മാധ്യമ സ്വാതന്ത്ര്യമെന്നാല്‍ നുണപ്രചാരണത്തിനുള്ള സ്വാതന്ത്ര്യമോ?

ഗൗരി

ഇ എം എസ് ഒരിക്കല്‍ പറഞ്ഞത് മനോരമ അദ്ദേഹത്തെക്കുറിച്ച് നല്ലതെന്തെങ്കിലും പറഞ്ഞാല്‍ തനിക്കെന്തോ പ്രശ്നമുണ്ടെന്ന് ആത്മപരിശോധന നടത്തുമെന്നാണ്. അതിനര്‍ഥം മനോരമ എന്നും സത്യത്തിന്‍റെ മറുപുറത്താണ് നില്‍ക്കാറുള്ളത് എന്നുതന്നെയാണ്. പൊതുവില്‍ മുഖ്യധാരക്കാര്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെയെല്ലാം കാര്യം ഇതു തന്നെയാണെങ്കിലും മനോരമ അക്കാര്യത്തില്‍ മുന്‍പിലാണ്. അതാണ് ഇ കെ നായനാര്‍ പറഞ്ഞത് കള്ളം പറയുന്നതറിഞ്ഞാല്‍ മണിമുഴങ്ങുന്ന ഒരു സംവിധാനമുണ്ടെങ്കില്‍ മനോരമ അച്ചടിക്കാന്‍ തുടങ്ങതുമുതല്‍ മണിമുഴങ്ങിക്കൊണ്ടേയിരിക്കുമെന്ന്. എന്തിന് പണ്ഡിറ്റ് നെഹ്രുവിനുപോലും മനോരമ റിപ്പോര്‍ട്ടുകളുടെ പരിഭാഷയും അദ്ദേഹത്തെ ഇംപ്രസ്സ് ചെയ്യിക്കാന്‍ 1959ല്‍ അദ്ദേഹം കേരളം സന്ദര്‍ശിച്ച  വേളയില്‍ മനോരമ ഇംഗ്ലീഷില്‍ തന്നെ പ്രസിദ്ധീകരിച്ച മുഖപ്രസംഗവും വായിച്ചിട്ട് ഇതു കുറേ കടന്ന കൈയായിപ്പോയി എന്നു പറയേണ്ടതായി വന്നുവല്ലോ. അതാണ് മനോരമ.

1957 മുതല്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോഴെല്ലാം മനോരമ ആ ഗവണ്‍മെന്‍റുകള്‍ക്കെതിരെ നുണപ്രചരണങ്ങള്‍ കൊണ്ട് ഉറഞ്ഞുതള്ളുകയായിരുന്നു. മാത്രമല്ല 1957നുമുമ്പും പിന്നീടും കേരളത്തിലെ ശക്തമായ ഒരു രാഷ്ട്രീയ സമരപ്രസ്ഥാനം എന്ന നിലയില്‍ എക്കാലത്തും ഇടതുപക്ഷത്തിനെതിരെ നുണക്കഥകള്‍ പടയ്ക്കുന്നതില്‍ മുന്നില്‍ തന്നെയായിരുന്നു മനോരമ. ഇടതുപക്ഷത്തിനെതിരെ മാത്രമല്ല, ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും തന്നെ എതിരായി ഉറച്ചുനിന്ന പാരമ്പര്യമാണ് മനോരമയുടേത്. സ്ഥാപക പത്രാധിപര്‍ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള മനോരമയുടെ ആദ്യ ലക്കം സമര്‍പ്പിച്ചതുതന്നെ ബ്രിട്ടീഷ് ചക്രവര്‍ത്തിക്കും തിരുവിതാംകൂര്‍ രാജകുടുംബത്തിനുമായിരുന്നല്ലോ. സ്വാതന്ത്ര്യസമരത്തിനും ഗാന്ധിജിക്കും എതിരെ മാത്രമല്ല, ബ്രിട്ടനിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും എതിരായിരുന്നു ഈ പത്രം. ഇന്നും ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും പറ്റി വാതോരാതെ പറയുകയും എഴുതുകയും ചെയ്യുമ്പോഴുമെല്ലാം മനോരമ ഇത് രണ്ടിനും എതിര്‍പക്ഷത്താണെന്നാണ് നാം കാണേണ്ടത്. മനോരമയുടേത് ജനപക്ഷമല്ല, മൂലധനപക്ഷമാണെന്നതാണ് അതിനുകാരണം.

ഈയടുത്ത ദിവസങ്ങളില്‍ മനോരമയുടെ പേജുകളിലൂടെ കടന്നുപോകുന്ന ഒരു വായനക്കാരന്, അല്ലെങ്കില്‍ അവരുടെ ചാനല്‍ ശ്രദ്ധിക്കുന്ന ശ്രോതാവിന് നുണകള്‍ക്കിടയില്‍ നിന്ന് സത്യത്തെ അരിച്ചെടുക്കുന്നത് അതീവ ദുഷ്ക്കരമാണെന്ന് കാണാം. വാര്‍ത്തകളെ പൈങ്കിളിവല്‍ക്കരിക്കുകയും വസ്തുനിഷ്ഠത കണികാണാനില്ലാത്ത അവസ്ഥ സംജാതമാക്കുകയും ചെയ്തും ജനങ്ങളില്‍ വ്യാജബോധം സൃഷ്ടിക്കാനും മനോരമ നിരന്തരം പൊരുതുകയാണ്.

ജൂലൈ 18ന്‍റെ മനോരമയുടെ മുഖപ്രസംഗം, "ചോദ്യങ്ങളേറെ ഇനിയും ബാക്കി. ഭരണസിരാകേന്ദ്രം വരെ നീണ്ട തട്ടിപ്പ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു" എന്ന ശീര്‍ഷകത്തിലാണ് പ്രസിദ്ധീകരിച്ചത്. ജൂലൈ 8ന്‍റെയും 13ന്‍റെയും മുഖപ്രസംഗങ്ങളുടെ തുടര്‍ച്ചയായാണ് ഇതിനെ കാണേണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിനകവും സന്തതസഹചാരികളെയും വരെ മാത്രമല്ല, തട്ടിപ്പിനുവേണ്ട ഒത്താശകള്‍ ചെയ്ത് ഓഹരി പറ്റിയതായി ആരോപിക്കപ്പെട്ട മുഖ്യമന്ത്രി തന്നെ കേന്ദ്ര ബിന്ദുവായിരുന്ന സോളാര്‍ കേസിന്‍റെ പേരില്‍ ഇന്നും കണ്ണീര്‍വാര്‍ക്കുന്ന ആ ഉമ്മന്‍ചാണ്ടിയുടെ വേദനയില്‍ ഇപ്പോഴും ഉള്ളുപൊള്ളുന്ന മനോരമ എന്തുവസ്തുതയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ "ഭരണസിരാകേന്ദ്രം വരെ നീളുന്ന തട്ടിപ്പ്" എന്ന് എഴുതി വിടുന്നത്?

"മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രധാന ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന്‍ വഴിവിട്ട നിയമനങ്ങള്‍ നടത്തുകയും കരാറുകളിലേര്‍പ്പെടുകയും ചെയ്തെങ്കില്‍ അതിന്‍റെ അര്‍ഥം സര്‍ക്കാരിന്‍റെ ഭരണസംവിധാനങ്ങള്‍ കുത്തഴിഞ്ഞു കിടക്കുകയാണെന്നു തന്നെയല്ലേ"? എന്ന ചോദ്യം നമുക്കു നേരെ വലിച്ചെറിയുന്ന മനോരമ, ഭരണമെന്നാല്‍ ഒരുന്നത ഉദ്യോഗസ്ഥനില്‍ മാത്രം ചുറ്റിത്തിരിയുന്ന ഒന്നായി വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. ഏതെങ്കിലും ചില കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുമായോ അവയിലെ കരാര്‍ നിയമനങ്ങളുമായോ ആണോ മനോരമ ഭരണസംവിധാനത്തെ കാണുന്നത്? ഉമ്മന്‍ചാണ്ടിയുടെ ഭരണത്തെ മാതൃകയാക്കി കാണുന്നതുകൊണ്ടാണ് മനോരമയ്ക്ക് അതിനപ്പുറം കാണാന്‍ കണ്ണില്ലാതെ പോകുന്നത്.

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പിന്നിട്ട നാലിലേറെ വര്‍ഷത്തിനിടയില്‍ നേരിട്ട ഓഖിയെയും നിപയെയും 2018ലെ മഹാപ്രളയത്തെയും 2019ലെ വെള്ളപ്പൊക്കത്തെയും ഉരുള്‍പൊട്ടലിനെയും ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് 19 മഹാമാരിയെയും അതിജീവിക്കാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കുത്തഴിഞ്ഞ ഒരു ഭരണസംവിധാനത്തിനു കഴിയുമെന്നാണോ മനോരമ പറഞ്ഞുവയ്ക്കുന്നത്? എങ്കില്‍ അത് ഭരണസംവിധാനത്തെക്കുറിച്ചുള്ള അജ്ഞതയാണെന്നു മാത്രമല്ല കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും കൂടിയാണ്.

പ്രതിസന്ധികളെ നേരിടുന്നതിലും അതിജീവിക്കുന്നതിലും മാത്രമല്ല പിണറായി സര്‍ക്കാര്‍ അതീവജാഗ്രതയും ഭരണമികവും പ്രകടമാക്കിയിട്ടുള്ളത്, മറിച്ച് ഈ ദുരന്തങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയിലും അസാധ്യമെന്ന് അതിനുമുന്‍പ് കരുതിയിരുന്ന ഗെയില്‍ പൈപ്പ് ലൈനും ദേശീയ പാതാവികസനവും പോലെ ഒട്ടേറെ പശ്ചാത്തല വികസനപദ്ധതികള്‍ സാക്ഷാത്ക്കരിച്ചുകൊണ്ടിരിക്കുകയും വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം തുടങ്ങിയ സേവന മേഖലകളിലും കൃഷി, വ്യവസായം തുടങ്ങിയ രംഗങ്ങളിലെ കുതിപ്പിന് അടിത്തറയിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നത് കുത്തഴിഞ്ഞ ഒരു ഭരണസംവിധാനത്തിനു സാധ്യമാണെന്നു പറയാന്‍ മനോരമയ്ക്കും ഏഷ്യാനെറ്റിനും മാത്രമേ കഴിയൂ. അതവരുടെ രാഷ്ട്രീയാന്ധതയുടെയും മൂലധന താല്‍പ്പര്യത്തിനപ്പുറം മറ്റൊന്നും കാണാന്‍ കഴിയാത്തതിന്‍റെയും പ്രതിഫലനമാണ്.
ഇതിനോട് കൂട്ടിച്ചേര്‍ത്തുപറയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. കണ്‍സള്‍ട്ടന്‍സികളും കരാര്‍ നിയമനങ്ങളും പെട്ടെന്ന് ഒരുനാള്‍ പൊട്ടിമുളച്ചതായി സ്ഥാപിക്കാനാണ് മനോരമയും ടിവി ചാനലുകള്‍ ഉള്‍പ്പെടെയുള്ള മറ്റു വലതുപക്ഷ മാധ്യമങ്ങളും ശ്രമിക്കുന്നത്. 1990 കള്‍ മുതല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് പിന്തുടരുന്ന ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണനയത്തിന്‍റെ മുഖമുദ്രയാണിത് എന്ന വസ്തുത വിസ്മരിക്കുകയല്ല, ബോധപൂര്‍വം ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കുകയാണിവര്‍. അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വിവിധ പദ്ധതികള്‍ക്കായി വായ്പ വാങ്ങുമ്പോള്‍ അതിനൊപ്പമുള്ള വ്യവസ്ഥകളായി കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളും കരാര്‍ നിയമനങ്ങളും കൂടി ഒട്ടിച്ചേര്‍ന്ന് വരുന്നുണ്ടെന്ന വസ്തുത കണ്ണുതുറന്നു നോക്കുന്ന ആര്‍ക്കും കാണാനാകും. ലോകബാങ്കിന്‍റെയും എഡിബിയുടെയും സമാനമായ മറ്റ് ധനകാര്യ ഏജന്‍സികളുടെയും സഹായത്തോടെയും അവയുടെ വായ്പയെ ആശ്രയിച്ചും നടപ്പാക്കപ്പെടുന്ന പദ്ധതികളിലെല്ലാം ഗണ്യമായ വിഭാഗം കരാര്‍ ജീവനക്കാരാണെന്നതും അങ്ങനെയേ പാടുള്ളൂവെന്ന് അവ ശാഠ്യം പിടിക്കുക മാത്രമല്ല, വായ്പാ വ്യവസ്ഥയില്‍ ഉള്‍ച്ചേര്‍ക്കുകയും ചെയ്യുന്നുവെന്നതും വിസ്മരിക്കാനാകാത്ത യാഥാര്‍ഥ്യമാണ്. അതുമാറണമെങ്കില്‍ ദേശീയ ഭരണസംവിധാനത്തിലും നയത്തിലുമാണ് മാറ്റംവരേണ്ടത്.

മനോരമ മുഖപ്രസംഗം അവസാനിപ്പിക്കുന്നത് ശ്രദ്ധേയമായ നിരീക്ഷണത്തിലൂടെയാണ്- "വിശ്വാസ്യതയുള്ള, സമഗ്രവും സ്വതന്ത്രവുമായ അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറാകുക തന്നെ വേണം." അപ്പോള്‍, ഇപ്പോള്‍ നടക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏജന്‍സികളുടെ അന്വേഷണം വിശ്വാസ്യതയുള്ളതല്ലെന്നാണോ സമഗ്രവും സ്വതന്ത്രവുമല്ലെന്നാണോ മനോരമ പറഞ്ഞുവരുന്നത്? ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങളില്‍ സംസ്ഥാന ഭരണസംവിധാനത്തിന് എന്തെങ്കിലും പങ്കുണ്ടെന്ന് കണ്ടെത്തിയാലല്ലേ അത്തരമൊരു അന്വേഷണത്തിനും നടപടിക്കും പ്രസക്തി വരുന്നുള്ളൂ. യഥാര്‍ഥത്തില്‍ മനോരമയും മറ്റു വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും (ഇടതുമുഖം മൂടിയിട്ടവരടക്കം) ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഒരു മഹാമാരിയെ, മഹാദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ നാടിന്‍റെ ഭരണസംവിധാനം കുത്തഴിഞ്ഞതാണെന്ന് വരുത്തിത്തീര്‍ക്കാനാണ്. അതിനായി എന്തു പെരുംനുണയും പ്രചരിപ്പിക്കാന്‍ അവര്‍ മടിക്കുന്നില്ല.

19-ാം തീയതി മനോരമയുടെ ചാനല്‍ എറണാകുളത്തെ കളമശ്ശേരി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡെന്ന പേരില്‍ മറ്റെവിടെയോ ഉള്ള ദൃശ്യങ്ങളും പരസ്പരബന്ധമില്ലാത്ത ചില ബൈറ്റുകളും കൂട്ടിച്ചേര്‍ത്ത് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത് യാദൃച്ഛികമായി സംഭവിച്ചുപോയ അബദ്ധമെന്ന് പറയാനാവില്ല. കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ തന്നെ നിര്‍വ്യാജമായ ഖേദപ്രകടനത്തിനുപോലും തയ്യാറാകാതെ ഒളിച്ചുകളി നടത്തുന്നത് ഏതെങ്കിലുമൊരു റിപ്പോര്‍ട്ടറുടെ തെറ്റല്ല, മറിച്ച് പത്ര മാനേജ്മെന്‍റിന്‍റെ നിര്‍ദേശാനുസരണം ആസൂത്രിതമായി നടത്തുന്ന കയ്യാങ്കളിയുടെ ഭാഗമാണിതെന്നല്ലേ കാണേണ്ടത്. മാത്രമല്ല ഇതൊറ്റപ്പെട്ട സംഭവംപോലുമല്ല. 

സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി ബിജെപിക്കാരനായ സന്ദീപ്നായര്‍ സിപിഐ എംകാരനാണെന്ന് സ്ഥാപിക്കാനായി മനോരമ-ഏഷ്യാനെറ്റ് ചാനലുകള്‍ വ്യാജ വീഡിയോ പ്രചരിപ്പിക്കുകയും മണിക്കൂറുകള്‍ക്കകം കൈരളി ചാനല്‍ സത്യം പുറത്തുകൊണ്ടുവന്നപ്പോള്‍ അത് പിന്‍വലിച്ച് മാപ്പുപറഞ്ഞ് തടിയൂരിയതും ഈയടുത്ത ദിവസങ്ങളില്‍ നാം കണ്ടതാണല്ലോ. പൂന്തുറയില്‍ കണ്ടെയ്ന്‍മെന്‍റ് മേഖലയില്‍ കോണ്‍ഗ്രസുകാര്‍ ആസൂത്രിതമായി വ്യാജപ്രചരണം നടത്തി ജനങ്ങളെ തെരുവിലിറക്കിയപ്പോള്‍ സത്യംപറഞ്ഞ് ബോധ്യപ്പെടുത്തി ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ പ്രവര്‍ത്തകരുടെ ചിത്രം പകര്‍ത്തി, എഡിറ്റുചെയ്ത് ഇടതുപക്ഷക്കാരും അണിനിരന്ന പ്രതിഷേധമെന്ന് റിപ്പോര്‍ട്ട്ചെയ്തത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞിട്ടും ഏറെ ദിവസമായില്ലല്ലോ.

യുഎഇയുടെ കോണ്‍സുലേറ്റില്‍ നടന്ന ഇഫ്ത്താര്‍ വിരുന്നിന്‍റെ ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ പിന്നിലായി നടത്തിപ്പുകാരായി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ സ്വപ്നാസുരേഷ് നില്‍ക്കുന്ന ചിത്രത്തില്‍നിന്ന് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ വെട്ടിമാറ്റി മുഖ്യമന്ത്രിയുമായി സ്വപ്നയ്ക്കുള്ള അടുപ്പം തെളിയിക്കുന്നതിനുള്ള ദൃശ്യമായി അവതരിപ്പിക്കാനുള്ള അതി മിടുക്കും മനോരമ കാട്ടി. അതില്‍നിന്ന് ഊര്‍ജം പകര്‍ന്നായിരിക്കണമല്ലോ മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത വ്യവസായമന്ത്രി ഇ പി ജയരാജന്‍റെ ഭാര്യയുടെ തലചിത്രത്തില്‍നിന്നുമാറ്റി പകരം സ്വപ്നാസുരേഷിന്‍റെ തല ഫോട്ടോഷോപ്പിലൂടെ ഒട്ടിച്ചുവച്ച് പ്രചരിപ്പിക്കാന്‍ ബിന്ദുകൃഷ്ണയെപ്പോലെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ധൈര്യംപകര്‍ന്നത്. 

സ്വര്‍ണക്കള്ളക്കടത്തിന്‍റെ വേരുകള്‍ വിദേശങ്ങളിലായതുകൊണ്ട് എന്‍ഐഎക്കല്ല സിബിഐക്കേ കഴിയൂവെന്ന തലവാചകത്തിനുകീഴില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ എന്‍ഐഎ നിയമത്തിലെ വ്യവസ്ഥകള്‍പ്രകാരം വിദേശങ്ങളിലടക്കം പോയി തെളിവെടുക്കാനും അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ കുറ്റവാളികളെ പിടികൂടാനും എന്‍ഐഎക്ക് കഴിയുമെന്ന് അച്ചുനിരത്താനുമുള്ള മനോരമയുടെ 'മികവി'നെ വലതുപക്ഷ രാഷ്ട്രീയ പ്രചരണത്തിനായി ഏതറ്റംവരെ താഴാനും മടിക്കാത്ത ഒന്നായല്ലേ കാണേണ്ടത്. 

20-ാം തീയതിയിലെ 'മനോരമ'യുടെ 7-ാം പേജില്‍ "കേരള കാര്യത്തില്‍ സിപിഐ എം കേന്ദ്ര നേതാക്കള്‍ക്ക് രണ്ടുപക്ഷം. സമഗ്ര ചര്‍ച്ച വേണ്ടെന്ന് കേരള നേതാക്കള്‍; ഒഴിയാനാവില്ലെന്ന് മറുപക്ഷം" എന്ന വ്യാജവാര്‍ത്തയ്ക്ക് 24 മണിക്കൂറിന്‍റെ ആയുസ്സുപോലും ഉണ്ടായില്ലെന്നത് മനോരമയ്ക്ക് വേവലാതി ഉണ്ടാക്കുന്ന ഒന്നല്ല. പാര്‍ടി ജനറല്‍സെക്രട്ടറി മാധ്യമ പ്രവര്‍ത്തകരോട് ഈ കഥ നിഷേധിച്ചുകൊണ്ട് നടത്തിയ പ്രതികരണം മുക്കുകയോ മൂലയിലൊതുക്കുകയോ ചെയ്തുകൊണ്ട് ഈ കഥയ്ക്ക് ആയുസ്സുനീട്ടി നല്‍കാമെന്നാണ് മനോരമയുടെ മനസ്സിലിരുപ്പ്. 19-ാം തീയതിയിലെ മനോരമയില്‍ ഒന്നാംപേജില്‍ ബഡാ വാര്‍ത്തയായി "സ്പീക്കര്‍ക്കെതിരെ പാര്‍ടി 'റൂളിങ്' " എന്ന തലവാചകത്തിലെ കള്ളക്കഥയ്ക്കെതിരെയുള്ള സിപിഐ എം തിരുവനന്തപുരം ജില്ലാസെക്രട്ടറിയുടെ പ്രസ്താവന മുക്കിയതുപോലെ തങ്ങള്‍ പ്രചരിപ്പിക്കുന്ന കെട്ടുകഥകള്‍ക്ക് സ്ഥായീകരണം നല്‍കി അത് സത്യമെന്ന തോന്നല്‍ സൃഷ്ടിക്കാനാണ് മനോരമ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരിയുമായി മനോരമ ചാനല്‍ നടത്തിയ അഭിമുഖത്തെപ്പോലും പിറ്റേന്ന് വളച്ചൊടിച്ചു മാത്രമേ ഈ പത്രത്തിന് അവതരിപ്പിക്കാന്‍ കഴിയുന്നുള്ളൂവെന്നത് തങ്ങളുടെ രാഷ്ട്രീയ അജന്‍ഡ വിറ്റഴിക്കാന്‍ എന്തു തരം താണ പണിക്കും ഇവര്‍ മടിക്കില്ലെന്നതിന്‍റെ തെളിവല്ലേ? ഇങ്ങനെ മനോരമത്താളുകളിലെ പെരും നുണകളും വക്രീകരണങ്ങളും എണ്ണിയെണ്ണിപ്പറയാന്‍ ആയിരം നാവുള്ള അനന്തനുപോലും അസാധ്യമാണെന്നതാണ് വസ്തുത. 

20-ാം തീയതി മനോരമ പ്രസിദ്ധീകരിച്ച "അപായ മണിമുഴങ്ങുന്നു"വെന്ന മുഖപ്രസംഗത്തിലൂടെ കോവിഡ് പടരുന്നതില്‍പോലും മനോരമ പ്രകടിപ്പിക്കുന്നത് മുതലക്കണ്ണീരാണെന്ന് കാണാന്‍ പാഴൂര്‍പടിവരെ പോകേണ്ടതില്ല. "സമൂഹവ്യാപനമുണ്ടായതായി ഏതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നത് ഇന്ത്യയില്‍ത്തന്നെ ആദ്യമാണെന്നതുകൂടി ഇതോടൊപ്പം ഓര്‍മിക്കേണ്ടതുണ്ടെന്ന" മുഖപ്രസംഗത്തിലെ ആമുഖ പ്രസ്താവനയിലൂടെ കേരളത്തില്‍ മാത്രമാണ് ഇന്ത്യയില്‍ സമൂഹവ്യാപനമുണ്ടായതെന്നും ഇതേവരെ ഇത് സമ്മതിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിസമ്മതിക്കുകയായിരുന്നുവെന്നുമുള്ള പ്രതീതി സൃഷ്ടിക്കുകയാണ്. ആയിരക്കണക്കിനാളുകള്‍ മരിക്കുകയും ദിനംപ്രതി പതിനായിരക്കണക്കിനാളുകളിലേക്ക് രോഗം വ്യാപിക്കുകയും ചെയ്യുന്ന ഇതര സംസ്ഥാനങ്ങളില്‍ സമൂഹവ്യാപനമില്ലെന്ന കേന്ദ്രത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളില്‍നിന്ന് വ്യത്യസ്തമായി സത്യം ജനങ്ങളോട് തുറന്നുപറഞ്ഞ് വേണ്ട കരുതല്‍ സ്വീകരിക്കാനും മരണനിരക്ക് കുറയ്ക്കാനും പാടുപെടുന്ന കേരള സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനല്ലേ ഈ മുഖപ്രസംഗത്തിലും മനോരമ ശ്രമിക്കുന്നത്.

ഇതേദിവസംതന്നെ ഒന്നാംപേജില്‍ "മെഡിക്കല്‍കോളേജുകളില്‍ പ്രതിസന്ധി" എന്നപേരില്‍ മനോരമ വലിയ തലക്കെട്ടുനല്‍കിയ റിപ്പോര്‍ട്ടുപോലും ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കല്‍ എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ടതല്ലേ? ഇന്ത്യയില്‍ ഇതര സംസ്ഥാനങ്ങളില്‍ 120ല്‍ അധികം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ട സുരക്ഷയില്ലാതെ പണിയെടുക്കേണ്ടതായി വന്നതിന്‍റെപേരില്‍ മാത്രം ഇതിനകം ജീവന്‍ നഷ്ടപ്പെട്ടുവെന്ന വസ്തുതയ്ക്കുനേരെ കണ്ണടയ്ക്കുകയുമാണ് മനോരമ.

യഥാര്‍ഥത്തില്‍ ഈ പത്രം മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കടയ്ക്കല്‍ കത്തിവെയ്ക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യമെന്നാല്‍ മാധ്യമ മുതലാളിയുടെ രാഷ്ട്രീയ-മൂലധന താല്‍പര്യങ്ങള്‍ക്കനുസരിച്ച് നുണ പ്രചരണത്തിനുള്ള സ്വാതന്ത്ര്യമെന്നല്ല, മറിച്ച് ജനങ്ങള്‍ക്ക് സത്യം അറിയാനുള്ള സ്വാതന്ത്ര്യം എന്നാണര്‍ഥം.