അമ്പതുവര്‍ഷം പിന്നിട്ട 'യൂറീക്ക

മുഹമ്മ രവീന്ദ്രനാഥ്

ഒരു നാടിന്‍റെ പുരോഗതിക്ക് അന്നാട്ടിലെ ജനങ്ങള്‍ക്ക് ശാസ്ത്രബോധം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണല്ലോ. ശാസ്ത്രം പഠിച്ചതുകൊണ്ട് മാത്രം ശാസ്ത്രബോധമുണ്ടാകണമെന്നില്ല. ഈ അടുത്ത കാലത്ത് കേരളം സാക്ഷ്യംവഹിച്ച ഒരു സംഭവം അതിനുദാഹരണമാണ്. ഒരു വനിതാ ഡോക്ടറുടെ അമ്മ മരിച്ചിട്ട് ആ ശവശരീരവുമായി ആ ഡോക്ടര്‍ പല ദിവസങ്ങള്‍ കാത്തിരുന്നു; പ്രാര്‍ത്ഥനയിലൂടെ ജീവന്‍ തിരിച്ചു കിട്ടുമെന്ന വിശ്വാസവുമായി. ഒടുവില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ എത്തിക്കഴിഞ്ഞാണ് ശവം സംസ്കരിക്കാനായത്. വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക രംഗത്തും വളരെയേറെ പുരോഗതി നേടിയ ഒരു സംസ്ഥാനത്താണ് ഇതു നടന്നത്. ഇന്നും ഒട്ടേറെ മനുഷ്യരുടെ മനസ്സുകളില്‍ നിന്നും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒക്കെ മാറാതെ നില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. നമ്മുടെ രാജ്യം ഭരിക്കുന്ന പല നേതാക്കന്മാരിലും ശാസ്ത്രബോധം ഇനിയും എത്തേണ്ടതായുണ്ട് എന്നാണ് വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള അവരുടെ തെറ്റായ പ്രസ്താവനകളും ചില ചെയ്തികളുമൊക്കെ വ്യക്തമാക്കുന്നത്.
1962 ഏപ്രില്‍ എട്ടാം തീയതി കോഴിക്കോട്ട് രൂപംകൊണ്ട 'കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്' ശാസ്ത്ര പ്രചാരണത്തിനും ജനങ്ങളില്‍ ശാസ്ത്രബോധം ഉളവാക്കുന്നതിനും അന്ധവിശ്വാസങ്ങള്‍ ദൂരീകരിക്കുന്നതിനും മറ്റുമായി ഏതാണ്ട് ആറു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരികയാണല്ലോ. ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് ചര്‍ച്ചകളും ശാസ്ത്ര ക്ലാസ്സുകളും ശാസ്ത്ര പ്രദര്‍ശനങ്ങളും ശാസ്ത്രകലാജാഥകളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ശാസ്ത്ര പുസ്തക പ്രസിദ്ധീകരണവും വിവര ശേഖരണങ്ങളും ഒക്കെ നടത്തിയാണ് ആ സംഘടന മുന്നോട്ടു നീങ്ങുന്നത്. മുതിര്‍ന്നവര്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമൊക്കെയായി 'ശാസ്ത്രഗതി' എന്ന ത്രൈമാസികയാണ് 1966 ഒക്ടോബറില്‍ പരിഷത്ത് ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 1969 ജൂണില്‍ 'ശാസ്ത്രകേരളം' മാസിക ആരംഭിച്ചു. 1970 ജൂണ്‍ ഒന്നിന് പ്രൈമറി തലത്തിലെ കുട്ടികള്‍ക്കായി ആരംഭിച്ച ആനുകാലിക പ്രസിദ്ധീകരണമാണ് 'യുറീക്ക' മാസിക. ഇതുകൂടാതെ പ്രീ - പ്രൈമറി തലത്തിലെ കുട്ടികളെ ഉദ്ദേശിച്ച് 'ബാലശാസ്ത്രം' എന്ന ഒരു ചുവര്‍ പത്രവും ഗ്രാമീണരില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനായി പരിഷത്തിന്‍റെ നേതൃത്വത്തില്‍ 'ഗ്രാമ ശാസ്ത്രസമിതികള്‍' രൂപീകരിച്ചപ്പോള്‍ 'ഗ്രാമ ശാസ്ത്രം' എന്ന ഒരു മാസികയും പ്രസിദ്ധീകരിച്ചിരുന്നു. ഒടുവില്‍പ്പറഞ്ഞ രണ്ടു പ്രസിദ്ധീകരണങ്ങളും കുറച്ചുനാളത്തെ പ്രവര്‍ത്തനശേഷം നിലച്ചു പോവുകയുണ്ടായി. ശാസ്ത്ര സംബന്ധമായ നിരവധി പുസ്തകങ്ങളും പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മേല്‍സൂചിപ്പിച്ച ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പ്രൈമറി - അപ്പര്‍ പ്രൈമറി വിഭാഗത്തി നായുള്ള 'യുറീക്ക'യുടെ അന്‍പതാം വാര്‍ഷികം ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിനായിരുന്നു. ഈ മാസികയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പരിഷത്ത് തൃശൂര്‍ ജില്ലാ കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. 1970 ജൂണ്‍ ഒന്നാം തീയതി യുറീക്കയുടെ ഒന്നാം ലക്കം പുറത്തിറങ്ങി. ചീഫ് എഡിറ്റര്‍ ഡോ. കെ എന്‍ പിഷാരടിയും മാനേജിങ് എഡിറ്റര്‍ ടി ആര്‍ ശങ്കുണ്ണിയുമായിരുന്നു. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, നാലപ്പാട്ട് ബാലാമണിയമ്മ, ലളിതാംബിക അന്തര്‍ജനം, വൈലോപ്പിള്ളി, പി ടി ഭാസ്കരപ്പണിക്കര്‍, എന്‍ വി കൃഷ്ണവാര്യര്‍, വി കരുണാകരന്‍ നമ്പ്യാര്‍, എം എസ് ദിവാകരന്‍, എ അച്യുതന്‍ എന്നിവര്‍ ഉപദേശക സമിതിയംഗങ്ങളും സി ജി ശാന്തകുമാര്‍, കെ പി എബ്രഹാം, എം സി നമ്പൂതിരിപ്പാട്, വി കെ ദാമോദരന്‍ എന്നിവര്‍ പത്രാധിപസമിതി അംഗങ്ങളും ആയിരുന്നു. ഡോ. കെ ഉണ്ണികൃഷ്ണന്‍ പബ്ലിഷറും ജി ഗോപിനാഥന്‍നായര്‍ ആര്‍ട്ട് എഡിറ്ററും ഡോ. കെ പവിത്രന്‍ പ്രൊഡക്ഷന്‍ മാനേജരുമായി. 

യുറീക്കയുടെ എഡിറ്റര്‍ 'യൂറിക്കാ മാമന്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഡോ. കെ എന്‍ പിഷാരടിയെ തുടര്‍ന്ന് എം സി നമ്പൂതിരിപ്പാട്,പ്രൊഫ. എസ് ശിവദാസ്, സി ജി ശാന്തകുമാര്‍,കേശവന്‍ വെള്ളിക്കുളങ്ങര, ഡോ. കെ കെ രാഹുലന്‍, ഡോ. കെ പവിത്രന്‍, എ വി വിഷ്ണു ഭട്ടതിരിപ്പാട്, പ്രൊഫ. എം ശിവശങ്കരന്‍, വി കെ ശശിധരന്‍, പ്രൊഫ കെ ശ്രീധരന്‍, പ്രൊഫ കെ പാപ്പൂട്ടി, കെ ടി രാമകൃഷ്ണന്‍, കെ ബി ജനാര്‍ദ്ദനന്‍, രാമകൃഷ്ണന്‍ കുമരനെല്ലൂര്‍, ഇ എന്‍ ഷീജ തുടങ്ങിയവര്‍ യുറീക്കയുടെ എഡിറ്റര്‍മാര്‍ ആയിരുന്നു. ഇപ്പോള്‍ ഈ മാസികയെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നത് എഡിറ്റര്‍ സി എം മുരളീധരനും മാനേജിങ് എഡിറ്റര്‍ എം ദിവാകരനും അടങ്ങുന്ന ഒരു സംഘമാണ്. കുട്ടികളുടെ രചനകള്‍ക്കായുള്ള 'ചുവടുകള്‍' എന്ന പംക്തി വര്‍ഷങ്ങളായി തുടരുന്നു. (ഇപ്പോള്‍ ഈ പംക്തിയുടെ പേര് 'ഞാറ്റടി' എന്നാക്കിയിട്ടുണ്ട്). ഇതിലൂടെ നിരവധി കുട്ടികള്‍ എഴുതിത്തെളിഞ്ഞ് നല്ല എഴുത്തുകാരായി മാറിയിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്. കുട്ടികള്‍ തന്നെ രചനയും ചിത്രീകരണവും എഡിറ്റിംഗും നിര്‍വഹിച്ചു തയാറാക്കുന്ന പ്രത്യേക ലക്കങ്ങള്‍ യുറീക്കയുടെ സവിശേഷതയാണ്. ഒരു ഡസനിലേറെ ലക്കങ്ങള്‍ കുട്ടികളുടെ നേതൃത്വത്തില്‍ ഇതിനകം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് തികച്ചും അഭിമാനകരമായ നേട്ടം തന്നെ!

യുറീക്കയുടെ പ്രഥമ ലക്കം കോഴിക്കോട് ഒരു യുപി സ്കൂള്‍ വിദ്യാര്‍ത്ഥിയായ മാസ്റ്റര്‍ ബി അസീഫിന് നല്‍കിക്കൊണ്ട് നാലപ്പാട്ട് ബാലാമണിയമ്മയാണ് പ്രകാശനം ചെയ്തത്. എറണാകുളത്ത്  പ്രൊഫ. കെ ശിവരാമകൃഷ്ണയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് കെ എ ദാമോദര മേനോനാണ് ആ കര്‍മ്മം നിര്‍വഹിച്ചത്. യുറീക്കയുടെയും ശാസ്ത്രകേരളത്തിന്‍റെയും പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് പണ്ഡിതനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന പി ഗോവിന്ദപ്പിള്ള 1971ല്‍  ദേശാഭിമാനി വാരികയില്‍ എഴുതിയത് ഇങ്ങനെയാണ്: "വളരെ ഉയര്‍ന്ന മാനദണ്ഡം പുലര്‍ത്തുന്ന ഈ ശാസ്ത്ര മാസികകള്‍ മധുരപലഹാരം പോലെ കുട്ടികള്‍ കുത്തിയിരുന്നു വായിച്ചു തീര്‍ക്കുന്നത് കാണാന്‍ എനിക്കു ഭാഗ്യമുണ്ടായിട്ടുണ്ട്. കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും വായിച്ച് മനസ്സിലാക്കാന്‍ ഇവയില്‍ ധാരാളം വകകള്‍ ഉണ്ട്. ഞാനവ മുടങ്ങാതെ വായിക്കുന്ന ഒരാളാണ്.

"ശാസ്ത്രശാഖകളിലോ മാനവിക ശാഖകളിലോപെട്ട ഏതെങ്കിലും ഒന്നോ രണ്ടോ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു ശാസ്ത്രത്തെപ്പറ്റി സാമാന്യവിജ്ഞാനം നേടാന്‍ ഇതുപകരിക്കും. മാനവിക വിഷയക്കാര്‍ക്ക് ശാസ്ത്രങ്ങളെപ്പറ്റി അറിയാന്‍ ഉതകും. സ്പെഷ്യലൈസേഷന്‍ അഥവാ വിശേഷവല്‍ക്കരണം കൊണ്ട് ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിപരമായ ശൈഥില്യം ഇല്ലായ്മ ചെയ്യുന്നതിലൂടെ ബുദ്ധിവികാസം സമ്പൂര്‍ണവും സമഗ്രവുമാക്കാന്‍ ഈ വിശേഷപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ ഉതകും. ഈ പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരായ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകരെ ഹൃദയംഗമമായി അനുമോദിക്കുന്നു.

വിദ്യാലയങ്ങളും ഗ്രന്ഥശാലകളും വിദ്യാര്‍ത്ഥികളുള്ള എല്ലാ വീടുകളും ശാസ്ത്ര കേരളവും യൂറിക്കയും വരിസംഖ്യ കൊടുത്ത് വരുത്തണമെന്ന് ആത്മാര്‍ത്ഥമായി ശുപാര്‍ശ ചെയ്യുന്നു. കഴിഞ്ഞ 24 ലക്കങ്ങളിലായി ശാസ്ത്രകേരളം പ്രസിദ്ധീകരിച്ച 407 വിവിധ വിഷയസ്പര്‍ശികളായ ലേഖനങ്ങളും 12 ലക്കങ്ങളിലായി യുറീക്ക പ്രസിദ്ധീകരിച്ച 247 ലേഖനങ്ങളും ചിത്രങ്ങളും ഈ ശുപാര്‍ശ ചെയ്യാന്‍ എനിക്ക് ധൈര്യം തരുന്നു".
വര്‍ഷങ്ങള്‍ക്കുമുമ്പ് പി ഗോവിന്ദപ്പിള്ള എഴുതിയതിനേക്കാള്‍ എത്രയോ മെച്ചപ്പെട്ട നിലവാരത്തിലാണ് കുട്ടികള്‍ക്കായുള്ള യൂറിക്കയും ശാസ്ത്ര കേരളവും ഇന്നു പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രൈമറിതലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഇത്രയും കാലം മുടങ്ങാതെ - ആദ്യം മാസികയായും പിന്നീട് ദ്വൈവാരികയായും - പ്രസിദ്ധീകരിച്ചുവരുന്ന യുറീക്കയെപ്പോലെ നിലവാരമുള്ള ഒരു ശാസ്ത്ര പ്രസിദ്ധീകരണം ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും ഉള്ളതായി അറിവില്ല. 

കേരളത്തിലെ കൊച്ചുകുട്ടികളില്‍ വിശ്വമാനവ സങ്കല്പവും ശാസ്ത്രബോധവും മാതൃഭാഷയുടെ മഹത്വവും ഒക്കെ ഉളവാക്കുന്നതിന് കഴിഞ്ഞ 50 വര്‍ഷമായി യുറീക്ക എന്ന കൊച്ചു പ്രസിദ്ധീകരണം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ കരുത്തോടെ യുറീക്ക ഇനിയും വളരേണ്ടതുണ്ട്. അതിന് പൊതുസമൂഹത്തിന്‍റെ സഹായസഹകരണങ്ങള്‍ കൂടുതലായി ഉണ്ടാവുകയാണാവശ്യം.