മാര്‍ക്സ്-എംഗല്‍സ് ആശയസംഭാവനകളുടെ കാലികപ്രസക്തി
സി പി നാരായണന്
മാര്‍ക്സ് ജനിച്ചിട്ട് 202 വര്‍ഷമായി. അന്തരിച്ചിട്ട് 137 വര്‍ഷവും. എംഗല്‍സ് ജനിച്ചിട്ട് 200 വര്‍ഷവും അന്തരിച്ചിട്ട് 125 വര്‍ഷവും. അവര്‍ക്കുശേഷമുള്ള 12-14 ദശകങ്ങള്‍ക്കിടയില്‍ അവര്‍ സൃഷ്ടിച്ച ആശയ പ്രപഞ്ചം ലോകത്തെയാകെ വലിയ തോതില്‍ സ്വാധീനിച്ചു. അവര്‍ ആവിഷ്കരിച്ച സാമൂഹ്യ-സാമ്പത്തിക ആശയങ്ങളെ ആധാരമാക്കി പ്രവര്‍ത്തിച്ച പ്രസ്ഥാനങ്ങളും പാര്‍ടികളും കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്തിന്റെ മൂന്നിലൊന്ന് ഭാഗത്തെ മുതലാളിത്ത വ്യവസ്ഥയില്‍ നിന്ന് അടര്‍ത്തി മാറ്റി. ഒരു നൂറ്റാണ്ടായി ലോകത്തിലെ മുതലാളിത്ത ശക്തികളുടെ ഏറ്റവും വലിയ ശത്രു-കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആമുഖത്തില്‍ പറഞ്ഞതുപോലെ മാര്‍ക്സിസം എന്ന 'ഭൂത'മാണ്. സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് ഭരണങ്ങളും ഇല്ലാതായപ്പോള്‍, അവര്‍ ചൈനയെ തങ്ങളുടെ മുഖ്യശത്രുവാക്കി. ചൈന 1949ല്‍ ജനകീയ ജനാധിപത്യ വാഴ്ചയ്ക്കുകീഴിലായപ്പോള് മുതല്‍ 20 വര്‍ഷക്കാലം അമേരിക്ക അതിനെ അംഗീകരിക്കാതെ മുളയിലേ നുള്ളിക്കളയാന്‍ ശ്രമിച്ചു. പക്ഷേ അതിനുശേഷമുള്ള നാല് പതിറ്റാണ്ടിലേറെക്കാലം അമേരിക്ക സാമ്പത്തികമായി നിലനിന്നത് മുഖ്യമായി ചൈനയെ ആശ്രയിച്ചാണ് എന്നതാണ് സത്യം. ഇപ്പോള്‍ വീണ്ടും അതിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു, അതിനെ ഭരിക്കുന്നത് ഒരു കമ്യൂണിസ്റ്റ് പാര്‍ടി ആയതുകൊണ്ട്.
കമ്യൂണിസ്റ്റ് ചൈനയെ ഇല്ലായ്മ ചെയ്യാനാണ് ഇപ്പോള്‍ ട്രംപിന്റെ നേതൃത്വത്തില്‍ അമേരിക്ക ശ്രമിക്കുന്നത്. കഴിഞ്ഞ എഴുപതിറ്റാണ്ടിലേറെ കാലമായി എല്ലാ അന്തര്ദേശീയകാര്യങ്ങളിലും അമേരിക്കയുടെ നേതൃത്വത്തില്‍ അണിനിരക്കാറുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ചൈനയെ ഒതുക്കുന്നതില്‍ ഇപ്പോള്‍ അമേരിക്കയോടൊപ്പം നില്ക്കുന്നില്ല. അതുകൊണ്ടാണ് ജപ്പാന്, ആസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളെ കൂട്ടുപിടിച്ച് ഏഷ്യന്‍ സമുദ്രപ്രദേശത്ത് അതിനെ നേരിടാന്‍ അമേരിക്ക ചതുര്‍സഖ്യം രൂപീകരിച്ചു മുതിര്‍ന്നിരിക്കുന്നത്. പക്ഷേ, ചൈന ഇന്ന് അമേരിക്ക കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി വളര്‍ന്നിരിക്കുന്നു. അതിനാല്‍ ചൈനയെ ഇന്നുപിണക്കാന് യൂറോപ്യന്‍ ശക്തികളും മറ്റു വന്‍കരകളില്‍ സൗദി അറബ്യേയെ പോലെ അമേരിക്കയെ ഇതേവരെ ആശ്രയിച്ചുനിന്ന വികസ്വര രാജ്യങ്ങളും മറ്റും തയ്യാറല്ല. അത്തരത്തില്‍ അന്താരാഷ്ട്ര ബന്ധത്തില്‍ മാറ്റം വന്നുകൊണ്ടിരിക്കുന്നു.
ഈ സന്ദര്‍ഭത്തിലാണ് മാര്‍ക്സിസം ഇന്ത്യയില്‍ കാലഹരണപ്പെട്ടു എന്നു മുതലാളിത്തോപസകരായ പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രധാനമായി വലതുപക്ഷ രാഷ്ട്രീയക്കാരാണ്, കോണ്‍ഗ്രസ്സുകാരും ബിജെപിക്കാരും അവരുടെ വൈതാളികരും ആണ് ഇത് പറയുന്നത്. രണ്ടുകൂട്ടരും നവ ഉദാരവല്‍ക്കരണത്തിന്റെ പ്രചാരകരാണ് ഇന്ത്യയില്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, നവഉദാരവല്‍ക്കരണത്തെ ഉയര്‍ത്തിക്കൊണ്ടുവന്ന മുതലാളിത്തശക്തികള്‍ സാമ്രാജ്യത്വരാജ്യങ്ങളില്‍ പല തരത്തിലുള്ള ആന്തരികപ്രശ്നങ്ങളെയും നേരിടുകയായിരുന്നു. കോവിഡ് മഹാമാരി വീശിയടിച്ചപ്പോള്‍ അതിനെ നേരിടുന്നതില്‍ നിസ്സഹായരായി നിലകൊണ്ടതും നിലകൊള്ളുന്നതും പ്രധാനമായി വികസിത മുതലാളിത്ത രാജ്യങ്ങളാണ്. അതിനുകാരണം ജനങ്ങളോടുള്ള കടമ പൂര്‍ണമായി അവഗണിച്ച് വന്‍ കോര്‍പറേറ്റുകള്‍ക്ക് കൊളളലാഭം ഉണ്ടാക്കിക്കൊടുക്കുന്ന വിടുപണിയിലേക്ക് സാമ്രാജ്യത്വഭരണകൂടങ്ങള് അധഃപതിച്ചതാണ്. ആ രാജ്യങ്ങളിലെ ജനങ്ങളുടെ മിനിമം ആവശ്യങ്ങള്‍ നിവേറ്റുകയെന്ന പ്രാഥമിക ജനാധിപത്യ ധര്‍മം നിറവേറ്റുന്നതിനു അവിടങ്ങളിലെ ഭരണകൂടങ്ങള്‍ അശക്തമാക്കപ്പെട്ടിരിക്കുന്നു. അതാണല്ലൊ പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളില്‍ മാസങ്ങള്‍ക്ക് മുമ്പ് ദൃശ്യമായതും ഇപ്പോള്‍ അമേരിക്കയില്‍ കാണാവുന്നതും.
ആധുനിക ജനാധിപത്യവ്യവസ്ഥയുടെ പ്രാഥമിക ധര്‍മം പൗരര്‍ക്ക് അവശ്യം വേണ്ട പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം, കിടപ്പാടം, വിദ്യാഭ്യാസം, ആരോഗ്യരക്ഷ മുതലായവയ്ക്കുള്ള സൗകര്യങ്ങള്‍ നിറവേറ്റിക്കൊടുക്കുകയാണ്. ഇരുപതാം നൂറ്റാണ്ടായപ്പോഴേക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ പലതും ഇവ എല്ലാ പൗരര്‍ക്കും നിറവേറ്റിക്കൊടുക്കാവുന്ന സാമ്പത്തിക സ്ഥിതിയിലേക്ക് നീങ്ങിയിരുന്നു. എന്നാല്‍ മുതലാളിത്തം കൂടുതല്‍ വളര്‍ന്നപ്പോള്‍ ഭരണകൂടം ഇവ ഉറപ്പുനല്‍കുന്ന ബാധ്യതയില്‍ നിന്ന് പിന്മാറ്റപ്പെട്ടു. മുതലാളിമാര്‍ പൗരര്‍ക്ക് വില്‍ക്കുന്ന സേവനങ്ങളായി ഇവ മാറ്റപ്പെട്ടു.
മുതലാളിത്തം ധാരാളം പേരെ തൊഴിലാളികളായി കൂലിക്കെടുത്ത് അവരുടെ അധ്വാനശേഷിയെ ചൂഷണം ചെയ്യാന്‍ തുടങ്ങിയ കാലത്താണ് മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ജനനം. യൂറോപ്പില്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ കാര്യമായ വളര്‍ച്ച ഉണ്ടായ വിജ്ഞാനശാഖയായിരുന്നു ദര്‍ശനം. പ്രത്യേകിച്ച് ജര്‍മനിയില്‍. ഹെഗലായിരുന്നു അക്കൂട്ടത്തില്‍ പലതുകൊണ്ടും ഏറ്റവും ശ്രദ്ധേയന്‍. അദ്ദേഹമാണ് പ്രാചീന ഗ്രീസിലും മറ്റും വളരാന്‍ തുടങ്ങിയിരുന്ന വൈരുദ്ധ്യവാദത്തെ ആശയവാദപരമായി പുതിയ രീതിയില്‍ വികസിപ്പിച്ചത്. ദര്‍ശനത്തെ തന്റെ പ്രധാന പഠനവിഷയമാക്കിയ കാറല്‍ മാര്‍ക്സ് എപിക്യൂറിസിന്റെയും ഡെമോക്രിറ്റസിന്റെയും പ്രകൃതിദര്‍ശനത്തെ താരതമ്യം ചെയ്തുകൊണ്ട് എഴുതിയ തീസിസ് അദ്ദേഹത്തെ പുതിയ വിശകലനരീതിയിലേക്ക് ആനയിച്ചു. ആ രീതി പിന്തുടര്ന്നാണ് പിന്നീട് മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് ഹെഗലിന്റെ വൈരുദ്ധ്യവാദത്തിന്റെ യുക്തിരാഹിത്യം കണ്ടെത്തിയതും ഫൊയര്‍ബാഹ് വികസിപ്പിച്ച ഭൗതികവാദത്തില്‍ ആശയവാദപരമായ സമീപനം തിരിച്ചറിഞ്ഞതും. രണ്ടുപേരുടെയും വൈരുദ്ധ്യാത്മകവും ഭൗതികവാദപരവുമായ സംഭാവനകളെ സാരാംശത്തില്‍ അംഗീകരിക്കുകയും അതേ സമയം രണ്ടിലെയും രണ്ടുതരത്തിലുള്ള ആശയവാദപരമായ വാദമുഖങ്ങള്‍ തള്ളിക്കളയുകയും ചെയ്താണ് അവര്‍ വൈരുധ്യാത്മക ഭൗതികവാദം വികസിപ്പിച്ചത്.
ഇത് ദര്‍ശനത്തിനു തങ്ങളുടെ സംഭാവനയായി സമര്‍പ്പിക്കുക മാത്രമല്ല അവര്‍ ചെയ്തത്. ഇതിലെ യുക്തിവാദം അവര്‍ അന്നു ലഭ്യമായ എല്ലാ വിജ്ഞാനശാഖകളിലേക്കും പ്രയോഗിച്ചു. മാത്രമല്ല, അവ സംബന്ധമായ തങ്ങളുടെ പഠനങ്ങള്‍ക്കുള്ള ഉപാധിയാക്കുകയും ചെയ്തു. ആദ്യം അവര്‍ തങ്ങളുടെ സഹപാഠികളും സുഹൃത്തുക്കളുമായിരുന്ന യുവ ഹെഗേലിയന്മാരില് ചിലരുടെ തെറ്റായവാദങ്ങളുടെയും അവയില്‍ നിന്നു ഉരുത്തിരിഞ്ഞ നിഗമനങ്ങളുടെയും അയുക്തികത തുറന്നുകാട്ടാനാണ് ശ്രമിച്ചത്. മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് എഴുതിയ 'വിശുദ്ധകുടുംബ'ത്തിന്റെ ഉള്ളടക്കം അതായിരുന്നു. അടുത്ത സംയുക്തസൃഷ്ടിയായ 'ജര്‍മന്‍ പ്രത്യയശാസ്ത്രത്തിലാണ്' എങ്ങനെയാണ് മനുഷ്യര്‍ പല കാലങ്ങളില്‍ പല തരത്തിലുള്ള സമൂഹജീവിതം നയിച്ചതിന്റെ ചരിത്രവസ്തുതകള്‍ നിരത്തിവച്ച് വളര്‍ച്ചയുടെ പല ഘട്ടങ്ങളിലൂടെ കടന്നുപോന്നാണ് മനുഷ്യകുലം ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നതെന്ന് സ്ഥാപിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഡാര്വിന് അത്ലാറ്റിക് സമുദ്രത്തിലും മറ്റുമുള്ള നിരവധി ദ്വീപസമൂഹങ്ങളില്‍ നിന്നും യൂറോപ്പില്‍ പലേടങ്ങളില്‍ നിന്നും മറ്റും ശേഖരിച്ച അസ്ഥികൂടങ്ങളെയും മറ്റും കുറിച്ചുള്ള പഠനങ്ങളില്‍ നിന്ന് ജീവികള്‍ കാലക്രമത്തില്‍ പരിഗണിച്ച് ഉണ്ടായതാണ് എന്നു കണ്ടെത്തിയത്. ഏതാണ്ട് അതേ കാലത്താണ് ഭൗതികശാസ്ത്രജ്ഞര്‍ ഒരു വസ്തുത കണ്ടെത്തിയത്; പ്രകൃതിയില്‍ ദ്രവ്യവും ഊര്‍ജവും രൂപമാറ്റത്തിനു വിധേയമാകുന്നുണ്ടെങ്കിലും, അവ നശിക്കുന്നില്ല, അവയുടെ അളവ് കൂടുന്നുമില്ല; രൂപഭാവാന്തരണം സംഭവിക്കുന്നതേയുള്ളൂ.
മനുഷ്യവംശത്തിനു യുക്തിസഹമായ ചരിത്രം ഉണ്ടാകുന്നത് മാര്‍ക്സും എംഗല്‍സും സമൂഹ പരിണാമത്തെക്കുറിച്ച് നടത്തിയ പഠനങ്ങളെ തുടര്‍ന്നാണ്. അര്‍ഥശാസ്ത്രത്തിനും മുതലാളിത്ത വളര്‍ച്ച സംബന്ധിച്ചും യുക്തിസഹമായ വിശദീകരണം നല്‍കിയത് മാര്ക്സായിരുന്നു. അതിന്റെ ചരിത്രപരമായ വിശദീകരണം മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് രചിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റൊയിലായിരുന്നു. മുതലാളിത്തത്തിന്റെ അക്കാലം വരെയുള്ള വികാസപരിണാമങ്ങളെക്കുറിച്ച് ഇത്രയും യുക്തിസഹവും അഗാധവുമായ വിശദീകരണം മറ്റാരും അതിനുമുമ്പ് നല്‍കിയിരുന്നില്ല. എന്നുമാത്രമല്ല, അതില്‍ നിരന്തരം സംഭവിക്കാവുന്ന മാറ്റങ്ങളെക്കുറിച്ചും അത് എങ്ങനെ മൂലധനത്തിന്റെ വികാസസങ്കോചങ്ങളില് സംഭവിക്കുമെന്നും അതുമായി ബന്ധപ്പെട്ട് എങ്ങനെ പുതിയ ചരക്കുകള്‍ ഉല്‍പ്പാദിപ്പിക്കുക മാത്രമല്ല, എന്തുകൊണ്ട് അവ നിര്‍ബന്ധമായും ഉപഭോഗം ചെയ്യണം എന്നതു മുതലാളിത്തം സമൂഹത്തെ ബോധവല്‍ക്കരിക്കുമെന്നും മറ്റും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലും തുടര്‍ന്ന് മാര്‍ക്സ് 'മൂലധന'ത്തിലും വിശദീകരിക്കുകയും ചെയ്തു.
ഇതിനും തൊഴിലാളിക്കു നല്‍കാതെ മുതലാളിപിടിച്ചുവച്ച കൂലിയുടെ ഭാഗമായ ലാഭമാണ് മുതലാളിത്ത വളര്‍ച്ചയുടെ മര്‍മം എന്നു കണ്ടെത്തുന്നതിനും മാര്‍ക്സിനെയും എംഗല്‍സിനെയും പ്രാപ്തരാക്കിയത് ഭൗതികവാദപരമായ വൈരുദ്ധ്യാത്മക വിശകലന രീതിയാണ്. സമൂഹത്തിന്റെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ഭാഗമാണ് 'മൂലധനം' കൈകാര്യം ചെയ്തതെങ്കില്‍, മുതലാളിത്ത സമൂഹത്തിന്റെ സാമ്പത്തികം ഉള്‍പ്പെടെ എല്ലാ വശങ്ങളെയും കുറിച്ചുള്ള പഠനമാണ് 'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ'. മുതലാളിത്ത സമൂഹത്തില്‍ സമകാലികമായി നടക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമാണ് 'ഫ്രാന്‍സിലെ വര്‍ഗസമരങ്ങള്‍', 'പതിനെട്ടാമത് ബ്രൂമെയര്‍' മുതലായ മാര്‍ക്സിന്റെ കൃതികള്‍.
മനുഷ്യസമൂഹത്തില്‍ ആദിമകാലം മുതല്‍ നിരന്തരം ഉണ്ടായ സാമൂഹികമാറ്റങ്ങളെക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് എംഗല്‍സിന്റെ 'കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം ഇവയുടെ ഉത്ഭവം' എന്ന തലക്കെട്ടില്‍ എംഗല്‍സ് എഴുതിയ കൃതി. മാര്ക്സായിരുന്നു ഇതിനുള്ള വിവരങ്ങളൊക്കെ ശേഖരിച്ചുവച്ചത് എന്നും അത് ഒരു കൃതിയായി രചിക്കാന്‍ അദ്ദേഹത്തിനു കഴിയാതെ പോയതുകൊണ്ടാണ് താന്‍ എഴുതുന്നതെന്നും എംഗല്‍സ് പറഞ്ഞിട്ടുണ്ട്. കുടുംബത്തെയും സ്വകാര്യസ്വത്തിനെയും ഭരണകൂടത്തെയും ചോദ്യം ചെയ്യാന്‍ പാടില്ലാത്ത, ദൈവനിയോഗം അനുസരിച്ചുള്ള സാമൂഹ്യ സ്ഥാപനങ്ങളായി ചിത്രീകരിക്കുകയാണ് ആശയവാദികള്‍ ചെയ്യുന്നത്. അങ്ങനെയല്ല എന്നും ഓരോരാ കാലത്തെ സമൂഹത്തിന്റെ ആവശ്യത്തിനു അനുസൃതമായി അതത് സമൂഹം രൂപപ്പെടുത്തിയവയാണ് അവ എന്നും കാലാന്തരത്തില്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടായപ്പോള്‍ കുലം കൂട്ടുകുടുംബമായും അത് അണുകുടുംബമായും മാറുകയാണ് ചെയ്തതെന്നും വസ്തുതകള്‍ നിരത്തി വിശദീകരിക്കുകയാണ് എംഗല്‍സ് ഈ കൃതിയില്‍ ചെയ്തത്; ഇതേപോലെ ഭരണകൂടത്തെക്കുറിച്ചും. ദൈവത്തിന്റെ പ്രതിപുരുഷനാണ് താന്‍ എന്നാണല്ലൊ എല്ലാ രാജാക്കന്മാരും അവകാശപ്പെട്ടിരുന്നത്. അങ്ങനെയല്ല സമൂഹം വളരുകയും അതിലെ വ്യവഹാരങ്ങള്‍ വിപുലവും സങ്കീര്‍ണവും ആയപ്പോള്‍ അവയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ പരിശോധിച്ചു പരിഹാരം കാണാന്‍ സമൂഹം സൃഷ്ടിച്ച പുതിയ അധികാരസ്ഥാനം എന്ന നിലയ്ക്കാണ് ഭരണകൂടം ആദ്യം പരിമിതമായ രൂപത്തില്‍ സൃഷ്ടിക്കപ്പെട്ടതെന്നും കാലക്രമത്തില്‍ സമൂഹവ്യവഹാരങ്ങളുടെ വ്യാപ്തികൂടിയപ്പോള് ഭരണകൂടത്തിന്റെ രൂപഭാവങ്ങളില്‍ മാറ്റം വന്നു എന്നും എംഗല്‍സ് വിവരിക്കുന്നു. കേരളത്തില്‍ ഇന്നത്തെ പഞ്ചായത്തിന്റെ വലുപ്പമുള്ള ഭൂവിഭാഗത്തിന്റെ അധികാരികളായിരുന്നല്ലൊ നാടുവാഴികള്‍. ഒരു ഘട്ടത്തില്‍ അവരെ പിന്തള്ളി നിരവധിനാടുകളെ കൂട്ടിച്ചേര്‍ത്ത് നാട്ടുരാജ്യം രൂപീകരിച്ച് അത് ഭരിക്കുന്ന രാജാവ് രംഗപ്രവേശം ചെയ്തതും അത്തരം അറുനൂറിലധികം രാജ്യങ്ങളെക്കൂട്ടിച്ചേര്ത്ത് ഇന്ത്യ എന്ന മതനിരപേക്ഷ ജനാധിപത്യരാഷ്ട്രം രൂപപ്പെട്ടതും കഴിഞ്ഞ ചില നൂറ്റാണ്ടുകളില്‍ ഇവിടെ സംഭവിച്ചതാണല്ലൊ. മനുഷ്യന് പരിണമിച്ചുണ്ടായ സമൂഹത്തില്‍ കാലകാലങ്ങളായി വന്ന സാമൂഹ്യ-രാഷ്ട്രീയമാറ്റങ്ങളുടെ ചരിത്രം അനാവരണം ചെയ്ത് അത് സംബന്ധമായ അന്ധവിശ്വാസങ്ങളെ ഉച്ചാടനം ചെയ്യുകയായിരുന്നു എംഗല്‍സ് ഈ കൃതിയില്‍ ചെയ്തത്.
അതായത്, മാര്‍ക്സും എംഗല്‍സും വികസിപ്പിച്ച ഭൗതികവാദപരമായ വൈരുദ്ധ്യവാദ വീക്ഷണത്തോടെ സമകാലിക സമൂഹത്തെയും പല സമകാലിക പണ്ഡിതന്മാര് വികസിപ്പിച്ച ആശയമണ്ഡലത്തെയും പരിശോധിച്ചപ്പോള്‍ അവയിലെ പ്രകടമായ അയുക്തികത അവര്‍ക്ക് ബോധ്യമായി. അത് തിരുത്തിയപ്പോള്‍ വിവിധ വിജ്ഞാനശാഖകളില്‍ അവര്‍ കണ്ട അയുക്തികതയെ തിരുത്തിയതിന്റെ പൊതുഫലങ്ങളാണ് മുകളില്‍ വിവരിച്ചത്. സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ മാത്രമായിരുന്നില്ല അവര്‍ക്ക് താല്‍പ്പര്യം. പ്രകൃതി-ജീവശാസ്ത്രങ്ങളിലും മറ്റും അതേ താല്‍പ്പര്യം അവര്‍ക്ക് ഉണ്ടായിരുന്നു. അത് സംബന്ധമായ അവരുടെ ചിന്താഗതിയുടെ ഫലങ്ങള്‍ അവരുടെ വിവിധ കൃതികളില്‍ പല ഭാഗങ്ങളിലായി പതിഞ്ഞുകിടക്കുന്നുണ്ട്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മാര്‍ക്സ് പറഞ്ഞത് ഇങ്ങനെയാണ്; "പ്രകൃതി മനുഷ്യന്റെ അജൈവ ശരീരമാണ്. അതായത്, മനുഷ്യശരീരം അല്ലാത്തിടത്തോളമുള്ള പ്രകൃതി. മനുഷ്യന് പ്രകൃതിയില്‍ ജീവിക്കുന്നു. അവന് മരിക്കാതിരിക്കണമെങ്കില്‍ അതുമായി നിരന്തരം ബന്ധം പുലര്‍ത്തണം" മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യബന്ധത്തെക്കുറിച്ച് ഇതിലും മൂര്‍ത്തമായി വിവരിക്കാന്‍ കഴിയില്ല. എന്നാല്‍, ഈ ധാരണയുടെ അടുത്തെങ്ങും സമൂഹത്തിന്റെ വിവിധ ശ്രേണികളിലുള്ള മനുഷ്യര്‍, മാര്‍ക്സിസ്റ്റുകള്‍ ഉള്‍പ്പെടെ, എത്താറില്ല. എത്തിയാല്‍തന്നെ, ആ ബോധം സ്ഥായിയായി നിലനിര്‍ത്താറുമില്ല.
ഈ തിരിച്ചറിവിനെക്കുറിച്ച് മാര്‍ക്സും ഏംഗല്‍സും ബോധവാന്മാരായിരുന്നു. അതേ കുറിച്ച് തങ്ങളുടെ പല കൃതികളിലും അവര്‍ സന്ദര്ഭികമായോ ബോധപൂര്‍വമോ പറഞ്ഞിട്ടുണ്ട് എന്നുമാത്രമല്ല, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഈ അഭേദ്യബന്ധത്തിന്റെ തിരിച്ചറിവ് മാര്‍ക്സിസത്തിന്റെ അന്തര്‍ധാര മാത്രമല്ല; അതിനെ അടിസ്ഥാനമാക്കിയാണ് മാര്‍ക്സിസം നിലകൊള്ളുന്നതുതന്നെ.
മുതലാളിത്ത സമൂഹത്തിന്റെ നേതൃത്വം വഹിക്കുന്ന വന്മുതലാളിമാര്ക്ക് സമ്പത്ത് കുന്നുകൂട്ടുന്നതില്‍ മാത്രമാണ് ശ്രദ്ധ. അതുമാത്രമാണ് അവരുടെ ലക്ഷ്യം. മറിച്ച്, സമൂഹത്തിന്റെ നിലനില്‍പ്പും നന്മയും ഭാവിയും മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണമെങ്കില്‍ സമൂഹം ചൂഷണം ചെയ്യാത്തവരുടെ നിയന്ത്രണത്തിലാകണം. അധ്വാനിക്കുന്നവരുടെ നിയന്ത്രണത്തില്‍ സമൂഹം വരണം, അതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ തൊഴിലാളിവര്‍ഗം എല്ലാ ചൂഷിതര്‍ക്കും വേണ്ടി സമൂഹത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കണം എന്നൊക്കെ പറയുന്നത് പ്രകൃതിയും മനുഷ്യനും തമ്മില്‍ ജൈവ-അജൈവ ശരീരബന്ധം നിലനില്‍ക്കുന്ന കമ്യൂണിസ്റ്റ് വ്യവസ്ഥയിലേക്ക് സമൂഹം നീങ്ങുന്നതിന്റെ ആദ്യപടി എന്ന നിലയിലാണ് മാര്‍ക്സും എംഗല്‍സും വിഭാവനം ചെയ്തിരിക്കുന്നത് എന്നും അവരുടെ കൃതികള്‍ മൊത്തത്തില്‍ മനസ്സിലാക്കുന്നവര്‍ക്ക് ബോധ്യമാണ്.
'പ്രകൃതിയുടെ വൈരുധ്യാത്മകത' എന്നത് ഏംഗല്‍സ് എഴുതിയ ചില ലേഖനങ്ങളുടെയും കുറിപ്പുകളുടെയും സമാഹാരം അദ്ദേഹത്തിന്റെ മരണത്തിനു നാലുപതിറ്റാണ്ടിനുശേഷം പ്രസിദ്ധീകരിച്ചപ്പോള്‍ ആ പുസ്തകത്തിനു നല്കപ്പെട്ട പേരാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ വിവിധ ശാസ്ത്രശാഖകളില്‍ ഉണ്ടായ പുതിയ കണ്ടുപിടിത്തങ്ങളെ മാര്‍ക്സും എംഗല്‍സും ഏറെ താല്‍പ്പര്യത്തോടെയാണ് സ്വീകരിച്ചത്. ഭൗതികവാദപരമായ വൈരുധ്യാത്മക സമീപനത്തോടെ വിശകലനം ചെയ്യാന്‍ അവര്‍ ശ്രമിക്കുകയുണ്ടായി. അക്കാലത്തെ ശാസ്ത്രജ്ഞര്‍ക്ക് സംഭവിച്ച യുക്തിപരമായ പരിമിതികളെയും ആശയവാദത്തിന്റെ സ്വാധീനം അവരുടെ കൃതികളില്‍ മുഴച്ചുനിന്നതിന്റെ തരക്കേടുകളെയും കുറിച്ച് എംഗല്‍സ് ഈ കൃതിയിലെ പല ലേഖനങ്ങളിലും പരാമര്‍ശിക്കുന്നുണ്ട്. നിരവധി ഉള്‍ക്കാഴ്ചകള്‍ 'പ്രകൃതി ശാസ്ത്രം പ്രേതാത്മാക്കളുടെ ലോകത്തില്‍', 'ഭൂമിയുടെ ഭ്രമണവും ചന്ദ്രന്റെ ആകര്‍ഷണവും', 'ചൂട്', 'വിദ്യുച്ഛക്തി' മുതലായ ലേഖനങ്ങളില്‍ അക്കാലത്തെ ശാസ്ത്രജ്ഞരുടെ സംഭാവനകളെ അംഗീകരിച്ചുകൊണ്ട് എംഗല്‍സ് നല്കുന്നു. അവര്‍ ആശയവാദത്തിന്റെ പിടിയില്‍ അമര്‍ന്നതിനാല്‍ വസ്തുതകളെ പലപ്പോഴും വികൃതമായാണ് വിശകലനം ചെയ്തിരുന്നത്. അങ്ങനെ, സംഭവിക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്നും അദ്ദേഹം നിരീക്ഷിക്കുന്നുമുണ്ട്.
ഈ ലേഖനങ്ങളിലും കുറിപ്പുകളിലും വ്യക്തമായി കാണാവുന്നത് ഭൗതികവാദപരമായ വൈരുധ്യവാദത്തിന്റെ യുക്തിപരമായ മേന്മയാണ്. അത് ഏറ്റവും തിളങ്ങിനില്‍ക്കുന്ന ലേഖനമാണ് "കുരങ്ങനില്‍ നിന്നു മനുഷ്യനിലേക്കുള്ള പരിവര്‍ത്തനത്തില്‍ അധ്വാനം വഹിച്ച പങ്ക്" എന്ന ലേഖനം. വാസ്തവത്തില്‍ അത് ഉള്‍ക്കൊള്ളുന്നത് ഒരു ബൃഹത്കൃതിയില്‍ വിവരിക്കാവുന്ന കാര്യങ്ങള്‍ അതിസൂക്ഷ്മമായി അവതരിപ്പിച്ച രൂപമാണ്. നാലുകാലില്‍ നടന്ന കുരങ്ങ് പിന്‍കാലുകളില്‍ നിവര്ന്നുനില്ക്കുകയും അവ ഉപയോഗിച്ച് നടക്കുകയും ചെയ്തതോടെ, മുന്‍കാലുകള്‍ കൈകളായി രൂപാന്തരപ്പെട്ടു. അവ ഭക്ഷണം ശേഖരിക്കാനും ശത്രുക്കളെ ചെറുക്കാനും തുടങ്ങി. നൂറായിരക്കണക്കിനു ആവശ്യങ്ങള്‍ക്കായി മനുഷ്യനായി മാറിയ ആള്‍ക്കുരങ്ങ് കാലാന്തരത്തില്‍ കൈ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ഗുണപരമായ മാറ്റം അവനിലാകെ ഉണ്ടായത്. അങ്ങനെ കൈ അധ്വാനത്തിന്റെ ഉപകരണവുമായി. തുടര്‍ന്ന് അത് അവന്റെ സകല അവയവങ്ങളുടെയും ഘടനയിലും പ്രയോഗത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കി.
യാദൃച്ഛികമായെങ്കിലും ആള്‍ക്കുരങ്ങ് ഭക്ഷണം തീയിലിട്ട് ചുട്ട് (വേവിച്ച്) ഭക്ഷിക്കാന്‍ തുടങ്ങിയതോടെ പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കിടയില്‍ തലച്ചോര്‍ വികസിച്ചു വലുതായി. ശരീരത്തിലെ, അതിന്റെ ഭാഗമായി വായിലെ, നാക്കിലെ വരെ പേശികള്ക്കുവന്ന മാറ്റങ്ങള്‍ മറ്റ് ജീവികള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ ശബ്ദങ്ങള്‍ ഉണ്ടാക്കാനും ഭാഷ ആവിഷ്കരിച്ച് ആശയ കൈമാറ്റം നടത്താനും മനുഷ്യരെ പ്രാപ്തരാക്കി. അങ്ങനെ ഭാഷ നിലവില്‍ വന്നു. അതിലൂടെ മനുഷ്യന്റെ മാനസിക വ്യാപാരങ്ങള്‍ ഭാഷയില്‍ ആവിഷ്കരിക്കപ്പെടാന്‍ തുടങ്ങി.
മൃഗങ്ങള്‍ക്ക് വിശേഷബുദ്ധിയില്ല, അതിനാല്‍, സസ്യഭുക്കായാലും മാംസഭുക്കായാലും തങ്ങളുടെ ഭക്ഷണമായ ചുറ്റുപാടുമുള്ള സസ്യങ്ങളെയും ജന്തുക്കളെയും വംശനാശം വരുത്തും വിധം വരെ തിന്നുതീര്‍ക്കുന്നു. അങ്ങനെ പലപ്പോഴും അവയ്ക്കു വംശനാശം വരികയോ അല്ലെങ്കില്‍ മറ്റ് സസ്യജന്തുജാലങ്ങളെ ഭക്ഷണത്തിനു ആശ്രയിച്ചു ജീവിക്കാന്‍ നിര്‍ബന്ധിതമാവുകയോ ചെയ്യുന്നു. തല്‍ഫലമായി അവയുടെ ആകാരത്തിലും സ്വഭാവത്തിലുമൊക്കെ മാറ്റം വരുന്നു. ഇവയുടെ ഇത്തരം സ്വഭാവംമൂലം ഒരു കാലത്ത് ഇടതൂര്‍ന്ന കാടുകളായിരുന്ന ഏഷ്യാമൈനര്‍ ഒരു തരം ആടുകളുടെ തീറ്റസ്വഭാവം മൂലം കാലാന്തരത്തില്‍ മരുഭൂമിയായി മാറിയ കാര്യം എംഗല്‍സ് ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. പ്രകൃതിയില്‍ മൃഗങ്ങള്‍ വരുത്തുന്ന മാറ്റവും മനുഷ്യര്‍ വരുത്തുന്ന മാറ്റവും തമ്മില്‍ കാതലായ വ്യത്യാസമുണ്ട്. അതിനു പ്രധാനകാരണം മനുഷ്യന് പ്രയോഗിക്കുന്ന അധ്വാനമാണ്, അതിന്റെ സ്വഭാവവും അളവുമാണ്.
ഈ കൃതിയുടെ അവസാനഭാഗത്താണ് എംഗല്‍സ് ഏറെ പ്രസിദ്ധമായ നിരീക്ഷണം നടത്തുന്നത് : "എങ്കിലും, പ്രകൃതിയുടെമേല്‍ നമ്മള്, മനുഷ്യര്‍, നേടിയ വിജയങ്ങളെ ചൊല്ലി അതിരുകടന്ന ആത്മപ്രശംസ നടത്തേണ്ടതില്ല. അത്തരം ഓരോ വിജയത്തിനും പ്രകൃതി നമ്മോട് പക വീട്ടുന്നുമുണ്ട്. ഓരോ വിജയവും ഒന്നാമത് ഉളവാക്കുന്നത് നാം പ്രതീക്ഷിച്ച ഫലങ്ങളാണെന്നത് ശരിതന്നെ. എന്നാല്‍, രണ്ടാമതും മൂന്നാമതുമായി അതുളവാക്കുന്നത് തികച്ചും വ്യത്യസ്തവും അപ്രതീക്ഷിതവും പലപ്പോഴും ആദ്യത്തേതിനെ തട്ടിക്കിഴിക്കുന്നതുമായ ഫലങ്ങളാണ്". ഇവിടെയും എംഗല്‍സ് അടിവരയിടുന്നത് മനുഷ്യനും പ്രകൃതിയും തമ്മില്‍ നിലനിര്‍ത്തേണ്ട ഭൗതികവാദപരമായ വൈരുധ്യവാദ ബന്ധങ്ങളെയാണ്. എംഗല്‍സ് ഒന്നേകാല്‍ നൂറ്റാണ്ട് മുമ്പ് നല്കിയ ഈ മുന്നറിയിപ്പിന്റെ സാധുത ആരെയും ഇന്നു പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ല.
എങ്കിലും, അത് അടിവരയിടുന്നത് സിദ്ധാന്തവും പ്രയോഗവും തമ്മില്‍ ഉണ്ടായിരിക്കേണ്ട ഭൗതികവാദപരമായ വൈരുധ്യാത്മകബന്ധമാണ് എന്ന വസ്തുത അഭ്യസ്തവിദ്യരായ ആളുകള്‍- പ്രകൃതി-സാമൂഹ്യശാസ്ത്രങ്ങള്‍ അരച്ചുകലക്കി കുടിച്ചവര്പോലും അംഗീകരിക്കുന്നില്ല. വൈരുധ്യവാദത്തെ കുറിച്ചുള്ള കുറിപ്പില്‍ എംഗല്‍സ് ഇങ്ങനെ നിഗമിക്കുന്നത് അംഗീകരിക്കാന്‍, മനുഷ്യന്റെ ഇടപെടല്‍ മൂലം പ്രകൃതിക്കുണ്ടാകുന്ന നാശത്തെക്കുറിച്ച് വിലപിക്കുവാന്പോലും തയ്യാറാകില്ല. "പ്രകൃതിയുടെയും സമൂഹത്തിന്റെയും ചിന്തയുടെയും ഒരു പൊതു വികാസനിയമത്തെ സാര്‍വത്രിക സാധുതയാര്ന്ന രൂപത്തില്‍ ആദ്യമായി പ്രകാശിപ്പിച്ചുവെന്നത് ചരിത്രപ്രധാനമായ ഒരു കൃത്യമായി എന്നെന്നും നിലനില്ക്കും. തങ്ങള്‍ ചെയ്യുന്നത് എന്താണെന്നറിയാതെ ഇക്കാലമത്രയും അളവിനെയും ഗുണത്തെയും ഒന്നു മറ്റൊന്നായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന ഈ മാന്യന്മാര്ക്കു താന്‍ സംസാരിക്കുന്നത് ഗദ്യത്തിലാണെന്ന് ലവലേശവും അറിയാതെ ആയുഷ്കാലം മുഴുവന്‍ ഗദ്യത്തില്‍ സംസാരിച്ച മി. ജൂര്ദേന് എന്ന മോളിയെറുടെ കഥാപാത്രത്തോടൊപ്പം ആശ്വസിക്കുകയേ നിര്‍വാഹമുള്ളൂ."
മാര്‍ക്സും എംഗല്‍സും ഒന്നേ കാല് നൂറ്റാണ്ടിനുമുന്പ് ചൂണ്ടിക്കാട്ടിയതും പ്രയോഗക്ഷമമെന്നു തെളിയിച്ചതുമായ ഭൗതികവാദപരമായ വൈരുധ്യവാദത്തിന്റെ ശരിമയെ നിഷേധിക്കുകയാണ് ആശയവാദത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് ജനസാമാന്യത്തെ കൊടുംചൂഷണത്തിനു വിധേയരാക്കുന്ന മുതലാളിത്ത നാടുവാഴിത്ത ശക്തികളും അവയെ ന്യായീകരിക്കുന്ന പണ്ഡിതന്മാരും മറ്റും ചെയ്യുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത് നമ്മുടേത് ഉള്‍പ്പെടെ പല രാജ്യങ്ങളിലും ഇത് നിരന്തരം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു വരികയുമാണ്. അവിടെയാണ് മാര്‍ക്സ്-എംഗല്‍സ് ആശയ സംഭാവനകളുടെ കാലിക പ്രസക്തി കുടികൊള്ളുന്നത്.