ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ : ബൊളീവിയയില്‍ ജനകീയ പോരാട്ടം

ആര്യ ജിനദേവന്‍

ബൊളീവിയയില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിയിലൂടെ പുറത്താക്കിയിട്ട് ഒരു വര്‍ഷമാകാറായി. 2019 ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബൊളീവിയയിലെ ആ ജനവിധി അംഗീകരിക്കാതെ അമേരിക്കന്‍ പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് ഇവോ മൊറാലിസ് അധികാരമൊഴിയണമെന്നാവശ്യപ്പെട്ട് അട്ടിമറി സമരത്തിലേര്‍പ്പെടുകയായിരുന്നു. ഈ അട്ടിമറി സമരക്കാര്‍ക്കൊപ്പം സൈന്യത്തിന്‍റെയും പൊലീസിന്‍റെയും മേധാവികള്‍കൂടി രാജി ആവശ്യപ്പെട്ടതോടെ അദ്ദേഹം അധികാരമൊഴിയാന്‍ നിര്‍ബന്ധിതനായി. അങ്ങനെയാണ് 2019 നവംബര്‍ 10ന് മൊറാലിസ് അധികാരമൊഴിഞ്ഞ് മെക്സിക്കൊയില്‍ അഭയം തേടിയത്. ബൊളീവയില്‍ തുടര്‍ന്നിരുന്നെങ്കില്‍ അദ്ദേഹത്തെ വലതുപക്ഷം വധിക്കുമായീരുന്നുവെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് അദ്ദേഹം മെക്സിക്കോയിലേക്കും പിന്നീട് അര്‍ജന്‍റീനയിലേക്കും അഭയാര്‍ത്ഥിയായി പോയത്.

2014ല്‍ 60 ശതമാനത്തിലധികം വോട്ടു നേടി മൂന്നാമത് അധികാരത്തിലെത്തിയ മൊറാലിസിന് 2020 ജനുവരി ആദ്യ ആഴ്ചവരെ അധികാരത്തില്‍ തുടരുവാന്‍ അന്നത്തെ ജനവിധിപ്രകാരംപോലും കഴിയുമായിരുന്നു. എന്നാല്‍ അതും അനുവദിക്കപ്പെട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഭരണഘടനാനുസൃതം പ്രസിഡന്‍റ് രാജിവച്ചാല്‍ വൈസ് പ്രസിഡന്‍റാണ് താല്‍ക്കാലിക പ്രസിഡന്‍റായി അധികാരമേല്‍ക്കേണ്ടത്. പക്ഷേ അതും അനുവദിക്കപ്പെട്ടില്ല, മറിച്ച് സൈനിക മേധാവികളുടെയും അമേരിക്കന്‍ അധികാരികളുടെയും പിന്തുണയോടെ തീവ്രവലതുപക്ഷത്തിന്‍റെ പ്രതിനിധിയായി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച് 6 ശതമാനം വോട്ടുമാത്രം നേടി പരാജയപ്പെട്ട പാര്‍ലമെന്‍റഗം ജിയാനന്‍ അനസ് സ്വയം പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുകയാണുണ്ടായത്. 

മൊറാലിസ് അട്ടിമറിക്കപ്പെട്ടത് തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും കൃത്രിമം  നടന്നതായി സ്ഥാപിക്കപ്പെട്ടതിനെ തുടര്‍ന്നല്ല. മറിച്ച് അദ്ദേഹംതന്നെ പറഞ്ഞതുപോലെ, അമേരിക്കന്‍ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ക്ക് ബൊളീവയിലെ ലിഥിയം ഉള്‍പ്പെടെയുള്ള അമൂല്യവിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ അനുവദിക്കാതിരുന്നതുകൊണ്ടും ബൊളീവിയയിലെ സാധാരണ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള പരിപാടികള്‍ നടത്തിയതുകൊണ്ടുമാണ്. അതാണ് നാലാമതും അദ്ദേഹം ഭൂരിപക്ഷം നേടുന്നതിന് കാരണമായത്; ജനങ്ങള്‍ തെരുവിലിറങ്ങി അട്ടിമറി ഭരണത്തിനെതിരെ കലാപത്തിനു തയ്യാറായതും അതുകൊണ്ടാണ്.
അമേരിക്കയെയും ബൊളീവിയന്‍ വലതുപക്ഷത്തെയും സംബന്ധിച്ചിടത്തോളം ജനാധിപത്യമെന്നാല്‍ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ താത്പര്യവും ആഗ്രഹവും നടപ്പിലാക്കലല്ല, മറിച്ച് അമൂല്യങ്ങളായ പ്രകൃതി വിഭവങ്ങള്‍ ബഹുരാഷ്ട്രകുത്തക കോര്‍പ്പറേഷനുകള്‍ക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കലാണ്. അത് നിര്‍ബാധം നടക്കുമെന്നുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് നടക്കണമെന്നതോ ഭൂരിപക്ഷജനവിധിനേടിയ വ്യക്തി അധികാരമേല്‍ക്കണമെന്നതോ പ്രശ്നമേയെല്ലെന്ന് ബൊളീവിയ വീണ്ടും ലോകത്തെ ഓര്‍മിപ്പിക്കുകയാണ്. അതാണ് താത്കാലിക പ്രസിഡന്‍റായി അധികാരമേറ്റ ജിയാനെന്‍ അനെസ് പുതിയ തിരഞ്ഞെടുപ്പിന് തയ്യാറാകാതെ ഒരു വര്‍ഷത്തോളമായി അധികാരത്തില്‍ തുടര്‍ന്നത്.

ജനവികാരത്തിനെതിരായി ജിയാനെന്‍ അനസ് ഭരണമേറ്റതിനെ തുടര്‍ന്നുണ്ടായ ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് മെയ് 3ന് പുതിയ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും കോവിഡ് മഹാമാരിയുടെ മറപിടിച്ച് അത് മാറ്റി വയ്ക്കുകയാണ് ഉണ്ടായത്. ആദ്യം ജൂണ്‍ ആദ്യ ആഴ്ചയിലേക്കും പിന്നീട് സെപ്തംബര്‍ 6ലേക്കും ഏറ്റവും അവസാനം ഒക്ടോബര്‍ 18ലേക്കും തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയാണുണ്ടായത്. ഇങ്ങനെ തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകുന്നതിനെതിരായ പ്രതിഷേധപ്രക്ഷോഭത്തിനു മുന്നില്‍ ഇലക്ട്രല്‍ ട്രിബ്യൂണലിനും താത്കാലിക പ്രസിഡന്‍റിനും മുട്ടുമടക്കേണ്ടതായിവന്നുവെങ്കിലും വീണ്ടും പ്രക്ഷോഭനേതാക്കളെ തടങ്കലിലാക്കി തിരഞ്ഞെടുപ്പ് നടത്താതിരിക്കാനുള്ള നീക്കങ്ങളാണ് അവിടെ നടക്കുന്നത് എന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ജൂലൈ 28ന് ബൊളീവിയയിലെ പ്രധാന കേന്ദ്ര ട്രേഡ് യൂണിയനായ ബൊളീവിയന്‍ വര്‍ക്കേഴ്സ് സെന്‍ററിന്‍റെ ആഹ്വാന പ്രകാരം തലസ്ഥാനമായ ലാപാസിലും എല്‍ആള്‍ട്ടോ ഉള്‍പ്പെടെയുള്ള വ്യവസായ നഗരങ്ങളിലും പതിനായിരക്കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്. ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിനൊപ്പം ആദിവാസി ജനവിഭാഗങ്ങളുടെ സംഘടനകളും കൃഷിക്കാരുടെ സംഘടനകളും അണിനിരന്നതിനെതുടര്‍ന്ന് ഈ വിഭാഗങ്ങളെല്ലാംചേര്‍ന്ന് (തൊഴിലാളികള്‍,കൃഷിക്കാര്‍,ആദിവാസികള്‍) പാക്ക്ഡ് ഓഫ് യൂണിറ്റി എന്ന സമര സംഘടനയ്ക്കു രൂപം നല്കുകയും സെപ്തംബര്‍ 6നു തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടരാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് താല്‍ക്കാലിക പ്രസിഡന്‍റ് അനസ് ഉടന്‍ രാജിവയ്ക്കുക, സെപ്തംബര്‍ 6നു തന്നെ തിരഞ്ഞെടുപ്പ് നടത്തുക എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി ആഗസ്ത് ഒന്നുമുതല്‍ റോഡുകളും റെയില്‍വേയും ഉള്‍പ്പെടെ ഉപരോധിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിച്ചത്. ജനജീവിതം പൂര്‍ണമായി സ്തംഭിപ്പിച്ച പ്രക്ഷോഭത്തെത്തുടര്‍ന്ന് ആഗസ്ത് 12ന് ഇലക്ട്രല്‍ ട്രിബ്യൂണല്‍ ഒത്തുതീര്‍പ്പിന് തയ്യാറാകുകയും ഒക്ടോബര്‍ 18നു തന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഉറപ്പ് നല്‍കുന്ന കരാറില്‍ സമരസംഘടനയുമായി ഒപ്പുവച്ചതിനെ തുടര്‍ന്നാണ് പ്രക്ഷോഭം താല്‍ക്കാലികമായി പിന്‍വലിച്ചത്. 

എന്നാല്‍ ആ കരാറില്‍ നിന്ന് പിന്നോക്കം പോകാനും അഥവാ തിരഞ്ഞെടുപ്പ് നടത്തേണ്ടതായിവന്നാല്‍പ്പോലും അതിലെ ജനവിധി അട്ടിമറിക്കാനുമാണ് താല്‍ക്കാലിക പ്രസിഡന്‍റ് അനസിന്‍റെ നേതൃത്വത്തില്‍ വലതുപക്ഷം അമേരിക്കന്‍ പിന്തുണയോടെ ഇപ്പോള്‍ ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമാണ് രാജ്യദ്രോഹം, ഭീകരപ്രവര്‍ത്തനം എന്നീ കുറ്റാരോപണങ്ങള്‍ ഉന്നയിച്ച് ബൊളീവിയന്‍ വര്‍ക്കേഴ്സ് സെന്‍ററിന്‍റെ സെക്രട്ടറി ഹുവാന്‍ കാര്‍ലോസ് ഹ്വാറാച്ചി, കൊച്ചബാംബായിലെ കൃഷിക്കാരുടെയും ആദിവാസികളുടെയും നേതാക്കളായ ലിയോണാര്‍ഡോ ലോസ, ആന്‍ഡ്രോണിക്കോ റോഡ്രിഗസ് തുടങ്ങിയവര്‍ക്കെതിരെ അറസ്റ്റ് വാറന്‍റുകള്‍ പുറപ്പെടുവിച്ചത്. ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികളെ ചെറുക്കാന്‍ മൂവ്മെന്‍റ് ടുവേഴ്സ് സോഷ്യലിസത്തിന്‍റെ (ങഅട) പ്രതിനിധിയായ ബേറ്റിയാനിക്വെസ് ജനാധിപത്യ പുന: സ്ഥാപനത്തിനായി വഴിതടയല്‍ ഉള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ പിന്തുടരാന്‍ തൊഴിലാളികളും കൃഷിക്കാരും ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ക്ക് അവകാശമുണ്ടെന്ന് അംഗീകരിക്കുന്ന ഒരു ബില്ല് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് പാസാക്കിയെങ്കിലും നിയമവാഴ്ചയെ അംഗീകരിക്കാത്ത ഫാസിസ്റ്റ് ഭരണാധികാരികള്‍ അതെല്ലാം അവഗണിച്ചാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുന്നത്.

തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുള്ള അനസ് വാഴ്ചയുടെ നീക്കങ്ങള്‍ക്കിടയില്‍ രോഗ ബാധിതരെ സംരക്ഷിക്കാനോ കാര്യമായ യാതൊരു നടപടിയും സ്വീകരിക്കാത്ത ഭരണാധികാരികള്‍ തിരഞ്ഞെടുപ്പ് നടത്താതിരിക്കാന്‍ കോവിഡിനെ മറയാക്കുകയാണ്. മാര്‍ച്ച് 17ന് രാജ്യമാകെ ക്വാറന്‍റൈന്‍ പ്രഖ്യാപിച്ച് സൈനിക ഭരണം ഏര്‍പ്പെടുത്തിയ അനസ് 'ഉപവാസവും പ്രാര്‍ഥനയും'കൊണ്ട് കോവിഡ് 19നെ നേരിടാനാണ് ജനങ്ങളോട് ആഹ്വാനം ചെയ്തത്. ക്യൂബയുടെയും വെനസ്വേലയുടെയും സഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന ബൊളീവിയയിലെ ആരോഗ്യ സംവിധാനം അനസ് അധികാരത്തില്‍ വന്നതോടെ ഈ രാജ്യങ്ങളെയൊക്കെ പുറത്താക്കി ആരോഗ്യ മേഖലയൊട്ടാകെ തകര്‍ത്തിരിക്കുകയാണ്. വ്യാപകമായ ടെസ്റ്റിങ് നടത്താന്‍ പോലും അനസ് ഭരണം തയ്യാറായില്ല.

മാത്രമല്ല അശാസ്ത്രീയമായ നടപടികള്‍ക്ക് നിയമസാധുത നല്കുകയും ചെയ്തു. അതില്‍ പ്രധാനമാണ് ക്ലോറിന്‍ ഡൈയോക്സൈഡ് (ബ്ലീച്ചിങ് ഏജന്‍റ്) രോഗപ്രതിരോധത്തിന് ഉപയോഗിക്കാനുള്ള തീരുമാനം. ആരോഗ്യ വിദഗ്ധരുടെയും ആരോഗ്യ മന്ത്രാലയത്തിന്‍റെയും നിര്‍ദേശങ്ങള്‍ അവഗണിച്ച് ക്ലോറിന്‍ ഡയോക്സൈഡ്  വ്യാപകമായി ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചത്, നൂറുക്കണക്കിനാളുകള്‍ക്ക് വിഷബാധമൂലം ചികിത്സ നേടേണ്ട അവസ്ഥയുണ്ടാക്കി 

ലോക്ക്ഡൗണ്‍ നിലനിന്നിരുന്ന മെയ് ഒന്നിന് 1167പേര്‍ക്കു രോഗബാധയും 67മരണവും റിപ്പോര്‍ട്ട് ചെയ്തത് ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയ ജൂണ്‍ ഒന്നായപ്പോഴേക്കും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9982 ആയി വര്‍ധിച്ചു. ജൂലൈ ഒന്നായപ്പോള്‍ 33,219 പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും മരണസംഖ്യ 1123 ആയി വര്‍ധിക്കുകയും ചെയ്തു. സെപ്തംബര്‍ ഒന്നിലെ റിപ്പോര്‍ട്ട് പ്രകാരം ബൊളീവിയയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1.17 ലക്ഷമായും മരിച്ചവരുടെ എണ്ണം 5,027 ആയും വര്‍ധിച്ചിരിക്കുന്നു(113 ലക്ഷമാണ് ബൊളീവിയയിലെ  ജനസംഖ്യ. ഇതിന്‍റെ മൂന്നിരട്ടിയാണ് കേരളത്തിലെ ജനസംഖ്യ എന്നോര്‍ക്കണം). ഈ അവസ്ഥയിലും ലോക്ക്ഡൗണും ക്വാറന്‍ന്‍റൈനുംമൂലം ജോലി നഷ്ടപ്പെട്ടവര്‍ക്കും വരുമാനമില്ലാതായവര്‍ക്കും ഭക്ഷണസാധനങ്ങള്‍ സൗജന്യമായി നാല്‍കാനുള്ള ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കാത്തതുമൂലം ആളുകള്‍ പട്ടിണിമാറ്റാന്‍ പുറത്തിറങ്ങി ജോലിക്കുപോകാന്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയാണ്; ഇത് രോഗവ്യാപനം അതിവേഗത്തിലാകാന്‍ കാരണമായി. 

ലോക ബാങ്ക് പ്രവചനപ്രകാരം 2020ല്‍ ബൊളീവിയയുടെ സമ്പദ്ഘടന 3.4 ശതമാനം ചുരുങ്ങും. കഴിഞ്ഞ 36 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ജിഡിപി ഇടിവാണിത്. ഈ പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യത്തെ 38 ശതമാനം ആളുകള്‍ക്ക് വരുമാനമില്ലാതായി. 52 ശതമാനം പേരുടെ വരുമാനത്തില്‍ ഗണ്യമായ ഭാഗം നഷ്ട്പ്പെട്ടു. ലാറ്റിനമേരിക്കയ്ക്കും കരീബിയന്‍ പ്രദേശങ്ങള്‍ക്കുമായുള്ള സാമ്പത്തിക കമ്മീഷന്‍ കണക്കാക്കിയിരിക്കുന്നത് ഈ വര്‍ഷം അവസാനത്തോടെ 5ലക്ഷം ആളുകള്‍കൂടി കടുത്ത ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളപ്പെടുമെന്നാണ്.

ഇങ്ങനെ കൊടും ദാരിദ്ര്യത്തിലകപ്പെട്ട ജനങ്ങളെ രക്ഷിക്കുന്നതിലല്ല അനസ് ഗവണ്‍മെന്‍റ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. മറിച്ച് കാര്‍ഷിക,വ്യാവസായിക, ഖനി മേഖലകളിലെ വന്‍കുത്തകകള്‍ക്ക് കൂടുതല്‍ ലാഭമുണ്ടാക്കുന്നതിലാണ്. ഇവോ മൊറാലിസിന്‍റെ ഇടതുപക്ഷ ഭരണകാലത്ത്, കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ കെട്ടിപ്പടുത്ത ബൊളീവിയയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ തുച്ഛവിലയ്ക്ക് സ്വകാര്യ കുത്തകള്‍ക്ക് വിറ്റഴിക്കുന്നതിലാണ് തല്‍പര്യം കാണിക്കുന്നത്. രാജ്യത്ത് ലഭ്യമായ അമൂല്യമായ ലിഥിയം അവിടെത്തന്നെ ശുദ്ധീകരിക്കുന്നതിന് മൊറാലീസ് ഗവണ്‍മെന്‍റ് നടപ്പാക്കിയ സംവിധാനങ്ങള്‍ ആകെ നിര്‍ത്തലാക്കപ്പെട്ടു. ബൊളീവിയന്‍ പൊതുമേഖലാ സംരംഭങ്ങളിലെ രത്നഖനിയായി വിശേഷിപ്പിക്കപ്പെടുന്ന പ്രകൃതി വാതക കമ്പനിയും കൊച്ചബാംബായിലെ യൂറിയഅമോണിയം പ്ലാന്‍റുകളും വിറ്റഴിക്കാന്‍ നടപടി സ്വീകരിക്കുകയാണ്. 1990 കളുടെ ഒടുവില്‍ കൊച്ചബാംബായിലെ കുടിവെള്ള പദ്ധതി അന്ന് അധികാരത്തിലിരുന്ന കാര്‍ലോസ് മെസ്സയുടെ വലതുപക്ഷഗവണ്‍മെന്‍റ് ബെക്ട്ടല്‍ എന്ന ഫ്രഞ്ച് കുത്തക കമ്പനിക്ക് കൈമാറിയതിനെതിരെ നടന്ന തീക്ഷ്ണമായ പോരാട്ടമാണ് ബൊളീവിയയില്‍ വലതുപക്ഷ വാഴ്ചയുടെ പതനത്തിനു തുടക്കംകുറിച്ചത്. മൊറാലിസ് ഗവണ്‍മെന്‍റ്  തുടക്കംകുറിച്ച ട്രാംവേ സംവിധാനം ഉള്‍പ്പെടെയുള്ള പശ്ചാത്തല  വികസന പദ്ധതികളാകെ ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടനിലയിലുമാണ് 

അനസ് അധികാരത്തില്‍ വന്ന ശേഷം 90ലക്ഷം ഹെക്ടര്‍ വനമാണ് അഗ്രി ബിസിനസുകാര്‍ക്കും അനസിന്‍റെ സ്വന്തം പ്രദേശമായ ബേനി പ്രിവിശ്യയിലെ കന്നുകാലി വളര്‍ത്തല്‍ സ്ഥാപനങ്ങള്‍ക്കുമായി വിട്ടുകൊടുത്തത്. അഗ്രി ബിസിനസുകാരനും സ്വകാര്യ സേനാ തലവനും 2008ല്‍ മൊറാലീസ് ഗവണ്‍മെന്‍റിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കത്തിലെ നായകനുമായ ബ്രാങ്കോ മരിങ്കോവിച്ചിനെ വികസനആസൂത്രണ മന്ത്രാലയത്തിന്‍റെ ചുമതലക്കാരനായി ആഗസ്ത് ആദ്യം അനസ് നിയമിച്ചത് നല്‍കുന്ന സന്ദേശം, ആദിവാസികളും കൃഷിക്കാരും കൈവശം വച്ചിട്ടുള്ള ഭൂമിയാകെ വരും ദിനങ്ങളില്‍ തട്ടിയെടുക്കപ്പെടുമെന്നാണ്.

ഈ നടപടികള്‍ അതിവേഗം പൂര്‍ത്തീകരിക്കുന്നതിനാണ് അനസ് ഗവണ്‍മെന്‍റ് തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പുതന്നെ നടക്കുമോ എന്ന ആശങ്ക ശക്തമായതിനെത്തുടര്‍ന്നാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. അതിനിടയ്ക്ക് ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലൂടെ ഒക്ടോബര്‍ 18നു തന്നെ തിരഞ്ഞെടുപ്പ് നടത്തും എന്ന ഉറപ്പു നേടിയെടുത്തതിന്‍റെ പ്രാധാന്യവും അതാണ്. അഴിമതിയും അടിച്ചമര്‍ത്തലുകളുമാണ് അമേരിക്കന്‍ പിന്തുണയുള്ള അനസ് ഗവണ്‍മെന്‍റിന്‍റെ  മുഖമുദ്ര. അനസിന്‍റെ ജനപിന്തുണ, വലതുപക്ഷം ഒറ്റക്കെട്ടായി നിന്നാല്‍പ്പോലും, പരിതാപകരമായവിധം കുറവാണെന്നാണ് വിവിധ അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ അട്ടിമറിയും കൃത്രിമവും നടത്തി അധികാരം പിടിച്ചെടുക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇടതുപക്ഷ നേതാക്കള്‍ക്കെതിരെ നടക്കുന്ന പ്രതികാര നടപടികളും അതാണ് സൂചിപ്പിക്കുന്നത്. ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ പട്ടാളത്തേക്കാളുപരി സ്വകാര്യ ഗുണ്ടാസേനകളെയാണ് വലതുപക്ഷ ശക്തികള്‍ ആശ്രയിക്കുന്നത്.