മാധ്യമമേഖല: കടുകുമണിയിലേക്ക് ഒരു യാത്ര

ജോണ്‍ ബ്രിട്ടാസ്

മാധ്യമങ്ങളെ നിയന്ത്രിക്കുന്നവര്‍ മനസ്സിനെ നിയന്ത്രിക്കുന്നു എന്നൊരു ആപ്തവാക്യമുണ്ട്. ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കപ്പെട്ട ഒട്ടേറെ അലങ്കാരങ്ങളുമുണ്ട്. ജനാധിപത്യത്തിന്‍റെ നാലാം നെടുംതൂണ്‍, കാവലാള്‍.... അങ്ങനെയത് നീണ്ടുപോകുന്നു. ഈ രംഗത്തിന് നിയമാനുസൃതമായ സ്വീകാര്യത പ്രദാനം ചെയ്യാനുള്ള മേമ്പൊടികളാണ് ഇവയൊക്കെത്തന്നെയും. നെടുംതൂണെന്ന് അഹങ്കരിക്കുകയും അതേ സമയം പ്രാഥമികമായ ജനാധിപത്യ പരിശോധനപോലും അനുവദിക്കാതിരിക്കുകയും ചെയ്യുന്ന മേഖലയാണ് ഇന്നത്തെ മാധ്യമ രംഗം.  

വിശുദ്ധ പശുവായി ദീര്‍ഘകാലം വാണിരുന്ന ഈ രംഗം ഇന്ന് ഒട്ടേറെ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ക്കും നിരീക്ഷണത്തിനും വിധേയമാവുകയാണ്.  മാധ്യമ ലോകത്തെ കുലപതികള്‍ ഉയര്‍ത്തിക്കാട്ടിയിരുന്ന മാധ്യമ ധര്‍മത്തിന്‍റെ വിളക്കുമാടം ഇന്ന് ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്. മറ്റു പല മേഖലയും പോലെ മാധ്യമരംഗവും ഒരു വ്യവസായമാണ്. എന്നാല്‍ ഒരു പ്രത്യേകതയുണ്ട്  ഇത് മനസ്സിന്‍റെ വ്യവസായമാണ്. പൊട്ട്, ചാന്ത്, കണ്മഷി പോലെ തൊലിപ്പുറത്തല്ല ഇതിന്‍റെ സ്വാധീനം. മനുഷ്യ മനസുകളെ നേരിട്ടാണ് മാധ്യമങ്ങള്‍ സ്വാധീനിക്കുന്നത്. സമൂഹത്തിന്‍റെ വിശ്വാസധാരയെ തലകീഴെ മറിക്കുവാനുള്ള സ്വാധീനം ഈ മേഖലയ്ക്കുണ്ട്. അതുകൊണ്ടാണ് സൂക്ഷ്മമായി സമീപിക്കേണ്ട ഒരു രംഗമായിട്ട് ഈ പ്രതലത്തെ നമ്മുടെ രാഷ്ട്ര ശില്‍പികള്‍ കണ്ടത്.
 
നരേന്ദ്രമോഡിയുടെ കീഴില്‍ ഇന്ത്യന്‍ മാധ്യമരംഗം എത്രത്തോളം ചുരുങ്ങി എന്നത് സവിശേഷപരിശോധനയ്ക്ക് വിധേയമാക്കേണ്ട ഒന്നാണ്. ഇന്ത്യയിലെ ഒരൊറ്റ ദേശീയ മാധ്യമത്തിനുപോലും നരേന്ദ്രമോഡിക്കു നേരെ വിരലുയര്‍ത്താനുള്ള തന്‍റേടമില്ല. ഏതെങ്കിലും തരത്തില്‍ വിമര്‍ശനത്തിന്‍റെ ലാഞ്ചനയെങ്കിലും കണ്ടാല്‍ അത് നിഷ്കരുണം അടിച്ചമര്‍ത്താന്‍ മോഡിക്ക് മടിയില്ല. പ്രതിരോധത്തിന്‍റെ ശബ്ദമുയര്‍ത്തുന്ന മാധ്യമങ്ങളെ കായികമായി നേരിടുക, സിബിഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ വിട്ട് വരിഞ്ഞുമുറുക്കുക എന്നിങ്ങനെ സംഘടിതമായ പദ്ധതിയിലൂടെ മാധ്യമ മേഖലയെ അക്ഷരാര്‍ത്ഥത്തില്‍ ചൊല്‍പ്പടിക്ക് നിര്‍ത്തിയിരിക്കുന്നു.. 

അമേരിക്കയുടെ വിദേശനയത്തിന്‍റെ പതാക വാഹകരായിട്ടാണ് അമേരിക്കന്‍ മാധ്യമങ്ങളെ നമ്മള്‍ കണ്ടത്. അമേരിക്കന്‍ സാമ്രാജ്യത്തിന്‍റെ അധിനിവേശങ്ങളിലൊക്കെ ഇവര്‍ എംബഡഡ് സാന്നിധ്യമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ മാധ്യമ മേഖലയ്ക്ക് അത്തരമൊരു സംസ്കാരം ഉണ്ടായിരുന്നില്ല. അടിയന്തിരാവസ്ഥയില്‍ പോലും അടിച്ചമര്‍ത്തലുകളോടും സെന്‍സര്‍ഷിപ്പിനോടുമൊക്കെ പൊരുതി നില്‍ക്കാന്‍ ഒട്ടേറെ മാധ്യമങ്ങള്‍ തയ്യാറായി. എന്നാല്‍ ഇന്ന് ഒരു അപ്രഖ്യാപിത അടിയന്തിരാവസ്ഥ നിലനില്‍ക്കുകയും അതിന്‍റെ ചതുരക്കളങ്ങളില്‍ അനുസരണയുള്ള യോദ്ധാക്കളെപ്പോലെ മാധ്യമ പ്രവര്‍ത്തകര്‍ ഒതുങ്ങിക്കൂടുകയും ചെയ്യുകയാണ്.
ഇന്ത്യയുടെ മാധ്യമ മേഖല കടന്നുപോകുന്ന സവിശേഷ സാഹചര്യത്തിന്‍റെ പരിച്ഛേദമാണ് മേല്‍പറഞ്ഞത് എങ്കില്‍ കേരളത്തിന്‍റെ മാധ്യമ രംഗത്തെ മറ്റു ചില അളവുകോല്‍ കൂടി അതിനനുസരിച്ച് വിലയിരുത്തേണ്ടിവരും. തിരഞ്ഞെടുപ്പ് വര്‍ഷം കേരളത്തിലെ ഇടതുപക്ഷത്തെ നേരിടുന്നത് കോണ്‍ഗ്രസോ ബിജെപിയോ അല്ല. മറിച്ച് ഇവിടുത്തെ പ്രധാന മാധ്യമങ്ങളാണ്. ഓരോ ദിവസവും ഇവര്‍ വറുത്ത് കോരുന്ന നുണകള്‍ക്ക് മേലാണ് കോണ്‍ഗ്രസും ബിജെപിയും തങ്ങളുടെ രാഷ്ട്രീയത്തിന്‍റെ മുദ്രാവാക്യങ്ങള്‍ രചിക്കുന്നത്.  ഇതിനെ രഹസ്യ അജന്‍ഡ എന്നാണ് ചിലര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ രഹസ്യസ്വഭാവം പോലും സൂക്ഷിക്കേണ്ടതില്ലെന്ന തരത്തിലേക്ക് മാധ്യമങ്ങള്‍ മാറിയ സ്ഥിതിക്ക് ഇത് പരസ്യമായ കാര്യപരിപാടിയാണ്. ഇന്ത്യയിലെ ഏക ഇടതുപക്ഷ ഭരണം അവസാനിപ്പിക്കണമെന്ന ദൃഢനിശ്ചയത്തിലാണ് ഈ മാധ്യമങ്ങളും ഇവര്‍ പ്രതിനിധാനം ചെയുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശക്തികളും.  

നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം എന്നൊക്കെയുള്ള സംജ്ഞകളില്‍ വായനക്കാരെയും പ്രേക്ഷകരെയും കബളിപ്പിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. വിവര സാങ്കേതിക വിപ്ലവത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള കബളിപ്പിക്കല്‍ പ്രക്രിയയില്‍ നിന്ന് നല്ലൊരു ശതമാനം പ്രേക്ഷകരും വായനക്കാരും മോചിതരായി എന്നതാണ് യാഥാര്‍ത്ഥ്യം. എന്തൊക്കെയാണെങ്കിലും നുണനിര്‍മ്മാണ ഫാക്ടറിയുടെ ചക്രങ്ങള്‍ അനസ്യൂതം കറങ്ങിക്കൊണ്ടിരുന്നു.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കേരളത്തിലെ  മാധ്യമങ്ങള്‍ തൊടുത്തുവിട്ട വാര്‍ത്തകളുടെ 'അനാട്ടമി' പരിശോധിച്ചാല്‍ ഈ പ്രക്രിയയുടെ ഞെട്ടിപ്പിക്കുന്ന ചിത്രം പുറത്തു വരും. ജൂലൈ ആദ്യവാരം ആരംഭിച്ച ഈ നുണപ്രവാഹത്തില്‍ ഖണ്ഡിക്കപ്പെട്ട 45 നുണകളെങ്കിലും നട്ടുവളര്‍ത്താന്‍ മാധ്യമങ്ങള്‍ പാടുപെട്ടു. ഇതില്‍ ചിലത് പ്രതിപക്ഷത്തിനു കൈമാറി. ഒരു റിലേ ഓട്ടത്തിന്‍റെ സ്വഭാവത്തിലായിരുന്നു അത്. സ്വര്‍ണ്ണക്കടത്തിലേക്ക് രാഷ്ട്രീയ നേതൃത്വത്തെ വിളക്കിച്ചേര്‍ക്കാന്‍ ആദ്യം എയ്തുവിട്ട അമ്പ് എന്തായിരുന്നു? സ്വര്‍ണ്ണം അടങ്ങിയ ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസിലേക്കു മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഫോണ്‍കോളുകള്‍ പോയി എന്നായിരുന്നു. കേരളത്തിന്‍റെ സമീപകാല മാധ്യമ ചരിത്രത്തിലെ ഏറ്റവും സുസംഘടിതമായ നുണയുദ്ധം ഇവിടെ ആരംഭിക്കുകയായിരുന്നു. മുഖ്യപ്രതികളുടെ ബന്ധം, അവരുടെ പലായനം തുടങ്ങി ഡസന്‍ കണക്കിന് കഥകള്‍ ടെലിവിഷന്‍ സ്റ്റുഡിയോകളില്‍ വാര്‍ത്തെടുക്കപ്പെട്ടു . ഈ ലേഖനം തയ്യാറാക്കുന്നതുവരെയുള്ള വേളയിലെ അവസാനത്തെ നുണക്കണ്ണിയാണ് സെക്രട്ടേറിയറ്റിലെ തീപിടിത്തം.

സിനിമാ തിരക്കഥയ്ക്കുപോലും കേവലയുക്തിയുടെ ഇഴകോര്‍ക്കലുകള്‍ വേണം. എന്നാല്‍ തങ്ങളുടെ വാര്‍ത്തയ്ക്ക് ഇതൊന്നും ആവിശ്യമില്ലായെന്നു സെക്രട്ടറിയേറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട പ്രതിപാദനങ്ങളിലൂടെ മാധ്യമങ്ങള്‍ തെളിയിച്ചു. സ്വര്‍ണ്ണക്കടത്തിന്‍റെ ഫയലുകള്‍ കത്തിനശിച്ചുവെന്ന് ബ്രേക്കിംഗ് ന്യൂസ് നല്‍കാനുള്ള മൗഢ്യം പോലും ചില ചാനലുകള്‍ കാണിച്ചു. ഇ-ഫയലുകള്‍ എന്താന്നെന്ന അടിസ്ഥാനധാരണ പോലും ഇല്ലാതെ വാര്‍ത്തകള്‍ ഒഴുക്കിവിട്ടത് തങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്നുവെന്നുപോലും ചിന്തിക്കാന്‍ ഇടതുപക്ഷവിരുദ്ധ തിമിരത്തില്‍ മാധ്യമ മാനേജ്മെന്‍റുകള്‍ക്കായില്ല.
ഏതൊരു പൗരനും ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലിക അവകാശത്തിനുമേലാണ് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം  കെട്ടിപ്പടുത്തിരിക്കുന്നത്. അമേരിക്കയില്‍ ഒന്നാം ഭേദഗതിയില്‍ കൂടിയാണ് മാധ്യമ സ്വാതന്ത്ര്യം ഊട്ടിയുറപ്പിച്ചതെങ്കില്‍ നമ്മുടെ രാജ്യത്ത് അത്തരത്തില്‍ സവിശേഷ അധികാരങ്ങളൊന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ല. പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് മുറവിളികൂട്ടുന്ന കേരളത്തിലെ മാധ്യമങ്ങളൊന്നും സംസ്ഥാനത്തിന് വെളിയിലേക്ക് കണ്ണുപായിക്കാന്‍ പോലും ഒരുക്കമല്ല. നരേന്ദ്രമോഡി 2014ല്‍ അധികാരത്തിലേറിയ ശേഷം ഇന്നേവരെ ഒരു പത്രസമ്മേളനം പോലും നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തനിക്ക് ഹിതകരമായ കാര്യങ്ങള്‍ മാത്രം ചോദിക്കണം എന്ന ഉറപ്പില്‍ തിരഞ്ഞെടുത്ത ചിലരെക്കൊണ്ട് മുഴുനീള അഭിമുഖം എടുപ്പിച്ചു നല്‍കി. രണ്ട് ചോദ്യങ്ങളില്‍ ഒരു മണിക്കൂര്‍ അഭിമുഖം അവസാനിച്ച സംഭവവും ഉണ്ടായി. നെഹ്റു മുതലുള്ള പ്രധാനമന്ത്രിമാര്‍ പത്രസമ്മേളനം നടത്തുന്ന രീതി അവലംബിച്ചിരുന്നു. ഇതിന്‍റെ എണ്ണം സംബന്ധിച്ച് വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഡോ.മന്‍മോഹന്‍സിങ് വരെയുള്ളവര്‍ ഈ അലിഖിതനിയമം കാത്തുസൂക്ഷിച്ചു. അതുപോലെ വിദേശയാത്രകള്‍ക്ക് പ്രധാനമന്ത്രിമാരെ മാധ്യമസംഘം അകമ്പടി സേവിക്കുകയും ഈ യാത്രാ വേളകളില്‍ സംവദിക്കുകയും ചെയ്തിരുന്നു. മോഡി അധികാരത്തിലേറിയശേഷം പത്രസമ്മേളനവും യാത്രാവേളകളിലെ സംവാദങ്ങളുമൊക്കെ അവസാനിപ്പിച്ചു.

സെക്രട്ടറിയേറ്റില്‍ തീപിടിച്ച ഫയലുകള്‍ ക്യാമറയില്‍ പകര്‍ത്തുക എന്നത് തങ്ങളുടെ അധികാരമാണെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ സമര്‍ത്ഥിച്ചത്. കര്‍ശനമായ നിബന്ധനകളോടെയും ആഭ്യന്തര വകുപ്പിന്‍റെ വിശദ പരിശോധനയ്ക്ക് ശേഷമുള്ള ക്ലിയറന്‍സിനും ശേഷമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഡല്‍ഹിയില്‍ അക്രെഡിറ്റേഷന്‍ നല്‍കുന്നത്.  പണ്ടൊക്കെ അക്രെഡിറ്റേഷന്‍ ഉള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് മന്ത്രാലയങ്ങളില്‍ പ്രവേശിക്കാന്‍ കഴിയുമായിരുന്നു.  പ്രധാനമന്ത്രിയുടെ ഓഫീസ്, വിദേശം, പ്രതിരോധം, ആഭ്യന്തരം, ധനം തുടങ്ങിയ മന്ത്രാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന സൗത്ത് ബ്ലോക്കിലോ, നോര്‍ത്ത് ബ്ലോക്കിലോ അക്രെഡിറ്റേഷന്‍ ഉണ്ടെങ്കില്‍പോലും ഒരു മാധ്യമ പ്രവര്‍ത്തകന് കാലുകുത്താന്‍ പറ്റില്ല.  ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രത്യേക അനുമതി വാങ്ങി ആരെ, എപ്പോള്‍, എന്തിന് കാണുന്നു എന്ന് വ്യക്തമാക്കി ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങിയാല്‍ മാത്രമേ ഈ സമുച്ചയങ്ങളിലേക്കു പ്രവേശിക്കാന്‍ കഴിയൂ. ഇതേക്കുറിച്ചൊക്കെ ഒരു മാധ്യമ സംഘടനയോ മാധ്യമ സ്ഥാപനമോ പരാതിപ്പെട്ടിട്ടില്ല.  

നരേന്ദ്രമോഡി അധികാരത്തില്‍ വന്ന ശേഷം അരഡസന്‍ തവണയെങ്കിലും കേന്ദ്രസെക്രട്ടറിയേറ്റിലെ വിവിധ മന്ത്രാലയങ്ങളില്‍ തീപിടിത്തം ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വസതിയിലും ഓഫീസിലും തീപിടിത്തം ഉണ്ടായി. പത്രസ്വാതന്ത്ര്യത്തിന്‍റെ സുവര്‍ണ്ണ കിരീടം ചൂടിക്കൊണ്ട് ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകന് ഈ ഘട്ടങ്ങളില്‍ ബന്ധപ്പെട്ട സ്ഥലങ്ങളുടെ നാല് അയല്‍വക്കത്ത് കാലുകുത്താന്‍ കഴിഞ്ഞോ?  പ്രധാനമന്ത്രിയുടെ ഓഫീസിലെ തീപിടുത്തം കാണാന്‍ രാഹുല്‍ഗാന്ധിയും യൂത്ത്കോണ്‍ഗ്രസുകാരും ഗേറ്റിനു മുന്നില്‍ ഉന്തും തള്ളും നടത്തുന്നത് ഒന്നു സങ്കല്‍പിച്ച് നോക്കുക.

പിണറായി വിജയന്‍ മുഖ്യമന്ത്രി ആയ ശേഷം മാധ്യമ പ്രവര്‍ത്തകര്‍ ആദ്യം സൃഷ്ടിച്ച വിവാദം എന്തായിരുന്നു? മുഖ്യമന്ത്രി തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള കൂടിക്കാഴ്ചകള്‍ക്ക് സന്നദ്ധനാകുന്നില്ല, മന്ത്രിസഭായോഗത്തിനു ശേഷം പത്രസമ്മേളനം നടത്തുന്നില്ല, ഓരോ പരിപാടിക്കിടയിലുള്ള വേളകളില്‍ വിവിധ ചോദ്യങ്ങള്‍ ചോദിക്കാന്‍ നിന്നുതരുന്നില്ല എന്നിവയായിരുന്നു. മുഖ്യമന്ത്രിയുടെ നിലപാട് സുവ്യക്തമായിരുന്നു. എന്തെങ്കിലും കാര്യം പറയാനുണ്ടെങ്കില്‍ പത്രപ്രവര്‍ത്തകരെ തീര്‍ച്ചയായും കണ്ടിരിക്കും. അല്ലാതെ അവര്‍ക്ക് വിവാദങ്ങളില്‍ ഇന്ധനം പകരാനുള്ള ബൈറ്റുകള്‍ പ്രദാനം ചെയ്യുകയല്ല തന്‍റെ ജോലി. ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ പത്രസമ്മേളനം നടത്തിയിട്ടുള്ള ഭരണകര്‍ത്താവ് എന്ന പദവി പിണറായി വിജയനായിരിക്കും.

കേരളത്തിലെ എല്ലാ മാധ്യമ സംരംഭങ്ങള്‍ക്കും തനതായ താല്പര്യങ്ങള്‍ ഉണ്ട്. അവ ന്യൂസ്റൂമിലും പ്രതിഫലിക്കും. മൂലധനത്തിന്‍റെ സ്വഭാവത്തിന് എഡിറ്റോറിയല്‍ നയവുമായി നേരിട്ടുള്ള ബന്ധമുണ്ട്. ഏതെങ്കിലും തരത്തില്‍ 'നിഷ്പക്ഷതയുടെ' ആവരണമെടുത്ത് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് വിപണനത്തിനുവേണ്ടിയുള്ള ഹ്രസ്വകാല കൃഷിയാണ്. മുഖ്യവിളവെടുപ്പിന്‍റെ ഉള്ളടക്കത്തെ ഇത് ഒരു തരത്തിലും സ്വാധീനിക്കുന്നില്ല.

കേരളത്തില്‍ പക്ഷപാതത്തിന്‍റെ ഏക അളവുകോലായി എടുത്തുകാണിക്കുന്ന ഒന്നുണ്ട്; രാഷ്ട്രീയനിലപാട്. അതേസമയം വര്‍ഗ, വര്‍ഗീയ, ജാതി, മൂലധന, കച്ചവട, സ്ഥാപിത താല്‍പര്യങ്ങളുടെ കോട്ടകൊത്തളങ്ങള്‍ സൃഷ്ടിക്കുന്ന പക്ഷപാതങ്ങളെക്കുറിച്ച് മാധ്യമ വിശാരദന്മാര്‍ക്ക് യാതൊരു പരാതിയും ഇല്ല. അരാഷ്ട്രീയത എന്നത് വിഷത്തേക്കാള്‍ അപകടകരമാണെന്ന ആപ്തവാക്യം മുഴക്കിയ സ്വദേശാഭിമാനിയുടെയും കേസരിയുടെയും കേശവമേനോന്‍റെയും ഒക്കെ നാട്ടിലാണ് ഈ പുതുപ്രവണത. മഹാത്മാഗാന്ധിയും നെഹ്റുവും ഇഎംഎസും ഒക്കെ തെളിഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തകരായിരുന്നു. സിനിമയില്‍ ഓസ്കാര്‍ എന്നതു പോലെയാണ് മാധ്യമ പ്രവര്‍ത്തനത്തില്‍ പുലിറ്റ്സര്‍. ജോസഫ് പുലിറ്റ്സര്‍ എന്ന വിഖ്യാത പ്രസാധകന്‍റെ പേരിലുള്ളതാണ് ഈ പുരസ്കാരം.  അദ്ദേഹം പത്രാധിപര്‍ മാത്രമായിരുന്നില്ല ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവും അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗവുമായിരുന്നു. പുലിറ്റ്സറിനില്ലാത്ത പ്രമാണിത്തം നമ്മുടെ നാട്ടിലെ ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകന് കല്പിച്ച് കൊടുക്കേണ്ടതുണ്ടോ? 

ഉത്തരവാദിത്വ മാധ്യമപ്രവത്തനമെങ്കിലും (ഞലുീിശെെയഹല ഖീൗൃിമഹശാെ) നമ്മുടെ രാജ്യത്തെ ഉറപ്പുവരുത്താന്‍ ചില നിബന്ധനകള്‍ അനിവാര്യമാണെന്ന് രാഷ്ട്രനിര്‍മ്മാതാക്കള്‍ക്ക് ബോധ്യമുണ്ടായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ പില്‍ക്കാലത്തു പ്രസ്സ് കമ്മീഷന്‍ രൂപീകരിച്ചത്. എന്നാല്‍ രണ്ടു കമ്മീഷനുകള്‍ കൊണ്ട് ആ പ്രക്രിയയ്ക്ക് അവസാനം കുറിച്ചു. ഇരുകമ്മീഷനുകളും അടിവരയിട്ടു നിര്‍ദ്ദേശിച്ച ഒരു കാര്യമുണ്ട്. മാധ്യമങ്ങളെ വ്യവസായ താല്‍പര്യങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തണം. ഒരു വ്യവസായ ഗ്രൂപ്പിനും മാധ്യമസംരംഭം നടത്താന്‍ അനുമതി ഉണ്ടാകരുത്.  എന്നാല്‍ ഇന്ന് ഏതെങ്കിലും തരത്തിലുള്ള മാധ്യമ സംരംഭം ഇല്ലാത്ത വ്യവസായ ഗ്രൂപ്പ് രാജ്യത്തുണ്ടോ എന്ന്  സംശയം!

ഏഷ്യാനെറ്റിന്‍റെ സ്ഥാപകനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ശശികുമാര്‍ ഊന്നിപ്പറഞ്ഞ ഒരു കാര്യമുണ്ട്. ഈ രീതിയിലാണ് നമ്മുടെ മാധ്യമ പ്രവര്‍ത്തനം മുമ്പോട്ട് പോകുന്നതെങ്കില്‍ ജനങ്ങള്‍ ഇവയെ വൈകാതെ ചരിത്രത്തിന്‍റെ ഭാഗമാക്കും. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ മാധ്യമങ്ങളുടെ വലിപ്പം കടുകു മണിയുടെ അത്രയേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഉദ്ദേശ്യശുദ്ധി പര്‍വ്വതം പോലെ തലയുയര്‍ത്തി നിന്നു. ഇന്ന് മാധ്യമങ്ങള്‍ വളര്‍ന്നു പന്തലിച്ചു. എന്നാല്‍ ഉദ്ദേശ്യശുദ്ധി കടുകുമണിയായി ചുരുങ്ങി. ഈ പ്രക്രിയ തുടര്‍ന്നാല്‍ ശശികുമാറിന്‍റെ പ്രവചനം അനതിവിദൂരഭാവിയില്‍ ശരിയായി ഭവിക്കും.