കറുത്ത മനുഷ്യന്‍റെ ജീവനു വിലകല്‍പ്പിക്കാത്ത അമേരിക്കന്‍ ഭരണകൂടം

ആര്യ ജിനദേവന്‍

അമേരിക്കയില്‍ ജോര്‍ജ് ഫ്ളോയിഡും തൊട്ടുപിന്നാലെ റെയ്ഷാര്‍ഡ് ബ്രൂക്സും വെള്ളക്കാരുടെ വംശീയവെറിക്ക് ഇരയായി കൊല്ലപ്പെട്ടത് അവിടെ നടക്കുന്ന ആദ്യത്തെ സംഭവമല്ല, അവസാനത്തേതാകുകയുമില്ല. ജോര്‍ജ് ഫ്ളോയിഡിനെ കഴുത്തുഞെരിച്ച് കൊല്ലുന്നതിനും 5 ആഴ്ചമുന്‍പാണ് മയക്കുമരുന്നു കൈവശംവെച്ചുവെന്ന പേരില്‍ എമര്‍ജെന്‍സി മെഡിക്കല്‍ ടെക്നീഷ്യനായ ബ്രിയോന ടെയ്ലര്‍ എന്ന കറുത്ത വര്‍ഗക്കാരിയെ വെള്ളക്കാരായ പൊലീസുകാര്‍ വെടിവെച്ചുകൊന്നത്. അതിനും 10 ആഴ്ച മുന്‍പാണ്, കൃത്യമായി പറഞ്ഞാല്‍ 2020 ഫെബ്രുവരി 23 നാണ്, ഫുട്ബോള്‍ താരമായ അഹമദ് ആര്‍ബെറി എന്ന 25കാരന്‍ കൊല്ലപ്പെട്ടത്.
ആര്‍ബെറിക്കുനേരെ വെടിയുതിര്‍ത്തത് പക്ഷേ പൊലീസായിരുന്നില്ല; മറിച്ച് വെള്ളക്കാരായ ഒരച്ഛനും മകനുമായിരുന്നു.ഫുട്ബോള്‍ താരമായിരുന്ന ആര്‍ബെറി ജോഗിങ്ങിനിടയില്‍ വഴിമധ്യേ കണ്ട പണിപൂര്‍ത്തിയാകാത്ത ഒരു കെട്ടിടത്തില്‍കയറി, വെറും കൗതുകംകൊണ്ട് അതിനകവും ചുറ്റുപാടുമെല്ലാം നോക്കിയശേഷം പുറത്തിറങ്ങി, ജോഗിങ് തുടര്‍ന്നു. അപ്പോഴാണ് അദ്ദേഹത്തെ പിന്തുടര്‍ന്നെത്തിയ ഗ്രെഗ് മക്മൈക്കിളും മകന്‍ ട്രാവീസ് മക്മൈക്കിളും ആര്‍ബെറിയെ വെടിവെച്ചുകൊന്നത്.

തന്‍റേതോ തനിക്ക് വേണ്ടപ്പെട്ടവരുടേതോ അല്ലാത്ത ഒരിടത്തേക്ക് അനുവാദമില്ലാതെ കടന്നുവെന്ന തെറ്റ് അഹ്മദ് ആര്‍ബെറി ചെയ്തുവെന്നതാണ് ഈ അരുംകൊലയ്ക്ക് കാരണമായി പറയുന്നത്. പണിതീരാത്ത കെട്ടിടം ഇവരുടേതായിരുന്നില്ല. അതിനുള്ളിലേക്ക് ആര്‍ബെറി കയറിനോക്കുന്നതോ തിരിച്ചിറങ്ങുന്നതോ ഇവര്‍ കണ്ടതുമില്ല. ആ കെട്ടിടത്തിനടുത്തുള്ള മറ്റൊരാള്‍ പറഞ്ഞുള്ള അറിവാണ് ആര്‍ബെറി ആ കെട്ടിടത്തില്‍ കയറിയതു സംബന്ധിച്ചു ആ അച്ഛനും മകനുമുണ്ടായിരുന്നത്.അപ്പോള്‍ വെടിവെച്ചുകൊല്ലാന്‍ അവര്‍ക്കെന്താണ് അധികാരം? ഒരധികാരവുമില്ല.    

അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും നിലവിലുള്ള ഒരു നിയമത്തിന്‍റെ പിന്‍ബലത്തിലാണ് മക്മൈക്കിളും മകനും ചേര്‍ന്നു ആര്‍ബെറി എന്ന ചെറുപ്പക്കാരനെ പിന്തുടര്‍ന്ന്  വെടിവെച്ചുകൊന്നത്. സിറ്റിസണ്‍സ് അറസ്റ്റ് (ഒരു കുറ്റകൃത്യംകണ്ടാല്‍ ആ കുറ്റം ചെയ്തയാളെ തടഞ്ഞുവെച്ച് പൊലീസിനെ ഏല്‍പ്പിക്കാന്‍ പൗരര്‍ക്ക് അധികാരം നല്‍കുന്ന നിയമം)എന്ന നിയമസംവിധാനത്തിന്‍റെ പിന്‍ബലമാണ് മക് മൈക്കിളും മകനും ഈ കടുംകൈ ചെയ്യാന്‍ അവസരം നല്കിയത്. അച്ഛന്‍ മക് മൈക്കിള്‍ റിട്ടയര്‍ ചെയ്ത ഒരു പൊലീസുകാരനാണെന്ന പ്രത്യേകതയുമുണ്ട്.അതിനുംപുറമേ 2019 ഡിസംബറില്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ അനധികൃതമായി അതിക്രമിച്ചു കടക്കുന്നവരെ തടയാനും പൊലീസിന് പിടിച്ചുകൊടുക്കാനുമുള്ള വൊളണ്ടിയറായി രജിസ്റ്റര്‍ ചെയ്തിരുന്നു എന്ന പ്രത്യേകതയും മക് മൈക്കിളിനുണ്ട്.

പണിതീരാത്ത ആ വീടിന്‍റെ ഉടമകള്‍ രണ്ടുമണിക്കൂര്‍ യാത്രചെയ്താല്‍ സ്ഥലത്തെത്തുന്ന ദൂരത്താണ് താമസിച്ചിരുന്നത്. ആ വീടിന്‍റെ അടുത്താണ് താന്‍ താമസിക്കുന്നതെന്നും ആരെങ്കിലും അതിക്രമിച്ചുകടന്നതായി ഉടമകളുടെ സിസിടിവി ക്യാമറയിലൂടെ മനസിലാക്കിയാലുടന്‍ തന്നെ അറിയിച്ചാല്‍ അക്രമിയെ പിടികൂടി ഏല്‍പ്പിക്കാമെന്നുമുള്ള മക് മൈക്കിളിന്‍റെ ഒരു സന്ദേശം പൊലീസ് ഡിപ്പാര്‍ട്ടുമെന്‍റുവഴി കെട്ടിടത്തിന്‍റെ ഉടമയ്ക്ക് അയച്ചിരുന്നു.എന്നാല്‍ ആര്‍ബെറി കൊല്ലപ്പെടുന്നതിനുമുന്‍പ് കെട്ടിടമുടമ ആ സന്ദേശം കണ്ടിട്ടില്ലെന്നു മാത്രമല്ല, തങ്ങളുടെ വീട് നിരീക്ഷിക്കാന്‍ മക് മൈക്കിളിനെ അവര്‍ ഏല്പിച്ചിട്ടുമുണ്ടായിരുന്നില്ല.
അഹ്മദ് ആര്‍ബെറി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കവേയാണ് ഈ വിവരമെല്ലാം പുറത്തുവരുന്നത്.പൊലീസന്വേഷണത്തില്‍ ജോര്‍ജ് ബ്രയാന്‍ എന്ന മറ്റൊരു വെള്ളക്കാരന്‍കൂടി ഈ കൊലപാതകത്തിന്നുത്തരവാദിയായുണ്ട് എന്ന് കണ്ടെത്തി.അയാളാണ് മക്മൈക്കിളിനെയും മകനെയും ആര്‍ബെറി ആളില്ലാത്ത കെട്ടിടത്തില്‍ അനധികൃതമായി കടന്ന വിവരം അറിയിച്ചത്. അയാളും മക്മൈക്കിള്‍മാരെ പിന്തുടരുകയും ചെയ്തിരുന്നു. ഇവര്‍ പിന്തുടര്‍ന്നതുകണ്ട് ആര്‍ബെറി (മക്മൈക്കിള്‍മാരുടെ കൈവശം തോക്കുണ്ടായിരുന്നുവെന്ന് മാത്രമല്ല,അവര്‍ ഒരു ട്രക്കിലായിരുന്നു ആര്‍ബെറിയെ പിന്തുടര്‍ന്നത്) പ്രാണരക്ഷാര്‍ത്ഥം വഴിതിരിഞ്ഞ് ഓടി. അയാള്‍ കൊള്ളക്കാരനായതുകൊണ്ടാണ് ഓടിയത് എന്നാണ് മക് മൈക്കിള്‍മാര്‍ പറഞ്ഞത്.

ഈ കേസിന്‍റെ അന്വേഷണത്തിന്‍റെ നാള്‍വഴികള്‍ പരിശോധിക്കുമ്പോഴാണ് അമേരിക്കയില്‍ നീതിന്യായത്തിന്‍റേയും ക്രമസമാധാനപാലനത്തിന്‍റെയും കുറ്റാന്വേഷണത്തിന്‍റേയും ചുമതലയുള്ള അധികാരികള്‍ എത്രത്തോളം വംശീയ വിദ്വേഷം പുലര്‍ത്തുന്നവരാണ് എന്ന് ബോധ്യപ്പെടുന്നത്.അന്വേഷണ ചുമതലയേറ്റ ആദ്യത്തെ പ്രോസിക്യൂട്ടര്‍ മക് മൈക്കിള്‍ തന്‍റെ ഓഫീസില്‍ മുന്‍പ് സഹപ്രവര്‍ത്തകനായിരുന്നു എന്നുപറഞ്ഞു ഒഴിഞ്ഞുമാറി. രണ്ടാമത് നിയോഗിക്കപ്പെട്ടയാള്‍ കണ്ടെത്തിയ നിഗമനം മക്മൈക്കിള്‍മാര്‍ നിയമാനുസരണമുള്ള സ്വയംരക്ഷയുടെ ഭാഗമായാണ് വെടിവെച്ചത് എന്ന വാദം മുന്നോട്ടുവെച്ച് ഈ കേസന്വേഷണത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു,മൂന്നാമത് നിയോഗിക്കപ്പെട്ടയാള്‍ കേസ് ജോര്‍ജിയയിലെ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് കൈമാറുകയായിരുന്നു.

ജോര്‍ജിയയിലെ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഗ്രെഗ് മക് മൈക്കിളിനെയും മകന്‍ ട്രവീസ് മക് മൈക്കിളിനെയും കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും  കേസന്വേഷണത്തില്‍ തുടരാന്‍ നാലാമതൊരു പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.തുടര്‍ന്നു ജോര്‍ജ് ബ്രയാനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അറസ്റ്റുചെയ്തു. 

വിചാരണവേളയില്‍ ഇവര്‍ കോടതിയില്‍ വാദിച്ചത്, അമേരിക്കയില്‍ പതിനെട്ടാം നൂറ്റാണ്ടുമുതല്‍ത്തന്നെ നിലവിലുള്ള നിയമം തങ്ങള്‍ക്ക് നല്‍കുന്ന അവകാശം ڊഅതായത് പൗരര്‍ക്ക് കുറ്റവാളികളെ തടഞ്ഞുവെയ്ക്കാനുള്ള അവകാശം പ്രയോഗിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ്.പൊലീസ് സംവിധാനം വേണ്ടത്ര വികസിച്ചിട്ടില്ലാതിരുന്ന ആ കാലത്ത് കടകളിലും മറ്റും മോഷണമോ മറ്റു കുറ്റകൃത്യങ്ങളോ നടന്നാല്‍ പൊലീസ് എത്തുന്നതുവരെ കുറ്റവാളിയെ തടഞ്ഞുവയ്ക്കാന്‍ പൗരര്‍ക്ക് അധികാരം നല്‍കുന്നതിനാണ് ഈ നിയമം നിര്‍മിച്ചത്. എന്നാല്‍ തുടക്കം മുതല്‍തന്നെ ഇതിനിരയാക്കപ്പെട്ടത് കറുത്തവരായിരുന്നുവെന്നതാണ് വസ്തുത .തടഞ്ഞുവയ്ക്കുക മാത്രമല്ല വെള്ളക്കാരായ ആള്‍ക്കൂട്ടം ശിക്ഷാഭയമില്ലാതെതന്നെ ഈ കറുത്ത മനുഷ്യരെ തല്ലികൊല്ലുകയും ചെയ്തിരുന്നു. 1870നും 1950നും ഇടയ്ക്ക് 4,400ല്‍ അധികം കറുത്ത വംശജരെ,സ്ത്രീകളെയും കുട്ടികളേയും ഉള്‍പ്പെടെ, അമേരിക്കയില്‍ വെള്ളക്കാരായ ആള്‍ക്കൂട്ടം ഇങ്ങനെ തല്ലിക്കൊന്നതായാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ആ തോതിലല്ലെങ്കിലും ഇപ്പോഴും അത് ഭരണകൂട സംരക്ഷണയോടെ തുടരുന്നുവെന്നതാണ് അഹമദ് ആര്‍ബെറിയുടെ കൊലപാതകം തെളിയിക്കുന്നത്.

കുറ്റകൃത്യം കണ്ടാല്‍ ആ കൃത്യം ചെയ്തയാളെ തടഞ്ഞുവയ്ക്കണമെന്നല്ലാതെ കൊലപ്പെടുത്താനുള്ള വകുപ്പ് ഇല്ല. കുറ്റവാളി ആക്രമിച്ചപ്പോള്‍ സ്വയരക്ഷയ്ക്കായുള്ള പ്രത്യാക്രമണത്തില്‍ കൊല്ലേണ്ടതായി വന്നു എന്ന ന്യായീകരണത്തില്‍ വെള്ളക്കാരായ കൊലയാളികള്‍ അമേരിക്കന്‍ കോടതികളില്‍ കുറ്റവിമുക്തരാക്കപ്പെടുന്നു. മറിച്ച് ഇതേ ന്യായം കറുത്തവരുടെ കാര്യത്തില്‍ ബാധകമാക്കുകയുമില്ല.

2019 മെയ് മാസത്തില്‍ നടന്ന ഒരു സംഭവം കൂടി നോക്കാം. അറ്റ്ലാന്‍റ സംസ്ഥാനത്ത് 22വയസുള്ള ഒരു വെള്ളക്കാരി 62 കാരനായ ഒരു കറുത്ത വംശജനെ പിന്തുടര്‍ന്ന് വെടിവെച്ചുകൊന്നു. അയാള്‍ കുറ്റവാളിയാണെന്ന് തനിക്ക് തോന്നിയതുകൊണ്ടാണ് വെടിവെച്ചത് എന്നാണ് വെള്ളക്കാരിയുടെ വാദം.രോഗിയും അവശനുമായിരുന്ന ആ വൃദ്ധന്‍  എന്തു കുറ്റകൃത്യമാണ് ചെയ്തതെന്ന് സ്ഥിരീകരിക്കേണ്ട ബാധ്യതപോലും ആ വെള്ളക്കാരി യുവതിക്കില്ല. അതാണ് ആമേരിക്കയില്‍ ഭരണകൂടത്തിനും സ്വീകാര്യമാകുന്നത്.

കുറ്റകൃത്യം ചെയ്തതായി സംശയിച്ച് തടഞ്ഞുവയ്ക്കാനും തടഞ്ഞു വയ്ക്കപ്പെട്ടവരുടെ ആക്രമണത്തില്‍നിന്ന് സ്വയരക്ഷയ്ക്കെന്ന പേരില്‍ അവരെ വെടിവെച്ചുകൊല്ലാനും നിയമപരമായ അവസരവും നിയമത്തില്‍ പഴുതുകളുമുണ്ട്. കളിപ്പാട്ടംപോലെ കുട്ടികള്‍ക്കുവരെ യഥേഷ്ടം നിയന്ത്രണമില്ലാതെ തോക്കുകൈവശം വയ്ക്കാം; അത് പ്രയോഗിക്കുകയും ചെയ്യാം. ഇതിലെന്തെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ ആയുധ നിര്‍മാതാക്കള്‍ പല്ലും നഖവുമെടുത്ത് എതിര്‍ക്കും; അമേരിക്കന്‍ കോണ്‍ഗ്രസിലും ഗവണ്‍മെന്‍റിലും ഈ ആയുധ നിര്‍മാതാക്കളില്‍നിന്ന് പണം പറ്റുന്ന പ്രബലമായ വിഭാഗമുണ്ട് ഭരണത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ടി ആയാലും ഡെമോക്രാറ്റിക് പാര്‍ടി ആയാലും ഇതാണവസ്ഥ. അമേരിക്കയിലെ നാഷണല്‍ റൈഫിള്‍ അസോസിയേഷനും അമേരിക്കന്‍ ലെജിസ്ലേറ്റീവ് എക്സ്ചേഞ്ച് കൗണ്‍സിലും (അഘഋഇ) തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്‍റെ സന്തതിയാണ് അമേരിക്കയില്‍ നിലവിലുള്ള ആയുധം കൊണ്ടുനടക്കാന്‍ അനുമതിനല്‍കുന്ന നിയമങ്ങള്‍. അമേരിക്കയിലെ നിയമനിര്‍മാണ സഭകളിലുള്ളവരുടെ സര്‍വകക്ഷിസംഘടനയാണിത്. ഇതിന്‍റെ പ്രവര്‍ത്തനത്തിനുവേണ്ട ഫണ്ടിന്‍റെ 90 ശതമാനവും നല്‍കുന്നത് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാണ് 

ആര്‍ബെറി കൊല്ലപ്പെട്ട ജോര്‍ജിയയില്‍ ആയുധങ്ങള്‍ പരസ്യമായി കൊണ്ടുനടക്കാന്‍ അവകാശം നല്‍കുന്ന നിയമമുണ്ട് . 35 അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ലൈസന്‍സോ പെര്‍മിറ്റോ ഇല്ലാതെ തോക്ക് വാങ്ങുകയും കൈവശം വയ്ക്കുകയും ചെയ്യാം. 2008ല്‍ സ്വകാര്യ വ്യക്തികള്‍ക്ക് തോക്ക് കൈവശം വയ്ക്കാനും ഉപയോഗിക്കാനുമുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുന്നവിധത്തില്‍ സുപ്രീംകോടതിയുടെ വിധിയും ഉണ്ടായി. സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളാല്‍ കറുത്തവര്‍ക്ക് അധികവും സ്വന്തമായി തോക്ക് കൊണ്ടുനടക്കാനുള്ള ശേഷിയില്ല. മാത്രമല്ല, അവര്‍ അതുപയോഗിച്ച് ഏതെങ്കിലുമൊരു  വെളുത്ത തൊലിയുള്ളവനെ ആക്രമിച്ചാല്‍  നിയമത്തിന്‍റെ കരങ്ങള്‍ കര്‍ക്കശമായി അതിനെ നേരിടുമെന്നും ഉറപ്പാണ്.

 ഇത്ര കടുത്ത വിവേചനവും അക്രമങ്ങളും നേരിടുന്ന പശ്ചാത്തലത്തിലാണ്  2014ല്‍ ഏറിക്ക് ഗാര്‍ണര്‍ എന്ന ആഫ്രോഅമേരിക്കന്‍ യുവാവ് കഴുത്ത്ഞെരിച്ച് കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭവും ബ്ലാക് ലൈവ്സ്  മാറ്റര്‍ എന്ന പ്രസ്ഥാനത്തിന്‍റെ രൂപീകരണവും. ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2020 ജൂണില്‍ അമേരിക്കയില്‍ മാത്രമല്ല മുതലാളിത്തലോകത്താകമാനം ശക്തമായ പ്രതിഷേധ പ്രക്ഷോഭം ഉയര്‍ന്നുവന്നതും ഈ പശ്ചാത്തലത്തിലാണ്. കറുത്തവര്‍ക്കെതിരായ വിവേചനവും ആക്രമണങ്ങളും കേവലം വര്‍ണവിവേചനത്തിന്‍റെ പ്രശ്നമല്ലെന്നും വംശീയതയുടെ വേരുകള്‍ മുതലാളിത്തത്തിനുള്ളിലാണ് ആഴ്ന്നുകിടക്കുന്നതെന്നുമുള്ള തിരിച്ചറിവ് വര്‍ദ്ധിച്ചുവരുന്നതായാണ് കറുത്തവരും വെളുത്തവരും ഒരേപോലെ ഈ പ്രക്ഷോഭങ്ങളില്‍ അണിനിരക്കുന്നതിലൂടെ പ്രകടമാകുന്നത്. ജൂണ്‍ അവസാനം നടത്തപ്പെട്ട ഒരു സര്‍വേയില്‍ വ്യക്തമായത് 54 ശതമാനം അമേരിക്കക്കാരും ബ്ലാക് ലൈവ്സ് മാറ്റര്‍ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതായാണ്.74 ശതമാനം ആളുകള്‍ ഫ്ളോയിഡിന്‍റേതുപോലുള്ള കൊലപാതകങ്ങള്‍ അനീതിയാണെന്ന് പറയുന്നുണ്ട്. എന്നാല്‍ 2014 ല്‍ നടത്തിയ സമാനമായ സര്‍വേയില്‍ 37 ശതമാനം ആളുകള്‍മാത്രമാണ് അന്നത്തെ പ്രക്ഷോഭത്തെ അനുകൂലിച്ചത്.അമേരിക്കന്‍ സമൂഹത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തെയാണ് ഇത് കാണിക്കുന്നത്. കോവിഡ് 19 മഹാമാരിയെ ഗവണ്‍മെന്‍റ് കൈകാര്യം ചെയ്യുന്നതിലെ കെടുകാര്യസ്ഥതയും സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്ന് 4 കോടിയോളം അമേരിക്കക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതും ഈയൊരു മാറ്റത്തിലേക്ക് ജനങ്ങളെ നയിച്ച ഘടകങ്ങളാണ്. ഡമോക്രാറ്റിക്ക് സോഷ്യലിസം ഇന്‍ അമേരിക്ക എന്ന പ്രസ്ഥാനത്തിന്‍റെയുള്‍പ്പെടെയുള്ള ആശയപ്രചരണവും ശക്തമായ മറ്റൊരു ഘടകമാണ്.