വിവാദങ്ങളുണ്ടാക്കി പിഎസ്സിയെ തകര്‍ക്കരുത്

അഗസ്ത് അവസാനവാരം തിരുവനന്തപുരം ജില്ലയില്‍ അനു എന്ന ചെറുപ്പക്കാരന്‍ പിഎസ്സി റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും നിയമനം ലഭിക്കാത്തതിനാല്‍ ലിസ്റ്റിന്‍റെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതായി വാര്‍ത്ത വന്നിരുന്നു. ആരുടെ ആത്മഹത്യയും ദുഃഖകരവും ഒഴിവാക്കപ്പെടേണ്ടതും തന്നെ. ഈ ആത്മഹത്യയില്‍ പ്രതിപക്ഷം അനുശോചനവും പ്രതിഷേധവും പ്രകടിപ്പിച്ച് ചെറുപ്പക്കാരെ എല്‍ഡിഎഫ് സര്‍ക്കാരിനു എതിരായി അണിനിരത്താന്‍ ശ്രമിച്ചിരുന്നു.

ഈ സംഭവത്തെ മാത്രമല്ല, പിഎസ്സിയെയും അത് നടത്തുന്ന നിയമനങ്ങളെയും കരിതേച്ചു കാണിക്കാന്‍ പ്രതിപക്ഷവും അതിനെ അനുകൂലിക്കുന്ന പല മാധ്യമങ്ങളും മാസങ്ങളായി കൊണ്ടുപിടിച്ച പ്രചരണം നടത്തുകയുണ്ടായി. പ്രധാന കാരണം ഈ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം സര്‍ക്കാരിലെ ഒഴിവുകളെല്ലാം സമയബന്ധിതമായി നികത്താന്‍ ചിട്ടയായ നടപടികള്‍ കൈക്കൊണ്ടതാണ്. മാത്രമല്ല, ആരോഗ്യം, വിദ്യാഭ്യാസം മുതലായ വകുപ്പുകളിലായി നിരവധി പുതിയ തസ്തികകള്‍ ഈ സര്‍ക്കാര്‍ സൃഷ്ടിക്കുകയും ചെയ്തു. അതിന്‍റെയെല്ലാം ഫലമായി നാലുവര്‍ഷം പൂര്‍ത്തിയാക്കിയപ്പോഴേക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍, യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തില്‍ നിയമിച്ചതിലും ഇരുപതിനായിരത്തോളം പേരെ കൂടുതലായി നിയമിക്കുകയും ചെയ്തു. പിഎസ്സി അപേക്ഷ ക്ഷണിക്കുന്നത്, ടെസ്റ്റ് നടത്തി യോഗ്യരായവരുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്, സര്‍ക്കാര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്, പിഎസ്സി അഡ്വൈസ് മെമ്മോ നല്‍കുന്നത് എന്നിവയിലെല്ലാം കാര്യക്ഷമത വര്‍ധിച്ചതായി യുവാക്കള്‍ ഉള്‍പ്പെടെ ജനങ്ങള്‍ക്കെല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്.

ഇങ്ങനെ മികവു കാട്ടിയ പിഎസ്സിയെ ഇടിച്ചുതാഴ്ത്താനായി ചില മാധ്യമങ്ങളും പ്രതിപക്ഷ കക്ഷികളും അതിനെക്കുറിച്ച് നട്ടാല്‍ പൊടിക്കാത്ത പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴും അത് ചെയ്യുന്നു. എന്നാല്‍, പിഎസ്സിയും സര്‍ക്കാരും വസ്തുതകള്‍ നിരത്തി അവയെ തുറന്നുകാണിച്ചിട്ടുമുണ്ട്. അതിനാല്‍ പിഎസ്സി നിയമനം നടത്തുന്നതില്‍ വീഴ്ച വരുത്തിയെന്നോ കള്ളത്തരം കാണിച്ചുവെന്നോ ഒക്കെയുള്ള പ്രചരണത്തിനു കാറ്റു പിടിച്ചില്ല. അതിനാല്‍ പ്രതിപക്ഷപാര്‍ടികള്‍ക്കും അവയെ നയിക്കുന്ന മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനെ ആക്ഷേപിക്കാന്‍ പുതിയ വിഷയങ്ങള്‍ തേടേണ്ടി വന്നു.

എങ്കിലും, യുവാക്കള്‍ക്കും പൊതുവില്‍ ജനങ്ങള്‍ക്കും ഇടയില്‍ പിഎസ്സിയെക്കുറിച്ച് തെറ്റായ ധാരണകള്‍ പരക്കാന്‍ പ്രതിപക്ഷ-മാധ്യമ നീക്കങ്ങള്‍ ഇടയാക്കിയിട്ടുണ്ട്. പിഎസ്സിയുടെ പ്രവര്‍ത്തനം സംബന്ധിച്ച തെറ്റായ ധാരണകളാണ് അതിനു അടിസ്ഥാനം. അത് സര്‍ക്കാരിന്‍റെ ഒരു വകുപ്പല്ല, നിയമസഭ പാസാക്കിയ നിയമപ്രകാരം നിലവില്‍വന്ന സ്ഥാപനമാണ്. അതിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനു ഇടപെടാന്‍ നിയമപ്രകാരം കഴിയില്ല. ഓരോ വകുപ്പിലും ഒഴിവുകള്‍ ഉണ്ടാകുകയോ പിഎസ്സി തയ്യാറാക്കിയ യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ പട്ടിക ഇല്ലാതിരിക്കുകയോ, നിലവിലുള്ള പട്ടികയുടെ കാലാവധി തീരുകയോ ചെയ്യുമ്പോള്‍ പിഎസ്സി അപേക്ഷകള്‍ ക്ഷണിക്കുന്നു. പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവ ആവശ്യംപോലെ നടത്തി പട്ടിക തയ്യാറാക്കി പ്രസിദ്ധപ്പെടുത്തുന്നു. അവയില്‍നിന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതനുസരിച്ച് പിഎസ്സി ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്വൈസ് മെമ്മോ നല്‍കുന്നു. അവര്‍ നിയമിക്കപ്പെടുന്നു. ഓരോ പട്ടികയുടെയും കാലാവധി തീരുംവരെ അത് തുടരും.

പിഎസ്സി തയ്യാറാക്കുന്ന ഓരോ പോസ്റ്റിനുമുള്ള പട്ടികയില്‍ മൂന്നുഭാഗങ്ങള്‍ ഉണ്ടാകും. പൊതു, ഒബിസി സംവരണം, പട്ടികവിഭാഗ സംവരണം എന്നിങ്ങനെ മൂന്നെണ്ണം. സര്‍ക്കാര്‍ ഒഴിവുകളില്‍ ഒന്ന്, മൂന്ന്, അഞ്ച് മുതലായ സ്ഥാനങ്ങള്‍ പൊതുലിസ്റ്റില്‍ നിന്നും രണ്ട്, നാല്, ആറ് മുതലായവ ഒബിസി-പട്ടികവിഭാഗ സംവരണ ലിസ്റ്റുകളില്‍നിന്ന് അതിന്‍റെ ക്രമപ്രകാരവും നിയമനം നടത്തും. മുമ്പ് മൂന്നുവര്‍ഷമായിരുന്നു ഒരു പിഎസ്സി ലിസ്റ്റിന്‍റെ കാലാവധി. അപേക്ഷ ക്ഷണിച്ച് പരീക്ഷയും ഇന്‍റര്‍വ്യൂം നടത്തി ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ അത്രയും കാലം എടുക്കുമായിരുന്നു. അക്കാലത്ത് രണ്ടാം അല്ലെങ്കില്‍ മൂന്നാം വര്‍ഷമാകുമ്പോള്‍ ലിസ്റ്റിലുള്ള പലരും മറ്റു തൊഴിലുകള്‍ തേടിപ്പോകാറുണ്ട്. അതിനാല്‍ റാങ്ക് ലിസ്റ്റില്‍ പേരുകള്‍ കുറവായാല്‍ നിയമനത്തിനു ആളെ കിട്ടാതെ വരും. ഈ സ്ഥിതി തുടര്‍ച്ചയായി ഉണ്ടായപ്പോള്‍ കോടതികള്‍ ഇടപെട്ട് റാങ്ക് ലിസ്റ്റില്‍ ആവശ്യമുള്ളതിന്‍റെ 3 മുതല്‍ 6 വരെ ഇരട്ടിപേരെ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു. അതിനാല്‍ റാങ്ക് ലിസ്റ്റില്‍ പേരുള്ളവര്‍ക്കെല്ലാം നിയമനം ലഭിക്കണമെന്നില്ല. ഇപ്പോഴാണെങ്കില്‍ സാങ്കേതികവിദ്യയുടെ മുന്നേറ്റം കൊണ്ട് അപേക്ഷ ക്ഷണിച്ച് ഒരു വര്‍ഷത്തിനകം തന്നെ പിഎസ്സിക്ക് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരക്കാന്‍ കഴിയുന്നുമുണ്ട്.

ആത്മഹത്യ ചെയ്ത അനുവിന്‍റെ പേര് ഉണ്ടായിരുന്ന ലിസ്റ്റിന്‍റെ കാലാവധി ഒരു വര്‍ഷമായിരുന്നു. മുന്‍ യുഡിഎഫ് സര്‍ക്കാരാണ് പൊലീസ് - എക്സൈസ് തുടങ്ങിയ യൂണിഫോമ്ഡ് തസ്തികകളുടെ കാലാവധി ഒരു വര്‍ഷമായി കുറച്ചത്. അനു ഉള്‍പ്പെട്ട ലിസ്റ്റിന്‍റെ കാലാവധി കഴിഞ്ഞ ഏപ്രിലില്‍ തീരേണ്ടതായിരുന്നു. കോവിഡ് 19 ബാധ മൂലം ഇത്തരം എല്ലാ ലിസ്റ്റുകളുടെയും കാലാവധി ജൂണ്‍ വരെ നീട്ടി. എങ്കിലും 77-ാം റാങ്കുകാരനായ അനുവിനു നിയമനം ലഭിച്ചില്ല. ഇത് സര്‍ക്കാരിന്‍റെയോ പിഎസ്സിയുടെയോ ഉപേക്ഷ കൊണ്ടല്ല. നിവിലുള്ള ഒഴിവുകളെല്ലാം നികത്തപ്പെട്ടുകഴിഞ്ഞു. അനുവിന്‍റെ കാര്യത്തില്‍ മാത്രമല്ല, മറ്റു പലരുടെയും കാര്യത്തിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. 

എല്‍ഡിഎഫ് സര്‍ക്കാര്‍ നിരവധിപേരെ പിഎസ്സി ലിസ്റ്റില്‍ നിന്നല്ലാതെ നിയമിക്കുന്നു എന്ന ആരോപണം പ്രതിപക്ഷവും ചില മാധ്യമങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. അത് പുതിയ കാര്യമല്ല. പിഎസ്സി വഴി നിയമനം സ്ഥിര തസ്തികകളിലേക്കാണ്. പഞ്ചവത്സര പദ്ധതികളിലും മറ്റുമായി കുറഞ്ഞ കാലത്തേക്ക് നിയമനം വേണ്ടിവരും. അതിനാണ് കേന്ദ്ര സര്‍ക്കാര്‍ തന്നെ പണ്ട് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് ആരംഭിച്ചത്. അതുവഴി പരമാവധി 179 ദിവസത്തേക്കേ ആരെയും നിയമിക്കാനാകൂ. അതുകഴിഞ്ഞാല്‍ ഒന്നുകില്‍ തുടര്‍നിയമനം വേണം അല്ലെങ്കില്‍ പുതിയ ആളെ നിയമിക്കണം. അത്തരം തസ്തികകളിലേക്ക് പിഎസ്സി പട്ടികയില്‍ നിന്ന് നിയമിക്കാനാവില്ല. കാരണം പിഎസ്സി സ്ഥിരനിയമനത്തിനു മാത്രമാണ്.

പിന്നീട് കേന്ദ്ര സര്‍ക്കാര്‍ മറ്റൊരു തരത്തിലുള്ള നിയമനത്തിന് വഴി തുറന്നു. ചില വലിയ പദ്ധതികള്‍ നടപ്പാക്കുന്നതിന്‍റെ ചുമതല സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്ന ചില വിദേശ, സ്വദേശ ഏജന്‍സികള്‍ക്ക് നല്‍കും. ഒരു വൈദ്യുതി പദ്ധതി, വ്യവസായ വകുപ്പില്‍ ഒരു പുതിയ സ്ഥാപനം അല്ലെങ്കില്‍ അതിലെ പുതിയ വിഭാഗം ആരംഭിക്കുന്നതിനുള്ള പദ്ധതി എന്നിങ്ങനെ പലതും. ഇവയില്‍ നിയമനം നടത്തുക ആ പദ്ധതി നടപ്പാക്കാനുള്ള കരാര്‍ ലഭിച്ച കമ്പനിയാണ്. ഇത് പുതിയ സംഗതിയല്ല. ദശകങ്ങളായി കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും കീഴില്‍ നിലനില്‍ക്കുന്ന നടപടിക്രമമാണ്.

മുകളില്‍ പറഞ്ഞ താല്‍ക്കാലിക നിയമനത്തിനും ഓരോ പദ്ധതിക്കുള്ള നിശ്ചിതകാല നിയമനത്തിനും എന്തുകൊണ്ട് പിഎസ്സിയിലെ പട്ടികകളില്‍ നിന്ന് ആളെ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുക്കുന്നില്ല എന്ന ചോദ്യം പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവരും ചില മാധ്യമങ്ങളും ഉന്നയിക്കുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലത്ത് മാത്രമല്ല, അതിനുമുമ്പ് എ കെ ആന്‍റണി, കെ കരുണാകരന്‍ മന്ത്രിസഭകളുടെ കാലത്തും നിലനിന്നിരുന്ന സമ്പ്രദായമാണ് മുകളില്‍ വിവരിച്ചത്. പിഎസ്സി നിയമനം കാത്തിരിക്കുന്ന പല ചെറുപ്പക്കാര്‍ക്കും ആ വസ്തുത അറിഞ്ഞുകൊള്ളണമെന്നില്ല. അതിനെ ദുരുപയോഗം ചെയ്ത് അവരെ എല്‍ഡിഎഫ് സര്‍ക്കാരിനു എതിരാക്കാനാണ് മേല്‍പറഞ്ഞവര്‍ വസ്തുതകള്‍ മറച്ചുവച്ചും വളച്ചൊടിച്ചും അവതരിപ്പിക്കുന്നത്.

സര്‍ക്കാരിനു, അത് ഏത് പാര്‍ടിയോ മുന്നണിയോ നയിക്കുന്നതായാലും, ചട്ടപ്പടിയേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. പിഎസ്സി നിയമനം വേണ്ടയിടങ്ങളില്‍ താല്‍ക്കാലിക നിയമനം നടത്തിയാല്‍ കോടതി അതിന്‍റെ ചെവിക്കു പിടിക്കും. പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും എന്തും പറയാം, പ്രസിദ്ധപ്പെടുത്താം. പക്ഷേ, നിയമപ്രകാരമല്ലാത്ത കാര്യങ്ങള്‍ അവര്‍ ഉന്നയിച്ചാല്‍, സര്‍ക്കാരോ അറിവുള്ളവരോ അത് സംബന്ധിച്ച വസ്തുതകള്‍ നിരത്തിയാല്‍ അവര്‍ ഉടുതുണി നഷ്ടപ്പെട്ടവരെപ്പോലെ തുറന്നുകാട്ടപ്പെടും. പ്രതിപക്ഷനേതാവിനും ചില മാധ്യമങ്ങള്‍ക്കും സര്‍ക്കാരും മറ്റും വസ്തുതകള്‍ വെളിപ്പെടുത്തുമ്പോള്‍ സംഭവിക്കുന്നത് അതാണ്.