കാണാനും ഈ മാധ്യമ ഭീകരര്‍ക്കൊന്നും കഴിയുന്നില്ല.

അതൊക്കെ കത്തിപ്പോയില്ലേ!

സെപ്തംബര്‍ രണ്ടിന്‍റെ മനോരമയുടെ 7-ാം പേജിലെ ഒരു റിപ്പോര്‍ട്ട്: "സെക്രട്ടറിയറ്റിലെ സിസിടിവി സാങ്കേതിക വിദഗ്ധരുമായി എന്‍ഐഎ സംഘമെത്തി. ഏതൊക്കെ ക്യാമറകളിലെ ദൃശ്യങ്ങള്‍ വേണമെന്ന് കത്ത് 2 ദിവസത്തിനുള്ളില്‍". അപ്പോ മനോരമ കൊച്ചാട്ടന്മാരെ ഈ സിസിടിവിയും ദൃശ്യങ്ങളുമല്ലേ നശിപ്പിക്കപ്പെട്ടു, എന്‍ഐഎക്ക് ഇതൊന്നും കൊടുക്കേണ്ടതില്ലെന്ന് ഉന്നതതല നിര്‍ദേശം, എല്ലാം കത്തിച്ചുകളഞ്ഞുവെന്നല്ലാം കുറേ ദിവസങ്ങളായി തള്ളിക്കൊണ്ടിരിക്കുന്നതാകെ പെരുംനുണകളായിരുന്നുവെന്ന് ഇനിയെങ്കിലുമൊന്ന് സമ്മതിക്കുമോ?

സെക്രട്ടറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഒരു സെക്ഷനിലുണ്ടായ തീപിടിത്തത്തെ (ഫയര്‍ സര്‍വീസുകാര്‍ വരുന്നതിനു മുന്‍പുതന്നെ അതണയ്ക്കുകയും ചെയ്തു) "തലസ്ഥാന നഗരമാകെ തീ" എന്ന സംഭ്രമ ജനകമായ ശീര്‍ഷകം നല്‍കിയ മാതൃഭൂമിക്കും ഏറെക്കുറെ ആ മട്ടില്‍ കഥ ചമച്ച് സംഘി-കോങ്കി സംഘങ്ങള്‍ക്ക് ഉശിരുപകര്‍ന്ന മനോരമ ഉള്‍പ്പെടെയുള്ള മറ്റു അച്ചടി ദൃശ്യ മുഖ്യധാരക്കാര്‍ക്കും കുറ്റബോധമുണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. എന്നാല്‍ അവര്‍ ചെയ്യുന്നത് മാധ്യമധര്‍മമല്ലെന്നു മാത്രമല്ല, മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണവുമാണ്. മാധ്യമസ്വാതന്ത്ര്യമെന്നാല്‍ സത്യമറിയാനുള്ള ജനങ്ങളുടെഅവകാശമാണ്. മനോരമയും മാതൃഭൂമിയും ഉള്‍പ്പെടെ പത്രങ്ങളും ചാനലുകളുമെല്ലാം ജനങ്ങളുടെ ഈ അവകാശത്തിന്‍റെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവയ്ക്കുമൂക്കുകയറിടാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്.

സ്റ്റോപ് പ്രസ്

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ആര്‍ക്കെങ്കിലുമോ എന്തെങ്കിലും പങ്കുള്ളതായി ഒരു തെളിവും സൂചനയും ലഭിച്ചിട്ടില്ലെന്ന് എന്‍ഐഎ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 ഇംഗ്ലീഷ് ചാനല്‍. എം ശിവശങ്കര്‍ ഐഎഎസിനും ഈ കേസുമായി എന്തെങ്കിലും ബന്ധമുള്ളതായി ഇതേവരെ ഒരു തെളിവുമില്ലെന്നും ന്യൂസ് 18 റിപ്പോര്‍ട്ട്. എന്നാല്‍ മുഖ്യധാരക്കാരൊന്നും അതറിഞ്ഞമട്ടേയില്ല.