ജിഎസ്ടി നഷ്ടപരിഹാര നിഷേധം കേരളത്തെ ബാധിക്കുന്നതെങ്ങനെ?

ഡോ. ടി എം തോമസ് ഐസക്

ലോകത്ത് ഏറ്റവും രൂക്ഷമായ കോവിഡ് രോഗവ്യാപനം നടക്കുന്ന രാജ്യം ഇന്ത്യയാണ്. ഏറ്റവും രൂക്ഷമായ സാമ്പത്തികത്തകര്‍ച്ചയെ അഭിമുഖീകരിക്കുന്നതും ഇന്ത്യ തന്നെയാണ്. ഏപ്രില്‍  - ജൂണ്‍ ആദ്യപാദത്തില്‍ ലോകരാജ്യങ്ങളുടെ ശരാശരി എടുത്താല്‍ വരുമാന വളര്‍ച്ചയില്‍ 12 ശതമാനമാണ് ഇടിവ്. എന്നാല്‍ ഇന്ത്യയില്‍ ദേശീയവരുമാനം 24 ശതമാനം കുറഞ്ഞു. എന്തുകൊണ്ട്?

രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന ചരക്കുകളും സേവനങ്ങളും വാങ്ങാന്‍ ആളില്ലാതെ വരുമ്പോഴാണ് ഉല്‍പ്പാദന മുരടിപ്പ് ഉണ്ടാകുന്നത്. അടിസ്ഥാനപരമായി മൂന്നു വിഭാഗമാണ് വാങ്ങുന്നത്. ഒന്ന്, ഉപഭോക്താക്കളുടെ ജീവിതാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ഉപഭോഗ ഡിമാന്‍റ്. മൊത്തം ഡിമാന്‍റിന്‍റെ 60 ശതമാനം വരും ഇത്. രണ്ട്, വ്യവസായികളുടെയും മറ്റും ഫാക്ടറികള്‍, പശ്ചാത്തല നിര്‍മ്മാണം തുടങ്ങിയവയ്ക്കുള്ള നിക്ഷേപ ഡിമാന്‍റ്. മൊത്തം ഡിമാന്‍റിന്‍റെ 25-30 ശതമാനം വരും ഇത്. മൂന്ന്, കയറ്റുമതി. മൊത്തം ഡിമാന്‍റിന്‍റെ 10-15 ശതമാനം വരും ഇത്.

കയറ്റുമതി പകുതിയായി കുറഞ്ഞു. നിക്ഷേപ ഡിമാന്‍റില്‍ 47 ശതമാനം കുറവുണ്ടായി. ഉണ്ടാക്കുന്ന സാധനങ്ങള്‍ വിറ്റുപോകുന്നില്ലെങ്കില്‍ പിന്നെ നിക്ഷേപം ആര് നടത്താന്‍? അപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ടത് ഉപഭോഗ ഡിമാന്‍റാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനമാണ് ഉപഭോഗം ഇടിഞ്ഞത്. ഇതാണ് ഉല്‍പ്പാദന തകര്‍ച്ചയുടെ അടിസ്ഥാന കാരണം.
ഇതിനു പ്രതിവിധി എന്ത്? ഇന്ത്യയിലെ സര്‍ക്കാരുകള്‍ ചെലവ് വര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ കയ്യില്‍ പണം എത്തിക്കണം. ഇക്കാര്യത്തില്‍ ലോകത്ത് ഏറ്റവും പിന്നിലാണ് ഇന്ത്യ. ഫലം റെക്കോര്‍ഡ് സാമ്പത്തിക തകര്‍ച്ച. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജി.എസ്.ടി നഷ്ടപരിഹാരമായി 2.3 ലക്ഷം കോടി രൂപ നല്‍കേണ്ട സ്ഥാനത്ത് 1 ലക്ഷം കോടി രൂപയേ നല്‍കാന്‍ കഴിയൂ എന്നാണ്. എന്നുവച്ചാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ ചെലവ് വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതരാവും. മാന്ദ്യം കൂടുതല്‍ രൂക്ഷമാകും. വിനാശകാലേ വിപരീത ബുദ്ധി.

എന്താണ് ജിഎസ്ടി നഷ്ടപരിഹാരം?

മൂന്നു വര്‍ഷം മുമ്പ് നടപ്പാക്കിയ അഖിലേന്ത്യാടിസ്ഥാനത്തിലുള്ള പുതിയ നികുതി സമ്പ്രദായമാണ് ചരക്കുസേവന നികുതി. അതിനു മുമ്പ് എല്ലാ സംസ്ഥാനങ്ങളിലും നിലവിലുണ്ടായിരുന്നത് വാറ്റ് നികുതിയാണെങ്കിലും അതു നടപ്പാക്കുന്നതിന് ഒട്ടേറെ സ്വാതന്ത്ര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായിരുന്നു. വാറ്റിനു പുറമെ ആഡംബര നികുതി, പ്രത്യേക സെസുകള്‍, ചരക്കു പ്രവേശന നികുതി, തുടങ്ങി ഒട്ടേറെ മറ്റു പരോക്ഷ നികുതികളും സംസ്ഥാനങ്ങളിലുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ നികുതികള്‍ വില്‍പനവേളയിലാണ് ചുമത്തപ്പെടുന്നതെങ്കില്‍ ഉല്‍പാദന സ്ഥലത്ത് ചുമത്തുന്ന നികുതിയാണ് എക്സൈസ് നികുതി. മദ്യത്തിനൊഴിച്ച് ബാക്കിയെല്ലാം കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണത്തിലായിരുന്നു. സേവന നികുതിയും കേന്ദ്രത്തിന്‍റേതായിരുന്നു. ഈ പരോക്ഷ നികുതികളെല്ലാം സംയോജിപ്പിച്ച് ഒരു ഏകീകൃത നികുതി സമ്പ്രദായം ഇന്ത്യയിലാകെ കൊണ്ടുവരുന്നതിനാണ് ജിഎസ്ടിയിലൂടെ ശ്രമിച്ചത്. 

ഇതിന് പലനേട്ടങ്ങളുമുണ്ടെന്നാണ് ഉയര്‍ത്തിയിരുന്ന വാദം. എല്ലായിടത്തും ഒരേതരം നികുതിയാകുമ്പോള്‍ സാമ്പത്തിക വിനിമയം എളുപ്പമാകും. നികുതിയിന്മേല്‍ നികുതി ചുമത്തുന്ന സമ്പ്രദായം സംസ്ഥാനത്തിനുള്ളിലുള്ള വ്യാപാരത്തിനും വാറ്റ് വന്നപ്പോള്‍ ഇല്ലാതായി. ഇത് ജിഎസ്ടി വരുമ്പോള്‍ അന്തര്‍സംസ്ഥാന വ്യാപാരത്തിനുമേലും നികുതിയുടെ മേല്‍ നികുതി ചുമത്തുന്ന സമ്പ്രദായം ഇല്ലാതാകും. ഇത് നികുതിഭാരം കുറയ്ക്കും. ഉദാഹരണത്തിന് മറ്റു സംസ്ഥാനത്തു നിന്ന് ഒരു ഹോള്‍സെയില്‍ വ്യാപാരി ചരക്കുകള്‍ വാങ്ങി നമ്മുടെ സംസ്ഥാനത്ത് വില്‍ക്കുമ്പോള്‍ വാങ്ങുന്ന ആളില്‍നിന്ന് നികുതി ഈടാക്കും. പക്ഷേ, ഈ നികുതി മുഴുവന്‍ സംസ്ഥാന സര്‍ക്കാരിനു കൊടുക്കേണ്ട. ആ ചരക്കുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയപ്പോള്‍ കൊടുത്ത നികുതി കിഴിച്ച് ശിഷ്ടം മാത്രം അടച്ചാല്‍ മതിയാകും. വാറ്റ് സമ്പ്രദായത്തില്‍ ഇങ്ങനെയൊരു ഇളവ് ലഭിച്ചിരുന്നില്ല. പക്ഷേ, ഈ നികുതിയിളവ് ലഭിക്കണമെങ്കില്‍ വാങ്ങിയതിന്‍റെ ബില്ലു ഹാജരാക്കണം. അങ്ങനെയെല്ലാവരും ബില്ലെഴുതുമ്പോള്‍ നികുതി വരുമാനവും കൂടും. ഇങ്ങനെയൊന്നും യഥാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ നടക്കുന്നില്ല എന്നതാണ് വസ്തുത. അത്രയ്ക്ക് പരിതാപകരമാണ് ജിഎസ്ടി നടത്തിപ്പിന്‍റെ സ്ഥിതി. ഐടി സംവിധാനം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. 

എന്നാല്‍ ഈ പുതിയ നികുതി സമ്പ്രദായത്തിന്‍റെ ഏറ്റവും വലിയ ദോഷം നികുതി പിരിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം നഷ്ടപ്പെടുന്നു എന്നുള്ളതാണ്. പെട്രോളും കൂടി ചേര്‍ത്താല്‍ സംസ്ഥാനങ്ങളുടെ നികുതി അധികാരത്തിന്‍റെ 70 ശതമാനവും ജിഎസ്ടിയില്‍ പോകും. കേന്ദ്രനികുതി അധികാരത്തിന്‍റെ 30 ശതമാനമേ ജിഎസ്ടിയില്‍ ലയിക്കുന്നുള്ളൂ. അതുകൊണ്ട് ജിഎസ്ടിയില്‍ ചേരാന്‍ പല സംസ്ഥാനങ്ങളും വിമുഖരായിരുന്നു. ഒരു അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ തന്നെ ഉറപ്പു പറഞ്ഞതാണ്, ജിഎസ്ടി വന്നാല്‍ നികുതി വരുമാനം 14 ശതമാനം വെച്ചെങ്കിലും വര്‍ദ്ധിക്കും. ആ സമയത്ത് വാറ്റു നികുതിവരുമാനത്തിന്‍റെ വര്‍ദ്ധന 10 ശതമാനം മാത്രമായിരുന്നു. ജിഎസ്ടി നികുതി 14 ശതമാനം വെച്ച് വര്‍ദ്ധിച്ചില്ലെങ്കില്‍ കുറവു വരുന്ന നികുതി വരുമാനം നഷ്ടപരിഹാരമായി നല്‍കാം എന്ന ഒത്തുതീര്‍പ്പ് അങ്ങനെയാണ് ഉരുത്തിരിഞ്ഞത്. 

ഈ വ്യവസ്ഥ ഭരണഘടനയില്‍ത്തന്നെ എഴുതിച്ചേര്‍ക്കണമെന്ന് സംസ്ഥാനങ്ങള്‍ ശഠിച്ചു. അങ്ങനെ ഭരണഘടനയില്‍ ഇത് വ്യവസ്ഥ ചെയ്യപ്പെട്ടു. ഇതിനു പുറമെ പാര്‍ലമെന്‍റില്‍ നഷ്ടപരിഹാരത്തുക കണക്കുകൂട്ടുന്നതിനെക്കുറിച്ചും പണം സമാഹരിക്കുന്നതിനെക്കുറിച്ചും പ്രത്യേക നിയമം പാസാക്കി. പണസമാഹരണത്തിന് പ്രത്യേക സെസ് ജിഎസ്ടിയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടു. ഈ ഫണ്ടിനെ കോമ്പന്‍സേഷന്‍ സെസ് ഫണ്ട് എന്നും വിളിച്ചു. 

നഷ്ടപരിഹാരം നല്‍കാനുള്ള പണം സെസ് ഫണ്ടില്‍ ഇല്ലെങ്കില്‍ എന്തു ചെയ്യും? ഈ ചോദ്യവും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ഒന്നിലേറെ പ്രാവശ്യം ഇതിനുള്ള പ്രതിവിധി കേന്ദ്രധനമന്ത്രിയും കേന്ദ്ര റവന്യൂ സെക്രട്ടറിയും ഉറപ്പു നല്‍കി. അത്തരം സന്ദര്‍ഭമുണ്ടായാല്‍ വായ്പയെടുത്ത് നഷ്ടപരിഹാരം നല്‍കും. ആവശ്യമെങ്കില്‍ അഞ്ചു വര്‍ഷം കഴിഞ്ഞും ഇങ്ങനെ വായ്പയെടുത്ത പണം തിരിച്ചടയ്ക്കുന്നതിനുവേണ്ടി സെസ് പിരിവ് ദീര്‍ഘിപ്പിച്ചാല്‍ മാത്രം മതി. 

എന്താണ് ഇപ്പോള്‍ 
കേന്ദ്ര നിലപാട്?


നോട്ടുനിരോധനം മൂലം ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ന്നു. നികുതി വരുമാനവുമിടിഞ്ഞു. നഷ്ടപരിഹാരം നല്‍കേണ്ട തുക നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു. കഴിഞ്ഞ വര്‍ഷം അവസാനമായപ്പോഴേയ്ക്കും ഒരുകാര്യം വളരെ വ്യക്തമായി. കോമ്പന്‍സേഷന്‍ സെസ് ഫണ്ട് നഷ്ടപരിഹാരം നല്‍കാന്‍ തികയില്ല. കോവിഡ് കൂടി വന്നപ്പോള്‍ ചിത്രം പൂര്‍ത്തിയായി. നഷ്ടപരിഹാരം വലിയ കുടിശ്ശികയായി. ഇപ്പോള്‍ കേരളത്തിന് 7000 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രസര്‍ക്കാര്‍ നല്‍കാനുണ്ട്. 

ഈ ഘട്ടത്തില്‍ കേന്ദ്രം പുതിയൊരു സിദ്ധാന്തം അവതരിപ്പിച്ചു. ജിഎസ്ടി വരുമാന നഷ്ടത്തെ രണ്ടായി തിരിച്ചു കാണണമെന്ന് ആവശ്യപ്പെട്ടു. സാധാരണഗതിയില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ കാര്യങ്ങള്‍ നടക്കുമായിരുന്നെങ്കില്‍ ഉണ്ടാകാവുന്ന നഷ്ടം, കോവിഡ് മൂലമുണ്ടായ നഷ്ടം ഇവ വേര്‍തിരിച്ചുവേണം നഷ്ടപരിഹാരം കണക്കാക്കാന്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം.
ഉദാഹരണത്തിന് 2020-21ല്‍ റവന്യു ഗ്യാപ്പ് 3ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് കണക്ക്. എന്നാല്‍ ജിഎസ്ടി നഷ്ടപരിഹാര സെസില്‍ നിന്നും 70,000 കോടി രൂപയേ പിരിയൂ. അപ്പോള്‍ ബാക്കി 2.3 ലക്ഷം കോടി രൂപ നഷ്ടപരിഹാരം നല്‍കാനുള്ള പണം എവിടെനിന്നു കിട്ടും? ഈ 2.3 ലക്ഷം കോടി രൂപയില്‍ പകുതി സാധാരണഗതിയില്‍ ജിഎസ്ടി വരുമാന ഇടിവിന്‍റെ ഫലമായ നഷ്ടമാണ്. ഈ നഷ്ടം കേന്ദ്രം വായ്പയെടുത്തു തരാം. ബാക്കിയുള്ളതിനു വായ്പയെടുക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ വഹിക്കണം.

ഇത് സ്വീകാര്യമല്ലെങ്കില്‍ രണ്ടാമതൊരു നിര്‍ദ്ദേശംകൂടി കേന്ദ്രം മുന്നോട്ടുവച്ചു.

2020-21 സാമ്പത്തിക വര്‍ഷത്തെ കോമ്പന്‍സേഷനുള്ള തുക പൂര്‍ണ്ണമായും സംസ്ഥാനങ്ങള്‍ കടമെടുക്കുന്നതിന് റിസര്‍വ്വ് ബാങ്കുമായി കേന്ദ്രം നേരിട്ട് ഇടപെട്ട് സഹായം നല്‍കും. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയെ (എഫ്.ആര്‍.ബി.എം) ഇത് എങ്ങനെ ബാധിക്കുമെന്നതു വ്യക്തമാക്കിയില്ല.

രണ്ട് നിര്‍ദ്ദേശങ്ങളിലും തിരിച്ചടവ് സെസ് ഫണ്ടില്‍ നിന്നായിരിക്കും. ഇതിനായി സെസ് പിരിവ് നിലവിലെ കാലാവധി 5 വര്‍ഷത്തില്‍നിന്നും രണ്ടോ മൂന്നോ വര്‍ഷംകൂടി ഉയര്‍ത്തും.

എന്തുകൊണ്ട് കേരളത്തിന് 
സ്വീകാര്യമല്ല?


ജിഎസ്ടി കോമ്പന്‍സേഷന്‍ സംബന്ധിച്ച് കേരളത്തിന്‍റെ നിലപാട് വ്യക്തമാണ്.
ഒന്ന്, നഷ്ടപരിഹാരം പൂര്‍ണ്ണമായും കിട്ടിയേപറ്റൂ. അതു സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശമാണ്.
രണ്ട്, ഇതിനു വായ്പ എടുക്കാനുള്ള ചുമതല സംസ്ഥാനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കരുത്. ഇതിനു മൂന്നു കാരണങ്ങളുണ്ട്.
(1) സംസ്ഥാനങ്ങള്‍ക്ക് എടുക്കുന്ന വായ്പയ്ക്ക് കേന്ദ്രസര്‍ക്കാരിനേക്കാള്‍ 1.5 ڊ- 2.0 ശതമാനം പലിശ നല്‍കേണ്ടിവരും.
(2) അതുപോലെ തന്നെ കേന്ദ്രസര്‍ക്കാര്‍ വായ്പാപരിധി എത്ര ശതമാനം ഉയര്‍ത്തുമെന്നത് അനിശ്ചിതമാണ്. നഷ്ടപരിഹാരത്തിന് എടുക്കുന്ന വായ്പ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ തക്കവിധം വായ്പാ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ അത്രയും സാധാരണഗതിയിലുള്ള വായ്പയില്‍ നിന്നും വെട്ടിക്കുറയ്ക്കപ്പെടും.
(3) ഓരോ സംസ്ഥാനത്തിനുമുള്ള നഷ്ടപരിഹാരത്തില്‍ വലിയ ഏറ്റക്കുറച്ചിലുകളുണ്ട്. അതനുസരിച്ച് ഓരോ സംസ്ഥാനത്തിനും അനുവദിക്കുന്ന ധനക്കമ്മി പരിധിയിലെ ഇളവ് വ്യത്യസ്തമായിരിക്കും. ഇങ്ങനെ മാറ്റുന്നതിനു പ്രായോഗികമായി വലിയ ബുദ്ധിമുട്ടായിരിക്കും.

മറ്റു സംസ്ഥാനങ്ങളുടെ 
സമീപനമെന്ത്?


ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും ഈ നിലപാടാണ് സ്വീകരിച്ചത്. ജിഎസ്ടി കൗണ്‍സിലിന്‍റെ ഏതാണ്ട് അഭിപ്രായ സമന്വയം ഇത് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് സഹായിക്കണമെന്നുള്ളതായിരുന്നു. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് സ്വാഭാവികമായും രാഷ്ട്രീയമായി കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് അംഗീകരിച്ച് നിലപാട് സ്വീകരിക്കേണ്ടി വരും. എന്നാല്‍ ഉണ്ടായിരിക്കുന്ന പുതിയ സംഭവവികാസം പ്രതിപക്ഷ പാര്‍ടി സര്‍ക്കാരുകളെല്ലാം ഒരുമിച്ച് ഒരു നിലപാട് സ്വീകരിക്കുന്ന സാഹചര്യം സംജാതമായിരിക്കുന്നു എന്നുള്ളതാണ്. 

കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പഞ്ചാബ്, ഡല്‍ഹി, ഛത്തീസ്ഗഢ്, പശ്ചിമബംഗാള്‍, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളാണ് പങ്കെടുത്തത്.

താഴെപ്പറയുന്ന കാര്യങ്ങളാണ് തീരുമാനിച്ചത്.

1)     കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ള രണ്ട് നിര്‍ദ്ദേശങ്ങളും തള്ളിക്കളയുന്നു. ഭരണഘടനയില്‍ ഉറപ്പുനല്‍കിയിട്ടുള്ളതാണ് ജി.എസ്.ടി നഷ്ടപരിഹാരം. ഈ നഷ്ടപരിഹാരത്തുക കണക്ക് കൂട്ടിയതിന്‍റെ രീതി കോമ്പന്‍സേഷന്‍ നിയമത്തിന്‍റെ 7ാം വകുപ്പില്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്. അതില്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ദൈവത്തിന്‍റെ കളി സിദ്ധാന്തം ഇല്ല. ബെയ്സ് ഇയറില്‍ നിന്നും എല്ലാവര്‍ഷവും 14 ശതമാനം ജി.എസ്.ടി വരുമാന വര്‍ദ്ധനവ് സംസ്ഥാനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്നും എന്ത് കുറവു വരുമോ അത് നഷ്ടപരിഹാരമായി ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ട്.
2) അതുകൊണ്ട് ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശം ഇതാണ്: കേന്ദ്ര സര്‍ക്കാര്‍ വായ്പയെടുക്കുക. സെസ് ഫണ്ടുവഴി സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക. വായ്പാ തുക തിരിച്ചടച്ച് തീരുന്നതുവരെ സെസ് പിരിക്കുന്നതിന് ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിക്കുക.
മറ്റു സംസ്ഥാനങ്ങളെക്കൂടി ബന്ധപ്പെട്ടശേഷം 34 ദിവസം കഴിഞ്ഞ് വീണ്ടും വീഡിയോ കോണ്‍ഫറന്‍സുവഴി ധനമന്ത്രിമാരുടെ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. 

ഈ വിവാദത്തിന്‍റെ 
രാഷ്ട്രീയപ്രാധാന്യമെന്ത്?


ഇന്ത്യയുടെ വൈവിദ്ധ്യത്തെ അംഗീകരിക്കാത്ത ആദര്‍ശമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി പുലര്‍ത്തുന്നത്. അതുകൊണ്ട് സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്ന് ദുര്‍ബലപ്പെടുത്തുക എന്നത് അവരുടെ രാഷ്ട്രീയ നിലപാടാണ്. നരേന്ദ്രമോഡിയുടെ രണ്ടാം സര്‍ക്കാര്‍ 370ാം വകുപ്പ് റദ്ദാക്കി ഒരു സംസ്ഥാനത്തെത്തന്നെ ഇല്ലാതാക്കി. ആ വകുപ്പിന്‍റെ പോലും പരിരക്ഷയില്ലാത്ത മറ്റു സംസ്ഥാനങ്ങളുടെ മേലും ഈ വാള്‍ എപ്പോള്‍ വേണമെങ്കിലും വീഴാം. ബിജെപി പാര്‍ലമെന്‍റില്‍ പാസാക്കിയിട്ടുള്ള പുതിയ നിയമങ്ങളുടെയും നയങ്ങളുടെയുമെല്ലാം ലസാഗു സംസ്ഥാനാധികാരം കവരുക എന്നതാണ്. വിദ്യാഭ്യാസ നയം, വൈദ്യുതി നിയമം, ദേശീയ സുരക്ഷാ നിയമം, മോട്ടോര്‍ വാഹന നിയമം, തൊഴില്‍ നിയമം ഇങ്ങനെ ഏതെടുത്താലും ഈ സമീപനം വ്യക്തമായി കാണാനാകും. ഈയൊരു നീക്കത്തിന്‍റെ ഭാഗമാണ് സംസ്ഥാനങ്ങളെ ധനപരമായി ഞെരുക്കാനുള്ള നീക്കം. 

പതിനാറാം ധനകാര്യ കമ്മിഷന്‍റെ പരിഗണനാവിഷയങ്ങള്‍ക്കെതിരെ കേരളമാണ് ദേശീയതലത്തില്‍ത്തന്നെ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് മുന്‍കൈയെടുത്തത്. പതിനഞ്ചാം ധനകാര്യകമ്മിഷന്‍ നല്‍കിയ 42 ശതമാനം വിഹിതം വെട്ടിക്കുറയ്ക്കുക, വായ്പകള്‍ക്ക് നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുക, റവന്യൂ കമ്മി നികത്താനുള്ള ഗ്രാന്‍റ് ഇല്ലാതാക്കുക, സംസ്ഥാനങ്ങള്‍ക്ക് പണം നിശ്ചയിക്കുന്നതിന് മുമ്പ് പ്രതിരോധത്തിനുവേണ്ടിയുള്ള പണം മാറ്റിവെയ്ക്കുക, ധനഉത്തരവാദിത്ത നിയമം കര്‍ക്കശമാക്കുക തുടങ്ങിയ സംസ്ഥാന വിരുദ്ധ നിര്‍ദ്ദേശങ്ങള്‍ പരിഗണനാവിഷയങ്ങളില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വലിയ പ്രതിഷേധമാണ് കേരളം ഉയര്‍ത്തിയത്.  ആദ്യം തിരുവനന്തപുരത്തും പിന്നീട് വിജയവാഡയിലും ഡല്‍ഹിയിലും സെമിനാറുകള്‍ സംഘടിപ്പിച്ചു. നമ്മുടെ നിലപാടുകള്‍ പ്രചരിപ്പിച്ചുകൊണ്ട് ഈ സെമിനാറുകളില്‍ ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. കോവിഡിനുശേഷം ഒരു ദേശീയ വെബിനാര്‍ സംഘടിപ്പിക്കുന്നതിനും നാം മുന്‍കൈയെടുത്തു. 

ഈ ഇടപെടല്‍ കുറച്ചൊക്കെ ഫലം ചെയ്തിട്ടുണ്ട്. ജനസംഖ്യ കണക്കുകൂട്ടുന്നതിനുള്ള അടിസ്ഥാന ഓപ്ഷന്‍ 1971ല്‍ നിന്ന് 2011ലേയ്ക്ക് മാറ്റുമ്പോഴുള്ള നഷ്ടത്തിന് കുറച്ചൊക്കെ പരിഹാരം കണ്ടു. ഇല്ലാതാക്കണമെന്നു പറഞ്ഞ റവന്യൂ ഡെഫിസിറ്റ് ഗ്രാന്‍റ് ഇനത്തിലാണ് കേരളത്തിന് ഏറ്റവും വലിയ നേട്ടമുണ്ടായത്. പ്രതിമാസം 1200 കോടി രൂപ കേരളത്തിന് ഇതില്‍ നിന്ന് കിട്ടുന്നുണ്ട്. കൂടുതല്‍ കര്‍ശന നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം തല്‍ക്കാലത്തേയ്ക്ക് മാറ്റിവെയ്ക്കുന്നതിനും തല്‍ക്കാലത്തേയ്ക്ക് കമ്മിഷന്‍ തയ്യാറായി. 

ഈ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയര്‍ത്തിക്കൊണ്ടു വന്നാല്‍ ഈ കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനം വെട്ടിച്ചുരുക്കാനുള്ള നീക്കത്തെ ചെറുക്കാനാകും. ഒരുപക്ഷേ എല്ലാ പ്രതിപക്ഷ സംസ്ഥാനങ്ങളും ഒരുമിച്ചു നിന്നാല്‍ ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനമെടുക്കുന്നതിന് തടയിടാന്‍ കഴിഞ്ഞേക്കാം. പാര്‍ലമെന്‍റിലും ഈ പ്രശ്നം ഗൗരവമായി ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്.