മതരാഷ്ട്ര ലക്ഷ്യത്തിനായുള്ള 'സ്വാതന്ത്ര്യ സമരം'
എം ബി രാജേഷ്
ഇന്ത്യ എന്ന ആധുനിക രാഷ്ട്രം കൊളോണിയല്‍ ശക്തികള്‍ക്കെതിരായ സ്വാതന്ത്ര്യ സമരത്തില്‍ ഉയിര്‍ക്കൊണ്ടതാണ്. ആ രാഷ്ട്ര സങ്കല്പത്തിന്റെ മജ്ജയും മാംസവും രക്തവുമൊക്കെയാണ് മതനിരപേക്ഷത, ജനാധിപത്യം, ഫെഡറലിസം എന്നീ ആശയങ്ങള്‍. അതുകൊണ്ടാണ് ഇവ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളാവുന്നത്.
പക്ഷേ, ഇന്ന് സ്വതന്ത്ര ഇന്ത്യയുടെ ഭരണകൂടത്തെ നിയന്ത്രിക്കുന്ന സംഘപരിവാര്‍ നേതൃത്വത്തിലുള്ള ഹിന്ദുത്വ ശക്തികള്‍ ഈ രാഷ്ട്ര സങ്കല്പത്തെയോ അതിന്റെ അടിസ്ഥാന ആശയങ്ങളെയോ അംഗീകരിക്കുന്നവരല്ല. ഇതിനു നേര്‍വിപരീതമായ രാഷ്ട്ര സങ്കല്പം - മതാധിഷ്ഠിതമായത് - ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവര്‍. ആ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ മതനിരപേക്ഷജനാധിപത്യ രാഷ്ട്ര സങ്കല്പത്തെ ഭരണകൂടാധികാരമുപയോഗിച്ച് പൊളിച്ചെഴുതുന്ന പ്രവൃത്തിയിലാണവര് 2014-ല്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരമേറിയതു മുതല്‍ ഏര്‍പ്പെട്ടിരിക്കുന്നത്. രണ്ടാമൂഴത്തില്‍ ഭരണകൂടാധികാരത്തെ അവര്‍ കൂടുതല്‍ അക്രമോല്സുകമായിട്ടാണ് ഉപയോഗിക്കുന്നത്.
പുനര്‍ നിര്‍വചനം
സ്വാതന്ത്ര്യം എന്ന സങ്കല്പത്തെ അവര്‍ നിര്‍വചിക്കുന്നതു തന്നെ കൊളോണിയല്‍ ചൂഷകരില്‍ നിന്നുള്ള മോചനം എന്ന നിലയിലല്ല. മത ദേശീയതയുടേയും മതാധിഷ്ഠിത രാഷ്ട്ര സ്ഥാപനത്തിന്റേയും അടിസ്ഥാനത്തിലാണ്.അതായത് അവരുടെ അഭിപ്രായത്തില്‍ ബ്രിട്ടീഷുകാരില്‍ നിന്ന് മോചനം നേടിയതുകൊണ്ട് ഇന്ത്യ സ്വതന്ത്രമാവുന്നില്ല. ഇന്ത്യ ഹിന്ദു രാഷ്ട്രമാകുന്ന ദിവസം മാത്രമാണ് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമാകുന്നത് എന്ന് വിവക്ഷ.ആര്.എസ്.എസ്.മേധാവിയും പ്രത്യയശാസ്ത്രകാരനുമായിരുന്ന ഗോള്‍വാള്‍ക്കര്‍ പറയുന്നത് കേള്‍ക്കുക."യഥാര്‍ത്ഥത്തില്‍ നമ്മുടെ ദേശീയ ജീവിത മൂല്യങ്ങളുടെ അതായത് നമ്മുടെ മതം, സംസ്കാരം എന്നിവയുടെ സംരക്ഷണവും പ്രചരണവുമാണ് നമ്മുടെ ചരിത്രപരമായ പാരമ്പര്യത്തിലുടനീളം സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡമായി കണക്കാക്കപ്പെട്ടുപോന്നത്. അത് കൈവരിക്കാത്തിടത്തോളം പാരതന്ത്ര്യം മാത്രമായിരിക്കും." (1955)അതായത്, സാമൂഹികവും സാമ്പത്തികവുമായ ചൂഷണങ്ങളില്‍ നിന്നുള്ള മോചനമല്ല സ്വാതന്ത്ര്യം എന്നര്‍ത്ഥം. എപ്പോഴാണ് മതം, സംസ്കാരം എന്നിവയുടെ സംരക്ഷണവും പ്രചരണവും സാദ്ധ്യമാവുകയും 'പാരതന്ത്ര്യം' അവസാനിക്കുകയും ചെയ്യുക? മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാജ്യം നിലവില്‍ വരുമ്പോള്‍ എന്നാണ് അവര്‍ പൂരിപ്പിക്കുക.
ആരില്‍ നിന്ന് സ്വാതന്ത്ര്യം?
ഈ വീക്ഷണത്തില്‍ നിന്നാണ് അയോദ്ധ്യയിലെ രാമക്ഷേത്ര പ്രക്ഷോഭങ്ങളെ സ്വാതന്ത്ര്യ സമരമായി മോഡി വിശേഷിപ്പിക്കുന്നത്. മോഡിക്കും സംഘ പ്രത്യയശാസ്ത്രത്തിനും 'സ്വാതന്ത്ര്യ സമരം' ബ്രിട്ടീഷുകാര്‍ക്കെതിരെയല്ല. ഹിന്ദു രാഷ്ട്രത്തിന്റെ ആന്തരിക ഭീഷണികള്ക്കെതിരെയുള്ളതും ഇപ്പോഴും തുടരുന്നതുമാണ്. ആന്തരിക ഭീഷണികളാവട്ടെ മുസ്ലീം, ക്രിസ്ത്യാനി,കമ്യുണിസ്റ്റുകാര്‍ എന്നിവരാണെന്ന് സ്പഷ്ടമായി ഗോള്‍വാള്‍ക്കര്‍ നിര്‍വചിച്ചിട്ടുമുണ്ട്.(വിചാരധാര അദ്ധ്യായം 19, 20, 21 പേജ് 217, 242). ഇവയില്‍ ആദ്യത്തെ കുട്ടര്ക്കെതിരായ 'സ്വാതന്ത്ര്യ സമര'മാണ് രാമക്ഷേത്ര പ്രക്ഷോഭം എന്നാണ് ക്ഷേത്രത്തിന്റെ ശിലാന്യാസ ചടങ്ങില്‍ മോഡി പറഞ്ഞത്. ഒരു മത ചടങ്ങില്‍ ഭരണകൂടത്തിന്റെ പ്രതിനിധി എന്ന നിലയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതു തന്നെ ഭരണഘടനാവിരുദ്ധമാണ് എന്നതുപോലെ അദ്ദേഹത്തിന്റെ മേല്പറഞ്ഞ പ്രസ്താവന അക്ഷന്തവ്യമായ അപരാധമാണ്. ക്ഷേത്രത്തേയും വിശ്വാസത്തേയും രാഷ്ട്രീയവല്‍ക്കരിക്കുകയും മതരാഷ്ട്ര ലക്ഷ്യവുമായി ചേര്‍ത്ത് വ്യാഖ്യാനിക്കുകയുമാണ് മോഡി ചെയ്തത്. 2014ല്‍ പ്രധാനമന്ത്രിയായ ശേഷം പാര്‍ലമെന്റില്‍ ആദ്യം ചെയ്ത പ്രസംഗത്തില്‍ 1200 വര്‍ഷത്തെ അടിമത്തത്തെക്കുറിച്ചുള്ള മോഡിയുടെ പരാമര്‍ശവും ഈ പശ്ചാത്തലത്തില്‍ വായിക്കണം. 1200 വര്‍ഷം മുമ്പ് ശത്രുക്കള്‍ക്കെതിരായി ആരംഭിച്ചതും ഇപ്പോഴും തുടരുന്നതുമായ 'സ്വാതന്ത്ര്യ സമര'ത്തിലെ അദ്ധ്യായമാണവര്ക്ക് അയോദ്ധ്യാ പ്രക്ഷോഭം. അതിന്റെ ബാക്കിയാണ് അതേ ചടങ്ങില്‍ ആര്.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത് പറഞ്ഞത്. 'പുതിയ ഇന്ത്യയുടെ' തുടക്കം എന്നായിരുന്നു ശിലാന്യാസത്തെ ഭാഗവത് വിശേഷിപ്പിച്ചത്. ഇപ്പോഴത്തെ മതനിരപേക്ഷജനാധിപത്യ ഇന്ത്യ 'പുതിയ മതാധിഷ്ഠിത 'രാഷ്ട്രമാകുന്നതിന്റെ തുടക്കമാണിത് എന്നാണ് ഭാഗവത് പറഞ്ഞതിനര്‍ത്ഥം. അതായത് യഥാര്‍ത്ഥത്തില്‍ ശിലയിട്ടിരിക്കുന്നത് ക്ഷേത്രത്തിനൊന്നുമല്ല മതരാഷ്ട്രത്തിനാണ്.
ജനാധിപത്യത്തോടുള്ള ശത്രുത
മതരാഷ്ട്രത്തിലേക്കുള്ള ചുവടുവെയ്പുകളോരോന്നും മതനിരപേക്ഷതയെ മാത്രമല്ല, ജനാധിപത്യം, ഫെഡറലിസം എന്നീ അടിസ്ഥാന ഭരണഘടനാ മൂല്യങ്ങളെയും കുഴിച്ചുമൂടിക്കൊണ്ടായിരിക്കും. ഭരണ കൂടാധികാരത്തെ ഉപയോഗിച്ച് ഭരണഘടനയെ ഉള്ളില്‍ നിന്ന് കൊണ്ടു തന്നെ തുരന്നാണ് അവര്‍ ജനാധിപത്യത്തിനും ഫെഡറലിസത്തിനുമുള്ള കുഴികള്‍ തീര്‍ക്കുന്നത്. ഇവ രണ്ടും മതാധിഷ്ഠിത രാഷ്ട്ര സങ്കല്പത്തിന് വിരുദ്ധമായ ആശയങ്ങളാണ്. ജനാധിപത്യം ഏറ്റവും നല്ല ഭരണരീതിയാണോ എന്ന ചോദ്യത്തിന് ബര്‍ണാഡ് ഷായെ ഉദ്ധരിച്ച് ഗോള്‍വാള്‍ക്കര്‍ പറയുന്നു 'ഉദാരമതിയായ ഒരു ഏകാധിപതിയില്ലാത്തതുകൊണ്ടാണ് ജനാധിപത്യം ഉടലെടുത്തത്!' തുടര്‍ന്ന് പറയുന്നത് അതിനേക്കാള്‍ ഞെട്ടിക്കുന്നതാണ്."ഭരണഭാരം കയ്യാളുന്നവര്‍ സത്യസന്ധരും നിസ്വാര്ത്ഥികളുമാണെങ്കില് ഏതുതരം ഭരണകൂടവും മതിയാകും!!" ചുരുക്കിപ്പറഞ്ഞാല്‍ ജനാധിപത്യത്തെ പുറത്താക്കിയശേഷം വളച്ചു കെട്ടി വാദിക്കുന്നത് ഏകാധിപത്യത്തിനാണ്. കാരണം മത രാഷ്ട്രവും ജനാധിപത്യവും ഒരുമിച്ച് പുലരില്ല എന്ന് ഗോള്വാള്ക്കര്ക്കറിയാം.
ആ പാഠം മോഡിയും ബി.ജെ.പി.യും പ്രയോഗിക്കുന്നതാണ് ഇന്നത്തെ ഇന്ത്യയില്‍ കാണുന്നത്. ജനാധിപത്യ മൂല്യങ്ങളെ ചോര്‍ത്തിക്കളഞ്ഞും സ്ഥാപനങ്ങളെ ദുര്‍ബലമാക്കിയും മാത്രമേ മതരാഷ്ട്ര ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം സുഗമമാക്കാനാവൂ എന്നതിനാല്‍ ആ പ്രക്രിയ നിശ്ചയിച്ചുറപ്പിച്ച രീതിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അധികാരം വന്‍തോതില്‍ കേന്ദ്ര സര്‍ക്കാരിലും അതില്‍ തന്നെ ഏതാനും ചിലരിലുമായി കേന്ദ്രീകരിക്കുകയാണ് ജനാധിപത്യത്തെ ദുര്ബ്ബലമാക്കുന്നതിന്റെ പ്രധാന ലക്ഷണം. ജനാധിപത്യത്തിന്റെ നാല് തൂണുകളില്‍ മൂന്നും ദുര്‍ബലമാവുകയും എക്സിക്യുട്ടീവ് മാത്രം സര്‍വ ശക്തമാവുകയും ചെയ്യുന്നു. മൂന്നു പ്രധാന ഭരണകുട സ്ഥാപനങ്ങള്‍ തമ്മിലുള്ള അധികാര വിഭജനവും അധികാര സന്തുലനവും ഇതിന്റെ ഫലമായി അട്ടിമറിക്കപ്പെടുന്നു. പാര്‍ലമെന്റ്, ജുഡീഷ്യറി എന്നിവയ്ക്കു മേല്‍ എക്സിക്യൂട്ടീവിന്റെ പിടിമുറുകുന്നു. മോഡി ഭരണത്തില്‍ ഈ രണ്ടു സ്ഥാപനങ്ങള്‍ക്കുമുണ്ടായ അധികാര ശോഷണം പ്രകടമാണ്.
പാര്‍ലമെന്ററി
ജനാധിപത്യത്തിന്റെ ഭാവി
2014ല്‍ ഭൂരിപക്ഷം നേടി പാര്‍ലിമെന്റിലേക്കുള്ള മോഡിയുടെ പ്രവേശം അത്യന്തം നാടകീയമായിരുന്നു. പാര്‍ലമെന്റ് മുഖ്യ കവാടത്തിലെ കല്പ്പടവുകളില് നമസ്കരിച്ച മോഡി ആ പ്രകടനത്തിനു ശേഷം തുടര്‍ന്ന് ഒരിക്കല്‍ പോലും പാര്‍ലമെന്റിനെ ഗൗരവത്തിലെടുക്കുകയോ ആദരവോടെ കാണുകയോ ചെയ്തിട്ടില്ല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍, മന്ത്രിസഭ ജനപ്രതിനിധി സഭയോടും അതുമുഖേന രാജ്യത്തെ ജനങ്ങളോടും ഉത്തരവാദിത്തം പുലര്‍ത്തുന്നു എന്നാണ് സങ്കല്പം. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനങ്ങള്‍ ചേരുന്നതില്ത്തന്നെ മോഡി ഭരണത്തില്‍ വന്നശേഷം തികഞ്ഞ ഉദാസീനത പുലര്‍ത്തുന്നതായി കാണാം. ഒരു വര്‍ഷം ചുരുങ്ങിയത് നൂറുദിവസമെങ്കിലും സഭ ചേരുക എന്ന മാനദണ്ഡത്തിനടുത്തൊന്നും ഇക്കാലയളവില്‍ എത്തിയിട്ടില്ല. മോഡി മുഖ്യമന്ത്രിയായിരിക്കെ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ദിവസം യോഗംചേരുന്ന നിയമസഭകളിലൊന്നായി ഗുജറാത്തിലേത് മാറിയിരുന്നു. മാത്രമല്ല, ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചക്ക് മുഖ്യമന്ത്രി മറുപടി പറയുക എന്ന കീഴ്വഴക്കവും അദ്ദേഹം തെറ്റിച്ചിട്ടുണ്ട്. ആ ശൈലിയില്‍ വലിയ മാറ്റം പാര്‍ലമെന്റിലും ഏറെക്കുറെ ആവര്‍ത്തിക്കുകയാണ്. സഭ ചേരുമ്പോള്‍ അവിടെ സന്നിഹിതനാകാനുള്ള പ്രധാനമന്ത്രിയുടെ വൈമുഖ്യം, പലപ്പോഴും സഭ ചേരുമ്പോള്‍ വിദേശപര്യടനത്തിനു പോകുന്നത് എന്നിവയൊക്കെ പാര്‍ലമെന്റിനോടുള്ള അനാദരവിന്റെ ഉദാഹരണങ്ങളാണ്. ലോക്സഭയിലെ മൃഗീയ ഭൂരിപക്ഷം സഭയെ സ്വേഛാപരമായി കൈകാര്യം ചെയ്യാന്‍ പ്രേരണയുമാകുന്നു. രാജ്യത്തേയും ജനങ്ങളേയും സംബന്ധിച്ച പ്രശ്നങ്ങളെക്കുറിച്ചുള്ള സംവാദത്തിന്റേയും ചര്‍ച്ചകളുടേയും പരമോന്നത വേദി എന്ന ഔന്നത്യം ഈ സര്‍ക്കാരിന് കീഴില്‍ പാര്‍ലമെന്റിന് നഷ്ടമായി. ജനങ്ങളോടുള്ള സുതാര്യതയും ഉത്തരവാദിത്തവും ആ വേദിയില:ടെ പ്രകടമാക്കുന്നതിനു പകരം മുഖ്യ പ്രശ്നങ്ങളിന്മേലുള്ള പാര്‍ലമെന്ററി ചര്‍ച്ചകള്‍ ഒഴിവാക്കാനാണ് തുടര്‍ച്ചയായ ശ്രമം. പാര്‍ലമെന്ററി നടപടി ക്രമങ്ങളില്‍ സര്‍ക്കാരിനെ ജനങ്ങളോട് നേരിട്ട് സമാധാനം പറയാന്‍ നിര്‍ബന്ധിതമാക്കുന്നതാണ് ചോദ്യോത്തരവേള. ചോദ്യോത്തര വേളയില്‍ അവ്യക്തവും ഒഴിഞ്ഞു മാറുന്നതുമായ മറുപടികള്‍ നല്കുന്ന പ്രവണത ശക്തിപ്പെട്ടിരിക്കുന്നു. നിയമനിര്‍മ്മാണങ്ങളുടെ കാര്യത്തിലാണെങ്കില്‍ ജന താല്പര്യം സംരക്ഷിക്കുന്ന അവധാനതയോടെയുള്ളസമീപനത്തിന് പകരം എത്രയും വേഗം സര്‍ക്കാര്‍ ബില്ലുകള്‍ പാസ്സാക്കിയെടുക്കുക എന്ന ഒരൊറ്റ ലക്ഷ്യമേയുള്ളൂ. 2019 ല്‍ രണ്ടാമൂഴത്തില്‍ ആദ്യ സമ്മേളനത്തില്‍ തന്നെ കശ്മീര്‍ വിഭജനം, ഡഅജഅ, ചകഅ ഭേദഗതികള്‍, വേജ് കോഡ് ബില്ലുകളുള്‍പ്പെടെ 30 ബില്ലുകളാണ് മതിയായ ചര്‍ച്ചകളോ സൂക്ഷ്മപരിശോധനയോ ഇല്ലാതെ തിരക്കിട്ട് പാസ്സാക്കിയത് എന്നോര്‍ക്കുക. ആ പ്രവണത തുടരുന്നു. ബില്‍ അവതരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പോലും സ്വന്തം സൗകര്യമനുസരിച്ച് വളച്ചൊടിക്കുന്ന വിധം പാര്‍ലമെന്ററി അവകാശങ്ങളുടെ ലംഘനം സര്‍വസാധാരണമായി മാറി. കാശ്മീര്‍ ബില്ല് അവതരിപ്പിച്ചു കഴിഞ്ഞ ശേഷമാണ് എം പിമാര്‍ക്ക് വിതരണം ചെയ്തത്. ഇത്രയും നിര്‍ണായകമായ ഒരു ബില്ല് സസൂക്ഷ്മം പഠിച്ച് ഭേദഗതികള്‍ അവതരിപ്പിക്കാനുള്ള അവസരം പരിമിതപ്പെടുത്തലായിരുന്നു ഉദ്ദേശ്യം. ജനങ്ങളെ ബാധിക്കുന്ന അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമായ ശൂന്യവേളയിലും സര്‍ക്കാരിന് അലോസരമുണ്ടാക്കാത്ത വിഷയങ്ങള്‍ മാത്രമേ ഉന്നയിക്കാനാവൂ എന്ന സ്ഥിതിയായി. ബി.ജെ.പി.യുടെ രാഷ്ട്രീയ താല്പര്യത്തിന് അനുയോജ്യമാണെങ്കില്‍ സാധാരണ പാര്‍ലമെന്റില്‍ അനുവദിക്കാത്ത സംസ്ഥാന വിഷയങ്ങളും ഉന്നയിക്കാന്‍ അനുവാദം ലഭിക്കും. സങ്കുചിത കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്ക് അനുസരിച്ച്പാര്ലമെന്ററി ചട്ടങ്ങളും കീഴ്വഴക്കങ്ങളും വഴിമാറുന്നതും മൃഗീയ ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ സംഭവിക്കുന്നതാണ്. ചുരുക്കത്തില്‍, പാര്‍ലമെന്റിനു മേല്‍ പിടിമുറുക്കിയ എക്സിക്യൂട്ടീവ് സ്വന്തം ഇംഗിതം നിറവേറ്റിത്തരാനുള്ള ഒരു ഉപകരണം മാത്രമാക്കി അതിനെ നിസ്സാരമാക്കി.
ബി.ജെ.പി.ഒറ്റയ്ക്ക് അധികാരമേറുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തതോടെ ജനപ്രതിനിധി സഭകളുടെ ഘടനയിലും സ്വഭാവത്തിലും തന്നെ സാരമായ മാറ്റങ്ങളുണ്ടായി. പാര്‍ലമെന്റ് ഉള്‍പ്പെടെയുള്ള നിയമനിര്‍മ്മാണ സഭകളില്‍ അതിസമ്പന്നര്‍ മഹാ ഭൂരിപക്ഷം നേടുകയും ജനപ്രതിനിധി സഭകള്‍ സാധാരണ മനുഷ്യരുടെ പ്രാതിനിധ്യമില്ലാത്ത വരേണ്യ സദസ്സുകളായി മാറുകയും ചെയ്യുന്ന പ്രവണത ഉദാരവല്‍ക്കരണത്തോടെ ഇന്ത്യയില്‍ ആരംഭിച്ചതാണ്. ഹിന്ദുത്വ കോര്‍പ്പറേറ്റ് കൂട്ടുകെട്ടോടെ ഇത് കൂടുതല്‍ ശക്തമായി. തിരഞ്ഞെടുപ്പുകളില്‍ പണത്തിന്റെ ശക്തി വിധി നിര്‍ണയിക്കുന്ന ഘടകമായി. വോട്ട് വിലയ്ക്കു വാങ്ങുന്നത് / വോട്ടിന് പണം കൊടുക്കുന്നത് വ്യാപകമായിത്തീര്‍ന്നു. തിരഞ്ഞെടുപ്പു ചെലവു പരിധിയെ എല്ലാം പരിഹാസ്യമാക്കി കോടികള്‍ വാരിയെറിയുന്ന സ്ഥിതിയായി. അതിനു കഴിയുന്ന പാര്‍ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും മാത്രമേ തിരഞ്ഞെടുപ്പില്‍ വിജയിക്കാനാവൂ എന്ന സ്ഥിതി കേരളമൊഴികെ മിക്കവാറും എല്ലായിടത്തും സംജാതമായി. ഇലക്ടറല്‍ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ടികള്‍ക്കുള്ള കോര്‍പ്പറേറ്റ് ഫണ്ടിങ്ങിന് വഴിയൊരുക്കി. ബോണ്ടുകളുടെ തൊണ്ണൂറു ശതമാനത്തിലധികവും ബി.ജെ.പി. സ്വന്തമാക്കുകയും ആയിരക്കണക്കിന് കോടി രൂപ അതിലൂടെ സമാഹരിക്കുകയും ചെയ്തു. ഇങ്ങനെ അഴിമതി നിയമ വിധേയമാക്കുകയും ജനാധിപത്യം / തിരഞ്ഞെടുപ്പു പ്രക്രിയ എന്നിവ കോര്‍പ്പറേറ്റുകള്‍ക്ക് വിലയ്ക്കെടുക്കാവുന്നതായി മാറ്റുകയും ചെയ്തു. പണമൊഴുക്കി അധികാരം പിടിക്കാനും എന്നിട്ടും കഴിയാതെ വന്നാല്‍ പണമൊഴുക്കി ജനപ്രതിനിധികളെത്തന്നെ വിലയ്ക്കെടുത്ത് അധികാരം വെട്ടിപ്പിടിക്കാനും തുടങ്ങിയതിലൂടെ ജനഹിതം, അവരുടെ തീരുമാനം എന്നീ പ്രാഥമിക ജനാധിപത്യ തത്ത്വങ്ങളെല്ലാം അട്ടിമറിക്കപ്പെടുന്നത് പതിവായി. രാഷ്ട്രീയവും ജനാധിപത്യവും ജനപ്രതിനിധികളുമെല്ലാം വാങ്ങാനും വില്‍ക്കാനും കഴിയുന്ന ചരക്ക് മാത്രമായി അധ:പതിച്ചു. ജനഹിതത്തിനും തിരഞ്ഞെടുപ്പിലെ ജയാപജയങ്ങള്ക്കുമൊന്നും ഒരു വിലയുമില്ല എന്ന് കര്‍ണ്ണാടകം മുതല്‍ മദ്ധ്യപ്രദേശ് വരെ തെളിയിച്ചു.
ഇതിനു പുറമേ മതം, ജാതി എന്നിവയുടെ പരസ്യവും നിര്‍ലജ്ജവുമായ രാഷ്ട്രീയ ഉപയോഗം കൂടി ബി.ജെ.പി. മറയില്ലാതെ നടപ്പാക്കിയതോടെ ജനാധിപത്യം കുടുതല്‍ ശോഷിച്ചു. വര്‍ഗീയ കലാപങ്ങളുള്പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തന പശ്ചാത്തലമുള്ളവരുടെ എണ്ണവും ജനപ്രതിനിധി സഭകളില്‍ വര്‍ദ്ധിച്ചു. മതനിരപേക്ഷത ഉള്‍പ്പെടെയുള്ളഭരണഘടനാ മൂല്യങ്ങളെ സഭക്കുള്ളിലും പുറത്തും പരസ്യമായി വെല്ലുവിളിക്കാമെന്ന സ്ഥിതിവിശേഷം സംജാതമായി.പ്രഗ്യാ സിങ്ങ് ഠാക്കൂര്‍, സാക്ഷി മഹാ രാജുമാരുടെ എണ്ണവും വംശവും നിയമനിര്‍മ്മാണ സഭകളില്‍ പെരുകി. രാമക്ഷേത്ര ശിലാന്യാസത്തെക്കുറിച്ച് ഒരു ബി.ജെ.പി.എം പി ചെയ്ത ട്വീറ്റ് സത്യപ്രതിജ്ഞാലംഘനം തന്നെയാണ്. 'മതം സംരക്ഷിക്കണമെങ്കില്‍ ഇന്ത്യയുടെ ഭരണ കൂടാധികാരം എന്നും ഹിന്ദുക്കള്‍ നിയന്ത്രിക്കണമെന്ന പാഠം ഓഗസ്ത് 5 (ശിലാന്യാസം നടന്ന ദിനം) ഓര്‍മ്മിപ്പിക്കുന്നു' എന്ന ട്വീറ്റ് മതരാഷ്ട്ര ആഹ്വാനമല്ലാതെ മറ്റെന്താണ്? ഇത്ര നഗ്നമായ ഭരണഘടനാ സത്യപ്രതിജ്ഞാലംഘനം നടത്തിയിട്ടും തേജസ്വി സൂര്യ എന്ന ബി.ജെ.പി. എം.പി.യോട് ഒരു വിശദീകരണം പോലും ചോദിക്കുന്നില്ല.
ഫെഡറലിസത്തിന്റെ മരണമണി
ഇന്ത്യ എന്ന രാഷ്ട്ര സങ്കല്പത്തിന്റെ അടിസ്ഥാന ശിലകളില്‍ പ്രധാനമായ ഫെഡറല്സ്വഭാവത്തിനു നേരെ കടുത്ത ആക്രമണമാണ് ബി.ജെ.പി.സര്‍ക്കാര്‍ അഴിച്ചുവിടുന്നത്. ഇന്ത്യയുടെ വൈവിദ്ധ്യങ്ങളെയും അതിനിടയിലൂടെ നിലനില്‍ക്കുന്ന ജനകീയ ഐക്യത്തേയും പ്രതിഫലിപ്പിക്കുന്നതും ശക്തിപ്പെടുത്തുന്നതുമാണ് ഫെഡറല്‍ ചട്ടക്കൂട്. ഭരണഘടനാ ശില്പികള് കരുതലോടെ തിരഞ്ഞെടുത്തതും കരുപ്പിടിപ്പിച്ചതുമാണത്. എന്നാല്‍ ജമ്മു കാശ്മീര്‍ വിഭജനം മുതല്‍ ദേശീയ വിദ്യാഭ്യാസ നയം വരെ ഫെഡറല്‍ സംവിധാനത്തിനെതിരായ ആക്രമണ പരമ്പര തന്നെ മോഡി ഭരണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ് . സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്ന് അവയെ ദുര്‍ബലരും കേന്ദ്രത്തിന്റെ ആശ്രിതരുമാക്കുകയും എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കുന്ന സര്വശക്തരാക്കി കേന്ദ്ര ഭരണകൂടത്തെ മാറ്റുകയും ചെയ്യുന്ന പ്രക്രിയയാണ് നടക്കുന്നത്. സംസ്ഥാനങ്ങളുടെ വിഭവ സ്രോതസ്സുകളെല്ലാം ഇല്ലാതാക്കിയ ജി.എസ്.ടി. ഇതിന്റെ മികച്ച ഉദാഹരണമാണ്.
ഫെഡറല്‍ ഘടനക്കെതിരായ ആക്രമണം സംഘപരിവാറിന്റെ മത രാഷ്ട്ര ലക്ഷ്യത്തിന്റേയും പ്രത്യയശാസ്ത്ര പദ്ധതിയുടേയും ഭാഗമാണ്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍, അവയുടെ യൂണിയന് ആയ ഇന്ത്യ എന്ന മൗലികമായ ഭരണഘടനാ വ്യവസ്ഥയെ തുടക്കം മുതല്‍ നഖശിഖാന്തം എതിര്‍ത്തവരാണ് ഗോള്‍വാള്‍ക്കറും ആര്.എസ്.എസും.ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാന്‍ എന്ന മുദ്രാവാക്യം ഏകഘടക രാഷ്ട്രം എന്ന ഫെഡറലിസത്തിന് എതിരായ വീക്ഷണത്തില്‍ അടിയുറച്ച മത രാഷ്ട്ര മുദ്രാവാക്യമാണ്. 'ഹിന്ദിയറിയാത്ത നിങ്ങള്‍ എങ്ങിനെ ഇന്ത്യാക്കാരിയാവുമെന്ന് സി.ഐ.എസ്.എഫുകാരി എംപിയായ കനിമൊഴിയോട് ചോദിക്കാന്‍ ധൈര്യപ്പെട്ടത് മോഡി ഭരണത്തില്‍ മത രാഷ്ട്രവാദത്തിന്റെ വൈറസ് എത്ര വ്യാപിച്ചു എന്ന് വ്യക്തമാക്കുന്നതാണ്. ഹിന്ദി അറിയാത്തവരെപ്പോലെ ഹിന്ദു അല്ലാത്തവരേയും ഇന്ത്യക്കാരായി അംഗീകരിക്കാത്തതാണ് മതരാഷ്ട്ര സങ്കല്പം. ആ മതരാഷ്ട്രം ഭാഷ, സംസ്കാരം, മതം തുടങ്ങിയ ഒരു വൈവിദ്ധ്യത്തേയും അനുവദിക്കുന്നില്ല. വൈവിദ്ധ്യങ്ങളെ അംഗീകരിക്കാത്തതും അവക്കു മേല്‍ കൃത്രിമമായ ഏകതാനത അടിച്ചേല്പിക്കുന്നതുമായ മതരാഷ്ട്രം ഫെഡറല്‍ ഘടനയെ തള്ളിക്കളയുകയും ഏകഘടക രാഷ്ട്ര സങ്കല്പം സ്വീകരിക്കുകയും ചെയ്യുന്നത് സ്വാഭാവികം.
'നമ്മുടെ ഭരണഘടനയുടെ ഫെഡറല്സ്വഭാവത്തെക്കുറിച്ചുള്ള എല്ലാ പരാമര്‍ശങ്ങളും കുഴിച്ചുമൂട'ണമെന്നും 'സംസ്ഥാനങ്ങളുടെ അസ്തിത്വത്തെ തന്നെ തൂത്തുവാരിക്കളയണമെന്നും' ആഹ്വാനം ചെയ്ത ഗുരുവിന്റെ ശിഷ്യരായ മോഡിയും സംഘവും അത് നടപ്പാക്കാന്‍ തുടക്കം കുറിച്ചിരിക്കുന്നു. 'ഒരു രാജ്യം ഒരു നിയമസഭ ഒരു എക്സിക്യുട്ടീവ് എന്ന് തുറന്നു പ്രഖ്യാപിക്കണം' എന്നും ആവശ്യപ്പെട്ടയാളാണ് ഗോള്‍വാള്‍ക്കര്‍. അതിലേക്കുള്ള അപകടകരവും നിര്‍ണായകവുമായ ചുവടാണ് മോഡിയുടെ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന മുദ്രാവാക്യം. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒപ്പം നടത്താന്‍ ഭരണഘടനാ ഭേദഗതിയിലൂടെ സംസ്ഥാന നിയമസഭകളുടെ കാലാവധി നീട്ടാനുള്ള /കുറയ്ക്കാനുള്ള അധികാരം കൈക്കലാക്കാനാണ് നീക്കം. അതിന് രാജ്യസഭയില്‍ കൂടി മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് യാഥാര്‍ത്ഥ്യമായാല്‍ ഒരു പാര്‍ലമെന്റ് ഒരു എക്സിക്യുട്ടീവ് എന്ന വിചാരധാരയിലെ ലക്ഷ്യമായിരിക്കും അടുത്തത്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്ത്യവും എല്ലാ അധികാരങ്ങളും ഒരാളില്‍ കേന്ദ്രീകരിക്കുന്ന പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലേക്കുള്ള മാറ്റവും .ഭരണ കൂടാധികാരം മുഴുവന്‍ ഇങ്ങനെ കേന്ദ്രീകരിക്കുമ്പോള്‍ മതരാഷ്ട്ര നിര്‍മ്മിതിക്കുള്ള പാതയൊരുക്കലിന് വേഗം കൂട്ടാം. അമിതാധികാര പ്രയോഗം അപ്പോള്‍ അനായാസമാകും .
അതായത്, വൈവിദ്ധ്യങ്ങള്‍ പുലരുന്നത് ജനാധിപത്യത്തില്‍ മാത്രമാണ്.ജനാധിപത്യത്തിന്റെ ഏറ്റവും പ്രാതിനിധ്യ സ്വഭാവമുള്ള രൂപം പാര്‍ലമെന്ററി ജനാധിപത്യമാണ്. അതിനാല്‍ പാര്‍ലമെന്ററി ജനാധിപത്യം പ്രത്യേകിച്ചും ജനാധിപത്യം പൊതുവിലും മത രാഷ്ട്ര ലക്ഷ്യത്തിന് തടസ്സമാണ്. വൈവിദ്ധ്യങ്ങള്‍ക്കു മേല്‍ കൃത്രിമമായ ഏകത്വം അടിച്ചേല്പിക്കാനും മതരാഷ്ട്ര നിര്‍മ്മിതിക്കും ജനാധിപത്യം ശോഷിക്കുകയും ഭരണ കൂടാധികാരം വന്‍തോതില്‍ കേന്ദ്രീകരിക്കുകയും വേണം.അയോദ്ധ്യയിലെ ശിലാന്യാസം പുതിയ ഇന്ത്യ'യുടെ തുടക്കവും 'സ്വാതന്ത്ര്യ സമര'ത്തിന്റെ ഭാഗവുമായി വിശേഷിപ്പിക്കപ്പെടുന്നതിനര്ത്ഥം വ്യക്തമാണ്.മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയില്‍ നിന്നും അതിന്റെ വക്താക്കളായ ആന്തരിക ഭീഷണികളില്‍ നിന്നും 'സ്വാതന്ത്ര്യം' കൈവരിച്ച് ഒരു 'പുതിയ മതാധിഷ്ഠിത ഇന്ത്യ' സ്ഥാപിക്കുന്നതിന്റെ തുടക്കം എന്നാണ് വ്യംഗ്യം.