ഇന്ത്യന്‍ ആരോഗ്യ സംവിധാനത്തിന്‍റെ ശോചനീയാവസ്ഥ

പ്രഭാത് പട്നായക്

ഇന്ത്യന്‍ ഫ്യൂഡലിസത്തിന്‍റെ ദാരുണാവസ്ഥ വരച്ചുകാണിക്കുന്നതിന് ഡി ഡി കൊസാംബി വളരെ ഫലപ്രദമായ ഒരു ഉദാഹരണം ഉപയോഗിക്കുന്നുണ്ട്; 1761ലെ മൂന്നാം പാനിപത്ത് യുദ്ധത്തില്‍, ഒരുവശത്തെ പട്ടാളക്കാര്‍ക്ക് കഴിക്കുവാന്‍ മതിയായ ഭക്ഷണമുണ്ടായിരുന്നില്ല; അതേസമയം അയല്‍ഗ്രാമങ്ങളെ കൊള്ളയടിച്ചുകൊണ്ട് എതിര്‍വശത്തെ സൈനികര്‍ വിശപ്പടക്കി; ചുരുക്കത്തില്‍ ഇരുവിഭാഗവും തങ്ങളുടെ സൈനികര്‍ക്കുള്ള ഭക്ഷണംപോലും ക്രമീകരിച്ചിരുന്നില്ല. ഇതേപോലെതന്നെ  ലളിതമായ ഒരു വസ്തുതകൊണ്ട് ഇന്ത്യന്‍ മുതലാളിത്തത്തിന്‍റെ പ്രതിസന്ധി ഇവിടെ വ്യക്തമാക്കപ്പെടുകയാണ്: അത്യന്തം ഭീതിദമായ ഈ മഹാമാരിയുടെ നടുവില്‍പോലും രാജ്യതലസ്ഥാനത്തെ ഒട്ടുമിക്ക ആശുപത്രികളിലെയും മെഡിക്കല്‍ സ്റ്റാഫിന് പതിവുശമ്പളം ചിലപ്പോഴൊക്കെ നല്‍കുന്നില്ല.

 ഇന്ത്യന്‍ മുതലാളിത്തത്തിന്‍റെ പ്രതിസന്ധി മാത്രമല്ല, അതിന്‍റെ പൊതുവായ സ്വഭാവംകൂടിയാണ് ഈ സംഭവത്തിലൂടെ വ്യക്തമാക്കപ്പെടുന്നത്. അതു മനസിലാക്കണമെങ്കില്‍, നമ്മള്‍ കുറച്ചൊന്നു പുറകോട്ടുപോകണം. ഈ മഹാമാരിക്കുമുന്‍പ്, സാമ്പത്തികപ്രതിസന്ധി ഇന്ത്യയെ മാരകമായി പിടിച്ചുലയ്ക്കുന്നതിനുംമുന്‍പ്, ലോകത്തിലെ ഏറ്റവും പരിതാപകരമായ ആരോഗ്യസുരക്ഷാ സംവിധാനമാണ് ഇന്ത്യയ്ക്കുണ്ടായിരുന്നത് എന്നതില്‍ തര്‍ക്കമില്ല; ഇന്ത്യ 'സാമ്പത്തിക വന്‍ശക്തിയായി ഉയരുന്നു' എന്ന് കൊട്ടിഘോഷിക്കുമ്പോള്‍ത്തന്നെയാണ് ഈ അവസ്ഥ എന്നോര്‍ക്കണം.

ഇതിന്‍റെ സ്പഷ്ടമായ ഒരു സൂചിക, ആരോഗ്യരംഗത്തെ ചെലവിടലിനുവേണ്ടി മാറ്റിവെക്കുന്ന ജിഡിപി ശതമാനമാണ്.  ഇതു സംബന്ധിക്കുന്ന കൃത്യവും സ്ഥിരമായതുമായ ഡാറ്റ കിട്ടാന്‍ ബുദ്ധിമുട്ടാണ് ; എന്നാല്‍ ഇതു സംബന്ധിച്ച് ലോകബാങ്ക് ചില കണക്കുകള്‍ നല്കുന്നുണ്ട്; അതുപ്രകാരം ഗവണ്‍മെന്‍റ് ചെലവഴിക്കുന്നതും ജനങ്ങള്‍ തങ്ങളുടെ പോക്കറ്റില്‍നിന്നും ചെലവിടുന്നതുംകൂടിക്കൂട്ടി മൊത്തം ആരോഗ്യരംഗത്തുള്ള ഇന്ത്യയുടെ ചെലവഴിക്കല്‍ 2017ല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ (ജിഡിപി) കേവലം 3.53 ശതമാനംമാത്രമാണ്. അതേ വര്‍ഷത്തെ സബ് സഹാറന്‍ ആഫ്രിക്കയുടെ കണക്കിനെക്കാള്‍ (5.18 ശതമാനം) കുറവായിരുന്നു ഇത്. സൗത്ത് ആഫ്രിക്കയെപ്പോലെ 'സമൃദ്ധമായ' ഒരു രാജ്യമല്ലല്ലോ സബ്സഹാറന്‍ ആഫ്രിക്ക; എന്നാല്‍ സൗത്ത് ആഫ്രിക്കയെ മാറ്റിനിര്‍ത്തി സബ്സഹാറന്‍ ആഫ്രിക്ക മാത്രമെടുക്കുമ്പോഴും, ഇന്ത്യയുടെ ആരോഗ്യരംഗത്തെ ചെലവിടല്‍ അവരുടേതിനെക്കാള്‍ താഴെയാണ്.

 ഉയര്‍ന്നവരുമാനം, ഇടത്തരം വരുമാനം, താഴ്ന്ന വരുമാനം എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളായും, താഴ്ന്ന ഇടത്തരം വരുമാനം, ഉയര്‍ന്ന ഇടത്തരം വരുമാനം എന്നിങ്ങനെ  ഉപഗ്രൂപ്പുകളായും ലോകബാങ്ക് രാജ്യങ്ങളെ തരം തിരിക്കുന്നുണ്ട്. ജിഡിപിയുടെ ശതമാനം വച്ചുനോക്കുമ്പോള്‍ ആരോഗ്യരംഗത്തെ ഇന്ത്യയുടെ മൊത്തം ചെലവിടല്‍ എന്നത് ഈ പറഞ്ഞ എല്ലാ ഗ്രൂപ്പുകളേക്കാളും ഉപഗ്രൂപ്പുകളെക്കാളും താഴെയായിരുന്നു.
അതായത് ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങള്‍ (12.53 ശതമാനം), താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങള്‍ (5.39 ശതമാനം), താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ (5.24 ശതമാനം), ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ (5.39 ശതമാനം), താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ (3.86 ശതമാനം), ഉയര്‍ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ (5.84 ശതമാനം) എന്നീ ഗ്രൂപ്പുകളെക്കാളെല്ലാം താഴെയാണ് ഇന്ത്യയുടെ കണക്ക്.
 ശരിയാണ്, വ്യത്യസ്ത മൂല്യങ്ങളിലുള്ള ദേശീയ ഡാറ്റയില്‍നിന്നും  സമാഹരിക്കുന്ന അന്താരാഷ്ട്ര സ്ഥിതിവിവരക്കണക്കുകളില്‍ എപ്പോഴും ഏതാനും ചില തകരാറുകളുണ്ടാവാറുണ്ട്; പക്ഷേ ജിഡിപിയുടെ ശതമാനംവെച്ചുനോക്കുമ്പോള്‍, ആരോഗ്യരംഗത്തുള്ള ഇന്ത്യയുടെ മൊത്തം ചെലവഴിക്കല്‍ ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളെക്കാട്ടിലും കുറവാണ് എന്ന നിഗമനത്തിന്‍റെ സാധുതയുടെ കാര്യത്തില്‍ സംശയിക്കേണ്ടതില്ല. അത് സൗത്ത് ഏഷ്യയിലെ മൊത്തം കണക്കിന് ഏതാണ്ട് തുല്യമാണ്(3.46 ശതമാനം); അതുപക്ഷേ ഇന്ത്യയ്ക്കു സൗത്ത് ഏഷ്യയിലുള്ള പ്രമുഖ സ്ഥാനംകൊണ്ടും, ബംഗ്ലാദേശും പാകിസ്താനും അതിനെക്കാള്‍ താഴെ ആയതുകൊണ്ടും മാത്രമാണ്.  എന്തുതന്നെയായാലും ബംഗ്ലാദേശിന്‍റെ കാര്യത്തില്‍, അവര്‍ ഔദ്യോഗിക നയത്തിലൂടെ മരുന്നുകള്‍ക്ക് കുറഞ്ഞ വില നിലനിര്‍ത്തിപോകുന്നുണ്ട് എന്നത് നമ്മള്‍ പ്രത്യേകം ഓര്‍മിക്കണം; അങ്ങനെ ചെയ്യുന്നതുകൊണ്ടുതന്നെ, ജിഡിപിയുമായി ബന്ധപ്പെടുത്തുമ്പോള്‍ ആരോഗ്യരംഗത്തെ ചെലവിടലിന് താഴ്ന്ന സംഖ്യയാണ് ബംഗ്ലാദേശില്‍ എന്നതിനെ ഇന്ത്യയുമായി ഒത്തുനോക്കുമ്പോള്‍ വളരെ പരിതാപകരമായ ആരോഗ്യപരിരക്ഷാ സാഹചര്യമാണ് അവിടെയുള്ളത് എന്നു പറയാനാവില്ല.

അതേസമയം, ജിഡിപി  ശതമാനമെന്ന നിലയില്‍  നോക്കുമ്പോള്‍ ആരോഗ്യരംഗത്തെ ക്യൂബയുടെ ചെലവിടല്‍ ശതമാനം ലോകത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന കണക്കാണ് (11.74 ശതമാനം); അവര്‍ യുകെയെയും (9.63 ശതമാനം) ജര്‍മനിയെയും(11.25 ശതമാനം), ഫ്രാന്‍സിനെയും(11.31 ശതമാനം) മറികടന്നിരിക്കുന്നു. വികസിത മുതലാളിത്ത രാജ്യങ്ങളില്‍ അമേരിക്കയ്ക്കുമാത്രമാണ് ക്യൂബയേക്കാള്‍ ഉയര്‍ന്ന ശതമാനമുള്ളത്(17.06); എന്നാല്‍ പരക്കെ അറിയപ്പെടുന്നതുപോലെ, ആരോഗ്യരംഗത്ത് ഉയര്‍ന്ന ചെലവഴിക്കല്‍ ഉണ്ടെങ്കിലും ആരോഗ്യ പരിരക്ഷയുടെ കാര്യത്തില്‍ അമേരിക്ക മോശപ്പെട്ട സേവനമാണ് ജനങ്ങള്‍ക്കു നല്‍കുന്നത്; കാരണം ആശുപത്രികള്‍വഴിയും ഇന്‍ഷൂറന്‍സ് കമ്പനികള്‍വഴിയും വിപുലമായ സ്വകാര്യ ലാഭം കൊയ്യല്‍ നടക്കുന്ന ആരോഗ്യഇന്‍ഷൂറന്‍സ് പാതയിലാണ് അമേരിക്ക ഊന്നുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും പിന്നെ പൊതു ആരോഗ്യ സുരക്ഷാ സംവിധാനത്തിലൂന്നുന്ന ക്യൂബയില്‍നിന്നും തികച്ചും വ്യത്യസ്തമാണിത്.

ആരോഗ്യസുരക്ഷയുടെ സ്ഥിതിയെക്കുറിച്ച് പരിശോധിക്കുന്നതിന് ഒരു സൂചകമായി ആരോഗ്യ രംഗത്തെ മൊത്തം ചെലവിടലിനെ (ീമേേഹ വലമഹവേ ലഃുലിറശൗൃലേ) നമ്മള്‍ എടുത്തുവെങ്കിലും, വാസ്തവത്തില്‍ അത് ഏറെക്കുറെ നമ്മളെ വഴിതെറ്റിക്കുന്ന ഒരു സൂചകമാണ്. അതിന്‍റെ ഒരു കാരണം നമ്മളിപ്പോള്‍ത്തന്നെ പറഞ്ഞതാണ്; അതായത് സ്വകാര്യ ചികിത്സാ സംവിധാനങ്ങളില്‍വരുന്ന ചെലവുകളില്‍കൂടി ഉള്‍പ്പെടുന്ന ആരോഗ്യരംഗത്തെ മൊത്തം ചെലവഴിക്കല്‍നിരക്ക്, ലാഭം കൊയ്യലിലൂടെ വര്‍ധിപ്പിച്ചു കാണിക്കാനാവും; അതുകൊണ്ടുതന്നെ കൂടുതല്‍ ലാഭം ഈടാക്കുന്നതിലൂടെ ആരോഗ്യരംഗത്തെ ചെലവഴിക്കലിനെ ഉയര്‍ന്നനിരക്കിലാക്കി കാണിക്കാനാവും. രണ്ടാമത്തെ കാരണം, തങ്ങളുടെ സ്വത്തുക്കള്‍ വിറ്റ് ആരോഗ്യസംബന്ധമായ കാര്യങ്ങള്‍ക്ക് ചെലവിടേണ്ടിവരുകയും അങ്ങനെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയുംചെയ്യുന്ന ജനങ്ങളിലൂടെയും ആരോഗ്യരംഗത്തെ മൊത്തം ചെലവഴിക്കല്‍ വര്‍ധിച്ചതായി കാണിക്കും. അതിനാല്‍ ഉയര്‍ന്ന തോതിലുള്ള ആരോഗ്യ രംഗത്തെ മൊത്തം ചെലവിടല്‍ എന്നത് എല്ലായ്പ്പോഴും ഒരു നല്ല കാര്യമല്ല, കാരണം അതിന് ശക്തിനല്‍കുന്നത് അപചയപ്രക്രിയ ആയിരിക്കാം. 

  ഇതാണ് യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ സംഭവിക്കുന്നത്.കര്‍ഷക ആത്മഹത്യകള്‍ കുതിച്ചുയരുന്നതിനിടയാക്കുന്ന കര്‍ഷക കടക്കെണി വര്‍ധിക്കുന്നതിന്‍റെ ഒരു പ്രധാന കാരണം, ജനങ്ങള്‍ക്ക് അവരുടെ ആരോഗ്യസുരക്ഷാ ചെലവുകളില്‍ വരുന്ന കുത്തനെയുള്ള വര്‍ധനവാണ്. നവലിബറല്‍ വാഴ്ചക്കാലത്ത് ആരോഗ്യസുരക്ഷാരംഗം വന്‍തോതില്‍ സ്വകാര്യവത്കരിക്കുന്നതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്.

 ഈ കാരണങ്ങളെല്ലാംകൊണ്ടുതന്നെ, ജിഡിപിയുടെ ശതമാനക്കണക്കില്‍ ആരോഗ്യമേഖലയിലെ മൊത്തം ചെലവഴിക്കലിനേക്കാള്‍ ഒരു ജനതയുടെ ആരോഗ്യക്ഷേമത്തെക്കുറിച്ചുള്ള കുറച്ചുകൂടി ഭേദപ്പെട്ട സൂചിക, ജിഡിപി ശതമാനക്കണക്കില്‍ ആരോഗ്യസുരക്ഷയ്ക്കുള്ള പൊതുമേഖലാ ചെലവഴിക്കല്‍ ആണ്. ആ മാനദണ്ഡം കണക്കിലെടുത്താല്‍ ഇന്ത്യയുടെ പ്രവര്‍ത്തനം തികച്ചും ശോചനീയമാണ്.ജിഡിപി ശതമാനക്കണക്കില്‍ ഇന്ത്യയുടെ പൊതു ആരോഗ്യ ചെലവഴിക്കല്‍ എന്നത് കേവലം ഒരു ശതമാനത്തോളമാണ് ഇക്കാര്യത്തിലുള്ള ലോകത്തിലെ ഏറ്റവും താഴ്ന്ന തുകയാണിത്. ഉദാഹരണത്തിന്, 2017-18ല്‍ അത് 1.17 ശതമാനമായിരുന്നു; അതായത് 'താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെക്കാളും' (1.57 ശതമാനമായിരുന്നു ഈ ഗ്രൂപ്പിന്‍റെ അന്നത്തെ  കണക്ക്) വളരെ കുറഞ്ഞ കണക്കാണ് ഇത്. യൂറോപ്യന്‍ യൂണിയനില്‍ മൊത്തം ഈ തുക ഏതാണ്ട് 7 ശതമാനമായിരുന്നു; നേരത്തെ പറഞ്ഞതുപോലെ, യൂറോപ്യന്‍ രാജ്യങ്ങള്‍ ക്ഷേമരാഷ്ട്രത്തിന്‍റെ നെടുംതൂണായ പൊതു ആരോഗ്യപരിരക്ഷാ സംവിധാനത്തില്‍ ഊന്നുന്നവയാണ്.   

ജിഡിപിയുടെ ശതമാനത്തില്‍ ഇന്ത്യയുടെ ജനാരോഗ്യമേഖലയ്ക്കായുള്ള ചെലവഴിക്കല്‍ അയല്‍രാജ്യങ്ങളായ ശ്രീലങ്കയുടേതിനെയും ഭൂട്ടാന്‍റേതിനെയും നേപ്പാളിന്‍റേതിനെയുംകാള്‍ കുറവാണ്; എന്നാല്‍ പ്രതിശീര്‍ഷ വരുമാനത്തിന്‍റെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ ദരിദ്രമാണ് ഇതില്‍ മിക്ക രാജ്യങ്ങളും.

അതുപോലെതന്നെ നമ്മളെ  ഞെട്ടിപ്പിക്കുന്ന ഒരു വസ്തുതയാണ് ജിഡിപിയില്‍ പൊതു ആരോഗ്യപരിരക്ഷാ ചെലവഴിക്കലിന്‍റെ ശതമാനം ഏകദേശം ഒരു ശതമാനത്തില്‍ തട്ടിനില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു ദശകത്തിലധികമായി എന്നത്. 2004-05 കാലത്ത് അത് 0.9 ശതമാനമായിരുന്നു; 2010-11ല്‍ അത് 1.1 ശതമാനമായും,  2017-18ല്‍ 1.17 ശതമാനമായും ,2018-19ല്‍ 1.28 ശതമാനമായുമാണ് ഉയര്‍ന്നത്. അനുപാതത്തിലുള്ള ഈ സ്തംഭനാവസ്ഥ താഴെപ്പറയുന്ന കാരണങ്ങളാല്‍ ശ്രദ്ധേയമാണ്.

നികുതി - ജിഡിപി അനുപാതം  മാറ്റമില്ലാതെ തുടരുന്നു എന്നു കരുതിയാല്‍പോലും, ജിഡിപി വര്‍ധിക്കുന്നതിനനുസരിച്ച് ഗവണ്‍മെന്‍റിന്‍റെ നികുതി വരുമാനവും സമാനമായ നിരക്കില്‍ വര്‍ധിക്കണം. എന്നാല്‍ ഭരണപരമോ പ്രതിരോധവുമായി ബന്ധപ്പെട്ടതോ പോലെയുള്ള നിരവധി ഇനം ചെലവുകള്‍ വര്‍ധിപ്പിക്കേണ്ടതില്ല; അങ്ങനെചെയ്യുകയാണെങ്കില്‍ മറ്റ് ഇനങ്ങള്‍ക്ക് കൂടുതല്‍ ചെലവഴിക്കാനാകും; ഈ മറ്റ് ഇനങ്ങളിലുള്ള ചെലവുകള്‍ അതിവേഗ നിരക്കില്‍ വര്‍ധിപ്പിക്കാനും അവയുടെ ജിഡിപി വിഹിതം ഉയര്‍ത്തുവാനും സാധിക്കും.ആരോഗ്യരംഗത്തെ ചെലവഴിക്കല്‍ അത്തരത്തിലൊരു ഇനമാണ്. 

 ആരോഗ്യ ചെലവിനായുള്ള ജിഡിപി വിഹിതം ഉയര്‍ത്തണമെന്നാഗ്രഹിക്കുന്നതിന് മറ്റൊരു കാരണമുണ്ട്. മൊത്തം അധ്വാനശക്തിയിലെ തൊഴിലാളികളുടെ കരുതല്‍ശേഖരത്തിന്‍റെ ആപേക്ഷികമായ വലുപ്പം കുറയ്ക്കുന്നതിന് നവലിബറല്‍ വാഴ്ചക്കാലത്തെ തൊഴിലവസര വളര്‍ച്ചാനിരക്ക് വേണ്ടത്ര പര്യാപ്തമല്ല; അതുകൊണ്ടുതന്നെ സഹജമായ പ്രവണത, തൊഴിലുള്ള തൊഴിലാളികളുടെ യഥാര്‍ത്ഥ കൂലി അവര്‍ക്ക് കഷ്ടിച്ച് ജീവിച്ചുപോകുന്നതിനുള്ള നിലയുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്നതിനാണ്; ഒപ്പംതന്നെ ആപേക്ഷികമായ തൊഴിലാളികളുടെ വിപുലമായ കരുതല്‍ശേഖരംമൂലം തൊഴിലില്ലായ്മയും തൊഴിലവസരവും തമ്മിലുള്ള അനുപാതം  വര്‍ധിച്ചതിനാല്‍, അധ്വാനിക്കുന്ന ജനതയുടെ ശരാശരി ജീവിതനിലവാരം അനിയന്ത്രിതമായി മോശമായിക്കൊണ്ടിരിക്കുകയാണ്;അങ്ങനെയായിരിക്കുമ്പോള്‍പോലും തൊഴിലാളിയുടെ ഉത്പാദനക്ഷമതയിലെ വര്‍ധനവുമൂലം വരുമാനത്തിലെ അസമത്വം ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്.    

അസമത്വവും അനിയന്ത്രിതമായ ദാരിദ്ര്യവും സഹജമായി വര്‍ധിക്കുമ്പോള്‍, പൊതു ആരോഗ്യ ചെലവിനുള്ള ജിഡിപി വിഹിതംഉയര്‍ത്തുകവഴി ദുരിതം ശമിപ്പിക്കുന്നതിനുള്ള ഒരു മുന്‍കൈ ഭരണകൂടം എടുക്കണമെന്ന് ആരും ആഗ്രഹിക്കും. ചുരുക്കത്തില്‍, അധ്വാനിക്കുന്ന ജനങ്ങളുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാക്കുന്ന നവലിബറലിസത്തിലെ ആ സഹജമായ പ്രവണത ഭാഗികമായി കുറയ്ക്കുന്നതിന് ഭരണകൂടത്തിന്‍റെ ഇടപെടല്‍ ആരും പ്രതീക്ഷിക്കും. എന്നാല്‍ യഥാര്‍ഥത്തില്‍ നമ്മള്‍ കാണുന്നത് ഇതിന്‍റെ നേര്‍വിപരീതമാണ്: പൊതു ആരോഗ്യസുരക്ഷാ സംവിധാനത്തെ പിന്നോട്ടുവലിച്ചുകൊണ്ട് ആരോഗ്യസുരക്ഷയെ കൂടുതല്‍ ചെലവുറ്റതാക്കുന്നതുവഴി ഈ ദുരിതത്തെ കൂടുതല്‍ രൂക്ഷമാക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് നമ്മുടെ ഭരണകൂടം നടത്തുന്നത്.

 ഇന്ത്യന്‍ മുതലാളിത്തത്തിന്‍റെ ജീര്‍ണിച്ച സ്വഭാവത്തെയാണ് ഇതുയര്‍ത്തിക്കാണിക്കുന്നത്; ഈ വ്യവസ്ഥിതി സഹജമായി പ്രയോഗിക്കുന്ന അടിച്ചമര്‍ത്തലിനെ ലഘൂകരിക്കുന്നതിനുപകരം കരുതിക്കൂട്ടി അതിനെ കൂടുതല്‍ രൂക്ഷമാക്കുന്ന ഭരണകൂട ഇടപെടല്‍ കാണിക്കുന്നത് അതാണ്. ഗവണ്‍മെന്‍റ് ആരോഗ്യപരിരക്ഷാ സംവിധാനങ്ങളിലെ സ്റ്റാഫിന് ശമ്പളം നല്‍കാത്തതും ഈ അധഃപതനത്തിന്‍റെ ഭാഗമാണ്.