കോവിഡും കേരളീയ മധ്യവര്‍ഗത്തിന്‍റെ ആധുനികോത്തര യുക്തികളും

കെ എന്‍ ഗണേശ്

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഉണ്ടായ ചില വിവാദങ്ങള്‍ കേരളയെ സമൂഹത്തില്‍ ഒരു വിഭാഗം എങ്ങനെ ചിന്തിക്കുന്നു എന്നതിന് പ്രത്യക്ഷമായ ഉദാഹരണങ്ങളാണ്. കേരളത്തില്‍ പ്രവാസികളുടെ തിരിച്ചുവരവിനോട് ഗവണ്മെന്‍റ് വിവേചനം കാണിക്കുന്നു എന്ന പ്രതിപക്ഷത്തിന്‍റെ പ്രചാരണമാണ് ഒന്ന്. രണ്ടാമത്തേത് പൂന്തുറയിലെ ജനങ്ങളോട് സര്‍ക്കാരും ഉദ്യോഗസ്ഥരും വിവേചനം കാണിക്കുന്നു എന്ന ആരോപണമാണ്. മറ്റൊന്ന് ഇതെഴുതുന്നതിനു തൊട്ടു മുമ്പ് കോട്ടയത്ത് ഒരു ബി ജെ പി കൗണ്‍സിലറിന്‍റെ നേതൃത്വത്തില്‍ കോവിഡ് ബാധിച്ചു മരിച്ച ഒരാളെ സംസ്കരിക്കുന്നതു തടയാനുണ്ടായ നീക്കമാണ്. 
കോവിഡിന്‍റെ വ്യാപനം കേരളീയ സമൂഹത്തില്‍ നിരവധി ആശങ്കകളും ആകുലതകളും സൃഷ്ടിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. കോവിഡ് ആരു വഴിയൊക്കെ വരുമെന്ന് അറിയാന്‍ കഴിയാത്ത അവസ്ഥ, ഇതിനു കൃത്യമായ മരുന്നില്ലാത്ത സ്ഥിതി, കോവാക്സിനു വേണ്ടിയുള്ള അന്വേഷണം തുടരുന്നത് സംബന്ധിച്ച വിവരങ്ങള്‍ - ഇവയെല്ലാം ചേര്‍ന്ന് ധാരാളം ഊഹാപോഹങ്ങളും വ്യാജവാര്‍ത്തകളും അവകാശവാദങ്ങളും പ്രചരിപ്പിച്ചിട്ടുണ്ട്. വന്‍കിട കമ്പനികള്‍ മുതല്‍ ഒറ്റമൂലിക്കാര്‍ വരെ അവരുടെ ചികിത്സയുമായി രംഗത്ത് വന്നിട്ടുണ്ട്. കോവിഡ് ജനങ്ങളുടെ ജീവിതരീതിയെയും തൊഴില്‍രൂപങ്ങളെയും വിദ്യാഭ്യാസത്തിന്‍റെയും വിനോദത്തിന്‍റെയും രൂപങ്ങളെയുമെല്ലാം താറുമാറാക്കിയിട്ടുണ്ട്. ദൈനംദിനം തൊഴിലെടുത്തു ജീവിക്കുന്നവരുടെയെല്ലാം ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. പ്രവാസികളില്‍ നല്ലൊരു ശതമാനത്തിന്‍റെ തൊഴില്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. മല്‍സ്യത്തൊഴിലാളികള്‍, നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള അസ്ഥിരത്തൊഴിലാളികള്‍, ആദിവാസികള്‍ തുടങ്ങിയവരെല്ലാം ദുരിതങ്ങളിലേക്ക് നീങ്ങുകയാണ്. കോവിഡിനെ നേരിടുന്നതില്‍ സമ്പന്നരാജ്യങ്ങള്‍ പോലും പരാജയപ്പെടുന്ന അവസ്ഥയില്‍ ഭരണാധികാരികളുടെ മേല്‍ മാത്രം പഴിചാരാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ നമ്മുടെ വൈകാരികജീവിതത്തെ സ്വാധീനിക്കുകയും സമൂഹത്തില്‍ അലിഞ്ഞു ചേര്‍ന്ന ചില പ്രവണതകളെ വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യാം. കോവിഡ് ബാധിച്ച വ്യക്തികളെയും കുടുംബങ്ങളെയും സാമൂഹ്യമായി വിലക്കുന്ന സംഭവങ്ങള്‍ പലയിടങ്ങളിലും ഉണ്ടായിട്ടുണ്ട്. അവര്‍ സ്വന്തം പ്രദേശങ്ങളില്‍ വരുന്നത് ഭയപ്പെടുന്ന പ്രവണതയുമുണ്ട്. മുമ്പ് സൂചിപ്പിച്ച ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള നടപടി അതിന്‍റെ തീവ്രമായ രൂപമാണ്. കോവിഡ് ബാധിച്ചു മരിച്ച ഏതു രോഗിയെയും അതിന്‍റെ പ്രോട്ടോകോള്‍ പാലിച്ചാണ് മറവു ചെയ്യുന്നതെന്നിരിക്കെ, അതിനെതിരായ വികാരം മനസ്സിലാക്കി കാര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്താനുള്ള ആര്‍ജവം പോലും മേല്പടി കൗണ്‍സിലര്‍ കാണിച്ചില്ല. വികാരങ്ങളെ ആളിക്കത്തിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

കോവിഡ് എന്നുപറഞ്ഞാല്‍ എന്താണെന്നും അതിനോടുള്ള ശാസ്ത്രീയവും ജീവിതസുരക്ഷയ്ക്ക് ആവശ്യവുമായ സമീപനം എന്താണെന്നും ഉള്ള നിരന്തരമായ പ്രചാരണം സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും മറ്റു സന്നദ്ധസംഘടനകളും നടത്തുന്നുന്നുണ്ട്. അവ ജനങ്ങളിലേക്ക് എത്തുന്നുമുണ്ട്. പക്ഷേ അവയെ പൂര്‍ണമായി ഉള്‍ക്കൊണ്ട് ആവശ്യമായ ക്രമീകരണങ്ങള്‍ സ്വജീവിതത്തില്‍ വരുത്താനുള്ള താല്പര്യം എല്ലാ വിഭാഗങ്ങളിലും ഒരുപോലെ കാണുന്നില്ല. ഏതെങ്കിലും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഒത്തുചേരുകയും ചടങ്ങുകളില്‍ കൂട്ടമായി പങ്കെടുക്കുകയും ചെയ്യുക മലയാളികളുടെ സ്ഥിരസ്വഭാവമാണ്. കാസര്‍കോട് ചെങ്കളയില്‍ അനുവാദമില്ലാതെ നടത്തിയ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത വരനും വധുവിനുമടക്കം എല്ലാവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത് ഉദാഹരണമാണ്. ഇത്തരം ചടങ്ങുകളില്‍ പങ്കെടുത്ത വടകര എംപിക്ക് നിരീക്ഷണത്തില്‍ പോകേണ്ടി വരികയും ചടങ്ങുകളില്‍ സംബന്ധിച്ചവര്‍ക്ക് പലര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. വയനാട്ടിലെ വാളാട് ഒരു മരണചടങ്ങളിലും രണ്ടു വിവാഹങ്ങളിലും പങ്കെടുത്തവരില്‍ നൂറോളം പേര്‍ക്ക് കോവിഡ് ബാധിക്കുന്ന അവസ്ഥയുണ്ടായി. ഇന്നത്തെ പൊതുസ്ഥിതിയെക്കാള്‍ അധികം പ്രാധാന്യം വ്യക്തിഗതതാല്പര്യങ്ങള്‍ക്ക് കൊടുക്കുന്ന പ്രവണതയെ ആണ് ഇതു കാണിക്കുന്നത്. ഇതേ തരത്തിലുള്ള താല്പര്യങ്ങള്‍ മറ്റൊരു വിധത്തില്‍ പ്രകടിപ്പിക്കുന്നതും കാണാം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകളെ ചിലര്‍ തിരിച്ചുവിടുന്നത് മദ്യഷോപ്പുകള്‍ക്കെതിരായാണ്. മദ്യം വില്‍ക്കാന്‍ അനുമതി നല്‍കിയാല്‍ എങ്ങനെ ആള്‍ക്കൂട്ടം ഒഴിവാക്കാം എന്നതാണ് അവരുടെ ചോദ്യം. ചിലര്‍ ആരാധനാലയങ്ങള്‍ക്കെതിരായും. അവിടെത്തന്നെ ഹിന്ദു,  മുസ്ലീം ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ആരെയാണ് സര്‍ക്കാര്‍ അനുകൂലിക്കുന്നത് എന്നപരിശോധനയും കാണാം. രാഷ്ട്രീയപാര്‍ട്ടികളുടെ കൂട്ടംചേരലിനെ സംബന്ധിച്ചും ഇതേ തരത്തിലുള്ള വാദപ്രതിവാദങ്ങള്‍ കാണാം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക എന്ന ആരോഗ്യസുരക്ഷയ്ക്കു വേണ്ടിയുള്ള ശാസ്ത്രീയ നിര്‍ദേശത്തെ എങ്ങനെ സ്വന്തം വ്യക്തിഗതസ്ഥാപിതതാല്പര്യങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നു എന്ന് ഇവിടെയൊക്കെ കാണാം. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഞങ്ങള്‍ തയ്യാറല്ല, മറ്റെല്ലാവരും ചെയ്താല്‍ ഞങ്ങളുമാകാം എന്നതാണ് വാദം.

ഇതേ പ്രവണതകളുടെ ഉയര്‍ന്ന രൂപമാണ് നമുക്ക് പ്രവാസികളെയും പൂന്തുറനിവാസികളെയും സംബന്ധിച്ച വിവാദങ്ങളില്‍ കാണാവുന്നത്. ലോകമാസകലം കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ പ്രവാസികളുടെ സുരക്ഷയെ സംബന്ധിച്ച ആകുലതകള്‍ അവരുടെ ബന്ധുക്കളില്‍ വര്‍ധിച്ചു. കേരളത്തിലെ കോവിഡ് വ്യാപനം ആദ്യഘട്ടത്തില്‍ പിടിച്ചുനിര്‍ത്തിയ അതേ സമയത്താണ് പുറമെയുള്ള സ്ഥിതി രൂക്ഷമാകുകയും നിരവധി മലയാളികള്‍ മറ്റു സംസ്ഥാനങ്ങളിലും രാഷ്ട്രങ്ങളിലും മരിക്കുകയും ചെയ്തത്. സുരക്ഷിതമെന്ന് കരുതപ്പെട്ട കേരളത്തിലേക്ക് തിരിച്ചുവരാനുള്ള സമ്മര്‍ദം ഏറുകയായിരുന്നു. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളില്‍ പ്രവാസികള്‍ ചെലുത്തിയ സമ്മര്‍ദമാണ് പിന്നീട് അവരുടെ തിരിച്ചു വരവിനുള്ള വഴിയൊരുക്കിയത്. അതേസമയം തന്നെ കോവിഡ് ബാധിതപ്രദേശങ്ങളില്‍ നിന്നു വരുന്നവരായതുകൊണ്ട് ആരോഗ്യസുരക്ഷയുടെ ഭാഗമായി അതത് രാഷ്ട്രങ്ങളില്‍ത്തന്നെ ടെസ്റ്റിങ്ങിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണമെന്ന് കേരളസര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അതുപോലെ ഇന്ത്യക്കകത്തു തന്നെയുള്ള മറ്റു പ്രദേശങ്ങളില്‍ നിന്നുവരുന്നവര്‍ക്കും ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും നോണ്‍ സ്റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇവിടെ എത്തുന്നവര്‍ സ്വാഭാവികമായി നടത്തുന്ന ഭവനസന്ദര്‍ശനങ്ങളും മറ്റും ഒഴിവാക്കി ക്വാറന്‍റൈനില്‍ പോകണമെന്നും ആവശ്യപ്പെട്ടു. കൂടാതെ സര്‍ക്കാരിന്‍റെ രജിസ്ട്രേഷനും പാസും മുഖാന്തരമുള്ള യാത്രയും സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കി. 

 ഇത്തരം നിബന്ധനകളെയെല്ലാം ഒരു വിഭാഗം സമീപിച്ചത് തികച്ചും ഭിന്നമായ രീതിയില്‍ ആയിരുന്നു. ശാസ്ത്രീയമായ ആരോഗ്യസുരക്ഷയെ മുന്‍നിര്‍ത്തിയുള്ള പൊതു മാനദണ്ഡങ്ങളെല്ലാം തികച്ചും വൈകാരികമായ അളവുകോലുകള്‍ ഉപയോഗിച്ചാണ് എതിര്‍ക്കപ്പെട്ടത്. പ്രവാസികള്‍ക്കു സ്വന്തം ജന്മനാട്ടിലേക്ക് കടന്നുവരാന്‍ ഒരു വിധത്തിലുള്ള നിബന്ധനകളും ആവശ്യമില്ലെന്നു വാദിക്കപ്പെട്ടു. പാസില്ലാതെ ആളുകളെ കടത്താനുള്ള ശ്രമങ്ങളും നടന്നു. മറ്റു രാഷ്ട്രങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങള്‍ പ്രവാസികള്‍ക്ക് നേരെയുള്ള വിവേചനത്തിന് തെളിവാണെന്ന് വാദിച്ചു. എങ്ങിനെയെങ്കിലും കോവിഡ് വ്യാധിയില്‍ നിന്ന് രക്ഷപ്പെട്ടു സ്വന്തനാട്ടില്‍ എത്താന്‍ ശ്രമിക്കുന്നവരെ അതതു രാഷ്ട്രങ്ങളില്‍ തന്നെ കെട്ടിയിടാനുള്ള ശ്രമമാണെന്ന് വാദിക്കപ്പെട്ടു. പുറത്തുനിന്നു വരുന്നവര്‍ക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ അനുവദിച്ചപ്പോള്‍ അവിടെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണമെന്ന നിര്‍ദേശവും വിമര്‍ശനം ഉയര്‍ത്തി. ഭീഷണസ്വഭാവമുള്ള പകര്‍ച്ചവ്യാധിയെ നേരിടുന്ന ഘട്ടത്തില്‍ പ്രവാസികള്‍ക്ക് നിര്‍ദേശിക്കപ്പെട്ട ശാസ്ത്രീയമാനദണ്ഡങ്ങള്‍ പ്രവാസികളെ വംശീയമായി വിവേചനം നടത്താനും അവരെ അപരരെന്നു ചിത്രീകരിച്ച് രോഗവ്യാപനത്തിന്‍റെ കാരണമായി ചിത്രീകരിക്കാനുള്ള ശ്രമമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. അത്തരം മാനദണ്ഡങ്ങള്‍ പ്രവാസികള്‍ പിന്തുടരണം എന്ന വാദവും അപരവത്കരണമായി വ്യാഖ്യാനിക്കപ്പെട്ടു.ഇതിന്‍റെ തുടര്‍ച്ചയായി തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തപ്പെട്ട ക്വാറന്‍റൈനെ സംബന്ധിച്ചും തര്‍ക്കമുണ്ടായി. അവര്‍ക്ക് പെയ്ഡ് ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടന്നു. ക്വാറന്‍റൈനില്‍ നിന്ന് ചാടിപ്പോകുന്നവരുടെയും രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടും അത് പുറത്തു പറയാതെ നടക്കുന്നവരുടെയും എണ്ണം വര്‍ധിച്ചു. വൈകാരികത ശാസ്ത്രീയ സുരക്ഷയുടെ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. 

പൂന്തുറയുടെ അവസ്ഥയും സമാനമാണ് . കോവിഡ് പ്രതിരോധത്തിന്‍റെ ആദ്യഘട്ടത്തിലും തീരദേശമേഖല  പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. കടലില്‍ പോക്കും മല്‍സ്യവില്പനയും, മല്‍സ്യമാര്‍ക്കറ്റുകളിലെ കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും മറ്റും ഏര്‍പ്പെടുത്തുക എളുപ്പമല്ലായിരുന്നു. ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളില്‍ ശുചിത്വത്തെയും സാമൂഹ്യമായ അകലത്തെയും സംബന്ധിച്ച നിബന്ധനകള്‍ പാലിക്കുക പ്രയാസമാണ്. അതിശക്തമായ പ്രചാരരൂപങ്ങളും ആരോഗ്യപ്രവര്‍ത്തകരുടെ നിരന്തരജാഗ്രതയും ഇവ നടപ്പിലാക്കാന്‍ വേണ്ടിവരും. ഇതേ സമയത്താണ് ട്രോളിംഗ് നിരോധനം നടപ്പിലായത്. ഇത് മല്‍സ്യബന്ധനപ്രവര്‍ത്തനത്തെ മൊത്തത്തില്‍ നിയന്ത്രിച്ചു. പലരും മറ്റു പ്രദേശങ്ങളില്‍ നിന്ന് മല്‍സ്യം കടത്തിക്കൊണ്ടുവന്നു വില്പന ആരംഭിച്ചു. പല സ്ഥലങ്ങളിലും വില്പന നടത്തിയ ചീഞ്ഞ മല്‍സ്യം പിടിച്ചെടുത്തു നശിപ്പിച്ചത് ആദ്യഘട്ടത്തിലായിരുന്നു. അഖിലേന്ത്യാതലത്തില്‍ അണ്‍ലോക്കിങ് ഏര്‍പ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തില്‍ അന്തര്‍സംസ്ഥാന യാത്രകളില്‍ ഇളവ് അനുവദിക്കുകയും ചിലര്‍ അതിനെ ഉപയോഗപ്പെടുത്തി കന്യാകുമാരിയില്‍ നിന്നും മറ്റും മല്‍സ്യം കൊണ്ടുവന്നു വില്പന ആരംഭിക്കുകയും ചെയ്തു. ഇതില്‍ പെട്ടവര്‍ക്കാണ് പൂന്തുറയില്‍ കോവിഡ് സ്ഥിരീകരിക്കുകയും അവിടം അതിവേഗം സാമൂഹ്യവ്യാപനത്തിലേക്ക് നീങ്ങുകയും ചെയ്തത്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ട് നിരവധി ദിവസം കഴിഞ്ഞിട്ടും ആ പ്രദേശം അപകടാവസ്ഥ തരണം ചെയ്തിട്ടില്ല.

പ്രവാസികളുടെ പ്രശ്നവും പൂന്തുറയടക്കമുള്ള മല്‍സ്യമേഖലയുടെ പ്രശ്നവും തമ്മില്‍ ചില പ്രധാനഭിന്നതകള്‍ ഉണ്ട്. പ്രവാസികള്‍ക്കും അതിജീവനത്തിന്‍റെ പ്രശ്നങ്ങള്‍ ഉണ്ട്. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുടെ പ്രശ്നം വളരെയധികമാണ്. എങ്കിലും ദൈനംദിനജീവിതം തന്നെ അപകടത്തിലാകുന്ന പ്രതിസന്ധിയാണ് മല്‍സ്യമേഖലയില്‍ ഉണ്ടായിരുന്നത്. പ്രവാസികള്‍ക്ക് ലഭിക്കുന്ന സുരക്ഷകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുക എളുപ്പമല്ല. പൊതുജീവിതത്തിന്‍റെ ഭാഗമായി തന്നെ ചില മുന്‍കരുതലുകള്‍ വേണ്ടി വരും. അത്തരത്തിലുള്ള ഉദ്ബോധനം അവിടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ അടക്കം ആരും നടത്തിയില്ല. ആരോഗ്യസുരക്ഷയെ സംബന്ധിച്ച ശാസ്ത്രീയ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് എല്ലാവരുടെയും അതിജീവനത്തിന് അത്യാവശ്യമാണ്.  ഇവിടെയും സുരക്ഷാനിയന്ത്രണങ്ങളെ സംബന്ധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ വൈകാരികമായി വ്യാഖ്യാനിക്കപ്പെടുകയും ആരോഗ്യപ്രവര്‍ത്തകരെ തടഞ്ഞു വയ്ക്കുന്ന സ്ഥിതിയിലേക്ക് നീങ്ങുകയും ചെയ്തു. അവര്‍ നടത്തുന്ന ആരോഗ്യസുരക്ഷാനടപടികള്‍ക്ക് എതിരെ പ്രചാരണം നടന്നു.മല്‍സ്യത്തൊഴിലാളികള്‍ക്കെതിരെ വംശീയമായ വിവേചനം അരങ്ങേറുകയാണെന്നും അവരാണ് കോവിഡ് പടര്‍ത്തുന്നത് എന്ന പ്രചാരണം നടത്തപ്പെടുന്നുണ്ടെന്നും ഉള്ള വ്യാഖ്യാനങ്ങള്‍ വന്നു. സോഷ്യല്‍ മീഡിയയിലും മറ്റും പലരുടെയും ഇടപെടലുകള്‍ ഇത്തരം ധാരണകളെ ശക്തിപ്പെടുത്തുന്നവ ആയിരുന്നു.
രണ്ടിടത്തും ഒരു കാര്യം ശ്രദ്ധേയമാണ്. പ്രവാസികള്‍ തിരിച്ചുവന്നത് ഒന്നുകില്‍ അവരുടെ തൊഴില്‍ നഷ്ടപ്പെട്ടിട്ടാണ് അല്ലങ്കില്‍ പ്രായമേറിയവരോ ഗര്‍ഭിണികള്‍ അടക്കമുള്ള സ്ത്രീകളോ ആണ്. നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളാണ്. സാമ്പത്തികമായി സുരക്ഷിതരായവര്‍ എല്ലാവരും തിരിച്ചു വന്നതായി സൂചനയില്ല. അന്യസംസ്ഥാനങ്ങളില്‍ നിന്നു വന്നവരും അതുപോലെയാണ്.
തീരദേശവാസികളുടെയും പ്രശ്നം അടിസ്ഥാനപരമായി അതിജീവനം തന്നെയാണ്. ഇവരുടെ അതിജീവനപ്രശ്നങ്ങള്‍ കോവിഡ് ബാധകൊണ്ടുമാത്രം ഉണ്ടാകുന്നതല്ല. കോവിഡ് മൂലം രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയുടെ കൂടി പശ്ചാത്തലത്തിലാണ് നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടത്. ഇതേ സാഹചര്യങ്ങളാണ് മത്സ്യത്തൊഴിലാളികളുടെ കാര്യത്തിലും നിലനില്‍ക്കുന്നത്. ഇവരുടെ അതിജീവനപ്രശ്നങ്ങള്‍ കേരളത്തിന്‍റെ വികസനചര്‍ച്ചകളില്‍ മുഖ്യസ്ഥാനം വഹിക്കേണ്ടതുമാണ്. കോവിഡിന്‍റെ  സമൂഹ്യവ്യാപനം ആദ്യം കേരളത്തിലുണ്ടായത് മല്‍സ്യമേഖലയിലാണ് എന്നതുതന്നെ  ഈ മേഖലയിലെ അതിജീവനവും രോഗപ്രതിരോധശേഷിയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ചര്‍ച്ചകളും പ്രയോഗികനിര്‍ദേശങ്ങളും സജീവമാക്കേണ്ട ആവശ്യത്തെയാണ് കാണിക്കുന്നത്. രോഗബാധിതപ്രദേശങ്ങളില്‍ നിന്നു വരുന്നവര്‍ എന്ന നിലയില്‍ പ്രവാസികള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെയും പ്രാദേശിക തലത്തില്‍ സ്വീകരിക്കേണ്ട നടപടികളെയും കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു വേണ്ടിയിരുന്നത്.  അതിനു പകരം ചര്‍ച്ച പോയത് പ്രവാസികളുമായും മല്‍സ്യതൊഴിലാളികളുമായി ബന്ധപ്പെട്ട് 'മുഖ്യധാരാസമൂഹത്തിന്‍റെ' അപരത്വനിര്‍മാണത്തിലേക്കാണ്. പ്രതിപക്ഷരാഷ്ട്രീയക്കാര്‍ 'മുഖ്യധാരാസമൂഹത്തെ' ഇടതുപക്ഷജനാധിപത്യമുന്നണി, വിശിഷ്യാ സിപിഐ എം ആയി വ്യാഖ്യാനിക്കുകയും ചെയ്തു. 

പകര്‍ച്ചവ്യാധിക്കെതിരായ പ്രതിരോധം മാനവികപ്രശ്നമാണ്, അതിനോടൊപ്പം വര്‍ഗപ്രശ്നവുമാണ്. ബ്രസീലിന്‍റെ പ്രസിഡന്‍റിനേയും നിരവധി രാഷ്ട്രങ്ങളിലെ മന്ത്രിമാരെയും ഹോളിവുഡ് നടന്‍ ടോം ഹാങ്ക്സിനെയും അമിതാഭ് ബച്ചനേയും കോവിഡ് ബാധിച്ചത്  പകര്‍ച്ചവ്യാധിക്ക് വര്‍ഗസമീപനമില്ലെന്നു വ്യക്തമാക്കി. പകര്‍ച്ചവ്യാധികള്‍ ദരിദ്രവിഭാഗങ്ങളുടെ ജീവിതരീതിയുടെ എന്തോ പ്രശ്നമാണെന്ന വാദഗതികള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. പക്ഷേ രോഗപ്രതിരോധത്തില്‍ വര്‍ഗസമീപനമുണ്ട്. ചെറിയ കുട്ടികള്‍ക്കും വൃദ്ധര്‍ക്കും എന്നതുപോലെ തന്നെ അധഃകൃതജനവിഭാഗങ്ങള്‍ക്ക്  സ്വന്തമായി രോഗപ്രതിരോധത്തിനാവശ്യമുള്ള സംവിധാനങ്ങളൊരുക്കുക എളുപ്പമല്ല. മധ്യ ഉപരിവര്‍ഗങ്ങള്‍ക്ക്  ജീവിതോപാധികള്‍ നഷ്ടപ്പെട്ടാലും കുറേക്കാലത്തേക്ക് പിടിച്ചുനില്ക്കാന്‍ കഴിഞ്ഞേക്കും. അധഃസ്ഥിതര്‍ക്ക് അങ്ങനെയല്ല. മധ്യവര്‍ഗത്തോട് ഹോം ക്വാറന്‍റൈനില്‍ പോകണമെന്ന് ആവശ്യപ്പെടാന്‍ കഴിയും. എന്നാല്‍ മറ്റുള്ളവര്‍ക്ക് സൗജന്യനിരക്കില്‍ ക്വാറന്‍റൈന്‍ ഒരുക്കി കൊടുക്കേണ്ടി ത്തന്നെ വരും. ശാസ്ത്രീയമായ ആരോഗ്യപരിരക്ഷ ഇത്തരം ഭിന്നതകളെല്ലാം കണക്കിലെടുക്കണം. പ്രവാസികളുടെ തിരിച്ചുവരവിന്‍റെ പശ്ചാത്തലത്തില്‍ പ്രസക്തമായ ശാസ്ത്രീയചര്‍ച്ചകള്‍ ഇവയെ സംബന്ധിച്ചുള്ളതായിരുന്നു.

എന്നാല്‍ ചര്‍ച്ചകള്‍ ഈ ദിശയിലല്ല നീങ്ങിയത്. പ്രവാസികള്‍ക്കെതിരെ മൊത്തത്തില്‍ വിവേചനനയം പിന്തുടരുന്നു  എന്ന് പ്രതിപക്ഷവും മാധ്യമങ്ങളും ഒരുപോലെ വ്യാഖ്യാനിച്ചു. പ്രവാസികള്‍ മടക്കയാത്രയില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ പോലും വിവേചനത്തിന്‍റെ തെളിവുകളായി മാറി. പ്രവാസികളെ അപരരായി കാണുന്നു എന്ന വ്യാഖ്യാനം ബുദ്ധിജീവികളും നടത്തി. പ്രവാസികള്‍ തിരിച്ചു വരുന്ന സാഹചര്യങ്ങള്‍, നേരിടുന്ന വെല്ലുവിളികള്‍, ഇനിയങ്ങോട്ടുള്ള അതിജീവനപ്രശ്നങ്ങള്‍, എല്ലാം തമസ്കരിക്കപ്പെട്ടു. അവരെയും നമ്മളെയും വേറെ വേറെ കാണുന്നു എന്നതിലാണ് ഊന്നല്‍. ഏതാണ്ട് ഇതേ രീതിയിലാണ് മല്‍സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധിയും ചര്‍ച്ചചെയ്യപ്പെത്. പ്രതിസന്ധിയുടെ രൂക്ഷത അവരുടെ ജീവിതങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന ചര്‍ച്ച യ്ക്ക് പകരം അവര്‍ നേരിടുന്ന 'അപരവല്‍ക്കരണമാണ്' പ്രധാനചര്‍ച്ചയായി മാറിയത്. ചിലര്‍ ഇത്തരം വാദങ്ങളെ മത്സ്യത്തൊഴിലാളികളുടെ ജീവിതപ്രശ്നങ്ങളുമായി ബന്ധപ്പെടുത്തിയിരുന്നില്ല. അപ്പോഴും മത്സ്യത്തൊഴിലാളികളെ അപരരായി കാണാന്‍ ശ്രമിക്കുകയും രോഗപ്രസരണത്തിനു കാരണം അവരാണെന്നു വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നതില്‍ തന്നെയാണ് പലരും ഊന്നിയത്.  അതായത് അതിജീവനത്തിന്‍റെ പ്രശ്നം ഇരകളുടെ മേല്‍ പഴിചാരുന്ന പ്രശ്നമായി പ്രചരിപ്പിക്കപ്പെട്ടു.

കാല്‍ നൂറ്റാണ്ടു മുമ്പുണ്ടായ സ്ഥിതിയുമായി ഒരു താരതമ്യം ആവശ്യമാണ്. ഇറാക്കില്‍ സദ്ദാം ഹുസൈന്‍റെ കുവൈറ്റ് ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ നിരവധി പേര്‍ ഗള്‍ഫില്‍നിന്ന് തിരിച്ചുവന്നു. അന്നത്തെ പ്രധാനചര്‍ച്ച എണ്ണപ്പാടങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള സാമ്രാജ്യത്വത്തിന്‍റെ ശ്രമവും അതുണ്ടാക്കുന്ന പ്രതിസന്ധിയില്‍ വഴിമുട്ടിപ്പോകുന്ന ജനജീവിതങ്ങളുമായിരുന്നു. അന്ന് മതവര്‍ഗീയ സംഘടനകള്‍  അടക്കം സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങളിലേക്ക് നീങ്ങി. പിന്നീടാണ് ഈ സാമ്രാജ്യത്വ വിരുദ്ധ വികാരങ്ങളെ മിഷേല്‍ ഫുക്കോയുടെയും എഡ്വേഡ് സെയ്ദിന്‍റെയും സാമുവേല്‍ ഹണ്ടിങ്ങ്ടണിന്‍റെയും നിരീക്ഷണങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ക്രമേണ സാമ്രാജ്യത്വ വിരുദ്ധവികാരം സാംസ്കാരികമായ അപരവത്കരണത്തിന്‍റെയും സാംസ്കാരിക മര്‍ദനത്തിനെതിരായ ഇരകളുടെ പ്രതിരോധത്തിന്‍റെയും രാഷ്ട്രീയമായി മാറി. ഗള്‍ഫില്‍ പ്രത്യക്ഷപ്പെട്ട സാമ്രാജ്യത്വത്തിന്‍റെ പുതിയ രൂപവും അവിടെ അധ്വാനിക്കുന്ന വിവിധദേശവാസികളായ തൊഴിലാളികളും തമ്മിലുള്ള വൈരുധ്യത്തിന്‍റെ വര്‍ഗപരമായ പ്രശ്നം പാശ്ചാത്യ സാംസ്കാരികസാമ്രാജ്യത്വവും മര്‍ദിതജനതയും തമ്മിലുള്ള സംഘര്‍ഷമായി മാറി. വര്‍ഗരാഷ്ട്രീയത്തിനു പകരം സാംസ്കാരികസമൂഹങ്ങള്‍ തമ്മിലുള്ള വ്യത്യസ്തതയും അപരവല്‍ക്കരണവും രാഷ്ട്രീയരൂപമായി. ഗുജറാത്തില്‍ നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ കാലത്ത് ഹിന്ദുത്വവാദികള്‍ നടത്തിയ കൂട്ടക്കൊലകള്‍ വംശീയമര്‍ദനങ്ങളുടെ രൂപമായി വ്യാഖ്യാനിക്കപ്പെട്ടു. 

വളരെ പ്രധാനപ്പെട്ട ഒരു ദിശാവ്യതിയാനമാണ് ഇതോടെ സംഭവിച്ചത്. അതുവരെ വര്‍ഗീയകലാപങ്ങളും സംഘര്‍ഷങ്ങളും വിലയിരുത്തപ്പെട്ടിരുന്നത് രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എന്ന നിലയിലായിരുന്നു. അതിനു സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങള്‍ അന്വേഷിക്കുകയും അത്തരത്തില്‍ വിലയിരുത്തലുകള്‍ നടത്തുന്ന ധാരാളം പഠനങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. പല കലാപത്തിന്‍റെയും പ്രാദേശിക വേരുകള്‍ ചെന്നെത്തിയത് ജനങ്ങളുടെ അതിജീവനപ്രശ്നങ്ങളില്‍   തന്നെയായിരുന്നു. അവയെ വര്‍ഗീയമായി ഉപയോഗിക്കാനുള്ള മത-സമുദായിക സംഘടനകളുടെയും സ്ഥലത്തെ പ്രമാണിമാരുടെയും പങ്കിലേക്ക് ശ്രദ്ധ തിരിഞ്ഞു. അതായത് വര്‍ഗീയസംഘര്‍ഷങ്ങളുടെ സാമൂഹ്യവും വര്‍ഗപരവുമായ അടിത്തറ തന്നെയാണ് പഠനവിഷയമായതും രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍റെ പ്രവര്‍ത്തനമേഖലയായതും.  എന്നാല്‍ ഇരകളുടെ രാഷ്ട്രീയത്തിന്‍റെ വളര്‍ച്ചയോടെ സ്ഥിതി മാറി .  അധികാരം കൈയാളുന്ന ഒരു സമുദായം മറ്റു സമുദായങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്ന സാംസ്കാരിക മര്‍ദനത്തോടുള്ള പ്രതിരോധമാണ് ഇത്തരം സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്നത് എന്നായി. അതിജീവനപ്രശ്നങ്ങള്‍ ഇത്തരം മര്‍ദ്ദനത്തിന്‍റെ ഫലങ്ങളില്‍ ഒന്നാണ്, കാരണമല്ല. അധികാരം കൈയാളുന്ന മുഖ്യധാരാസമൂഹങ്ങള്‍ ചെയ്യുന്നത് സമ്പത്തില്‍ നിന്നും വിഭവങ്ങളില്‍ നിന്നും ജീവിക്കാനുള്ള അവകാശങ്ങളില്‍ നിന്നും  ഇരകളെ പുറന്തള്ളുകയാണ്. ഇരകളുടെ അവകാശപോരാട്ടങ്ങള്‍ സാമൂഹ്യനീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളാണ്.  അധികാരം കൈയാളുന്നവര്‍ നടത്തുന്നത് സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവും അവയോടൊപ്പം നിന്ദയും പരിഹാസവും ഇകഴ്ത്തിക്കാട്ടലും അടക്കമുള്ള 'ശരീരത്തിന്‍റെ രാഷ്ട്രീയവും' ചേരുന്ന ജൈവരാഷ്ട്രീയമാണ്. അവയ്ക്കെതിരായ പോരാട്ടവും സാമ്പത്തികരാഷ്ട്രീയതലങ്ങളോടൊപ്പം മാനസികവും വൈകാരികവുമായ മര്‍ദനത്തിനെതിരെ പ്രതിരോധിക്കുന്ന ജൈവരാഷ്ട്രീയമായിരിക്കും. സാമ്പത്തികവാദപരമായ മാര്‍ക്സിസ്റ്റ് വര്‍ഗരാഷ്ട്രീയം കാലഹരണപ്പെട്ടിരിക്കുന്നു. അതിനു പകരം വയ്ക്കാവുന്നത് ഇരകളുടെ രാഷ്ട്രീയം തന്നെയാണ്. സ്വയം യഥാര്‍ത്ഥ ഇടതുപക്ഷമാണെന്ന് അഭിമാനിക്കുന്ന നിരവധിപേര്‍ കൊണ്ടുനടക്കുന്ന വീക്ഷണമാണിത്. ചരിത്രപരമായി തന്നെ സാമ്പത്തികചൂഷണത്തോടൊപ്പം സാമൂഹ്യ മര്‍ദനവും അനുഭവിക്കേണ്ടി വന്ന ആദിവാസികള്‍, ദളിതര്‍ തുടങ്ങിയ ജനവിഭാഗങ്ങളില്‍ നിന്ന് വളര്‍ന്നു വന്ന ബുദ്ധിജീവികളില്‍ ഈ സ്വാധീനം പ്രചരിക്കുന്നുണ്ട്. അവരില്‍ ചിലര്‍ ബി ആര്‍ അംബേദ്കറിന്‍റെ ലിബറല്‍ ജനാധിപത്യവീക്ഷണവുമായി നിബന്ധപ്പെടുത്തി മറ്റൊരു രാഷ്ട്രീയവീക്ഷണം നിര്‍മിക്കാന്‍ ശ്രമിക്കുന്നുണ്ട്. ചിലര്‍ അതേ വീക്ഷണത്തെ മാര്‍ക്സിസവുമായും ബന്ധപ്പെടുത്തുന്നു. 

കേരളത്തിലെ മധ്യവര്‍ഗത്തിന്‍റെ ഇടയില്‍, അവരില്‍ നിന്നു വളര്‍ന്നു വരുന്ന ബുദ്ധിജീവികളുടെ ഇടയില്‍, അതിവേഗം വ്യാപിക്കുന്ന കാഴ്ചപ്പാടാണ് ഇത്.  ഇതിനു കേരളീയമായ പശ്ചാത്തലവുമുണ്ട്. മാര്‍ക്സിസത്തോടൊപ്പം ഗാന്ധിയുടെയും നെഹ്റുവിന്‍റെയും വീക്ഷണങ്ങള്‍ക്ക് ശക്തമായ വേരോട്ടമുണ്ടായ സംസ്ഥാനമാണ് കേരളം. കേരളസംസ്ഥാനരൂപീകരണത്തിനു ശേഷം കോണ്‍ഗ്രസ് പിന്തുടര്‍ന്ന കമ്യൂണിസ്റ്റ് വിരുദ്ധ അധികാര രാഷ്ട്രീയം കേരളത്തിലെ ഗാന്ധിയന്മാരില്‍ നല്ലൊരു വിഭാഗത്തെ അവരില്‍ നിന്നകറ്റി. അവരില്‍ പലരും സന്നദ്ധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് ഒതുങ്ങി.നെഹ്രുയിസത്തിനു ചില വിഭാഗങ്ങളില്‍ ഉണ്ടായിരുന്ന പിന്തുണ 1980 കളോടെ അവസാനിച്ചു. കോണ്‍ഗ്രസ്സുകാര്‍ പൂര്‍ണമായും നവലിബറല്‍ അധികാരരാഷ്ട്രീയത്തിന്‍റെ വക്താക്കളാകുകയും അവരില്‍ ശേഷിച്ച സോഷ്യലിസ്റ്റുകള്‍ അവരെ വിട്ടു പോകുകയും ചെയ്തു. മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ക്കും കമ്യൂണിസ്റ്റ് രാഷ്ട്രീയവുമായി പൊരുത്തപ്പെടാന്‍ പ്രയാസമുണ്ടായിരുന്ന ലിബറല്‍ ഇടതുപക്ഷത്തിനും മുന്‍ നക്സലൈറ്റുകള്‍ക്കും ഈ കാലഘട്ടം യഥാര്‍ത്ഥ ആശയപ്രതിസന്ധിയുടെ ഘട്ടമായിരുന്നു. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയും ചൈനയില്‍ സംഭവിച്ച അടവുപരമായ വ്യതിയാനങ്ങളും ഈ പ്രതിസന്ധിയെ രൂക്ഷമാക്കി.

കേരളത്തിലെ മധ്യവര്‍ഗ ബുദ്ധിജീവികള്‍ നേരിട്ട ഈ പ്രതിസന്ധിക്കു പരിഹാരമായെത്തിയത് ഉത്തരാധുനിക, ഉത്തരകൊളോണിയല്‍ നിലപാടുകളായിരുന്നു. മാര്‍ക്സിസത്തെ മതതുല്യമായ ബൃഹദാഖ്യാനമായും മറ്റെല്ലാ സമാനചിന്താപദ്ധതികളെയും പോലെ കേവലമായ അധികാര രാഷ്ട്രീയം മാത്രമായും കാണുകയും ചെയ്ത ഇവര്‍ അധികാരരാഷ്ട്രീയം അടിച്ചമര്‍ത്തുകയും പുറന്തള്ളുകയും ചെയ്ത അലഞ്ഞുതിരിയുന്നവരുടെ, നാടോടികളുടെ പ്രതിരോധരാഷ്ട്രീയത്തിലാണ് മോചനത്തിനുള്ള ഉപാധികള്‍ കണ്ടെത്തിയത്. ഈ ആശയസംഹിത ഉല്പാദിപ്പിക്കപ്പെട്ട പാശ്ചാത്യരാഷ്ട്രങ്ങളെക്കാള്‍ എളുപ്പമായിരുന്നു ഇന്ത്യയില്‍ ഇത്തരം ജനവിഭാഗങ്ങളെ കണ്ടെത്തല്‍ . ഇന്ത്യയില്‍ കാലാകാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ദളിതര്‍, ആദിവാസികള്‍, തീരദേശവാസികള്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരിലും വികസനപ്രവര്‍ത്തങ്ങളുടെയും പാരിസ്ഥിതികതകര്‍ച്ചയുടെയും ഫലമായി പുറന്തള്ളപ്പെട്ടവരിലും പുതിയ പ്രതിരോധ സാധ്യതകളെ കണ്ടെത്താന്‍ പ്രയാസമില്ലായിരുന്നു.  കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്ക്, പ്രത്യേകിച്ച് സിപി ഐ എമ്മിനുള്ള വലിയ ജനസ്വാധീനം പുതിയ രാഷ്ട്രീയം പരീക്ഷിക്കാനുള്ള സാധ്യതകളിലേക്ക് വിരല്‍ചൂണ്ടി. കമ്യൂണിസ്റ്റ് പാര്‍ടികളില്‍ നിന്ന് അകന്നു നില്‍ക്കുന്നവരും കമ്യൂണിസ്റ്റ് വിരുദ്ധരുമായ, ഇന്ന് ആക്ടിവിസ്റ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകരില്‍ ഈ ചിന്താഗതികള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുകയായിരുന്നു.

കേരളത്തിന് ഒരു ഭിന്നതയുണ്ടായിരുന്നു. കേരളത്തില്‍ വളര്‍ന്നു വന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വേരുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് നവോത്ഥാന പ്രസ്ഥാനം എന്നറിയപ്പെട്ട ജാതി, ജന്മി, നാടുവാഴിത്തവിരുദ്ധ സാംസ്കാരിക മുന്നേറ്റം തന്നെയായിരുന്നു. പിന്നീട്, ഈ മുന്നേറ്റത്തില്‍ സാമൂഹ്യമര്‍ദനത്തിനിരയായ വിഭാഗങ്ങള്‍ എല്ലാം അവരുടെ മോചനപ്പോരാട്ടത്തിന്‍റെ ഭാഗമായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ചേരുകയാണ് ചെയ്തത്. സവര്‍ണ സമുദായങ്ങളും അധഃസ്ഥിതരില്‍ നിന്നുവളര്‍ന്നു വന്ന മധ്യവര്‍ഗവും കമ്യൂണിസ്റ്റ് വിരുദ്ധചേരിയുടെ ഭാഗമായി. ഈ വൈരുദ്ധ്യം പിന്നീട് ശക്തിപ്പെടുകയും 1959 ല്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കിയ വലതുപക്ഷ അട്ടിമറി സമരത്തില്‍ ഇവരെല്ലാവരും പങ്കു ചേരുകയും  ചെയ്തു. സാമൂഹ്യമര്‍ദനത്തിനിരയായ അധഃകൃതര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം നിന്നു. പിനീട് ജാതി-മതരാഷ്ട്രീയം തുടര്‍ച്ചയായി കമ്യൂണിസ്റ്റ് വിരുദ്ധതയില്‍ നിന്നാണ് അവരുടെ നിലനില്പിനുള്ള ഇന്ധനം സംഭരിച്ചിരുന്നത് 

1980 കളില്‍ പൊതുവില്‍ കോണ്‍ഗ്രസ്സിനോടൊപ്പം നിന്ന കമ്യൂണിസ്റ്റ് വിരുദ്ധ സാമുദായിക കൂട്ടുകെട്ടില്‍ വ്യക്തമായ വിള്ളല്‍ ഉണ്ടായി. അതുവരെ കോണ്‍ഗ്രസ് വിരുദ്ധ വലതുപക്ഷകൂട്ടുകെട്ടുകളുടെ ഭാഗമായി നിന്ന ഹിന്ദുത്വവാദികള്‍ വ്യക്തമായ രാഷ്ട്രീയ അജന്‍ഡയുമായി മുന്നോട്ടു വന്നു. ഇറാനിലെ ഖൊമേനി വിപ്ലവത്തിന്‍റയും സാമ്രാജ്യത്വത്തിന്‍റെ പശ്ചിമേഷ്യയിലെ ഇടപെടലുകളുടെ പശ്ചാത്തലത്തില്‍ വളര്‍ന്നു വന്ന പാന്‍ ഇസ്ലാമിസത്തിന്‍റെയും സാഹചര്യങ്ങളില്‍  രാഷ്ട്രീയ ഇസ്ലാമിനും സ്വാധീനം വര്‍ധിച്ചു. അതുവരെ ചെറിയ ഗ്രൂപ്പുകളായി നിലനിന്ന കേരളത്തിലെ ജമാഅത്തെ ഇസ്ലാമി സാംസ്കാരിക രംഗത്തെ പ്രധാന പ്രവര്‍ത്തകരായി മാറി. മുമ്പുസൂചിപ്പിച്ച സാമ്രാജ്യത്വവിരുദ്ധ വികാരത്തെ ഇരകളുടെ രാഷ്ട്രീയമായി മാറ്റുന്നതില്‍ പ്രധാനപങ്കുവഹിച്ചത് ജമാഅത്തെ ഇസ്ലാമിയും മറ്റു മുസ്ലീം ഗ്രൂപ്പുകളുമായിരുന്നു. ഗള്‍ഫ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ വളര്‍ന്നു വന്ന സാമ്രാജ്യത്വവിരുദ്ധവികാരത്തെ ഇരകളുടെ രാഷ്ട്രീയമാക്കി മാറ്റുകയും അതിനെ പാന്‍ ഇസ്ലാമിസ്റ്റ് പൊതു വേദികളുമായി ബന്ധിപ്പിക്കുകയും ചെയ്തത് ഒരു വിഭാഗം ചെറുപ്പക്കാരെ പീപ്പിള്‍സ് ഫ്രന്‍റ് (ഇന്ന് എസ്ഡിപിഐ) പോലുള്ള സംഘടനകളിലേക്ക് ആകര്‍ഷിച്ചു. പല ഇടതുപക്ഷക്കാരും അവരുടേതായ കാരണങ്ങളാല്‍ ഇവരുമായി സഹകരിച്ചത് ഇവരുടെ സ്വാധീനവലയത്തെ വന്‍തോതില്‍ വികസിപ്പിച്ചു. മാര്‍ക്സിസ്റ്റ് രാഷ്ട്രീയത്തെ ബോധപൂര്‍വം അകറ്റിനിര്‍ത്തുകയും അല്ലെങ്കില്‍ അതിന് അവസരം നല്‍കി മറ്റുള്ളവരെക്കൊണ്ട് ആക്രമിപ്പിച്ചു ഒതുക്കുകയും ചെയ്യുന്ന മാധ്യമതന്ത്രം വളരെ ഫലപ്രദമായി ഉപയോഗിക്കപ്പെട്ടു. പുതിയ ജൈവരാഷ്ട്രീയത്തിന്‍റെ വിഭവങ്ങളുപയോഗിച്ച്, മാര്‍ക്സിസ്റ്റ് നേതാക്കളുടെ വംശാവലികളും മറ്റുമുപയോഗിച്ച് അവരെ സവര്‍ണബ്രാഹ്മണരാഷ്ട്രീയത്തിന്‍റെ വക്താക്കളായി അവതരിപ്പിക്കുകയും സാംസ്കാരിക മര്‍ദനത്തിനു പകരം സാമ്പത്തിക കാഴ്ചപ്പാടുകള്‍ ഉപയോഗിക്കുന്നതുതന്നെ സവര്‍ണബ്രാഹ്മണസങ്കല്പങ്ങള്‍ക്ക് വെള്ള പൂശാനുള്ള അവരുടെ  അടവായി വ്യാഖ്യാനിക്കുകയും ചെയ്യുക ഒരു സ്ഥിരം പതിവായി.

തുടര്‍ച്ചയായ  ഈ വായ്ത്താരിയില്‍ ഇടതുപക്ഷക്കാര്‍ തന്നെ വീഴുകയും സ്വന്തം നേതാക്കള്‍ക്ക് ജൈവസ്വത്വപരമായ വംശാവലികള്‍ കണ്ടെത്താനുള്ള തീവ്രശ്രമങ്ങള്‍ നടക്കുകയും ചെയ്തു. ജൈവസ്വത്വങ്ങളെ ഉള്‍ക്കൊള്ളാന്‍ പലരും ശ്രമങ്ങള്‍ നടത്തി. ചിലര്‍ ക്രമേണ ജൈവസ്വത്വരാഷ്ട്രീയത്തിന്‍റെയും സാംസ്കാരിക അപരവത്കരണത്തിന്‍റെയും വക്താക്കളായി. അതിനു വേണ്ടി നവോത്ഥാനഘട്ടം യാഥാര്‍ത്ഥപ്രതിരോധരാഷ്ട്രീയത്തിന്‍റെ വളര്‍ച്ചയായിരുന്നെന്നും അതിനെ കമ്യൂണിസ്റ്റുകാര്‍ ബ്രാഹ്മണിക്കല്‍ സ്വാഭാവമുള്ള രാഷ്ട്രീയവീക്ഷണം ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നെന്നും ഉള്ള വാദങ്ങള്‍ ഉന്നയിക്കപ്പെട്ടു. ജാതി-മതരാഷ്ട്രീയവും കമ്യൂണിസ്റ്റ് പാര്‍ടിയും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ തന്നെ ജാതിമത രാഷ്ട്രീയത്തിന് അനുകൂലമായി വ്യാഖ്യാനിക്കാനും ശ്രമം നടന്നു.
ചുരുക്കത്തില്‍ മാര്‍ക്സിസം ഉയര്‍ത്തിപ്പിടിച്ച വര്‍ഗവിപ്ലവരാഷ്ട്രീയത്തെ അടിക്കാനുള്ള ഏറ്റവും ശക്തമായ വടിയായി  ജൈവസ്വത്വരാഷ്ട്രീയം മാറുന്ന കാഴ്ചയാണ് അടുത്ത കാലത്തുണ്ടായത്. വിപ്ലവരാഷ്ട്രീയം അധികാരത്തിനുള്ള വടംവലിയായും വര്‍ഗങ്ങള്‍ ജൈവസ്വത്വങ്ങളുടെ പ്രതിരോധത്തെ തകര്‍ക്കാനുള്ള തന്ത്രമായും കാണക്കാക്കപ്പെട്ടു. സ്വാഭാവികമായും കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധര്‍ ഇതിനെ ഫലപ്രദമായി ഉപയോഗിച്ചതില്‍ അത്ഭുതപ്പെടാനില്ല. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അവരുടെ സഖ്യശക്തികളായി കണ്ട ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നിവരിലാണ് ജൈവസ്വത്വരാഷ്ട്രീയത്തിന്‍റെ പ്രവര്‍ത്തനം ഏറ്റവും തീവ്രമായത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഇന്ത്യയിലെ ഭരണവര്‍ഗവിരുദ്ധ ശക്തികളുടെ ഇടയില്‍ തന്നെ കടന്നു ചെന്ന് ഭരണവര്‍ഗത്തിന്‍റെ സ്വഭാവത്തെപ്പറ്റി ജൈവസ്വത്വപരമായ ധാരണകള്‍ സൃഷ്ടിക്കുകയും അതോടോപ്പം സംഘടിതപ്രസ്ഥാനങ്ങളെല്ലാം മുഖ്യധാരാരാഷ്ട്രീയത്തിന്‍റെ ഏറാന്മൂളികളാണെന്നു വിലയിരുത്തുകയും ചെയ്യുന്നതു വഴി സംഘടിതപ്രക്ഷോഭങ്ങളുടെ സാധ്യത തന്നെ ഇല്ലാതാക്കുകയും ചെയ്യുക എന്ന തന്ത്രമാണ് ഇവര്‍ പയറ്റുന്നത്. ഇന്നത്തെ മോഡി സര്‍ക്കാരിന്‍റെ തീവ്രനവലിബറല്‍ നയങ്ങളോട് ഇവര്‍ പ്രദര്‍ശിപ്പിക്കുന്ന മൗനവും സാംസ്കാരിക രാഷ്ട്രീയഘടകങ്ങള്‍ (ഗോരക്ഷ, ക്ഷേത്രാചാരങ്ങള്‍, ദളിതരോടുള്ള വിവേചനം, ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍, തീവ്രവാദം) മാത്രമെടുത്തുകൊണ്ടുള്ള പ്രചാരണവും ഉദാഹരണമാണ്. സ്വാഭാവികമായും ഇത്തരം തന്ത്രങ്ങള്‍ എത്തിച്ചേരുന്നത് ഭരണവര്‍ഗങ്ങളുടെയും വലതുപക്ഷത്തിന്‍റെയും ശാക്തീകരണത്തിലാണ്. ജനാധിപത്യരാഷ്ട്രീയത്തിനുപകരം ജൈവസ്വത്വങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ വളര്‍ച്ചയിലാണ്; ഇന്ന് ഭരണത്തിലുള്ള ബിജെപിക്ക് ഏറ്റവും രുചിപ്രദമായ രാഷ്ട്രീയരൂപവും അതുതന്നെയാണ്. അവര്‍ക്ക് മുസ്ലിം രാഷ്ട്രീയത്തെ തീവ്രവാദരാഷ്ട്രീയമായും ആദിവാസി - ദളിത്- കമ്യൂണിസ്റ്റ് സമരങ്ങളെ ദേശീയ വിരുദ്ധ സമരങ്ങളുമായും മാറ്റാന്‍ ഒരു പ്രയാസവുമില്ല. നീതിന്യായവ്യവസ്ഥ പോലും അതേ ദിശയിലേക്കു മാറിക്കൊണ്ടിരിക്കുന്നു എന്നാണു സമീപകാല അനുഭവങ്ങള്‍ കാണിക്കുന്നത്. യുഎപിഎ പോലുള്ള നിയമങ്ങളുടെയും ദേശീയവിരുദ്ധതയെ സംബന്ധിച്ച നിയമങ്ങളുടെയും സമീപകാലത്തെ ഉപയോഗം അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

കോവിഡ് കാലത്തെ കേരളരാഷ്ട്രീയത്തിന്‍റെ സ്വഭാവവും മറ്റൊരു പ്രവണതയെ കാണിക്കുന്നില്ല. ലോകത്തെ മുഴുവന്‍ ഗ്രസിച്ചിരിക്കുന്ന മാരകമായ പകര്‍ച്ചവ്യാധിയെക്കുറിച്ചും അതിനെതിരായി സര്‍ക്കാരും ആരോഗ്യസംവിധാനവും സ്വീകരിക്കുന്ന നടപടികളുടെ ശാസ്ത്രീയതയെക്കുറിച്ചും ഗൗരവത്തിലുള്ള ഒരു ചര്‍ച്ചയും നടത്താതെ തികച്ചും വൈകാരികതലത്തില്‍  അവരവരുടെ പാതി വെന്ത അറിവിനെ ഉപയോഗിച്ചാണ് കോണ്‍ഗ്രസ്സും ബിജെപിയുമടക്കമുള്ള രാഷ്ട്രീയ പാര്‍ടികള്‍ ഇതിനോടു പ്രതികരിച്ചത്. മാധ്യമങ്ങളുടെ പ്രകടനവും സമാനമായിരുന്നു. കോവിഡിനോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ അന്തിച്ചു നിന്ന ബുദ്ധിജീവികള്‍ പിന്നീട് അവരവരുടെ സ്വന്തം അജന്‍ഡകളിലേക്ക് നീങ്ങി. പിന്നീട് 'പ്രവാസികളുടെയും പൂന്തുറ നിവാസികളുടെയും' അപരവത്കരണത്തിന്‍റെ പ്രശ്നത്തിലാണ് അവരെ വീണ്ടും സജീവമായി കണ്ടത്. അതുതന്നെ പ്രതിപക്ഷവും ഏറ്റെടുത്തതോടെ ഇരുവരുടെയും നിലപാടുകള്‍ തമ്മില്‍ പ്രത്യേകിച്ച് ഭിന്നതയില്ലാതെയായി. കോവിഡ് എന്ന പകര്‍ച്ചവ്യാധി സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെ ശാസ്ത്രീയപരിശോധനയും അവരുടെ ദുരിതങ്ങളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിലയിരുത്തലും മറികടന്ന് ഇത്തരം പ്രശ്നങ്ങള്‍ വൈകാരികമായും പലപ്പോഴും വ്യക്തിനിഷ്ഠമായും അവതരിപ്പിക്കുക എന്ന വലതുപക്ഷതന്ത്രം തന്നെയാണ് ഇത്തരം നിലപാടുകളിലും കണ്ടത്. പ്രവാസികളുടെ അപരത്വത്തെപ്പറ്റി വേവലാതിപ്പെട്ടു പലരും അവര്‍ പ്രവാസികളായി തീരാന്‍ ഇടയാക്കിയ സാഹചര്യങ്ങള്‍ എന്താണെന്നോ അവര്‍ അവിടെ ചെയ്തുപോരുന്ന തൊഴിലിന്‍റെ അവസ്ഥ എന്താണെന്നോ ഇനി അവരുടെ ജീവിതം എങ്ങനെ മുന്നോട്ടു പോകുമെന്നോ അതിനു സര്‍ക്കാരുകള്‍ എന്തു ചെയ്യണമെന്നോ പരിശോധിക്കാന്‍ ഒരു ശ്രമവും നടത്തിയില്ല. അതുപോലെ തീരവാസികളുടെ ജീവിതസാഹചര്യങ്ങള്‍ എന്താണെന്നോ അവരുടെ അതിജീവനപ്രക്രിയ എങ്ങനെ നടക്കണമെന്നോ ഉള്ള ശാസ്ത്രീയ അവലോകനങ്ങള്‍ അല്ല നടന്നത്. അവരെ പഴിചാരുകയാണ് സര്‍ക്കാരടക്കം ചെയ്യുന്നത് എന്ന വാദം മാത്രമാണ് ഉന്നയിക്കപ്പെട്ടത്.

ഈ തന്ത്രം അടിസ്ഥാനപരമായി ജനാധിപത്യരാഷ്ട്രീയത്തിനെതിരായ വെല്ലുവിളിയാണ്. നിലവിലുള്ള മതനിരപേക്ഷ ജനാധിപത്യസംവിധാനത്തില്‍ ഇന്ത്യയില്‍ പൗരത്വമുള്ള ഏതെങ്കിലും വിഭാഗത്തെ അപരവത്കരിച്ചുകൊണ്ടോ വംശീയമായി അകറ്റിനിര്‍ത്തിക്കൊണ്ടോ ഒരു നിലപാടെടുക്കാന്‍ ഒരു ജനാധിപത്യഭരണസംവിധാനത്തിനു സാധ്യമല്ല. അത്തരം നിലപാടുകള്‍ ഏതെങ്കിലും ഭരണസംവിധാനം സ്വീകരിക്കുന്നുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കേണ്ടത് അവരുടെ രാഷ്ട്രീയത്തിന്‍റെയോ നിലപാടുകളുടെയോ അശാസ്ത്രീയതയും ജനാധിപത്യവിരുദ്ധസ്വഭാവവും വസ്തുനിഷ്ഠമായി തെളിയിച്ചു കൊണ്ടാണ്. എവിടെയാണ് അശാസ്ത്രീയതകള്‍ പ്രത്യക്ഷപ്പെടുന്നത് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ്,  ഈ അശാസ്ത്രീയതകളെ തിരുത്തി മുന്നോട്ടു പോകാനുള്ള നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ്. അതിനു പകരം പ്രതിപക്ഷം പയറ്റുന്ന തന്ത്രം ഇടതടവില്ലാതെ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുകയും അവയോരോന്നും  വൈകാരികതലത്തില്‍ അവതരിപ്പിച്ച് അതിനു നീതീകരണം മാധ്യമങ്ങളുടെ സഹായത്തോടെ ഉല്പാദിപ്പിച്ചെടുക്കുകയും ചെയ്യുകയാണ്. അതായത് ശാസ്ത്രീയസമീപനത്തെ അശാസ്ത്രീയതകൊണ്ട് നേരിടുക എന്നതാണ് . നുണകളും അര്‍ദ്ധസത്യങ്ങളും ഈ യുദ്ധമുറയുടെ ഫലപ്രദമായ ആയുധങ്ങളാണ്. ഒരു നുണ നുണയാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടാതെ  ഇരിക്കുമ്പോള്‍ അവ ജനമനസ്സുകളില്‍ സത്യമായി തന്നെ ഇരിക്കും. ചിലപ്പോള്‍ സത്യമെന്തെന്നു തെളിഞ്ഞാലും ജനമനസ്സില്‍ മാറ്റമുണ്ടാകണമെന്നില്ല. അതിനു 'ശരീരത്തിന്‍റെ രാഷ്ട്രീയമടക്കം' എന്തും അവര്‍ പ്രയോജനപ്പെടുത്തും. ആ സത്യം വൈകാരികസത്യമാണ്. ഒരു വിശ്വാസിയുടെ സത്യമാണ്. അതുതന്നെയാണ് ജൈവസ്വത്വരാഷ്ട്രീയവും സാധിക്കുന്നത്. ഏതൊരു സംഭവത്തെയും അതിന്‍റെ ഉറവിടങ്ങളുടെ ശാസ്ത്രീയമായ പരിശോധന നടത്താതെ കേവലമായ മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍  വെളിപ്പെടുന്ന സത്യവും അര്‍ദ്ധസത്യമാണ്, അല്ലെങ്കില്‍ നുണയാണ്. വാവുബലി നിയന്ത്രിച്ച സര്‍ക്കാര്‍ ബലിപെരുന്നാളിന് നൂറു പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതി നല്‍കിയെന്ന പ്രചാരണം ഉദാഹരണമാണ്. ഇവിടെ മറച്ചു വൈക്കപ്പെടുന്നത് വാവുബലി സാധാരണ നടക്കാറുള്ളത് അമ്പലപ്പറമ്പുകളിലല്ല കടലിന്‍റെയോ പുഴയുടെയോ കരകളിലാണ് എന്നതും അവിടെ മേല്പറഞ്ഞരീതിയിലുള്ള നിയന്ത്രണം കൊണ്ടുവരാന്‍ സാധ്യമല്ല എന്നതും ഉള്‍പ്പെടെയുള്ള ലളിതമായ സത്യമാണ്. അതിനോടൊപ്പം പൊതുസ്ഥലങ്ങളില്‍ ഈദ് ഗാഹുകള്‍ നടത്തുന്നില്ല എന്നതും മറച്ചുവയ്ക്കപ്പെടുന്നു. ജൈവസ്വത്വങ്ങള്‍ക്ക് സത്യമായി തോന്നാവുന്നത് യഥാര്‍ത്ഥത്തില്‍ നുണയാണ് എന്നതിന്‍റെ തെളിവാണിത്. ഇതേ രീതിയില്‍ തന്നെയാണ് പ്രവാസികളെക്കുറിച്ചും മത്സ്യത്തൊഴിലാളികളെ കുറിച്ചും ഉള്ള ധാരണകള്‍, സര്‍ക്കാര്‍ വൃത്തങ്ങള്‍ ആവര്‍ത്തിച്ച് നിഷേധിച്ചിട്ടും അപരവത്കരണത്തിന്‍റെ തെളിവുകളായി പ്രചരിക്കപ്പെടുന്നത്. വംശീയതയുടെയും അപരവത്കരണത്തിന്‍റെയും ആരോപണങ്ങള്‍ അഴിമതിയാരോപണങ്ങള്‍ പോലെ നൂറ്റൊന്നാവര്‍ത്തിക്കുമ്പോള്‍ അവയ്ക്കും ചിലരുടെ മനസ്സുകളില്‍ സത്യത്തിന്‍റെ സ്വഭാവം കൈവരും. ഇതിന്‍റെ മറ്റൊരു രൂപമാണ് സ്വര്‍ണക്കടത്തിന്‍റെ സൂത്രധാരന്മാര്‍ ആരെന്നുള്ള അന്വേഷണം ഒരു ദിശയില്‍ നീങ്ങുമ്പോള്‍ അതുമായി ഒരു ഉദ്യോഗസ്ഥനുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ മാത്രം മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച രീതി. അങ്ങനെ അര്‍ദ്ധസത്യങ്ങളും നുണകളും രൂപപ്പെടുമ്പോള്‍ ഏതു തരത്തിലുള്ള ശാസ്ത്രീയവും ജനാധിപത്യപരവുമായ വിശദീകരണങ്ങളും അധികാരികള്‍ അവരുടെ നിലനില്‍പ്പിനായി ചെയ്യുന്ന തട്ടിപ്പുകളായി മാറും. 'സവര്‍ണബ്രാഹ്മണ, മാര്‍ക്സിസ്റ്റ്' കൂട്ടുകെട്ടിന്‍റെ സാംസ്കാരിക മര്‍ദനമാണ് ഇതിന്‍റെ കാരണമെന്ന പ്രചാരണം ഇപ്പോള്‍ തന്നെ ശക്തമാണെന്നതും കൂടി ഓര്‍ക്കേണ്ടതുണ്ട്.

ഇത്തരം ജൈവസ്വത്വവായ്ത്താരികളില്‍ പ്രതിപക്ഷത്തിനോ പൊതുവില്‍ വലതുപക്ഷശക്തികള്‍ക്കോ പ്രത്യേകിച്ച് മമതയൊന്നും ഉണ്ടാകണമെന്നില്ല. പക്ഷേ ഇന്നത്തെ ഇടതുപക്ഷത്തെ പിന്തുണക്കുന്നവരില്‍ ഇതു സൃഷ്ടിക്കാവുന്ന അങ്കലാപ്പിനെക്കുറിച്ച് അവര്‍ക്കു നല്ല ബോധ്യമുണ്ട്. ഇന്നത്തെ ഭരണവര്‍ഗത്തിന് ഇത്തരം പ്രയോഗങ്ങളെല്ലാം അവരുടെ ആധിപത്യം ഉറപ്പു വരുത്തുന്ന ആശയസംഹിതകളാണ്. അവര്‍ക്കു രാമക്ഷേത്രം, തീവ്രവാദത്തിനെതിരായ പ്രവര്‍ത്തനം, തീവ്രവാദികളെ സൃഷ്ടിക്കാവുന്ന സ്വത്വ വായ്ത്താരികള്‍ എന്നിവ തമ്മില്‍ ഒരു വ്യത്യാസവുമില്ല. കോവിഡിനെതിരായ പ്രതിരോധം അവര്‍ക്കു വില്പനയ്ക്കുള്ള ഉപാധി മാത്രമാണ്. ജൈവസ്വത്വത്തിന്‍റെ വക്താക്കളില്‍ ഭൂരിഭാഗവും അവരെ എതിര്‍ക്കുന്നില്ലെന്ന് അവര്‍ക്കു നല്ലവണ്ണം അറിയാം. കമ്യൂണിസ്റ്റുകാര്‍ അവരെ എതിര്‍ക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണ് എന്നതും അവര്‍ക്കറിയാം. അതുകൊണ്ട് ഇത്തരം വായ്ത്താരികളെ അവരും അവര്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങളും ചേര്‍ന്നു പ്രോത്സാഹിപ്പിക്കും. അങ്ങനെയാണ് ആധുനികോത്തരതയും ജൈവസ്വത്വരാഷ്ട്രീയവും  ഫ്രെഡറിക് ജെയിംസന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ പില്കാലമുതലാളിത്തത്തിന്‍റെ സാംസ്കാരികയുക്തിയായി മാറുന്നത്.