കേരളത്തിലെ മാധ്യമസിന്‍ഡിക്കേറ്റ് വിമോചന സമരത്തിനൊരുങ്ങുമ്പോള്‍

മുസമ്മില്‍ കുന്നുമ്മല്‍

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് കൈരളി ന്യൂസ് ചാനലില്‍ നടന്ന ഒരു തല്‍സമയ ചര്‍ച്ചയില്‍ ഏഷ്യാനെറ്റ് സ്ഥാപകനും ഏഷ്യന്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസത്തിന്‍റെ ഡയറക്ടറുമായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ തുറന്നു പ്രകടിപ്പിച്ച ഒരു സംശയമുണ്ട് "'കേരളത്തിലെ മാധ്യമങ്ങള്‍ ഒരു രണ്ടാം വിമോചനസമരത്തിന് കളമൊരുക്കുന്നു'ണ്ടോ"എന്നതാണ്. കേരളത്തിലെ മാധ്യമരംഗത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ഈ സംശയത്തെ ലാഘവത്തോടെ തള്ളിക്കളയാന്‍ കഴിയില്ല.

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍  ഓരോ സാധാരണക്കാരന്‍റെ മനസ്സിലേക്കും ഊര്‍ന്നിറങ്ങുമ്പോള്‍,  യുഡിഎഫ് എന്ന രാഷ്ട്രീയ മുന്നണി ഇതാ തകരാന്‍ പോകുന്നു എന്ന് തിരിച്ചറിയുമ്പോള്‍, കേരളത്തിലെ പ്രതിപക്ഷം നിരാശയുടെ പടുകുഴിയില്‍ വീണുകിടന്ന്  ജീവശ്വാസം വലിക്കുമ്പോള്‍, കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ വിശിഷ്യാ  ഏഷ്യാനെറ്റും മനോരമയും നിര്‍മ്മിക്കുന്നത് വാര്‍ത്തകള്‍ മാത്രമല്ല, മറിച്ച്, കേരളത്തിലെ വലതുപക്ഷത്തിനുള്ള ജീവവായു കൂടിയാണ്. കേരള സര്‍ക്കാര്‍ വിവാദങ്ങളെയും അഴിമതിയാരോപണങ്ങളെയും തുറന്നുകാട്ടി മുന്നോട്ടു കുതിക്കുമ്പോള്‍ പ്രതിപക്ഷനേതാക്കള്‍, തങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്നത് മാധ്യമങ്ങള്‍ക്കു മുന്നിലും അന്തി ചര്‍ച്ചകളിലും ഓരിയിട്ടു കൊണ്ടാണ്. അടിയന്തരാവസ്ഥക്കാലത്തെ മാധ്യമപ്രവര്‍ത്തകരെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്; കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞെന്ന്. വര്‍ത്തമാനകാല കേരളത്തില്‍ എല്‍ഡിഎഫിന്‍റെ തകര്‍ച്ചയ്ക്കുവേണ്ടി നുണ പ്രചാരണങ്ങളിലും നുണ വാര്‍ത്തകളിലും അഭിരമിക്കുന്ന വലത് മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും നമുക്കു കാണാന്‍ കഴിയും. 

പഴയ മാധ്യമപ്രവര്‍ത്തകരെ കുറിച്ച് പറയുമ്പോള്‍ സിനിമകളിലൊക്കെ കാണുന്നതുപോലെ ധീരനായ, സത്യസന്ധനുമായ ആദര്‍ശമുള്ള ഒരാളെയാണ് സങ്കല്‍പ്പിക്കാന്‍ കഴിയുക. 
എന്നാല്‍ ഇന്ന് ചാനല്‍ മുറിയിലെ അന്തി ചര്‍ച്ചയില്‍ ക്ഷണിച്ചുവരുത്തിയ അതിഥിയെ ഒരക്ഷരം പോലും സംസാരിക്കാന്‍ അനുവദിക്കാതെ ഉച്ചത്തില്‍ കയര്‍ക്കുന്ന അര്‍ണാബുമാരെയാണ് നമുക്കു കാണാന്‍ കഴിയുന്നത്. അര്‍ണാബിനെ  അനുകരിക്കുവാന്‍ ആണ് മലയാള വാര്‍ത്താ ചാനലിലെ അവതാരകരും ശ്രമിക്കുന്നത്.ഒരു ചാനല്‍ അവതാരകന്‍ എന്നാല്‍ ചര്‍ച്ചക്കെത്തുന്നവരോട് ഏറ്റവും മോശമായി പെരുമാറുന്ന, ഉച്ചത്തില്‍ സംസാരിക്കുന്നവരാണ് എന്ന മിഥ്യാ ധാരണ മലയാള വാര്‍ത്താ ചാനല്‍ അവതാരകര്‍ക്ക് ഉണ്ടായിരിക്കുന്നു. കേരളത്തിലെ സിപിഐഎമ്മിനെയും സര്‍ക്കാരിനെയും കുറിച്ച് വായാടിത്തങ്ങള്‍ വിളമ്പുന്ന ചില ഇടതു നിരീക്ഷകര്‍ എന്ന് സ്വയം പേരിട്ട വ്യക്തികളെ ചാനല്‍ ചര്‍ച്ചയില്‍ ഇരുത്തി ഇടതുപക്ഷത്തെ തെറി വിളിക്കുക എന്നതാണ് ഏഷ്യാനെറ്റിന്‍റെയും മനോരമയുടെയും മറ്റും നിലവിലെ പ്രഖ്യാപിത ലക്ഷ്യം. അവര്‍ പറയുന്നത് യഥാര്‍ത്ഥ ഇടതു രാഷ്ട്രീയമല്ലെന്നും യുഡിഎഫിന് കൈത്താങ്ങ് നല്‍കുകയാണെന്നും തിരിച്ചറിയാന്‍ പൊതുസമൂഹത്തിന് കഴിയണം. ഇടതുപക്ഷ ചിന്തകരായി പ്രത്യക്ഷപ്പെടുന്ന ഈ ഇടതു വിരുദ്ധര്‍ക്ക് മനോരമയും ഏഷ്യാനെറ്റുമെല്ലാം കറതീര്‍ന്ന മാധ്യമങ്ങളാണ്, ലക്ഷണമൊത്ത ബദല്‍ ചാനലുകളാണ്.

മാധ്യമ സിന്‍ഡിക്കേറ്റ്

കേരളത്തില്‍ മാധ്യമസിന്‍ഡിക്കേറ്റ് എന്ന പദം ഉപയോഗിച്ചത് പിണറായി വിജയന്‍ ആയിരുന്നു. ആ പദം താന്‍ ഉദ്ദേശിക്കുന്ന വിമര്‍ശനത്തിനെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ല എന്ന് പിന്നീട് അദ്ദേഹം പറഞ്ഞു. സൂക്ഷ്മമായി വലതുപക്ഷ മാധ്യമങ്ങളെ നിരീക്ഷിക്കുന്നവര്‍ക്ക് അത് കണ്ടെത്താന്‍ സാധിക്കും, ഏതോ ഒരു സങ്കേതത്തില്‍ നിന്ന് ഇടതുപക്ഷ വിരുദ്ധ വാര്‍ത്തകള്‍ നിര്‍മ്മിക്കപെടുന്നുണ്ട്. അങ്ങനെ നിര്‍മ്മിക്കപ്പെടുന്ന വാര്‍ത്തകള്‍ ചില മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടെയും സഹായത്തോടെ വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്. 

അത് ശരിയായ വാര്‍ത്ത എന്ന ധാരണയില്‍ പ്രസിദ്ധീകരിക്കുന്നു, വായനക്കാര്‍ വായിക്കുന്നു, ചാനല്‍ പ്രേക്ഷകര്‍  കാണുന്നു. അത്  സത്യമാണെന്നവര്‍ വിശ്വസിക്കുന്നു. തൊട്ടടുത്ത ദിവസം ആ വാര്‍ത്ത വ്യാജനിര്‍മിതിയാണെന്നു പുറത്തു വരുമ്പോഴേക്കും കൂടുതല്‍ ആളുകള്‍ ആ വാര്‍ത്ത വിശ്വസിച്ചുകഴിഞ്ഞു കാണും. സത്യം ചെരുപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റും എന്ന് പറഞ്ഞത് പോലെ.കേരളത്തിലെ എല്ലാ അഴിമതികളും രാഷ്ട്രീയ കൊലപാതകങ്ങളും വിവാദങ്ങളും ഒരുപോലെ വാര്‍ത്തയാവുന്നില്ല. എല്ലാ വാര്‍ത്തകളിലും വലതുപക്ഷ മാധ്യമങ്ങള്‍ ഒരു സോര്‍ട്ടിങ് - തിരച്ചില്‍ - നടത്തുന്നു. അവയില്‍ ഏതെങ്കിലും തരത്തില്‍ ഇടതുപക്ഷവിരുദ്ധമായ വാര്‍ത്താസാധ്യത കണ്ടെത്താന്‍ കഴിഞ്ഞാല്‍ അതുയര്‍ത്തി ഓടും. കൃത്യമായ ഇടതുപക്ഷവിരുദ്ധ വാര്‍ത്താ നിര്‍മിതിയാണിത്. 

റേറ്റിങ്ങിനും  സര്‍ക്കുലേഷനും 
പിറകെ പായുന്ന മാധ്യമങ്ങള്‍

 
കേരളത്തിലെ മാധ്യമങ്ങള്‍ മിക്കതിനും നല്ല പത്രമോ  ചാനലോ ആകണമെന്ന ആഗ്രഹമോ താല്‍പര്യമോ ഇല്ല. മറിച്ച് ഏറ്റവും വലിയ പത്രമോ ചാനലോ ആയി മാറാനാണ് താല്‍പര്യം. പല മലയാളമാധ്യമങ്ങളും സര്‍ക്കുലേഷന്‍റെയും റേറ്റിംഗിന്‍റെയും കേമത്തം കൊട്ടിഘോഷിക്കുമ്പോളും മാധ്യമത്തിന്‍റെയോ വാര്‍ത്തയുടെയോ ഗുണനിലവാരത്തെ കുറിച്ച് ലവലേശം ചിന്തിക്കുന്നില്ല. മാധ്യമ പ്രവര്‍ത്തനം കച്ചവടത്തിനു വഴി മാറിയെന്നു മാധ്യമപ്രവര്‍ത്തകന്‍ തിരിച്ചറിഞ്ഞതുപോലെ നമ്മള്‍ വായനക്കാരും പ്രേക്ഷകരും തിരിച്ചറിയേണ്ടിയിരിക്കുന്നു. 

വാര്‍ത്തകള്‍ ഏറ്റവും സത്യസന്ധമായും സൂക്ഷ്മമായും പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതല്ല, മറിച്ച്, തങ്ങളുടെ സര്‍ക്കുലേഷനും റേറ്റിംഗും എങ്ങനെ കൂട്ടാം എന്ന അന്വേഷണാത്മകം എന്ന പേരിലുള്ള മാധ്യമ പ്രവര്‍ത്തനമാണ് ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്നത്. ഗോസിപ്പുകളും ഇക്കിളിപ്പെടുത്തുന്ന വാര്‍ത്തകളും മേമ്പൊടിയായി ചേര്‍ക്കുന്നവര്‍ക്ക് ഒരുപക്ഷേ  ഏറ്റവും നല്ല ഇര  ഇടതുപക്ഷമാണെന്ന ബോധ്യമുണ്ട്. 
മലയാള മനോരമയും ഏഷ്യാനെറ്റും തുടങ്ങി വലതുപക്ഷമാധ്യമങ്ങള്‍ നല്‍കുന്ന ഇടതുപക്ഷവിരുദ്ധ, സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളില്‍ ഒരു യാഥാര്‍ഥ്യവുമില്ല എന്നത് അവര്‍ക്കു തന്നെ നന്നായറിയാമായിരിക്കും. ഇല്ലാത്തത് ഊതി വീര്‍പ്പിച്ചു കൊടുക്കുന്ന കച്ചവടതന്ത്രമാണ് ഇവര്‍ പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്.

വ്യാജ വാര്‍ത്തകളുടെ 
ഫാക്ടറികള്‍


യാതൊരു വിധ തെളിവും ആധികാരികതയില്ലെങ്കിലും ഇടതുപക്ഷവിരുദ്ധ വാര്‍ത്തകളെ സ്വീകരിക്കാനും ചര്‍ച്ച ചെയ്യാനും വലിയ സാധ്യതയുണ്ടെന്ന തിരിച്ചറിവാണ് ഒരു പടികൂടി കടന്ന് വ്യാജവാര്‍ത്തകളെ നിര്‍മ്മിച്ചെടുക്കുന്ന പണിപ്പുരകളാക്കി വലതുപക്ഷ മാധ്യമങ്ങളെ മാറ്റിയത്.

ഏതാനും ദിവസങ്ങള്‍ മുമ്പുവരെയുള്ള മാധ്യമ വാര്‍ത്തകള്‍ ഒന്ന് എടുത്തു നോക്കിയാല്‍ തന്നെ നിരവധി വ്യാജ വാര്‍ത്തകള്‍ എണ്ണിയെണ്ണി ചൂണ്ടിക്കാണിക്കാന്‍ കഴിയും.ഇതിന്‍റെ ഏറ്റവും വലിയ ശക്തി കേന്ദ്രമായി പ്രവര്‍ത്തിച്ചത് മനോരമ പത്രവും, ചാനലും തന്നെയായിരുന്നു. നുണ പറഞ്ഞാല്‍ അടിക്കുന്ന മണിയുണ്ടെങ്കില്‍ മനോരമ അച്ചടി തുടങ്ങുമ്പോളത് നിര്‍ത്താതെ ശബ്ദിക്കുമെന്ന് ഇ കെ നായനാര്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. ഓരോ ദിവസവും ഏറ്റവും ചുരുങ്ങിയത് ഒരു വ്യാജ വാര്‍ത്ത എങ്കിലും  ചൂണ്ടിക്കാണിക്കാന്‍ കഴിയും.തല്ക്കാലം ആ പരിശ്രമത്തിനു മുതിരുന്നില്ല. അത് പിന്നീടൊരു ഘട്ടത്തില്‍ ആവാം. ഈ വാര്‍ത്താ നിര്‍മിതിയില്‍ ഏറ്റവും അതിരുകടന്ന ഒന്നായിരുന്നു സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്‍ സ്വാധീനമെന്നു കൊടുത്ത വാര്‍ത്ത. 

എന്‍ഐഎ സ്വപ്നക്ക് എതിരെ കോടതിയില്‍ കൊടുത്ത അഫിഡവിറ്റ് ഉണ്ട്. ആകെ 11 പേജുള്ള അഫിഡവിറ്റിന്‍റെ അവസാന പേജില്‍ 'ഹര്‍ജിക്കാരന് സമൂഹത്തില്‍ പല സ്വാധീനമുള്ള ആളുകളുമായും ബന്ധമുണ്ട്'എന്ന് അര്‍ഥംവരുന്ന ഒരു വാചകമുണ്ട്. എന്‍ഐഎ മൊത്തം അഫിഡവിറ്റില്‍ സ്വാധീനത്തെ കുറിച്ചു പറഞ്ഞിരിക്കുന്ന ഏക വാചകം ഇതു മാത്രമേ ഉള്ളൂ. 

ഇനി അതിനപ്പുറം എന്‍ഐഎ ക്ക് ഒരു വാദം ഉയര്‍ത്തിയിരുന്നെങ്കില്‍ ജാമ്യം തള്ളുന്ന ഉത്തരവില്‍ ജഡ്ജി അത് പരാമര്‍ശിക്കുമായിരുന്നു. കോടതിയില്‍ ഈ കേസ് വാദം കേള്‍ക്കുമ്പോള്‍ കോവിഡ് പ്രോട്ടോകോള്‍ ഉള്ള കാരണം ആകെ ഇന്ത്യന്‍ എക്സ്പ്രെസ്സിന്‍റേയും, ടൈംസ് ഓഫ് ഇന്ത്യയുടേയും മാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണ് കോടതി മുറിയില്‍ ഉണ്ടായിരുന്നത്.മനോരമക്ക്  ആകെ കിട്ടിയ വിവരം കോടതി മുറിയില്‍ ഉണ്ടായിരുന്ന ഈ മാധ്യമപ്രവര്‍ത്തകര്‍ മനോരമ മാധ്യമ പ്രവര്‍ത്തകര്‍ അടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ട സന്ദേശം ആണ്. എന്‍ഐഎ സംഘമോ, കസ്റ്റംസോ കൊടുത്ത ഒരു അസത്യവാങ്മൂലത്തിലും മുഖ്യമന്ത്രിയുടെ പേരോ അദ്ദേഹത്തിനെതിരായ പരാമര്‍ശമോ ഇല്ലെന്നിരിക്കെ മനോരമ എങ്ങനെ ആണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം എന്നു സ്ഥാപിക്കുന്നത്? എന്തടിസ്ഥാനത്തില്‍ ആണ് മനോരമ പിറ്റേ ദിവസം വെണ്ടക്ക അക്ഷരത്തില്‍ അത് കേരളത്തിലെ ജനങ്ങള്‍ക്കുമുന്നില്‍ അച്ചടിച്ചു വിതരണം ചെയ്തത്?കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും വാര്‍ത്ത നല്‍കാത്തതുകൊണ്ട് അധികം ആരും അറിയാതെ പോയ മറ്റൊരു ഹൈക്കോടതി പരാമര്‍ശം കൂടി ഉണ്ട്. 

 കോവിഡ് വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്ന കേസില്‍ 24 ന്യൂസിലെ ശ്രീകണ്ഠന്‍നായര്‍ക്കും ഡോ.ഷിനു ശ്യാമളനും മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ട് കേസ് പരിഗണിക്കവെ, കെട്ടിച്ചമച്ച കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതല്ല മാധ്യമപ്രവര്‍ത്തനമെന്ന് പറഞ്ഞ കോടതി, സത്യം പറയലാണ് മാധ്യമപ്രവര്‍ത്തകരുടെ പണിയെന്നും ഓര്‍മിപ്പിച്ചു. "എന്ത് പ്രസിദ്ധീകരിക്കണം, എന്ത് വേണ്ട എന്ന കാര്യത്തില്‍ വിവേകപരമായി തീരുമാനമെടുക്കാം. ഒരു വാര്‍ത്ത നല്‍കുന്നതിനു മുമ്പ് മാധ്യമപ്രവര്‍ത്തകര്‍ അതിന്‍റെ ആധികാരികത ഉറപ്പുവരുത്തണം. ഗോസിപ്പുകള്‍ക്കു പുറകെ മാധ്യമപ്രവര്‍ത്തകര്‍ പോകരുത്. ഒരു വ്യക്തിയുടേയോ ഒരു വിഭാഗം ജനങ്ങളുടേയോ പ്രതിച്ഛായയെ മോശമാക്കാന്‍ ഉദ്ദേശിച്ചുള്ളതാകരുത് വാര്‍ത്തകള്‍. തെറ്റായ വാര്‍ത്തകള്‍ പിന്നീടു തിരുത്തിയാലും ഖേദം പ്രകടിപ്പിച്ചാലും അത് ജനങ്ങള്‍ അറിഞ്ഞുകൊള്ളണം എന്നില്ല. അതുകൊണ്ട് വലിയ ഉത്തരവാദിത്വമാണ് ഓരോ മാധ്യമപ്രവര്‍ത്തകനുമുള്ളത്."

ജനാധിപത്യത്തിന്‍റെ നട്ടെല്ലാണ് മാധ്യമങ്ങള്‍. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയേയും കേസരി ബാലകൃഷ്ണ പിള്ളയേയും പോലുള്ള മഹാരഥന്മാരുടെ പിന്‍ഗാമികളാണ് തങ്ങളെന്ന് ഓരോ ജേണലിസ്റ്റും ഓര്‍ക്കണം. ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നവരില്‍ ഒരാള്‍ സംസ്ഥാനത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ്. അദ്ദേഹം സംസ്ഥാനത്തെ യുവാക്കള്‍ക്ക് വഴി കാണിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.കോടതിയുടെ ഈ നിരീക്ഷണം മനോരമയുടെ പത്രാധിപരൊക്കെ ഒന്ന് മനസ്സിരുത്തി വായിക്കുന്നത് നന്നാവും. എര്‍വിംഗ് ഗോഫ്മാന്‍ പറയുന്നുണ്ട് "മാധ്യമങ്ങള്‍ ജനങ്ങളുടെ ചര്‍ച്ചകളെ സ്വാധീനിക്കുക മാത്രമല്ല, ഒരു പ്രത്യേക രീതിയില്‍ അവരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും". അതുകൊണ്ടുതന്നെ വ്യാജ വാര്‍ത്താ നിര്‍മ്മിതികള്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം കൂടിയാണ്.

മാധ്യമ വേട്ടയുടെ 
പിന്നാമ്പുറങ്ങള്‍


ഓര്‍മ്മകളുടെ ഭ്രമണപഥം എന്ന തന്‍റെ ആത്മകഥയില്‍  നമ്പി നാരായണന്‍ ഹൃദയത്തില്‍ തട്ടി എഴുതിയ ചില വരികളുണ്ട്..

'കൈയിലിരുന്ന പത്രം ഞാന്‍ നിവര്‍ത്തി' 'മലയാള മനോരമ'  എന്ന വലിയ അക്ഷരത്തിന് താഴെ എന്‍റെ ഒരു പഴയ ഫോട്ടോയും നാല് കോളം വാര്‍ത്തയും ഞാന്‍ കണ്ടു. മലയാളം നന്നായി വായിക്കാന്‍ അറിയില്ലെങ്കിലും ഞാന്‍ അത് തപ്പി ത്തടഞ്ഞ് വായിച്ചു.

'ഐ.എസ്.ആര്‍.ഒ  ചാരക്കേസിലേ ബുദ്ധികേന്ദ്രം നമ്പി നാരായണന്‍ അറസ്റ്റില്‍'
"കണ്ണുകള്‍ നിറഞ്ഞില്ലാ, ശരീരം വിറച്ചില്ലാ, ഹൃദയം തകര്‍ന്നില്ലാ, പക്ഷേ ഞാന്‍ തിരിച്ചറിഞ്ഞു വിക്ഷേപണത്തറയില്‍ എന്‍റെ കൗണ്ട്ഡൗണ്‍ തുടങ്ങിയെന്നത് ! തീയില്ലാതെ, പുകയില്ലാതെ.... ഭാരമില്ലാത്തൊരാത്മാവ് പോലെ ഞാന്‍ അന്തരീക്ഷത്തിലേക്ക് അലിയുന്നതായിത്തോന്നി... "
തങ്ങളുടെ തൂലികയാല്‍ എഴുതി ഇല്ലാതാക്കും എന്ന് മാധ്യമങ്ങള്‍ തീരുമാനിച്ച, എന്നാല്‍ തന്‍റെ ആത്മവിശ്വാസം കൊണ്ട് അതിനെ മറികടന്ന ഒരു മനുഷ്യന്‍റെ നെഞ്ചകം തകര്‍ന്ന വേദനയുടെ കനമുള്ള എഴുത്താണ് മുകളിലേത്.

അന്ന് മലയാള മനോരമയിലേ ഇക്കിളി ലേഖകന്‍മാര്‍ എഴുതിയ ചില തലക്കെട്ടുകള്‍ ഞാന്‍ ചുവടെ പകര്‍ത്തി എഴുതുകയാണ്.

അമ്മയുടെ ദു:ഖം, മകളുടെയും
മറിയം തുറന്നുവിട്ട ഭൂതം
പണത്തില്‍ പെണ്ണുങ്ങള്‍ വീണു
ഏട്ടാമന്‍ അമ്പോ ഭയങ്കരന്‍, 'ഒര്‍മാനിയ'
പ്രധാനമന്ത്രിക്കും നമ്പിയുടെ ക്ലാസ്സ്
ദ്വിവേഗിലെഴുതിയ ഡയറിക്കുറിപ്പുകള്‍
മിസൈല്‍ രഹസ്യങ്ങള്‍ വിദേശത്തെത്തിയോ?
രഹസ്യങ്ങളുടെ ഇടനിലക്കാര്‍ എന്ന പരമ്പര
ആകാശ വിജയം തകര്‍ത്ത അട്ടിമറി
രാജ്യസ്നേഹിയായ ചാര വനിത
മാലിത്തെരുവിലെ കാമുകിമാര്‍
വലിയമലയിലെ നാടകക്കമ്പനി
ജീനിയസ്സിന്‍റെ വികൃതികള്‍
മറിയത്തെ മയത്തില്‍ നിര്‍ത്തിയത് ഫൗസിയ 
കമ്പിയില്ലാ കമ്പി വഴി വന്ന അജ്ഞാതന്‍
പരീക്ഷണം പാളിയപ്പോള്‍ അവരും വിജയം കൊണ്ടാടി


നിരപരാധിയെന്നു കാലവും, നിയമവും തെളിയിച്ച ഒരു മനുഷ്യനെ വേട്ടയാടാന്‍  മലയാള മനോരമ അച്ചടിച്ചു നിരത്തിയ  അസംബന്ധ കഥകളുടെ തലക്കെട്ടുകള്‍ ആണ്  ഇവയെല്ലാം.മറ്റു മാധ്യമങ്ങള്‍ക്കും നമ്പി നാരായണനെ  വേട്ടയാടിയതില്‍ പങ്കുണ്ട് എങ്കിലും ഏറ്റവും കൂടുതല്‍ കടലാസും മഷിയും ചെലവഴിച്ചത് മനോരമ തന്നെയായിരുന്നു. അങ്ങനെ എത്ര മനുഷ്യ ജീവനുകളെയാണ് കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ അന്യായമായി വിചാരണ ചെയ്തു തൂക്കിലേറ്റിയത്. 

ഓര്‍ക്കുന്നില്ലേ നിങ്ങള്‍ ഓമനക്കുട്ടനെ.ആലപ്പുഴയില്‍ പ്രളയ ക്യാമ്പില്‍ നിന്ന് എഴുപത് രൂപ ഓട്ടോയ്ക്ക് പിരിച്ച ഓമനക്കുട്ടനെ ഇടതുപക്ഷ പ്രവര്‍ത്തകന്‍ ആയി എന്ന ഒറ്റ കാരണം കൊണ്ട്  അഴിമതിക്കാരനെന്നു വിളിച്ചു വേട്ടയാടിയത്.

അങ്ങനെ ചെറുതും വലുതുമായി എത്ര മനുഷ്യരെയാണ് നിങ്ങള്‍ വേട്ടയാടിയത്.നിങ്ങളുടെ ഏറ്റവും വലിയ ഇരയാണ് ഇന്ന് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്ന പിണറായി വിജയന്‍.ലാവലിന്‍ കേസില്‍ കോടതി പോലും നിരപരാധി എന്നു പറഞ്ഞ അദ്ദേഹത്തെ നിങ്ങള്‍ കുരിശിലേറ്റി,ഭാര്യയുടെ പേരില്‍ കമലാ ഇന്‍റര്‍നാഷണല്‍ എന്ന സ്ഥാപനം ഉണ്ടെന്നു പറഞ്ഞ് കള്ള വാര്‍ത്ത സൃഷ്ടിച്ചു. അദ്ദേഹത്തിന്‍റെ കുടുംബത്തെ പോലും വിവാദങ്ങളിലേക്ക് വലിച്ചിട്ട് കീറി മുറിച്ച് കള്ളക്കഥകള്‍ എഴുതിയില്ലേ? അതേ മാധ്യമങ്ങള്‍ ഇന്ന് തങ്ങളെ പൊതുസമൂഹം വ്യക്തിപരമായി ആക്രമിക്കുന്നു എന്ന് ആ മനുഷ്യനോട് തന്നെ പരാതി പറയുമ്പോള്‍ അതുതന്നെയല്ലേ കാലത്തിന്‍റെ കാവ്യനീതി.

മാധ്യമപ്രവര്‍ത്തകര്‍ നവമാധ്യമങ്ങളില്‍ വ്യക്തിഹത്യക്ക് ഇരയാകുന്നു  എന്ന മുറവിളി കൂട്ടുന്നവരുടെ യഥാര്‍ത്ഥ പ്രശ്നം വ്യക്തിഹത്യ അല്ല. മറിച്ച്, അവര്‍ നിര്‍മ്മിച്ചെടുത്ത വ്യാജവാര്‍ത്തകളുടെ നിര്‍മിതികള്‍ പൊതു സമൂഹം നവമാധ്യമങ്ങളിലൂടെ പൊളിച്ചു കാണിക്കുന്നു എന്നതാണ് നിങ്ങളുടെ ആശങ്ക. അല്ലെങ്കില്‍ ചോദിക്കട്ടെ മുമ്പും പല ഘട്ടങ്ങളിലും അവരുടെ സഹപ്രവര്‍ത്തകര്‍ ഒറ്റയായും കൂട്ടമായും അക്രമിക്കപ്പെട്ടപ്പോള്‍ നിങ്ങളെ അവിടെയൊന്നും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കണ്ടില്ലല്ലോ? അപ്പോള്‍ നിങ്ങളുടെ ആശങ്ക എന്താണ് എന്ന് വ്യക്തമാണ്. 

നിക്ഷ്പക്ഷത ഇല്ലെങ്കിലും
 സത്യസന്ധത ആവാമല്ലോ?


മാധ്യമങ്ങള്‍ക്ക് നിഷ്പക്ഷത വേണം എന്ന് ശഠിക്കുന്നില്ല. സത്യസന്ധത ആവാമല്ലോ .നിഷ്പക്ഷമായി നിന്നുകൊണ്ട് മാധ്യമങ്ങള്‍ നിലപാട് പറയണം എന്നില്ല. ഏത് പക്ഷത്തു നിന്നായാലും പറയുന്നത് സത്യസന്ധമായിരിക്കുക എന്ന മാന്യത പുലര്‍ത്താന്‍ മാധ്യമങ്ങള്‍ തയ്യാറാവണം. ഒരു മാധ്യമ സ്ഥാപനത്തിനും അതില്‍ ഉടമ മുതല്‍ ആ മാധ്യമത്തിന്‍റെ എഡിറ്റര്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കും തുടങ്ങി മുഴുവന്‍ ആളുകള്‍ക്കും ഒരു ധാര്‍മികത വേണ്ടേ? അങ്ങനെയൊരു സംസ്കാരം അവര്‍ സ്വയം ആര്‍ജിച്ചെടുക്കേണ്ടതല്ലേ? ജനങ്ങള്‍ക്കാവശ്യം വാര്‍ത്തകളില്‍ സത്യസന്ധതയും തൃപ്തിയുമാണ്. അവിടെ പക്ഷം പിടിക്കുന്നതിന് പരിമിതിയുണ്ടാവും. എന്നാലും അതാവശ്യമാണ് .മാധ്യമങ്ങള്‍ക്ക് ഒരു ഉത്തരവാദിത്യമുണ്ട്, വാര്‍ത്തകള്‍ കലര്‍പ്പില്ലാതെ ജനങ്ങളിലേക്കെത്തിക്കുക എന്നതാണത്.  അവരുടെ പ്രഖ്യാപിത താല്‍പര്യങ്ങള്‍ക്കിടയില്‍ ഇത് മറന്നു പോകരുത്. നിലപാടുകള്‍ ദീര്‍ഘവീക്ഷണം ഉള്ളതായിരിക്കണം. മുമ്പ് വായിച്ചതോര്‍ക്കുന്നു 1957 ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ അതിനെ സ്വാഗതം ചെയ്ത പത്രമായിരുന്നില്ല ഇന്ത്യന്‍ എക്സ്പ്രസ്സ് .ഫ്രാങ്ക് മെറൈസ് എന്ന പ്രഗത്ഭനായിരുന്നു അന്നത്തെ പത്രാധിപര്‍. പക്ഷേ വിമോചന സമരത്തെ തുടര്‍ന്ന് കമ്യൂണിസ്ററ് ഗവണ്‍മെന്‍റിനെ പിരിച്ചു വിട്ടപ്പോള്‍ ആ നടപടി തെറ്റാണെന്ന് മുഖപ്രസംഗം എഴുതിയത് ഇതേ മൊറൈസ് ആണ്. കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തില്‍ നിന്ന് താഴെ ഇറങ്ങണം എന്ന് ആഗ്രഹിച്ചിരുന്ന മെറൈസിനും ആ സര്‍ക്കാരിനെ പുറത്താക്കിയ രീതി തെറ്റാണെന്ന് എഴുതേണ്ടി വന്നു. അതൊരു ദീര്‍ഘവീക്ഷണമുള്ള നിലപാട് ആയിരുന്നു. ആ നിലപാട് എടുത്തതുകൊണ്ടാണ് അടിയന്തരാവസ്ഥക്കാലത്തും അവര്‍ക്ക് ഭരണകൂടത്തിന്‍റെ തെറ്റായ നിലപാടിനെ എതിര്‍ത്തു നില്ക്കാന്‍ കഴിഞ്ഞത്. നിലപാടുകളില്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും ഉണ്ടാകേണ്ടതുണ്ട്. അതുകൊണ്ട് മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ എതിര്‍ത്തോളൂ.തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യരുതെന്ന് ഉറക്കെ പറഞ്ഞോളൂ. പക്ഷേ എല്ലാ കാര്യങ്ങളും എല്ലാ വാര്‍ത്തകളും ഇടതുപക്ഷത്തിനു ദോഷമായി വരുന്ന രീതിയില്‍ ഇടതുപക്ഷ വിരുദ്ധ വാര്‍ത്തകളായി പ്രചരിപ്പിക്കുക എന്ന വാശി ഒഴിവാക്കണം എന്നേ ആവശ്യപ്പെടുന്നുള്ളൂ. അല്ലാത്ത പക്ഷം ജനകീയ വിചാരണയ്ക്ക്, മാധ്യമങ്ങളേ, നിങ്ങളും വിധേയരാകും. $
(തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ മാധ്യമ പഠന വിഭാഗം ഗവേഷക വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)