രണ്ടാം പാര്‍ടി കോണ്‍ഗ്രസ് -1948

പീപ്പിള്‍സ് ഡെമോക്രസി

ഒന്നാം കോണ്‍ഗ്രസിനുശേഷം 5 വര്‍ഷം കഴിഞ്ഞ് 1948 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 6 വരെ കല്‍ക്കത്തയില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ രണ്ടാം കോണ്‍ഗ്രസ് ചേര്‍ന്നു. ഈ അഞ്ച് വര്‍ഷവും കമ്യൂണിസ്റ്റ് പാര്‍ടിയെ സംബന്ധിച്ചിടത്തോളം വലിയ പരീക്ഷണങ്ങളുടെയും സമരങ്ങളുടെയും കാലമായിരുന്നു. അപവാദപ്രചാരണങ്ങളും എതിര്‍പ്പുകളും ഉണ്ടായിരുന്നിട്ടും നിഷ്ഠുരമായ മര്‍ദന നടപടികള്‍ക്കൊപ്പം അവയെയും നേരിട്ടുകൊണ്ട് ഇന്ത്യയിലെ പ്രമുഖ വിപ്ലവശക്തിയെന്ന നിലയില്‍ കമ്യൂണിസ്റ്റു പാര്‍ടി അപ്പോഴേക്കും തലയെടുപ്പോടെ വളര്‍ന്നിരുന്നു.


632 പ്രതിനിധികള്‍ ഈ കോണ്‍ഗ്രസില്‍ പങ്കെടുത്തു; ശരിക്കും സ്വതന്ത്രവും ജനാധിപത്യപരവുമായ ഇന്ത്യക്കായി രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങള്‍ പൊരുതിയിരുന്ന ഇന്ത്യയിലുടനീളമുള്ള അസംഖ്യം സമരഭൂമികളില്‍ നിന്നു നേരെ നടന്നുവന്നവരാണവര്‍. വമ്പിച്ച പണിമുടക്കുകള്‍ നടന്നുകൊണ്ടിരുന്ന ബോംബെയെയും കല്‍ക്കത്തയെയും കാണ്‍പൂരിനെയും മധുരയെയും കോയമ്പത്തൂരിനെയും പോലെയുള്ള തൊഴിലാളിവര്‍ഗ കേന്ദ്രങ്ങളില്‍ നിന്നും വന്നവരാണവര്‍; ബിഹാറിലും ഉത്തര്‍പ്രദേശിലും തമിഴ്നാട്ടിലും ആന്ധ്രയിലും മലബാറിലുമുള്ള കര്‍ഷകസമര കേന്ദ്രങ്ങളില്‍ നിന്നും അടിയാളത്തത്തിനും ഭൂപ്രഭുക്കളുടെ അടിച്ചമര്‍ത്തലുകള്‍ക്കും എതിരെ ധീരോദാത്തമായ പോരാട്ടം നടത്തിയ മഹാരാഷ്ട്രയിലെ വര്‍ളി കര്‍ഷകരുടെ സമരഭൂമികളില്‍ നിന്നും വന്നവരാണവര്‍; രജപുത്താനയിലെയും മധ്യേന്ത്യയിലെയും മറ്റും നാട്ടുരാജ്യങ്ങളിലെ സ്വേച്ഛാധിപത്യവാഴ്ചയ്ക്കെതിരായ സമരഭൂമികളില്‍ നിന്നും സര്‍വോപരി നൈസാമിന്‍റെ ശക്തമായ സ്വേച്ഛാധിപത്യവാഴ്ചയ്ക്കെതിരെയുള്ള ഐതിഹാസികമായ സായുധ ചെറുത്തുനില്‍പ്പ് നടന്നിരുന്ന തെലങ്കാനയില്‍ നിന്നും വന്നവരാണവര്‍. ബോംബെയിലെയും കല്‍ക്കത്തയിലെയും കാണ്‍പൂരിലെയും വമ്പിച്ച വിദ്യാര്‍ഥി സമരപോരാട്ട ഭൂമികളില്‍നിന്നും നേരെ വന്ന വിദ്യാര്‍ഥി പ്രതിനിധികളുമുണ്ടായിരുന്നു. 15 വനിതാ പ്രതിനിധികളുമുണ്ടായിരുന്നു; രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വനിതാപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് കടുത്ത നിശ്ചയദാര്‍ഢ്യത്തോടെ പൊരുതിക്കൊണ്ടിരുന്നവരായിരുന്നു അവര്‍.

ഇതേ വര്‍ഷങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടി നിരവധി മഹാസമരങ്ങള്‍ നയിച്ചു; തല്‍ഫലമായി രാജ്യമാസകലം കമ്യൂണിസ്റ്റ് പാര്‍ടി കരുത്താര്‍ജിച്ച് വളര്‍ന്നു. പാര്‍ടിയുടെ മെമ്പര്‍ഷിപ്പ് 50,000ത്തിലേക്ക് ഉയര്‍ന്നു. തൊഴിലാളിവര്‍ഗത്തിനും കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘടിതശക്തി അതേ അളവില്‍ വര്‍ധിച്ചു.

കമ്യൂണിസ്റ്റ് പാര്‍ടി കര്‍ഷകരുടെയും തൊഴിലാളികളുടെയും വര്‍ധിച്ചുവന്നിരുന്ന സമരങ്ങളിലും ഹിന്ദു-മുസ്ലീം ഐക്യം കെട്ടിപ്പടുക്കുന്നതിലും അയിത്തക്കാരും അല്ലാത്തവരുമായ അധ്വാനിക്കുന്ന ജനങ്ങള്‍ക്കിടയില്‍ സൗഹൃദവും സഹാനുഭാവവും കെട്ടിപ്പടുക്കുന്നതിലും പൂര്‍ണമായും മുഴുകിയിരിക്കുമ്പോള്‍ കോണ്‍ഗ്രസിന്‍റെയും മുസ്ലിം ലീഗിന്‍റെയും നേതാക്കള്‍ സാമ്രാജ്യത്വവുമായി സന്ധിചെയ്യുന്നതിന്‍റെയും ജനകീയസമരങ്ങളെ തകര്‍ക്കുന്നതിന്‍റെയും പാത പിന്തുടരുകയായിരുന്നു- വര്‍ഗീയ കൂട്ടക്കുരുതികളിലേക്കും രാജ്യത്തിന്‍റെ വിഭജനത്തിലേക്കും നയിച്ച പാതയാണത്. വര്‍ഗീയ ലഹളകള്‍ കുത്തിപ്പൊക്കുന്നതില്‍ സാമ്രാജ്യത്വത്തിനുള്ള പങ്ക് പാര്‍ടി തുറന്നു കാണിച്ചു. പഞ്ചാബിലെയും ബംഗാളിലെയും വിഭജനാനന്തര കലാപങ്ങള്‍ക്കിടയില്‍ കൊലയാളികളായ ലഹളക്കാരുടെ കൈകളില്‍ നിന്ന് ന്യൂനപക്ഷ സമുദായാംഗങ്ങളെ രക്ഷിക്കുന്നതിനു നടത്തിയ ശ്രമങ്ങളില്‍ പാര്‍ടി അംഗങ്ങള്‍ അത്യപൂര്‍വമായ ധീരതയാണ് പ്രകടിപ്പിച്ചത്. കല്‍ക്കത്തയിലും ഡല്‍ഹിയിലും അവര്‍ ധീരമായി പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കി; ലഹളകളെ ചെറുക്കുന്നതിനായാണ് ഇവ സംഘടിപ്പിച്ചത്.

തൊഴിലാളികളുടെയും കര്‍ഷകരുടെയും വിദ്യാര്‍ഥികളുടെയും സമരങ്ങളുടെ നേതാവും മുന്‍നിര പോരാളിയുമെന്ന നിലയില്‍ കമ്യൂണിസ്റ്റു പാര്‍ടി ആയിരുന്നു 1946-47 കാലത്തെ കോണ്‍ഗ്രസ് മന്ത്രിസഭകളുടെ മര്‍ദന നടപടികളുടെ മുഖ്യ ആക്രമണലക്ഷ്യം. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരെയും സാധാരണ അംഗങ്ങളെയും പൊലീസ് വെടിവച്ചുകൊന്നു; ആയിരക്കണക്കിനു പേരെ ജയിലുകളിലടച്ചു. എന്നാല്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകരോ കമ്യൂണിസ്റ്റ് പാര്‍ടി നയിക്കുന്ന ബഹുജനങ്ങളോ കനത്ത മര്‍ദനനടപടികള്‍ക്കുമുന്നില്‍ മുട്ടുമടക്കുകയോ ചാഞ്ചാടുകയോ ചെയ്തില്ല.

പാര്‍ടി ഈ പോരാട്ടങ്ങള്‍ നയിച്ചുകൊണ്ടിരുന്നപ്പോഴും നയത്തിന്‍റെയും ലൈനിന്‍റെയും കാര്യത്തില്‍ ചാഞ്ചാട്ടം തുടരുകയായിരുന്നു. മൗണ്ട് ബാറ്റന്‍ അവാര്‍ഡിനെ സാമ്രാജ്യത്വത്തിന്‍റെ പുതിയൊരു കടന്നാക്രമണമെന്ന നിലയില്‍ വീക്ഷിക്കുന്നതിലുണ്ടായ പരാജയത്തിലും പാര്‍ടിയുടെ ഈ ചാഞ്ചാട്ടം പ്രതിഫലിച്ചിരുന്നു. ദേശീയ സ്വാതന്ത്ര്യത്തിലേക്ക് മുന്നേറുന്നതിനുള്ള തന്ത്രപരമായ ആയുധമെന്ന നിലയില്‍ ദേശീയ ഗവണ്‍മെന്‍റിനെ കണക്കാക്കിയതിലും ഗവണ്‍മെന്‍റ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി ജനങ്ങളെ ആക്രമിച്ചുകൊണ്ടിരുന്നപ്പോള്‍ "നെഹ്രു ഗവണ്‍മെന്‍റിന് എല്ലാ പിന്തുണയും", "ഗവണ്‍മെന്‍റുംജനങ്ങളും തമ്മിലുള്ള ഐക്യമുന്നണി" എന്നിവ പോലെയുള്ള മുദ്രാവാക്യങ്ങളുമായി, വരാന്‍ പാര്‍ടിക്ക് ഇടവരുത്തിയത് ഇതാണ്.

1946 ജൂലൈ - ആഗസ്തില്‍ "വിപ്ലവപരമായ കുതിപ്പ് നിലനില്‍ക്കുന്ന"തായി കണ്ടു കേന്ദ്ര കമ്മിറ്റി "ജനാധിപത്യവിപ്ലവം കൈവരിക്കുന്നതിനും ജനങ്ങള്‍ അധികാരം പിടിച്ചെടുക്കുന്നതിനും വേണ്ടി ഭാഗിക സമരങ്ങള്‍" വികസിപ്പിക്കുക എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചു. റെയില്‍വേയിലും തുണിമില്ലുകളിലും പണിമുടക്കുകള്‍ നയിക്കാനും ബംഗാളില്‍ തേഭാഗയ്ക്കുവേണ്ടിയുള്ള കര്‍ഷകരുടെ സമരങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലും സമാനമായ സമരങ്ങളുമായി മുന്നോട്ടുപോകാനും കേന്ദ്ര കമ്മിറ്റി അണികളെ ആഹ്വാനം ചെയ്തു.

1947 ഡിസംബറില്‍ കേന്ദ്ര കമ്മിറ്റി ചേര്‍ന്ന് സ്ഥിതിഗതികളാകെ അവലോകനം ചെയ്യുകയും ഒരു നയ പ്രസ്താവനയും "ബൂര്‍ഷ്വാ നേതാക്കളുടെ കീഴടങ്ങല്‍ നയത്തിനെതിരായ വിപ്ലവപരമായ ചെറുത്തുനില്‍പ്പ് നയവും ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുന്നതിനും ജനാധിപത്യവിപ്ലവവും ജനകീയഗവണ്‍മെന്‍റും കൈവരിക്കുന്നതിനു വേണ്ടിയുള്ള ബഹുജന സമരങ്ങള്‍ സുശക്തമാക്കുന്ന നയവും ആവിഷ്കരിക്കുന്ന ഒരു രേഖയും അംഗീകരിക്കുകയും ചെയ്തു. ദേശീയ ഗവണ്‍മെന്‍റിനെ "കൂട്ടുകൂടലിന്‍റെയും കീഴടങ്ങലിന്‍റെയും ഗവണ്‍മെന്‍റായാണ് ഡിസംബര്‍ യോഗം വിശേഷിപ്പിച്ചത്. ജനാധിപത്യമുന്നണിയിലൂടെ ജനകീയ ഐക്യം പുനര്‍നിര്‍മിക്കുന്നതിന് തൊഴിലാളിവര്‍ഗത്തെ കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തു; അധ്വാനിക്കുന്ന ജനകോടികളുടെ കൈയില്‍ അധികാരം സുരക്ഷിതമായെത്തുന്നതിനായാണ് അങ്ങനെ ചെയ്യുന്നത് എന്നും കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി. ദേശീയ ബൂര്‍ഷ്വാസി പ്രതിപക്ഷ നിലപാട് സ്വീകരിക്കുന്നത് അവസാനിപ്പിച്ചിരിക്കുകയാണെന്നും സാമ്രാജ്യത്വ ചേരിയിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മാറിയിരിക്കുകയാണെന്നും കേന്ദ്ര കമ്മിറ്റി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ജനാധിപത്യമുന്നണിയില്‍ ഉണ്ടാകുന്ന സംഘടനയാണെന്ന വ്യാമോഹമൊന്നും ഇല്ലെന്നും കോണ്‍ഗ്രസ് നേതാക്കളുടെ സന്ധി ചെയ്യല്‍ നയത്തിനോടുള്ള എതിര്‍പ്പില്‍ യഥാര്‍ഥ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സമരം ആരംഭിക്കണമെന്നും കേന്ദ്ര കമ്മിറ്റി പ്രസ്താവിച്ചു.

പ്രവിശ്യാ സമ്മേളനങ്ങളിലും അവരുടെ ഘടകങ്ങളിലും പാര്‍ടിയുടെ പൊതുലൈന്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള അടിസ്ഥാനം എന്ന നിലയില്‍ പാര്‍ടി അണികള്‍ക്കാകെ ഈ രേഖകള്‍ നല്‍കി. രണ്ടുമാസക്കാലം പാര്‍ടി അണികളാകെ ഈ രേഖ ചര്‍ച്ച ചെയ്യുകയും അവരുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെയും അവരുടെ മേല്‍ക്കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളെയും അവലോകനം ചെയ്യുകയുമുണ്ടായി.

പാര്‍ടി കോണ്‍ഗ്രസില്‍ മൂന്ന് പ്രധാന റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി- ഒന്നാമത്തേത് കരട് രാഷ്ട്രീയ തീസിസ് സംബന്ധിച്ച റിപ്പോര്‍ട്ട്. അതവതരിപ്പിച്ചത് ബി ടി രണദിവെ; രണ്ടാമത്തേത് ഭവാനിസെന്‍ അവതരിപ്പിച്ച പാകിസ്ഥാനെ സംബന്ധിച്ച റിപ്പോര്‍ട്ടായിരുന്നു. മൂന്നാമത്തേത് ബി ടി രണദിവെ അവതരിപ്പിച്ച കഴിഞ്ഞ 5 വര്‍ഷക്കാലം പാര്‍ടി പിന്തുടര്‍ന്ന നയത്തിന്‍റെ സ്വയം വിമര്‍ശനപരമായ അവലോകനമായിരുന്നു. ഒന്നിനു പിറകെ ഒന്നായാണ് ഈ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കപ്പെട്ടത്; അവയെക്കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചത് പ്രതിനിധികള്‍ക്കുമുന്നില്‍ അവയെല്ലാം അവതരിപ്പിക്കപ്പെട്ടതിനുശേഷം മാത്രമാണ്. നൂറോളം  പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചുകൊണ്ട് രണദിവെ പ്രസ്താവിച്ചത്, ഫാസിസ്റ്റ് വിരുദ്ധ ജനകീയ യുദ്ധത്തിന്‍റെ കാലത്ത് പാര്‍ടി അംഗീകരിച്ച ലൈന്‍ മൗലികമായും ശരിയായിരുന്നുവെന്നാണ്. "ആ കാലഘട്ടത്തിലെ പിശകുകള്‍ സംഭവിച്ചത് ഫാസിസത്തിന്‍റെ സൈനിക പരാജയം സാമ്രാജ്യത്വത്തിന്‍റെ തന്നെ തകര്‍ച്ചയിലേക്കും ഉന്മൂലനത്തിലേക്കും സ്വമേധയാ നയിക്കുമെന്നും അങ്ങനെ എല്ലാ ജനവിഭാഗങ്ങളുടെയും മോചനം സ്വമേധയാ സംഭവിക്കുമെന്നുമുള്ള തെറ്റായ ധാരണയില്‍ നിന്നാണ്. ജനകീയയുദ്ധത്തിന്‍റെ കാലഘട്ടത്തിലെ സാമ്രാജ്യത്വത്തിന്‍റെ പങ്കിനെ പാടെ വിലകുറച്ചുകണ്ടത് സാമ്രാജ്യത്വത്തെ തുറന്നുകാണിക്കുകയെന്ന കടമയും ഫാസിസ്റ്റു വിരുദ്ധയുദ്ധത്തിന് പിന്തുണ നല്‍കുന്നതിന്‍റെ ചട്ടക്കൂടിനുള്ളില്‍നിന്നുതന്നെ സാമ്രാജ്യത്വത്തോട് പൊരുതുകയെന്ന കടമയും മറക്കുന്നതിനിടയാക്കി.

കാര്‍ഷികനയത്തെയും ഉല്‍പ്പാദനത്തെയും സംബന്ധിച്ച പാര്‍ടി നിലപാടുകളെക്കുറിച്ച് അദ്ദേഹം സ്വയം വിമര്‍ശനപരമായി ഇങ്ങനെ വ്യക്തമാക്കി: "കൂടുതല്‍ ഭക്ഷ്യസാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള കര്‍ഷകരുടെ ശ്രമം സംഘടിപ്പിക്കുന്നതില്‍ നാം തികച്ചും ശരിയായിരിക്കവെ തന്നെ, സാമ്രാജ്യത്വ-ഫ്യൂഡല്‍ കാര്‍ഷികഘടനയ്ക്കെതിരായ നമ്മുടെ മുഖ്യപോരാട്ടം ദുര്‍ബലപ്പെടരുതെന്ന കാര്യം നാം വിസ്മരിക്കരുതായിരുന്നു. ഉല്‍പ്പാദനം അട്ടിമറിക്കുന്നത് തടയുന്ന കാര്യത്തില്‍ നാം ശരിയായിരുന്നു; തൊഴിലാളിവര്‍ഗത്തിന്‍റെ ജീവിതസാഹചര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അനുയോജ്യമായിരിക്കുന്നിടത്തോളം പണിമുടക്കുകള്‍ ഒഴിവാക്കുന്നതും ശരിയായിരുന്നു; പക്ഷേ ലാഭക്കണ്ണുള്ള മുതലാളിയുടെ കൈകളില്‍ ഉല്‍പ്പാദനം നിലനില്‍ക്കുന്നിടത്തോളം ഉല്‍പ്പാദനം സംഘടിപ്പിക്കുന്നതോ വര്‍ധിപ്പിക്കുന്നതോ സാധ്യമാകില്ലെന്ന് നാം കാണേണ്ടതായിരുന്നു; ഫാസിസ്റ്റ് വിരുദ്ധയുദ്ധത്തിന്‍റെ താല്‍പ്പര്യങ്ങളല്ല ലാഭമാണ് സാമ്രാജ്യത്വ ഗവണ്‍മെന്‍റിനെ നയിക്കുന്ന മുഖ്യഘടകം എന്ന കാര്യം കാണേണ്ടതായിരുന്നു".

പരിഷ്കരണവാദപരമായ രണ്ട് വ്യതിയാനങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി:"(ശ) സാമ്രാജ്യത്വത്തിനെതിരായ നമ്മുടെ പോരാട്ടത്തിന്‍റെ വായ്ത്തല മടങ്ങി; (ശശ) ബൂര്‍ഷ്വാസിയെ തുറന്നുകാണിക്കുകയും സ്വതന്ത്രമായ ഒരു നയം പിന്തുടരുകയും ചെയ്യുന്നതിനുപകരം നാം ബൂര്‍ഷ്വാസിയുടെ കാല്‍പാടുകള്‍ പിന്തുടര്‍ന്നു." ദേശീയതകളുടെ സ്വയം നിര്‍ണയാവകാശത്തിന്‍റെയും ഹിന്ദു-മുസ്ലീം പ്രശ്നത്തിന്‍റെയും മുദ്രാവാക്യങ്ങളുടെ പ്രയോഗത്തിന്‍റെ പ്രശ്നത്തില്‍ ഇത് സ്വയം പ്രകടമായി. ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ഐക്യവും കോണ്‍ഗ്രസിന്‍റെയും ലീഗിന്‍റെയും ഐക്യവും ബൂര്‍ഷ്വാ നേതാക്കള്‍ക്ക് സ്വയം സാധ്യമാക്കാനാകുമെന്ന ഒരു പാര്‍ടിക്കുണ്ടായിരുന്നതാണ് അതിന്‍റെ പ്രധാന കാരണം.

തന്‍റെ നാലരമണിക്കൂര്‍ നീണ്ട പ്രസംഗത്തിനിടയില്‍ പി സി ജോഷിയെ (പാര്‍ടി ജനറല്‍ സെക്രട്ടറി) മാത്രമല്ല രണദിവെ വിമര്‍ശിച്ചത്, മറിച്ച് പൊളിറ്റ് ബ്യൂറോയിലെയും കേന്ദ്ര കമ്മിറ്റിയിലെയും താനുള്‍പ്പെടെയുള്ള മറ്റെല്ലാ അംഗങ്ങളുടെയും പരിഷ്കരണവാദപരമായ വ്യതിയാനങ്ങളെയും വിമര്‍ശിക്കുകയുണ്ടായി. രണദിവെ തന്‍റെ റിപ്പോര്‍ട്ടവതരണം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ജോഷി സംസാരിച്ചു. അദ്ദേഹം റിപ്പോര്‍ട്ടിനെ പൂര്‍ണമായി പിന്തുണയ്ക്കുകയും തന്‍റെ പിശകുകള്‍ സ്വയം വിമര്‍ശനപരമായി അംഗീകരിക്കുകയും ചെയ്തു. ചര്‍ച്ചയില്‍ 34 പ്രതിനിധികള്‍ പങ്കെടുത്തു. ചര്‍ച്ചകളെയാകെ രണദിവെ ക്രോഡീകരിച്ചു.
പാകിസ്ഥാനില്‍ കമ്യൂണിസ്റ്റു പാര്‍ടി സംഘടന രൂപീകരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് കൈക്കൊണ്ടു. പാകിസ്ഥാനില്‍ പിന്തുടരേണ്ട നയംരൂപീകരിക്കാനും അവിടെ സമരങ്ങള്‍ നയിക്കാനുമുള്ള ഉത്തരവാദിത്വം ആ സംഘടനയ്ക്കായിരിക്കണം. 

പഴയ കേന്ദ്രകമ്മിറ്റി അംഗങ്ങളില്‍ ഭൂരിപക്ഷത്തെയും ഉള്‍ക്കൊള്ളിച്ചുള്ള പുതിയ കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുക്കാനുള്ള പാനലിനെ സംബന്ധിച്ച് പ്രതിനിധികള്‍ക്കിടയില്‍ ഗൗരവമായ ചര്‍ച്ച നടന്നു. കോണ്‍ഗ്രസ് നിശ്ചയിച്ചതുപ്രകാരമുള്ള 31 അംഗ കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനുള്ള പാനല്‍ തുടര്‍ന്ന് വോട്ടിനിടുകയുണ്ടായി. വോട്ടെടുപ്പില്‍ കേന്ദ്ര കമ്മിറ്റി നിര്‍ദേശിച്ച പാനലില്‍  ജോഷി ഒഴികെ എല്ലാവരും തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ടി ജനറല്‍ സെക്രട്ടറിയായി ബി ടി രണദിവെയെും തിരഞ്ഞെടുക്കുകയും ചെയ്തു.

മുന്‍പു സംഭവിച്ച വലതുപക്ഷ പരിഷ്കരണവാദ വ്യതിയാനത്തെ ശരിയായിത്തന്നെ ചൂണ്ടിക്കാണിച്ച കോണ്‍ഗ്രസ് അതു തിരുത്തുന്നതിന് ഇടതുപക്ഷ സെക്ടേറിയന്‍ നിലപാടാണ് സ്വീകരിച്ചത്. പുതിയ ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ സ്വഭാവത്തെക്കുറിച്ച് കോണ്‍ഗ്രസ് ശരിയായി വിലയിരുത്തിയില്ല. വളര്‍ന്നുകൊണ്ടിരുന്ന ബഹുജന മുന്നേറ്റത്തിന് അമിത പ്രാധാന്യം കല്‍പ്പിച്ച പാര്‍ടി കോണ്‍ഗ്രസ്, ഇന്ത്യന്‍ ജനതയില്‍ മഹാഭൂരിപക്ഷത്തിനുമേല്‍ കോണ്‍ഗ്രസിനുള്ള സ്വാധീനത്തിന്‍റെയും ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നതിനു നാട്ടുരാജ്യങ്ങളെ സമ്മര്‍ദത്തിലാക്കാനുള്ള കോണ്‍ഗ്രസിന്‍റെ ശേഷിയെയും വിലകുറച്ചു കാണുകയും ചെയ്തു. ഫാസിസത്തിനുമേലുള്ള വിജയത്തെയും ലോകത്തുടനീളം സാമ്രാജ്യത്വത്തിന്‍റെ നേരിട്ടുള്ള പിടി തുടര്‍ന്ന് പൊട്ടിക്കുന്നതിനിടയാക്കിയ സോഷ്യലിസ്റ്റ് ചേരിയുടെ ഉയര്‍ന്നുവരവിനെയും പോലെയുള്ള സാര്‍വദേശീയ രംഗത്തെ മാറിയ ശാക്തികബലാബലത്തെ ശ്രദ്ധിക്കുന്നതിലും പാര്‍ടി കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഈ പുതിയ സാഹചര്യമാണ് നമ്മുടെ രാജ്യത്തിന് സാമ്രാജ്യത്വ പദ്ധതികള്‍ക്കെല്ലാമുപരിയായി സ്വന്തം സ്വാതന്ത്ര്യത്തെ ഉറപ്പിക്കുന്നതിന് പ്രാപ്തി നല്‍കിയത്.

രണ്ടാം കോണ്‍ഗ്രസ്സിന്‍റെ തീരുമാനങ്ങള്‍ നടപ്പാക്കിയതിന്‍റെ ഫലം, ധീരോദാത്തമായ നിരവധി സമരങ്ങള്‍ നടന്നിട്ടും, പാര്‍ടിയുടെ ഒറ്റപ്പെടലായിരുന്നു; പല സ്ഥലങ്ങളിലും പാര്‍ടി സംഘടനയുടെ തന്നെ ശിഥിലമാകലായിരുന്നു. ഇത് പാര്‍ടിക്കുള്ളില്‍ പ്രതിസന്ധിക്കിടയാക്കി; അതേത്തുടര്‍ന്ന് വലിയൊരു ഉള്‍പ്പാര്‍ടി സംവാദം തുടര്‍ന്നു.