കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്‍റെ ഇതിഹാസനായകന്‍

സി പി അബൂബക്കര്‍

ഇന്ത്യയിലെ കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്‍റെ പ്രാരംഭകാലം അപ്രതിഹതന്മാരായ അനേകം നേതാക്കളുടെ സാന്നിധ്യം വഴി സമ്പന്നമായിരുന്നു. താഷ്കന്‍റിലാരംഭിച്ച്, കാണ്‍പൂരിലൂടെ, മറ്റനേകം രാഷ്ട്രീയകേന്ദ്രങ്ങളിലൂടെ ക്രമത്തില്‍വലിയസമരശക്തിയാര്‍ജ്ജിച്ച പ്രസ്ഥാനമാണത്. എം എന്‍ റോയ് മുതല്‍ മുസഫര്‍ അഹമ്മദുവരെയുള്ള ധീരരായ നേതാക്കളാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കമ്യൂണിസ്റ്റുപ്രസ്ഥാനം കെട്ടിപ്പടുത്തത്. ഈ നേതൃനിരയില്‍ അനിഷേധ്യമായ സ്ഥാനമാണ് അമീര്‍ഹൈദര്‍ഖാനുള്ളത്. പ്രസ്ഥാനത്തിന്‍റെ ആദ്യനാളുകളിലെ ചരിത്രത്തില്‍നിന്ന് അമീര്‍ഹൈദര്‍ഖാന്‍റെ നാമധേയം വേര്‍തിരിച്ചുനിര്‍ത്താനാവില്ല. അസാമാന്യമായ ഇച്ഛാശക്തിയുടെയും ഉല്‍ക്കര്‍ഷേച്ഛയുടെയും ഫലമായി ഉയര്‍ന്നുവന്ന നേതാവാണ് അമീര്‍ഹൈദര്‍ഖാന്‍. 


ഇന്നത്തെ പാകിസ്ഥാനിലെ റാവല്‍പിണ്ടിക്കടുത്തുള്ള ഒരു കുഗ്രാമത്തിലായിരുന്നു അമീറിന്‍റെ ജനനം. ദരിദ്രരും നിരക്ഷരരുമായിരുന്നു അമീറിന്‍റെ മാതാപിതാക്കള്‍. ദരിദ്രകര്‍ഷകരുടെ ഗ്രാമമായിരുന്നു അത്. ഒരുകാലത്ത് അത്യപൂര്‍വമായ ഒരു സംസ്കൃതിയുടെ കേന്ദ്രമായിരുന്നു അമീറിന്‍റെ ജനനസ്ഥലവും ചുറ്റുമുള്ള പ്രദേശങ്ങളും. ഗാന്ധാര സംസ്കൃതിയുടെ പുകള്‍ പ്രാചീനകാലത്തു ലോകമെമ്പാടും സുഗന്ധം പരത്തിയിരുന്നു. ഝലം നദിയുടെ ഒഴുക്കു മാറിയതാവാം, അവരുടെ കൃഷിസ്ഥലികളുടെ ഫലപുഷ്ടി നഷ്ടമായി. ജനിച്ച മണ്ണിനോടൊട്ടി നില്ക്കുകമാത്രമായിരുന്നു ഈ ഗ്രാമീണ കര്‍ഷക ജനതയുടെ വിധി. ബുദ്ധമഹാത്മാവിന്‍റെ സന്ദേശങ്ങള്‍ പ്രസരിച്ചിരുന്ന നാട് വെറുമൊരു ഊഷരഗ്രാമമായി പരിണിച്ചു. അശോകസ്തൂപങ്ങളും സ്തംഭങ്ങളും ഇവിടങ്ങളിലുണ്ടായിരുന്നു. കാലവും ഋതുക്കളും വരുത്തിയ മാറ്റങ്ങളില്‍ പഴയ ശാദ്വലതടങ്ങള്‍ സൈകതങ്ങളാവുകയും പുതിയഭൂപ്രദേശങ്ങള്‍ മനുഷ്യരെ ആകര്‍ഷിക്കുകയും ചെയ്യുന്നു. 


അഞ്ചാമത്തെ വയസ്സില്‍ അമീറിന്‍റെ പിതാവു മരണപ്പെട്ടു. തുടര്‍ന്ന് അമ്മ മറ്റൊരാളെ വിവാഹം ചെയ്തു. ഇളയച്ഛന്‍റെ കടുത്തപീഡനങ്ങളാണ് അമീറിനനുഭവിക്കേണ്ടിവന്നത്.  സഹോദരന്‍ ഷെര്‍ അലിയും സഹോദരി നൂറും ഉണ്ടായിരുന്നെങ്കിലും അവരാരും അമീറിനെ സംരക്ഷിക്കത്തക്ക ശേഷിയുള്ളവരായിരുന്നില്ല. പലതവണ വീടുവിട്ടോടിപ്പോയഅമീറിനെ ഇളയച്ഛനോ ഷെര്‍ അലിയോകണ്ടുപിടിക്കുകയും വീണ്ടും പഴയതരത്തിലുള്ള പീഡനങ്ങള്‍ അവന് ഏറ്റുവാങ്ങേണ്ടിവരികയും ചെയ്തു.  വിദ്യാഭ്യാസം ചെയ്യണമെന്നത് അമീറിന്‍റെ ജൈവികമായ അഭിലാഷമായിരുന്നു. ചില സ്കൂളുകളില്‍ ചേര്‍ത്തെങ്കിലും അവിടെയൊക്കെ കടുത്ത മര്‍ദ്ദനമുറകളാണ് അമീര്‍നേരിട്ടത്. ഒരു മൗലവിയോടൊത്തു ഗുരുകുലരീതിയിലുള്ള വിദ്യാഭ്യാസത്തിനും അവനെ വിട്ടുവെങ്കിലും അതും അമീറിനു സംതൃപ്തി നല്‍കിയില്ല. അവസാനം അവന്‍ ശരിക്കും നാടുവിട്ടുപോയി. 


കല്ക്കത്തയിലെത്തിയ അമീറിനു അനേകം പ്രതിസന്ധികള്‍ഉണ്ടായി. സാമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങള്‍നേരിടേണ്ടതായിവന്നു. കല്ക്കത്തയിലെ ജീവിതത്തിനിടയില്‍ ജീവിതത്തിന്‍റെ അനാശാസ്യമായ പലമുഖങ്ങളും അയാള്‍ക്കു കാണേണ്ടിവന്നു. എവിടെയും സാധാരണമനുഷ്യന്‍റെ സ്ഥിതി ദയനീയമാണെന്ന് അയാള്‍ മനസ്സിലാക്കി. കല്ക്കത്തയിലെ ജീവിതം സഹോദരനോടൊപ്പമായിരുന്നു. നരകതുല്യമായഈ ജീവിതത്തിനിടയില്‍ ജയിലിലാക്കപ്പെട്ടസഹോദരന്‍റെ വിടുതലോടെ രണ്ടുപേരും സ്വന്തം ഗ്രാമത്തിലേക്കുതിരിച്ചുവന്നു.  അവിടെ ഒന്നും മാറിയിരുന്നില്ല. ഝലം നദിയില്‍ രണ്ടുവര്‍ഷവും വെള്ളപ്പൊക്കമുണ്ടായി. കുടിലുകളും മരങ്ങളും മൃഗങ്ങളുമെല്ലാം ഒലിച്ചുപോയി. വൈകാതെ ഒരു തൊഴില്‍തേടി ഹൈദര്‍ വീണ്ടും യാത്രയായി. ഈ അലച്ചിലുകള്‍ക്കിടയില്‍ അയാള്‍ അല്പകാലം ബോംബെയിലും തങ്ങി. അവിടെ തെരുവുകുട്ടികളോടൊപ്പമാണ് ഹൈദര്‍ ജീവിച്ചിരുന്നത്. ദുരിതങ്ങള്‍ നിറഞ്ഞ ജീവിതമായിരുന്നു അത്. പക്ഷേ, ഒരു കാരണവശാലും ഗ്രാമത്തിലേക്കു തിരിച്ചുപോവുകയില്ലെന്ന് ഹൈദര്‍ നിശ്ചയിച്ചിരുന്നു. ഈ ബോംബെ ജീവിതത്തിനിടയിലാണ് അയാള്‍ക്ക് കപ്പല്‍ത്തുറയിലും തുടര്‍ന്ന് കപ്പലിയും ജോലി ലഭിക്കുന്നത്. അതിനിടയില്‍ ദക്ഷിണേന്ത്യക്കാരനായ ഒരു ദാദയോടൊപ്പം ചേര്‍ന്ന് ദാദയായിത്തീരുകയും ചെയ്തു, ഹൈദര്‍. 


പക്ഷേ, കപ്പലിലെ ജോലി പുതിയ ലോകത്തിലേക്കുള്ള അയാളുടെ വാതായനമായിരുന്നു. ഹൈദറിനെ കപ്പലിലെ തൊഴിലിനു നിയോഗിച്ച ആള്‍ അയാളോട് പറഞ്ഞു: 'ഇനി നിന്‍റെ ജീവിതം മാറും. നിനക്കു പണം സമ്പാദിക്കാനാവും. പുതിയ പുതിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. പണം ദുര്‍വ്യയം ചെയ്യരുത്. അതു ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുക. നാട്ടില്‍ ഒരു വളര്‍ച്ചയുമുണ്ടായിട്ടില്ല. ജനസംഖ്യമാത്രമാണ് വളര്‍ന്നിരിക്കുന്നത്. ചിലര്‍ പട്ടാളത്തില്‍ ചേരുന്നു. മറ്റു ചിലര്‍ കപ്പല്‍പ്പണിക്കുവരുന്നു. തുറമുഖങ്ങളിലെല്ലാം വ്യത്യസ്തമായ പലകാര്യങ്ങളും നീ കാണും. പക്ഷേ നല്ല കരുതല്‍വേണം'. ഒന്നാം ലോകയുദ്ധത്തിന്‍റെ കാലമായിരുന്നു അത്. കപ്പല്‍ബസ്രയിലേക്കും മറ്റു വിഖ്യാത തുറമുഖങ്ങളിലേക്കും യാത്രചെയ്തു. ഹൈദറിന്‍റെ ജീവിതത്തില്‍ പുതിയചക്രവാളങ്ങള്‍ ദൃശ്യമാവുകയായിരുന്നു. കപ്പലില്‍ വെച്ചുതന്നെ ഹൈദര്‍ തന്‍റെ സംഘാടനശേഷി തെളിയിച്ചു. ക്രമേണ അയാള്‍ നേതൃത്വഗുണങ്ങളും കാണിച്ചുതുടങ്ങി. 


നിരന്തരമായ യാത്രകള്‍ക്കിടയിലൊരുതവണ അദ്ദേഹം കുറേക്കാലം അമേരിക്കയിലും താമസിച്ചു.ഏതാണ്ടു മൂന്നരക്കൊല്ലമാണ് അദ്ദേഹം അമേരിക്കയിലുണ്ടായിരുന്നത്. അക്കാലത്ത് അദ്ദേഹം അമേരിക്കന്‍ പൗരത്വം നേടിയെടുത്തു.  ആദ്യം കൊളംബോയിലും അവിടെനിന്ന് മനിലയിലും പിന്നീട് വ്ളാഡിവോസ്റ്റോക്കിലും ലണ്ടനിലും അല്പം കഴിഞ്ഞ് അമേരിക്കയിലുമെത്തി. കേവലം 15 വയസ്സുപ്രായം മാത്രമുള്ളപ്പോള്‍ അദ്ദേഹം പല കപ്പലുകളിലും കപ്പല്‍ജോലിക്കാരുടെ തലവനായി അംഗീകരിക്കപ്പെടുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അമേരിക്കയിലാണ് തന്‍റെ വിദ്യാഭ്യാസമെന്ന ജൈവികാഭിലാഷം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞത്. തന്നേക്കാള്‍ 16 വയസ്സുകൂടുതലുള്ള അയര്‍ലണ്ടുകാരനായ ജോസഫ് മില്‍കിന്‍ എന്ന ഓഫീസറുമായി പരിചയപ്പെട്ടപ്പോഴേക്കും ലോകയുദ്ധം അസാനിച്ചിരുന്നു.

 

ഐറിഷ്സ്വാതന്ത്ര്യസമരസേനാനിയായിരുന്നു കപ്പിത്താനായ ജോസഫ് മില്‍കിന്‍. അദ്ദേഹം ഹൈദറിനോട് പറഞ്ഞു:'നമ്മുടെ യുദ്ധം അവസാനിച്ചു. പക്ഷേ നിങ്ങളുടെ യുദ്ധം തുടരുകയാണ്. സ്വാതന്ത്ര്യം നേടുന്നതുവരെ അടിമകളുടെ യുദ്ധം തുടരും'. അദ്ദേഹം ഹൈദറിനു ഒരുപദേശം കൂടി നല്‍കി:' സ്വാതന്ത്ര്യം വേണമെങ്കില്‍ നീ ഇംഗ്ലീഷുഭാഷപഠിക്കണം. '. തുറമുഖത്തിറങ്ങുമ്പോള്‍ അവിടെ അഭിസാരികമാര്‍മാത്രമല്ല ഉണ്ടാവുക, വേറെ ചിലആളുകളുമുണ്ടാവും. അവരുമായി ബന്ധപ്പെടണമെന്നും ജോസഫ് അമീറിനെ ഉപദേശിച്ചു. ജോസഫുമായുള്ള സംഭാഷണങ്ങളിലൂടെയാണ് അമീര്‍ഹൈദര്‍ഖാന്‍ ഇന്ത്യന്‍സ്വാതന്ത്ര്യപ്രസ്ഥാനത്തിലേക്കാകൃഷ്ടനായത്. എല്ലാ കോളണിമേധാവികളും ജനങ്ങളെ വിഭജിച്ചുഭരിക്കുകയാണ് ചെയ്യുന്നതെന്നും അവരെ ഏകീകരിച്ചുനിര്‍ത്തണമെന്നും ജോസഫ് ഉദ്ബോധിപ്പിച്ചു. അപ്പോള്‍ അതിനുള്ള മറുപടിയായി ഹൈദര്‍ഖാന്‍ പ്രതിജ്ഞചെയ്തു: 'മാതൃഭൂമിയുടെ വിമോചനത്തിനുവേണ്ടിയുള്ളപോരാട്ടത്തിനായി ഞാന്‍സ്വയം ഉഴിഞ്ഞുവെക്കുന്നു'. ഒരുകാര്യം കൂടി ജോസഫ് ഓര്‍മ്മിപ്പിച്ചു. വെറും വൈകാരികതവഴി ഒരുസമരവും നടക്കുകയില്ല. സമരം തുടര്‍ന്നുപോവണമെങ്കില്‍ പണം വേണം. അതുകൊണ്ട് ധാരാളം സമ്പാദിക്കണം, വളരെ ചുരുക്കിചെലവഴിക്കണം, സമ്പാദ്യമുണ്ടാക്കണം, ഭാവിക്കുവേണ്ടികരുതിവെക്കണം. അമേരിക്കയിലെ ഇന്ത്യക്കാരുടെ സംഘങ്ങളില്‍ ജോസഫിനൊപ്പം പങ്കെടുത്ത ഹൈദര്‍ ന്യൂയോര്‍ക്കിലുണ്ടായിരുന്ന ലാലാ ലജപത് റായിയുമായി സംസാരിക്കുകയും ഇനിയുള്ള ജീവിതം രാഷ്ട്രത്തിനായി സമര്‍പ്പിക്കാന്‍തീരുമാനിക്കുകയും ചെയ്തു. ജാതിമതഭേദമെന്യേ ഇന്ത്യക്കാരായ ആളുകള്‍ അമേരിക്കയില്‍ ഇന്ത്യന്‍ വിമോചനത്തെ പറ്റി സംവദിക്കുന്നതും ചര്‍ച്ചചെയ്യുന്നതും ഹൈദറിനെ ആവേശഭരിതനാക്കി. 


ഈ ജീവിതത്തിനിടയിലാണ് അദ്ദേഹം ഗദര്‍പാര്‍ട്ടിനേതാവായ പ്രേംസിങ്ങുമായി പരിചയപ്പെടുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യമെന്നവികാരത്തിനപ്പുറം കൃത്യമായധാരണകളും പരിപാടികളുമുണ്ടായിരുന്നു ഗദര്‍പാര്‍ടിക്ക്. പ്രേംസിങ്ങിന്‍റെ സംവാദവിഷയം എല്ലായ്പോഴും വിപ്ലവവും സ്വാതന്ത്ര്യവുമായിരുന്നു. ഇതിനിടയിലാണ് കോമഗതമാരു സംഭവം നടക്കുന്നത്. ആ സംരംഭം പരാജയപ്പെട്ടുവെങ്കിലും അത് ഇന്ത്യന്‍വംശജരില്‍ തീവ്രമായ വിപ്ലവബോധം വളര്‍ത്തി. പ്രേംസിങ് ഹൈദറിനെ ഇതരസഖാക്കള്‍ക്കു പരിചയപ്പെടുത്തിക്കൊടുത്തു. ചീനയിലും ഇതര വിദൂരപൗരസ്ത്യരാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരെ അവരുടെ ദയനീയസ്ഥിതി ബോധ്യപ്പെടുത്തുന്നതിനു വേണ്ടി ചീനയിലും മറ്റു ഏഷ്യന്‍രാജ്യങ്ങളിലും സഞ്ചരിക്കണമെന്ന് പ്രേംസിങ്ങ് നിര്‍ദ്ദേശിച്ചു. ജാലിയന്‍വാലാബാഗ് സംഭവത്തെ പറ്റിയും ഇന്ത്യക്കാരെ ബ്രിട്ടീഷ് സാമ്രാജ്യഭരണം എത്ര ഹീനമായാണ് വീക്ഷിക്കുന്നത് എന്നതിനെ പറ്റിയും എല്ലാ നാട്ടിലെയും ഇന്ത്യക്കാരെ ബോധ്യപ്പെടുത്തണം. 


    സംഘര്‍ഷഭരിതമായ വളവുതിരിവുകളിലൂടെ അമീര്‍ഹൈദര്‍ഖാന്‍റെ ജീവിതം മുന്നേറി. അതിനിടയില്‍ വംശീയവാദികളുമായി ദ്വന്ദ്വയുദ്ധത്തില്‍പോലും ഏര്‍പ്പെടേണ്ടിവരുന്നുണ്ട്. ഒരു വിപ്ലവകാരിയുടെ ജീവിതം രൂപപ്പെടുന്നതിനുള്ള ദുര്‍ഘടവീഥികളിലൂടെയായിരുന്നു ഹൈദര്‍ഖാന്‍റെ യാത്ര. ഫ്രാങ്കുമായുള്ള ബന്ധത്തിലാണ് ഹൈദര്‍ഖാന്‍റെ ജീവിതം ശരിയായ ഒരുരാഷ്ട്രീയദിശയിലേക്കുതിരിയുന്നത്. 'തൊഴിലാളിവര്‍ഗം പണിമുടക്കുന്നത് അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്കു തൊഴിലുടമകള്‍ ചെവികൊടുക്കാതിരിക്കുമ്പോഴാണ്. തൊഴില്‍ സാഹചര്യങ്ങള്‍, കൂലി, സാമൂഹികസുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങള്‍ നിര്‍വ്വഹിക്കാതിരിക്കുമ്പോഴാണ്'. ഈ സംഭാഷണങ്ങള്‍വഴി ഹൈദര്‍ പ്രബുദ്ധത കൈവരിക്കുകയായിരുന്നു. കറുത്തവരോടുള്ള അമേരിക്കന്‍ വെള്ളക്കാരുടെ വംശീയപക്ഷപാതം അവരുടെ ചര്‍ച്ചയിലുയര്‍ന്നുവന്നു. "വലിയ തൊഴിലാളിപണിമുടക്കുകളുണ്ടാവുമ്പോള്‍ ഭരണാധികാരികളും മതപുരോഹിതരും ഐക്യപ്പെടുന്നു" എന്നു ഫ്രാങ്ക് പറഞ്ഞു. കണ്‍മുമ്പിലെ ഈ യാഥാര്‍ത്ഥ്യം ഇതുവരെ തെളിഞ്ഞുകാണാതിരുന്ന ഹൈദറിനു പുതിയ ഒരു ലോകസങ്കല്പം ഉണ്ടാവുകയായിരുന്നു. 'പുതിയൊരുനേതാവ് ലോകത്തിലുദയം ചെയ്തിട്ടുണ്ട്. ലെനിന്‍ എന്നാണദ്ദേഹത്തിന്‍റെ പേര്. അദ്ദേഹം തൊഴിലെടുക്കുന്ന മനുഷ്യരെസംഘടിപ്പിച്ചു. അനീതിയുടെയും അടിച്ചമര്‍ത്തലിന്‍റെയും മറ്റൊരുരൂപമാണ് ഭരണകൂടം എന്ന് അദ്ദേഹം അവര്‍ക്കുവിശദീകരിച്ചുകൊടുത്തു. ഗവണ്‍മെന്‍റ് ഭരണകൂട അടിച്ചമര്‍ത്തലിന്‍റെ ഒരുപകരണം മാത്രമാണെന്ന് അവരെ പഠിപ്പിച്ചു. അങ്ങനെ തൊഴിലാളികള്‍ അതിനെതിരെ സംഘടിച്ചു. അവരുടെ പാര്‍ട്ടിയുടെ പേര് ബോള്‍ഷെവിക്ക് പാര്‍ട്ടിയെന്നാണ്'. അതിനിടെ ഹൈദര്‍ഖാന്‍ സിവില്‍ ഏവിയേഷന്‍ പരിശീലനം നേടുകയും ഒരു പൈലറ്റായിത്തീരുകയും ചെയ്തു. അത്ഭുതാവഹമായ വേഗത്തിലാണ് അമീര്‍ഹൈദര്‍ഖാന്‍റെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടായിക്കൊണ്ടിരുന്നത്.  


പിന്നെ അദ്ദേഹം മോസ്കോവിലെ 'പൗരസ്ത്യലോകത്തിലെ തൊഴിലെടുക്കുന്നവര്‍ക്കുവേണ്ടിയുള്ള സര്‍വകലാശാല'യില്‍ ചേര്‍ന്നു, കറകളഞ്ഞ മാര്‍ക്സിസറ്റു ലെനിനിസ്റ്റായി പരിശീലനം നേടി. വിപ്ലവകാരിയാവുക എന്നത് പരിശീലനമാവശ്യമില്ലാത്ത ഒരെടുത്തുചാട്ടമല്ലെന്ന് അതിനകം ഹൈദര്‍ഖാന് ബോധ്യമായിരുന്നു. ഒരു ദരിദ്ര ബാലന്‍ വിശ്വവിപ്ലവത്തിന്‍റെ കേന്ദ്രമായ റഷ്യന്‍ തൊഴിലാളിവര്‍ഗ പാര്‍ടിയുടെ ശിക്ഷണത്തില്‍ വിപ്ലവകാരിയായി രൂപപ്പെടുകയായിരുന്നു. മോസ്കോവില്‍നിന്നു  കോമിന്‍റേണുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനിടെയാണ് അമീറിന് ഇന്ത്യയില്‍ പാര്‍ടി കെട്ടിപ്പടുക്കാനുള്ള നിയോഗമുണ്ടായത്.

ബോംബെയിലേക്ക് വന്നതിനെതുടര്‍ന്ന് ശ്രീപാദ് അമൃത്  ഡാംഗെ, ഗംഗാധര്‍ അധികാരി, രണദിവെ, ബ്രാഡ്ലി തുടങ്ങിയവരുമായി അദ്ദേഹം ബന്ധം വെച്ചു. ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാനുള്ള ചുമതലയാണ് അദ്ദേഹത്തിനു നല്‍കപ്പെട്ടത്. വര്‍ഷങ്ങള്‍നീണ്ടുനിന്ന യാത്രകളിലൂടെ അദ്ദേഹം വിവിധതരം മനുഷ്യരുമായി ബന്ധപ്പെട്ടു. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും പാര്‍ട്ടി ഗ്രൂപ്പുകള്‍രൂപീകരിക്കുന്നതിലും ദത്തശ്രദ്ധനായി. നല്ലകാഡര്‍മാരെ കണ്ടെത്തുന്നതിനു അമീറിനു സുശിക്ഷിതമായ വൈദഗ്ധ്യമുണ്ടായിരുന്നു. ഇന്ത്യന്‍കമ്യൂണിസ്റ്റുപ്രസ്ഥാനത്തിലെ എക്കാലത്തെയും മഹത്തായ ഒരു ലബ്ധിയായിരുന്നല്ലോ സഖാവ് സുന്ദരയ്യ. ഹൈദര്‍ഖാനെ കാണുന്ന സന്ദര്‍ഭത്തിനു മുമ്പ് ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തതിനു ജയിലിലായിരുന്നു സുന്ദരയ്യ. ജയില്‍ മോചനത്തിനു ശേഷം രക്ഷിതാക്കള്‍ അദ്ദേഹത്തെ ബാംഗ്ളൂരിലേക്കു പറഞ്ഞയച്ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ അമ്മാവന്‍ അവിടെ ജില്ലാ സെഷന്‍സ് ജഡ്ജായിരുന്നു. പഠനം പൂര്‍ണ്ണമാക്കിയതിനുശേഷം രാഷ്ട്രീയമോ മറ്റേതുമാര്‍ഗമോ സ്വീകരിച്ചുകൊള്ളൂ എന്നായിരുന്നു സുന്ദരയ്യക്കു രക്ഷിതാക്കള്‍ നല്‍കിയനിര്‍ദ്ദേശം. ഏതായാലും പ്രഥമസന്ദര്‍ശനത്തില്‍ സുന്ദരയ്യയില്‍ വലിയമാറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അമീര്‍ഹൈദര്‍ഖാന്‍റെ സ്വാധീനത്തിലാണ് സഖാവ് സുന്ദരയ്യ കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്‍റെ ഭാഗമായിത്തീര്‍ന്നത്. 


ഈ യത്നങ്ങള്‍ക്കിടയില്‍ ഹൈദര്‍ഖാന്‍ പലതവണ പൊലീസ് പിടിയിലാവുകയും ജയിലില്‍ കഴിയേണ്ടിവരികയും ചെയ്തിട്ടുണ്ട്. പാര്‍ട്ടിസംഘാടനത്തിന്‍റെ ഭാഗമായി അദ്ദേഹം കേരളത്തിലും വന്നിട്ടുണ്ട്. ഐതിഹാസികമായ ഒരുജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. അവസാനനാളുകളില്‍ അദ്ദേഹം പാകിസ്ഥാനിലായിരുന്നു. പാകിസ്ഥാനില്‍ പാര്‍ടി കെട്ടിപ്പടുക്കാനദ്ദേഹം ശ്രമിച്ചു. അദ്ദേഹവും പാര്‍ട്ടിയാപ്പീസും സാധാരണമനുഷ്യരുടെ അഭയസ്ഥാനമായിരുന്നു. പലതവണ പാകിസ്ഥാന്‍ ജയിലറകളില്‍ കഴിയേണ്ടിവന്നിട്ടുണ്ട്. അവസാനനാളുകളില്‍ താന്‍ താമസിക്കുന്നപ്രദേശത്തെ സാധാരണമനുഷ്യര്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും വേണ്ടി സ്ക്കൂള്‍സ്ഥാപിക്കുന്നതിനുവേണ്ടിയുള്ളപ്രവര്‍ത്തനങ്ങളിലാണ് അമീര്‍ഹൈദര്‍ഖാന്‍ ഏര്‍പ്പെട്ടിരുന്നത്. ഈ പ്രവര്‍ത്തനം വിജയകരമായി പൂര്‍ണ്ണമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 1900 മാര്‍ച്ചു മാസത്തില്‍ ഭൂജാതനായ അമീര്‍ ഹൈദര്‍ഖാന്‍ 1989 ഡിസംബര്‍ 26ന് നിര്യാതനായി.