ഇടതുപക്ഷ സര്‍ക്കാരുകളും കേരളീയ വികസനവും
പി രാജീവ്
കേരളത്തിലെ ജനാധിപത്യപരമായി തിരഞ്ഞടുക്കപ്പെട്ട ആദ്യത്തെ സര്‍ക്കാര്‍ ലോകത്തിനു പുതിയ അനുഭവമായിരുന്നു. മുതലാളിത്ത വികസനപാത നടപ്പിലാക്കപ്പെടുന്ന രാജ്യത്തെ ഒരു സംസ്ഥാനത്ത് ബാലറ്റ് പേപ്പറിലൂടെ കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തിലേക്ക് എത്തി എന്നതായിരുന്നു ആ സവിശേഷത. ബ്രിട്ടീഷ്ഗയാനയില് അതിനു മുമ്പ് ബാലറ്റിലൂടെ കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തില്‍ വന്നിട്ടുണ്ടെങ്കിലും അത് ഇതില്‍നിന്നും തീര്‍ത്തും വ്യത്യ്തമായ സാഹചര്യമാണ് എന്നത് വിശദികരിക്കേണ്ടതില്ലല്ലോ. മുതലാളിത്ത വ്യവസ്ഥയെയും അതിന്റെ ഉപകരണമായ ഭരണകൂടത്തെയും മാറ്റുന്നതിനായി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടി അതേ ഭരണകൂടത്തിന്റെ ഉപകരണമായ സര്‍ക്കാരിന്റെ ഭാഗമായി മാറുക എന്നത് അസാധാരണമായ വൈരുദ്ധ്യാത്മക പ്രയോഗമാണ്. ലോക ചരിത്രത്തിലെ ആദ്യ അനുഭവത്തിന്റെ പ്രയോഗത്തിന് അതുകൊണ്ടുതന്നെ സവിശേഷ പ്രാധാന്യമുണ്ട്.
മൂന്നാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ രണ്ടാം കോണ്‍ഗ്രസ് പാര്‍ലമെന്ററിസവും കമ്യൂണിസ്റ്റ് പാര്‍ടിയും എന്ന പേരിലുള്ള തിസീസ് അംഗീകരിക്കുകയുണ്ടായി. തൊഴിലാളി വര്ഗസര്വാധിപത്യത്തിനുള്ള പോരാട്ടത്തില്‍ ബൂര്ഷ്വാപാര്ലമെന്റിനെ എങ്ങനെയാണ് വിപ്ലവകരമായി ഉപയോഗിക്കാന്‍ കഴിയുന്നത് എന്ന പ്രശ്നത്തെയാണ് ബുഖാറിന് അവതരിപ്പിച്ച ഈ തിസീസ് അഭിസംബോധന ചെയ്യുന്നത്. മാര്‍ക്സും എംഗല്‍സും ജനാധിപത്യപരമായ സാധ്യതകളയും പാര്‍ലമെന്ററി രീതിയേയും ഉപയോഗിക്കേണ്ട ആവശ്യകതയെ സംബന്ധിച്ച് വിശദീകരിച്ചിട്ടുണ്ട്. സാര്‍വത്രിക വോട്ടവകാശത്തിന്റെ പുതിയ സാധ്യതകളെ സംബന്ധിച്ച് എംഗല്‍സ് സൂചിപ്പിക്കുകയുണ്ടായി. 'സാര്‍വത്രിക വോട്ടവകാശത്തെ ശരിയായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ തൊഴിലാളി വര്‍ഗത്തിന് ഏറ്റവും മൂര്‍ച്ചയേറിയ ആയുധമാണ് ലഭിക്കുന്നത്. സാര്‍വത്രിക വോട്ടവകാശത്തിന്റ വിജയകരമായ പ്രയോഗം തൊഴിലാളി വര്ഗപോരാട്ടത്തിന്റെ പുതിയ രീതിയാണ്. ഇത് അതിവേഗത്തില്‍ വികസിക്കുന്നു. ബൂര്‍ഷ്വാ വര്‍ഗഭരണത്തിന്റെ ഉപകരണമായ ഈ സ്ഥാപനം തൊഴിലാളി വര്ഗപോരാട്ടത്തിന്റെ പുതിയസാധ്യതകള്‍ തുറന്നിടുന്നു. (മാര്‍ക്സ്, എംഗല്‍സ്, തെരഞ്ഞെടുത്ത കൃതികള്‍, വാല്യം അഞ്ച്, പേജ് 195).
ഈ സാധ്യതയുടെ പ്രയോഗമാണ് റഷ്യയില്‍ ബോള്‍ഷെവിക് പാര്‍ടി പാര്‍ലമെന്റില്‍ പങ്കെടുക്കുന്ന അടവ് രൂപീകരിക്കുന്നതില്‍ നടത്തിയത്. ജനങ്ങളുമായി ഇടപെടുന്നതിന് ഏറ്റവും സാധ്യതയുള്ള രൂപത്തെ സമര്‍ഥമായി ഉപയോഗിക്കുന്നതിനാണ് ലെനിനും കമ്യൂണിസ്റ്റ് പാര്‍ടിയും ശ്രമിച്ചത്. ഇത്തരം അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് 1920ലെ രണ്ടാം കോണ്‍ഗ്രസ് പാര്‍ലമെന്ററി തിസീസ് അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റുകാര്‍ പങ്കെടുക്കണമോ എന്ന പ്രശ്നത്തെ മാത്രമായിരുന്നില്ല കൈകാര്യം ചെയ്തിരുന്നത്. അതോടൊപ്പം മുതലാളിത്ത രാജ്യങ്ങളിലെ പ്രവിശ്യകളില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ സര്‍ക്കാരുകള്‍ രൂപീകരിക്കുന്നതിനും പാര്‍ടി തയ്യാറാകേണ്ടതുണ്ടെന്ന് വിശദീകരിക്കുന്നു.
ഈ തിസീസിന്റെ പതിമൂന്നാമത്തെ ഖണ്ഡികയില്‍ പ്രവിശ്യസര്‍ക്കാരുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന കാര്യവും വിശദീകരിക്കുന്നുണ്ട്. ' പ്രാദേശിക ഭരണസമിതികളില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങള്‍. 1 ബൂര്‍ഷ്വാ കേന്ദ്രാധികാരത്തിനെതിരെ വിപ്ലവകരമായ പ്രതിപക്ഷമെന്ന ഉത്തരവാദിത്തം നിര്‍വഹിക്കല്‍ 2 ദരിദ്ര ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി കഴിയാവുന്നതെല്ലാം ചെയ്യുക 3 ബൂര്‍ഷ്വ ഭരണാധികാരം സൃഷ്ടിക്കുന്ന പരിമിതികള്‍ ഓരോ സന്ദര്‍ഭത്തിലും തുറന്നുകാട്ടുക 4 അതിന്റെ അടിസ്ഥാനത്തില്‍ അതിശക്തമായ പ്രചാരവേല നടത്തുക.' ധവുേേെ://ംംം.ാമൃഃശെേ.ീൃഴപ പരിമിതികള്‍ തുറന്നുകാട്ടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം ജനങ്ങള്‍ക്ക് കഴിയാവുന്നത്ര ആശ്വാസം നല്‍കണമെന്ന ഉത്തരവാദിത്തവും ഈ സര്‍ക്കാരുകള്‍ നിര്‍വഹിക്കണമെന്നതാണ് ചുരുക്കം.
എല്ലാവര്ക്കും വോട്ടവകാശം ലഭിക്കുന്ന വിധത്തില്‍ ലോകത്ത് ജനാധിപത്യം വികസിച്ചിട്ടില്ലാത്ത കാലത്തുപോലും കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ ഈ കാഴ്ചപ്പാട് ഉയര്ത്തിപ്പിടിച്ചുവെന്നു കാണേണ്ടതുണ്ട്. യഥാര്‍ഥത്തില്‍ അന്ന് ഈ കാര്യം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ രേഖകളുടെ ഭാഗമായിരുന്നില്ലെങ്കിലും 1957 ലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ നയിക്കുന്നത് ഈ സമീപനം തന്നെയാണെന്ന് കാണാന്‍ കഴിയും. ഏപ്രില്‍ അഞ്ചിന് അധികാരമേല്‍ക്കും എന്ന തലക്കെട്ടിലെ ചെറിയ പ്രഖ്യാപനത്തില്‍ ഇഎംഎസ് ഈ കാഴ്ചപ്പാട് തന്നെയാണ് വിശദീകരിക്കുന്നത്. താന്‍ ശ്വസിക്കുന്നതുപോലും കമ്യൂണിസ്റ്റ് സമുദായം സൃഷ്ടിക്കുന്നതിനാണെങ്കിലും തന്റെ സര്‍ക്കാരിന്റെ പരിപാടി കമ്യൂണിസ്റ്റ് പാര്‍ടിയുടെ പരിപാടി നടപ്പിലാക്കുക ആയിരിക്കുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയുടെ പരിമിതികള്‍ക്കകത്തുനിന്നും ജനങ്ങള്‍ക്ക് പരമാവധി ആശ്വാസം നല്‍കാനാണ് ശ്രമിക്കുകയെന്നും സൂചിപ്പിച്ചു.
ഭൂപരിഷ്കരണം, തൊഴിലാളി ക്ഷേമം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, സാമൂഹ്യക്ഷേമം എന്നിങ്ങനെ വിവിധ മേഖലകളില്‍ പരിമിതികള്ക്കകത്തുനിന്നുള്ള പുതിയ പരിപാടികള്‍ നടപ്പിലാക്കുന്നതിന് ഇഎംഎസ് സര്‍ക്കാര്‍ ശ്രമിച്ചതും ഈ സമീപനത്തിന്റെ ഭാഗം തന്നെയായിരുന്നു. കുടിയൊഴിപ്പിക്കല്‍ നിരോധിക്കുന്ന ഓര്‍ഡിനന്‍സിന് ആദ്യ മന്ത്രിസഭായോഗം തന്നെ അംഗീകാരം നല്‍കിയത് ചരിത്രപ്രാധാന്യമുള്ള നിലപാടായിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് അംഗീകരിച്ച കാര്‍ഷിക ബില്‍ കേരളത്തിലെ ഭൂഉടമ കുടിയാന് ബന്ധങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് ചെയ്തത്. കൃഷിഭൂമിയില്‍നിന്നും കര്‍ഷകരെ ഒഴിപ്പിക്കുന്നത് തടയാന്‍ കഴിഞ്ഞു. കുടിയാന്മാര്ക്ക് കൃഷിഭൂമിയില്‍ അവകാശം നല്കി. അതോടൊപ്പം കൈവശം വെയ്ക്കാവുന്ന ഭൂമിക്ക് പരിധി നിശ്ചയിച്ചു. പരിധിയില്‍ കവിഞ്ഞ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കുന്നതിനും ഇതു വഴി അധികാരം ലഭിച്ചു.
അതുപോലെ തന്നെ വിദ്യാഭ്യാസ രംഗത്തും സമൂലമായ മാറ്റത്തിന് ആ സര്‍ക്കാര്‍ ശ്രമിക്കുകയുണ്ടായി. വിവിധ സര്‍വകലാശാലകള്‍ക്കുള്ള നിയമങ്ങള്‍ പുതിയ തുടക്കമായി. വിദ്യാഭ്യാസം പൊതുവായ താല്പര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന സമീപനത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസബില്‍ അവതരിപ്പിക്കാനും ഈ സര്‍ക്കാരിനു കഴിഞ്ഞു. അതുപോലെ തന്നെ പ്രധാനപ്പെട്ടതായിരുന്നു തൊഴില്‍ തര്‍ക്കങ്ങളില്‍ പൊലീസ് ഇടപെടുന്നില്ലെന്ന നിലപാടും. അത് രാജ്യത്തെ പുതിയ അനുഭവമായിരുന്നു. പൊലീസ് എക്കാലത്തും ഭരണകൂട ഉപകരണമാണ്. അതുകൊണ്ടുതന്നെ പ്രവിശ്യകളില്‍ ആരു ഭരിച്ചാലും പൊലീസ് ഭരണവര്‍ഗത്തിന്റെ താല്പര്യമാണ് പൊതുവെ സംരക്ഷിക്കുന്നത്. എന്നാല്‍, ഈ പരിമിതിക്കകത്തുനിന്നുള്ള ജനാധിപത്യപരമായ ഇടപെടലാണ് ആ സര്‍ക്കാര്‍ നടത്തിയത്. സ്വകാര്യമൂലധനത്തെ വികസന കാര്യങ്ങളില്‍ എങ്ങനെ ഉപയോഗിക്കണമെന്നതു സംബന്ധിച്ചും ആ സര്‍ക്കാരിനു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ഇന്ന് ചര്‍ച്ച ചെയ്യുന്ന പിപിപി എന്നതിനെ മറ്റൊരു തലത്തില്‍ ആ സര്‍ക്കാരിന്റെ നയപ്രഖ്യാപനം അവതരിപ്പിച്ചിരുന്നു. സര്‍ക്കാരും സ്വകാര്യമേഖലയും തമ്മിലുള്ള സംയുക്ത സംരംഭം എന്നതിനും അപ്പുറമായിരുന്നു. വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ വരുന്ന സ്വകാര്യ വ്യവസായങ്ങളില്‍ സര്‍ക്കാര്‍ കൂടി ഓഹരി എടുത്ത് കൂടുതല്‍ വിശ്വാസയോഗ്യമാക്കുന്നതിനും തയ്യാറാണെന്ന് പ്രഖ്യാപിച്ചു.
ഈ സര്‍ക്കാരിന്റെ തുടര്ച്ചയില്ലാതാകേണ്ടത് അതുകൊണ്ടു തന്നെ ഭരണവര്‍ഗത്തിന്റെ ആവശ്യമായിരുന്നു. വിമോചന സമരമെന്ന് പേരിട്ടുവിളിച്ച ജനാധിപത്യവിരുദ്ധസമരം യഥാര്‍ഥത്തില്‍ ഭൂരിപക്ഷത്തിന്റെ പരിമിതമായ വിമോചനശ്രമങ്ങളെപോലും അട്ടിമറിക്കുന്നതിനാണ് ഇതുവഴി ശ്രമിച്ചത്. ഇതിനെ തുടര്‍ന്ന് 1959 ജൂലൈ 31 ന് ആ സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടു. ജനങ്ങളുടെ അംഗീകാരത്തോടെ അധികാരത്തില്‍ വന്നാലും ഭരണഘടന അനുശാസിക്കുന്ന കാലം വരെ തുടരുന്നതിന് ഭരണവര്‍ഗം അനുവദിക്കില്ലെന്ന പാഠമാണ് ഇതു വഴി ലഭിച്ചത്.
ഈ പ്രായോഗിക അനുഭവമാണ് 1964ലെ പാര്‍ടി പരിപാടി അംഗീകരിക്കുമ്പോള്‍ 112-ാം ഖണ്ഡികയിലേക്ക് നയിച്ചത്. 1967ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മുന്നണിയായി മത്സരിക്കേണ്ട സാഹചര്യം കൂടി ഉണ്ടായിരുന്നു. ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സ്ഥിതിഗതികളുടെ ആവശ്യങ്ങളെ നേരിടാന്‍ പാര്‍ടിക്ക് വിവിധ ഇടക്കാല മുദ്രാവാക്യങ്ങള്‍ ആവിഷ്കരിക്കേണ്ടിവരുമെന്നുള്ളത് വ്യക്തമാണ്. ഇന്നത്തെ ഭരണാധികാരി വര്‍ഗങ്ങളെ മാറ്റി, തല്‍സ്ഥാനത്ത് തൊഴിലാളി കര്‍ഷക സഖ്യത്തിന്മേല് പടുത്തുയര്‍ത്തിയ ഒരു പുതിയ ജനാധിപത്യ ഭരണകൂടവും ഗവണ്മെന്റും സ്ഥാപിക്കുകയെന്ന കടമ ജനങ്ങളുടെ മുമ്പാകെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ ജനങ്ങള്‍ക്ക് അടിയന്തരാശ്വാസം നല്‍കുകയെന്ന മിതമായ പരിപാടി നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമായ ഗവണ്മെന്റുകള് നിലവില്‍ വരുത്താന്‍ കിട്ടുന്ന എല്ലാ സന്ദര്‍ഭങ്ങളും പാര്‍ടി ഉപയോഗപ്പെടുത്തും. അത്തരം ഗവണ്മെന്റുകളുടെ രൂപീകരണം അധ്വാനിക്കുന്ന ജനങ്ങളുടെ വിപ്ലവപ്രസ്ഥാനത്തിന് ഉത്തേജനം നല്‍കുകയും ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുക എന്ന പ്രക്രിയയെ സഹായിക്കുകയും ചെയ്യും. പക്ഷേ, അടിസ്ഥാനപരമായി ഒരു രീതിയിലും അത് രാഷ്ട്രത്തിന്റെ സാമ്പത്തിക രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കുകയില്ല. അതുകൊണ്ട് ജനങ്ങള്‍ക്ക് അടിയന്തരാശ്വാസം നല്കുന്ന താല്‍ക്കാലിക സ്വഭാവത്തോടുകൂടിയ ഇത്തരം ഗവണ്മെന്റുകള് രൂപീകരിക്കുന്നതിനുള്ള എല്ലാ അവസരങ്ങളും പാര്‍ടി ഉപയോഗപ്പെടത്തുന്നതോടൊപ്പം തന്നെ, വന്‍കിട ബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലുള്ള ഇന്നത്തെ ബൂര്ഷ്വാഭരണകൂടത്തേയും ഗവണ്മെന്റിനേയും മാറ്റേണ്ടതിന്റെ ആവശ്യത്തെപ്പറ്റി പാര്‍ടി ജനങ്ങളെ തുടര്‍ന്നും പഠിപ്പിച്ചുകൊണ്ടിരിക്കുകയും അങ്ങനെ ബഹുജന പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുും.'
പരിപാടി അംഗീകരിച്ചതിനുശേഷം കേരളത്തില്‍ 1967ല്‍ അധികാരത്തില്‍വന്ന ഇഎംഎസ് സര്‍ക്കാര്‍ ചുരുങ്ങിയ കാലം മാത്രമേ അധികാരത്തിലുണ്ടായിരുന്നുള്ളൂവെങ്കിലും ഈ കാഴ്ചപാട് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചു. 57 ലെ ശ്രമത്തിന്റെ വികസിത തുടര്‍ച്ചയായ കാര്‍ഷിക പരിഷ്കരണനിയമം കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ മാത്രമല്ല സാമൂഹ്യരംഗത്തും വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതിന്റെ തുടര്‍ച്ചയില്‍ 122981 ഹെക്ടര്‍ ഭൂമി വിതരണം ചെയ്യപ്പെട്ടു. നേരത്തെ പാസാക്കിയ സര്‍വകലാശാല നിയമങ്ങളുടെ തുടര്‍ച്ചയില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സെനറ്റും സിന്ഡിക്കേറ്റുകളും മറ്റും വരുന്നതും ഈ സര്‍ക്കാരിന്റെ കാലത്താണ്.
പിന്നീട് കേരളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍വരുന്നത് 1980ലാണ്. ഇ കെ നായനാരുടെ നേതൃത്വത്തിലെ സര്‍ക്കാര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മുഖം നല്കി. കര്‍ഷക തൊഴിലാളികള്‍ക്ക് ആദ്യമായി പെന്ഷന് ഏര്‍പ്പെടുത്തിയത് ഈ സര്‍ക്കാരാണ്. പ്രത്യുല്‍പ്പാദനപരമല്ലെന്ന് പറഞ്ഞ് അതിനെ അധിക്ഷേപിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. കമ്പോളത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് വില എങ്ങനെ നിയന്ത്രിക്കാന്‍ കഴിയുമെന്ന അന്വേഷണത്തിന്റെ പ്രയോഗമാണ് മാവേലി സ്റ്റോറുകള്‍. 1981 ഒക്ടോബറില്‍ ആ സര്‍ക്കാരിനെ ആന്റണിയും സംഘവും മറിച്ചിട്ടു. 1957 മുതല്‍ 1982 വരെയുള്ള കേരളചരിത്രത്തിലെ ആദ്യ കാല്‍നൂറ്റാണ്ടില്‍ ആറുവര്‍ഷത്തില്‍ താഴെ മാത്രമേ കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകള്‍ കേരളത്തില്‍ അധികാരത്തിലുണ്ടായിരുന്നുള്ളൂ എന്നതും കാണേണ്ടതുണ്ട്. പിന്നീട് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍വരുന്നത് 1987ലാണ്.
1987ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ജനകീയമായ പങ്കാളിത്തം ഉറപ്പുവരുത്തുന്ന കമ്യൂണിസ്റ്റ് രീതി ശക്തിപ്പെടുത്തി. കേരളത്തെ സമ്പൂര്‍ണ്ണ സാക്ഷരതയിലേക്ക് നയിച്ചത് ഈ സര്‍ക്കാരാണ്. അതുപോലെ തന്നെ ക്ഷേമ സങ്കല്‍പ്പത്തെ ശക്തിപ്പെടുത്തുകയും വിപുലപ്പെടുത്തുകയും ചെയ്തു. അതോടൊപ്പം പുതിയ സാധ്യതകളെ വ്യവസായ വികസനത്തിനായി ഉപയോഗിക്കുന്നതിനും ഈ സര്‍ക്കാര്‍ ശ്രമിക്കുകയുണ്ടായി. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ടെക്നോ പാര്‍ക്ക് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത് ഈ സര്‍ക്കാരാണ്. അതിനു മുന്നോടിയായി മുഖ്യമന്ത്രി നായനാരുടെ നേതൃത്വത്തില്‍, പിന്നീട് ടെക്നോപാര്‍ക്കിന്റെ സിഇഒ ആയിരുന്ന വിജയരാഘവനും മറ്റും അടങ്ങുന്ന സംഘം അമേരിക്കയില്‍ സിലിക്കന്‍ വാലി സന്ദര്‍ശിച്ചത് വിവാദമാക്കാന്‍ ശ്രമിച്ചുവെന്നതും കാണേണ്ടതുണ്ട്.
അന്ന് രാജ്യത്തെ സാഹചര്യവും വ്യത്യസ്തമായിരുന്നു. പുതിയ സാമ്പത്തിക നയത്തിലൂടെ ഉദാരവല്‍ക്കരണം നടപ്പിലാക്കാന്‍ 1991 മുതല്‍ തുടങ്ങിയിരുന്നു. ഇത് സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തന രീതികളെ മാറ്റുന്നതിന് നിര്‍ബന്ധിതമാക്കി.
ഈ പുതിയ സാഹചര്യത്തിലും ഭരണനിര്‍വഹണത്തില്‍ പുതിയ രീതി ഈ സര്‍ക്കാര്‍ നടപ്പിലാക്കി. പരിമിതികള്‍ക്കകത്തുനിന്ന് ആസൂത്രണത്തിലും നിര്‍വഹണത്തിലും ജനങ്ങള്‍ക്ക് കൂടി പങ്കാളിത്തം നല്‍കുക എന്ന കാഴ്ചപ്പാടിന്റെ പ്രയോഗമായിരുന്നു ജനകീയാസൂത്രണം.അധ്രികാരവികേന്ദ്രീകരണത്തെ സംബന്ധിച്ച് കേരള രൂപീകരണത്തിനു മുമ്പുതന്നെ ഇടതുപക്ഷം സ്വീകരിച്ചിരുന്ന നിലപാടിന്റെ പുതിയ രീതികള്‍ക്ക് അനുസൃതമായ പ്രയോഗം കൂടിയായിരുന്നു അത്. സ്ത്രീ ശാക്തീകരണത്തിലും ഈ സര്‍ക്കാര്‍ ലോകത്തിനു പുതിയ അനുഭവം നല്കി. കുടുംബശ്രീ പ്രസ്ഥാനം സ്ത്രീപദവിയില്‍ മാറ്റം വരുത്തുന്നതിന് സഹായിച്ചു. ഈ സര്‍ക്കാരാണ് കേരളത്തിലെ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ ഇടതുപക്ഷ സര്‍ക്കാര്‍.
രണ്ടായിരത്തില്‍ പാര്‍ടി പരിപാടി കാലോചിതമാക്കിയപ്പോള്‍ ഈ അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ സര്‍ക്കാരുകളെ സംബന്ധിച്ച കാഴ്ചപ്പാടും പുതുക്കുകയുണ്ടായി. പരിപാടിയിലെ 7.17 ല്‍ ഈ മാറ്റം കാണാം. 64 ലെ പരിപാടിയില്‍ സര്‍ക്കാരുകള്‍ താല്‍ക്കാലിക ആശ്വാസം മാത്രം നല്‍കാനാണ് ശ്രമിക്കുന്നതെങ്കില്‍ കാലോചിതമാക്കിയ പരിപാടിയില്‍ പരിമിതികള്‍ക്ക് അകത്തുനിന്നും ബദല്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിനും ശ്രമിക്കണമെന്ന നിലപാട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. 2005ലെ പതിനെട്ടാം കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന്റെ ഭാഗമായി ' ചില നയപ്രശ്നങ്ങളെപ്പറ്റി' എന്ന രേഖ അംഗീകരിച്ചിരുന്നു. വിദേശത്തുനിന്നും ബഹുരാഷ്ട്ര ഏജന്‍സികളില്‍നിന്നും വായ്പകളും ഗ്രാന്റുകളും സ്വീകരിക്കല്‍, വിദേശ പ്രത്യക്ഷ നിക്ഷേപം, പൊതുമേഖല ഇവ സംബന്ധിച്ച നിലപാടുകള്‍ക്ക് രേഖ വ്യക്തത നല്കി. അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികളില്‍നിന്നും വായ്പകള്‍ സ്വീകരിക്കരുതെന്ന അന്ധമായ നിലപാടല്ല പാര്‍ടി സ്വീകരിച്ചത്. എന്നാല്‍, ഏതുവിധേനയും വായ്പ സ്വീകരിക്കുകയെന്ന കാഴ്ചപ്പാടും പിന്തുടര്ന്നില്ല. അതിനുശേഷം പത്തൊമ്പതാം കോണ്‍ഗ്രസ് അംഗീകരിച്ച ഇടതുപക്ഷ സര്‍ക്കാരുകളെ സംബന്ധിച്ച രേഖയും പുതിയ കാലത്തിന്റെ സവിശേഷതകളില്‍ ദേശീയതലത്തിലെ ബദല്‍ നയങ്ങള്‍ക്കനുസരിച്ച് സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടത് സംബന്ധിച്ചും വ്യക്തത വരുത്തി. ഈ സമീപനമനുസരിച്ചാണ് പിന്നീട് അധികാരത്തിലുണ്ടായിരുന്ന സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചത്.
2006ല്‍ അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇത് പ്രതിഫലിക്കുന്നുണ്ട്. പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതിനും സേവന മേഖലകളിലെ സര്‍ക്കാര്‍ ഇടപെടലുകള്‍ ഗുണപരമായ മാറ്റത്തിനായി വികസിപ്പിക്കുന്നതിനും ആ സര്‍ക്കാര്‍ ശ്രമിച്ചു. പാരിസ്ഥിതിക മേഖലകളില്‍ നടത്തിയ ഇടപെടലും ശ്രദ്ധേയമായിരുന്നു. 2009ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമവും മറ്റും ഇതിന്റെ ഉദാഹരണമാണ്. പൊതുമേഖലാസ്ഥാപനങ്ങളുടെ ശക്തിപ്പെടല്‍ രാജ്യത്തിനു പുതിയ അനുഭവം നല്കി. വിദ്യാഭ്യാസമേഖലയില്‍ ആധുനിക സാങ്കേതിക വിദ്യകളെ കൂടി ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ഇടപെടല്‍ ശക്തിപ്പെടുത്തി.
ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന പിണറായി വിജയന് നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഉദാരവല്‍ക്കരണ നയങ്ങളുടെ പുതുതലമുറ പരിഷ്കാരം നടപ്പിലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ വര്‍ഗീയവല്‍ക്കരണത്തിനും നേതൃത്വം നല്കുന്നു. ജിഎസ്ടി തുടങ്ങിയ പരിഷ്കാരങ്ങളിലൂടെ, പരിമിതമായ സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരത്തെ ദുര്‍ബലപ്പെടുത്തി. ഈ സാഹചര്യത്തിലും പരിമിതകളെ മറികടന്ന് സംസ്ഥാനത്തെ മുമ്പോട്ട് കൊണ്ടുപോകുന്നതിനാണ് ശ്രമിക്കുന്നത്. സവിശേഷമായ കേരള മാതൃകയുടെ ദൗര്‍ബല്യം ഇഎംഎസ് ചൂണ്ടിക്കാട്ടിയിരുന്നു. ഉല്‍പ്പാദനമേഖലകളില്‍ വളര്‍ച്ചയില്ലാതെ സേവന മേഖലകളില്‍ കുതിച്ചുചാട്ടമുണ്ടാകുന്നതിന്റെ ഭാവി പ്രതിസന്ധികള്‍ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. അതുകൂടി ഉള്‍ക്കൊണ്ടാണ് കാര്‍ഷിക മേഖലയിലും വ്യവസായത്തിലും കൂടുതല്‍ ഉല്പ്പാദനമുണ്ടാക്കുന്നതിന് ശ്രമിക്കുന്നത്. പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തില്‍ സംസ്ഥാനത്തെ മറ്റേത് സര്‍ക്കാരിനേക്കാളും കൂടുതല്‍ സംഭാവന ചെയ്യുന്നതിന് പിണറായി സര്‍ക്കാരിനു കഴിഞ്ഞു.
കേരള വികസനത്തിന്റെ രണ്ടാം തലമുറ പ്രതിസന്ധിയായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കാറുള്ളത് സേവന മേഖലകളിലെ ഗുണനിലവാരത്തിന്റെ പ്രശ്നമാണ്. വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലെ പൊതുനിക്ഷേപം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നതാണ്. എല്ലാവര്ക്കും വീട് നല്കുന്ന ലൈഫ് പദ്ധതിയും സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായി സ്വീകരിച്ച നടപടികളും ക്ഷേമ പെന്ഷന് വര്‍ധിപ്പിച്ചതും വിപുലപ്പെടുത്തിയതും ഈ സര്‍ക്കാരിന്റെ പക്ഷം വ്യക്തമാക്കുന്നതാണ്. സുതാര്യമായ പ്രവര്‍ത്തന രീതി ജനാധിപത്യത്തിലെ ഏറ്റവും പ്രധാന ഘടകമാണ്. തിരഞ്ഞെടുപ്പ് പ്രകടന പത്രികയെ അടിസ്ഥാനമാക്കി പ്രോഗ്രസ് കാര്‍ഡ് എല്ലാ വര്‍ഷവും പ്രസിദ്ധപ്പെടുത്തുന്ന രീതി രാജ്യത്തിന് പുതിയ അനുഭവമായിരുന്നു. പ്രളയകാലത്തും മഹാമാരിയുടെ സന്ദര്‍ഭത്തിലും ഈ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷ ബദലിന്റെ പ്രയോഗം ഒന്നുകൂടി വ്യക്തമാക്കി. വര്‍ഗീയവല്‍ക്കരണ നടപടികള്‍ കേന്ദ്രം സ്വീകരിക്കുമ്പോള്‍ ജനങ്ങളെയാകെ അണിനിരത്തുന്നതിനും പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനും നടത്തിയ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ എങ്ങനെയാണ് സമര ഉപകരണം കൂടിയാകുന്നതെന്ന് കാണിച്ചുതന്നു.
ഈ സര്‍ക്കാരു കൂടി കാലാവധി പൂര്‍ത്തീകരിക്കുമ്പോള്‍ 64 വര്‍ഷത്തെ കേരളചരിത്രത്തില്‍ ഇടതപക്ഷ സര്‍ക്കാരുകള്‍ കാല്‍നൂറ്റാണ്ട് ഭരണത്തിലിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. ഈ കാല് നൂറ്റാണ്ടിന്റെ സംഭാവനകളാണ് ലോകം ശ്രദ്ധിക്കുന്ന രീതിയിലേക്ക് കേരളത്തെ പുതുക്കിപ്പണിതത് എന്ന കാര്യം ചരിത്രത്തിന്റെ ഭാഗമാണ്. പരിമിതമായ അധികാരങ്ങളും വിഭവങ്ങളും ഉപയോഗിച്ചും കേന്ദ്രഭരണത്തിന്റെ ശ്വാസംമുട്ടിക്കലുകള്ക്കിടയിലുമാണ് ആധുനിക കേരളത്തിന്റെ പുരോഗതിക്ക് സവിശേഷമായ സംഭാവന നല്കാന് ഇടതുപക്ഷത്തിനു കഴിഞ്ഞതെന്നതും പ്രത്യേകം കാണണം. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ടത് ഇടതുപക്ഷം നടപ്പിലാക്കാന്‍ ശ്രമിച്ച വികസന പദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടായിരുന്നെങ്കില്‍ ഇതിനേക്കാള്‍ എത്രമാത്രം മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നു എന്നതാണ്. ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായ ഫലമുണ്ടാകണമെങ്കില്‍ ഇടതുപക്ഷ ഭരണത്തുടര്‍ച്ച ഉറപ്പുവരുത്തുകയാണ് പ്രധാനം