മറ്റൊരു രാമനും മറ്റൊരു സ്വാതന്ത്ര്യ സമരവും

ഉണ്ണികൃഷ്ണന്‍ കളമുള്ളതില്‍

കൊളോണിയല്‍ രാജഭരണങ്ങള്‍ക്കു കീഴില്‍ പലതായി ഛിന്നഭിന്നമായിക്കിടന്ന ഒരു ഭൂപ്രദേശത്തെ, നാനാത്വത്തിലെ ഏകത്വമെന്ന തത്ത്വത്തിന്‍റെ അടിസ്ഥാനത്തില്‍ പൊതു താല്പര്യങ്ങളും അഭിലാഷങ്ങളുമുള്ള ഒരു ജനതയായി പരിവര്‍ത്തനപ്പെടുത്തിയെന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ദേശീയതയിലും, മതേതര ജനാധിപത്യ ബോധ്യങ്ങളിലും , അധിഷ്ഠിതമായ രാഷ്ട്രീയ സംസ്കാരത്തിന് അടിത്തറ പാകിയെന്നതും കൂടിയാണ് രാഷ്ട്രീയ സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിനപ്പുറത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ഇന്ത്യക്കു നല്കിയ സംഭാവന. ഇന്ത്യയെന്ന മതേതര ജനാധിപത്യ രാജ്യത്തിന്‍റെ പിറവിക്കു നിദാനമായ, ആയിരക്കണക്കിന് ദേശാഭിമാനികളായ മനുഷ്യരുടെ രക്തസാക്ഷിത്വത്തിലൂടെയും ത്യാഗത്തിലൂടെയും ആവിഷ്കരിക്കപ്പെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒരു മതവിഭാഗത്തിന്‍റെ ആരാധനാലയം പൊളിച്ചടുക്കി തങ്ങളുടേത് കെട്ടിപ്പടുക്കുന്ന വര്‍ഗ്ഗീയ ഭ്രാന്തിനോട് താരതമ്യം ചെയ്യുക വഴി രണ്ടു തരത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ആ മഹത്തായ ഭൂതകാലത്തെ അപഹസിക്കുന്നത്:  രാഷ്ട്രീയ ഹിന്ദുത്വത്തിന്‍റെ നേതൃത്വത്തില്‍  ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന് സമാന്തരമായി നടത്തിയ വര്‍ഗീയ രാഷ്ട്രീയത്തിന്‍റെ ആവിഷ്കാരവും പ്രചാരണവുമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യ സമരമെന്നതാണ് ഒരു കാര്യം. മറ്റൊന്ന് ഇത്തരത്തിലുളള വര്‍ഗീയ രാഷ്ട്രീയ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ വി ഡി സവര്‍ക്കറടക്കമുള്ളവരെയോ തങ്ങള്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യ സമര സേനാനികളായി പരിഗണിക്കുകയുള്ളൂ എന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ നിലപാടിനെ ഒരിക്കല്‍ കൂടി ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഗാന്ധിജിയും നെഹ്റുവുമടക്കമുള്ളവരെ അപഹസിക്കുക എന്ന ഗൂഢലക്ഷ്യവും. ഇതിന്‍റെ അടിസ്ഥാനത്തിലാണ്  ഭൂരിപക്ഷ വര്‍ഗീയത മുന്നോട്ടുവെക്കുന്ന വൈകാരിക രാഷ്ട്രീയത്തിന്‍റെ ആവിഷ്കാരമായ പള്ളി പൊളിച്ച് അമ്പലം പണിയുകയെന്നതുപോലെയുള്ള, വ്യാജാഭിമാന നിര്‍മ്മിതികളാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യ സമരമായി അംഗീകരിക്കപ്പെടേണ്ടത് എന്ന തരത്തിലുള്ള അവകാശ വാദം. 
1925ല്‍ രൂപം കൊണ്ട നാള്‍ മുതലിങ്ങോട്ടുള്ള സംഘപരിവാറിന്‍റെ ആശയ പ്രചാരണങ്ങളുടെ കേന്ദ്ര ആശയമായി പ്രവര്‍ത്തിച്ചത് ഒന്നാമതായി സൂചിപ്പിച്ച കാര്യമാണ്. അതിതീവ്രമായ വര്‍ഗീയ രാഷ്ട്രീയത്തിന്‍റെ പ്രത്യയശാസ്ത്രമായി മൂന്നു ദശാബ്ദക്കാലം പ്രവര്‍ത്തിച്ച ഈ ആശയമാണ് 1948 ജനുവരി 30 ന് മഹാത്മാഗാന്ധിയുടെ രക്തം ചിന്തിക്കൊണ്ട് സ്വതന്ത്ര ഇന്ത്യയില്‍ തങ്ങളുടെ രണ്ടാമത്തെ വിജയം ഉദ്ഘോഷിച്ചത്. ഹിന്ദുത്വ രാഷ്ട്രീയം ആദ്യമേ തന്നെ മുന്നോട്ടു വെച്ച ദ്വിരാഷ്ട്ര വാദം മുഹമ്മദലി ജിന്നയിലൂടെ സാക്ഷാത്കരിച്ചു എന്നതാണ് ഒന്നാമത്തെ വിജയം. ഇന്ത്യന്‍ മതേതരത്വത്തിന്‍റെയും ജനാധിപത്യ ബോധത്തിന്‍റെയും ഏറ്റവും ഉത്കൃഷ്ടമായ പ്രതീകങ്ങളിലൊന്നിനെ ഇല്ലാതാക്കാന്‍ കഴിഞ്ഞുവെന്നത് രാഷ്ട്രീയ ഹിന്ദുത്വത്തിന് നല്കിയ ഊര്‍ജവും ആവേശവും ഏറെ വലുതാണെന്ന് നിരീക്ഷിക്കാന്‍ കഴിയും. അന്നു മുതലിങ്ങോട്ട് ഈ നിമിഷം വരെയും പരസ്യമായും രഹസ്യമായും മഹാത്മാവിനെ ഇകഴ്ത്തിയും പലരൂപത്തില്‍ അപഹസിച്ചും ഒരു കൊലപാതകത്തിലൂടെ പകര്‍ന്നു കിട്ടിയ പ്രതികാരത്തിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയ ഊര്‍ജം കെടാതെ സൂക്ഷിക്കാന്‍ രാഷ്ട്രീയ ഹിന്ദുത്വം അതിസൂക്ഷ്മമായി ശ്രദ്ധിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധിയുടെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ സന്ദേശങ്ങളെ മുഴുവനായും അരികിലേയ്ക്ക് വകഞ്ഞു മാറ്റി, പരിസര ശുചിത്വത്തിന്‍റെ പ്രവാചകനായി അദ്ദേഹത്തെ അവതരിപ്പിക്കുന്ന സ്വച്ഛ ഭാരതത്തിന്‍റെ സന്ദേശത്തിലടക്കം വ്യക്തമായ ഈ സന്ദേശം വായിക്കാന്‍ കഴിയും. 

സ്വാതന്ത്ര്യ സമരമെന്ന ത്യാഗോജ്വലമായ പ്രവര്‍ത്തനത്തില്‍ സദുദ്ദേശ്യത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പാരമ്പര്യമേതും അവകാശപ്പെടാനില്ലാത്ത ഹിന്ദുത്വ രാഷ്ട്രീയം, ആ വലിയ പരിമിതിയെ മറികടക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന ഭാഗത്തോടെ രൂപപ്പെട്ടതും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളില്‍ മൂര്‍ത്ത രൂപം കൈക്കൊണ്ടതുമായ അപര വിദ്വേഷത്തിലും വിഭജന യുക്തിയിലധിഷ്ഠിതവുമായ വര്‍ഗീയ രാഷ്ട്രീയത്തിന്‍റെ പ്രയോഗങ്ങളെയും ഇടപെടലുകളെയും ദേശീയ പ്രസ്ഥാനത്തിന്‍റെ ചരിത്രമായി ദുര്‍വ്യാഖ്യാനം നടത്തിക്കൊണ്ടാണ്. ഈ ലക്ഷ്യം സാക്ഷാത്കരിക്കാനായി ചരിത്രവും പാഠ്യപദ്ധതിയുമെല്ലാം വക്രീകരിച്ചതും തിരുത്തിയെഴുതിയതുമെല്ലാം രാഷ്ട്രം നിരവധി തവണ കണ്ടു കഴിഞ്ഞു. രാഷ്ട്രീയമായി ദുര്‍ബലമാകുമ്പോഴും സാംസ്കാരികമായി വിജയിക്കുന്ന പ്രവര്‍ത്തന പദ്ധതികളാണ് രാഷ്ട്രീയ ഹിന്ദുത്വം ഇന്ത്യയില്‍ ആവിഷ്കരിച്ചത്. ഭൂരിപക്ഷ ഹിതത്തിന്‍റെ അപ്രമാദിത്വം പുലരുന്ന വര്‍ത്തമാനകാലം ഇത്തരം പ്രവര്‍ത്തനങ്ങളുടെ വിജയഘോഷങ്ങളുടെ നാളുകളായി മാറുന്നത് ഒട്ടും അതിശയകരമല്ല. രാമക്ഷേത്രത്തിന്‍റെ നിര്‍മാണം രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെ അഭിലാഷമാണെന്ന വീമ്പു പറച്ചില്‍ നടത്താന്‍, തിരഞ്ഞെടുപ്പില്‍ 37.36 ശതമാനം വോട്ടര്‍മാരുടെ മാത്രം പിന്തുണ ലഭിച്ച രാഷ്ട്രീയ കക്ഷിക്ക് ധൈര്യം ലഭിക്കുന്നതും നുണകളും അര്‍ദ്ധസത്യങ്ങളും ഉപയോഗിച്ച് സാധ്യമാക്കുന്ന സാംസ്കാരിക അന്തരീക്ഷത്തിന്‍റെ പിന്‍ബലത്തിലാണ്.

മര്യാദാ പുരുഷോത്തമനായും ലോകാരാമനായും വിശ്വാസികളുടെ മനസ്സിലുള്ള രാമസങ്കല്പത്തിനു പകരം ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന അപര വിദ്വേഷ രാഷ്ട്രീയത്തിന്‍റെ പ്രതീകമായി ശ്രീരാമനെ അവതരിപ്പിക്കാനാണ് ഹിന്ദുത്വ രാഷ്ട്രീയം ശ്രമിയ്ക്കുന്നത്. ഭക്തിയുടെയും വിശ്വാസത്തിന്‍റെയും ഭാഗമായുള്ള രാമ സങ്കല്പത്തിനു പകരം അക്രമാത്മകമായ തീവ്ര ദേശീയതയുടെ പ്രതിരൂപമായ ശ്രീരാമനെന്ന രാഷ്ട്രീയ പ്രതീകത്തെ അവതരിപ്പിക്കുകയും അത്തരത്തിലുള്ള ശ്രീരാമ സങ്കല്പത്തിന്‍റെ വക്താക്കളും പിന്തുടര്‍ച്ചക്കാരുമാണ് തങ്ങളെന്ന് സ്ഥാപിച്ചെടുക്കുകയുമാണ് ഹിന്ദുത്വ രാഷ്ട്രീയം ചെയ്യുന്നത്. ഭൂമി പൂജയുടെ ഭാഗമായി അയോധ്യയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലുടനീളം തെളിഞ്ഞു നിന്നത് ഈ ആശയമാണ്. ബലിഷ്ഠ രൂപമാര്‍ന്ന ഭൂരിപക്ഷ ഹിതത്തിന്‍റെ സ്വേച്ഛാനുസൃതം രാജ്യം മാറിത്തീരുന്ന അവസരത്തെയാണ് 'പുതിയ ഇന്ത്യ'യുടെ തുടക്കമായി വിശേഷിപ്പിക്കപ്പെടുന്നതെന്ന കാര്യം പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. വൈജാത്യങ്ങള്‍ക്കപ്പുറത്ത് എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന, ധീരദേശാഭിമാനികളുടെ ത്യാഗത്തിലൂടെ ഉയര്‍ന്നു വന്ന ഇന്ത്യയെന്ന മതേതര ജനാധിപത്യ രാഷ്ട്രമെന്ന ആശയം കൈയൊഴിഞ്ഞു കൊണ്ട് മതരാഷ്ട്രത്തിന്‍റെ പാതയിലേക്കു നടക്കുന്ന ഇന്ത്യയാണ് 'പുതിയ ഇന്ത്യ' എന്ന ആശയം വീണ്ടും വീണ്ടും ആവര്‍ത്തിച്ചുറപ്പിക്കാന്‍ ഹിന്ദുത്വ രാഷ്ട്രീയം ഒരു ആരാധനാലയത്തിന്‍റെ ഭൂമി പൂജ നടത്തുന്ന ചടങ്ങിനെപ്പോലും ഉപയോഗിക്കുന്നു. മതേതര ഇന്ത്യ പിന്തുടര്‍ന്ന എല്ലാ കീഴ്വഴക്കങ്ങളും അട്ടിമറിച്ചു കൊണ്ടാണ് കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങള്‍ ഒരു ആരാധനാലയത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പ്രത്യക്ഷത്തില്‍ ഇടപെടുകയും അതിനു ചുക്കാന്‍ പിടിക്കുകയും ചെയ്യുന്നത്. ഗാന്ധിജിയെ എന്നേ മറന്നു കളഞ്ഞ കോണ്‍ഗ്രസ്സില്‍ നിന്നും നെഹ്റുവിയന്‍ ആശയങ്ങളുടെ അവസാന സങ്കല്പങ്ങള്‍ പോലും പറിച്ചു മാറ്റാനും മൃദുഹിന്ദുത്വത്തിലേയ്ക്ക് ഔദ്യോഗികമായിത്തന്നെ ചുവടു വെയ്ക്കാനും നെഹ്റു കുടുംബത്തില്‍ നിന്നും തന്നെ ഒരു അംഗം തയ്യാറാവുന്നു എന്ന വിരോധാഭാസത്തിനും കാലം സാക്ഷ്യം വഹിക്കുന്നു. യുപി മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് വല്ലഭ പന്തിന് 1950 ഏപ്രില്‍ 17ന് ജവഹര്‍ ലാല്‍ നെഹ്റു എഴുതിയ കത്തില്‍ യുപിയിലെ കോണ്‍ഗ്രസ്സിനെക്കുറിച്ചെഴുതിയ ഈ വാചകം, എഴുപതു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയിലെ കോണ്‍ഗ്രസ്സിനു മുഴുവനും ബാധകമായി മാറുന്നു: "എന്നില്‍ നിന്നും അന്യവല്ക്കരിക്കപ്പെട്ട നാടായി ഉത്തര്‍ പ്രദേശ് മാറിയിരിക്കുന്നു. കഴിഞ്ഞ 35 വര്‍ഷമായി എന്‍റെ ജീവിതത്തിന്‍റെ ഭാഗമായിരുന്ന യുപിയിലെ കോണ്‍ഗ്രസ്സ് എന്നെ അന്ധാളിപ്പിക്കുന്നു". ജീവിച്ചിരുന്ന കാലത്ത് യുപിയിലെ കോണ്‍ഗ്രസ്സിന്‍റെ രൂപമാറ്റവും പരിണാമവും കണ്ടിട്ടാണ് അദ്ദേഹത്തിന് അന്ധാളിക്കേണ്ട സാഹചര്യം ഉണ്ടായതെങ്കില്‍, എഴുപതു വര്‍ഷങ്ങള്‍ക്കിപ്പുറം തൊലിപ്പുറത്തു നിന്നു പോലും മതേതര ബോധ്യങ്ങളെ തുടച്ചു മാറ്റി മതവര്‍ഗീയതയുടെ ആലഭാരങ്ങളണിയാന്‍ തയ്യാറെടുക്കുന്ന കോണ്‍ഗ്രസ്സിനെ കാണാനിടയാവുന്ന സാഹചര്യമുണ്ടായെങ്കില്‍ നൂറുവട്ടം ഈ അവസരവാദ രാഷ്ട്രീയ സംഘത്തെ തള്ളിപ്പറഞ്ഞേനെയെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. മറ്റൊരു രാമനെക്കുറിച്ചും മറ്റൊരു സ്വാതന്ത്യ സമരത്തെക്കുറിച്ചുമുള്ള പുത്തന്‍ ആഖ്യാനങ്ങള്‍ കളം നിറഞ്ഞാടിത്തിമിര്‍ക്കാനിരിക്കുന്ന വരും നാളുകളില്‍, മതേതരജനാധിപത്യ മൂല്യങ്ങളെ ഹൃദയത്തോടു ചേര്‍ത്തു പിടിക്കുകയെന്നത് കാലം ആവശ്യപ്പെടുന്ന കടമയാകുന്നു, അതിനു നല്കേണ്ടി വരുന്ന വില എന്തു തന്നെയാണെങ്കിലും.