കമ്യൂണിസ്റ്റുകാരും നാവികകലാപവും

പീപ്പിള്‍സ് ഡെമോക്രസി

വളര്‍ന്നുവന്നുകൊണ്ടിരുന്ന ദേശീയ വികാരം ഐഎന്‍എ വിചാരണകളെ തുടര്‍ന്ന് അതിന്‍റെ മൂര്‍ധന്യാവസ്ഥയിലെത്തി; 1945-46ലെ ശീതകാലമായപ്പോള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി അക്രമാസക്തമായ ഏറ്റുമുട്ടലിലേക്കെത്തി. ഇന്ത്യയിലെ ബ്രിട്ടീഷ് സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന യുവസൈനികരെയും യുവഓഫീസര്‍മാരെയും ഈ ജനകീയ പ്രതിഷേധങ്ങള്‍ വലിയതോതില്‍ സ്വാധീനിച്ചു. അവരില്‍ ഒരു വിഭാഗം വിദഗ്ധരായ പ്രൊഫഷണലുകളായിരുന്നു; ആയതിനാല്‍ ബ്രിട്ടീഷ് പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ഇന്ത്യക്കാരുടെ പഴയതലമുറയില്‍ നിന്ന് ഇവര്‍ വ്യത്യസ്തരായിരുന്നു. സര്‍വോപരി രണ്ടാം ലോകയുദ്ധകാലത്ത് സഖ്യസേനയുമായി ഒന്നിച്ചാണ്, പ്രത്യേകിച്ചും സോവിയറ്റ് യൂണിയനിലെ ചെമ്പടയുമായി ചേര്‍ന്നാണ് അവര്‍ യുദ്ധം ചെയ്തത്. ഈ ഇടപെടലും ഒന്നിച്ചുള്ള പ്രവര്‍ത്തനവും അവരില്‍ ഫാസിസ്റ്റ് വിരുദ്ധ ആശയങ്ങളും സ്വാതന്ത്ര്യത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും സോഷ്യലിസത്തിന്‍റെയും ആശയങ്ങളും ശക്തമായ സ്വാധീനം ചെലുത്തി.

ദേശീയപ്രസ്ഥാനത്തിന്‍റെയും ഐഎന്‍എയുടെയും ആവേശം ഉള്‍ക്കൊണ്ട, നാവികസേനയില്‍ സേവനമനുഷ്ഠിച്ചിരുന്ന ഒരു വിഭാഗം ഇന്ത്യന്‍ നാവികസേനാംഗങ്ങള്‍ ഒരു രഹസ്യസംഘടനയ്ക്ക് രൂപം നല്‍കാന്‍ തുടങ്ങി-ആസാദ് ഹിന്ദ്. ഈ സംഘടന നാവികസേനയില്‍ കലാപമുണ്ടാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. റോയല്‍ ഇന്ത്യന്‍ നേവിയിലെ (ആര്‍ഐഎന്‍) നാവികര്‍ പണിമുടക്കിയപ്പോള്‍ ബോംബെയില്‍ സമരങ്ങളുടെ വേലിയേറ്റം തന്നെയുണ്ടായി.

1946 ഫെബ്രുവരി 18ന് എച്ച്എംഐഎസ് തല്‍വാറിലെ 1100 നാവികസേനാംഗങ്ങള്‍ പണിമുടക്കി; തങ്ങള്‍ നേരിട്ടിരുന്ന മോശപ്പെട്ട പെരുമാറ്റത്തില്‍ പ്രതിഷേധിക്കാനായി ബോംബെയില്‍ നിയോഗിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ നേവിയിലെ 5000 സൈനികരും ഈ പണിമുടക്കില്‍ ചേര്‍ന്നു. പണിമുടക്കിയ നാവികര്‍ കപ്പലിന്‍റെ കൊടിമരത്തില്‍ നിന്ന് യൂണിയന്‍ ജാക്ക് നീക്കം ചെയ്തു; അതിന്‍റെ സ്ഥാനത്ത് കോണ്‍ഗ്രസിന്‍റെയും മുസ്ലീം ലീഗിന്‍െറയും കൊടികളും ചെങ്കൊടികളും ഉയര്‍ത്തി. അവര്‍ ആയുധമെടുക്കുകയും മേലുദ്യോഗസ്ഥരെ തടവിലാക്കുകയും ചെയ്തു. അടുത്ത ദിവസം കാസില്‍- ഫോര്‍ട്ട് ബാരക്കുകളില്‍നിന്നുള്ള നാവികസേനാംഗങ്ങളും പണിമുടക്കില്‍ പങ്കെടുത്തു; പണിമുടക്കിയ നാവികര്‍ നഗരത്തില്‍ കോണ്‍ഗ്രസിന്‍റെയും മുസ്ലീം ലീഗിന്‍റെയും കൊടികളും ചെങ്കൊടികളും ഉയര്‍ത്തി പ്രകടനങ്ങള്‍ നടത്തി. ഈ നാവികസേനാ പടയാളികളില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമുണ്ടായിരുന്നു; എല്ലാ പ്രവിശ്യകളില്‍നിന്നുള്ളവരും എല്ലാ ഭാഷ സംസാരിക്കുന്നവരുമുണ്ടായിരുന്നു.

സര്‍ക്കാര്‍ സര്‍വീസിലെ ഏതു വിഭാഗത്തില്‍ ജോലി ചെയ്തിരുന്നവരായാലും ഇന്ത്യക്കാര്‍ കടുത്ത വംശീയ വിവേചനം നേരിട്ടിരുന്നു. അവര്‍ക്ക് ശമ്പളം തീരെ കുറവായിരുന്നു; പലപ്പോഴും ഭക്ഷിക്കാന്‍ കൊള്ളാത്തത്ര മോശപ്പെട്ട ഭക്ഷണമായിരുന്നു അവര്‍ക്ക് നല്‍കിയിരുന്നത്. നിരവധി പേര്‍ ആത്മഹത്യ ചെയ്തിരുന്നു; പലരും ഒളിച്ചോടിയിരുന്നു; അവര്‍ക്ക് ലഭിച്ചിരുന്ന  വളരെ മോശപ്പെട്ട പെരുമാറ്റമായിരുന്നു ഇതിനെല്ലാം കാരണം. "ക്വിറ്റ്ഇന്ത്യ", "സാമ്രാജ്യത്വം തുലയട്ടെ" എന്നെല്ലാം എച്ച്എംഐഎസ് തല്‍വാറില്‍ കുത്തിക്കുറിച്ചിട്ടതിന് നാവികസേനാംഗമായ ബി സി ദത്തയെ അറസ്റ്റുചെയ്തത് കടുത്ത പ്രതിഷേധത്തിനിടയാക്കി.
നാവികസേനാംഗങ്ങളുടെ മുഖ്യ ഡിമാന്‍ഡുകള്‍ ഇവയാണ്: കൊള്ളാവുന്ന ഭക്ഷണവും ആവശ്യമായത്ര റേഷനും; ഇന്ത്യന്‍ നാവികരോട് മോശമായി പെരുമാറിയ എച്ച്എംഐഎസ് തല്‍വാറിന്‍റെ കമാന്‍ഡിങ് ഓഫീസര്‍ക്കെതിരെ നടപടി; ഓഫീസര്‍മാര്‍ മോശമായി പെരുമാറുന്നത് അവസാനിപ്പിക്കുക; പെട്ടെന്നുള്ള പിരിച്ചുവിടലും പുനരധിവാസവും ഗ്രാറ്റ്വിവിറ്റിയും; ഐഎന്‍എ തടവുകാരുള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയതടവുകാരെയും ഉടന്‍ മോചിപ്പിക്കല്‍; ഇന്‍ഡൊനേഷ്യയില്‍ നിന്ന് പട്ടാളക്കാരെ ഉടന്‍ പിന്‍വലിക്കല്‍; ഇന്ത്യയില്‍ ഉടനീളം നടക്കുന്ന പൊലീസ് വെടിവയ്പ്പുകളെക്കുറിച്ച് നിഷ്പക്ഷമായ ജൂഡീഷ്യല്‍ അന്വേഷണം.

ബോംബെയ്ക്കുപുറമെ കറാച്ചി ആയിരുന്നു നാവികസേനാംഗങ്ങളുടെ മറ്റൊരു പ്രമുഖ കലാപകേന്ദ്രം. ഫെബ്രുവരി 19നാണ് കറാച്ചിയില്‍ വാര്‍ത്തയെത്തിയത്; ബോംബെ സംഭവങ്ങളുടെ വിവരങ്ങള്‍ അറിഞ്ഞ ഉടന്‍ തന്നെ എച്ച്എംഐഎസ് ഹിന്ദുസ്ഥാനിലെയും (പിന്നീട് ഇതിലുള്ളവര്‍ സായുധകലാപത്തിലും പങ്കുചേര്‍ന്നു) മറ്റൊരു കപ്പലിലെയും തീരത്തുള്ള മൂന്ന് സ്ഥാപനങ്ങളിലെയും നാവികസേനാംഗങ്ങള്‍ മിന്നല്‍ പണിമുടക്ക് നടത്തി. ഇന്ത്യന്‍ നാവികസേനയുടെ എല്ലാ കപ്പലുകളെയും പൊട്ടിച്ച് തുണ്ടുതുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തി, ബ്രിട്ടീഷ് സര്‍വസൈന്യാധിപന്‍ അഡ്മിറല്‍ ഗ്രോഡ്ഫ്രെ അന്ത്യശാസനം പുറപ്പെടുവിച്ചപ്പോള്‍ ഈ രണ്ട് കേന്ദ്രങ്ങളിലുള്ളവര്‍ക്കു പുറമെ, മദ്രാസ്, വിശാഖപട്ടണം, കല്‍ക്കത്ത, ഡല്‍ഹി, കൊച്ചി, ജാംനഗര്‍, ആന്‍ഡമാന്‍, ബഹ്റിന്‍, ഏഡന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാവികസേനാംഗങ്ങളും പണിമുടക്കിയവര്‍ക്കു പിന്തുണയുമായി രംഗത്തുവന്നു. 20,000 നാവികസേനാംഗങ്ങള്‍ ഉള്‍പ്പെടുന്ന 78 കപ്പലുകളെയും തീരത്തെ 28 സ്ഥാപനങ്ങളെയും ഈ പണിമുടക്ക് ബാധിച്ചു. ബോംബെയിലെ മറൈന്‍ ഡ്രൈവിലെയും അന്ധേരിയിലെയും ഷിയോണി പ്രദേശങ്ങളിലെയും പൂനെയിലെയും കല്‍ക്കത്തയിലെയും ജെസ്സോറിലെയും അംബാലയിലെയും റോയല്‍ എയര്‍ഫോഴ്സ് (ആര്‍എഎഫ്) സൈനികരും ഐക്യദാര്‍ഢ്യ പണിമുടക്കിലേര്‍പ്പെട്ടു. ജബല്‍പൂര്‍ സൈനിക പാളയത്തിലെ പട്ടാളക്കാര്‍ പണിമുടക്കിയപ്പോള്‍ കൊളാബ സൈനിക പാളയത്തിലെ പട്ടാളക്കാര്‍ 'അസ്വസ്ഥതാ ഭീഷണി' പ്രകടിപ്പിച്ചു.

കമ്യൂണിസ്റ്റ് പാര്‍ടിയുടെ പങ്ക്

നാവികസേനാംഗങ്ങള്‍ക്കും അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ടി ഉടന്‍ തന്നെ പിന്തുണ നല്‍കി. പണിമുടക്കിനു പിന്തുണ നല്‍കാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്ന ഒരു ലഘുലേഖ ഫെബ്രുവരി 19ന് പാര്‍ടി വിതരണം ചെയ്തു; തുടര്‍ന്ന് പാര്‍ടി പത്രത്തിലൂടെ, ഫെബ്രുവരി 22ന് ഒരു പൊതുപണിമുടക്കില്‍ പങ്കെടുക്കാനും പാര്‍ടി ആഹ്വാനം ചെയ്തു; നാവികസേനാ കപ്പലുകളെയും അവയ്ക്കകത്തുള്ള ഇന്ത്യയുടെ പുത്രന്മാരെയും തകര്‍ക്കുമെന്ന റിയര്‍ അഡ്മിറല്‍ ഗോഡ്ഫ്രെയുടെ ധിക്കാരം നിറഞ്ഞ ഭീഷണിക്കുള്ള മറുപടി ആയിരുന്നു അത്. രാജ്യത്തുടനീളം നാവികസേനാംഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും ഔദ്യോഗിക ഭാഗത്തുനിന്നുള്ള അടിച്ചമര്‍ത്തലുകളെ അപലപിക്കുന്നതിനുമായി വിദ്യാര്‍ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്കരിച്ചു; ഹര്‍ത്താലുകളും പ്രകടനങ്ങളും സംഘടിപ്പിക്കപ്പെട്ടു. പൊതുവായ സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമെന്ന നിലയില്‍ രാജ്യത്തുള്ളവരെല്ലാം കലാപത്തിന് പിന്തുണ നല്‍കി.

തങ്ങള്‍ക്കിടയിലുള്ള എല്ലാ അഭിപ്രായഭിന്നതകളും കുഴിച്ചുമൂടാനും നാവികസേനാംഗങ്ങളുടെ ഡിമാന്‍ഡുകള്‍ക്ക് പിന്തുണ നല്‍കാനും എല്ലാ രാഷ്ട്രീയപാര്‍ടികളോടും കമ്യൂണിസ്റ്റ് പാര്‍ടി ആഹ്വാനം ചെയ്തു. പൊതുപണിമുടക്കിനുള്ള കമ്യൂണിസ്റ്റുകാരുടെ ആഹ്വാനം ലക്ഷക്കണക്കിന് തൊഴിലാളികളെ ഫാക്ടറികള്‍ വിട്ട് തെരുവുകളിലെത്തിച്ചു. കടയുടമകളും കച്ചവടക്കാരും ഹോട്ടലുടമകളും നടത്തിയ ഹര്‍ത്താലും വിദ്യാര്‍ഥികളുടെ പഠിപ്പുമുടക്കും വ്യവസായങ്ങളിലെയും പൊതുഗതാഗത സര്‍വീസുകളിലെയും തൊഴിലാളികളുടെ പണിമുടക്കും ബോംബെയെ ഒന്നടങ്കം നിശ്ചലമാക്കി. ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കിനും ഹര്‍ത്താലിനും ബോംബെ സാക്ഷ്യം വഹിച്ചു.

കവചിത വാഹനങ്ങളില്‍ തെരുവുകളിലൂടെ ബ്രിട്ടീഷ് പട്ടാളത്തെ പരേഡ് ചെയ്യിച്ചുകൊണ്ടാണ് ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇതിനു മറുപടി നല്‍കിയത്. ലഘുവായ ഒരു മുന്നറിയിപ്പുപോലും നല്‍കാതെയാണ് അവര്‍ ജനക്കൂട്ടങ്ങള്‍ക്കുനേരെ, പ്രത്യേകിച്ചും അസംഖ്യം ജനങ്ങള്‍ ഒന്നിച്ചുകൂടിയിട്ടുള്ളതായതായി കണ്ട സ്ഥലങ്ങളിലെല്ലാം, അവര്‍ വിവേചനരഹിതമായും പ്രതികാരബുദ്ധിയോടെയും വെടിവച്ചത്. അങ്ങനെ അവര്‍ നിരപരാധികളായ നിരവധി തൊഴിലാളികളെ - സ്ത്രീകളെയും പുരുഷന്മാരെയും കൊലപ്പെടുത്തി; അവരില്‍ ഒരാളായിരുന്നു പരേല്‍ മഹിളാസംഘം നേതാവും കമ്യൂണിസ്റ്റുകാരിയുമായ കമല ഡോംണ്ടെ. ഔദ്യോഗിക കണക്കുപ്രകാരം മൂന്നു ദിവസംകൊണ്ട് (ഫെബ്രുവരി 21-23) 250 ആളുകളാണ് കൊല്ലപ്പെട്ടത്."തോക്കുകളും ടാങ്കുകളും ബോംബറുകളും കൊണ്ട് ഇന്ത്യയെ വിരട്ടാന്‍ പറ്റുന്ന കാലം കഴിഞ്ഞുപോയി" എന്നും സാമ്രാജ്യത്വശക്തികള്‍ ഒഴുക്കിയ ചോരപ്പുഴകള്‍ ജനങ്ങളുടെ "ഐക്യം കൂടുതല്‍ ഉറപ്പിക്കുകയും ഈ ഭീകര ഭരണത്തിന് അറുതി വരുത്താനുള്ള ദൃഢനിശ്ചയം ശക്തിപ്പെടുത്തുകയും ചെയ്തു" എന്നും കമ്യൂണിസ്റ്റ് പാര്‍ടി പ്രഖ്യാപിച്ചു.

ഗവണ്‍മെന്‍റിന്‍റെ അടിച്ചമര്‍ത്തലിനോടുള്ള എതിര്‍പ്പ് രേഖപ്പെടുത്തുകയും അടിച്ചമര്‍ത്തല്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും പണിമുടക്കുന്നവരുടെ ന്യായമായ ആവശ്യങ്ങള്‍ അനുവദിക്കണമെന്നും അതിനായി കൂടിയാലോചനകള്‍ നടത്തണമെന്ന് ആവശ്യപ്പെടാനും എല്ലാ കടകളിലും സ്കൂളുകളിലും കോളേജുകളിലും മില്ലുകളിലും സമ്പൂര്‍ണ ഹര്‍ത്താല്‍ ആചരിക്കണമെന്നും കമ്യൂണിസ്റ്റ് പാര്‍ടി എല്ലാ പാര്‍ടികളോടും ജനങ്ങളോടും അഭ്യര്‍ഥിച്ചു. ബോംബെയിലെ തൊഴിലാളികളും പൗരരും ഈ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കി; സമ്പൂര്‍ണ ഹര്‍ത്താല്‍ ആചരിച്ചു; നാവികസേനയിലെ പടയാളികളുടെ ധീരമായ നടപടികളോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകടനങ്ങള്‍ നടത്തി.

മുറിവേറ്റവര്‍ക്കും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും ദുരിതാശ്വാസം എത്തിക്കുന്നതിന് സിറ്റിസണ്‍സ് പീസ് ആന്‍ഡ് റിലീഫ് കമ്മിറ്റി രൂപീകരിക്കുന്നതിനും പാര്‍ടി ആഹ്വാനം ചെയ്തു. പണിമുടക്കിയ നാവികസേനയിലെ ആയിരക്കണക്കിന് പടയാളികളുടെ പ്രശ്നം ഏറ്റെടുക്കണമെന്ന് കമ്യൂണിസ്റ്റ് പാര്‍ടി കോണ്‍ഗ്രസിനോട് അഭ്യര്‍ഥിച്ചു; ആ പ്രശ്നം "ആസാദ് ഹിന്ദ് ഭൗജിന്‍റെ പ്രശ്നം എന്ന പോലെ തന്നെ പ്രാധാന്യമുള്ളതായി" മാറിയിരിക്കുകയാണെന്നും "വിവേചനരഹിതമായും നീതി"യുടെ അടിസ്ഥാനത്തിലും അതിനു പരിഹാരം കാണുമെന്ന് ഉറപ്പാക്കണമെന്നും പാര്‍ടി ആവശ്യപ്പെട്ടു. ഈ വിഷയം കേന്ദ്ര അസംബ്ലിയില്‍ ഉന്നയിക്കണമെന്നും നാവികസേനാംഗങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കണമെന്നും കമ്യൂണിസ്റ്റ് പാര്‍ടി കോണ്‍ഗ്രസ്-ലീഗ് നേതാക്കളോടഭ്യര്‍ഥിച്ചു.

അന്വേഷണ കമ്മീഷന്‍ രൂപീകരിക്കണമെന്നും പണിമുടക്കിയവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ നടപടികള്‍ ആരംഭിക്കണമെന്നും കമ്യൂണിസ്റ്റ് പാര്‍ടി ഗവണ്‍മെന്‍റിനോടാവശ്യപ്പെട്ടു. എന്നാല്‍ നാവികരുടെ കലാപത്തെ സംബന്ധിച്ചിടത്തോളം അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചതേയില്ല; അനീതിയുടെയും വിവേചനത്തിന്‍റെയും ക്രൂരതയുടെയും മറ്റും ഭീകരമായ കഥകള്‍ ഒരിക്കലും വെളിച്ചം കണ്ടില്ല. പാര്‍ടിയുടെ പെട്ടെന്നുള്ള നടപടികള്‍മൂലം മാത്രമാണ് രാജകീയ നാവികസേന (ആര്‍ഐഎന്‍)യെയും അതിലെ സൈനികരെയും തകര്‍ക്കുന്നത് തടയാന്‍ കഴിഞ്ഞത്; ക്രമേണ ഒരു കരാറിലെത്തിക്കാന്‍ കഴിഞ്ഞതും അതുകൊണ്ടുതന്നെയാണ്. ഒരു പ്രതികാര നടപടിയും ഉണ്ടാകില്ലെന്ന് വാഗ്ദാനം നല്‍കിയശേഷം പണിമുടക്കിനു നേതൃത്വം കൊടുത്ത പല നേതാക്കളെയും ഗവണ്‍മെന്‍റ് അറസ്റ്റുചെയ്യുകയും
പ്രതികാരനടപടികളെടുക്കുകയും ചെയ്തപ്പോള്‍, അങ്ങനെ കരാര്‍ ലംഘിക്കപ്പെട്ടപ്പോള്‍ ഗവണ്‍മെന്‍റിന്‍റെ നടപടികളെ പാര്‍ടി അപലപിച്ചു.

ഈ മുന്നേറ്റം എന്തുകൊണ്ട് പരാജയപ്പെട്ടു?

ഇന്ത്യന്‍ ദേശീയ മുന്നണിയില്‍ ചില ദൗര്‍ബല്യങ്ങള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്‍റെയും മുസ്ലിം ലീഗിന്‍റെയും ഉന്നതവര്‍ഗ നേതൃത്വം ജനകീയ മുന്നേറ്റങ്ങളെ ഭയപ്പെട്ടു; അഖിലേന്ത്യാടിസ്ഥാനത്തിലും മറ്റു സായുധ സേനാവിഭാഗങ്ങളിലും കര-വ്യോമസേനകളില്‍ - ഈ കലാപം പടര്‍ന്നുപിടിക്കാന്‍ അവര്‍ ആഗ്രഹിച്ചില്ല. ജനകീയ പൊതുപണിമുടക്കിനെയും ഹര്‍ത്താലിനെയും അവര്‍ ഔദ്യോഗികമായി എതിര്‍ത്തു; എന്നാല്‍ അവരുടെ എതിര്‍പ്പുണ്ടായിട്ടും പൊതുപണിമുടക്കിനും ഹര്‍ത്താലിനും സാര്‍വത്രിക ജനപിന്തുണ ലഭിച്ചിരുന്നു. അവര്‍ നാവികകലാപത്തെ 'അരിയുടെയും പരിപ്പിന്‍റെയും' വിഷയമായിട്ടാണ് കണ്ടത്; വംശീയവിവേചനത്തിനെതിരായ ആവശ്യത്തിനുനേരെ അവര്‍ കണ്ണടച്ചു. പൊതുവിലുള്ള ദേശീയ സമരത്തിന്‍റെ ഭാഗമായി അതിനെ കാണാന്‍ അവര്‍ വിസമ്മതിച്ചു.

സാമ്രാജ്യത്വ ഭരണാധികാരികളുടെ അക്രമത്തെ അപലപിക്കാന്‍ കോണ്‍ഗ്രസിന്‍റെയും ലീഗിന്‍റെയും നേതാക്കള്‍ തയ്യാറായില്ല. സര്‍ക്കാര്‍ നൂറുകണക്കിനാളുകളെ വെടിവെച്ചുകൊന്നിട്ടും അതിനെ അപലപിക്കാത്ത കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട നിരായുധരായ ജനങ്ങളെ വിമര്‍ശിക്കുകയാണുണ്ടായത്. നാവികസേനാംഗങ്ങളുടെ പണിമുടക്കിനെ അപലപിക്കുന്നതില്‍, ക്രമസമാധാനപാലനത്തിന്‍റെ പ്രതിനിധികളാണ് തങ്ങളെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. "നേവിയില്‍ അച്ചടക്കം വേണമെന്ന കമാന്‍ഡര്‍ ഇന്‍ ചീഫിന്‍റെ പരാമര്‍ശങ്ങളെ" അംഗീകരിക്കുന്ന പ്രഖ്യാപനമാണ് "വല്ലഭ്ഭായ് പട്ടേല്‍" നടത്തിയത്. "അക്രമലക്ഷ്യത്തോടെ ഹിന്ദുക്കളും മുസ്ലീങ്ങളും ഏര്‍പ്പെട്ട അവിശുദ്ധസഖ്യം" എന്ന് വിളിക്കപ്പെടുന്നതിനെ അപലപിക്കുന്ന ശ്രദ്ധേയമായ ഒരു പ്രസ്താവന ഗാന്ധിജിയുടെ ഭാഗത്തുനിന്നുണ്ടായി. നാവികസേനാംഗങ്ങള്‍ കീഴടങ്ങണമെന്ന ഉപദേശം മാത്രമാണ് അവര്‍ക്കെല്ലാം നല്‍കാനുണ്ടായിരുന്നത്. കോണ്‍ഗ്രസ് നേതാവ് വല്ലഭ്ഭായ് പട്ടേലിന്‍റെ ഉപദേശത്തെയും തുടര്‍ന്ന് ജിന്നയില്‍നിന്നുള്ള സന്ദേശത്തെയും അംഗീകരിച്ചാണ് കേന്ദ്ര നാവികപണിമുടക്ക് കമ്മിറ്റി ഒടുവില്‍ ഫെബ്രുവരി 23ന് കീഴടങ്ങാന്‍ തയ്യാറായത്; "ഞങ്ങള്‍ ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങുന്നു; ബ്രിട്ടനു മുന്നിലല്ല" എന്ന പ്രഖ്യാപനമാണ് അവര്‍ നടത്തിയത്.

പണിമുടക്കിയ നാവികരെ സംരക്ഷിക്കാനും അവരുടെ കീഴടങ്ങല്‍ ഒഴിവാക്കാനും പ്രതികാര നടപടികള്‍ തടയാനുമുള്ള നീക്കങ്ങളില്‍ കൂടുതല്‍ ശക്തിയുള്ള പാര്‍ടികളെ- കോണ്‍ഗ്രസും മുസ്ലീം ലീഗും-അണിനിരത്താന്‍ വേണ്ടത്ര ശക്തിയില്ലാത്തതില്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്വയം പരിതപിച്ചു. ഇതൊക്കെയാണെങ്കിലും, "നാവികസേനയിലെ നമ്മുടെ സഹോദരങ്ങള്‍ക്കുപിന്നില്‍ അങ്ങനെ അവരുടെ ഉന്മൂലനം തടയുന്നതില്‍ സഹായിക്കാന്‍ സര്‍വശക്തിയും പ്രയോഗിച്ച്" ഉറച്ചുനിന്നുവെന്ന് കമ്യൂണിസ്റ്റ് പാര്‍ടിക്ക് ശരിയായി തന്നെ അവകാശപ്പെടാന്‍ കഴിയും.