കോവിഡ് - 19 : രോഗബാധയും മരണവും സാര്‍വദേശീയതലത്തില്‍

സി പി നാരായണന്‍

ഈവരികള്‍ എഴുതുമ്പോള്‍ ലോകത്താകെ കോവിഡ് 19 ബാധിതരുടെ എണ്ണം 2.6 കോടിയാണ്. അവരില്‍ 1.9 കോടിയോളം പേര്‍ സുഖംപ്രാപിച്ചു. ഇപ്പോള്‍ രോഗികളായി തുടരുന്നവര്‍ 70 ലക്ഷത്തില്‍പരമാണ്. 8.6 ലക്ഷത്തോളം പേരാണ് ഇതിനകം മരണമടഞ്ഞത്. രോഗബാധിതരില്‍ 3.3 ശതമാനം.  ലോകജനസംഖ്യ 730 കോടിയാണ്. ഈ മഹാമാരി മിക്കവാറും എല്ലാ രാജ്യങ്ങളിലേക്കും പടര്‍ന്നിട്ടുണ്ടെങ്കിലും, ലോകജനസംഖ്യയില്‍ 0.33 ശതമാനത്തെ മാത്രമേ അത് ബാധിച്ചിട്ടുള്ളൂ. അതിനര്‍ഥം ഈ രോഗം ഇപ്പോഴത്തേതിന്‍റെ എത്രയോ ഇരട്ടി പേരെ ബാധിക്കാനിരിക്കുന്നു എന്നാണ്. അവിടെയാണ് ലോകാരോഗ്യസംഘടന ആവര്‍ത്തിച്ചു പറയുന്ന നിതാന്ത ജാഗ്രതയുടെ പ്രസക്തി കാണാവുന്നത്. കോവിഡ് 19 വാക്സിന്‍ കമ്പോളത്തിലിറക്കാന്‍ പല ഔഷധക്കമ്പനികളും തിരക്കിട്ടു മത്സരിക്കുന്നതിന്‍റെ യുക്തി ഈ വലിയ കമ്പോളം കണ്ടിട്ടുള്ളതാണ്.

ലോകമാകെ എടുത്താല്‍ ഇപ്പോഴും അമേരിക്കയും ബ്രസീലുമാണ് രോഗികളുടെയും മരണത്തിന്‍റെയും എണ്ണത്തില്‍ മുന്‍പന്തിയിലുള്ളത്. ദിവസേന രോഗികളാകുന്നവരുടെ എണ്ണം മൂന്നു ലക്ഷത്തോടടുക്കുന്നു. പ്രതിദിനമരണം 60,000-70,000 ആയിരം റേഞ്ചിലാണ്. ഇനിയും രോഗബാധിതരല്ലാത്തവര്‍ വലിയ എണ്ണം ഉള്ളതുകൊണ്ടാണ് ലോകാരോഗ്യ സംഘടനയ്ക്കും വിവിധ രാജ്യങ്ങള്‍ക്കും രോഗം നിയന്ത്രണവിധേയമല്ലാത്തതില്‍ ഉല്‍ക്കണ്ഠ. കോവിഡ് 19നു പ്രത്യൗഷധമോ രോഗവ്യാപനം തടയുന്ന വാക്സിനോ പൊതുവില്‍ സ്വീകാര്യമായ രോഗചികിത്സാരീതിയോ ഇതുവരെ കണ്ടുപിടിക്കാത്തത് ഈ ഉല്‍ക്കണ്ഠക്കു ഊക്കു കൂട്ടുന്നു.

അമേരിക്കയും ബ്രസിലും കഴിഞ്ഞാല്‍ രോഗികളുടെ എണ്ണത്തിലും മരണത്തിലുമൊക്കെ മൂന്നാം സ്ഥാനത്ത് ഇന്ത്യ എത്തിയിരിക്കുന്നു. ജനസംഖ്യ ഇന്ത്യയില്‍ 130 കോടിയോളം വരുമെന്നാണ് മതിപ്പ്. അമേരിക്കയില്‍ അത് 33 കോടിയും ബ്രസീലില്‍ 21 കോടിയുമാണ്. ഇന്ത്യയും ചൈനയും ഒഴിച്ചാല്‍ മിക്ക രാജ്യങ്ങളും അമേരിക്കയേക്കാള്‍ ജനസംഖ്യ കുറഞ്ഞവയാണ്. അതിനാല്‍ അവിടങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുറവായിരിക്കും, ശതമാനം കൂടിയാല്‍ പോലും.

ഇന്ത്യയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഒരാഴ്ചയോളം 70,000-78,000 നിലയിലേക്കുയര്‍ന്ന അത് പിന്നീട് 70,000ല്‍ കീഴോട്ട് ഇടിഞ്ഞു. എന്നാല്‍, പല സംസ്ഥാനങ്ങളിലും രോഗബാധ വ്യാപിച്ചുകൊണ്ടിരിക്കുന്നതിനാല്‍, രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിക്കും എന്നു തന്നെയാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ വിലയിരുത്തല്‍. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, കര്‍ണാടകം, യുപി, പശ്ചിമബംഗാള്‍, ബീഹാര്‍ മുതലായ സംസ്ഥാനങ്ങളില്‍ മിക്കതിലും കോവിഡ് 19 ഗ്രാമങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. അതിനാല്‍ രോഗം പെട്ടെന്നൊന്നും ഇന്ത്യയെ വിടാന്‍ പോകുന്നില്ല. അവിടങ്ങളില്‍ ചികിത്സയ്ക്കോ, രോഗപ്രതിരോധത്തിനോ, വ്യാപനം തടയുന്നതിനോ സര്‍ക്കാര്‍ സംവിധാനം ഗ്രാമതലത്തില്‍ ഇല്ല. മിക്ക സംസ്ഥാനങ്ങളിലും ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളാണ് മുഖ്യ ആശ്രയം. രോഗപ്രതിരോധത്തിനു എന്‍എച്ച്എം ആയി ബന്ധപ്പെട്ട ചില സംവിധാനങ്ങള്‍ മാത്രമാണുള്ളത്.

ഈ സ്ഥിതിയാണ് ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ചെന്നൈ, ബാംഗ്ലൂര്‍, കല്‍ക്കട്ട മുതലായ നഗരപ്രദേശങ്ങളില്‍പോലും കോവിഡ് മഹാമാരിയുടെ വ്യാപനം തടയാന്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തടസ്സമായി നിന്നത്. കേരളത്തില്‍ ഉള്ളതുപോലെ നഗരങ്ങളിലും ഗ്രാമങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളുടെ വലക്കണ്ണിയില്ല. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ മുതലായവരുടെ സാന്നിധ്യമാണ്, അവരുമായി ഉറ്റബന്ധം നിലനിര്‍ത്തുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും അവയുമായി ബന്ധപ്പെട്ട സന്നദ്ധ പ്രവര്‍ത്തകരുടെയും വിപുലമായ ശൃംഖലകളാണ് കേരളത്തില്‍ രോഗബാധിതരെ ആശുപത്രിയിലോ വീടുകളിലോ മറ്റുള്ളവരുമായി ബന്ധംവെക്കാതെ ചികിത്സയ്ക്കു വിധേയരാക്കുന്നത്; രോഗവാഹകരാകാന്‍ സാധ്യതയുള്ളവരെ കണ്ടെത്തി ക്വാറന്‍റൈനില്‍ പാര്‍പ്പിച്ച് രോഗവ്യാപനം തടയുന്നത്. ഈ സംവിധാനമൊന്നും മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്തതിനാല്‍ കോവിഡ് 19 അവിടങ്ങളില്‍ സമൂഹവ്യാപനത്തിനുവിധേയമായി പടര്‍ന്നുപിടിക്കുകയാണ്.

ഇത് ഇനിയും വ്യാപിച്ച് ദിവസേനയുള്ള രോഗികളുടെ എണ്ണം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലേറെയായി ഉയര്‍ന്നേക്കാം. രോഗവ്യാപനവും മരണവും വര്‍ധിച്ച് അവ രണ്ടിലും ഇന്ത്യ ലോകത്തില്‍ ഒന്നാം സ്ഥാനത്ത് ഏതാനും മാസം കഴിയുമ്പോള്‍ ചെന്നെത്തിയാലും അല്‍ഭുതപ്പെടാനില്ല എന്നാണ് സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന ആരോഗ്യ - സാമൂഹ്യ - സാമ്പത്തിക വിദഗ്ധരുടെ പൊതുനിഗമനം. പക്ഷേ, ഇതേവരെ അമേരിക്കയിലും ബ്രസീലിലുമൊക്കെ മരണം 3 ശതമാനമായിരിക്കെ ഇന്ത്യയില്‍ 2 ശതമാനം മാത്രമാണ്. ഈ തോത് നിലനിര്‍ത്താന്‍ കഴിയുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

ലോകത്ത് കോവിഡ് 19നെ നേരിടുന്നതിലും കൈകാര്യം ചെയ്യുന്നതിലും രാജ്യങ്ങള്‍ക്കിടയില്‍ രണ്ടു സമീപനങ്ങളുണ്ട്. ഒന്ന്, അമേരിക്ക, പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍, ബ്രസീല്‍ മുതലായ സാമ്രാജ്യത്വ - സാമ്രാജ്യത്വാശ്രിത രാജ്യങ്ങളിലെ അനുഭവം. ജനങ്ങളെ മഹാമാരിയില്‍നിന്നു രക്ഷിക്കുന്നതിന് ഈ രാജ്യങ്ങളിലെ ട്രംപ് - ബൊള്‍സനാരൊ സര്‍ക്കാരുകള്‍ ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചില്ല. മുതലാളിമാരുടെ ലാഭവര്‍ദ്ധനയ്ക്കാണ്, താല്‍പര്യസംരക്ഷണത്തിനാണ് അവിടങ്ങളില്‍ അധികാരികള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. അതേ മാതൃകയാണ് ഇന്ത്യയില്‍ മോഡി സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ ട്രംപ് ജനങ്ങള്‍ക്ക് നല്‍കിയ ആശ്വാസ സേവനങ്ങള്‍ പോലും മോഡി ഇവിടെ കൈക്കൊണ്ടില്ല.

മറ്റൊരു മാതൃക സോഷ്യലിസ്റ്റ് - ഇടതുപക്ഷ രാജ്യങ്ങളുടേതാണ്. ചൈനയിലാണല്ലോ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടത്. പക്ഷേ, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വുഹാനെയും ചുറ്റുമുള്ള പ്രദേശങ്ങളെയും അടച്ചുപൂട്ടി അവിടത്തെ ജനങ്ങളെ രോഗവിമുക്തരാക്കി. വിയത്നാം, ലാവോസ്, വടക്കന്‍ കൊറിയ, ക്യൂബ മുതലായ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കും ഇടതുപക്ഷ സ്വഭാവമുള്ള സ്വീഡന്‍, നോര്‍വെ മുതലായ രാജ്യങ്ങള്‍ക്കും അമേരിക്കയുടെയും പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളുടെയും അനുഭവത്തില്‍നിന്ന് വ്യത്യസ്തമായ ഒരു മാതൃക നടപ്പാക്കി കാണിക്കാന്‍ കഴിഞ്ഞു. അത് രോഗബാധ ഉണ്ടായി മാസങ്ങള്‍ കഴിഞ്ഞും തുടരുന്നു. 
ഇന്ത്യയില്‍ ആഗസ്ത് അവസാനവാരത്തില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം 79,461 വരെ എത്തി. അത് ആഗസ്ത് 30നു ആയിരുന്നു. ആ ആഴ്ച ദിവസേന 70,000ല്‍ ഏറെയായിരുന്നു രോഗബാധിതര്‍. എന്നാല്‍, അതിനുശേഷം പ്രതിദിന രോഗബാധിതരുടെ എണ്ണം 70,000ല്‍ കുറവായി. സെപ്തംബര്‍ 1നു വീണ്ടും 72,574 ആയി ഉയര്‍ന്നു. ആഗസ്ത് മാസത്തില്‍ രോഗബാധിതരുടെ എണ്ണം 19.91 ലക്ഷം കണ്ട് വര്‍ധിച്ചതുമൂലം ഇപ്പോള്‍ അത് 37 ലക്ഷമായി ഉയര്‍ന്നിരിക്കുന്നു.  അതിന്‍റെ അര്‍ഥം ആദ്യത്തെ ഏഴു മാസത്തില്‍ ഉണ്ടായ ആകെ കോവിഡ് രോഗികള്‍ 16.97 ലക്ഷം മാത്രമായിരുന്നു എന്നാണ്. ജൂലൈ അവസാനം 36,554 ആയിരുന്ന പ്രതിദിന രോഗികള്‍ ആണ് ഒരു മാസം കഴിയുമ്പോള്‍ 79,441 ആയി വര്‍ധിച്ചത്. ഇരട്ടിയിലേറെ ആയാണ് വര്‍ധന. ഈ തോതില്‍ വര്‍ധന ഉണ്ടായാല്‍ 2020 അവസാനം ഇന്ത്യയില്‍ ഒരു കോടിയിലേറെ രോഗികള്‍ ഉണ്ടാകാം.
അങ്ങനെ വന്നാല്‍ ഇന്ത്യയിലാകും കോവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍. അമേരിക്കയും ബ്രസീലുമായിരുന്നു ഇതുവരെ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ബ്രസീലില്‍ ഇന്ത്യയില്‍ ഉള്ളതിനേക്കാള്‍ ഏതാണ്ട് 1.8 ലക്ഷം രോഗികളാണ് കൂടുതലായുള്ളത്. ഇപ്പോഴത്തെ നിരക്കില്‍ ഇവിടെ വര്‍ധന തുടര്‍ന്നാല്‍ ഈ വരികള്‍ അച്ചടിച്ചു വരുമ്പോഴേക്ക് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ബ്രസീലിനു മുമ്പില്‍ കയറിയിരിക്കും. എന്നാല്‍, മരണങ്ങളുടെ കാര്യത്തില്‍ ബ്രസീലില്‍ ഇന്ത്യയില്‍ ഉണ്ടായതിനേക്കാള്‍- 56000ല്‍പരം കൂടുതല്‍ - ഉണ്ടായിട്ടുണ്ട്. ആഗസ്തിലെ മരണനിരക്ക് മുന്‍മാസങ്ങളെ അപേക്ഷിച്ച് ഏറെ കൂടുതലാണ്. ഇപ്പോഴത്തെ പ്രതിദിനനിരക്ക് ആയിരത്തില്‍ അധികമാണ്. സെപ്തംബര്‍ ഒന്നിന് 1016. ആ നിരക്കില്‍ മരണം ഉണ്ടായാല്‍ ഏതാനും മാസം കഴിയുമ്പോള്‍ ഇന്ത്യ ബ്രസീലിനെ മരണത്തിലും പിന്തള്ളിയേക്കാം. എന്നാല്‍, അമേരിക്കയില്‍ 62 ലക്ഷം രോഗികളും 1.88 ലക്ഷം മരണങ്ങളും ഉള്ളതിനാല്‍ ഇന്ത്യ അമേരിക്കയോട് ഒപ്പമെത്താനോ അതിനെ പിന്തള്ളാനോ കൂടുതല്‍ മാസങ്ങള്‍ കഴിയേണ്ടിവരും.

രോഗവ്യാപനം തടയുക പ്രയാസമാണ് എന്നു പൊതുജനാരോഗ്യ സംരക്ഷണത്തില്‍ താല്‍പര്യമുള്ള ഡോക്ടര്‍മാരുടെയും മറ്റും ഇന്ത്യന്‍ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. അവര്‍ നിര്‍ദ്ദേശിക്കുന്നത് മരണം തടയുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ്. മാര്‍ച്ച് 26 മുതല്‍ രണ്ടു മാസത്തിലധികം കേന്ദ്ര സര്‍ക്കാര്‍ എല്ലാ സ്ഥാപനങ്ങളും ഗതാഗതവും മറ്റും മരവിപ്പിച്ചു. അതോടൊപ്പം ജനങ്ങള്‍ക്ക് പട്ടിണി തടയാന്‍ തക്ക നടപടികള്‍ കൈക്കൊള്ളുന്നതില്‍ മോഡി സര്‍ക്കാര്‍ അമ്പെ പരാജയപ്പെട്ടു. അടച്ചിടല്‍ തുടങ്ങുന്ന വേളയില്‍ അന്യസംസ്ഥാന തൊഴിലാളികളെയും മറ്റും അവരവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചയക്കുകയും അവര്‍ക്ക് സൗജന്യ റേഷനും തൊഴിലുറപ്പു പദ്ധതിയില്‍ വേലയും കൂലിയും നല്‍കുകയും ചെയ്തിരുന്നെങ്കില്‍, മാസങ്ങള്‍ കഴിഞ്ഞ് അവര്‍ രോഗ കേന്ദ്രങ്ങളായിരുന്ന ഡല്‍ഹി, മുംബൈ, ബംഗ്ലൂരു, ഹൈദരാബാദ്, ചെന്നൈ മുതലായ പട്ടണങ്ങളില്‍നിന്ന് തിരിച്ചുപോകുന്നത് ഒഴിവാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വ്യാപനം വലിയ തോതില്‍ തടയാന്‍ കഴിയുമായിരുന്നു.
ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, പൂണെ, ബംഗ്ലൂരു മുതലായ വന്‍നഗരങ്ങളിലാണ് ഏറ്റവുമധികം രോഗബാധ ഉണ്ടായത് എന്നാണ്. അവിടങ്ങളില്‍പോലും രോഗവ്യാപനം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരുകള്‍ക്കോ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാനായില്ല. കോവിഡിനെതിരെ തേങ്ങ ഉടച്ചാല്‍, കൈകൊട്ടിയാല്‍, മുദ്രാവാക്യമോ നാമമോ ഉറക്കെ വിളിച്ചാല്‍ രോഗം താനെ അപ്രത്യക്ഷമാകും എന്ന തരത്തിലുള്ള അന്ധവിശ്വാസമാണ് ഭരണാധികാരികളെ നയിക്കുന്നത്; അതാണ് അവര്‍ പ്രചരിപ്പിക്കുന്നത്.

ഇപ്പോഴും കോവിഡ് 19 വ്യാപനം ഗുരുതരമായത് മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടകം, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ്. ഇവയിലെല്ലാം കൂടി ആകെ 29 സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന രോഗബാധിതരുടെ 64.47 ശതമാനമാണ് ഉണ്ടാകുന്നത്. അടുത്തകാലത്താണ് ഉത്തര്‍പ്രദേശ് ഇക്കൂട്ടത്തില്‍ എത്തിയത്. മുമ്പ് വലിയ തോതില്‍ രോഗബാധയും മരണവും സംഭവിച്ചിരുന്ന ഗുജറാത്ത് മറ്റ് ചിലവ മുന്നോട്ട് അടിച്ചുകയറിയപ്പോള്‍ പിന്നോക്കം പോയി.  ഉത്തര്‍പ്രദേശ് ഒഴിച്ചാല്‍ ഇവിടെ പറഞ്ഞിരിക്കുന്ന നാലു സംസ്ഥാനങ്ങളും ഇന്ത്യയിലെ താരതമ്യേന കൂടുതല്‍ സമ്പന്നമായ സംസ്ഥാനങ്ങളാണ്. എന്നാല്‍, സാര്‍വത്രികമായ ആരോഗ്യരക്ഷാ സംവിധാനം കെട്ടിപ്പടുക്കാത്തതുമൂലം കോവിഡ് 19 പോലെയുള്ള മഹാമാരി ബാധിച്ചപ്പോള്‍ അവയുടെ സാമ്പത്തികാടിത്തറ ആകെ താറുമാറായി. താരതമ്യേന കൂടുതലാണ് അവിടങ്ങളിലെ മരണനിരക്ക്. കാരണം ജനങ്ങള്‍ക്ക് അവശ്യം നല്‍കേണ്ട ആരോഗ്യരക്ഷയ്ക്കുള്ള രോഗപ്രതിരോധ സംവിധാനമോ രോഗശുശ്രൂഷയ്ക്കുള്ള ആശുപത്രി സംവിധാനങ്ങളോ അവിടങ്ങളില്‍ വേണ്ടത്ര ഇല്ല എന്നതുതന്നെ. പല വന്‍നഗരങ്ങളിലും കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനു പതിനായിരക്കണക്കിനോ ലക്ഷക്കണക്കിനോ രൂപയാണ് അവിടങ്ങളിലെ സ്വകാര്യ ആശുപത്രികള്‍ ആവശ്യപ്പെടുന്നത്. ബദലായി സര്‍ക്കാര്‍ ആശുപത്രികള്‍ വിരളമായതുകൊണ്ട് രോഗികള്‍ ഈ സാമ്പത്തിക ബാധ്യത വഹിക്കാന്‍ നിര്‍ബന്ധിതരാണ്. പാവപ്പെട്ടവര്‍ ചികിത്സ കിട്ടാതെ മരിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ കോവിഡ് ബാധ കൈകാര്യം ചെയ്യുന്ന രീതിയും അതുവഴി കൈവരിച്ച നേട്ടവും ശ്രദ്ധേയമാകുന്നത്. കേരളത്തിലും ആഗസ്തില്‍ രോഗവ്യാപനം കുത്തനെ വര്‍ദ്ധിച്ചു. ജൂണ്‍ മദ്ധ്യത്തോടെയായിരുന്നു കേരളത്തില്‍ പ്രതിദിനരോഗികളുടെ എണ്ണം 500 കവിയുന്നത്. ജൂലൈ 22നാണ് അത് 1000 കവിയുന്നത്. ആഗസ്ത് 22ന് അത് 2000 കടന്നു. ഇങ്ങനെ വര്‍ധിക്കുന്നത് ചില പ്രദേശങ്ങളില്‍ സമൂഹവ്യാപനം ഉണ്ടായതിന്‍റെ ഫലമായാണ്. കേരളത്തിന്‍റെ പല ഇരട്ടി കോവിഡ് രോഗികള്‍ ഉള്ള സംസ്ഥാനങ്ങള്‍ പോലും സമൂഹവ്യാപനം ഉണ്ടായി എന്ന് ഔദ്യോഗികമായി സമ്മതിക്കാതിരുന്ന വേളയിലാണ് കേരളം അത് തുറന്നു സമ്മതിക്കുന്നത്.

ആ വസ്തുത അംഗീകരിച്ചുകൊണ്ടുതന്നെ രോഗവ്യാപനം തടയാനും മരണസംഖ്യ കുറയ്ക്കാനും സംസ്ഥാന സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും ഒറ്റക്കെട്ടായി പരിശ്രമിക്കുന്ന ചിത്രമാണ് കാണാവുന്നത്. പ്രതിപക്ഷ പാര്‍ടികള്‍ സര്‍ക്കാരുമായി സഹകരിക്കുന്നതിനേക്കാള്‍ കൂടുതല്‍ അതിനെ വിമര്‍ശിക്കാനും വികലമായി ചിത്രീകരിക്കാനുമാണ് മുതിരുന്നത്.

രോഗപ്രതിരോധത്തിന്‍റെയും രോഗികളുടെ ശുശ്രൂഷയുടെയും ചെലവ്, അപൂര്‍വം പേരെ ഒഴിച്ചാല്‍, സര്‍ക്കാര്‍ തന്നെയാണ് വഹിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ഇതല്ല സ്ഥിതി. രോഗി അല്ലെങ്കില്‍ കുടുംബം ആ ബാധ്യത പേറാന്‍ നിര്‍ബന്ധിതരാണ്. എന്നാല്‍, വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും വരുന്നവര്‍ ഉള്‍പ്പെടെയുള്ളവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കുന്നു. 

രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് പുതിയ കോവിഡ് ചികിത്സാ ആശുപത്രികള്‍ താല്‍ക്കാലികമായി പഞ്ചായത്തുകളിലും ചില നഗരങ്ങളിലും ആരംഭിക്കുന്നു. അവയിലേക്ക് വേണ്ട ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ നിയമിക്കുന്നു. അവിടങ്ങളില്‍ ആവശ്യമായ വിവിധ സൗകര്യങ്ങളും ഉപകരണങ്ങളും ഔഷധങ്ങളും ഏര്‍പ്പെടുത്തുന്നു. ഇതിനു സഹായകമായ രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സഹായമൊന്നും നല്‍കാതിരിക്കുമ്പോഴാണ് ഇങ്ങനെ ചെയ്യുന്നത്. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ബാധ്യസ്ഥമായ ജിഎസ്ടി തുടങ്ങിയ നികുതിവിഹിതങ്ങളും മറ്റും യഥാകാലം കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യാതിരിക്കുകയും ചെയ്യുന്നു.

രോഗികള്‍, അവരുടെ ബന്ധുക്കള്‍, ഓരോ തദ്ദേശഭരണ സ്ഥാപനത്തിലെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെട്ട വലിയൊരു ജനശൃംഖല ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരുമായി പരസ്പര ധാരണയോടെ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന്‍റെ ഫലമായാണ് കേരളത്തിനു കോവിഡ് 19ന്‍റെ വ്യാപനവും അതുമൂലമുള്ള മരണവും തടയുന്നതില്‍ ഇതുവരെ ഉണ്ടായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്.

തങ്ങളെ എല്ലാ തരത്തിലും സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാകുമെന്ന ഉറപ്പ് രോഗികള്‍ ഉള്‍പ്പെടെയുള്ള ജനത്തിനുണ്ട്. അക്കാര്യത്തില്‍ ചെയ്യാവുന്നതെന്തും സര്‍ക്കാര്‍ ചെയ്യുമെന്ന ബോധ്യവുമുണ്ട്. ജനങ്ങള്‍ തങ്ങളുടെ നടപടികളുമായി സഹകരിക്കുമെന്നും എല്ലാ പിന്തുണയും നല്‍കുമെന്നും ഉള്ള വിശ്വാസം സര്‍ക്കാരിനുമുണ്ട്. ജനാധിപത്യത്തിന്‍റെ ഒരു തരത്തിലുള്ള പരമകാഷ്ഠയാണ്, ഇത്തരം അഗ്നിപരീക്ഷകള്‍ക്കുമുമ്പില്‍ ഭരണാധികാരി - ഭരണീയ വ്യത്യാസമില്ലാതെ എല്ലാവരും ഒരേ ലക്ഷ്യത്തോടെയും പ്രതിബദ്ധതയോടെയും പ്രവര്‍ത്തിക്കുന്നത്.