നുണരമയുടെ തരികിടകള്‍

ഗൗരി

"ഒരു കാര്യം ഞാനിവിടത്തെ പത്രങ്ങളെ സംബന്ധിച്ച് പറയാനാഗ്രഹിക്കുന്നു. മലയാള പത്രങ്ങള്‍ അവയുടെ ശക്തിക്കും വീറിനും അതീതമായ ഒരു ഭാഷ സ്വീകരിച്ചിരിക്കുന്നതായി തോന്നുന്നു. ചില തര്‍ജമകളാണ് ഞാന്‍ വായിച്ചത്. കുറേക്കൂടി മിതമായ ഭാഷയില്‍ അവയുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കണമെന്ന് ഞാനവയോടഭ്യര്‍ഥിക്കുന്നു".

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ വാക്കുകളാണിത്. കേരള സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെ 1959 ജൂണ്‍ 25ന് വിമാനത്താവളത്തില്‍ വച്ച് അദ്ദേഹം പത്ര ലേഖകരോട് നടത്തിയ പ്രതികരണമാണിത്. വിമോചന സമരത്തിന്‍റെ കേളികൊട്ടില്‍ ഏര്‍പ്പെട്ടിരുന്ന, അതിവൈകാരികത സൃഷ്ടിച്ച് ആളുകളെ കലാപത്തിനു പ്രേരിപ്പിച്ചിരുന്ന മലയാള മനോരമ, ദീപിക, കേരള ഭൂഷണം, മലയാള രാജ്യം തുടങ്ങിയ പത്രങ്ങളുടെ റിപ്പോര്‍ട്ടുകളെയും മുഖപ്രസംഗങ്ങളെയും കുറിച്ചാണ് നെഹ്റു ഇത്തരം ഒരു പ്രതികരണം നടത്തിയത്.

ഇപ്പോള്‍ വിഷയം സ്വര്‍ണം കള്ളക്കടത്താണ്. എന്നാല്‍ മനോരമയ്ക്ക്, പൊതുവില്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കെല്ലാം, കള്ളക്കടത്തോ അത് നമ്മുടെ സമ്പദ്ഘടനയ്ക്ക് ഏല്‍പ്പിക്കുന്ന ആഘാതമോ അല്ല വിഷയം. മറിച്ച് അതിനെ പിണറായി സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി പ്രയോഗിക്കാന്‍ പറ്റുമോ എന്നാണ് അവയുടെ നോട്ടം. സൗകര്യത്തിനായി മുഖ്യധാരയിലെ മുന്നില്‍ നില്‍ക്കുന്ന, പ്രത്യേകിച്ചും കമ്യൂണിസ്റ്റ് വിരോധത്തിന്‍റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന മനോരമയില്‍ കേന്ദ്രീകരിക്കാം.

13ന്‍റെ 'മനോരമ' സ്വര്‍ണക്കള്ളക്കടത്തിനെക്കുറിച്ച് പ്രസിദ്ധീകരിച്ച മുഖപ്രസംഗമെന്നു നോക്കാം. "സ്വര്‍ണക്കടത്തു കേസിന്‍റെ അപായമാനങ്ങള്‍. ജനമനസ്സുകളിലെ സംശയങ്ങള്‍ സര്‍ക്കാര്‍ ദൂരീകരിക്കണം". എന്നത്രെ ശീര്‍ഷകം. അടിമുടി വസ്തുതാവിരുദ്ധമെന്നതിലുപരി പെരുംനുണകളുടെ ശൃംഖലയാല്‍ ബന്ധിതമാണ് മുഖപ്രസംഗത്തിലെ ഓരോ വരിയും. നോക്കൂ: "ഈ കേസില്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായ മെല്ലെപ്പോക്ക് ഗൗരവമുള്ളതാണ്. ബംഗളൂരുവില്‍ നിന്ന് എന്‍ഐഎ പ്രതികളെ പിടിച്ചതും സ്വപ്നയെ പിടികൂടാന്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയമിച്ചതും ഏതാണ്ട് ഒരേ സമയത്താണെന്നത് ഇതിന്‍റെ ഉദാഹരണം മാത്രം. ഒരു കൂടിയാലോചനയ്ക്കും കാത്തുനില്‍ക്കാതെ ചടുലമായി നീങ്ങാന്‍ എന്‍ഐഎയ്ക്കു ഡല്‍ഹിയില്‍ നിന്നുകിട്ടിയ നിര്‍ദേശത്തിന്‍റെ ഭാഗമായിരുന്നു അഭിനന്ദനീയമായ വേഗത്തിലുള്ള പിടികൂടലെന്നു വേണം കരുതാന്‍. കേസില്‍ ഉള്‍പ്പെട്ടവര്‍ തെളിവുകള്‍ നശിപ്പിക്കും മുന്‍പുതന്നെ അതിവേഗം നീങ്ങാന്‍ എന്‍ഐഎ തീരുമാനിച്ചതിന്‍റെ ഭാഗമായാണ് മുന്‍ ഐടി സെക്രട്ടറിയുടെ ഫ്ളാറ്റ് ഉള്‍പ്പെടെ റെയ്ഡ് ചെയ്തതും".

ഇതില്‍ ഒന്നാമത്തെ ട്വിസ്റ്റിങ് "സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്ക്" എന്നതാണ്. മനോരമ ഇവിടെ ഉദ്ദേശിക്കുന്നത് കേന്ദ്ര സര്‍ക്കാരിനെയാണോ സംസ്ഥാന സര്‍ക്കാരിനെയാണോയെന്ന് വ്യക്തമാക്കണമായിരുന്നു. പക്ഷേ രണ്ടാമത്തെ വരിയില്‍ "കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയമിച്ചു"വെന്ന് പറയുന്നതിലൂടെ ആദ്യഭാഗത്ത് ഉന്നംവച്ചത് സംസ്ഥാന സര്‍ക്കാരിനെയാണെന്ന് വ്യക്തം. അപ്പോള്‍ എന്‍റെ മനോരമേ, വായനക്കാരെല്ലാം രാജ്യത്തെ സംവിധാനങ്ങളെക്കുറിച്ച് ഒരുഗ്രാഹ്യവുമില്ലാത്ത മന്ദബുദ്ധികളാണെന്ന ധാരണയാണോ നിങ്ങള്‍ക്കുള്ളത്?
എയര്‍പോര്‍ട്ട് കേന്ദ്രം വക. സുരക്ഷാ ചുമതല സിഐഎസ്എഫ് എന്ന കേന്ദ്ര സേനയ്ക്ക്. അവിടെ വരുന്ന ബാഗേജുകളുടെ പരിശോധനച്ചുമതല കസ്റ്റംസിന്. അതും കേന്ദ്രത്തിന്‍റെ കീഴിലുള്ള സംവിധാനം. അവിടെ സംസ്ഥാന സര്‍ക്കാരിന് എന്ത് ഉത്തരവാദിത്വമാണുള്ളത്. കസ്റ്റംസ് സഹായം ആവശ്യപ്പെട്ടാല്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിനോ പൊലീസിനോ അതില്‍ ഇടപെടാനാകൂ എന്നതാണ് രാജ്യത്തെ നിയമമെന്നിരിക്കെ എന്തിനാണ് നിങ്ങള്‍ ഈ പെരുംനുണ പടച്ചുവിടുന്നത്?

12-ാം തീയതി മനോരമയുടെ തന്നെ 7-ാം പേജില്‍ നല്‍കിയിട്ടുള്ള രണ്ട് റിപ്പോര്‍ട്ടുകള്‍ മുഖപ്രസംഗത്തിലെ വാക്കുകള്‍ക്കെതിരാണ്. "24 മണിക്കൂര്‍ തിളങ്ങി എന്‍ഐഎ" എന്ന സ്റ്റോറിയില്‍ പറയുന്നതു നോക്കൂ: "പ്രതികള്‍ക്ക് സംരക്ഷണം നല്‍കുകയും അവരെ കേരളം വിട്ടുപോകാന്‍ സഹായിക്കുകയും ചെയ്തത് കേരള പൊലീസാണെന്ന് കേന്ദ്രം കരുതുന്നു. അതുകൊണ്ടാണ് കേസന്വേഷണത്തിനു കേരള പൊലീസിന്‍റെ സഹായം കസ്റ്റംസ് തേടാതിരുന്നത്. ഇപ്പോള്‍ സിആര്‍പിഎഫിന്‍റെ സുരക്ഷ തേടാനുള്ള കാരണവും ഇതുതന്നെ". ഇതില്‍ തന്നെ വ്യക്തമാണല്ലോ കസ്റ്റംസ് ആവശ്യപ്പെട്ടാലേ കേരള പൊലീസിന് ഇടപെടാനാകൂവെന്ന്.
ഇതില്‍ പറയുന്ന മറ്റു നുണകളിലേക്ക് തിരിയുന്നതിനുമുന്‍പ് ഇതേ ദിവസം ഇതേ പത്രത്തിന്‍റെ ഇതേ പേജില്‍ത്തന്നെ കേസന്വേഷണത്തിന് കസ്റ്റംസ് കേരള പൊലീസിന്‍റെ സഹായമാവശ്യപ്പെട്ട വിവരം റിപ്പോര്‍ട്ടു ചെയ്യുന്നു: "സഹായിക്കേണ്ടത് ബാധ്യത: ഡിജിപിക്ക് കസ്റ്റംസിന്‍റെ കത്ത്". പ്രതികളെ പിടിക്കാന്‍ സംസ്ഥാന പൊലീസിന്‍റെ സഹായം ആവശ്യപ്പെട്ടുകൊണ്ട് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ ഡിജിപിക്ക് കത്തെഴുതിയെന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തതിന് നല്‍കിയ തലവാചകമാണ്.

സഹായിക്കേണ്ടത് ബാധ്യതയല്ലെന്ന് ആരെങ്കിലും പറഞ്ഞതുപോലെയാണ് മനോരമ ആളെ പറ്റിക്കുന്നത്. കസ്റ്റംസ് കമ്മീഷണറുടെ അഭ്യര്‍ഥന ലഭിച്ച് ഒരു മണിക്കൂര്‍ പോലും ആകും മുന്‍പ് കൊച്ചി പൊലീസ് ഡിസിപിയുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടീമിനെ നിയോഗിക്കുകയും ചെയ്തു. ഇതില്‍ എവിടെയാണ് അമാന്തം? മറ്റൊന്ന് സംസ്ഥാന പൊലീസിനെ കേന്ദ്രത്തിനും കസ്റ്റംസിനും എന്‍ഐഎക്കുമൊന്നും വിശ്വാസമില്ലെന്ന മനോരമയുടെ കണ്ടുപിടുത്തം അസാമാന്യമായ പ്രതിഭാവിലാസത്തിന്‍റെ തിളക്കമുള്ളതാണ്. സിബിഐയുടെ ഉന്നത ഉദ്യോഗസ്ഥരെയടക്കം തടഞ്ഞുവയ്ക്കുകയും ആട്ടിയോടിക്കുകയും ചെയ്ത ഒരു സംസ്ഥാന സര്‍ക്കാരും പൊലീസ് സംവിധാനവും ഇന്ത്യാ രാജ്യത്തുണ്ട്. മനോരമയ്ക്കും വലതുപക്ഷ രാഷ്ട്രീയക്കാര്‍ക്കും പ്രിയങ്കരിയാണ് അതിനു നേതൃത്വം നല്‍കുന്ന മമത. കേരളം ഇന്നേവരെ പ്രത്യേകിച്ചും ഇടതുപക്ഷ ഭരണത്തില്‍ അങ്ങനെയൊരു നിലപാട് സ്വീകരിച്ചതായി കമ്യൂണിസ്റ്റു വിരോധം കൊണ്ട് കണ്ണുകാണാന്‍ പറ്റാത്ത മനോരമയ്ക്ക് ചൂണ്ടിക്കാണിക്കാനുണ്ടോ? ഇനി സിആര്‍പിഎഫിനെ സെക്യൂരിറ്റി ചുമതല ഏല്‍പ്പിച്ചതിന്‍റെ കാര്യമാണെങ്കില്‍ സംസ്ഥാനത്തെ കേന്ദ്ര സംവിധാനങ്ങളുടെ സംരക്ഷണ ചുമതല എക്കാലത്തും നിര്‍വഹിക്കുന്നത് സിഐഎസ്എഫ് അല്ലെങ്കില്‍ സിആര്‍പിഎഫ് തന്നെയാണ്. മനോരമയിലെ കള്ളന്മാര്‍ക്കു മാത്രമേ അതറിയാത്തതുള്ളൂ. അറിയാത്തതാവില്ല ആസൂത്രിതമായി കള്ളം പറയുന്നതുതന്നെയാണ്.

ഇനി കള്ളക്കടത്തുകേസിലെ പ്രതികള്‍ കേരളം വിട്ടത് എങ്ങനെയെന്ന് 'മനോരമ' തന്നെ പറയുന്നതു നോക്കൂ. 14-ാം തീയതിയിലെ പത്രത്തിന്‍റെ 6-ാം പേജില്‍ പറയുന്നു: "സ്വപ്നയും സന്ദീപും കടന്നത് തമിഴ്നാട് യാത്രാപാസുമായി. രണ്ട് ദിവസം വര്‍ക്കലയില്‍; തുടര്‍ന്ന് കൊച്ചി വഴി ബംഗളൂരുവില്‍" ഈ ശീര്‍ഷകത്തിനുകീഴില്‍ പറയുന്നു:"തമിഴ്നാട്ടില്‍ നിന്നു മഹാരാഷ്ട്രയിലേക്കാണ് സ്വപ്ന സുരേഷിന്‍റെ പേരിലുള്ള ഗഘ 01 ഇഖ 1981 എന്ന നമ്പറുള്ള കാറിനു പാസ് ഓണ്‍ലൈന്‍ വഴിയെടുത്തത്. പാസെടുത്തത് സ്വപ്നയുടെ പേരിലല്ല. സ്വര്‍ണം പിടിച്ച 5നുതന്നെ സ്വപ്നയും സംഘവും നഗരം വിട്ടു". അപ്പോള്‍ തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നത് 6-ാം തീയതി രാവിലെ മുതല്‍. സ്വപ്നയും  സംഘവും നഗരം വിട്ടത് 5-ാം തീയതി. വര്‍ക്കലയില്‍ തങ്ങി, കൊച്ചി വഴി ബംഗളൂരുവിലേക്ക് എന്നാണ് മനോരമ കിറുകൃത്യമായി പറയുന്നത്. കേരളം കടക്കാന്‍ കേരളത്തില്‍ ഒരു പൊലീസിന്‍റെയും സഹായം ആവശ്യമില്ല. തമിഴ്നാട്ടില്‍ യാത്ര ചെയ്യാനും ബംഗളൂരുവിലേക്ക് പോകാനും പാസ് അതത് ഗവണ്‍മെന്‍റുകളാണ് നല്‍കേണ്ടത്. തമിഴ്നാടിന്‍റെ കാര്യം മനോരമ പറയുന്നു. കര്‍ക്കശമായ ലോക്ഡൗണ്‍ വ്യവസ്ഥകള്‍ നിലവിലുള്ള ബംഗളൂരുവിലേക്ക് കടക്കുകയും പാര്‍പ്പുറപ്പിക്കുകയും വേണമെങ്കില്‍ ഉന്നത ബിജെപി ബന്ധം തന്നെ വേണം. അതു പറയാതെ കേരള സര്‍ക്കാരിനിട്ടു പണിയുകയാണ് ദിവസങ്ങളായി മനോരമ ചെയ്യുന്നത്.

എന്‍ഐഎ ത്വരിതഗതിയില്‍ കേസിലെ രണ്ട് കണ്ണികളെ പിടികൂടിയെന്നത് സത്യം. അതിനപ്പുറം, എന്‍ഐഎയെ നിയോഗിച്ച കേന്ദ്രത്തിനു സത്യാന്വേഷണത്തില്‍ എത്ര താല്‍പ്പര്യമുണ്ടെന്നത് സംശയാസ്പദമാണ്. കേന്ദ്രത്തിനായി ഒലിപ്പീരു നടത്തുന്ന മനോരമയിലെ നുണയന്മാര്‍ പറയാത്തൊരു സത്യമുണ്ട്. എന്‍ഐഎയെ അന്വേഷണമേല്‍പ്പിച്ചുകൊണ്ട് അമിത്ഷായുടെ ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ച ഉത്തരവുതന്നെ യഥാര്‍ഥ കുറ്റവാളികളെ രക്ഷപ്പെടുത്തുന്നതിനു ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമല്ലേ. എന്താ അതില്‍ പറയുന്നത്? 14 യാത്രക്കാരില്‍ നിന്നായി പിടിച്ചെടുത്ത 30 കിലോഗ്രാം സ്വര്‍ണം സംബന്ധിച്ച അന്വേഷണം എന്നല്ലേ. അപ്പോള്‍ 14 യാത്രക്കാര്‍ എവിടെപ്പോയി? ഡിപ്ലൊമാറ്റിക് ബാഗേജിന്‍റെ കാര്യമോ? എല്ലാം പോയില്ലേ. യാത്രാ വിമാനത്തിലല്ല കാര്‍ഗോയിലാണ് സ്വര്‍ണം വന്നതെന്നിരിക്കെ, ഇത്തരമൊരു ഭീമമായ പ്രശ്നം  ആ ഉത്തരവില്‍ ഉണ്ടെന്നിരിക്കെ അതു ചര്‍ച്ച ചെയ്യാന്‍ മനോരമയോ മുഖ്യധാരക്കാരിലാരെങ്കിലുമോ തയ്യാറാകില്ല എന്നതല്ലേ വസ്തുത.

യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ ഇന്ത്യ വിട്ടതായി, പിടിക്കപ്പെട്ടവരുമായെല്ലാം ഏറ്റവുമടുത്തയാളെന്നു മാത്രമല്ല, ഈ ബാഗേജിലെ മേല്‍വിലാസക്കാരന്‍ കൂടിയായ അറ്റാഷെയില്‍ നിന്ന് ഇതു സംബന്ധിച്ച വിവരമൊന്നും അന്വേഷിക്കുക പോലും ചെയ്യാതെ ഇന്ത്യ വിടാന്‍ അനുവദിക്കപ്പെട്ടതായി അറിയുമ്പോഴാണ് സങ്കതികളുടെ ഗുട്ടന്‍സ് പിടികിട്ടുന്നത്. ഡിപ്ലൊമാറ്റിക് ബാഗേജല്ല എന്ന് മുരളീധരന്‍ മന്ത്രീടെ പ്രസ്താവം കൂടി ഒന്നു കൂട്ടിവായിക്കാവുന്നതാണ്.

തുടക്കം മുതല്‍ ബിജെപിയെ ചിത്രത്തില്‍ നിന്നൊഴിവാക്കി നിര്‍ത്താന്‍ മനോരമ ചാനലും പത്രവും കാണിക്കുന്ന വ്യഗ്രതയില്‍ നിന്നുതന്നെ സത്യമൊരിക്കലും പുറംലോകമറിയരുത് എന്ന് അവര്‍ക്ക് നിഷ്കര്‍ഷയുണ്ടെന്ന് വ്യക്തമാകുന്നതാണ്. അതിന്‍റെ സ്പഷ്ടമായ ഒന്നാമത്തെ തെളിവാണല്ലോ ഈ കേസിലെ ഒരു പ്രധാനകണ്ണിയായ ബിജെപിക്കാരനായ സന്ദീപ് നായരെ സിപിഐ എം അംഗമായി അവതരിപ്പിക്കാന്‍ മനോരമ- ഏഷ്യാനെറ്റ് ചാനലുകള്‍ നടത്തിയ കള്ളക്കളി. മഹാഭാരതത്തിലെ "അശ്വത്ഥാമാവ് മരിച്ചു"; എന്ന് ഉറക്കെ പറഞ്ഞിട്ട് അശ്വത്ഥാമാവെന്ന ആനയെന്ന് ഒച്ചയില്ലാതെ പറഞ്ഞ് ദ്രോണാചാര്യരെ വീഴ്ത്തിയ ഒടിവിദ്യയല്ലേ മനോരമ പ്രയോഗിച്ചത്. സന്ദീപിന്‍റെ അമ്മയോട് മോന്‍റെ രാഷ്ട്രീയമെന്തെന്ന ചോദ്യത്തിന് അവന്‍ ബിജെപിയെന്ന മറുപടിക്കു പിന്നാലെ  ശബ്ദം താഴ്ത്തി "അമ്മയോ?" എന്ന് ചോദിക്കുകയും അവര്‍ "ഞാന്‍ സിപിഐ എം അംഗം" എന്ന് പറയുകയും ചെയ്തതില്‍ അമ്മയോ എന്നതും ഞാന്‍ എന്നതും നീക്കി ഒരു ദിവസം മുഴുവന്‍ സംപ്രേഷണം ചെയ്തത് സത്യം പുറത്തുകൊണ്ടുവരികയും തിരുത്തിയില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന സ്ഥിതിയിലാവുകയും ചെയ്തപ്പോഴാണ് തെറ്റുപറ്റി, മാപ്പാക്കണമെന്നു പറയാന്‍ മനോരമേം ഏഷ്യാനെറ്റും നിര്‍ബന്ധിതമായത്.

കേസിലെ ബിജെപി ബന്ധം വെളിപ്പെടുത്തുന്ന മറ്റൊരു വസ്തുതയിലും ഇതേ പോലെ മനോരമ കള്ളക്കളി നടത്തുന്നതു കാണാം. 9-ാം തീയതിയിലെ മനോരമയുടെ ഒന്നാം പേജിലെ ഒരു റിപ്പോര്‍ട്ട് നോക്കാം: "കസ്റ്റംസില്‍ ആദ്യം വിളിച്ചത് ട്രേഡ് യൂണിയന്‍ നേതാവ്" ഇതിനുള്ളില്‍ വീണ്ടും പറയുന്നു: "കള്ളക്കടത്തു പുറത്തറിഞ്ഞതോടെ സ്വപ്ന സുരേഷിനെ തിരുവനന്തപുരം വിടാന്‍ സഹായിച്ചതും ഈ ട്രേഡ് യൂണിയന്‍ നേതാവാണെന്ന് സൂചനയുണ്ട്. നേതാവിന്‍റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും വീടുകള്‍ കസ്റ്റംസിന്‍റെ നിരീക്ഷണത്തിലാണ്. കള്ളക്കടത്തില്‍ സ്വപ്നയുടെ കൂട്ടാളി സന്ദീപ് നായര്‍ പലപ്പോഴും ഇദ്ദേഹത്തിന്‍റെ വീടുസന്ദര്‍ശിച്ചിരുന്നതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.


അടുത്ത ദിവസം, 10-ാം തീയതി, മനോരമയുടെ 9-ാം പേജില്‍ ഒരു റിപ്പോര്‍ട്ട് ഇങ്ങനെ: "കസ്റ്റംസിനെ വിളിച്ചില്ല; വാട്സാപ്പ് സന്ദേശം മാത്രം: യൂണിയന്‍ നേതാവ്. ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെട്ടവരുടെ കസ്റ്റംസ് പട്ടികയില്‍ നേതാവിന്‍റെ പേര് ഹരിരാജ് ആണെന്നും കൃത്യമായി പറയുന്നു മനോരമ. എന്നാല്‍ ഇതിലെവിടെയും ഏത് ട്രേഡ് യൂണിയന്‍ എന്നു മാത്രം പറയാന്‍ മനോരമ തയ്യാറായിട്ടില്ല. ഹരിരാജ് എന്ന ബിഎംഎസ് നേതാവിനെ, ആര്‍എസ്എസുകാരനെ, കസ്റ്റംസ് ചോദ്യം ചെയ്തതായും അയാളുടെ കൊച്ചിയിലെ വീട് റെയ്ഡ് ചെയ്തതായും കൈരളിയും ദേശാഭിമാനിയും മറ്റു ചില മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അപ്പോള്‍ ബിജെപിയുടെ കള്ളക്കടത്തു കേസിലെ ബന്ധം സ്ഥിരീകരിക്കുന്ന ഈ വസ്തുത മൂടിവയ്ക്കുകയും "ട്രേഡ് യൂണിയന്‍" എന്ന പൊതുപ്രസ്താവത്തിലൂടെ അത് ഏതെങ്കിലും സിഐടിയു നേതാവാണെന്ന് ആളുകള്‍ കരുതിക്കോട്ടെ എന്ന ദുഷ്ടലാക്കും ആണ് മനോരമ ഇവിടെ പ്രകടമാക്കുന്നത്.


മറ്റൊരു കാര്യം "സ്വപ്ന സുരേഷിനെ തിരുവനന്തപുരം വിടാന്‍ സഹായിച്ചത് ട്രേഡ് യൂണിയന്‍ നേതാവാണന്ന" മനോരമയുടെ വെളിപ്പെടുത്തലിലൂടെ "പൊലീസ് ഉന്നതര്‍" സ്വപ്നയെ കേരളം വിടാന്‍ സഹായിച്ചുവെന്ന മനോരമ മുഖപ്രസംഗത്തിലടക്കം ആവര്‍ത്തിക്കുന്ന കഥ, സംഘി-കോങ്കി നേതാക്കള്‍ ഏറ്റെടുത്ത് കുരയ്ക്കുന്ന കഥ, ഇതില്‍ തന്നെ പൊളിയുന്നു. സന്ദീപ് നായരും ട്രേഡ് യൂണിയന്‍ നേതാവായ ഹരിരാജും തമ്മിലുള്ള അടുപ്പത്തെക്കൂടി സൂചിപ്പിക്കുന്നതിലൂടെ മനോരമ ഈ കേസിലെ ബിജെപി ബന്ധം പറയാതെ പറയുകയാണ്. അതായിരിക്കാം അറ്റാഷെയെ മൊഴി പോലും രേഖപ്പെടുത്താതെ വിട്ടതിനും എന്‍എഎയ്ക്ക് കേസ് കൈമാറിയ ഉത്തരവിലെ തിരിമറിക്കും പിന്നിലുള്ളത്. 10-ാം തീയതിയിലെ 9-ാംപേജില്‍ മനോരമ മറ്റൊരു സ്റ്റോറിയുംകൂടി താങ്ങീട്ടുണ്ട്: "സ്വപ്നയെ കണ്ടു, പാലോടിനു സമീപം? പെരിങ്ങമ്മലയിലെ എസ്റ്റേറ്റില്‍ എത്തിയെന്നു സൂചന. ഇതേ ദിവസം തന്നെ ഒന്നാം പേജില്‍ ഒരു ബോക്സ് ഐറ്റം കൂടി "ഒളിത്താവളം ബ്രൈമൂര്‍ എസ്റ്റേറ്റ്?" എന്ന ശീര്‍ഷകത്തില്‍ നല്‍കി മനോരമ കഥ ബലപ്പിക്കുന്നുമുണ്ട്. ഈ റബറ് പത്രത്തിന്‍റെ കഥമെനയാനുള്ള, തിരിച്ചും മറിച്ചും പല വിധം പറഞ്ഞ് പുകമറയുണ്ടാക്കാനുള്ള വിരുത് അപാരം തന്നെ!


10-ാം തീയതിയിലെ 'മനോരമ'യുടെ ഒന്നാം പേജിലെ കിടുതലക്കെട്ട് ഇങ്ങനെ: "വരുന്നു, എന്‍ഐഎ". പുലി ഇറങ്ങിയിട്ടുണ്ട് എന്ന വിരട്ടല് പോലെ! അതില് പറയുന്നത് നോക്കൂ: "കേരളത്തില്‍ സംഘടിതമായി സ്വര്‍ണക്കടത്ത് നടക്കുന്നത് ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന വിലയിരുത്തലിലാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ തീരുമാനം. അപ്പോള്‍ കേരളത്തിലെ കടത്തുമാത്രമേ ദേശസുരക്ഷയ്ക്ക് ഭീഷണിയാകുകയുള്ളോ? ഗുജറാത്തിലും മഹാരാഷ്ട്രയിലും യുപിയിലും ഡല്‍ഹിയിലും കള്ളക്കടത്ത് ആകാമെന്നോ? ഡി വിജയമോഹന്‍ ഡല്‍ഹീന്നു പടച്ചയച്ച ഈ റിപ്പോര്‍ട്ടിന്‍റെ സമാപനം ഇങ്ങനെ: "എന്‍ഐഎ കൂടി ചേരുന്നതോടെ അന്വേഷണം പൂര്‍ണമായി കേന്ദ്ര നിയന്ത്രണത്തിലാകും. ഏതു സംസ്ഥാനത്തെയും സുരക്ഷയുമായി ബന്ധപ്പെട്ട കേസ് സംസ്ഥാന അനുമതികൂടാതെ അന്വേഷിക്കാന്‍ അധികാരമുള്ള ഏജന്‍സിയാണ് എന്‍ഐഎ." അല്ലെന്ന് ആരു പറഞ്ഞു ഹേ? സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് 7-ാം തീയതി ആവശ്യപ്പെട്ടതിനു ശേഷമല്ലേ, കേന്ദ്ര ഏന്‍സികളുടെ സമഗ്രമായ അന്വേഷണം വേണമെന്ന മുഖ്യമന്ത്രിയുടെ കത്തിനുശേഷമല്ലേ 9-ാം തീയതി എന്‍ഐഎയെ അയക്കാന്‍ കേന്ദ്രം തീരുമാനിച്ചുള്ളൂ. ഒന്നിനു പിറകെ ഒന്നായി കഥ മെനയുന്ന മനോരമ ഈ സത്യം മൂടിവയ്ക്കാന്‍ എന്തേ വ്യഗ്രത കാണിക്കുന്നു? എന്‍ഐഎ വരുംമുന്‍പ് അന്വേഷണം "പൂര്‍ണമായി" കേന്ദ്ര നിയന്ത്രണത്തിലല്ലെന്നാണോ മനോരമേലേ കൊച്ചാട്ടന്‍ പറയണത്? കസ്റ്റംസ് പിന്നെ ആരുടെ ഏജന്‍സിയാ സാറേ?

10-ാം തീയതിയിലെ ഒന്നാം പേജില്‍ തന്നെ മറ്റൊരു സ്റ്റോറികൂടി മനോരമ പ്ലാന്‍റ് ചെയ്തിട്ടുണ്ട്. "ഒളിത്താവളം അറിയാം, പൊലീസ് പിടിക്കില്ല". ഇതിനകത്ത് ഒന്നുകൂടി പറയുന്നു, "കസ്റ്റംസ് ആവശ്യപ്പെടാതെ പൊലീസ് നടപടി സ്വീകരിക്കില്ലെന്ന് ഉന്നതര്‍ വ്യക്തമാക്കി". കസ്റ്റംസ് ആവശ്യപ്പെടാതെ സംസ്ഥാന പൊലീസിന് ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്നല്ലേ മനോരമേ നിയമം! അതൊന്നും അറിയാത്തതല്ല കമ്യൂണിസ്റ്റു വിരുദ്ധ അജന്‍ഡയില്‍ കാഴ്ച നഷ്ടപ്പെട്ട മനോരമ എന്ത് പച്ചക്കള്ളവും പറയും, എന്തുനെറികേടും കാണിക്കും. 9-ാം തീയതിയിലെ മനോരമയുടെ ലീഡ് സ്റ്റോറി (മുറുകുന്ന കുരുക്ക്)യില്‍ പറയുന്നതുകൂടി നോക്കുക: "സാധാരണ ഇത്തരം കേസുകളില്‍ കസ്റ്റംസ് അധികൃതര്‍ കേരള പൊലീസിന്‍റെ സഹായം തേടാറുണ്ട്. എന്നാല്‍ സ്വപ്നയ്ക്ക് ഏതാനും ഐപിഎസ് ഉന്നതരുമായി അടുത്ത ബന്ധമുള്ള പശ്ചാത്തലത്തില്‍ വിവരങ്ങള്‍ ചോരുന്നത് തടയാന്‍ കേരള പൊലീസിനെ മാറ്റിനിര്‍ത്തിയാണ് കസ്റ്റംസിന്‍റെ അന്വേഷണം" അപ്പോള്‍ കസ്റ്റംസ് ആവശ്യപ്പെടാതെ അന്വേഷണത്തിനിറങ്ങിയാല്‍ കേരള പൊലീസ് സ്വപ്നയെ രക്ഷപ്പെടുത്താന്‍ രംഗത്ത് എന്നാവില്ലേ മനോരമയുടെ കഥ. ഇതേ റിപ്പോര്‍ട്ടില്‍ തന്നെയുള്ള ലീഡില്‍ മനോരമ പറയുന്നു, "ഐബിയുടെ സഹായത്തോടെ തിരച്ചില്‍" എന്ന്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയെക്കാള്‍ വലുതൊന്നുമല്ലല്ലോ കേരള പൊലീസ്.

9-ാം തീയതി 7-ാം പേജില്‍ "ദുഃസ്വപ്നം! രാഷ്ട്രീയ സമ്മര്‍ദത്തില്‍ സര്‍ക്കാര്‍" എന്നൊരു സാധനം സുജിത് നായരുടേതായി കാച്ചിയിട്ടുണ്ട്. അതില്‍ പറയുന്നത് നോക്കൂ: "എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കേസ് കേന്ദ്ര ബിജെപി നേതൃത്വം ഉപയോഗിക്കുമെന്ന് വ്യക്തമായ പശ്ചാത്തലത്തിലാണ് അന്വേഷണം അങ്ങോട്ട് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചത്. കേസില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന സന്ദേശം കൂടി ഇതു വഴി നല്‍കാന്‍ ലക്ഷ്യമിടുന്നു". അതുകൊണ്ടുതന്നെയാണ് പയ്യന്‍സേ മുഖ്യമന്ത്രി ശക്തമായ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത്. ഈ സ്റ്റോറിയുടെ ഒടുവില്‍ പറയുന്നുണ്ടല്ലോ, "മുന്നണികള്‍ നെഞ്ചിടിപ്പോടെ കാണുന്നു"വെന്ന്. നെഞ്ചിടിപ്പ് എല്‍ഡിഎഫിനും മുഖ്യമന്ത്രിക്കുമല്ല, ബിജെപിക്കും യുഡിഎഫിനുമാണെന്ന സത്യം നിങ്ങള്‍ക്ക് മറയ്ക്കാനാവില്ലല്ലോ.

ഇനി മനോരമയുടെ തന്നെ താളുകളിലൂടെ പിന്നിലേക്കൊന്നു പോകാം. 7-ാംതീയതിയിലെ 'മനോരമ'യുടെ ഒന്നാം പേജിലെ "സ്വര്‍ണക്കടത്തില്‍ ഉന്നതബന്ധം" എന്ന ശീര്‍ഷകത്തിനുകീഴില്‍ "ഐടി വകുപ്പ് ഉദ്യോഗസ്ഥ സ്വപ്ന സുരേഷ് മുഖ്യ പങ്കാളി" എന്ന് സബ്ടൈറ്റില്‍ നല്‍കുന്ന 'മനോരമ'യുടെ 7-ാം പേജില്‍ പറയുന്നു: "സ്വപ്ന കണ്‍സള്‍ട്ടന്‍റ്; നിര്‍ദേശിച്ചത് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ്". ജിക്കു വര്‍ഗീസ് ജേക്കബിന്‍റെ ഈ റിപ്പോര്‍ട്ടില്‍ പറയുന്നത് ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാര്‍ക്ക് പദ്ധതിയിലേക്ക് കണ്‍സള്‍ട്ടന്‍റായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) നിയോഗിച്ചതാണ് സ്വപ്ന സുരേഷ് എന്നും വിഷന്‍ ടെക്നോളജീസ് എന്ന സ്വകാര്യസ്ഥാപനം വഴിയാണ് പിഡബ്ല്യുസി ഇവരെ സെലക്ട് ചെയ്തതെന്നുമാണ്. ഈ വിഷന്‍ ടെക്നോളജീസ് ഇവരുടെ പേരില്‍ പ്രോവിഡന്‍റ് ഫണ്ട് തുക അടയ്ക്കുന്നുണ്ടെന്നത് മനോരമ പറയുന്നില്ലെങ്കിലും ആര്‍ക്കും പരിശോധിച്ചറിയാവുന്ന വസ്തുതയാണ്. യോഗ്യത ബിരുദം. 'സ്വപ്ന' വളര്‍ച്ച എന്ന ശീര്‍ഷകത്തില്‍ മനോരമ ലേഖകന്‍ സ്വപ്നയുടെ കഴിവുകള്‍ വാഴ്ത്തുന്നതുകൂടി നോക്കൂ: "അറബിക് ഉള്‍പ്പെടെയുള്ള ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന സ്വപ്ന കേരളം സന്ദര്‍ശിച്ച അറബ് നേതാക്കളുടെ സംഘത്തില്‍ പലപ്പോഴും അംഗമായിരുന്നു". എന്നാല്‍ പത്രത്തിന്‍റെ ഇതേ പേജില്‍ തന്നെ സുജിത് നായരുടേതായ ഒരു കടിതം കൂടിയുണ്ട്: വിവാദം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്. സര്‍ക്കാര്‍ വിഷമവൃത്തത്തില്‍. "അതില്‍ പറയുന്നു: മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പ് ഉദ്യോഗസ്ഥ വന്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയാണെന്നു വന്നതോടെ സര്‍ക്കാര്‍ ഊരാകുടുക്കില്‍" നോക്കൂ, ഒരേ പേജില്‍ ഒരിടത്ത് സര്‍ക്കാര്‍ ജീവനക്കാരിയെന്നും തൊട്ടടുത്ത് കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ കരാര്‍ ജീവനക്കാരിയെന്നും പറയാന്‍ മനോരമയ്ക്കല്ലേ കഴിയൂ. 14-ാം തീയതി 7-ാം പേജില്‍ "സ്വപ്നയ്ക്കായി ആകെ ചെലവ് 2.7 ലക്ഷം" എന്ന ശീര്‍ഷകത്തിനുകീഴില്‍ പറയുന്നതിങ്ങനെ: "സ്വപ്നയുടെ കണ്‍സള്‍ട്ടന്‍സി സേവനത്തിനു പിഡബ്ല്യുസിക്ക് സര്‍ക്കാര്‍ നല്‍കുന്നത് 2.7 ലക്ഷം രൂപ. അവര്‍ ഇടനില ഏജന്‍സിയായ വിഷന്‍ ടെക്നോളജിസീനു നല്‍കുന്നത് 1.4 ലക്ഷം രൂപ. വിഷന്‍ ടെക്നോളജീസ് സ്വപ്നയ്ക്ക് നല്‍കുന്നത് 1.12 ലക്ഷം രൂപ. "ഇതില്‍ നിന്ന് വ്യക്തമാകുന്നത് സ്പേസ് പാര്‍ക്കെന്ന ഐഎസ്ആര്‍ഒയുടെയും സംസ്ഥാന സര്‍ക്കാരിന്‍റെയും സംയുക്ത പദ്ധതിയുടെ കണ്‍സള്‍ട്ടന്‍റായ പിഡബ്ല്യുസി എന്ന ബഹുരാഷ്ട്ര കമ്പനിയുടെ കരാര്‍ ജീവനക്കാരിയാണ് സ്വപ്നയെന്നല്ലേ? ഇവര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നില്ല. പിഡബ്ല്യുസിക്ക് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്ക് പ്രതിമാസം 2.7 ലക്ഷം രൂപ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അവര്‍ അതില്‍ നിന്ന് ശമ്പളം നല്‍കി ഒരാളെ തങ്ങളുടെ ജോലി നിര്‍വഹിക്കുന്നതിന് നിയോഗിച്ചാല്‍ ആ ആള്‍ എങ്ങനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാകും എന്ന് മനോരമ വ്യക്തമാക്കിയാല്‍ കൊള്ളാം. ഏതെങ്കിലും ഒരു സര്‍ക്കാര്‍ സ്ഥാപനം, അല്ലെങ്കില്‍ വേണ്ട മനോരമ തന്നെ ആയിക്കോട്ടെ, ഒരാവശ്യത്തിന് ഏതെങ്കിലും ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് ഒരു വാഹനം വാടകയ്ക്ക് എടുക്കുമ്പോള്‍ നല്‍കുന്ന തുകയില്‍ നിന്ന് ഡ്രൈവര്‍ക്ക് ശമ്പളം കൊടുത്താല്‍ ആ ഡ്രൈവര്‍ മനോരമ ജീവനക്കാരനാകുമോ? സര്‍ക്കാര്‍ സ്ഥാപനമാണ് കാര്‍ വാടകയ്ക്ക് എടുക്കുന്നതെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരനാകുമോ? ഇതാണ് ഇവിടെയും പ്രശ്നം.
8-ാം തീയതി മനോരമ "സര്‍ക്കാരിനു മേല്‍ കരിനിഴല്‍. സ്വര്‍ണക്കടത്തിനെക്കുറിച്ച് സമഗ്രാന്വേഷണം വേണം" എന്ന ശീര്‍ഷകത്തിലുള്ള മുഖപ്രസംഗത്തില്‍ പറയുന്നതപ്പടി പരസ്പര വിരുദ്ധമായ കാര്യങ്ങള്‍. "കള്ളക്കടത്തു സംഘവുമായി പരിധിയില്‍ കവിഞ്ഞ അടുപ്പം സൂക്ഷിച്ചതിലൂടെയും അതിലൊരാളെ ഐടി വകുപ്പുമായി വഴി വിട്ട് സഹകരിപ്പിച്ചതിലൂടെയും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനു സംഭവിച്ച കളങ്കം പക്ഷേ, ആ വ്യക്തിയെ തെറിപ്പിച്ചതുകൊണ്ടു മാത്രം മറയ്ക്കാവുന്നതല്ല.... ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ചിത്രങ്ങളും കോള്‍ വിവരങ്ങളുമൊക്കെ നിരത്തി എല്‍ഡിഎഫ് നേതാക്കള്‍ ഉന്നയിച്ച വിര്‍മശനങ്ങള്‍ ആരും മറന്നിട്ടില്ല. അതേ മാനദണ്ഡം ആവര്‍ത്തിക്കപ്പെട്ടാല്‍ എത്രമാത്രം വേദനയുളവാക്കുമെന്നു തിരിച്ചറിയാന്‍ കൂടിയുള്ളതാണ് ഈ സന്ദര്‍ഭം." അപ്പോള്‍ മനോരമയുടെ പ്രശ്നം സ്വര്‍ണക്കള്ളക്കടത്തൊന്നുമല്ല. സരിതാക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് നൊന്തതുപോലെ പിണറായിയെയും ഒന്നു നോവിക്കണം.

അവിടെയാണ് മനോരമയ്ക്ക് തെറ്റിയത്. മാത്രമല്ല അതിനുവേണ്ടിയാണ് മനോരമ ഒപ്പം കോണ്‍ഗ്രസും ബിജെപിയും പെരുംനുണകള്‍ കൊണ്ട് കോട്ട കെട്ടുന്നത്. അതിനുവേണ്ടി വ്യാജ വീഡിയോയും ചിത്രങ്ങളും വരെ തയ്യാറാക്കി പ്രചരിപ്പിക്കാന്‍ മടിച്ചില്ല എന്നതല്ലേ ബിന്ദുകൃഷ്ണയും സംഘവും പ്രചരിപ്പിച്ച വ്യാജചിത്രവും ജയ്ഹിന്ദ് ടി വി പ്രചരിപ്പിച്ച മറ്റൊരു വ്യാജചിത്രവുമെല്ലാം വ്യക്തമാക്കുന്നത്. അത്തരം വ്യാജസാധനങ്ങളുടെ പിന്‍ബലത്തിലേ മനോരമയ്ക്കും കോണ്‍ഗ്രസിനും എല്‍ഡി എഫ് സര്‍ക്കാരിനെതിരെ അപവാദ പ്രചരണത്തിനെങ്കിലും കഴിയൂ.

ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ ചെയ്തതുപോലെ അല്ലല്ലോ അന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും നേരിട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്‍റെ സന്തതസഹചാരികള്‍ ഉള്‍പ്പെടെയുള്ള ഏഴോ എട്ടോ പേരുമായി മാത്രമല്ല, മന്ത്രിമാരും എംഎല്‍എമാരും എംപിമാരും ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളുടെ ഒരുനിര തന്നെ രാപകല്‍ ഭേദമന്യേ സരിതയെ വിളിച്ചിരുന്നുവെന്നു മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെയും വീട്ടിലെയും ലാന്‍ഡ് ഫോണുകളും സരിതയുടെ കോള്‍ ലിസ്റ്റിലുണ്ടായിരുന്നു. എന്നിട്ടൊന്നും ഒരാള്‍ക്കെതിരെയും ഉമ്മന്‍ചാണ്ടി നടപടിയെടുക്കാന്‍ തയ്യാറാകാതെ വന്നപ്പോഴാണല്ലോ ഉമ്മന്‍ചാണ്ടിക്ക് കുരുക്കു മുറുകിയത്.

15-ാം തീയതിയിലെ മനോരമയുടെ 9-ാംപേജില്‍ എഴുതുന്നതുകൂടി നോക്കാം: "കുരുക്ക് മുറുകുന്നു. ആത്മവിശ്വാസം കൈവിടാതെ സര്‍ക്കാര്‍" ശിവശങ്കറെ സസ്പെന്‍റ് ചെയ്യാനുള്ള അടിസ്ഥാനപരമായ വസ്തുതകള്‍ ഇല്ലെന്നു മുഖ്യമന്ത്രി ന്യായീകരിക്കുമ്പോള്‍ തന്നെ സെക്രട്ടറിയറ്റിലെ അദ്ദേഹത്തിന്‍റെ ഓഫീസിലിരുന്ന് നോക്കിയാല്‍ കാണാവുന്ന കസ്റ്റംസ് ഓഫീസില്‍ വിശ്വസ്തനായ തന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുള്ള കള്ളക്കടത്തുകേസില്‍ ചോദ്യശരങ്ങള്‍ നേരിടുകയായിരുന്നു: ഇതിലെ "വിശ്വസ്തനായ" എന്ന പ്രയോഗം തന്നെ മനോരമയും ശേവുകക്കാരും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കടങ്കഥയാണ്. ശിവശങ്കരന്‍ എന്ന സെക്രട്ടറി പിണറായി വിജയന്‍ മുഖ്യമന്ത്രി ആയതിനെ തുടര്‍ന്ന് സെക്രട്ടറിയറ്റിന്‍റെ പടികയറി വന്നയാളല്ല. സീനിയര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ വ്യക്തമായ ചട്ടങ്ങളുണ്ട്; നടപടിക്രമങ്ങളുണ്ട്. അതില്ലാതെ ചെയ്യാവുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പുറത്താക്കല്‍ മാത്രമാണ് അതുടന്‍തന്നെ ചെയ്യുകയുണ്ടായി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 16-ാം തീയതി ശിവശങ്കറെ സസ്പെന്‍റ് ചെയ്യാനും പിണറായി വിജയന് രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വന്നില്ല.

ഉമ്മന്‍ചാണ്ടി സോളാര്‍ കേസില്‍ ജോപ്പനും ജിക്കുവിനും സലിം രാജിനും മറ്റുമെതിരെ നടപടിയെടുത്തത് എത്രനാള്‍ കഴിഞ്ഞാണ്. കൊന്നാലും ഇവര്‍ക്കെതിരെയൊന്നും നടപടിയെടുക്കില്ലെന്ന നിലപാടല്ലേ ചാണ്ടി സ്വീകരിച്ചത്. ജോപ്പനെ ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ശേഷമല്ലേ സസ്പെന്‍റ് ചെയ്യാനെങ്കിലും തയ്യാറായുള്ളൂ. സലിംരാജിനെ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കോഴിക്കോട്ട് വച്ച് നാട്ടുകാര്‍ പിടികൂടി സ്ഥലം എംഎല്‍എയുടെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തില്‍ പൊലീസില്‍ ഏല്‍പ്പിക്കുകയും ഗത്യന്തരമില്ലാതെ കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതമാവുകയും ചെയ്തപ്പോള്‍ പോലും അയാളെ സസ്പെന്‍റുചെയ്യാനോ പേഴ്സണന്‍ സ്റ്റാഫില്‍ നിന്നു പുറത്താക്കാന്‍ പോലുമോ തയ്യാറായില്ല എന്ന യാഥാര്‍ഥ്യം മറച്ചുവയ്ക്കാന്‍ മനോരമ എത്ര കിണഞ്ഞു ശ്രമിച്ചാലും ഓര്‍മശക്തി മരവിച്ചിട്ടില്ലാത്തവര്‍ ഈ നാട്ടിലുണ്ടെന്നത് മറക്കണ്ട. ഒടുവില്‍ ഉമ്മന്‍ചാണ്ടിയുടെ രാജിക്കുവേണ്ടിയുള്ള സമരം കടുത്തപ്പോഴല്ലേ സലിം രാജിനെയും ജിക്കുവിനെയും പുറത്താക്കാന്‍ തയ്യാറായുള്ളൂ. ഇവിടെ ശിവശങ്കരനാകട്ടെ ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്തും കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെ ഒരേ സമയം രണ്ടും മൂന്നും വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന വിശ്വസ്തനായിരുന്നല്ലോ. അതുകൊണ്ട് പിണറായിയുടെ ചോരയ്ക്കായി കത്തി മിനുക്കുന്ന മനോരമ ചരിത്രം ഓര്‍ക്കുന്നത് നന്ന്.