രോഗവും നാഗരികതയും കോവിഡ് 19-ന്‍റെ അനുഭവപശ്ചാത്തലത്തില്‍

സുനില്‍ പി ഇളയിടം

ജീവിതത്തെ അടിമുടി മാറ്റുന്നവയാണ് മഹാമാരികള്‍. ലോകത്തെ അവ പഴയപടി തുടരാന്‍ അനുവദിക്കാറില്ല. ശീലങ്ങള്‍, ആചാരങ്ങള്‍, പാരമ്പര്യക്രമങ്ങള്‍, സംഘാടന സംവിധാനങ്ങള്‍ എന്നിവ മുതല്‍ സാങ്കേതിക ക്രമങ്ങളും മൂല്യവ്യവസ്ഥയും വരെ അത് പലനിലകളില്‍ അഴിച്ചുപണിയും. മഹാമാരികള്‍ പിന്‍വാങ്ങിയാലും പഴയ ക്രമങ്ങള്‍ പലതും അതേപടി ആവര്‍ത്തിക്കപ്പെടില്ല. സാങ്കേതിക സംവിധാനങ്ങളിലും മൂല്യസംവിധാനങ്ങളിലും വന്ന മാറ്റങ്ങള്‍ പലതും പിന്നീട് മനുഷ്യജീവിതത്തിന്‍റെ ഭാഗമായി മാറുകയാണ് പതിവ്. രോഗത്തോടൊപ്പം വന്ന പലതും രോഗം പിന്‍വാങ്ങിയാലും തുടരും.

ഇരുപതാം ശതകത്തിന്‍റെ രണ്ടാം ദശകത്തിലുണ്ടായ സ്പാനിഷ് ഫ്ളൂ കോവിഡിനേക്കാള്‍ ഭയാനകമായിരുന്നു. അന്ന് ചുരുങ്ങിയത് ഇരുപത് കോടി പേരെങ്കിലും രോഗബാധിതരായി. അനൗദ്യോഗിക കണക്കുകളില്‍ ഇത് അന്‍പത് കോടി വരെയാണ്. അഞ്ചുകോടിയോളം പേര്‍ മരണമടഞ്ഞു. ലോകജനസംഖ്യ 200 കോടിയായിരുന്ന കാലയളവിലാണ് ഇത്രയും വലിയ രോഗബാധയും മരണവും ഉണ്ടായത്. ലോകജനസംഖ്യയുടെ നാലിലൊന്നോളം രോഗബാധിരാവുക; രോഗബാധിതരില്‍ പത്തിലൊന്നോളം മരണമടയുക എന്ന നിലയില്‍ അതിഭീകരമായിരുന്നു രോഗവ്യാപനത്തിന്‍റെയും മരണത്തിന്‍റെയും നിരക്ക്.

സ്പാനിഷ് ഫ്ളൂവിന്‍റെ വ്യാപനവുമായി താരതമ്യപ്പെടുത്തിയാല്‍ കോവിഡ്-19ന്‍റെ വ്യാപനവും മരണനിരക്കും കുറവാണ്. അങ്ങനെയായിരിക്കുമ്പോള്‍ തന്നെ സ്പാനിഷ് ഫ്ളൂവിന്‍റെ പലമടങ്ങ് ആഘാതശേഷി ഇപ്പോഴത്തെ മഹാമാരിക്ക് ഉണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അതിന് ഒരു കാരണമായി പലരും കരുതുന്നത് ഒന്നാം ലോകയുദ്ധത്തിന്‍റെ സന്ദര്‍ഭത്തില്‍ സ്പാനിഷ് ഫ്ളൂ ഉണ്ടാക്കിയ ആഘാതങ്ങള്‍ പലതും ശരിയായി വിലയിരുത്തപ്പെട്ടില്ല എന്നതാണ്. മരണസംഖ്യ പോലും യുദ്ധത്തിന്‍റെ കണക്കുകളുമായി കൂടിക്കുഴഞ്ഞു കിടക്കുന്നു. യുദ്ധം വിതച്ച സര്‍വനാശത്തിനിടയില്‍ സ്പാനിഷ് ഫ്ളൂവിന്‍റെ പങ്ക് വേണ്ടപോലെ തിരിച്ചറിയാന്‍ കഴിയാതെ പോയിട്ടുണ്ടാവാം എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.

സ്പാനിഷ് ഫ്ളൂ കോവിഡ്-19നേക്കാള്‍ മാരകവും വ്യാപനവും ഉള്ളതായിരിക്കുമ്പോള്‍ തന്നെ, കോവിഡ്-19ന്‍റെ ആഘാതശേഷി അതിനേക്കാള്‍ എത്രയോ വലുതാണ് എന്നതാണ് യാഥാര്‍ത്ഥ്യം. മഹാമാരികളുടെ ആഘാതശേഷിയും രോഗത്തിന്‍റെ മാരകസ്വഭാവവും ഒന്നിനൊന്ന് പൊരുത്തപ്പെട്ടല്ല നിലനില്‍ക്കുന്നത്. മഹാമാരികള്‍ അരങ്ങേറുന്ന സമൂഹത്തിന്‍റെ സാമൂഹികവും സാങ്കേതികവും സാംസ്കാരികവുമായ പ്രകൃതവും സന്ദര്‍ഭവും അവയുടെ ആഘാതശേഷി നിര്‍ണ്ണയിക്കുന്നതില്‍ വലിയ പങ്കുവഹിക്കും. മഹാമാരികളുടെ കാര്യത്തെ സംബന്ധിച്ചെങ്കിലും, രോഗം രോഗം മാത്രമായല്ല ജീവിക്കുന്നത് എന്നര്‍ത്ഥം. അതൊരു വലിയ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ സമുച്ചയമായി മാറുന്നു. ഏതു കാലത്തെയും, ആരുടെയും രോഗബാധയെയും സംബന്ധിച്ച് പ്രാഥമികമായി ഇങ്ങനെ പറയാമെങ്കിലും, മഹാമാരികള്‍ രോഗത്തിന്‍റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ഉള്ളടക്കത്തെ വെളിപ്പെടുത്തുന്ന അളവില്‍ മറ്റൊന്നും അതിനെ പ്രകാശിപ്പിക്കുന്നില്ല.

സ്പാനിഷ് ഫ്ളൂവിനേക്കാള്‍ മാരകത്വം കുറവായിരിക്കുമ്പോഴും കോവിഡ്-19ന്‍റെ ആഘാതശേഷി ഏറിനില്‍ക്കുന്നത് എന്തുകൊണ്ടാണ്? പ്രാഥമികമായ കാരണം ലോകം ഒരു നൂറ്റാണ്ടിനിടയില്‍ അത്രമേല്‍ കൂട്ടിയിണക്കപ്പെട്ടു എന്നതാണ്. സാമ്പത്തികവും സാങ്കേതികവും സാമൂഹികവുമായ തലങ്ങളിലെല്ലാം ഒരു നൂറ്റാണ്ടിനു മുന്‍പുണ്ടായിരുന്നതിന്‍റെ എത്രയോ മടങ്ങ് കൂട്ടിയിണക്കപ്പെട്ടതാണ് നമ്മുടെ ലോകസന്ദര്‍ഭവും ജീവിതവും. സാങ്കേതികവിദ്യ, ആഗോളസഞ്ചാരം, വിനോദസഞ്ചാരം, മൂലധനവ്യാപനം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം എന്നിങ്ങനെ എത്രയോ മേഖലകളെ മുന്‍നിര്‍ത്തി ഈ കൂട്ടിയിണക്കപ്പെടലിന്‍റെ ചിത്രം നമുക്കു തിരിച്ചറിയാന്‍ കഴിയും. ലോകത്തിന്‍റെ ഒരറ്റത്തു പടരുന്ന രോഗം ലോകമെമ്പാടും എത്തുന്ന സ്ഥിതി അതിവേഗം സംജാതമായതിന്‍റെ കാരണമിതാണ്. പരസ്പരബന്ധിതമായ ജീവിതമേഖലകളെയെല്ലാം ഒരുപോലെ പിടിച്ചുതാഴ്ത്താന്‍ ഈ രോഗാതുര കാലത്തിന് കഴിഞ്ഞതും മേല്പറഞ്ഞ കൂടിക്കലരലിന്‍റെ ഫലമായാണ്.

ഇത്തരമൊരു കൂടിക്കലരലും അതു ജന്മം നല്കിയ രോഗവ്യാപനവും സമൂഹത്തെയും സംസ്കാരത്തെയും സംബന്ധിക്കുന്ന വലിയ ചില ആലോചനകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. ആഗോളസമ്പദ്വ്യവസ്ഥയുടെ ഉള്ളടക്കം മുതല്‍ വ്യക്തിജീവിതത്തിന്‍റെ സൂക്ഷ്മതലം വരെ ഈ പുതിയ ആലോചനകളില്‍ ഇടം പിടിച്ചിട്ടുണ്ട്. മനുഷ്യസമൂഹത്തിന്‍റെ സാംസ്കാരിക സ്വരൂപത്തിന് കോവിഡ് എന്തുതരം മാറ്റങ്ങളാണ് ഉളവാക്കുക എന്ന ചോദ്യം ഇപ്പോള്‍ വ്യാപകമായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വലിയ ചിന്തകന്‍മാര്‍ മുതല്‍ പ്രാദേശിക കൂട്ടായ്മകള്‍ വരെ അതിന്‍റെ ഉത്തരം തേടുന്നതില്‍ വ്യാപൃതരായിരിക്കുന്നു.

ശാരീരിക അകലം പാലിക്കുക എന്നതാണല്ലൊ ലോകത്തിന്‍റെ പുതിയ മുദ്രാവാക്യം. കോവിഡ് - 19 ന്‍റെ വ്യാപനത്തെ പ്രതിരോധിക്കുവാനുള്ള ഏറ്റവും സമര്‍ത്ഥവും ഫലപ്രദവുമായ മാര്‍ഗ്ഗമായി അതു മാറിക്കഴിഞ്ഞു. അടച്ചിടലുകളുടെ കാലം കഴിഞ്ഞാലും ദീര്‍ഘകാലത്തേക്ക് ശാരീരിക അകലം എന്നത് ലോകത്തിന്‍റെ ജീവിതശീലങ്ങളുടെ അടിസ്ഥാനമായി തുടരും എന്നത് ഉറപ്പാണ്. വലിയ വലിയ ഒത്തുചേരലുകള്‍, സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍, പൊതുവെ ഇവയെല്ലാം ഇനിയും പ്രയാസകരമായി തുടരും. സംഘം ചേര്‍ന്നുള്ള പ്രവൃത്തികളും ആവിഷ്കാരങ്ങളും അപ്രാപ്യമായി അവശേഷിക്കും. തമ്മില്‍ തമ്മില്‍ അകലം പാലിക്കാന്‍ ഓരോ മനുഷ്യനും ശ്രദ്ധാലുവാകുന്ന, അകന്നുനില്‍ക്കലില്‍ ഒരുമ കണ്ടെത്തേണ്ടിവരുന്ന, ഒരു സാഹചര്യം രൂപപ്പെടുകയാണ്. മനുഷ്യവംശത്തിന്‍റെ ചരിത്രത്തിലെ അസാധാരണ സന്ദര്‍ഭങ്ങളിലൊന്നാണത്. ജീവിതത്തിന്‍റെ ഇതുവരെയുള്ള ക്രമങ്ങളെ അത് എങ്ങനെയൊക്കെ മാറ്റിമറിക്കും എന്ന് വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. നാഗരികതാ പരിണാമം  എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പരിവര്‍ത്തന സന്ദര്‍ഭമാണിതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഉയര്‍ന്നുവന്ന പുതിയൊരു മുദ്രാവാക്യസംഗ്രഹം ടങട എന്നതാണ്. ഇവയെ മുന്‍നിര്‍ത്തി പ്രമുഖ ചിന്തകനായ യുവാല്‍ നോവ ഹരാരി സമീപകാലത്ത് നടത്തിയ ഒരു നിരീക്ഷണം വളരെ ശ്രദ്ധേയമായിരുന്നു. ജീവജാതികളില്‍ മനുഷ്യവംശത്തിനുള്ള അസാധാരണമായ മികവുകള്‍ സംഘം ചേരാനും ചിരിക്കാനുമുള്ള കഴിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മറ്റേതു ജീവിയേക്കാളും അധികമായി സംഘം ചേരാനുള്ള കഴിവ് മനുഷ്യനുണ്ട്. ലക്ഷോപലക്ഷം മനുഷ്യര്‍ക്ക് ഒരു കാര്യം മുന്‍നിര്‍ത്തി ഒത്തുചേരാന്‍ കഴിയും. കോവിഡ് ഇല്ലാതാക്കിയത് ഈ സാധ്യതയെയാണ്. കൂട്ടം ചേരലുകളും അതു പകരുന്ന സാമൂഹികതയുടെ ഉള്ളടക്കവും റദ്ദായിപ്പോവുന്നു. അതുപോലെതന്നെ ഇതര ജീവികളില്‍ നിന്നു വ്യത്യസ്തമായ നിലയില്‍ മനുഷ്യന്‍റെ ചിരിക്കാനുള്ള കഴിവും. അന്യോന്യമുള്ള കാഴ്ചയെയും അതിലെ സ്നേഹവായ്പിനെയും ആഹ്ലാദകരമായ ഒന്നായി പരിവര്‍ത്തിപ്പിക്കുന്നതില്‍ ചിരി വഹിച്ച പങ്കുവളരെ വലുതാണ്. കോവിഡ് പ്രതിരോധത്തോടൊപ്പം വന്ന മാസ്കുകള്‍ അതിനെ മറച്ചുപിടിക്കുന്നു. ഇങ്ങനെ, മാനുഷികതയുടെ രണ്ട് അടിസ്ഥാന സവിശേഷതകളെ റദ്ദാക്കിക്കൊണ്ടാണ് ഈ പുതിയ മഹാമാരി പടരുന്നതെന്ന് ഹരാരി ചൂണ്ടിക്കാണിക്കുന്നത് നാഗരികതാപരിണാമത്തിന്‍റെ ചര്‍ച്ചയെക്കുറിച്ചുള്ള സന്ദര്‍ഭത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.

കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധി ജീവിതത്തെയും ലോകക്രമത്തെയും എങ്ങനെയെല്ലാം മാറ്റിമറിക്കും എന്നതിനെക്കുറിച്ച് ലോകത്തെ വലിയ ചിന്തകര്‍ പലതരം നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്ലാവൊയ് സീസെക്, നോം ചോംസ്കി, യുവാല്‍നോവ ഹരാരി, അര്‍ജുന്‍ അപ്പാദുരൈ എന്നിങ്ങനെ ഒട്ടനവധിപേര്‍ കോവിഡ് - 19 ന്‍റെ സാമൂഹികഫലങ്ങളെകുറിച്ച് ശ്രദ്ധേയമായ നിഗമനങ്ങള്‍ പലതും മുന്നോട്ടുവച്ചു കഴിഞ്ഞു. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിലധികമായി പ്രബലമായി തുടരുന്ന മുതലാളിത്തം എന്ന വ്യവസ്ഥയുടെ അഗാധമായ പ്രതിസന്ധിസ്ഥാനങ്ങളിലൊന്നായാണ് സിസെക്കിനെയും ചോംസ്കിയെയും പോലുള്ളവര്‍ ഇതിനെ കാണുന്നത്. പുതിയതരത്തിലുള്ള ഒരു കമ്യൂണിസത്തിന്‍റെ, (സാര്‍വദേശീയതയുടെയും ആഗോള സാഹോദര്യത്തിന്‍റെയും) സന്ദര്‍ഭമായി സിസെക് ഇതിനെ വിലയിരുത്തുന്നുണ്ട്. നിയോലിബറലിസം കെട്ടഴിച്ചുവിട്ട മൂലധനഭ്രാന്ത് ആരോഗ്യപരിപാലനത്തെ വിഴുങ്ങിയതിന്‍റെ ഉത്തമോദാഹരണമായി നോം ചോസ്കി ഇതിനെ കാണുന്നു. മറുഭാഗത്ത്, അമിതാധികാരപരവും അതികേന്ദ്രീകൃതവുമായ ഭരണകൂടങ്ങളിലേക്കും ജീവിതക്രമങ്ങളിലേക്കുമുള്ള വഴിതിരിയലിന്‍റെ സാധ്യതയാണ് യുവാന്‍ നോവഹരാരിയും അര്‍ജുന്‍ അപ്പാദുരൈയും മറ്റും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സാര്‍വദേശീയതയുടെയും ആഗോളസാഹോദര്യത്തിന്‍റെയും സന്ദര്‍ഭമായിരിക്കെത്തന്നെ, അതിനെതിരെ ദേശീയമായ ഉള്‍വലിയലിന്‍റെയും അതിര്‍ത്തികള്‍ അടയ്ക്കലിന്‍റെയും അമിതാധികാരത്തിന്‍റെയും ഭീഷണമായ മേല്‍നോട്ടങ്ങളുടെയും ഒക്കെ ലോകത്തിലേക്ക് വര്‍ത്തമാനകാലം പരിണമിക്കാമെന്ന സാധ്യതയാണ് അവര്‍ കാണുന്നത്. ഭാവിയുടെ ഗതി പ്രവചനാതീതമാണ്. അക്കാര്യം അംഗീകരിച്ചുകൊണ്ടുതന്നെ ഉറപ്പുപറയാവുന്ന ഒരു കാര്യം മനുഷ്യവംശത്തിന്‍റെയും നാഗരികതയുടെയും ചരിത്രം നിസ്സംശയമായും ഒരു വഴിത്തിരിവിലെത്തിയിരിക്കുന്നു എന്നതാണ്.

സാര്‍വദേശീയതയുടെയും ലോകസാഹോദര്യത്തിന്‍റെയും പ്രത്യാശകള്‍ അവതരിപ്പിക്കപ്പെട്ടു എങ്കിലും ലോകത്തിന്‍റെ സഞ്ചാരഗതി കൂടുതല്‍ ഏകാധിപത്യപരമായ ക്രമത്തിലേക്കാണോ എന്ന് സംശയിക്കാവുന്നതാണ് വര്‍ത്തമാനകാലസ്ഥിതി. കോവിഡിനെ മറയാക്കി ഭരണകൂടാധികാരം ഏകാധിപത്യത്തിലേക്കു നീങ്ങുന്നതിന്‍റെ മാതൃകകള്‍ ലോകമെമ്പാടും കാണും. എട്ടു മണിക്കൂര്‍ അധ്വാനം, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്ന ലോകചരിത്രത്തിലെ വലിയ കുതിപ്പുകളിലൊന്നിനെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും റദ്ദാക്കിയത് നാം കണ്ടതാണല്ലോ. വംശീയവും വര്‍ഗീയവുമായ ചേരിതിരിവുകളെ ശക്തമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാന്‍ പോന്ന വിധത്തില്‍ അയോധ്യയിലെ രാമക്ഷേത്രനിര്‍മാണത്തിന് പ്രധാനമന്ത്രി നടത്തിയ കാര്‍മികത്വം മുതല്‍ ഹാഗിയ സോഫിയയെ മതാരാധാനാകേന്ദ്രമാക്കാന്‍ ഉദൊഗാന്‍ നടത്തുന്ന ശ്രമങ്ങള്‍ വരെ ഇതിന്‍റെ ഭാഗമാണ്. സംഘടിതപ്രതിരോധത്തിന്‍റെ അഭാവം എന്നതിനെ ഭരണകൂടാധികാരത്തിന്‍റെ നൃശംസതയും ഭീകരവാഴ്ചയുമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ലോകമെമ്പാടും വലിയതോതില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. 

ഇതിനിടയിലും മേല്പറഞ്ഞ വഴിത്തിരിവിന്‍റെ സ്വഭാവത്തെക്കുറിച്ച് പറയാവുന്ന ഒരു കാര്യം 'സാമൂഹികതയുടെ മടങ്ങിവരവ്' എന്ന ആശയമാണ്. ഇത് പുറമേക്ക് കൗതുകകരമായി തോന്നാവുന്ന ഒരു കാര്യമാണ്. 'സാമൂഹിക അകലം പാലിക്കല്‍' അടിസ്ഥാന സ്വഭാവമായി മാറിയ ഒരു സന്ദര്‍ഭത്തെ മുന്‍നിര്‍ത്തി 'സാമൂഹികതയുടെ മടങ്ങിവരവ്' എന്ന് എങ്ങനെയാണ് പറയാനാവുക? 'സാമൂഹിക അകലം പാലിക്കല്‍' എന്ന ആശയത്തിന് കേരളം നല്‍കിയ വിശദീകരണം ഇവിടെ കൂടുതല്‍ സംഗതമാണ്. 'ശാരീരികമായ അകലം; സാമൂഹികമായ ഒരുമ' എന്നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ 'സോഷ്യല്‍ ഡിസ്റ്റന്‍സിങ്' എന്നതിനെ വിശദീകരിച്ചത്. കോവിഡ്-19 ഉയര്‍ത്തിക്കൊണ്ടുവന്ന ലോകസന്ദര്‍ഭത്തില്‍ ഇതു വളരെ പ്രാധാന്യമുള്ള ഒന്നാണ്. ഒരര്‍ത്ഥത്തില്‍, മുതലാളിത്ത ജീവിതക്രമത്തിന്‍റെ അടിസ്ഥാനപരമായ വിമര്‍ശനം കൂടിയാണ് ഈ ആശയം.

വ്യക്തി എന്ന അടിസ്ഥാന ഏകകത്തെ മുന്‍നിര്‍ത്തിയാണ് മുതലാളിത്ത സമൂഹം വികസിച്ചുവന്നത്. വ്യക്തിയും സമൂഹവും അവിടെ വിപരീതദ്വന്ദ്വങ്ങള്‍ ആയിരുന്നു. (ഈ സങ്കല്പനത്തിന്‍റെ ഗാഢവിമര്‍ശനം എന്ന നിലയിലാണ് മനുഷ്യനെ സാമൂഹ്യബന്ധങ്ങളുടെ സമുച്ചയം എന്ന് മാര്‍ക്സ് വിശദീകരിച്ചത്.) പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലൂടെ വളര്‍ന്നുവികസിച്ച മുതലാളിത്തലോകം അടിസ്ഥാനപരമായി വ്യക്തിവാദപരമായിരുന്നു. അവിടെ ആരോഗ്യവും രോഗവും വ്യക്തിപരമായ കാര്യങ്ങളാണ്. എന്‍റെ രോഗം എന്‍റെ സ്വകാര്യപ്രശ്നവും എന്‍റെ ആരോഗ്യം എന്‍റെ വ്യക്തിപരമായ കാര്യവും ആയിരുന്നു. ആരോഗ്യം എന്ന സങ്കല്പത്തെ സ്വകാര്യവ്യക്തി  എന്ന ആശയവുമായി മുതലാളിത്തം കൂട്ടിക്കലര്‍ത്തി. ഈ അടിസ്ഥാനത്തിന് മുകളിലാണ് ആരോഗ്യപരിപാലനത്തിന്‍റെ ആധുനിക സംവിധാനങ്ങള്‍ കെട്ടിപ്പൊക്കപ്പെട്ടത്. നിയോലിബറല്‍ കാലമായപ്പോള്‍ ആരോഗ്യപരിപാലനം സമ്പൂര്‍ണമായി മൂലധനത്തിന്‍റെയും ലാഭത്തിന്‍റെയും പിടിയിലായി. പണവും സാങ്കേതിക വിദ്യയും വ്യക്തിപരതയും കൈകോര്‍ത്തുനില്‍ക്കുന്ന ഒന്നായി അതു മാറി. വ്യക്തികളുടെ ആരോഗ്യപരിപാലനവും പൊതുജനാരോഗ്യവും വഴിപിരിഞ്ഞു. 

കോവിഡ്-19 ന്‍റെ ഒരു സവിശേഷ പ്രാധാന്യം അത് ആരോഗ്യപരിപാലനത്തെ വ്യക്തിപരം എന്നതില്‍നിന്ന് സാമൂഹികം എന്നതിലേക്ക് തിരിച്ചുകൊണ്ടുവന്നു എന്നതാണ്. ഒരാളുടെ ആരോഗ്യവും അയാള്‍ക്കുമാത്രമായി സംരക്ഷിക്കാനാവില്ല എന്ന തിരിച്ചറിവ് ഇപ്പോഴുണ്ട്. എന്‍റെ ആരോഗ്യം സാമൂഹ്യാരോഗ്യത്തിന്‍റെ ഭാഗമാണെന്ന ബോധ്യം ശക്തമായി തിരിച്ചെത്തിയിട്ടുണ്ട്. അതുപോലെതന്നെ ഒരാളുടെ രോഗാവസ്ഥ അയാളുടെ മാത്രം പ്രശ്നമല്ലെന്നും വന്നു കഴിഞ്ഞു. രോഗിക്കും അയാളുടെ കുടുംബത്തിനും മാത്രം ബാധകമായത് എന്നതില്‍നിന്ന് സമൂഹത്തിനാകെ ബാധകമായ ഒന്നാണ് രോഗം എന്നുവന്നിരിക്കുന്നു. ഒരാള്‍ മറ്റൊരാളുടെ തുടര്‍ച്ചയാണ് എന്ന നിലയില്‍ മനുഷ്യരുടെ ആരോഗ്യത്തെയും രോഗത്തെയും പരിഗണിക്കേണ്ടിവന്നിരിക്കുന്നു. ഇങ്ങനെ വ്യക്തിപരമായ തലത്തിനപ്പുറം സാമൂഹികമായ തലത്തില്‍ വച്ച് രോഗത്തെയും ആരോഗ്യത്തെയും മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും നാം നിര്‍ബന്ധിതരായിത്തീര്‍ന്നിരിക്കുന്നു എന്നതാണ് കോവിഡ് - 19 സന്ദര്‍ഭം ഉയര്‍ത്തിയ ഒരു സമീക്ഷ. ആധുനികലോകത്തിലെ വ്യക്തികേന്ദ്രീകൃതമായ രോഗ-ആരോഗ്യ സങ്കല്പത്തിന്‍റെയും, നിയോലിബറല്‍ കാലത്തെ ആരോഗ്യവിപണിയുടെയും ഗാഢവിമര്‍ശനം കൂടിയാണ് ഇത്.

വ്യക്തി, സമൂഹബന്ധത്തെ മുന്‍നിര്‍ത്തിയുള്ള ഈ വിമര്‍ശനത്തിന് മനുഷ്യവംശത്തിന്‍റെ ഭാവിജീവിതത്തില്‍ ഏതുതരത്തിലുള്ള സ്വാധീനമാണ് ഉളവാക്കാന്‍ കഴിയുക എന്നത് ഇപ്പോള്‍ പ്രവചിക്കാവുന്ന കാര്യമല്ല. അത്യന്തം വ്യക്തികേന്ദ്രിതമായി മാറിയ ലോകക്രമത്തെയും ജീവിതവീക്ഷണത്തെയും അഴിച്ചുപണിയാന്‍ അത് സഹായിക്കുമോ എന്നതും അറിയാനിരിക്കുന്നതേയുള്ളൂ. അതിലേക്ക് വഴിതുറന്നാല്‍ മനുഷ്യവംശത്തിന്‍റെ സാംസ്കാരിക ചരിത്രത്തിലെ വലിയ വഴിത്തിരിവുകളിലൊന്നായി അത് മാറിത്തീരും. അതുപോലെ തന്നെയാണ് കോവിഡ്-19 മതജീവിതത്തില്‍ ഉളവാക്കിയ മാറ്റവും. 2020 മാര്‍ച്ച് മുതല്‍ ലോകത്തിന്‍റെ പല കോണുകളിലും ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുന്ന സ്ഥിതിയുണ്ടായി. പിന്നീട് അവ തുറന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിച്ചപ്പോള്‍ അത് പരിമിതപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കാന്‍ സ്വയം ശ്രമിക്കുകയും ചെയ്തു. ആള്‍ക്കൂട്ടബഹളങ്ങളും ആചാരാഘോഷങ്ങളും പ്രധാനമായിരുന്ന സ്ഥിതിയില്‍ നിന്ന് മതജീവിതത്തിനു വന്ന മാറ്റം പ്രധാനമാണ്. അത് കൂടുതല്‍ സ്വകാര്യവും വ്യക്തിഗതമായ അനുഭവലോകത്തിലേക്ക് ഒതുങ്ങുന്നതുമായി മാറിത്തീര്‍ന്നിട്ടുണ്ട്. ആചാരാനുഷ്ഠാനങ്ങളാണ് മതജീവിതത്തിന്‍റെ അടിസ്ഥാനം എന്നതില്‍ നിന്നുള്ള വലിയൊരു വഴിമാറ്റം ഇതിലുണ്ട്.കഴിഞ്ഞ മൂന്നോ നാലോ മാസങ്ങള്‍ക്കിടയ്ക്ക് മതജീവിതം ആചാരത്തിന്‍റെ പിടിയില്‍ നിന്ന് വഴിമാറുന്നതിന് പല തെളിവുകളും നാം കാണുകയുണ്ടായി. ശാരീരിക അകലം എന്ന ആശയത്തോട് ഒത്തുപോകാവുന്ന നിലയില്‍ ആചാരങ്ങള്‍ പുനഃക്രമീകരിക്കപ്പെട്ടു. ഉത്സവങ്ങളും പലതരം പെരുന്നാളാഘോഷങ്ങളും വേണ്ടെന്നുവയ്ക്കപ്പെടുകയോ, നാമമാത്രമായ നിലയില്‍ നടത്തപ്പെടുകയോ ചെയ്തു. പൊതുവായ ഒത്തുചേരലുകള്‍ അനിവാര്യമായി കണക്കാക്കപ്പെട്ടിരുന്ന പല ആചാരാഘോഷങ്ങളും, സ്വകാര്യതയില്‍ തങ്ങളുടെ വീടുകള്‍ക്കുള്ളില്‍ നിര്‍വഹിക്കാന്‍ ആളുകള്‍ സന്നദ്ധരായി. ഇങ്ങനെ മതം വ്യക്തിഗതമായ അനുഭൂതിയുടെ തലത്തിലേക്ക് മടങ്ങിയെത്തുന്ന ഒരു വഴി നമ്മുടെ സാമൂഹികജീവിതപരിസരത്ത് സംജാതമായിട്ടുണ്ട്. മുകളില്‍ സൂചിപ്പിച്ചതുപോലെ, ഇവിടെയും അതിനെത്രത്തോളം തുടര്‍ച്ചയുണ്ടാവും എന്നത് ഇപ്പോഴേ ഉറപ്പുപറയാവുന്ന കാര്യമല്ല. പക്ഷേ, കോവിഡ് കൊണ്ടുവന്ന ആശാവഹമായ പരിവര്‍ത്തനങ്ങളിലൊന്നാണത്.

ഇതേ അളവില്‍ പ്രാധാന്യമുള്ള മറ്റൊരു കാര്യം ജീവിതരീതികളില്‍ മിനിമലിസത്തിന് കൈവന്ന പുതിയ പ്രാധാന്യമാണ്. മുതലാളിത്തവിപണി സൃഷ്ടിച്ച ആഡംബരഭ്രാന്തിന് കോവിഡ് - 19 ഉളവാക്കിയ പ്രതിസന്ധി ചെറുതല്ല. ആവശ്യങ്ങള്‍ വേര്‍തിരിച്ചറിഞ്ഞ് അതു നിര്‍വ്വഹിക്കുന്നതിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ മനുഷ്യര്‍ നിര്‍ബന്ധിതരായിത്തീര്‍ന്ന സന്ദര്‍ഭം കൂടിയാണ് ഇപ്പോഴത്തേത്. വിവാഹവും മരണവും മുതല്‍ നിത്യജീവിതത്തിലെ ചെറിയ ആഘോഷവേളകള്‍ക്കും വരെ ഇത് ബാധകമായിട്ടുണ്ട്. കെട്ടുകാഴ്ചകളുടെയും ആള്‍ക്കൂട്ടബഹളങ്ങളുടെയും ദുരഭിമാനപ്രദര്‍ശനത്തിന്‍റെയും മേഖലകളായിത്തീര്‍ന്ന പല ജീവിതസന്ദര്‍ഭങ്ങളും മനുഷ്യജീവിതത്തിലെ സ്വാഭാവിക സ്ഥാനങ്ങളായി കടന്നുപോകുന്ന സ്ഥിതി പതിയെപ്പതിയെ രൂപപ്പെട്ടുവരുന്നു. ഉപയോഗപ്രദമായ വസ്തുക്കള്‍ പെരുകുകയും മനുഷ്യരുടെ ഉപയോഗം എത്രയും കുറയുകയും ചെയ്യുന്ന സ്ഥിതിയെക്കുറിച്ചുള്ള മാര്‍ക്സിന്‍റെ നിരീക്ഷണം എത്രയും ബാധകമായിത്തീര്‍ന്ന ഒന്നാണ് ഉപഭോക്തൃമുതലാളിത്തം സൃഷ്ടിച്ച ജീവിതക്രമം. മനുഷ്യജീവിതം അങ്ങേയറ്റം വസ്തുവത്കൃതമായിത്തീരുകയും ആ വസ്തുലോകത്തിന്‍റെ നടുവില്‍ ഏറ്റവും വില കുറഞ്ഞ വസ്തുവായി മനുഷ്യന്‍ സ്വയം പരിണമിക്കുകയും ചെയ്യുന്ന ജീവിതക്രമമാണ് ഉപഭോക്തൃമുതലാളിത്തം സൃഷ്ടിച്ചത്. ആഡംബരങ്ങളും ആര്‍ത്തികളും ആവശ്യങ്ങളായി പരിഭാഷപ്പെടുത്തപ്പെട്ടുകൊണ്ടിരുന്ന ജീവിതക്രമമാണത്. അത്തരമൊരു ജീവിതക്രമത്തിനുമേല്‍ പൊടുന്നനെ വന്നു വീണ നിര്‍ബന്ധിതസ്തംഭനം കൂടിയായി കോവിഡ് പ്രതിസന്ധി മാറിത്തീര്‍ന്നു എന്നു പറയാം. ആഹാരത്തിലും വസ്ത്രത്തിലും യാത്രയിലും ആഘോഷത്തിലുമെല്ലാം തങ്ങളുടെ ആവശ്യത്തെ വേര്‍തിരിച്ചെടുക്കാനും അതിന്‍റെ നിര്‍വഹണത്തിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനും മനുഷ്യര്‍ നിര്‍ബന്ധിതരായിത്തീര്‍ന്ന സന്ദര്‍ഭം. ഈ നില തുടര്‍ന്നുപോവുകയാണെങ്കില്‍ കോവിഡ് ഉളവാക്കുന്ന നാഗരികതാപരിവര്‍ത്തനത്തിലെ ഏറ്റവും നിര്‍ണായകമായ പരിവര്‍ത്തനങ്ങളിലൊന്ന് ഇതായിരിക്കും. 

ഇതെല്ലാം തെളിഞ്ഞുവരാനിരിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ഇതിനകം തന്നെ കോവിഡ്-19 മനുഷ്യജീവിതത്തിലുളവാക്കിയ നിര്‍ണായക സ്വാധീനം വിജ്ഞാനവിനിമയത്തിന്‍റെ തലത്തിലാണ് എന്നു പറയാം. കോവിഡ് മഹാമാരി പിന്‍വാങ്ങിയാലും അത് വിജ്ഞാനവിതരണമേഖലയിലും അതുവഴി വിജ്ഞാനത്തിന്‍റെ അടിസ്ഥാനഘടനയിലും ഉളവാക്കിയ മാറ്റം ഇല്ലാതാകാന്‍ പോകുന്നില്ല. ഓണ്‍ലൈന്‍ വിദ്യാഭ്യാസവും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെ കേന്ദ്രീകരിച്ചുള്ള സംവാദങ്ങളും പുതിയ കാലത്തിന്‍റെ അടിസ്ഥാനഘടകങ്ങളിലൊന്നായി ഇനിയങ്ങോട്ട് തുടരും എന്ന കാര്യം ഉറപ്പിച്ചുതന്നെ പറയാം.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെയും അതുവഴിയുള്ള വിജ്ഞാനവിനിമയത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറിയ പങ്കും നടന്നത് ഡിജിറ്റല്‍ അസമത്വം എന്ന പ്രശ്നത്തെ മുന്‍നിര്‍ത്തിയാണ്. ഡിജിറ്റല്‍ അസമത്വം പുതിയ ഒരു വെല്ലുവിളിയായി ഉയര്‍ന്നുവരുന്നുണ്ട് എന്നത് സംശയരഹിതമായ കാര്യമാണ്. എന്നാല്‍ കൂടുതല്‍ വിപുലമായ മറ്റൊരു പ്രമേയം കൂടി ഇതിലുണ്ട്. അത് വിദ്യാഭ്യാസം, അറിവ് തുടങ്ങിയ ആശയങ്ങളിലും, വിവിധ വിജ്ഞാനശാഖകളുടെ ഭവപരവും ജ്ഞാനശാസ്ത്രപരവും ആയ തലങ്ങളില്‍ ഉളവാകുന്ന പരിവര്‍ത്തനമാണ്. ഇന്ന് നിലവിലുള്ള വിദ്യാഭ്യാസവ്യവസ്ഥ ആധുനികതയോടൊപ്പം വളര്‍ന്നുവന്നതും അതിന്‍റെ അടിസ്ഥാനമൂല്യങ്ങളെ പിന്‍പറ്റാന്‍ ശ്രമിക്കുന്നതുമായ ഒന്നാണ്. സാമൂഹികത, വിമര്‍ശനാത്മകത എന്നിവയെ അടിസ്ഥാനഘടകങ്ങളായി പ്രതിഷ്ഠിച്ചുകൊണ്ടാണ് അതു രൂപപ്പെട്ടത്. ഈ തലങ്ങളിലെല്ലാം വലിയ പരിവര്‍ത്തനങ്ങള്‍ക്ക് കാരണമാകാവുന്ന ഒന്നാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം. വിദ്യാഭ്യാസക്രമത്തിനുള്ളില്‍ ഒരു വിചാരമാതൃകാവ്യതിയാനത്തെ  അത് കൂട്ടിക്കൊണ്ടുവരുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

ബഹുശാഖിയും ബഹുരൂപിയുമായ ഈ പരിവര്‍ത്തനത്തിന്‍റെ കേന്ദ്രം അറിവിന്‍റെ ഉള്ളടക്കത്തില്‍ വരാവുന്ന വ്യത്യാസങ്ങളാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്കുള്ള സ്ഥാനാന്തരം വ്യത്യസ്ത ജ്ഞാനശാഖകളുടെ പ്രകൃതത്തില്‍ വലിയ മാറ്റങ്ങള്‍ ഉളവാക്കിയേക്കാം. പരീശീലനവും സൗന്ദര്യാത്മകതയും അടിസ്ഥാനഘടകങ്ങളായി വരുന്ന കലാപഠനം, സങ്കല്പനപരമായ ചിന്ത പ്രധാനമായി മാറുന്ന തത്ത്വശാസ്ത്രപഠനം, ആനുഭവിക വിശകലനവും സിദ്ധാന്തവത്കരണവും കേന്ദ്രസ്ഥാനത്തു വരുന്ന സാമൂഹ്യശാസ്ത്രപഠനം, ഭാവാത്മകതയും സിദ്ധാന്തവത്കരണവും പ്രധാനമാകുന്ന സാഹിത്യപഠനം, ഉപകരണവിനിയോഗവും വൈഭവാര്‍ജനവും പ്രധാനമായിട്ടുള്ള സാങ്കേതികപഠനം തുടങ്ങിയവയെല്ലാം അതതു വിഷയങ്ങളുടെ ഭവപരമായ വ്യത്യാസങ്ങള്‍ കയ്യൊഴിഞ്ഞ് ഒരേതരം ലേണിങ് പ്ലാറ്റ്ഫോമുകളിലേക്ക് നീങ്ങുന്നതാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസമേഖലയില്‍ അതിവേഗം നടപ്പായിക്കൊണ്ടിരിക്കുന്ന ഈ ഓണ്‍ലൈന്‍വത്കരണം മൂന്ന് തലങ്ങളിലെങ്കിലും വിജ്ഞാനവ്യവസ്ഥയെയും അതുവഴി പൊതുസമൂഹത്തിന്‍റെ സംസ്കാരസ്വരൂപത്തെയും ബാധിക്കും. ഒന്നാമതായി അത് കലാലയങ്ങളും സര്‍വകലാശാലകളും വാഗ്ദാനം ചെയ്യുന്ന സാമൂഹിക സ്ഥലങ്ങളെ പൂര്‍ണമായി ഇല്ലാതാക്കും. രണ്ടാമതായി വിജ്ഞാനവനിമയത്തില്‍ ഉള്‍ച്ചേര്‍ന്ന വിമര്‍ശനാത്മകഘടകത്തെ മിക്കവാറും അപ്രസക്തമാക്കും. മൂന്നാമതായി വ്യത്യസ്ത ജ്ഞാനശാഖകളുടെ ഭവപരമായ വ്യത്യാസത്തെ പരിഗണിക്കാത്ത ബോധനരീതി വഴി എല്ലാ അറിവിനെയും വിവരങ്ങളുടെ തലത്തിലേക്ക് കൊണ്ടുവരും. ആത്യന്തികമായി നമ്മുടെ വിജ്ഞാനവ്യവസ്ഥയെയും അതുവഴി സംസ്കാരസ്വരൂപത്തെയും വലിയ തോതില്‍ മാറ്റിമറിക്കാന്‍ പോന്നതായിരിക്കും ഈ പരിവര്‍ത്തനങ്ങള്‍. കോവിഡ് പിന്‍വാങ്ങിയാലും ഓണ്‍ലൈന്‍ തുടരും എന്നത് ഉറപ്പായതുകൊണ്ട്, കോവിഡ്-19ന്‍റെ സാംസ്കാരികഫലങ്ങളില്‍ ഏറ്റവും നിര്‍ണായകമാകാന്‍ പോവുന്ന ഘടകവും ഇതായിരിക്കാന്‍ ഇടയുണ്ട്.

സംസ്കാരത്തെ സമഗ്രജീവിതരീതി  എന്നാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സംസ്കാരപഠിതാവായ റെയ്മണ്ട് വില്യംസ് നിര്‍വചിച്ചത്. ആ നിലയില്‍ മനസ്സിലാക്കിയാല്‍, സംസ്കാരത്തിന്‍റെ തലത്തിലെ വന്‍ പരിണാമത്തിന്‍റെ മുഹൂര്‍ത്തം കൂടിയാണ് കോവിഡ്-19ന്‍റേത് എന്നു വ്യക്തമാകാതിരിക്കില്ല. ജീവിതത്തിന്‍റെ സമസ്ത തലങ്ങളിലും അരങ്ങേറുന്ന ചെറുതും വലുതുമായ പരിവര്‍ത്തനങ്ങള്‍ സംസ്കാരഘടനയെ അടിമുടി മാറ്റിപ്പണിയാവുന്നതാണ്. ഇക്കാര്യത്തില്‍ അന്തിമമായ തീര്‍പ്പുകല്പിക്കാന്‍ പോന്ന ഉപാധികളൊന്നും ഇപ്പോള്‍ നമ്മുടെ കൈവശമില്ലെങ്കിലും.

ഈ പരിവര്‍ത്തനം ഉല്പാദന-സാമ്പത്തിക മേഖലകളില്‍ ഉളവാക്കുന്ന വലിയ പ്രത്യാഘാതങ്ങളെക്കുറിച്ചുകൂടി ഇവിടെ ആലോചിക്കേണ്ടതുണ്ട്. കഴിഞ്ഞ പല പതിറ്റാണ്ടുകളായി അഭംഗുരമായി നീങ്ങുന്ന മുതലാളിത്ത മൂലധനവ്യവസ്ഥയുടെ ഗതിയെ ഒട്ടൊന്ന് സ്തബ്ധമാക്കാന്‍ ഈ മഹാമാരിക്ക് ഇതിനകം തന്നെ കഴിഞ്ഞിട്ടുണ്ട്. 1930-കളിലെ മഹാമാന്ദ്യവും തുടര്‍ന്ന് പല ഘട്ടങ്ങളിലുണ്ടായ സാമ്പത്തികപ്രതിസന്ധികളെയും (ഏറ്റവുമൊടുവില്‍ 2008-ല്‍ ആരംഭിച്ചതും ഇപ്പോഴും തുടരുന്നതുമായ പ്രതിസന്ധി അടക്കം) കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ മുതലാളിത്ത സമ്പദ്വ്യവസ്ഥയ്ക്ക് അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. കമ്പോളത്തെയും മൂലധനത്തെയും മാനുഷികമായ ആവശ്യങ്ങളെയും പലതരത്തില്‍ വിപുലീകരിച്ചുകൊണ്ടാണ് അത് ഇക്കാലം വരെ നിലനിന്നത്. ഉപഭോക്തൃമുതലാളിത്തത്തിന്‍റെ വരവ് ഈ വിപുലീകരണത്തിന്‍റെ ചരിത്രത്തിലെ പ്രധാന അധ്യായങ്ങളിലൊന്നായിരുന്നു. മനുഷ്യജീവിതപരിസരങ്ങളില്‍ കുന്നുകൂടിയ ഉപഭോഗ വസ്തുക്കളും അതുളവാക്കിയ വിഴുപ്പുകളുടെ പെരുപ്പവും ചേര്‍ന്ന് ഭൂമിയെ വലിയൊരു ചപ്പുകൂനയാക്കാന്‍ പോന്ന വിധത്തിലാണ് ഉപഭോക്തൃമുതലാളിത്തം വളര്‍ന്നുവന്നത്. അത്തരം ജീവിതക്രമത്തിലും അതിനാധാരമായ ഉല്പാദനവ്യവസ്ഥയിലും നിര്‍ണ്ണായകമായ ചില പരിവര്‍ത്തനങ്ങള്‍ക്ക് ഈ മഹാമാരി വഴിതുറന്നേക്കുമെന്ന് പല സാമ്പത്തിക ചിന്തകരും കരുതുന്നുണ്ട്. അനന്തമായ വിഭവചൂഷണത്തിലും അതു വഴിയുള്ള പാരിസ്ഥിതികവിനാശത്തിലും ചെന്നവസാനിക്കുന്ന ജീവിതക്രമത്തില്‍ നിന്ന് വഴിമാറി നടക്കാന്‍ മനുഷ്യസമൂഹം നിര്‍ബന്ധിതമായിത്തീര്‍ന്നേക്കാമെന്ന് അവരില്‍ പലരും പ്രതീക്ഷിക്കുന്നു. അത്തരമൊരു സ്ഥിതിയിലേക്ക് എത്തിപ്പെട്ടാല്‍ അത് മാനവസംസ്കൃതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരിവര്‍ത്തനങ്ങളിലൊന്നായിരിക്കും.

ലക്ഷോപലക്ഷം മനുഷ്യരുടെ തൊഴിലും ജീവിതോപാധികളും ഇല്ലാതാക്കിക്കൊണ്ടാണ് കോവിഡ് ലോകമെമ്പാടും പടര്‍ന്നത്. പിടിച്ചുകെട്ടി എന്നു കരുതപ്പെടുന്ന ഇടങ്ങളില്‍ പോലും അത് പൂര്‍ണ്ണമായി കീഴടങ്ങിയിട്ടില്ല. ഫലപ്രദമായ വാക്സിന്‍ വൈകാതെ കൈവന്നാല്‍ തന്നെയും പിന്നെയും പല മാസങ്ങള്‍, ചിലപ്പോള്‍ അതിനപ്പുറവും, ഇതിന്‍റെ വ്യാപനം തുടരാനിടയുണ്ട്. അത് തൊഴില്‍മേഖലകളിലും ശാരീരികാധ്വാനത്തിന്‍റെ ഇടങ്ങളിലും ഉളവാക്കുന്ന പ്രതിസന്ധിയുടെ തോത് ഇതിലും വലുതാകാനാണ് സാധ്യത. സ്പാനിഷ് ഫ്ളൂവിന്‍റെയും മറ്റും ചരിത്രാനുഭവങ്ങള്‍ എടുത്താല്‍ വര്‍ഷങ്ങള്‍ തുടരുന്നതാണ് അതിന്‍റെ പ്രത്യാഘാതം എന്നു കാണാനാവും. സമാനമായ നിലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉളവാക്കിയാവും കോവിഡും അന്തിമമായി പിന്‍വാങ്ങുക. അതുകൊണ്ടുവരാനിരിക്കുന്ന സാംസ്കാരികവും നാഗരികതാപരവുമായ പരിവര്‍ത്തനങ്ങള്‍ക്ക് മനുഷ്യവംശം വലിയ വില കൊടുക്കേണ്ടിവരാം. എല്ലാ സാംസ്കാരിക രേഖകളും കിരാതത്വത്തിന്‍റെ കൂടി സുവര്‍ണ്ണരേഖകളാണെന്ന വാള്‍ട്ടര്‍ ബഞ്ചമിന്‍റെ നിരീക്ഷണത്തെ അതുവഴി കോവിഡ്കാലവും ശരിവയ്ക്കുകയാവും.