അരുംകൊലയുടെ രാഷ്ട്രീയമെന്ത്?

പി എ മുഹമ്മദ് റിയാസ്

ഈതിരുവോണനാളിലെ കേരളത്തിന്‍റെ പുലരി ചോരയില്‍ കുതിര്‍ന്നതായിരുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ രണ്ടു യുവാക്കളെയാണ് കോണ്‍ഗ്രസ് ക്രിമിനലുകള്‍ നിഷ്കരുണം അരിഞ്ഞു വീഴ്ത്തിയത്. മുപ്പതു വയസുകാരനായ മിഥിലാജ് (ഡി.വൈ.എഫ്.ഐ തേവലക്കാട് യൂണിറ്റ് ജോയിന്‍റ് സെക്രട്ടറി) ഇരുപത്തിനാല് വയസ്സുകാരനായ ഹഖ് മുഹമ്മദ് (ഡി.വൈ.എഫ്.ഐ കലിങ്കില്‍ യൂണിറ്റ് പ്രസിഡന്‍റ്) എന്നീ യുവാക്കളാണ് കോണ്‍ഗ്രസിന്‍റെ കൊലക്കത്തിക്കിരയായത്. രണ്ടാഴ്ച മുന്‍പ് കോണ്‍ഗ്രസ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയ സി.പി.ഐ.എം പ്രവര്‍ത്തകനായ സിയാദിന്‍റെ ഖബറിലെ മണ്ണ് ഉണങ്ങും മുന്‍പുതന്നെ മറ്റു രണ്ടു സഖാക്കളുടെ കൂടി ജീവനൊടുക്കിയിരിക്കുന്നു. ഏകപക്ഷീയമായ അക്രമങ്ങളിലാണ് മൂന്ന് ഇടതുപക്ഷ പ്രവര്‍ത്തകര്‍ രണ്ടാഴ്ചക്കാലം കൊണ്ട് കൊല്ലപ്പെട്ടത്. ഈ കൊലപാതകങ്ങളുടെ മറ്റൊരു പ്രത്യേകത തങ്ങളുടെ പ്രദേശങ്ങളില്‍ ഏറ്റവും ജനകീയമായി ഉയര്‍ന്നുവരുന്ന ഇടതുപക്ഷ പ്രവര്‍ത്തകരെയാണ്   കോണ്‍ഗ്രസ് ലക്ഷ്യംവെക്കുന്നത് എന്നതാണ്. സിയാദ് കോവിഡ് ബാധയെ തുടര്‍ന്ന് ക്വാറന്‍ന്‍റൈനില്‍ കഴിയുന്നവര്‍ക്ക്  ഭക്ഷണം എത്തിച്ചു നല്‍കി മടങ്ങിവരും വഴിയാണ് കൊല്ലപ്പെട്ടത്. ഹഖും മുഹമ്മദും വെഞ്ഞാറമൂട് പ്രദേശത്ത് രക്തദാനം ഉള്‍പ്പെടെയുള്ള ഡിവൈഎഫ്ഐയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നിന്നവരായിരുന്നു.

കോണ്‍ഗ്രസിന്‍റെ കൊലപാതക രാഷ്ട്രീയ പാരമ്പര്യത്തിനും പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. മൊയാരത്ത് ശങ്കരനില്‍ തുടങ്ങി ഇപ്പോള്‍ ഹഖിലും മിഥിലാജിലും എത്തിനില്‍ക്കുന്ന ആ ചോരക്കറ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ കൂടപ്പിറപ്പാണ്. കേരളത്തില്‍ തന്നെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടത്തിയ പാര്‍ടി, ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയ പാര്‍ടി, സ്വന്തം പാര്‍ടിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെ ഏറ്റവും കൂടുതല്‍ കൊന്നുതള്ളിയ പാര്‍ടി, ആദ്യമായി നിയമസഭാംഗങ്ങളേയും ജനപ്രതിനിധികളെയും കൊന്ന പാര്‍ടി, ഏറ്റവും കൂടുതല്‍ പിന്നോക്ക ജന വിഭാഗങ്ങളില്‍പ്പെട്ടവരെ കൊന്ന പാര്‍ടി തുടങ്ങി കോണ്‍ഗ്രസിന്‍റെ കൊലപാതക രാഷ്ട്രീയ ചരിത്രത്തില്‍ നേടിയെടുത്ത വിശേഷണങ്ങള്‍ എണ്ണിയാല്‍ തീരില്ല. ദേശീയതലത്തില്‍ സിഖ് കൂട്ടക്കൊലയിലും എണ്ണമറ്റ വര്‍ഗീയ കലാപങ്ങളിലുമുള്ള കോണ്‍ഗ്രസിന്‍റെ പങ്ക് വ്യക്തമാക്കുന്ന സര്‍ക്കാര്‍ കമീഷന്‍ റിപ്പോര്‍ട്ടുകള്‍ നിരവധിയുണ്ട്. അക്രമരാഷ്ട്രീയത്തിന്‍റേയും കൊലപാതക പരമ്പരകളുടേയും പര്യായപദമാണ് കോണ്‍ഗ്രസ് പാര്‍ടി.
ഹഖിന്‍റെയും മിഥിലാജിന്‍റേയും ക്രൂരമായ കൊലപാതകത്തില്‍ ഒരു പാര്‍ലമെന്‍റ് അംഗം ഉള്‍പ്പെടെയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ പങ്കിനെ കുറിച്ച് വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ഏഴോളം സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഇതില്‍ പലര്‍ക്കും മുന്‍പ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന കൊലപാതക ശ്രമങ്ങളിലടക്കം പങ്കുള്ളതായി വിവരങ്ങള്‍ വന്നു കഴിഞ്ഞു. ഈ ഇരട്ടക്കൊലപാതകം ഒറ്റപ്പെട്ട ഒരു ഗുണ്ടാ സംഘര്‍ഷമായി ചിത്രീകരിക്കാനാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ശ്രമം. എന്നാല്‍ കോണ്‍ഗ്രസ് ഇന്ന് ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും നേരിടുന്ന സമാനതകളില്ലാത്ത രാഷ്ട്രീയ പാപ്പരീകണത്തിന്‍റെ ഒരു ബഹിര്‍സ്ഫുരണം കൂടിയാണ് ഏകപക്ഷീയമായി നടത്തുന്ന ഈ കൊലപാതക പരമ്പര. അതില്‍ ഏറ്റവും പ്രധാനമായത് കേരളത്തില്‍ എല്‍ഡിഎഫ് ഗവണ്‍മെന്‍റിനു ലഭിക്കുന്ന അഭൂതപൂര്‍വമായ ജനപിന്തുണ കോണ്‍ഗ്രസിനെ വിറളി പിടിപ്പിക്കുന്നു എന്നതാണ്. നിപ്പയും പ്രളയവും കോവിഡ് മഹാമാരിയും ദശലക്ഷങ്ങളെ ദുരിതത്തിലാഴ്ത്തിയപ്പോഴും കേരളത്തിലെ ഇടതു സര്‍ക്കാര്‍ അചഞ്ചലമായി, ജനകീയമായി നേരിട്ടു. മഹാമാരികള്‍  നാടുകീഴടക്കാന്‍ എത്തിയപ്പോഴും, വികസന - ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഒരിഞ്ച് പിറകോട്ടു പോയില്ല. എന്നു മാത്രമല്ല, സൗജന്യ റേഷന്‍ കിറ്റുകള്‍ ഉള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങള്‍ക്കും വിതരണം ചെയ്തത് കേരള മോഡലിന്‍റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. ആഗോള മാധ്യമങ്ങളില്‍ കേരള സര്‍ക്കാരിനുമേല്‍ ചൊരിയുന്ന പ്രശംസകളും ദേശീയ മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് കേരളത്തിന്‍റെ പാത പിന്തുടരാന്‍ ആവശ്യപ്പെടുന്നതുമായ ഒരു ചരിത്ര സന്ദര്‍ഭം മുന്‍പുണ്ടായിട്ടില്ല. ഈ ജനകീയ അംഗീകാരങ്ങള്‍ വരാന്‍പോകുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിനനുകൂലമായി ഭവിക്കുമെന്ന തിരിച്ചറിവാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ഭ്രാന്ത് പിടിപ്പിച്ചിരിക്കുന്നത്.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് അതിന്‍റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത പ്രതിസന്ധി നേരിടുകയാണ്. എ.ഐ.സി.സിക്ക് ഒരു സ്ഥിരം അധ്യക്ഷനെ കണ്ടെത്താന്‍ പോലും ഒന്നര നൂറ്റാണ്ട് പ്രായം എടുക്കുന്ന കോണ്‍ഗ്രസിന് കഴിയുന്നില്ല. തുടര്‍ച്ചയായി രണ്ടു ദേശീയ തിരഞ്ഞെടുപ്പുകളിലും ലോകസഭയില്‍ മൂന്നക്കം തികയ്ക്കാന്‍ കോണ്‍ഗ്രസിനു കഴിയാതെ വരുന്നതും ഇതാദ്യമായാണ്. സംസ്ഥാന ഭരണം ലഭിച്ച ഇടങ്ങളില്‍ തന്നെ കോണ്‍ഗ്രസ്സിലെ ഉന്നത നേതൃത്വം തന്നെ ബിജെപിയുടെ പണക്കൊഴുപ്പില്‍ മതിമറന്ന് കൂറുമാറി ഭരണം  നഷ്ടപ്പെടുത്തിയ സ്ഥിതിവിശേഷമുണ്ട്. കര്‍ണാടകയും മധ്യപ്രദേശും ഇത്തരത്തില്‍ കോണ്‍ഗ്രസിനു നഷ്ടമായി. രാജസ്ഥാന്‍ ഭരണം ഉള്‍പ്പോരില്‍ ആടിയുലയുന്നു. തീവ്ര ഹിന്ദുത്വ അജണ്ടയെ മുന്‍ നിര്‍ത്തി നവലിബറല്‍ നയങ്ങള്‍ രാജ്യത്ത് അടിച്ചേല്‍പ്പിച്ച് ഭരണം നടത്തുന്ന ബിജെപിക്ക് ഒരു രാഷ്ട്രീയ വെല്ലുവിളി ഉയര്‍ത്താനാവാത്ത വിധം കോണ്‍ഗ്രസ് തകര്‍ന്നുപോയി.  അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിലുള്‍പ്പെടെ ബിജെപി യെക്കാള്‍ ഒരുപടി മുന്നില്‍ വര്‍ഗീയ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനാണ് കോണ്‍ഗ്രസിന്‍റെ ദേശീയ നേതാക്കള്‍ ശ്രമിച്ചത്.  ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന ഈ തകര്‍ച്ച, കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് എത്തിച്ചിട്ടുണ്ട്.

രാഷ്ട്രീയമായി ഇടതുപക്ഷത്തെ തകര്‍ക്കാന്‍ കേരളത്തില്‍ സാധ്യമാകില്ലെന്ന തിരിച്ചറിവിലാണ് പ്രകൃതിദുരന്തങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ അസ്ഥിരപ്പെടുമെന്ന് ദിവാസ്വപ്നം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരസ്യമായി പറയുന്ന സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുന്നത്. കൊട്ടിഘോഷിച്ചു കൊണ്ട് നിയമസഭയില്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം ദയനീയമായി പരാജയപ്പെട്ടു എന്നു മാത്രമല്ല, അത് പ്രതിപക്ഷത്തിനെതിരായ കുറ്റപത്രമായി പൊതുജനമധ്യത്തില്‍ മാറിത്തീരുകയും ചെയ്തു. ഈ രാഷ്ട്രീയ പരാജയം സംസ്ഥാന കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പു പോര് മുറുകാന്‍ കാരണമാവുകയും ചെയ്തു എന്നത് പരസ്പരവിരുദ്ധമായ നേതാക്കളുടെ പ്രസ്താവനകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇടതു സര്‍ക്കാരിനെ തകര്‍ക്കാന്‍ നാട്ടിലൊരു  കലാപം അഴിച്ചു വിടുകയെന്ന അവസാന നീച തന്ത്രമാണ്  നിഷ്ഠൂരമായ കൊലപാതകങ്ങളുടെ പരമ്പര സംഘടിപ്പിച്ചുകൊണ്ട് ഇപ്പോള്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.