ജീവന്‍റെ വിലയുള്ള ജാഗ്രത, ആരില്‍ നിന്നും രോഗം പകരാം

ഡോ. മുഹമ്മദ് അഷീല്‍

'ബ്രേക്ക് ദ ചെയിന്‍' 
മൂന്നാംഘട്ടത്തിലേക്ക്


ബ്രേക്ക് ദ ചെയിന്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഇക്കാര്യം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പറയുകയുണ്ടായി. ഈ മൂന്നാംഘട്ടത്തെ എന്തുകൊണ്ടാണ് ജീവന്‍റെ വിലയുള്ള ജാഗ്രതയെന്ന് പറയുന്നതെന്ന് പലരും ആലോചിച്ചിട്ടുണ്ടാകാം. അതിന് മഹാമാരിയില്‍ ലോകം ഇപ്പോള്‍ എവിടെയാണെന്ന് അറിയണം. ലോകത്ത് ഒരുകോടി 36 ലക്ഷംപേര്‍ ഇപ്പോള്‍ കോവിഡ് ബാധിതരാണ്. അനുനിമിഷം ഇത് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. മരണം 6ലക്ഷത്തോടടുക്കുന്നു. ഇത് ഇടയ്ക്കിടയ്ക്ക് നമ്മളോര്‍ക്കണം. ഇനി ഇന്ത്യയിലെ കണക്കെടുത്താല്‍ രോഗബാധിതര്‍ 10ലക്ഷത്തോടടുക്കുന്നു, മരണം 25,000ത്തോളവും. നമ്മുടെ തൊട്ടടുത്ത സംസ്ഥാനങ്ങളുടെ കാര്യമെടുക്കാം. അവിടങ്ങളിലെ രോഗബാധ കൈവിട്ട അവസ്ഥയിലാണ്. കര്‍ണാടകത്തില്‍ ആകെ മരണം ആയിരം കടന്നു, കഴിഞ്ഞ രണ്ടാഴ്ച മാത്രം മരിച്ചത് 600ലധികംപേരാണ്. തമിഴ്നാട്ടില്‍ ഇതുവരെ ആകെ മരണം രണ്ടായിരം കടന്നു, 60 ഉം70ഉം പേര്‍ ദിവസേന മരിക്കുന്നു. നമ്മുടെ കേരളത്തില്‍ മരണം 35 ആയി. ഈ കണക്ക് ചെറുതെന്നല്ല പറയുന്നത് മറിച്ച് എന്തുകൊണ്ട് 'ജീവന്‍റെ വിലയുള്ള ജാഗ്രത' എന്നതിന്‍റെ പ്രസക്തിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ മരണത്തിന്‍റെയെണ്ണം ആയിരങ്ങള്‍ കടക്കുമ്പോഴും നമ്മള്‍ 35ല്‍ നില്‍ക്കുമ്പോള്‍ അവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ട ഏറെക്കാര്യങ്ങളുണ്ട്. മരണം എന്നത് മനസില്‍വെക്കണം, ജീവന്‍ രക്ഷിക്കേണ്ടതിന്‍റെ അനിവാര്യതയെക്കുറിച്ച് ബോധമുണ്ടാകണം. നമ്മുടെ തൊട്ടയല്‍ സംസ്ഥാനങ്ങളും ഇതേയവസ്ഥയിലൂടെ കടന്നാണ് ഈപ്പോള്‍ ആയിരക്കണക്കിന് മരണത്തിലേക്കെത്തിനില്‍ക്കുന്നത്. കൂടാതെ ഇന്ത്യയിലാകെ 25000 മരണം എന്ന് പറയുമ്പോള്‍ ഒരുവിധം എല്ലാ സംസ്ഥാനങ്ങളും ഇത്തരം അവസ്ഥയിലൂടെ കടന്നുപോയവരാകും അല്ലെങ്കില്‍ കടന്നുപോകുന്നുണ്ടാകും. ഏറ്റവുമാദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്ത്യന്‍ സംസ്ഥാനമായിട്ടും നമ്മുടെ ജാഗ്രത കൊണ്ട്  കോവിഡ് 19 ഗ്രാഫിനെ അക്ഷരാര്‍ത്ഥത്തില്‍ ചവിട്ടിപ്പിടിച്ചുവെച്ചിരിക്കുകയാണ്. എന്തുതന്നെയായാലും അനിവാര്യമായതിലൂടെ നാം കടന്നുപോകുകതന്നെ വേണം. കാരണം ആളുകള്‍ പുറത്തുനിന്നെത്തുന്നു, സമ്പര്‍ക്കം കൂടുന്നു, അവ ക്ലസ്റ്ററുകളായി മാറുന്നു എന്നുള്ള ശൃംഖല ഉണ്ടാകുകയാണ്. നമ്മള്‍ ജാഗ്രത പുലര്‍ത്തിയതുകൊണ്ട് 10000 കേസുകള്‍ ഉണ്ടായപ്പോഴും മരണം 35 ആയി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. അതായത് മരണനിരക്ക് 0.37. കര്‍ണാടകത്തില്‍ 1.6 ആണിത്, തമിഴ്നാട്ടില്‍ കുറെക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നിട്ടുപോലും മരണനിരക്ക് രണ്ടിനോടടുക്കുന്നു.


 നമുക്ക് എങ്ങനെയാണ് മരണനിരക്ക് 0.37ല്‍ നിര്‍ത്താനായത്? വയോജനങ്ങളും മറ്റ് രോഗങ്ങളുള്ളവരിലും വൈറസ്ബാധയുണ്ടാകുന്നത് കുറേയേറെ തടഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രതയും ഹൃദ്രോഗം, രക്തസമ്മര്‍ദം, പ്രമേഹം, കാന്‍സര്‍, വയോജനനിരക്ക് എന്നിവയും കൂടുതലുണ്ടായിരുന്നിട്ടുപോലും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നമുക്കിത് സാധിച്ചുവെന്നതാണ് സുപ്രധാനം. ഈ ക്ലസ്റ്റര്‍ രൂപീകരണത്തിന് ശേഷം പിന്നീട് വരുന്ന കണക്കുകളില്‍ വലിയ തോതില്‍ വര്‍ധനയുണ്ടാകാം. അത് നമ്മള്‍ പ്രതീക്ഷിക്കണം. ഇനിയുള്ള ദിവസങ്ങളില്‍ ആയിരം കേസുകള്‍ ഉണ്ടായാലും അത്ഭുതപ്പെടേണ്ട കാര്യമില്ല. ഇപ്പോള്‍ ആകെ സമ്പര്‍ക്ക തോത് 25 ശതമാനമാണെങ്കിലും ഓരോ ദിവസവുമത് 50 ഉം 60ഉം ശതമാനമാകുകയാണ്. എന്നിരുന്നാലും ഇപ്പോള്‍ സമ്പര്‍ക്കത്തിനെങ്കിലും ഒരു കണക്കുണ്ട്. ഒരുഘട്ടം കഴിഞ്ഞാല്‍ പിന്നെ ഇതുമില്ലാതാകും.


അമിതാഭ് ബച്ചന് കോവിഡ് ഉണ്ടായപ്പോള്‍ അതെവിടെ നിന്നുണ്ടായെന്ന് ആരും അത്ഭുതപ്പെട്ടില്ല, കാരണം മഹാരാഷ്ട്രയിലെ സ്ഥിതി അതാണ്. ആര്‍ക്കും എപ്പോഴും എവിടെനിന്നും രോഗബാധയുണ്ടായേക്കാം. അതുകൊണ്ടുതന്നെയാണ് നമ്മുടെ രണ്ടാമത്തെ മുദ്രാവാക്യം രോഗം ആരില്‍ നിന്നും പകരാം എന്നായത്. അതായത് ആര്‍ക്കും ആരില്‍ നിന്നും രോഗം പകര്‍ന്നേക്കാമെന്നുള്ളതും ഈ മഹാമാരിയുടെ അനിവാര്യമായ ഘട്ടമാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും അടിപതറിയത് ഈ ഘട്ടത്തിലാണ്. അതുകൊണ്ടുതന്നെ നമ്മള്‍ ഇത് മനസിലാക്കണം എന്ന് മാത്രമല്ല, അതിനെതിരെ ജീവന്‍റെ വിലയുള്ള ജാഗ്രത പുലര്‍ത്തണമെന്നതും മനസിലാക്കണം.


രോഗം കൂടുമ്പോള്‍ ആരോഗ്യസംവിധാനങ്ങള്‍ക്കും ചിലത് ചെയ്യാനുണ്ട്. രോഗം കൂടുന്നതിനനുസരിച്ച് ടെസ്റ്റുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. പ്രതിദിനം 16000 ടെസ്റ്റുകളാണ് ചെയ്തത്. നൂറുപേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ രണ്ടുപേര്‍ക്ക് രോഗമുണ്ടെങ്കില്‍ നമ്മള്‍ ടെസ്റ്റുകള്‍ കൂട്ടണമെന്നാണ്. ഇപ്പോള്‍ 2.17 ആണ് നിരക്ക്. ഇനിയും കൂട്ടേണ്ടതുണ്ട്. കണക്ക് പ്രകാരമാണ് മുന്നോട്ടുപോകുന്നത് അല്ലാതെ വെറുതെ ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നതല്ല. നിരക്ക് 2ല്‍ താഴെ നിര്‍ത്താന്‍ ഇനിയും ടെസ്റ്റുകളുടെ എണ്ണം കൂട്ടേണ്ടതുണ്ട്. രണ്ടാമത് കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളുടെ എണ്ണം കൂട്ടുകയാണ്. അതായത് കോവിഡിനുവേണ്ടിയുള്ള മെഡിക്കല്‍ കോളേജുകളും മറ്റ് പ്രധാനപ്പെട്ട ആശുപത്രികളും അവിടെയുള്ള ഗുരുതര രോഗികളെ അഡ്മിറ്റ് ചെയ്യാന്‍വേണ്ടി സജ്ജീകരിച്ചിട്ട്, മറ്റ് ഗുരുതരമല്ലാത്ത, ലക്ഷണങ്ങളില്ലാത്ത രോഗികളെ ചികിത്സിക്കാന്‍ വേണ്ടി സിഎഫ്ടിസി അതായത് കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ വര്‍ധിപ്പിക്കുകയാണ്. അതിനുവേണ്ടി ഓരോ ജില്ലയിലും ഓരോ ഐഎഎസ് ഓഫീസര്‍ക്ക് ചുമതല നല്‍കുകയും 50000പേര്‍ക്ക് സൗകര്യമുള്ള തരത്തില്‍ സിഎഫ്ടിസി അടുത്ത ദിവസങ്ങളില്‍ സജ്ജമാകും. കൂടാതെ വെന്‍റിലേറ്ററുകളുടെ എണ്ണം വര്‍ധിപ്പിക്കും. ഇപ്പോള്‍ കോവിഡ് ചികിത്സയ്ക്ക് 20ല്‍ താഴെയാണ് വെന്‍റിലേറ്ററുകളുടെ ഉപയോഗം. 3000വെന്‍റിലേറ്റര്‍ കരുതിവെച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇനിയും കണ്ടെത്തും. കൂടാതെ ഇവ കൃത്യമായും ഉപയോഗപ്രദമായും ഉപയോഗിക്കുന്നത് സംബന്ധിച്ച് പരിശീലനം നല്‍കിയിട്ടുണ്ട്. 8000ത്തോളം ജീവനക്കാരെയും മറ്റ് വിദഗ്ധരെയും ആരോഗ്യസംവിധാനത്തിലേക്ക് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. (ജൂലൈ 15ല്‍െ ഡാറ്റാപ്രകാരം)


ജനുവരി മുതല്‍ നമ്മുടെ മന്ത്രിയുള്‍പ്പെടെ ആരോഗ്യമേഖലയിലെ സകല ജീവനക്കാരും അതികഠിനമായി ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. കൂടാതെ കണക്കുകള്‍ നോക്കി ടെസ്റ്റും മറ്റ് കാര്യങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നു. സാഹചര്യം കൂടുതല്‍ കടുക്കുമ്പോഴും അതിനനുസരിച്ച് പരിശ്രമവുമായി നമ്മള്‍ ഇനിയും അങ്ങേയറ്റം മുന്നോട്ട് തന്നെ പോകും.


ഇതേ സമയം ജനങ്ങളും ജാഗരൂകരാകണം. രോഗികളുടെ എണ്ണം കുറയ്ക്കാനുള്ള പരിശ്രമമുണ്ടാകണം. റിവേഴ്സ് ക്വാറന്‍റൈനിലൂടെ വയോജനങ്ങളടക്കം സാധ്യത കൂടുതലുള്ളവരിലേക്ക് രോഗമെത്തുന്നത് തടയണം. കേസുകള്‍ കൂട്ടാതിരിക്കണം, മരണം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അതുകൊണ്ടുതന്നെയാണ് ജീവന്‍റെ വിലയുള്ള കരുതലാണെന്ന് പറയുന്നത്. ആരും മറ്റൊരാള്‍ക്ക് രോഗം പകര്‍ന്നുനല്‍കിയേക്കാം. അതുകൊണ്ടുതന്നെ നമുക്ക് ചുറ്റുമുള്ള രണ്ട് മീറ്റര്‍ ആണ് നമ്മുടെ സേഫ് ഏരിയയെന്ന് മനസിലാക്കണം. ആ സേഫ് ഏരിയയിലേക്ക് കടന്നുവരുന്ന ആരും രോഗം തന്നേക്കാം അല്ലെങ്കില്‍ നമ്മള്‍ അയാള്‍ക്ക് നല്‍കിയേക്കാം എന്നത് മനസില്‍വെച്ച് ഒരു കാല്‍ക്കുലേറ്റര്‍ ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം. അതുകൊണ്ടുതന്നെ രണ്ട് മീറ്റര്‍ ചുറ്റളവ് ഒരുവട്ടം നമ്മുടെ മനസിലുണ്ടാകണം.


രണ്ടാമത്തെ കാര്യം സ്ഥിരമായി മാസ്ക് ധരിക്കണം. സംസാരിക്കുമ്പോഴുണ്ടാകുന്ന മൈക്രോ ഡ്രോപ്ലെറ്റുകള്‍ വഴി വൈറസ് പകരും. പലപ്പോഴും പരിചിതരായവര്‍ തമ്മില്‍ മാസ്കില്ലാതെ സംസാരിക്കുന്നത് കാണാം. ആരാണ് പരിചിതര്‍? വൈറസും നിങ്ങളും തമ്മില്‍ പരിചിതരല്ലെന്നും നിങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള ഇളവും ലഭിക്കില്ലെന്നും ഓര്‍ക്കുക. കൂടാതെ ചിലര്‍ മാസ്ക് മാറ്റിവെച്ച് സംസാരിക്കുന്നത് കാണാം. ദയവുചെയ്ത് അങ്ങനെ ചെയ്യരുത്. ഈ പ്രവൃത്തി മാസ്ക് ധരിക്കുന്നതിനെ അര്‍ത്ഥമില്ലാതാക്കും.


ഔദ്യോഗിക കാര്യങ്ങളില്‍ നേരിട്ടുള്ള ഇടപെടലുകളും മീറ്റിംഗുകളും ഒഴിവാക്കുക. പറ്റാവുന്ന സാഹചര്യങ്ങളിലെല്ലാംതന്നെ ഓണ്‍ലൈന്‍ സംവിധാനങ്ങളും മറ്റും പ്രയോജനപ്പെടുത്തുക. ആളുകള്‍ കൂട്ടംകൂടുന്നത് തടയുക. എന്തിന്‍റെ പേരിലായാലും 31ാം തീയതിവരെ ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി പറഞ്ഞത്  പൂര്‍ണമായും ഉള്‍ക്കൊള്ളുക. സമരങ്ങളായാലും മറ്റെന്ത് പ്രതിഷേധമായാലും സംയമനം പാലിക്കുക. അത് ആരുടെയും പരാജയമോ വിജയമോ അല്ല, മറിച്ച് മനുഷ്യന്‍റെ ജീവന് വേണ്ടിയുള്ള ഹൈക്കോടതിയുടെ സ്തുത്യര്‍ഹമായ തീരുമാനമാണ്.


മാസ്ക് ധരിക്കുകയും സാനിറ്റൈസ് ചെയ്യുകയും അകലം പാലിക്കുകയും ചെയ്യുന്നത് ഒരുപരിധിവരെ രോഗത്തെ അകറ്റിനിര്‍ത്തുമെന്ന് മാത്രമല്ല ഏറ്റവും അനുയോജ്യമായ രീതിയും അതാണ്. പൂര്‍ണമായും ലോക്ഡൗണ്‍ ചെയ്തുകൂടേയെന്ന് പലരും ചോദിക്കാറുണ്ട്? എന്നാല്‍ ലോക്ഡൗണ്‍ പൂര്‍ണമായ ഒരു പരിഹാരമല്ലെന്ന് മാത്രമല്ല, അനിയന്ത്രിതമായി അത് തുടരാനും പറ്റില്ല. ലോക്ഡൗണ്‍ രോഗത്തിന് പരിഹാരമല്ല, രണ്ട് കാര്യങ്ങളാണ് ഇത് നല്‍കുന്നത്. ഒന്ന് നമ്മുടെ ആരോഗ്യസംവിധാനത്തിന് തയ്യാറെടുക്കാനുള്ള സമയംനല്‍കുന്നു. രണ്ട് കര്‍വിന്‍റെ വേഗത കുറയ്ക്കുന്നു. എന്നാലിതിന് ചെയ്യാവുന്ന വേറെ കാര്യങ്ങളുണ്ട്. സോഷ്യല്‍ ഡിറ്റര്‍മിനേഷന്‍ ഓഫ് ഹെല്‍ത്ത്, പട്ടിണി, തൊഴിലില്ലായ്മ, നമുക്ക് വെള്ളവും ഭക്ഷണവുമടക്കമുള്ളപ്രാഥമികകാര്യങ്ങള്‍  നിറവേറ്റാന്‍ പറ്റുമെങ്കില്‍ സ്ഥിരവരുമാനമുള്ള ഒരാളെങ്കിലുമുണ്ടെങ്കില്‍ ഒരുപക്ഷേ നമുക്ക് ലോക്ഡൗണെന്ന് അനായാസേന പറയാനാകും. എന്നാല്‍ അതിനുമപ്പുറം മറ്റുചിലതുണ്ട്. ദിവസവരുമാനക്കാര്‍, രോഗികള്‍ തുടങ്ങീ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാമൂഹിക ഇടപെടല്‍ അത്യാവശ്യമുള്ള വിഭാഗം നമുക്കിടയിലുണ്ട്. അവരെ ലോക്ഡൗണ്‍ ഭീകരമായി ബാധിക്കും. അതുകൊണ്ടുതന്നെ ലോകത്തെ പല പഠനങ്ങളും പറയുന്നത് ലോക്ഡൗണ്‍ അനന്തമായി നീട്ടാന്‍ പറ്റില്ലെന്നുതന്നെയാണ്.


ഇനി ലോക്ഡൗണിന്‍റെ സ്ട്രിന്‍ജെന്‍സി ഇന്‍ഡെക്സ് എന്നൊരു കാര്യമുണ്ട്. അതെന്തെന്ന് പറയാം. ഇപ്പോള്‍ ന്യൂസിലന്‍ഡിന്‍റെ കാര്യമെടുത്താല്‍ത്തന്നെ അറിയാനാകും. കാരണം വളരെ നന്നായി വൈറസ്വ്യാപനം കൈകാര്യം ചെയ്തവരാണവര്‍. എന്നാല്‍ അവരുടെ സ്ട്രിന്‍ജെന്‍സി (കര്‍ശനമായി) ഇന്‍ഡക്സ് മറ്റുള്ളവരെക്കാള്‍ കുറവാണ്. അതായത് അവര്‍ ലോക്ഡൗണിനെ എത്രത്തോളം സ്ട്രിന്‍ജെന്‍റായി ഉപയോഗിച്ചുവെന്നത് മറ്റുള്ളവരേക്കാള്‍ കുറവായിരുന്നു. എല്ലായിടവും ഒരുമിച്ച് അടച്ചിടുകയല്ല, അതേസമയം ലോക്ഡൗണ്‍ ചെയ്യുന്നുണ്ട്, ട്രിപ്പിള്‍  ലോക്ഡൗണ്‍ ചെയ്യുന്നുണ്ട് അതെവിടെ എന്നതാണ് പ്രസക്തം. ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്‍റ് സ്ട്രാറ്റെജിയുടെ ഭാഗമായാണ് ഇതെല്ലാം അവര്‍ ചെയ്തത്. ഓരോ സ്ഥലവും ക്ലസ്റ്ററുകള്‍ കണ്ടെത്തി, അവിടെ ബ്ലോക്ക് ചെയ്ത്, അവിടെ ടെസ്റ്റുകള്‍ നടത്തി അവിടെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ചെയ്ത് പരിഹരിക്കുന്ന രീതിയായിരുന്നു. അല്ലാതെ വൈറസിന് വാക്സിന്‍ കണ്ടെത്തുന്നതുവരെ അനന്തമായി സംസ്ഥാനം അടച്ചിടുകയെന്ന രീതിയല്ല അവലംബിച്ചത്. ഹോട്ട്സ്പോട്ടുകള്‍ ഒഴിവാക്കപ്പെടുകയും കൂട്ടിചേര്‍ക്കപ്പെടുകയും ചെയ്യും. ഇതിങ്ങനെ തുടരുകയും ചെയ്യും. പൂര്‍ണമായി അടച്ചിട്ടാല്‍ സംസ്ഥാനത്ത് മറ്റ് മരണങ്ങളുണ്ടായേക്കാം. കേരളം മാത്രമാണ് ഇതുവരെ കോവിഡിന് പൂര്‍ണമായും സൗജന്യചികിത്സ നല്‍കുന്നതെന്നും ഓര്‍ക്കുക.


നമുക്ക് ചുറ്റുമുള്ള രണ്ട്  മീറ്റര്‍ ചുറ്റളവിലേക്ക് ആരെങ്കിലും വരുന്നത് നമുക്കും അവര്‍ക്കും ദോഷമാണെന്ന ബോധ്യം മനസിലാക്കി പ്രവര്‍ത്തിക്കുക. മാസ്ക് ധരിക്കുക. എത്രത്തോളം കൈകള്‍ കഴുകാനും സാനിറ്റൈസ് ചെയ്യാനും ആകുമോ അത്രത്തോളം ചെയ്യുക. വീട്ടിലേക്ക് ചെല്ലുമ്പോള്‍ ധരിച്ച ചെരുപ്പ് പുറത്തൂരിവെക്കുക. കൈയും കാലും കഴുകിയശേഷം ധരിച്ചവസ്ത്രം സോപ്പുവെള്ളത്തില്‍ മുക്കിവെച്ചശേഷം കുളിച്ചിട്ട് മാത്രം മറ്റ് കുടുംബാംഗങ്ങളുമായി സഹവസിക്കുക. കാരണം അവരുടെ ജീവന്‍ രക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. വയോജനങ്ങള്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കുക. മാനസിക അകലം പാലിക്കാതെ ശാരീരിക അകലം പാലിക്കാന്‍ ശ്രദ്ധിക്കണം.


ഇനി പുറത്തിറങ്ങുമ്പോള്‍ ഒരു മടിയും കൂടാതെ മാസ്കിന്‍റെയും സാമൂഹിക അകലത്തിന്‍റെയും കാര്യം മറ്റുള്ളവരെ ഓര്‍മപ്പെടുത്താനും സ്വയംകരുതലെടുക്കാനും യാതൊരു മടിയും വേണ്ട. പൊതുസ്ഥലത്തെ പുകവലി നമ്മള്‍ അനുവദിക്കാത്തതുപോലെ തന്നെയാണ് ഇതും. കാരണം ഇത് നമ്മുടെ ആരോഗ്യത്തെയും കൂടി ബാധിക്കുന്നതു കൊണ്ടുതന്നെ നമുക്കിതും ചൂണ്ടിക്കാണിക്കാം. വരുംദിവസങ്ങളില്‍ നമ്മള്‍ പുലര്‍ത്തുന്ന ജാഗ്രതയ്ക്ക് നമ്മുടെ ജീവന്‍റെ വിലയുണ്ട്.


പ്രവാസികളടക്കം ചിലര്‍ എന്നോട് ഭീതി പരത്തുന്നതെന്തിനെന്ന് ചോദിക്കാറുണ്ട്. യുഎഇയിലൊക്കെ റൂമില്‍ത്തന്നെ രോഗികളുണ്ടായിട്ടും ഒന്നുമുണ്ടായില്ലെന്ന് വാദിക്കുന്നവരുണ്ട്. എന്നാലത് അങ്ങനെയല്ല. യുഎഇയില്‍ പബ്ലിക് ഹെല്‍ത്ത് അത്ര വിപുലമല്ലെങ്കിലും ടെര്‍ഷ്യറി ആശുപത്രിസംവിധാനം അത്യാവശ്യം ലഭിക്കുന്ന ഒരു സ്ഥലമാണ്. യുഎഇയിലെ ജനസംഖ്യ ഒരു കോടിയില്‍ താഴെയാണ്. എന്നിട്ടും കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 350 നടുത്താണ്. അതായത് ഏകദേശം 10ലക്ഷത്തിന് 35പേര്‍ എന്ന കണക്കില്‍ മരണമടഞ്ഞു. ഇക്കണക്കിലാണ് കേരളത്തിലെങ്കില്‍ 1192 മരണം ഉണ്ടാകണം. അതായത് യുഎഇ പിന്തുടര്‍ന്ന രീതിയില്‍ നമ്മള്‍ മുന്നോട്ടുപോയാല്‍ കേരളത്തില്‍ ഏകദേശം 1200 ഓളം മരണം ഉണ്ടായേക്കാം. ഇത് കേരളത്തിന് അംഗീകരിക്കാനാകാത്തത് കൊണ്ടുതന്നെയാണ്, ജീവന്‍റെ വിലയുള്ള ജാഗ്രത വേണമെന്ന് ആവര്‍ത്തിച്ച് പറയുന്നത്. നിങ്ങള്‍ അനാവശ്യമെന്ന് പറയുന്ന ഈ ഭീതിയും ജാഗ്രതയും മുന്നോട്ടുവെക്കുന്നത് കൊണ്ടുതന്നെയാണ് കേരളത്തിലെ കോവിഡ് മരണത്തിന്‍റെ എണ്ണം 35 ആയി നിലനിര്‍ത്താനായത്. ഇത്തരത്തില്‍ ഞാനടക്കമുള്ളവര്‍ പങ്കുവെച്ച ശാസ്ത്രീയവശങ്ങള്‍ ഉള്‍ക്കൊണ്ട് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും മറ്റെല്ലാ സംവിധാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചതും ഇതുവരെയുള്ള ഇടപെടലുകളിലും പ്രവര്‍ത്തനങ്ങളിലും നിര്‍ണായകമായി.  ഇനിയും ജാഗ്രതയോടെ അങ്ങേയറ്റം പരിശ്രമിച്ച് നമ്മള്‍ മുന്നോട്ടുപോകുക തന്നെ ചെയ്യും. ഓര്‍ക്കുക, 'ബ്രേക്ക് ദ ചെയിന്‍' മൂന്നാംഘട്ടത്തിലെ നമ്മുടെ ആപ്തവാക്യം ഇതാണ് 'ജീവന്‍റെ വിലയുള്ള ജാഗ്രത, ആരില്‍ നിന്നും രോഗം പകരാം'...