കോവിഡ് 19 കേരളം ഇപ്പോഴും മാതൃക തന്നെ

കെ ആര്‍ മായ

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകതന്നെയാണ്. 2019 ഡിസംബര്‍ 31ന് ലോകത്താദ്യമായി കോവിഡ് റിപ്പോര്‍ട്ടുചെയ്യപ്പെട്ടു. അന്നുമുതല്‍ 2020 സെപ്തംബര്‍ 2വരെ, ലോകത്താകെ 2,57,76,601 പേര്‍ കോവിഡ് ബാധിതരായി. 8,57,448 മരണവും റിപ്പോര്‍ട്ടുചെയ്യപ്പെട്ടു. ഏപ്രില്‍ മാസത്തില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചശേഷം ഇന്ത്യയിലെ കോവിഡ് നിരക്ക് ശരവേഗത്തിലുയര്‍ന്നു. വിളക്കുതെളിക്കാനും പാത്രം കൊട്ടാനും പ്രധാനമന്ത്രി മോഡി ജനങ്ങളോട് ആഹ്വാനംചെയ്യുന്നതില്‍ കാണിച്ച ശുഷ്കാന്തി പക്ഷേ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ ഉണ്ടായില്ല. അതിന്‍റെ ഫലമായി വെറും നാലുമാസംപോലുമെടുത്തില്ല പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് 3-ാം സ്ഥാനത്തെത്താന്‍. ഒരു ഘട്ടത്തില്‍, (ആഗസ്ത് 29ന്) ലോകത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ രാജ്യമായി ഇന്ത്യ മാറി. അമേരിക്കയില്‍ ജൂലൈ 17ന് രേഖപ്പെടുത്തിയ 77,638 എന്ന സംഖ്യയെ മറികടന്ന്, ഇന്ത്യ 78,701 കേസുകളുമായി ഒന്നാമതെത്തി. അതായത് ഇന്ത്യ എല്ലാ ഭൂഖണ്ഡങ്ങളെയും മറികടന്നു എന്നു സാരം. 

ഓരോ ആഴ്ചയിലും പോസിറ്റീവ് കേസുകളും മരണവും ഇരട്ടയായി ഇന്ത്യയില്‍ വര്‍ധിക്കുകയാണ്. ആഗസ്ത് 24നും 30നുമിടയിലെ കണക്കില്‍ ഈ വര്‍ധന വ്യക്തമാണ്. ഇക്കാലയളവില്‍ 3.6 ലക്ഷം കേസുകളായാണ് ഇന്ത്യയിലെ രോഗ വ്യാപനത്തോത് ഉയര്‍ന്നത്. പ്രതിദിന കണക്കില്‍ ഇന്ത്യ ലോകത്ത് ഒന്നാമതെത്തിയ ദിവസം (ആഗസ്ത് 29) ലോകത്താകെ 2.57,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടു. അതിന്‍റെ 30%വും ഇന്ത്യയിലാണെന്നത്, ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്‍റെ രൂക്ഷത അതി ഭയാനകമായ നിലയെത്തിയിരിക്കുന്നു എന്നതിന്‍റെ സൂചനയാണ്. മേല്‍പറഞ്ഞ അഞ്ചുദിവസങ്ങളിലും തുടര്‍ച്ചയായി ഇന്ത്യയില്‍ റിപ്പോട്ടുചെയ്യപ്പെട്ട കോവിഡ് ബാധിതരുടെ എണ്ണം 75,000ലേറെയാണ്. ഈ അഞ്ചുദിവസത്തെ പ്രതിദിന ശരാശരി തൊട്ടുമുന്‍പത്തെ 5 ദിവസത്തേക്കോള്‍ 2.2% കൂടുതലും കഴിഞ്ഞ 33 ദിവസം മുമ്പ് ഇന്ത്യയില്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിന്‍റെ ഇരട്ടിയുമാണിത്.

സെപ്തംബര്‍ 2ന് ഇന്ത്യയില്‍ പുറത്തുവിട്ട കോവിഡ് ബാധിതരുടെ എണ്ണം പരിശോധിക്കാം.  കോവിഡ് ബാധിതരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലാണ് - മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടകം, ഉത്തര്‍പ്രദേശ് - കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് മൊത്തം  കോവിഡ് ബാധിതരുടെ 56 ശതമാനവും റിപ്പോര്‍ട്ടുചെയ്യപ്പെട്ടത്. ഈ അഞ്ച് സംസ്ഥാനങ്ങളിലും കൂടി അന്നേദിവസത്തെ മരണസംഖ്യ രാജ്യത്തെ  മൊത്തം  കോവിഡ് മരണസംഖ്യയുടെ 65.4% ആണ്. അതായത് ഇന്ത്യയില്‍ അന്ന് റിപ്പോര്‍ട്ടുചെയ്യപ്പെട്ട മരണം 819 ആയിരുന്നതില്‍ 536ഉം ഈ 5 സംസ്ഥാനങ്ങളിലാണ് ഉണ്ടായത്. ഇതെഴുതുമ്പോള്‍  കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളുടെ കണക്ക് ഇങ്ങനെയാണ് - മഹാരാഷ്ട്ര (8,08,306), ആന്ധ്രപ്രദേശ് (4,45,139), തമിഴ്നാട് (4,33,969), കര്‍ണാടകം (3,51,481) ഉത്തര്‍പ്രദേശ് (2,35,757). കഴിഞ്ഞ 2 മാസത്തിനിടയില്‍ ഡല്‍ഹിയില്‍ അല്‍പം കുറവുണ്ടായിരുന്നത് ഒറ്റദിവസംകൊണ്ട്, 1,77,000ലേക്ക്  കുതിച്ചുയര്‍ന്നു. ഒരു സര്‍വെയും നടത്താതിരിക്കുന്ന ചെന്നൈയില്‍ 21.5 ശതമാനം പേര്‍ക്കും കോവിഡ് ബാധിച്ചതായാണ് കാണുന്നത്. ഗുജറാത്തില്‍ 97,629 കേസുകളും 3034 മരണവുമുണ്ടായി. ഒരു ഘട്ടത്തില്‍ ഗുജറാത്ത്  കോവിഡ് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിടുന്നത് നിര്‍ത്തിവെച്ചിരുന്നു. 

ലോകത്ത്  കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ ഇന്ത്യയാണ് തൊട്ടടുത്ത സ്ഥാനത്തുള്ളത്. തൊട്ടുതാഴെയുള്ള റഷ്യയുമായി താരതമ്യംചെയ്താല്‍ മരണത്തിന്‍റെ കാര്യത്തില്‍  ഇന്ത്യ റഷ്യയെക്കാള്‍ മൂന്നിരട്ടിയോളം മുന്നിലാണ്  ഇന്ത്യയുടെ ഇന്നത്തെ നിലവെച്ചുനോക്കിയാല്‍ അമേരിക്കയെ പിന്നിലാക്കുന്ന സമയം വിദൂരമല്ല. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്ന കാര്യത്തില്‍ മോഡി ഗവണ്‍മെന്‍റിനൊട്ടു താല്‍പര്യവുമില്ല എന്നതാണ് ഇതുവരെയുള്ള അനുഭവം. ജനങ്ങളെ മരണത്തിലേക്കെറിഞ്ഞുകൊണ്ട് മറ്റു പല അജന്‍ഡകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. 
എന്നാല്‍ കേരളമാകട്ടെ ആദ്യ കേസ് റിപ്പോര്‍ട്ടുചെയ്യപ്പെട്ടതുമുതല്‍ ഇന്നുവരെയും  കോവിഡുമായി ബന്ധപ്പെട്ട ഓരോ കാര്യവും അവധാനതയോടെയാണ് കൈകാര്യം ചെയ്യുന്നത്. അന്നുതൊട്ട് ഇപ്പോഴും നാല് സൂചികകളില്‍ കേരളത്തെ മറികടക്കാന്‍ ഒരു സംസ്ഥാനത്തിനും ആയിട്ടില്ല. അവയിതാണ് കുറഞ്ഞ മരണനിരക്ക്, കുറഞ്ഞ രോഗ വ്യാപനം, കൂടിയ ടെസ്റ്റിങ്, രോഗമുക്തി. എന്നു മാത്രവുമല്ല പല സൂചികകളിലും ലോക നിലവാരത്തെക്കാള്‍ ഉയര്‍ന്നുനില്‍ക്കുകയുമാണ്. ഇന്ത്യയില്‍തന്നെ ആദ്യം  കോവിഡ് സ്ഥിരീകരിക്കപ്പെട്ട സംസ്ഥാനമെന്ന നിലയില്‍ നോക്കിയാല്‍ കേരളത്തിന്‍റെ ഗ്രാഫ് വളരെ പതുക്കെയാണ് ഉയര്‍ന്നത്. ഒരു ഘട്ടത്തില്‍ അത് താഴുകപോലും ഉണ്ടായി. 

ലോക്ഡൗണ്‍ നീക്കിയശേഷം, മറ്റ് രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും കഴിഞ്ഞിരുന്നവര്‍ നാട്ടിലേക്ക് മടങ്ങിവന്നതോടെയാണ് ഇവിടെ രോഗവ്യാപനം വര്‍ധിക്കാന്‍ തുടങ്ങിയത്. നീണ്ട തീരദേശവും വര്‍ധിച്ച ജനസാന്ദ്രതയും രോഗവ്യാപനത്തോതു കൂട്ടി. മറുനാടുകളില്‍ ജോലി ചെയ്യുന്നവര്‍ ഏറ്റവും കൂടുതലുള്ളതും മരണനിരക്ക് സാധ്യത കൂടുതലുള്ള ജീവിതശൈലീരോഗങ്ങള്‍ ഏറ്റവും കൂടുതലുള്ളതും ഇന്ത്യയില്‍ കേരളത്തിലാണ്. എന്നിരുന്നാലും രോഗമുക്തിയുടെ കാര്യത്തിലും ഏറ്റവും കുറഞ്ഞ മരണനിരക്കിലും കേരളമാണ് മുന്നില്‍. ഇന്ത്യയില്‍ മരണനിരക്ക് 2.67% ആയിരിക്കുമ്പോള്‍ കേരളത്തില്‍ അത് 0.39% മാത്രമാണ്. ലോക ശരാശരിയാകട്ടെ 4.38 ശതമാനവും. വന്‍കിട രാഷ്ട്രമായ അമേരിക്കയുടെപോലും മരണനിരക്ക് 1.87% ആണ്.

ഇന്ത്യയില്‍ കോവിഡ് രോഗബാധ അവരോഹണക്രമത്തില്‍ (3-09-2020) 

സംസ്ഥാനം               മൊത്തം     രോഗബാധിതര്‍   രോഗബാധിതര്‍    10 ലക്ഷം പേരില്‍    രോഗമുക്തി    മരണം
ഇന്ത്യ                           38,53,406    2,832    29,70,492    67,376
മഹാരാഷ്ട്ര               8,08,306    7,079    5,84,537    24,903
ആന്ധ്രാപ്രദേശ്         4,55,531    9,224    3,48,330    4,125
തമിഴ്നാട്                      4,33,969    6,395    3,74,172    7,418
കര്‍ണാടകം               3,51,481    5,487    2,54,626    5,837
ഉത്തര്‍പ്രദേശ്            2,35,757    1,154    1,76,677    3,542
ഡല്‍ഹി                      1,77,060    9,327    1,56,728    4,462
പശ്ചിമ ബംഗാള്‍       1,65,721    1,835    1,37,616    3,283
ബീഹാര്‍                   1,38,349    1,397    1,21,560    621
തെലങ്കാന                1,30,589    3,711    97,402    846
ഒഡീഷ                    1,13,411    2,594    84,073    522
ആസാം                    1,11,724    3,610    86,895    315
ഗുജറാത്ത്               98,888    1,577    79,929    3,046
രാജസ്ഥാന്‍               83,163    1,207    68,124    1,069
കേരളം                      78,072    2,243    55,782    305


ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളിലെല്ലാം കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും കുതിച്ചുയരുമ്പോള്‍ കേരളം ഇപ്പോഴും മാതൃകയായി നില്‍ക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും ചിട്ടയായതും ജാഗ്രതയോടെയുള്ളതുമായ പ്രവര്‍ത്തനംകൊണ്ടാണ്. ലോകത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് ചെറുപ്പക്കാരിലെ രോഗബാധ നിരക്കും മരണവും ഇന്ത്യയില്‍ കൂടുതലാണ്. എന്നാല്‍ കേരളത്തില്‍ 103 വയസുള്ളയാളെവരെ ചികിത്സിച്ചു ഭേദമാക്കുകയുണ്ടായി. ഇത് കേരളത്തിന്‍റെ മാത്രം പ്രത്യേകതയാണ്. വരും നാളുകളിലും രോഗവ്യാപന തീവ്രതയും മരണവും കൂടുമെന്നുതന്നെയാണ് ഡബ്ല്യുഎച്ച്ഒയിലുള്ളവര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വരാന്‍പോകുന്ന ദിവസങ്ങള്‍ കൂടുതല്‍ കരുതലും ജാഗ്രതയും പാലിച്ചെങ്കില്‍ മാത്രമേ സാഹചര്യം മെച്ചപ്പെടുത്താനാകൂ.