രാജസ്താന്‍: ഭരണം പിടിക്കാന്‍ പണവുമായി ബിജെപി

ഗിരീഷ് ചേനപ്പാടി

ഇതെഴുതുമ്പോള്‍ കോവിഡ്-19 മൂലം ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം മുപ്പതിനായിരത്തോളമായി. പ്രതിദിനം പതിനായിരക്കണക്കിന് ആളുകള്‍ രോഗികളായി മാറുന്നു. ചികിത്സ ലഭിക്കാതെ വലയുന്നവര്‍ ലക്ഷങ്ങളാണ്. ലോക്ഡൗണ്‍മൂലം ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവര്‍ ജീവന്‍ നിലനിര്‍ത്താന്‍ പെടാപ്പാടുപെടുകയാണ്. പ്രതിരോധമരുന്ന് ആഗസ്ത് 15നുള്ളില്‍ കണ്ടുപിടിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും അതൊക്കെ വെറും വായ്ത്താരിയാണെന്ന് ലോകമെങ്ങുമുള്ള ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ബ്രിട്ടനും ചൈനയും പരീക്ഷിച്ചുകൊണ്ടിരിക്കുന്ന പ്രതിരോധ മരുന്ന് ആദ്യ രണ്ടു ഘട്ടങ്ങളില്‍ വിജയമാണ് എന്നാണ് വാര്‍ത്ത. എങ്കിലും ഇനിയും പരീക്ഷണങ്ങളുടെ കടമ്പകള്‍ കടക്കാനുണ്ട്. പരീക്ഷണങ്ങളെല്ലാം വിജയിച്ച് സാധാരണക്കാരില്‍ മരുന്ന് എത്തണമെങ്കില്‍ ആറുമാസം-ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.  കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകളും പ്രാദേശിക സര്‍ക്കാരുകളും ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളും ബഹുജനങ്ങളും ഏകമനസ്കരായി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചേ മതിയാകു. അങ്ങനെ മാത്രമേ ഈ മഹാമാരിയെ പിടിച്ചുകെട്ടാനാവൂ. അങ്ങനെ പ്രവര്‍ത്തിക്കുന്നിടങ്ങളില്‍ അതിശയകരമായ ഫലങ്ങള്‍ ഉണ്ടായിട്ടുണ്ടുതാനും. കേരളവും ഏഷ്യയിലെതന്നെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരാവിയും ഇക്കാര്യത്തില്‍ മികച്ച ഉദാഹരണങ്ങളാണ്. 

കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരുകളെയും ബഹുജനങ്ങളെയും ഒറ്റക്കെട്ടായി അണിനിരത്താന്‍ നേതൃത്വം നല്‍കേണ്ട കേന്ദ്രസര്‍ക്കാര്‍ പക്ഷേ ഇപ്പോഴും പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ എന്താണ് പഴുത് എന്ന് അന്വേഷിച്ചു പരക്കംപായുകയാണ്. ഈ കോവിഡ്കാലത്തുതന്നെയാണ് മധ്യപ്രദേശ് മന്ത്രിസഭയെ ബിജെപി അട്ടിമറിച്ചത്. അവിടെ ഭരണം നടത്തിവന്ന കമല്‍നാഥ് സര്‍ക്കാരിനെ കുതിരക്കച്ചവടത്തിലൂടെ അധികാരഭ്രഷ്ടമാക്കുകയായിരുന്നു. കോണ്‍ഗ്രസുകാരായ എംഎല്‍എമാരെ ഒരു മറയുമില്ലാതെ വിലയ്ക്കുവാങ്ങി. രാഹുല്‍ഗാന്ധിയുടെ അടുത്ത വിശ്വസ്തനായിരുന്ന ജ്യോതിരാദിത്യസിന്ധ്യ ഉള്‍പ്പെടെയുള്ളവര്‍ ബിജെപിയില്‍ ചേക്കേറി. കൊറോണമൂലം മധ്യപ്രദേശിലെ ജനങ്ങള്‍ പൊറുതിമുട്ടിയ വേളയിലായിരുന്നു ഈ അട്ടിമറി. ഇതുമൂലം ആ സംസ്ഥാനത്ത് ഏറെക്കാലം ഭരണസ്തംഭനവും ഉണ്ടായി. മഹാമാരി രൂക്ഷമാകാന്‍ പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന് അതാണ്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമാണ് മധ്യപ്രദേശിലെ ഭരണം അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയത്. 

മധ്യപ്രദേശിന്‍റെ തനിയാവര്‍ത്തനത്തിനാണ് ബിജെപി രാജസ്താനിലും ശ്രമിച്ചത്. പിസിസി അധ്യക്ഷനും ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായിരുന്ന സച്ചിന്‍ പൈലറ്റിലൂടെ തങ്ങളുടെ ആഗ്രഹം സാധിക്കാം എന്നാണ് ബിജെപി കണക്കുകൂട്ടിയത്. 

കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിന്‍റെ നേരിട്ടുള്ള നേതൃത്വത്തിലാണ് എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ ശ്രമം നടത്തിയത്. കോണ്‍ഗ്രസ് എംഎല്‍എയുമായി ഷെഖാവത്ത് കച്ചവടം ഉറപ്പിക്കുന്നതിന്‍റെ ഫോണ്‍ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. രാജസ്താന്‍ മന്ത്രിസഭയെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയതിന് സംസ്ഥാന പൊലീസിലെ പ്രത്യേക അന്വേഷണസംഘം ഷെഖാവത്തിന്‍റെപേരില്‍ കേസ് എടുത്തിട്ടുമുണ്ട്. 
2018ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 107 സീറ്റുകളാണ് ലഭിച്ചത്. ഭരണം നടത്തിവന്ന ബിജെപിക്ക് 72 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. സിപിഐ എമ്മിന് ഇവിടെ രണ്ട് സീറ്റു ലഭിച്ചു. രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ടിക്ക് രണ്ടു സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. ചെറുകക്ഷികളും സ്വതന്ത്രന്മാരുമായി 16 പേരുണ്ട്. അതില്‍ 13 പേരും കോണ്‍ഗ്രസിനെ പിന്തുണച്ചവരാണ്. സീറ്റു നിലകൊണ്ട് ബിജെപിക്ക് അടുത്തകാലത്തൊന്നും ഭരണം സ്വപ്നംകാണാന്‍പോലും കഴിയാത്ത അവസ്ഥയായിരുന്നു സംസ്ഥാനത്ത്.

എന്നാല്‍ രാഹുലിന്‍റെ മറ്റൊരു ലഫ്റ്റനന്‍റായ സച്ചിന്‍ പൈലറ്റ് മധ്യപ്രദേശിലെ തന്‍റെ സഹപ്രവര്‍ത്തകനായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ വഴിതന്നെ തിരഞ്ഞെടുത്തു. അനുയായികളുമായി ബിജെപി പാളയത്തില്‍ ചേക്കേറി അധികാരം കയ്യാളുക എന്ന മാര്‍ഗം. സച്ചിനൊപ്പം കോണ്‍ഗ്രസിന്‍റെ  30 എംഎല്‍എമാര്‍ ഉണ്ടെന്നായിരുന്നു ആദ്യം കേട്ടത്. അങ്ങനെയായാല്‍ ബിജെപിയുടെ 72 എംഎല്‍എമാര്‍കൂടി ചേര്‍ന്നാല്‍ ഭരണം പിടിക്കാം എന്ന് ബിജെപി നേതൃത്വം കണക്കുകൂട്ടി. അതിനായി ഈ കൊറോണക്കാലത്തും എല്ലാ ശ്രദ്ധയും ഭരണം അട്ടിമറിക്കുന്നതിന് അവര്‍ നല്‍കി. എംഎല്‍എമാര്‍ക്ക് കോടികള്‍ നല്‍കി വരുതിയിലാക്കാമെന്ന് അവര്‍ കണക്കുകൂട്ടി. ഭരണം ലഭിച്ചുകഴിഞ്ഞാല്‍ സ്വതന്ത്ര എംഎല്‍എമാര്‍ തങ്ങളുടെ ചാക്കില്‍ പാട്ടുംപാടി കയറിക്കൊള്ളുമെന്നും അവര്‍ കരുതി. 

ഡപ്യൂട്ടി മുഖ്യമന്ത്രിയായിരുന്ന സച്ചിന്‍പൈലറ്റിനൊപ്പം രണ്ടു മന്ത്രിസഭാംഗങ്ങള്‍ ഉള്‍പ്പെടെ 18 എംഎല്‍എമാരാണുള്ളത്. സച്ചിനുള്‍പ്പെടെ 19 പേര്‍. കൂറുമാറ്റ നിയമത്തിന്‍റെ പരിധിയില്‍ വരുന്നതിനാല്‍ ഈ എംഎല്‍എമാര്‍ക്ക് അംഗത്വം സസ്പെന്‍ഡുചെയ്യാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് സ്പീക്കര്‍ നല്‍കിയിരിക്കുകയാണ്. അതിനെതിരെ രാജസ്താന്‍ ഹൈക്കോടതിയില്‍ എംഎല്‍എമാര്‍ ഹര്‍ജിനല്‍കി. ജൂലൈ 24വരെ സ്പീക്കര്‍ തീരുമാനം എടുക്കരുത് എന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഇതെഴുതുന്നതുവരെയുള്ള വിവരം ഇതാണ്.

സച്ചിന്‍പൈലറ്റിനൊപ്പമുള്ള എംഎല്‍എമാരെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കയാണ്. അവര്‍ ബിജെപി ഭരിക്കുന്ന ഹരിയാനയിലായിരുന്നു ആദ്യം. കൈക്കൂലിവാങ്ങി ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ചില എംഎല്‍എമാരെ ചോദ്യംചെയ്യാന്‍ രാജസ്താന്‍ പൊലീസ് എത്തിയപ്പോള്‍ ഹരിയാന പൊലീസ് അവരെ അതിനനുവദിക്കാതെ തടഞ്ഞു. 

വിമത എംഎല്‍എമാരെ ബിജെപി ഭരിക്കുന്ന കര്‍ണാടകത്തിലേക്ക് കടത്തി എന്ന് കോണ്‍ഗ്രസ് ആക്ഷേപിക്കുന്നു. 

രാഷ്ട്രീയ കളരിയില്‍ നല്ല മെയ്വഴക്കമഭ്യസിച്ച രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും വെറുതെയിരുന്നില്ല. ഗവര്‍ണര്‍ കല്‍രാജ്മിശ്രയെ സന്ദര്‍ശിച്ച് തന്നെ പിന്തുണയ്ക്കുന്ന 104 പേരുടെ ലിസ്റ്റ് കൈമാറി. സ്വതന്ത്രര്‍ ഉള്‍പ്പെടെ 109 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ട് എന്നാണ് എഐസിസി നേതൃത്വം അവകാശപ്പെട്ടത്. ഡപ്യൂട്ടി മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്നും സച്ചിനെ പുറത്താക്കുകയും ചെയ്തു. സച്ചിനെ സംബന്ധിച്ചിടത്തോളം ഉത്തരത്തിലിരുന്നത് എടുത്തുമില്ല കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു. 

അപകടത്തില്‍ മരണപ്പെട്ട പിതാവ് രാജേഷ്പൈലറ്റിന്‍റെ രാഷ്ട്രീയ മേല്‍വിലാസത്തില്‍ 27-ാം വയസ്സില്‍ ലോക്സഭാംഗമായ ആളാണ് സച്ചിന്‍പൈലറ്റ്. രാജേഷ്പൈലറ്റിന് ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയുമായുള്ള അടുപ്പം രാഷ്ട്രീയത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ സച്ചിന്‍ പൈലറ്റിന് തുണയായി. സോണിയഗാന്ധിയും രാഹുല്‍-പ്രിയങ്ക ഗാന്ധിമാരുമായും  സൗഹൃദം നിലനിര്‍ത്താന്‍ സച്ചിനായി. രാഹുല്‍ഗാന്ധിക്കൊപ്പം ലോക്സഭയില്‍ പ്രവര്‍ത്തിക്കാനുമായി. 32-ാം വയസ്സില്‍ കേന്ദ്രമന്ത്രിയാകാന്‍ സച്ചിനെ സഹായിച്ച ഘടകവും മറ്റൊന്നല്ല. 

2013ല നിയമസഭാ തിരഞ്ഞെടുപ്പില്‍ അശോക് ഗെലോട്ട് സര്‍ക്കാര്‍ നിലംപരിശായി. തുടര്‍ന്ന് വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. 2014 ജനുവരിയിലാണ് സച്ചിന്‍ രാജസ്താന്‍ പിസിസി അധ്യക്ഷനായി നിയമിക്കപ്പെട്ടത്. 

2018ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. രാജസ്താനൊപ്പം മധ്യപ്രദേശിലും ഛത്തീസ്ഗഢിലും തിരഞ്ഞെടുപ്പുനടന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയെ തകര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് അധികാരത്തിലേറി. മധ്യപ്രദേശ് പിസിസി അധ്യക്ഷനായിരുന്ന കമല്‍നാഥുതന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കപ്പെട്ടത്. ഛത്തീസ്ഗഢിലും പിസിസി അധ്യക്ഷന്‍ ഭൂപേഷ്സിങ് ബഗേലാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. 

എന്നാല്‍ രാജസ്താനില്‍ ചിത്രം വ്യത്യസ്തമായി. എംഎല്‍എമാരില്‍ ഭൂരിപക്ഷവും മുന്‍ മുഖ്യമന്ത്രികൂടിയായ അശോക് ഗെലോട്ടിനെയാണ് അനുകൂലിച്ചത്. മുഖ്യമന്ത്രിയാകാനുള്ള സച്ചിന്‍റെ മോഹം നടക്കാതെപോയി. എങ്കിലും പിസിസി അധ്യക്ഷനായി അദ്ദേഹത്തെ നിലനിര്‍ത്തി. ഉപമുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന് കൊടുക്കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിജയിച്ചു. 

ആദ്യംമുതലേ അസ്വസ്ഥനായിരുന്ന സച്ചിനെ ലക്ഷ്യമിട്ട് ബിജെപി നേതൃത്വം പിന്നാലെ ഉണ്ടായിരുന്നു. 

കോണ്‍ഗ്രസ്പക്ഷത്ത് അസംതൃപ്തിയില്‍ കഴിയുന്ന നേതാക്കളെ വലയിലാക്കുക, സ്ഥാനമാനങ്ങള്‍ കാട്ടി പ്രലോഭിപ്പിക്കുക, അധികാരം പിടിക്കാനായി സാമാജികരെ വിലയ്ക്കുവാങ്ങുക. ഇതാണ് ബിജെപി നേതൃത്വം നിരന്തരം അനുവര്‍ത്തിക്കുന്ന തന്ത്രം. പ്രലോഭനത്തില്‍ വീഴാത്തവരെ ഭരണ സ്വാധീനം പരമാവധി ദുര്‍വിനിയോഗംചെയ്ത് ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്നതും  ബിജെപി/ആര്‍എസ്എസ് നേതൃത്വത്തിന്‍റെ സ്ഥിരം തന്ത്രമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുകീഴില്‍ വരുന്ന വിവിധ അന്വേഷണ ഏജന്‍സികള്‍, കസ്റ്റംസ്, സെന്‍ട്രല്‍ എക്സൈസ്, ആദായനികുതി ഈ വിഭാഗങ്ങളെയെല്ലാം എതിര്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ പ്രയോഗിക്കുകയാണവര്‍.

എന്നാല്‍ ബിജെപി പതിനെട്ടടവും പയറ്റിയിട്ടും പരാജയപ്പെടുന്ന സംഭവങ്ങളും ഉണ്ട്. അതിലൊന്നാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പു കഴിഞ്ഞ ഉടന്‍ ശിവസേന നേതൃത്വത്തെ വരുതിയിലാക്കാന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ നിരവധി കരുനീക്കങ്ങള്‍ നടത്തി. പ്രലോഭനവും ഭീഷണിയും നടത്തിയിട്ടും ഉദ്ധവ്താക്കറെ വീണില്ല. "പോയി പണിനോക്കാന്‍" ബിജെപി നേതൃത്വത്തോട് പറയുകയും ചെയ്തു. അതോടെ എന്‍സിപി നേതാവും ശരത്പവാറിന്‍റെ അനന്തരവനുമായ അജിത്പവാറിനെ ബിജെപി നേതാക്കള്‍ വലയിലാക്കി. തന്നോടൊപ്പം ഭൂരിപക്ഷം എംഎല്‍എമാര്‍ ഉണ്ടെന്ന് അജിത്പവാര്‍ വീമ്പിളക്കുകയും ചെയ്തു. 

പക്ഷേ എംഎല്‍എമാര്‍ അനുസരിച്ചത് ശരത്പവാറിനെയാണ്. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ ഉള്‍പ്പെട്ട മഹാരാഷ്ട്ര വികാസ് അഗാഡിക്കൊപ്പം എന്‍സിപി എംഎല്‍എമാര്‍ നിലയുറപ്പിച്ചു. അതോടെ നാണംകെട്ടത് ബിജെപി നേതൃത്വമാണ്. ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസിന്‍റെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞചെയ്ത മന്ത്രിസഭയ്ക്ക് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായുള്ളൂ. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത അജിത്പവാര്‍ രായ്ക്കുരാമാനം മറുകണ്ടം ചാടുകയും ചെയ്തു. എന്‍സിപിയില്‍ തിരികെ ചെന്ന് ഉപമുഖ്യമന്ത്രിയാകുകയും ചെയ്തു. 

ഉത്തരാഖണ്ഡില്‍ 9 എംഎല്‍എമാരെയും അരുണാചലില്‍ 43 എംഎല്‍എമാരെയും മണിപ്പൂരില്‍ 4 സാമാജികരെയും ഗുജറാത്തില്‍ 16 എംഎല്‍എമാരെയും കര്‍ണാടകത്തില്‍ 17 എംഎല്‍എമാരെയും മധ്യപ്രദേശില്‍ 19 എംഎല്‍എമാരെയും ഗോവയില്‍ 10 എംഎല്‍എമാരെയും വിലയ്ക്കെടുത്ത് ഭരണം പിടിച്ച പാര്‍ടിയാണ് ബിജെപി. 

മധ്യപ്രദേശ് മോഡല്‍ രാജസ്താനില്‍ ചെലവാകില്ലെന്ന് വ്യക്തമായി. പാര്‍ടി പിളര്‍ത്തണമെങ്കില്‍ മൂന്നിലൊന്നുപേരെങ്കിലും വേണമല്ലോ. അത് നടക്കില്ല എന്നു വ്യക്തം. കര്‍ണാടക മോഡലില്‍ എംഎല്‍എമാരെ രാജിവെപ്പിച്ചാലും വിശേഷം ഇല്ല. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കൂടി ഭൂരിപക്ഷമുണ്ട്. 

മാത്രമല്ല വിമത എംഎല്‍എമാര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള സ്പീക്കറുടെ അവകാശം ശേഷിക്കുകയാണ്. കൂറുമാറിയതായി തെളിഞ്ഞാല്‍ അംഗത്വം റദ്ദുചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് അവകാശമുണ്ട്. അതിനുള്ള നോട്ടീസ് സ്പീക്കര്‍ നല്‍കുകയും ചെയ്തു.

ഗെലോട്ടും കൂട്ടരും സച്ചിനെ പരമാവധി പ്രലോഭിപ്പിച്ച് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കാനുള്ള എല്ലാ അടവുകളും പുറത്തെടുത്തു. പിസിസി അധ്യക്ഷ സ്ഥാനത്ത് സ്വന്തം അനുചരനെ പ്രതിഷ്ഠിക്കുന്നതില്‍ ഗെലോട്ട് വിജയിച്ചു. മന്ത്രിസഭയില്‍നിന്നും സച്ചിനെയും അനുകൂലികളെയും പുറത്താക്കി. ഇപ്പോള്‍ കോണ്‍ഗ്രസില്‍നിന്നും എന്നത്തേക്കുമായി അകറ്റാനാണ് അദ്ദേഹം സഹസ്രകോടി പയറ്റുന്നത്.  "വകയ്ക്കു കൊള്ളാത്തവന്‍" എന്നാണ് ഗെലോട്ട് സച്ചിനെ വിശേഷിപ്പിച്ചത്. 

താന്‍ ബിജെപിയിലേക്കില്ല എന്ന് സച്ചിന്‍ വ്യക്തമാക്കിയിട്ടും ഗെലോട്ട് വിടുന്ന ലക്ഷണമില്ല,  പ്രകോപിപ്പിച്ച് മറുകണ്ടംചാടിച്ചേ അടങ്ങൂ എന്നാണ് ഗെലോട്ടിന്‍റെ നിലപാട്.  എന്നാല്‍ സച്ചിനെ ബിജെപി പക്ഷത്തേക്ക് തള്ളിവിടാതിരിക്കാനുള്ള ഇച്ഛാശക്തി കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വം ഇനിയും കാട്ടുന്നില്ല. സച്ചിന് തിരിച്ചുവരാം എന്നൊക്കെ അവര്‍ പറയുന്നുണ്ടെങ്കിലും പ്രവൃത്തിയില്‍ വേണ്ടത്ര ആത്മാര്‍ത്ഥത കാണിക്കുന്നില്ല. 
രാജസ്താന്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധരരാജെയ്ക്കും സച്ചിന്‍ ബിജെപിയില്‍ വരുന്നതിനോട് തീരെ താല്‍പര്യമില്ല എന്നാണ് റിപ്പോര്‍ട്ട്. തന്‍റെ അധീശത്വത്തിനൊരു വെല്ലുവിളി വസുന്ധരരാജെയും ആഗ്രഹിക്കുന്നില്ല. വസുന്ധര അവിടെ ഗെലോട്ടിനെ തുണയ്ക്കുകയാണെന്ന ആക്ഷേപവും ശക്തമായ മുറുമുറുപ്പും ബിജെപിക്കുള്ളിലുണ്ട്. 

ഒന്നരവര്‍ഷത്തെ ഭരണകാലയളവില്‍ ആദ്യത്തെ അട്ടിമറി ശ്രമത്തില്‍നിന്ന് ഗെലോട്ട് മന്ത്രിസഭ രക്ഷപ്പെട്ടു എന്നുവേണം കരുതാന്‍. തല്‍ക്കാലം ഭീഷണി ഒഴിഞ്ഞെങ്കിലും ഏതുനിമിഷവും അടുത്ത ശ്രമം ബിജെപി പക്ഷത്തുനിന്നുണ്ടാവാം. അധികാരത്തിനുവേണ്ടി ഏതറ്റംവരെയും പോകാന്‍ തങ്ങള്‍ തയ്യാറാണെന്ന് തെളിയിച്ചവരാണല്ലോ അവര്‍. മഹാമാരിയോ മനുഷ്യര്‍ അനുഭവിക്കുന്ന മറ്റു പ്രശ്നങ്ങളോ ഒന്നും അവരെ സംബന്ധിച്ചിടത്തോളം അതിന് തടസ്സമാകുകയുമില്ല.