ഭീതിയുടെ നിപാ കാലം; അതിജീവനത്തിന്‍റെയും

പി വിജയന്‍

"കേരളത്തിലെ ആരോഗ്യമന്ത്രിമാര്‍ നേരിട്ടിട്ടില്ലാത്ത രോഗകാലത്തെയാണ് ഞാന്‍ അഭിമുഖീകരിച്ചത്. വലിയ ദുരന്തത്തിലെത്താതെ പിടിച്ചു നില്‍ക്കാനായത് എല്ലാവരുടെയും വിജയമാണ്. നമ്മളെക്കൊണ്ടും ഇതൊക്കെ പറ്റുമെന്ന് നമ്മുടെ ഡോക്ടര്‍മാരും നഴ്സുമാരും ആരോഗ്യ പ്രവര്‍ത്തകരും തെളിയിച്ചു. ചിലരൊക്കെ ചോദിക്കും ഈ ആത്മവിശ്വാസത്തിന്‍റെ രഹസ്യമെന്താണെന്ന്. എന്‍റെ അമ്മ നല്ല ധൈര്യവതിയായിരുന്നു. വസൂരിക്കാലത്ത് അമ്മ വീടിനടുത്ത് കുറച്ചുപേരെ ധൈര്യത്തോടെ പരിചരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്നിരുന്നു. എവിടെയോ ആ ജീന്‍ എന്നിലും ഉണ്ടായിരിക്കണം. അതല്ലാതെ ഞാനെന്തു പറയാനാ". ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ വാക്കുകള്‍. യുവ പത്രപ്രവര്‍ത്തകയും ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് റിപ്പോര്‍ട്ടറുമായ എം ജഷീന എഴുതിയ 'നിപാ സാക്ഷികള്‍, സാക്ഷ്യങ്ങള്‍' എന്ന പുസ്തകത്തിലാണ് മന്ത്രി ഇങ്ങനെ കുറിച്ചത്. ഈ വാചകങ്ങളില്‍ തന്നെ ആ കാലത്തെ ഭീതിപ്പെടുത്തുന്ന ഓര്‍മകള്‍ നിറയുന്നു.

അതെ, രണ്ടുവര്‍ഷം മുമ്പത്തെ നിപാ കാലം കോഴിക്കോടിന്‍റെ ഓര്‍മകളില്‍ എന്നും ഭീതിയുണര്‍ത്തുന്ന ഏടാണ്. 15 പേരാണ് നിപാ വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. രണ്ടു പേര്‍ ഇതിനെ അതിജീവിച്ചു. സര്‍ക്കാരിന്‍റെ മുന്‍കൈയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും വിവിധ വകുപ്പുകളുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവര്‍ത്തനം മൂലം ഒരു മാസത്തിനകം നിപായെ പിടിച്ചു കെട്ടാനായി. അക്കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ആരോഗ്യ മന്ത്രിയടക്കമുള്ളവരുടെ നേതൃത്വപരമായ പങ്കിനെയും അതിജീവിച്ചവരുടെ അനുഭവങ്ങളെയും കോര്‍ത്തിണക്കി എഴുതിയ ദൃക്സാക്ഷ്യങ്ങളാണ് 136 പുറങ്ങളുള്ള പുസ്തകത്തിലെ ഓരോ താളും. നിപാ കാലത്തിന്‍റെ പൂര്‍ണ വായന ലക്ഷ്യമിട്ട് വിവിധ മേഖലകളില്‍ സമര്‍പ്പിത മനസ്സോടെ പ്രവര്‍ത്തിച്ചവരുടെ നേരനുഭവങ്ങളാണ് അന്വേഷണ ത്വരയോടെ ജഷീന കൈയടക്കത്തോടെ അവതരിപ്പിച്ചത്. ഒറ്റ ഇരിപ്പില്‍ വായിച്ചുതീര്‍ക്കാനാകും വിധം വൈകാരിക തലങ്ങളുള്ള പുസ്തകമാണിത്. എന്നാല്‍, കണ്ണീരുപ്പ് പൊടിയാതെ ഇത് വായിച്ചിരിക്കാനുമാവില്ല.

നമ്മള്‍ ജയിച്ച യുദ്ധം എന്ന പേരിലാണ് മന്ത്രി കെ കെ ശൈലജയുടെ കുറിപ്പ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഒരു മാസത്തോളം കോഴിക്കോട്ട് ക്യാമ്പ് ചെയ്തായിരുന്നു മന്ത്രി നിപാ വൈറസിനെതിരായ പട നയിച്ചത്. ഇക്കാര്യം വിവരിക്കുന്നത് ഇങ്ങനെ: "പഴയ കോഴിക്കോടിനെ തിരിച്ചു പിടിക്കണം. വലിയൊരു ശത്രുവിനെയാണ് നേരിടാനുള്ളത്. എല്ലാവരെയും ചേര്‍ത്തുപിടിച്ചാണ് പോരാടേണ്ടത്. കൂടെയുള്ളവരാരെയും വിട്ടുകൊടുത്തു കൂടാ. ഒരു യുദ്ധത്തിനെന്നോണം മനക്കരുത്തോടെ ഇറങ്ങാന്‍ ഒരുങ്ങി. അടുത്ത ഒരാഴ്ചയിലെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി ഞാന്‍ കോഴിക്കോട്ടേക്ക് അന്നുതന്നെ തിരിച്ചു".  നിപാ തുടങ്ങിയ ചങ്ങരോത്തേക്കുള്ള യാത്ര, സിസ്റ്റര്‍ ലിനിയുടെ വേര്‍പാട്, അജന്യയുടെ അതിജീവനം തുടങ്ങി അന്നത്തെ നാള്‍വഴികള്‍ ഓരോന്നും മന്ത്രി പറഞ്ഞുവയ്ക്കുന്നു.

  ആളനക്കമില്ലാത്ത കോഴിക്കോട് മെഡിക്കല്‍ കോളേജിനെപ്പറ്റിയുള്ള പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍ കുറിക്കുന്നത് ഇങ്ങനെ: "ഏറ്റവും തിരക്കുള്ള ഒരു മെഡിക്കല്‍ കോളേജ്. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നിയന്ത്രിക്കാനാവാത്തവിധം രോഗികളുടെയും സന്ദര്‍ശകരുടെയും കുത്തൊഴുക്കാണവിടെ. അങ്ങനെ ഒരു ആതുരാലയം നിശബ്ദമായി പോവുന്നതിനെക്കുറിച്ച് ആലോചിക്കാനാവുമോ. ആ ദിവസങ്ങളില്‍ അതാണുണ്ടായത്". ദിവസം 3500 പേരെത്തുന്ന ഒപിയില്‍ 150 പേര്‍ എത്തിയാലായി. അവിടവിടെ മാസ്കിട്ട മുഖങ്ങള്‍. നിപാ കാലത്ത് അങ്ങനെയൊക്കെയായിരുന്നു മെഡിക്കല്‍ കോളേജ്.

നിപായെ അതിജീവിച്ച ബീച്ച് ഗവ. നഴ്സിങ് വിദ്യാര്‍ഥിനി അജന്യയുടെ കുറിപ്പില്‍ തുളുമ്പുന്നത് ആശുപത്രിയില്‍ തനിക്ക് ലഭിച്ച സ്നേഹ പരിചരണവും മന്ത്രി ശൈലജയടക്കമുള്ളവരുടെ സാന്ത്വന വാക്കുകളുമാണ്. അതിങ്ങനെ: "ജൂണ്‍ 11 ന് ഡിസ്ചാര്‍ജായി. അതിന്‍റെ തലേന്നാണ് ജീവിതത്തില്‍ ഏറ്റവും ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നു കിട്ടിയ മുഹൂര്‍ത്തം. മന്ത്രി ശൈലജ ടീച്ചര്‍ എന്നെയും രോഗവിമുക്തനായ ഉഭീഷിനെയും കാണാന്‍ വന്നു. ഒരു മാസ്ക് പോലുമില്ലാതെ. ഇത്രേം ദിവസത്തിനുശേഷം ആദ്യമായാണ് മറ്റൊരാള്‍ മുഖം മറയ്ക്കാതെ എന്‍റെ മുന്നിലെത്തിയത്. എന്‍റെ ചുമലില്‍ തട്ടി ഉഷാറല്ലേ എന്നൊക്കെ മന്ത്രി ചോദിച്ചു. സാധാരണ ജീവിതത്തിലെത്തി, ഇനി പേടിക്കാനില്ല എന്ന് തോന്നിപ്പിച്ച നിമിഷമായിരുന്നു അത്. ആ സ്നേഹം ടീച്ചറെ എപ്പോള്‍ കാണുമ്പോഴും തോന്നും".

നിപാ ജീവന്‍ കവര്‍ന്ന സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് പുത്തൂരിന്‍റെ കുറിപ്പും ഉള്ളുലയ്ക്കുന്നതാണ്. അന്നത്തെ കളക്ടര്‍ യു വി ജോസ്, ഡോ. എ എസ് അനൂപ് കുമാര്‍, മൃതദേഹങ്ങള്‍ പ്രോട്ടോകോള്‍ പ്രകാരം സംസ്കരിക്കാന്‍ നേതൃത്വം നല്‍കിയ ഡോ. ആര്‍ എസ് ഗോപകുമാര്‍ തുടങ്ങി ശുചീകരണ തൊഴിലാളി ബി പി എം രജീഷ് വരെ അക്കാലത്തെ ഓര്‍മകള്‍ പങ്കുവയ്ക്കുന്നുണ്ട്.

ഈ വര്‍ഷമാദ്യം കേരളത്തിലെത്തിയ കോവിഡ് 19 മഹാമാരിയെക്കുറിച്ചുള്ള സൂചനയോടെയാണ് പുസ്തകം അവസാനിക്കുന്നത്. ആമുഖത്തില്‍ ജഷീന പറഞ്ഞുവയ്ക്കുന്നതുപോലെ 'നിപാ സാക്ഷികള്‍, സാക്ഷ്യങ്ങള്‍' ശാസ്ത്രീയ വശങ്ങള്‍ക്കൊപ്പം അനുഭവങ്ങളും ഓര്‍മകളുമായി ആ കാലത്തെ രേഖപ്പെടുത്താനാണ് ശ്രമിക്കുന്നത്. നിപാ കാലത്തെ അടയാളപ്പെടുത്തുന്നതില്‍ ഈ പുസ്തകത്തിലൂടെ ജഷീനയ്ക്ക് കഴിഞ്ഞുവെന്ന് നിസ്സംശയം പറയാം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കം മുതല്‍ക്കൂട്ടാവും ഇത്.