വിപ്ലവവും വിമോചനവും

പി എസ് പൂഴനാട്

നിങ്ങള്‍ക്കൊരു വിപ്ലവകാരിയെ കൊല്ലാം, എന്നാല്‍ വിപ്ലവത്തെ കൊല്ലാനാവില്ല. നിങ്ങള്‍ക്കൊരു വിമോചന പോരാളിയെ തടവറയ്ക്കുള്ളിലേക്ക് വലിച്ചെറിയാം, എന്നാല്‍ വിമോചനത്തെ തടവിലാക്കാനാവില്ല" 
- ഫ്രെഡ് ഹാംടണ്‍

ഒന്ന്


1969 ഡിസംബര്‍ നാലാം തീയതി. സമയം അതിരാവിലെ 4.45. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍റെയും (എആക) ചിക്കാഗോ പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെയും സംയുക്തമായ നീക്കത്തെ തുടര്‍ന്ന് സായുധരായ പൊലീസ് സൈന്യം ചിക്കാഗോയിലെ ബ്ലാക്ക് പാന്തര്‍ പാര്‍ടിയുടെ  ആസ്ഥാനമന്ദിരത്തിന് സമീപത്തുള്ള ഒരു അപ്പാര്‍ട്ട്മെന്‍റിലേക്ക് ഇരച്ചുകയറി. അവിടെയായിരുന്നു ബ്ലാക്ക് പാന്തര്‍ പാര്‍ടിയുടെ മാസ്മരികനായ നേതാവും വിപ്ലവ പോരാളിയുമായ ഫ്രെഡ് ഹാംടണ്‍ തന്‍റെ പൂര്‍ണഗര്‍ഭിണിയായ പ്രണയിനിയോടൊപ്പം കഴിഞ്ഞിരുന്നത്. തലേദിവസത്തെ പാര്‍ടി പഠന ക്ലാസിനെ തുടര്‍ന്ന് ആ നാലുമുറി അപ്പാര്‍ട്ട്മെന്‍റില്‍ മറ്റു സഖാക്കളും തങ്ങിയിരുന്നു. ബ്ലാക്ക് പാന്തര്‍ പാര്‍ടിയോടൊപ്പമുണ്ടായിരുന്ന വില്ല്യം ഓനീര്‍ എന്ന ഒറ്റുകാരന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിന് ഫ്രെഡ് ഹാംടണിന്‍റെ താമസസ്ഥലത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നേരത്തെതന്നെ കൈമാറിയിരുന്നു. വില്ല്യം ഒ'നീര്‍ മറ്റൊരുകാര്യം കൂടി ചെയ്തിരുന്നു. തലേദിവസം രാത്രിയിലെ ഫ്രെഡ് ഹാംടണിന്‍റെ ഭക്ഷണ പാനീയത്തില്‍ സെക്കോ ബാര്‍ബിറ്റോന്‍ എന്ന മയക്കുമരുന്നും ആ ഒറ്റുകാരന്‍ കലര്‍ത്തിയിരുന്നു. അതുകൊണ്ടു തന്നെ ഫ്രെഡ് ഹാംടണ്‍ തന്‍റെ പ്രണയിനിയോടൊപ്പം തളര്‍ന്നുറങ്ങുകയായിരുന്നു. മാര്‍ക്ക് ക്ലാര്‍ക്ക് എന്ന പാര്‍ടി പ്രവര്‍ത്തകനായിരുന്നു അപ്പാര്‍ട്ട്മെന്‍റിന്‍റെ അന്നത്തെ കാവല്‍ ചുമതല.


1956 ആഗസ്ത് മാസത്തിലായിരുന്നു കൗണ്ടര്‍ ഇന്‍റലിജന്‍സ് പ്രോഗ്രാം എന്ന അതീവ രഹസ്യ പദ്ധതിക്ക് അമേരിക്കന്‍ ഭരണകൂടം രൂപം നല്‍കുന്നത്. അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ തകര്‍ക്കലായിരുന്നു മുഖ്യലക്ഷ്യം. പാര്‍ടിയ്ക്കെതിരെ വ്യാജ വാര്‍ത്തകള്‍ നിരന്തരം സൃഷ്ടിക്കുക, പാര്‍ടിയുടെ പേരില്‍ വ്യാജ ഫോണ്‍ സന്ദേശങ്ങള്‍ അയയ്ക്കുക, പാര്‍ടിയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് നിരന്തരമായ ഓഡിറ്റിങ്ങുകള്‍ സംഘടിപ്പിക്കുക, വ്യാജമായ ആരോപണങ്ങള്‍ നിരന്തരം ഉന്നയിക്കുക, പാര്‍ടിയുടെ സംഘടനാ സംവിധാനത്തിനുള്ളില്‍ ആഭ്യന്തരമായ വിഭജനങ്ങള്‍ സൃഷ്ടിക്കുക എന്നിവയായിരുന്നു ധൈഷണികതലത്തില്‍ ഇവരുടെ പ്രധാന ജോലി. ഇതിലൂടെ ഏറ്റവും ഹീനവും വികൃതവുമായ ഒരു രൂപം പാര്‍ടിയെക്കുറിച്ച് പൊതുസമൂഹത്തിനുള്ളില്‍ സൃഷ്ടിച്ചെടുക്കലായിരുന്നു അവരുടെ ലക്ഷ്യം. അതോടൊപ്പം കള്ളക്കേസുകളും വെടിയുണ്ടകളും കൊലകളും വ്യാജ ഏറ്റുമുട്ടലുകളും ഈ കൗണ്ടര്‍ ഇന്‍റലിജന്‍സിന്‍റ രൂപഭാവങ്ങളില്‍ അന്തര്‍ഹിതമായിരുന്നു. കമ്യൂണിസ്റ്റുകാര്‍ മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം. വംശീയ വിരുദ്ധ റാഡിക്കലുകളെയും ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെയും അവര്‍ രഹസ്യമായി വേട്ടയാടിക്കൊണ്ടിരുന്നു. വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭകരും പാരിസ്ഥിതിക പ്രവര്‍ത്തകരും അവരുടെ നോട്ടപ്പുള്ളികളായിത്തീര്‍ന്നു. കമ്യൂണിസ്റ്റുകാരും മറ്റ് നിരവധി പോരാളികളും ഭരണകൂടത്തിന്‍റെ ഈ കൗണ്ടര്‍ ഇന്‍റലിജന്‍സ് പ്രോഗ്രാമിന്‍റെ ഭാഗമായി വെടിയുണ്ടകളേറ്റ് പിടഞ്ഞുവീണു. അമേരിക്കന്‍ ഭരണകൂടത്തിന്‍റെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍റെ അഭേദ്യ ഭാഗമായിട്ടായിരുന്നു ഈ രഹസ്യ പദ്ധതിയും മുന്നേറിക്കൊണ്ടിരുന്നത്. വിമോചനപ്പോരാളികളായിരുന്ന മാല്‍ക്കം എക്സിനെയും മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിനെയും അവര്‍ വെടിവെച്ച് കൊന്നിരുന്നു. അടുത്ത ലക്ഷ്യം ഫ്രെഡ് ഹാംടണായിരുന്നു.


ആയുധധാരികളായ പൊലീസുകാര്‍ ഫ്രെഡ് ഹാംടണിന്‍റെ അപ്പാര്‍ട്ട്മെന്‍റിലേക്ക് ഇരച്ചുകയറി. അപ്പാര്‍ട്ട്മെന്‍റിന് കാവല്‍നിന്ന മാര്‍ക്ക് ക്ലാര്‍ക്കിന്‍റെ നെഞ്ച് അവര്‍ വെടിയുണ്ടകള്‍കൊണ്ട് പിളര്‍ന്നു. കിടക്കയില്‍ ഫ്രെഡ് ഹാംടണ്‍ മയങ്ങിയുറങ്ങുകയായിരുന്നു. ഒരു ബഹളത്തിനും നിലവിളികള്‍ക്കും ഫ്രെഡിനെ ഉണര്‍ത്താനായില്ല. ഫ്രെഡിന്‍റെ പൂര്‍ണ്ണ ഗര്‍ഭിണിയായ പ്രണയിനിയെ ആ മുറിയില്‍ നിന്നും പൊലീസ് സൈന്യം വലിച്ചിഴച്ച് പുറത്തെറിഞ്ഞു. തലേദിവസം ഭക്ഷണപാനീയങ്ങളിലൂടെ അകത്തുപോയ മയക്കുഗുളികയുടെ ആഘാതത്തില്‍ നിന്നും ഒന്നുണരാന്‍ പോലും ഫ്രെഡിനായില്ല. അവര്‍ ഫ്രെഡിന്‍റെ തളര്‍ന്നുകിടന്ന ആ ശരീരത്തിലേക്ക് വെടിയുണ്ടകള്‍ നിറുത്താതെ പായിച്ചു. രക്തത്തില്‍ കുളിച്ച  മൃതശരീരത്തെ അവര്‍ വലിച്ചിഴച്ചു മുറിക്കു പുറത്തു കൊണ്ടുവന്നു. പ്രാണരക്ഷയ്ക്കുവേണ്ടിയായിരുന്നു തങ്ങള്‍ക്ക് ഫ്രെഡിനെ വെടിയുണ്ടകള്‍ കൊണ്ട് കീഴ്പ്പെടുത്തേണ്ടി വന്നതെന്ന പൊലീസ് ഭാഷ്യവും അവര്‍ ചമച്ചു. അമേരിക്കന്‍ ഭരണകൂടത്തിന്‍റെ വെടിയുണ്ടകളേറ്റ് കൊല്ലപ്പെടുമ്പോള്‍ ഫ്രെഡ് ഹാംടണിന്‍റെ പ്രായം ഇരുപത്തിയൊന്നായിരുന്നു.

 

രണ്ട്


1948 ആഗസ്ത് 30ന് അമേരിക്കയിലെ ചിക്കാഗോ തെരുവോരങ്ങളിലെ ഇല്ലിനോയി എന്ന പ്രാന്തപ്രദേശത്തായിരുന്നു ഫ്രെഡ് ഹാംടണ്‍ എന്ന കറുത്ത കുട്ടി പിറന്നു വീണത്. കറുത്ത മനുഷ്യര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ കടുത്തുകൊണ്ടിരുന്ന ഒരു സന്ദര്‍ഭമായിരുന്നു അത്. അതോടൊപ്പം വംശീയ വിരുദ്ധ പ്രക്ഷോഭങ്ങളും കനത്തു തുടങ്ങിയിരുന്നു. കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ശീതയുദ്ധകാലവും അമേരിക്കന്‍ മനസ്സുകളിലേക്ക് തുളച്ചു കയറിക്കൊണ്ടിരുന്നു. ചൈനീസ് വിപ്ലവത്തിന്‍റെ വിജയം ലോകത്താകമാനമുള്ള പുരോഗമനവാദികളെ ആവേശഭരിതരാക്കിക്കൊണ്ടിരുന്നു. ഫാസിസത്തിനും നാസിസത്തിനുമെതിരെ സോവിയറ്റ് യൂണിയന്‍ നടത്തിയ ഐതിഹാസികമായ വിമോചന മുന്നേറ്റം ലോകമനസ്സാക്ഷിയെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്ന ഒരു ഘട്ടം കൂടിയായിരുന്നു അത്. മൂന്നാം ലോക രാജ്യങ്ങളില്‍ കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങള്‍ ശക്തിപ്പെട്ടുകൊണ്ടിരുന്നു. ചില രാജ്യങ്ങള്‍ സാമ്രാജ്യത്വ - കൊളോണിയല്‍ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞു കൊണ്ട് വിമോചനത്തിന്‍റെ പുതിയ സ്വപ്നങ്ങളെ വാരിപ്പുണരാനും തുടങ്ങിയിരുന്നു.
ഫ്രെഡ് ഹാംടണിന്‍റെ മാതാപിതാക്കളാകട്ടെ ട്രേഡ് യൂണിയന്‍ ആക്ടിവിസത്തിന്‍റെ അകത്തളങ്ങളിലൂടെ തങ്ങളുടെ ജീവിതത്തെ സമരോത്സുകമാക്കിക്കൊണ്ടിരുന്നു. പഠനത്തിലും കായിക പ്രവര്‍ത്തനങ്ങളിലും ഹാംടണ്‍ മുന്നിട്ടുനിന്നു. 1966ല്‍ ഉന്നത നിലവാരത്തില്‍ ബിരുദവും കരസ്ഥമാക്കി. പിന്നീട് നിയമം പഠിക്കുന്നതിനുവേണ്ടിയായിരുന്നു ഫ്രെഡ് ഹാംടണ്‍ താല്‍പര്യപ്പെട്ടത്. കറുത്ത മനുഷ്യര്‍ക്കെതിരെ അമേരിക്കയില്‍ നിരന്തരമെന്നോണം അരങ്ങേറിക്കൊണ്ടിരുന്ന പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ നിയമപരമായി പോരാടുകയെന്ന അത്യഗാധമായ താല്‍പര്യമായിരുന്നു നിയമപഠനം തെരഞ്ഞെടുക്കുന്നതിന്‍റെ പിന്നില്‍ തിളച്ചു നിന്നിരുന്നത്. ആഫ്രിക്കന്‍ - അമേരിക്കന്‍ ജനതയുടെ പൗരാവകാശ പോരാട്ടങ്ങളെ മുന്നോട്ടുനയിക്കുന്നതിനുവേണ്ടി ഡബ്ല്യുഇബി ഡ്യൂ ബോയിസിന്‍റെ നേതൃത്വത്തില്‍ 1909ല്‍ രൂപംകൊണ്ട പ്രക്ഷോഭ സംഘടനയായിരുന്നു നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്‍റ് ഓഫ് കളേഡ് പീപ്പിള്‍ /ചഅഅഇജ). തന്‍റെ പഠനകാലങ്ങളിലുടനീളം എന്‍എഎസിപിയുടെ യൂത്ത് കൗണ്‍സിലിന്‍റെ സജീവ പ്രവര്‍ത്തകനായിട്ടായിരുന്നു ഫ്രെഡ് ഹാംടണ്‍ നിലകൊണ്ടിരുന്നത്. യൂത്ത് കൗണ്‍സിലിന്‍റെ പ്രവര്‍ത്തന ഘട്ടങ്ങളിലുടനീളം സംഘടനാപാടവത്തിന്‍റെയും മാസ്മരികമായ പ്രഭാഷണശേഷിയുടെയും സജീവതയിലേക്ക് ഫ്രെഡ് ഹാംടണ്‍ നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ഈ ഘട്ടങ്ങളിലെല്ലാം ദരിദ്രരായ കറുത്ത മനുഷ്യരുടെ ഇടങ്ങളിലായിരുന്നു പലവിധ സഹായ പ്രവര്‍ത്തനങ്ങളുമായി ഫ്രെഡ് ഹാംടണ്‍ ഇടപെട്ടുകൊണ്ടിരുന്നത്. ഇങ്ങനെയുള്ള വിവിധങ്ങളായ സോഷ്യല്‍ ആക്ടിവിസത്തിലൂടെയും സമാധാനപരമായ പ്രവര്‍ത്തന പദ്ധതികളിലൂടെയും പുതിയൊരു സാമൂഹ്യ മാറ്റം സാധ്യമാണെന്ന ധാരണയായിരുന്നു അക്കാലങ്ങളിലെല്ലാം ഫ്രെഡ് ഹാംടണുണ്ടായിരുന്നത്.


1966 ഒക്ടോബറിലാണ് കുറഞ്ഞ കാലം കൊണ്ട് റാഡിക്കല്‍ രാഷ്ട്രീയ പോരാട്ടങ്ങളുടെ പ്രതീകമായിത്തീര്‍ന്ന ബ്ലാക്ക് പാന്തര്‍ പാര്‍ടി അമേരിക്കയുടെ മണ്ണില്‍ രൂപംകൊണ്ടത്. ബോബി സീല്‍, ഹ്യൂയി പി ന്യൂട്ടന്‍  എന്നീ യുവ പോരാളികളായിരുന്നു ആ പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. 1960കളില്‍ അമേരിക്കയില്‍ രൂക്ഷമായിക്കൊണ്ടിരുന്ന റാഡിക്കല്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഏറ്റവും സമരോത്സുകമായ ആവിഷ്കാരങ്ങളിലൊന്നായിരുന്നു ബ്ലാക്ക് പാന്തര്‍ പാര്‍ടി. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ വിയറ്റ്നാം യുദ്ധത്തിനെതിരെയുള്ള കടുത്ത പ്രതിഷേധ ജ്വാലകള്‍ അമേരിക്കയിലാകമാനം പടര്‍ന്നു കൊണ്ടിരുന്ന ഒരു സന്ദര്‍ഭം കൂടിയായിരുന്നു അത്. ക്യൂബന്‍ വിപ്ലവത്തിന്‍റെ ആവേശജ്വാലകളും അമേരിക്കന്‍ ക്യാമ്പസുകളിലേയ്ക്ക് അരിച്ചുകയറിക്കൊണ്ടിരുന്നു. ഈയൊരു സന്ദര്‍ഭത്തിന്‍റെ സമൂര്‍ത്തതകള്‍ക്കുള്ളിലായിരുന്നു മാര്‍ക്സിസ്റ്റ് വിപ്ലവ രാഷ്ട്രീയത്തെയും വംശീയ വിരുദ്ധതയെയും മുതലാളിത്ത വിമര്‍ശനത്തെയും കൂട്ടിയിണക്കിക്കൊണ്ടുള്ള പുതിയൊരു വിമര്‍ശന പരിപ്രേക്ഷ്യത്തെ ബ്ലാക്ക് പാന്തര്‍ പാര്‍ടി രൂപപ്പെടുത്തിക്കൊണ്ടിരുന്നത്. കറുത്തവര്‍ഗക്കാര്‍ക്കെതിരെ നടമാടിക്കൊണ്ടിരുന്ന വംശീയമായ പൊലീസ് കടന്നാക്രമണങ്ങളെ കായികമായിത്തന്നെ നേരിടാനുള്ള മുന്നൊരുക്കങ്ങളും ബ്ലാക്ക് പാന്തര്‍ പാര്‍ടിയുടെ പ്രവര്‍ത്തകര്‍ കൈക്കൊണ്ടിരുന്നു. സ്കൂള്‍ കുട്ടികള്‍ക്കായി സൗജന്യ ഭക്ഷണവും രോഗാതുരതകളാല്‍ കഷ്ടപ്പെടുന്ന ദരിദ്ര മനുഷ്യര്‍ക്കായി സൗജന്യ ക്ലിനിക്കുകളും അവര്‍ ഏര്‍പ്പെടുത്തി. ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ വലിയൊരു സ്വീകാര്യത അമേരിക്കയിലെ കറുത്ത മനുഷ്യര്‍ക്കിടയിലും പുരോഗമനവാദികളായ അവര്‍ പടുത്തുയര്‍ത്തി.


ഏറെ താമസിയാതെ ഫ്രെഡ് ഹാംടണ്‍ എന്ന യുവ പോരാളിയും ബ്ലാക്ക് പാന്തര്‍ പാര്‍ടിയുടെ ആശയാവിഷ്കാരങ്ങളുടെ ഭാഗമായിത്തീര്‍ന്നു. 1968 നവംബറിലായിരുന്നു ബ്ലാക്ക് പാന്തര്‍ പാര്‍ടിയുടെ ചിക്കാഗോ ചാപ്റ്ററിന് ഫ്രെഡ് ഹാംടണ്‍ രൂപംനല്‍കിയത്. ഉടന്‍തന്നെ അതിവിപുലമായ ഒരു കമ്യൂണിറ്റി സര്‍വീസ് പ്രോഗ്രാമിനും തുടക്കമിട്ടു. സ്കൂള്‍ കുട്ടികള്‍ക്കായി രൂപകല്‍പ്പന ചെയ്യപ്പെട്ട സൗജന്യ പ്രഭാതഭക്ഷണ പരിപാടിയായിരുന്നു അതില്‍ പ്രധാനം. അതുപോലെ നിരാലംബരായ മനുഷ്യര്‍ക്ക് സൗജന്യ വൈദ്യസഹായ പദ്ധതികളും ആസൂത്രണം ചെയ്യപ്പെട്ടു. അതോടൊപ്പം അതിവിപുലമായ ഒരു രാഷ്ട്രീയ പഠന സംവാദവേദിക്കും രൂപം നല്‍കിയിരുന്നു. പഠന ക്ലാസ്സുകളും കൈകാര്യം ചെയ്തു.


ചിക്കാഗോയിലെ തെരുവോരങ്ങള്‍ പലപ്പോഴും പല തരത്തിലുള്ള ഗ്യാങ്ങുകളുടെ പരസ്പരമുള്ള ഏറ്റുമുട്ടലുകളുടെ കേന്ദ്രങ്ങള്‍ കൂടിയായിരുന്നു. എന്നാല്‍ ഈ ഏറ്റുമുട്ടല്‍ സംഘങ്ങളെ പരസ്പരമുള്ള സംഘട്ടനങ്ങളില്‍നിന്നും വിമോചിപ്പിക്കുന്നതിലൂടെ രാഷ്ട്രീയാവബോധത്തിന്‍റെ പുതിയൊരാകാശത്തിലേക്ക് ആനയിക്കുന്നതിലും ഫ്രെഡ് ഹാംടണ്‍ സജീവമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരുന്നത്. അതിന്‍റെ ഭാഗമായി ഇത്തരത്തിലുള്ള നിരവധി ഗ്യാങ്ങുകളിലെ അംഗങ്ങളെ ബാക്ക് പാന്തര്‍ പാര്‍ടിയുടെ രാഷ്ട്രീയ സാമൂഹ്യബോധത്തിലേക്ക് അദ്ദേഹം കൊണ്ടുവരികയും ചെയ്തു. ദരിദ്രരായ യുവാക്കള്‍, വ്യത്യസ്തങ്ങളായ ഗ്രൂപ്പുകള്‍, കറുത്ത മനുഷ്യര്‍, വെള്ളക്കാര്‍ തുടങ്ങി സമൂഹത്തിലെ വിവിധ വംശീയ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട്  ഒരു "മഴവില്‍ സഖ്യ"ത്തിനും  അദ്ദേഹം രൂപം നല്‍കി. യഥാര്‍ത്ഥത്തില്‍ മഴവില്‍ സഖ്യമെന്ന പരികല്പന ആദ്യമായി മുന്നോട്ടു വച്ചതും ഫ്രെഡ് ഹാംടണായിരുന്നു.


ഇങ്ങനെ ചിക്കാഗോ മേഖലയില്‍ കൂടുതല്‍ വിപുലമായ നിലകളില്‍ ബ്ലാക്ക് പാന്തര്‍ പാര്‍ടി വളരുകയായിരുന്നു. ഫ്രെഡ് ഹാംടണിന്‍റെ സംഘടനാപാടവവും പ്രഭാഷണ മാസ്മരികതയും ബ്ലാക്ക് പാന്തര്‍ പാര്‍ടിയുടെ നേതൃസ്ഥാനങ്ങളിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചു. മാല്‍ക്കം എക്സിന്‍റെയും മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്‍റെയും വധത്തെത്തുടര്‍ന്ന് അനാഥമായിത്തീരുമെന്ന് ഭരണവര്‍ഗ്ഗം കരുതിയ കറുത്ത മനുഷ്യരുടെ വിമോചന സ്വപ്നങ്ങള്‍ വീണ്ടും കൂടുതല്‍ ശക്തിയായി പടര്‍ന്നു പിടിക്കുന്നത് ഭരണവര്‍ഗ്ഗത്തെ ഭ്രാന്തുപിടിപ്പിച്ചു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ണുകള്‍ ഫ്രെഡ് ഹാംടണിന്‍റെ നീക്കങ്ങളെ സസൂക്ഷ്മം പിന്തുടരാന്‍ തുടങ്ങിയിരുന്നു.


അമേരിക്കയുടെ ഏറ്റവും വലിയ ആഭ്യന്തര ഭീഷണിയായിട്ടായിരുന്നു ബ്ലാക്ക് പാന്തര്‍ പാര്‍ടിയെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ മേധാവി ജെ എഡ്ഗാര്‍ ഹൂവര്‍ വിശേഷിപ്പിച്ചത്. അങ്ങനെ ചിക്കാഗോയിലെ പാര്‍ടി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസിന്‍റെ കടന്നാക്രമണങ്ങള്‍ എല്ലാതരത്തിലും രൂക്ഷമായിക്കൊണ്ടിരുന്നു. നിരന്തരമായ റെയ്ഡുകള്‍, ഇടതടവില്ലാത്ത അറസ്റ്റുകള്‍. അങ്ങനെയായിരുന്നു 1969 ഡിസംബര്‍ നാലാം തീയതി ഫ്രെഡ് ഹാംടണിന്‍റെ ജീവനേയും അവര്‍ തകര്‍ത്തെറിഞ്ഞത്. പിന്നീട് കുറച്ചു വര്‍ഷങ്ങള്‍ കൂടി മാത്രമേ ആ പാര്‍ടിക്ക് സമരോത്സുകമായി നിലനില്‍ക്കാനായുള്ളൂ. ഭരണകൂടം ആ വിമോചന പ്രസ്ഥാനത്തെ ഛിന്നഭിന്നമാക്കിക്കളഞ്ഞു


മൂന്ന്


ഇരുപത്തിയൊന്നുവയസ്സിനുള്ളില്‍ ഫ്രെഡ് ഹാംടണ്‍ എന്ന വിപ്ലവ പോരാളി ജീവിച്ച ജീവിതം സമാനതകളില്ലാത്തതായിരുന്നു. മുതലാളിത്തത്തെയും വംശീയതയെയുംകുറിച്ച് ഈ കുറഞ്ഞ കാലയളവിനുള്ളില്‍ ഫ്രെഡ് ഹാംടണ്‍ പങ്കുവെച്ച ആശയങ്ങള്‍ ഏറ്റവും ശാസ്ത്രീയവും സമരോത്സുകവുമായി ഇന്നും നിലകൊള്ളുന്നു. അതുകൊണ്ടായിരുന്നു ജോര്‍ജ്ജ് ഫ്ളോയിഡ് എന്ന കറുത്ത മനുഷ്യനെ കഴുത്തുഞെരിച്ചു കൊന്ന വംശീയ മുതലാളിത്ത ഭരണകൂടവ്യവസ്ഥയ്ക്കെതിരെയുള്ള പോരാട്ട വേദികളില്‍ ഫ്രെഡ് ഹാംപ്ടണിന്‍റെ വാക്കുകള്‍ കൂടുതല്‍ ശക്തിയായി ഉയര്‍ന്നുകേട്ടത്. അമ്പതോളം വര്‍ഷങ്ങള്‍ക്കുമുമ്പായിരുന്നു ഫ്രെഡ് ഹാംടണ്‍ ഇങ്ങനെ വിളിച്ചുപറഞ്ഞത്:


"തീയ്ക്കെതിരെ തീ കൊണ്ട് പോരാടുന്നതാണ് നല്ല മാര്‍ഗ്ഗമെന്ന് ഞങ്ങള്‍ കരുതുന്നില്ല. എന്നാല്‍ തീയ്ക്കെതിരെ വെള്ളം കൊണ്ട് പോരാടുന്നതാണ് ഏറ്റവും അഭികാമ്യമായ മാര്‍ഗ്ഗമെന്ന് ഞങ്ങള്‍ കരുതുന്നു. ഞങ്ങള്‍ വംശീയതയെ വംശീയത കൊണ്ടല്ല നേരിടുന്നത്, മറിച്ച് ഐക്യദാര്‍ഢ്യം കൊണ്ടാണ്. ഞങ്ങള്‍ മുതലാളിത്തത്തെ കറുത്ത മനുഷ്യരുടെ മുതലാളിത്തം (ആഹമരസ ഇമുശമേഹശാെ) കൊണ്ടല്ല നേരിടുന്നത്, മറിച്ച് സോഷ്യലിസം കൊണ്ടാണ്. എല്ലാ പിന്തിരിപ്പന്‍ ശക്തികളെയും ഞങ്ങള്‍ നേരിടുന്നത് ജനങ്ങളുടെ സംഘാടനത്തിലൂടെയും സാര്‍വദേശീയ തൊഴിലാളി വര്‍ഗ വിപ്ലവത്തിന്‍റെ കണ്ണുകളിലൂടെയുമാണ്".


ബ്ലാക്ക് പാന്തര്‍ പാര്‍ടിയുടെ മറ്റേതൊരു പോരാളിയെക്കാളും കൂടുതല്‍ കൃത്യമായി വംശീയതയും മുതലാളിത്തവും തമ്മിലുള്ള  ബന്ധത്തെ ഫ്രെഡ് ഹാംടണ്‍ തിരിച്ചറിഞ്ഞിരുന്നു. മുതലാളിത്തത്തിനും വംശീയതയ്ക്കുമെതിരെയുള്ള സംയുക്ത പോരാട്ട പരിസരങ്ങളിലേയ്ക്കായിരുന്നു ഫ്രെഡ് എത്തിച്ചേര്‍ന്നു കൊണ്ടിരുന്നത്. ചിക്കാഗോയിലെ പണിമുടക്കുന്ന തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ചുകൊണ്ട് ആയിരക്കണക്കിനാളുകള്‍ പങ്കുകൊണ്ട ഒരു കൂറ്റന്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നതിനും നയിക്കുന്നതിനും ഫ്രെഡ് ഹാംടണ്‍ മുന്നിലുണ്ടായിരുന്നു. ഈ നിലകളിലേയ്ക്കു കൂടി ഫ്രെഡ് വികസിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ വംശീയ മുതലാളിത്ത വ്യവസ്ഥയ്ക്ക് ഫ്രെഡ് ഹാംടണിന്‍റെ ജീവനെ പറിച്ചെറിയേണ്ടതുണ്ടായിരുന്നു. കാരണം ഫ്രെഡ് ഹാംടണിന്‍റെ സൈദ്ധാന്തികവും പ്രായോഗികവുമായ പ്രവര്‍ത്തന പദ്ധതികള്‍ മുതലാളിത്ത വ്യവസ്ഥയ്ക്കെതിരെയുള്ളതായിരുന്നു. വധിക്കപ്പെടുന്നതിനും ഒരു വര്‍ഷം മുമ്പ് ഫ്രെഡ് ഹാംടണ്‍ ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്:


"മുതലാളിത്തമാണ് ആദ്യമെത്തിയത്. അതിനെ തുടര്‍ന്നാണ് വംശീയത നിലവില്‍ വന്നത്. അതായത് അടിമകളെ പിടിച്ചു കൊണ്ട് അവര്‍ ഇവിടെ എത്തിയതിനുശേഷം. എന്തിനായിരുന്നു അടിമകളെ ഇവിടെ എത്തിച്ചത്; പണമുണ്ടാക്കാനായിരുന്നു. അതുകൊണ്ടുതന്നെ ആദ്യമുണ്ടായത് പണമുണ്ടാക്കുക എന്ന ആശയമായിരുന്നു. അതിനുശേഷം ആ പണം ഉണ്ടാക്കുന്നതിനുവേണ്ടി അവര്‍ അടിമകളെ ഇവിടെ കൊണ്ടുവന്നു. അതായത്, ചരിത്രപരമായി പരിശോധിച്ചാല്‍, മുതലാളിത്തത്തില്‍ നിന്നുമാണ് വംശീയത ഉടലെടുത്തതെന്ന് മനസ്സിലാകും. മുതലാളിത്തമായിരുന്നു ആദ്യം രംഗപ്രവേശനം ചെയ്തത്. അതിന്‍റെ ഉപോല്‍പ്പന്നമായിരുന്നു വംശീയത".


ഇപ്രകാരം വംശീയതയുടെ മൂലകാരണങ്ങളിലേക്ക് മുതലാളിത്ത വ്യവസ്ഥയുടെ ബലതന്ത്രങ്ങളെയായിരുന്നു ഫ്രെഡ് ഹാംടണ്‍ സ്ഥാനപ്പെടുത്തിയത്. അതുകൊണ്ടുതന്നെ,  ആഫ്രിക്കന്‍-അമേരിക്കന്‍ മനുഷ്യരുടെ പൗരാവകാശ പോരാട്ടങ്ങള്‍ ശരിയായ അവസ്ഥാതലങ്ങളിലേയ്ക്ക് നീങ്ങണമെങ്കില്‍ അതിന് കൃത്യമായൊരു സോഷ്യലിസ്റ്റ് ദിശാബോധം ഉണ്ടായിരിക്കണമെന്നും ഫ്രെഡ് ഹാംടണ്‍ തിരിച്ചറിഞ്ഞിരുന്നു. അല്ലാത്തപക്ഷം പൗരാവകാശ പോരാട്ടങ്ങളെ ഭരണവര്‍ഗം മെരുക്കിയെടുക്കുമെന്നും  അതിലൂടെ പുതിയൊരു കറുത്ത മധ്യവര്‍ഗത്തെ അവര്‍ സൃഷ്ടിക്കുമെന്നും ഫ്രെഡ് ഹാംടണ്‍ കരുതിയിരുന്നു.

ഭരണവര്‍ഗവുമായുള്ള ഈയൊരു ഉള്‍ച്ചേരല്‍ വംശീയതയുടെയും അടിച്ചമര്‍ത്തലിന്‍റെയും സ്ഥാപന സാമഗ്രികളെ വീണ്ടും വീണ്ടും പുനരുത്പാദിപ്പിക്കുന്നതിലേയ്ക്കായിരിക്കും നയിക്കുകയെന്നും ഫ്രെഡ് ഹാംടണ്‍ മുന്‍കൂട്ടി കണ്ടിരുന്നു. ബരാക് ഒബാമയും കോളിന്‍ പവലും കൊണ്ടലീസ റൈസും യഥാര്‍ത്ഥത്തില്‍ ഫ്രെഡ് ഹാംടണിന്‍റെ നിരീക്ഷണങ്ങളെ സൂക്ഷ്മമായി ശരിവയ്ക്കുന്ന അടയാള വാക്യങ്ങളായി നമുക്ക് മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ജോര്‍ജ് ഫ്ളോയ്ഡിനെപ്പോലുള്ളവര്‍ കൊലചെയ്യപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു.