ദക്ഷിണാഫ്രിക്കയിലെ കമ്യൂണിസ്റ്റ് പോരാളി

പി എസ് പൂഴനാട്

-------------------------------
ജോയ് സ്ലോവോ
(1926-1995)
-------------------------------

ഒന്ന്

ക്ഷിണാഫ്രിക്കയില്‍ അരങ്ങുവാണിരുന്ന വര്‍ണവെറിയന്‍ അപ്പാര്‍ത്തീഡ് ഭരണകൂടത്തിനെതിരെയുള്ള ധീരോദാത്തമായ പോരാട്ടങ്ങളുടെ ബൗദ്ധികവും പ്രായോഗികവുമായ നേതൃസ്ഥാനങ്ങളില്‍ ജ്വലിച്ചുനിന്ന കമ്യൂണിസ്റ്റ് പോരാളിയായിരുന്നു ജോയ് സ്ലോവോ. മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റ് വിപ്ലവബോധ്യങ്ങളുടെ ചുടുരക്തമായിരുന്നു സ്ലോവോയില്‍ ഒഴുകിയിരുന്നത്. പതിനഞ്ചാമത്തെ വയസ്സില്‍ ദക്ഷിണാഫ്രിക്കയിലെ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമാകുന്നതുമുതല്‍ അറുപത്തിയെട്ടാമത്തെ വയസ്സില്‍ രക്താര്‍ബുദത്തെത്തുടര്‍ന്ന് മരണത്തിന് കീഴടങ്ങുന്നതുവരെ പോരാട്ടങ്ങളുടെ ഒരിക്കലും നിലയ്ക്കാത്ത പടനിലങ്ങളിലൂടെയായിരുന്നു ജോയ് സ്ലോവോ എന്ന വിപ്ലവകാരി നിരന്തരം കടന്നുപോയ്ക്കൊണ്ടിരുന്നത്. 

അരനൂറ്റാണ്ടുകാലം ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അലിഞ്ഞുചേര്‍ന്നു പ്രവര്‍ത്തിച്ചു. 1986 മുതല്‍ 1991 വരെയുള്ള ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായും തുടര്‍ന്ന് 1995ല്‍ മരിക്കുന്നതുവരെ പാര്‍ടിയുടെ ചെയര്‍മാനായും അവസാന വര്‍ഷങ്ങളില്‍ ജോയ് സ്ലോവോ പോരാടിനിന്നു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ വെളുത്ത വര്‍ഗക്കാരനും ജോയ് സ്ലോവോ ആയിരുന്നു. അപ്പാര്‍ത്തീഡ് ഭരണകൂടത്തിനെതിരെ സായുധപോരാട്ടം നടത്താന്‍ രൂപീകരിക്കപ്പെട്ട സൈനിക ഗറില്ലാ ഗ്രൂപ്പിന്‍റെ മുന്നണിപ്പോരാളിയായും ജോയ് സ്ലോവോ നിലകൊണ്ടു. വര്‍ണവെറിയന്‍ അപ്പാര്‍ത്തീഡ് ഭരണകൂടവുമായുള്ള അനുരഞ്ജന ചര്‍ച്ചകളുടെ മുഖ്യ ബൗദ്ധിക കേന്ദ്രമായി നിലകൊണ്ടതും ജോയ് സ്ലോവോ ആയിരുന്നു. വര്‍ണവെറിയന്‍ ഭരണകൂടത്തെ പിഴുതെറിഞ്ഞുകൊണ്ട് അധികാരത്തിലേറിയ നെല്‍സണ്‍ മണ്ടേലയുടെ മന്ത്രിസഭയില്‍ ഭവന നിര്‍മ്മാണ മന്ത്രിയായി പൊരുതി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഘട്ടത്തിലായിരുന്നു അദ്ദേഹത്തെ മരണം കീഴടക്കിയത്. ഇങ്ങനെ ബഹുവിധങ്ങളായ നിലകളില്‍ ദക്ഷിണാഫ്രിക്കന്‍ വിമോചനത്തിനുവേണ്ടി തളരാതെ പൊരുതിനിന്ന കമ്യൂണിസ്റ്റ് വിപ്ലവ പോരാളിയായിരുന്നു ജോയ് സ്ലോവോ. 
1926 മെയ് 23ന് ലിത്വാനിയയിലെ ഒരു ചെറു ഗ്രാമത്തിലായിരുന്നു ജോയ് സ്ലോവോ ജനിക്കുന്നത്. ജോയ് സ്ലോവോക്ക് ഒന്‍പതുവയസ്സുള്ളപ്പോഴായിരുന്നു ആ ജൂതകുടുംബം ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിലേക്ക് എത്തിച്ചേരുന്നത്. അക്കാലങ്ങളില്‍ ബാള്‍ട്ടിക് രാഷ്ട്രങ്ങള്‍ക്കുള്ളിലും സെമിറ്റ് വിരുദ്ധത കൊടിപറത്തുകയായിരുന്നു. ഇതില്‍നിന്നും രക്ഷപ്പെടാനായിരുന്നു മുഖ്യമായും ആ കുടുംബം ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയത്. വിവിധ സ്കൂളുകളിലായി ജോയ് സ്ലോവോയുടെ പഠനം തുടര്‍ന്നു. പഠനകാലത്തുതന്നെ തന്‍റെ മതവിശ്വാസങ്ങളോട് ജോയ് സ്ലോവോ വിടപറഞ്ഞിരുന്നു. നിരീശ്വരവാദത്തിന്‍റെ പുതിയൊരു പാതയിലേക്കായിരുന്നു ആ കുട്ടി നീങ്ങിക്കൊണ്ടിരുന്നത്. 

ഹൈസ്കൂള്‍ വിദ്യാഭ്യാസത്തെത്തുടര്‍ന്ന് ഒരു ഫാര്‍മസ്യൂട്ടിക്കല്‍ മൊത്തക്കച്ചവടക്കാരന്‍റെ കടയില്‍ ഒരു ഗുമസ്തനായി ജോയ് ജോലിയില്‍ പ്രവേശിച്ചിരുന്നു. ആ സമയത്തുതന്നെ വിതരണ തൊഴിലാളികളുടെ ദേശീയ യൂണിയനിലും അംഗമായി ചേര്‍ന്നു. പണിമുടക്കുകളിലും സജീവമായി പങ്കുകൊണ്ടു. ഈ ഘട്ടങ്ങളിലായിരുന്നു സോഷ്യലിസത്തിന്‍റെ പദാവലികളുമായി ജോയ് ആദ്യമായി പരിചയിക്കപ്പെട്ടത്. അങ്ങനെ, 1942ല്‍ തന്‍റെ പതിനഞ്ചാമത്തെ വയസ്സില്‍ ജോയ് സ്ലോവോ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് സൗത്ത് ആഫ്രിക്കയില്‍ അംഗമായി തീര്‍ന്നു. 1953ല്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ലോകയുദ്ധ കാലഘട്ടങ്ങളിലാകട്ടെ ഹിറ്റ്ലര്‍ക്ക് എതിരെയുള്ള പോരാട്ടങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ സൈന്യത്തില്‍ സന്നദ്ധസേവനത്തിലും ജോയ് സ്ലോവോ മുഴുകിയിരുന്നു. ഇങ്ങനെ ചെറുപ്രായത്തില്‍തന്നെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍റെ വിപ്ലവ ബോധ്യങ്ങളിലേയ്ക്ക് ജോയ് നടന്നടുത്തുകൊണ്ടിരുന്നു. 

1946ല്‍ വിറ്റ്വാട്ടേഴ്സ്റാന്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിയമപഠനത്തിനായി ചേര്‍ന്നു. 1950ല്‍ നിയമത്തില്‍ ബിരുദവും നേടി. നിയമപഠന കാലഘട്ടത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ സജീവതയിലേക്ക് ജോയ് സ്ലോവോ കൂടുതല്‍ കൂടുതല്‍ ആഴ്ന്നിറങ്ങിക്കൊണ്ടിരുന്നു. ഇവിടെ വെച്ചായിരുന്നു തന്‍റെ പ്രാണസഖിയും സഖാവുമായ റൂത്ത് ഫസ്റ്റിനെ ജോയ് സ്ലോവോ ആദ്യമായി കണ്ടുമുട്ടുന്നത്. നെല്‍സണ്‍ മണ്ടേലയും ഇവര്‍ക്കൊപ്പം നിയമം പഠിക്കാന്‍ ആ യൂണിവേഴ്സിറ്റിയില്‍ ഉണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് സൗത്ത് ആഫ്രിക്കയിലെ ട്രഷററായിരുന്ന ജൂലിയസ് ഫസ്റ്റിന്‍റെ മകളായിരുന്നു റൂത്ത് ഫസ്റ്റ് എന്നതും ശ്രദ്ധേയമാണ്. 1949ല്‍ റൂത്തും ജോയിയും വിവാഹിതരായി. കോളേജ് പഠനത്തെത്തുടര്‍ന്ന് അഡ്വക്കേറ്റായും രാഷ്ട്രീയ കേസുകള്‍ വാദിക്കുന്ന ഡിഫന്‍സ് ലോയറായും ജോയ് സ്ലോവോ ജോലിയില്‍ മുഴുകുകയായിരുന്നു. 

രണ്ട്

വംശവെറിയന്‍ അപ്പാര്‍ത്തീഡ് ഭരണകൂടം അതിന്‍റെ നിഷ്ഠുരവാഴ്ചകളെ ശക്തമാക്കിക്കൊണ്ടിരുന്ന ഘട്ടമായിരുന്നു അത്. കമ്യൂണിസ്റ്റുകളെയും പുരോഗമനവാദികളെയും തച്ചുതകര്‍ക്കുന്നതിനുവേണ്ടി 1950ല്‍ അപ്പാര്‍ത്തീഡ് ഭരണകൂടം ആളുകള്‍ സംഘം ചേരുന്നത് നിരോധിച്ചുകൊണ്ടുള്ള ഒരു ബില്‍ കൊണ്ടുവന്നു. ഈ ബില്ലിനെയായിരുന്നു പിന്നീടവര്‍ കമ്യൂണിസ്റ്റുകളെ അടിച്ചമര്‍ത്താനുള്ള ബില്ലാക്കി (ഠവല ടൗുൃലശൈീി ീള ഇീാാൗിശാെ ആശഹഹ) പരിവര്‍ത്തിപ്പിച്ചത്. കറുത്തവര്‍ഗക്കാരുടെ രാഷ്ട്രീയ സംഘടനകളില്‍ കമ്യൂണിസ്റ്റുകാരുടെ എണ്ണം കൂടുന്നത് അപ്പാര്‍ത്തീഡ് ഭരണകൂടത്തിന് സഹിക്കാനാവുമായിരുന്നില്ല. ദക്ഷിണാഫ്രിക്കന്‍ ട്രേഡ് യൂണിയന്‍ മേഖലയിലും കമ്യൂണിസ്റ്റുകാരുടെ എണ്ണം വര്‍ദ്ധിതമാകുകയായിരുന്നു. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയില്‍ കമ്യൂണിസ്റ്റുകാരുടെ വളര്‍ച്ചയെ തകര്‍ത്തെറിയേണ്ടത് അപ്പാര്‍ത്തീഡ് ഭരണകൂടത്തിന്‍റെ അനിവാര്യതയായി തീര്‍ന്നു. 

1950 മാര്‍ച്ച് മാസത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് സൗത്ത് ആഫ്രിക്കയും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസും മറ്റ് വിമോചന സംഘടനകളും ചേര്‍ന്ന് സംസാര സ്വാതന്ത്ര്യത്തിനായുള്ള ഒരു കണ്‍വെന്‍ഷന്‍ ജോഹന്നാസ്ബര്‍ഗില്‍ വിളിച്ചുകൂട്ടി. കമ്യൂണിസ്റ്റുകാരെ അടിച്ചമര്‍ത്തുന്നതിനുള്ള ബില്ലിനെതിരെയുള്ള ഒരു പ്രതിഷേധ ജ്വാലയായി ആ പരിപാടി മാറിത്തീര്‍ന്നു. അഞ്ഞൂറോളം പ്രതിനിധികള്‍ ആ സമ്മേളനത്തില്‍ പങ്കുചേര്‍ന്നു. തുടര്‍ന്നുനടന്ന റാലിയില്‍ പതിനായിരത്തിലധികം ആള്‍ക്കാരും പങ്കെടുത്തു. മെയ്ദിനത്തിന് ആരും പുറത്തിറങ്ങരുതെന്നും വീടുകളില്‍ തന്നെ കഴിച്ചുകൂട്ടണമെന്നും അപ്പാര്‍ത്തീഡ് ഭരണകൂടം നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെതിരെയും രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ആ സമ്മേളനം ആഹ്വാനം ചെയ്തിരുന്നു. 

മെയ് ഒന്നിന് വീട്ടിലിരിക്കാനുള്ള അപ്പാര്‍ത്തീഡ് ഭരണകൂടത്തിന്‍റെ തീട്ടൂരങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് നിരവധിപേര്‍ മെയ്ദിന റാലികളില്‍ അണിചേര്‍ന്നു. പ്രതിഷേധ പരിപാടികളിലും റാലികളിലും അണിചേര്‍ന്നവര്‍ക്കെതിരെ അപ്പാര്‍ത്തീഡ് ഭരണകൂടത്തിന്‍റെ പൊലീസ് സേന നിറയൊഴിക്കാനാരംഭിച്ചു. 1921 നുശേഷം ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു വെടിവെപ്പ് ദക്ഷിണാഫ്രിക്കയില്‍അരങ്ങേറിയത്. ആ വെടിവെപ്പില്‍ നിരവധി പേര്‍ മരിച്ചു വീണു. നിരവധിപേര്‍ മുറിവുകളേറ്റു വീണു. ജോയ് സ്ലോവോയും റൂത്ത് ഫസ്റ്റും ഉള്‍പ്പെടെയുള്ള നിരവധി കമ്യൂണിസ്റ്റുകാര്‍ അറസ്റ്റുചെയ്യപ്പെട്ടു. തുടര്‍ന്നുള്ള ദിനങ്ങള്‍ അടിച്ചമര്‍ത്തലുകളുടെ കിരാതമായ പുതിയൊരു കാലത്തിന്‍റെ ഉദയത്തിനായിരുന്നു സാക്ഷ്യംവഹിച്ചത്. അസംബ്ലിയിലും പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലിലും അംഗങ്ങളായിരുന്ന കമ്യൂണിസ്റ്റുകാര്‍ പുറത്താക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ എല്ലാ പ്രസിദ്ധീകരണങ്ങളും നിരോധിക്കപ്പെട്ടു. 1953ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയും നിരോധിക്കപ്പെട്ടു. ഇങ്ങനെ ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളുടെ എല്ലാ കോട്ടകളും അപ്പാര്‍ത്തീഡ് ഭരണകൂടം കൊട്ടിയടച്ചുകളഞ്ഞു. ഈ സന്ദര്‍ഭത്തിലായിരുന്നു ഒളിപ്പോരാട്ടങ്ങളുടെ സമരതീക്ഷ്ണതയിലേക്ക് ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടി ഇറങ്ങിച്ചെല്ലാനാരംഭിച്ചത്. 1953 മുതല്‍ 1991 വരെ തുടര്‍ച്ചയായി നീണ്ടുനിന്ന സമാനതകളില്ലാത്ത തീവ്ര പോരാട്ടങ്ങളായിരുന്നു ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ വംശവെറിയന്‍ ഭരണകൂടത്തിനെതിരെ ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടി പിന്നീട് കെട്ടഴിച്ചുവിട്ടത്. 
വംശേതരവും ജനാധിപത്യപരവുമായ ഒരു പുതിയ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടിയുള്ള ആദ്യത്തെ നയപ്രഖ്യാപന രേഖയായിരുന്നു സ്വാതന്ത്ര്യ പ്രഖ്യാപന പത്രിക (എൃലലറീാ രവമൃലേൃ). ഈ സ്വാതന്ത്ര്യ പ്രഖ്യാപന രേഖയാകട്ടെ കേവലമായ ജനാധിപത്യ പരിഷ്കാരങ്ങളുടെ ഒരു പട്ടികയായിട്ടല്ല നിലകൊണ്ടത്. മറിച്ച് അതൊരു വിപ്ലവ പരിപാടി തന്നെയായിരുന്നു. ഈ രേഖ തയ്യാറാക്കുന്നതില്‍ അതിനിര്‍ണായകമായ പങ്കുവഹിച്ചതാകട്ടെ ജോയ് സ്ലോവോ ആയിരുന്നു. ഈ നയപ്രഖ്യാപന രേഖയെത്തുടര്‍ന്നായിരുന്നു ഏറ്റവും കുപ്രസിദ്ധമായ രാജ്യദ്രോഹവിചാരണകള്‍ക്ക് അപ്പാര്‍ത്തീഡ് ഭരണകൂടം തുടക്കംകുറിച്ചത്. അപ്പാര്‍ത്തീഡ് ഭരണകൂടത്തെ വിപ്ലവ മാര്‍ഗങ്ങളിലൂടെ അട്ടിമറിക്കാനാണ് ഈ രേഖ തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം രാജ്യദ്രോഹികളാണെന്നും അപ്പാര്‍ത്തീഡ് ഭരണകൂടം അലറിവിളിച്ചു. ഇതിനെത്തുടര്‍ന്ന് ജോയ് സ്ലോവോ ഉള്‍പ്പെടെ 156 വിമോചന പോരാളികള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ടു. 

രാജ്യദ്രോഹ വിചാരണ ആരംഭിച്ച് രണ്ടുമാസത്തിനുശേഷമായിരുന്നു ജോയ് സ്ലോവോ വിട്ടയക്കപ്പെട്ടത്. 1958 ല്‍ അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങള്‍ ഔദ്യോഗികമായി ഒഴിവാക്കപ്പെട്ടു. തുടര്‍ന്ന് 1960ല്‍ അരങ്ങേറിയ ഷാര്‍പെവില്‍ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ജോയ് സ്ലോവോ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ആറുമാസക്കാലം അപ്പാര്‍ത്തീഡ് ഭരണകൂടത്തിന്‍റെ ജയിലറകള്‍ക്കുള്ളില്‍ കഴിഞ്ഞ ഇക്കാലയളവില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസും നിരോധിക്കപ്പെട്ടു. 

മൂന്ന്

1961ല്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെയും ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെയും നേതാക്കള്‍ രഹസ്യമായി യോഗം ചേരുകയും അപ്പാര്‍ത്തീഡ് ഭരണകൂടത്തിനെതിരെയുള്ള സായുധ ഗറില്ലാപോരാട്ടങ്ങള്‍ക്കുള്ള പുതിയൊരു വേദി രൂപീകരിക്കുകയും ചെയ്തു. അങ്ങനെയാണ് ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെയും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെയും നിയന്ത്രണത്തിലുള്ള സായുധ ഗറില്ലാ സംഘം രൂപീകരിക്കപ്പെടുന്നത്. ഈ സൈനിക ഗറില്ലാ സംഘത്തിന്‍റെ രൂപീകരണത്തില്‍ സവിശേഷമായ പങ്കായിരുന്നു ജോയ് സ്ലോവോയ്ക്കുണ്ടായിരുന്നത്. 1963 ല്‍ സ്ലോവോയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്നും നാടുവിടേണ്ടി വന്നു. ലണ്ടനിലും മൊബുട്ടുവിലും ലുസാക്കയിലും അംഗോളയിലെ വിവിധ ക്യാമ്പുകളിലുമായി പിന്നീട് 27 വര്‍ഷക്കാലം അദ്ദേഹത്തിന് ഒരു പ്രവാസിയായി തുടരേണ്ടി വന്നു. ഈ ഘട്ടങ്ങളിലെല്ലാം അപ്പാര്‍ത്തീഡ് ഭരണകൂടത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ ഏറെ വീറോടെ തന്നെ തുടര്‍ന്നുകൊണ്ടുമിരുന്നു. ഇതിനിടയില്‍ 1968ല്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സില്‍നിന്നും നിയമത്തില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി. 

1969 ല്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിലെ വിപ്ലവ കൗണ്‍സിലിലേയ്ക്കും ജോയ് സ്ലോവോ തിരഞ്ഞെടുക്കപ്പെട്ടു. 1983ല്‍ വിപ്ലവ കൗണ്‍സില്‍ പിരിച്ചുവിടപ്പെടുന്നതുവരെ അതില്‍ തുടരുകയും ചെയ്തു. ഈ ഘട്ടങ്ങളിലെല്ലാം ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നയതന്ത്ര രേഖകള്‍ തയ്യാറാക്കുന്നതില്‍ അതിന്‍റെ മുഖ്യബൗദ്ധിക കേന്ദ്രമായി നിലകൊണ്ടത് ജോയ് സ്ലോവോ ആയിരുന്നു. 1977ല്‍ ജോയ് സ്ലോവോ മൊസാംബിക്കിലെ മൊബുട്ടുവില്‍ എത്തിച്ചേര്‍ന്നു. മൊബുട്ടുവില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പുതിയൊരു ആസ്ഥാനവും അവിടെ രൂപീകരിക്കപ്പെട്ടു. ഈ ആസ്ഥാന കേന്ദ്രത്തിലിരുന്നു കൊണ്ടായിരുന്നു ആ ഘട്ടങ്ങളില്‍ അപ്പാര്‍ത്തീഡ് ഭരണകൂടത്തിനെതിരെയുള്ള സായുധ ഗറില്ലാ പോരാട്ടങ്ങള്‍ക്ക് ജോയ് സ്ലോവോ നേതൃത്വം കൊടുത്തുകൊണ്ടിരുന്നത്. 

1982 ല്‍ മൊബുട്ടുവിലെ തന്‍റെ ഓഫീസിനുള്ളില്‍ വെച്ച് ഒരു പാഴ്സല്‍ ബോംബ് പൊട്ടിത്തെറിച്ച്  വിപ്ലവകാരിയും സ്ലോവോയുടെ ജീവിതസഖിയുമായ റൂത്ത്ഫസ്റ്റ് രക്തസാക്ഷിയായിതീര്‍ന്നു. അപ്പാര്‍ത്തീഡ് ഭരണകൂടത്തിന്‍റെ തിരിച്ചടികള്‍ കടുത്തുകൊണ്ടിരുന്നു. ഒടുവില്‍ മൊസാംബിക്കില്‍നിന്നും പുറത്തുപോകാന്‍ ജോയ് സ്ലോവോ നിര്‍ബന്ധിതനായിത്തീര്‍ന്നു. ഇതിനിടയില്‍ റൂത്ത് ഫസ്റ്റിനെ വധിച്ചത് ജോയ് സ്ലോവോ ആണെന്ന കള്ളക്കഥ അപ്പാര്‍ത്തീഡ് ഭരണകൂടവും അതിന്‍റെ കൂട്ടാളികളും പടര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്തു. തുടര്‍ന്ന് സാംബിയയിലെ ലുസാക്കയിലേയ്ക്കായിരുന്നു ജോയ് സ്ലോവോ എത്തപ്പെട്ടത്. അവിടെവെച്ച് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ദേശീയ എക്സിക്യൂട്ടീവിലേയ്ക്ക് ജോയ് സ്ലോവോ തിരഞ്ഞെടുക്കപ്പെട്ടു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്ന വെളുത്ത വര്‍ഗക്കാരനായിരുന്നു ജോയ് സ്ലോവോ എന്ന കാര്യം ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തുടര്‍ന്ന് 1988ല്‍ ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായും ജോയ് സ്ലോവോ തിരഞ്ഞെടുക്കപ്പെട്ടു. 1987ല്‍ സായുധ ഗറില്ലാപടയുടെ ചീഫ് ഓഫ് സ്റ്റാഫായും ജോയ് സ്ലോവോ നിയോഗിക്കപ്പെട്ടു. എല്ലാതലങ്ങളിലും അപ്പാര്‍ത്തീഡ് ഭരണകൂടത്തിനെതിരെയുള്ള പോരാട്ടങ്ങളും കടുത്തുകൊണ്ടിരുന്നു. 

അവസാനം അപ്പാര്‍ത്തീഡ് ഭരണകൂടത്തിന് അടിയറവ് പറയേണ്ടിവന്നു. 1990 ഫെബ്രുവരി മാസത്തില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെയും ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെയും നിരോധനം നീക്കാന്‍ അപ്പാര്‍ത്തീഡ് ഭരണകൂടം നിര്‍ബന്ധിതമായിത്തീര്‍ന്നു. തുടര്‍ന്ന് ജോയ് സ്ലോവോയും മറ്റ് പോരാളികളും ദക്ഷിണാഫ്രിക്കയിലേയ്ക്ക് മടങ്ങിയെത്തി. അങ്ങനെ അപ്പാര്‍ത്തീഡ് ഭരണകൂടവും വ്യത്യസ്ത നിലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വര്‍ണവിവേചന വിരുദ്ധ പ്രസ്ഥാനങ്ങളും തമ്മില്‍ അനുരഞ്ജന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തുടങ്ങി. ഇങ്ങനെ അനുരഞ്ജന ചര്‍ച്ചകളിലെ മുഖ്യസാന്നിധ്യമായി വര്‍ത്തിച്ചതാകട്ടെ ജോയ് സ്ലോവോ ആയിരുന്നു. 

എന്നാല്‍ ജോയ് സ്ലോവോയില്‍ നേരത്തെതന്നെ കണ്ടു തുടങ്ങിയ രക്താര്‍ബുദം അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ കാര്‍ന്നുതിന്നുകൊണ്ടിരുന്നു. അതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും അദ്ദേഹത്തിന് മാറിനില്‍ക്കേണ്ടി വന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പുതിയ ചെയര്‍മാനായി ജോയ് സ്ലോവോ തുടരുകയും ചെയ്തു. ജോയ് സ്ലോവോ അനാരോഗ്യം മൂലം സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ എക്കാലത്തെയും ഏറ്റവും സമരോത്സുക പോരാളിയായ ക്രിസ് ഹാനി പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായിത്തീരുന്നത്. 

1994 ഏപ്രില്‍ മാസത്തില്‍ ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടന്നു. ആ തിരഞ്ഞെടുപ്പില്‍ ജോയ് സ്ലോവോയും മത്സരിച്ചു. തുടര്‍ന്ന് നെല്‍സണ്‍ മണ്ടേലയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയ പുതിയ മന്ത്രിസഭയില്‍ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രിയായി ജോയ് സ്ലോവോ നിയമിതനായിത്തീര്‍ന്നു. എന്നാല്‍ കൂടുതല്‍ കാലം അദ്ദേഹത്തിന് അവിടെ തുടരാനായില്ല. 1995 ജനുവരി ആറാം തീയതി രക്താര്‍ബുദം കലശലായതിനെ തുടര്‍ന്ന് അദ്ദേഹം മരണത്തിന് കീഴടങ്ങി. 

സ്വാതന്ത്ര്യത്തിന്‍റെ പുതുപുലരിയിലേയ്ക്ക് തങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ അരനൂറ്റാണ്ടുകാലം ചോരയും നീരും കൊണ്ട് പോരാടിയ ആ ധീര ദേശാഭിമാനിക്ക് ദക്ഷിണാഫ്രിക്കന്‍ ജനത കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.