നവലിബറല്‍ കാലത്തെ സാമ്പത്തിക - ജാതീയ ശ്രേണീബന്ധങ്ങള്‍

കെ എ വേണുഗോപാലന്‍

"സ്വാഭാവികമായ തൊഴില്‍ വിഭജനത്തിന്‍റെ വികസിത രൂപമാണ് ജാതിവ്യവസ്ഥ എന്നു വെറുതെ പറയാനാവില്ല. അത് ജനങ്ങളെ പരസ്പരം ഒറ്റപ്പെടുത്തിയും ശ്രേണീബദ്ധമായി വേര്‍തിരിച്ചും അധ്വാനിക്കുന്ന ജനങ്ങളെ ഭിന്നിപ്പിച്ചു ചൂഷണം ചെയ്തിരുന്ന ഒരു സാമൂഹ്യ സംവിധാനമാണ്. സ്ത്രീ  പുരുഷ അസമത്വം പോലെ ജാതി വ്യവസ്ഥയും ഏതെങ്കിലും പ്രത്യേക ഉല്‍പ്പാദന വ്യവസ്ഥയുടെ മാത്രം സൃഷ്ടിയല്ല. വ്യത്യസ്തങ്ങളായ വ്യവസ്ഥകളിലൂടെ നിലനിന്നുപോരുന്ന ഒരു പ്രതിഭാസമാണത്. അതിന്‍റെ ഗുണഭോക്താക്കള്‍ ബ്രാഹ്മണ പുരോഹിതന്മാര്‍ അല്ല. അവരതിനെ ക്രോഡീകരിച്ച് ചിട്ടപ്പെടുത്തി എന്നത് ശരിയാണ്. ഏതു വംശത്തിലും ജാതിയിലും മതത്തിലും പെട്ടവരായിരുന്നാലും ഭരണവര്‍ഗം ആണ് ജാതി വ്യവസ്ഥയുടെ ശരിയായ ഗുണഭോക്താക്കള്‍" എന്ന് പ്രശസ്ത മാര്‍ക്സിയന്‍ ചരിത്ര പണ്ഡിതനായ ഇര്‍ഫാന്‍ ഹബീബ് ജാതിവ്യവസ്ഥയെ വിലയിരുത്തിയിട്ടുണ്ട്.

ഈ ജാതി വ്യവസ്ഥ സാമ്പത്തിക അസമത്വത്തിനിടയാക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനാണ് ഇവിടെ ശ്രമിക്കുന്നത്.ലോകത്തിലെ സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്ന പല രാജ്യങ്ങളിലേതിനോടും സമാനമാണ് ഇന്ത്യയിലെ സാമ്പത്തിക അസമത്വവും. 1961 മുതല്‍ 2012 വരെയുള്ള സാമ്പത്തിക അസമത്വത്തിന്‍റെയും സാമ്പത്തിക കേന്ദ്രീകരണത്തിന്‍റെയും കണക്കുകള്‍ കാണിക്കുന്നത് ഇന്ത്യന്‍ ജനതയുടെ ദശാംശത്തില്‍ ഒരു ഭാഗം മാത്രം വരുന്ന വിഭാഗത്തിന്‍റെ കൈകളില്‍ സമ്പത്ത് കുന്നുകൂട്ടപ്പെട്ടിരിക്കുന്നു എന്നാണ്.

സാമ്പത്തിക അസമത്വം എന്നത് സാമ്പത്തിക ഘടകങ്ങളെ മാത്രം ആശ്രയിച്ചു നിലനില്‍ക്കുന്ന ഒരു പ്രതിഭാസമല്ല. കാരണം പല രാജ്യങ്ങളിലെയും സാമ്പത്തിക അസമത്വത്തിലുണ്ടാകുന്ന വര്‍ദ്ധനവ് അവരുടെ സാമ്പത്തിക വികസന നിലവാരവും ആയി ഒത്തു പോകുന്നതല്ല. ജനസംഖ്യാപരവും സാമൂഹികവും രാഷ്ട്രീയവും പാരിസ്ഥിതികവുമായ ഒട്ടേറെ ഘടകങ്ങള്‍ ഈ അസമത്വത്തിന് സംഭാവന നല്‍കുന്നുണ്ട്. അമേരിക്കയിലെ വംശീയത,ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനം,ബ്രസീലിലെ വംശീയ വിവേചനം,മിഡില്‍ ഈസ്റ്റിലെ എണ്ണ സമ്പത്ത് എന്നിവ ഇത്തരത്തിലുള്ള സാമ്പത്തികേതര ഘടകങ്ങള്‍ ആണ്. ഇന്ത്യയ്ക്കാവട്ടെ ഏറെക്കുറെ അതിന്‍റെ സവിശേഷമായ ജാതി വ്യവസ്ഥയുമുണ്ട്. സമൂഹത്തിന്‍റെ സങ്കുചിതമായ ശ്രേണിവത്കരണത്തിന് കാരണമാകുന്ന ഒന്നാണ് ജാതി വ്യവസ്ഥ. അത് സാമ്പത്തിക അസമത്വത്തിന് കാരണമാവുന്നത് എങ്ങനെ എന്ന് കണക്കുകള്‍ വച്ച് പരിശോധിക്കാം.

ജനസംഖ്യയില്‍ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള 10 ശതമാനത്തിനു മുകളിലുള്ളവരുടെ അസമത്വമാണ് ഇവിടെ വിവരിക്കുന്നത്.1981 ല്‍ ഇന്ത്യയിലെ 10 ശതമാനം വരുന്ന അതിസമ്പന്ന വിഭാഗത്തിന്‍റെ കൈകളിലുള്ള സ്വത്ത് 45% മാത്രമായിരുന്നെങ്കില്‍ 2012 ല്‍ അത് 63 ശതമാനമായി വര്‍ധിച്ചു. അതേപോലെ അന്ന് ഈ പത്ത് ശതമാനത്തില്‍ ഉള്ള ഏറ്റവും ഉയര്‍ന്ന ഒരു ശതമാനത്തിന്‍റെ കൈവശമുണ്ടായിരുന്നത് 30% സ്വത്ത് മാത്രമായിരുന്നെങ്കില്‍ 2012 ല്‍ അത് 50 ശതമാനമായും വര്‍ദ്ധിക്കുകയുണ്ടായി. ഓരോ പത്തു വര്‍ഷത്തെയും കണക്കെടുത്തു പരിശോധിച്ചാല്‍ 1971 ഒഴികെ എല്ലാ പത്തുവര്‍ഷം കൂടുമ്പോഴും ഇവരുടെ കൈകളില്‍ ഉള്ള സ്വത്തിന്‍റെ കേന്ദ്രീകരണം വര്‍ദ്ധിക്കുകയായിരുന്നു എന്നു കാണാനാകും. അതേസമയം സാമ്പത്തികമായി താഴേത്തട്ടില്‍ നില്‍ക്കുന്ന 50 ശതമാനം ജനങ്ങളുടെ കയ്യില്‍ ഉള്ളത് വെറും എട്ട് ശതമാനം സ്വത്തു മാത്രമാണ്. ഇതിനിടയിലുള്ള 40 ശതമാനം വരുന്ന ഇടത്തരം വിഭാഗത്തിന്‍റെ കൈകളില്‍ ഉള്ളത് ഏകദേശം 35 ശതമാനത്തോളം സമ്പത്ത് മാത്രമാണ്. ഇതുതന്നെ നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യത്യസ്ത തോതിലാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഭൂമി,കെട്ടിടം മുതലായവ തന്നെയാണ് സ്വത്തുടമസ്ഥതയുടെ പ്രധാന രൂപം. 90% സ്വത്തും ഇങ്ങനെയാണ് സംഭരിക്കപ്പെട്ടിരിക്കുന്നത്. ധനപരമായ ആസ്തികള്‍ ഏഴ് ശതമാനം മാത്രമാണ്. ഇതാകട്ടെ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ കുറവാണ്. അമേരിക്കയില്‍ ഇത് 48.3 ശതമാനവും ഫ്രാന്‍സില്‍ 31 ശതമാനവും ആണ്.

വരുമാനത്തിലും മിച്ചം വെപ്പിലുമുള്ള അസമത്വമാണ് അസമത്വവര്‍ദ്ധനവിനുള്ള ഒരു കാരണം. എന്നാല്‍ ചരിത്രപരമായി സമൂഹത്തില്‍ നിലനിന്നു വരുന്ന സമ്പത്തിന്‍റെ വിതരണവും ഈ അസമത്വം തുടരുന്നതിന് ഒരു കാരണം തന്നെയാണ്. രാജ്യത്തിന്‍റെ മിക്കവാറും ഭാഗങ്ങളില്‍ ചരിത്രപരമായി തന്നെ ഉയര്‍ന്ന ജാതിക്കാര്‍ക്ക് ഭൂമി പതിച്ചു കൊടുക്കുകയും  അവര്‍ കൈവശപ്പെടുത്തി രേഖ ഉണ്ടാക്കുകയും ചെയ്തിരുന്നു.

ജാതിയും വര്‍ഗ്ഗവും

ഇന്ത്യയില്‍ ആറായിരത്തിലേറെ ജാതികളും മുപ്പതിനായിരത്തോളം ഉപജാതികളും ഉണ്ട്. അവ ഓരോന്നിനെയും വേര്‍തിരിച്ചെടുത്ത് പഠനം നടത്തുക അപ്രായോഗികമാണ്. അതുകൊണ്ടുതന്നെ ജാതി ശ്രേണിയില്‍ ഏറ്റവും താഴെ നില്‍ക്കുന്ന പട്ടികജാതി - പട്ടികവര്‍ഗക്കാര്‍, മറ്റു പിന്നാക്ക ജാതിക്കാരും മുസ്ലീങ്ങളും, മുന്നാക്ക ജാതിക്കാര്‍ എന്നിങ്ങനെ തിരിച്ചുള്ള പഠനമാണ് ഇവിടെ ആശ്രയിച്ചിട്ടുള്ളത്.

ഇതനുസരിച്ച് വ്യത്യസ്ത ജാതി വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ സ്ഥിതി പരിശോധിക്കാം. 2012ലെ സ്ഥിതി അനുസരിച്ച് പട്ടികജാതിക്കാരുടെ ശരാശരി വാര്‍ഷിക വരുമാനം 89,356 രൂപയാണെങ്കില്‍ പട്ടികവര്‍ഗക്കാരുടേത് 75,216 രൂപ മാത്രമാണ്. മറ്റു പിന്നാക്ക ജാതിക്കാര്‍ക്ക് ആവുമ്പോള്‍ അത് 1,04,099 രൂപയും മുന്നാക്ക ജാതിയിലെ ബ്രാഹ്മണരുടേത് 1,67,013 രൂപയുമായി വര്‍ദ്ധിക്കുന്നു. ബ്രാഹ്മണ ഇതര മേല്‍ജാതിക്കാരുടേത് 1,64,633 രൂപ ആണ്. മുസ്ലിം ജനവിഭാഗത്തിന്‍റേത് 1,05,538 രൂപയാണ്. ഇതരവിഭാഗങ്ങളുടേത് 2,42,708 രൂപയാണ്. ആകെ ജനസംഖ്യാ ശരാശരി 1,13,222 രൂപയാണ്. ശരാശരിയില്‍ താഴെ നില്‍ക്കുന്നത് ജാതീയമായി താഴെ നില്‍ക്കുന്നവരാണ് എന്ന് ഇതില്‍ നിന്നു വ്യക്തമാണ്.

ആളോഹരി വരുമാനത്തിലും ഈ വ്യത്യാസം ഏറെക്കുറെ സമാനമായി തുടരുന്നു. പട്ടികജാതി 19,032 രൂപ, പട്ടിക വര്‍ഗം 16,401 രൂപ, മറ്റു പിന്നോക്കം 21,546 രൂപ, ബ്രാഹ്മണര്‍ 35,303രൂപ, ബ്രാഹ്മണ ഇതര മുന്നോക്ക ജാതിക്കാര്‍ 36,060 രൂപ, മുസ്ലീങ്ങള്‍ 20,046 രൂപ, മറ്റുള്ളവര്‍ 56,048 രൂപ എന്നിങ്ങനെയാണ്. ശരാശരിയാവട്ടെ 23,798 രൂപയും. ഇവിടെയും പിന്നോക്കക്കാര്‍ പിന്നില്‍ തന്നെ.

ഈ വിഭാഗങ്ങള്‍ മൊത്തം കൈവശം വയ്ക്കുന്ന ആസ്തിയിലും ഈ വ്യത്യസ്തത പ്രകടമാണ്. പട്ടികജാതി 12.7, പട്ടികവര്‍ഗ്ഗം 10.2,മറ്റ് പിന്നോക്കക്കാര്‍ 14.7,ബ്രാഹ്മണര്‍ 18.2, ബ്രാഹ്മണ ഇതര മുന്നോക്കക്കാര്‍ 17.9,മുസ്ലിം 13.3,ഇതര വിഭാഗക്കാര്‍ 22.2 രണ്ട് എന്നിങ്ങനെയാണ് സൂചിക കാണിക്കുന്നത്. ഇതും വ്യക്തമാക്കുന്നത് പട്ടികജാതി പട്ടികവര്‍ഗക്കാര്‍ മറ്റു പിന്നാക്ക ജാതിക്കാര്‍ എന്നിവര്‍ സാമ്പത്തികമായും പിന്നാക്കമാണ് എന്നാണ്.
ചുരുക്കിപ്പറഞ്ഞാല്‍ ജാതി - ജന്മി - നാടുവാഴിത്ത വ്യവസ്ഥ എന്ന് ഇ എം എസ് വിളിച്ച ഇന്ത്യയിലെ ഫ്യൂഡല്‍ വ്യവസ്ഥയുടെ കാലത്ത് നിലനിന്നിരുന്ന സാമ്പത്തികവും ജാതീയവുമായ ശ്രേണി ബന്ധങ്ങള്‍ കാര്യമായ വ്യത്യാസമൊന്നും കൂടാതെ ഈ നവലിബറല്‍ കാലത്തും നിലനിന്നു വരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.