ഉത്തര്‍പ്രദേശ് : നിയമവാഴ്ചയെ കുഴിച്ചുമൂടി കൊലക്കളമാക്കുമ്പോള്‍

ഡോ. എ സമ്പത്ത്

പൊലീസും രാഷ്ട്രീയ നേതൃത്വവും വ്യവസായ പ്രമുഖരുടെ താല്പര്യങ്ങളും ചേര്‍ന്നാണ് മാഫിയാ സംഘങ്ങളെ വളര്‍ത്തുന്നത്. ഉത്തര്‍പ്രദേശിന്‍റെ കാര്യത്തില്‍ ജാതിസമുദായ താല്‍പര്യങ്ങളും കൂടി അതില്‍ ചേരും. ആയുധങ്ങള്‍ കോറിയിടുന്ന ചാലുകള്‍ മനുഷ്യ രക്തം കൊണ്ട് നിറഞ്ഞൊഴുകും. വെടിയുണ്ടകള്‍ ചീറിപ്പായുമ്പോള്‍ അടങ്ങുന്നതല്ല യു.പി.യിലെ മാഫിയാ വാഴ്ചയും ശതകോടികള്‍ കൈ മറിയുന്ന നിക്ഷിപ്ത താല്പര്യങ്ങളും ഭരണകൂടത്തിന്‍റെയും രാഷ്ട്രീയ നേതൃത്വത്തിന്‍റെയും അവിഹിത ബന്ധങ്ങളും. അഴിമതിയും അക്രമവും അരിയിട്ടുവാഴ്ച നടത്തുന്ന നാടായി ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം മാറിയിരിക്കുന്നു.


കാണ്‍പൂരിലെ അധോലോക നായകനായ വികാസ് ദുബെ ജൂലൈ 9 വ്യാഴാഴ്ച മധ്യപ്രദേശിലെ ഉജ്ജയിനിയിലെ 'മഹാകാല്‍' ക്ഷേത്രത്തില്‍ വച്ചു പിടികൂടപ്പെട്ടുവെന്നായിരുന്നു ആദ്യ വാര്‍ത്ത. കൊടും കുറ്റവാളിയായ അയാള്‍ക്ക് ഉജ്ജയിനിയിലെ മഹാകാളി ക്ഷേത്രത്തില്‍ വിഐപി ദര്‍ശന സൗകര്യമാണ് ലഭിച്ചത്. ജൂലൈ മൂന്നിന് പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ ഡി.വൈ.എസ്.പി. ഉള്‍പ്പെടെ എട്ടു പൊലീസുകാരെയാണ് ഇയാളുടെ സംഘം വെടിവെച്ചുകൊന്നത്. അവിടെനിന്ന് ഹരിയാന,ഡല്‍ഹി വഴി 700 കിലോമീറ്റര്‍ ദൂരം താണ്ടി ഉജ്ജയിനിയില്‍ എത്തുക! 


വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ അധോലോക സംഘങ്ങള്‍ക്കു ചോര്‍ത്തി നല്‍കുകയെന്നത് യുപി പൊലീസിലെ പലര്‍ക്കും അപമാനകരമല്ല; അഭിമാനകരമാണുതാനും. സ്റ്റേഷന്‍ ഓഫീസറടക്കം നാല് പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുകയും സംഘത്തിലെ അഞ്ച് കൂട്ടാളികളെ വിവിധ സ്ഥലങ്ങളില്‍ വച്ച് വെടിവെച്ചു കൊല്ലുകയും ചെയ്തിരുന്നു. ദുബെയുമായി ഉജ്ജയിനിയില്‍ നിന്ന് കാണ്‍പൂരിലേക്കു തിരിച്ച പൊലീസ് സംഘത്തിന്‍റെ വാഹനങ്ങളുടെ പിന്നാലെ പ്രമുഖ മാധ്യമങ്ങളുമുണ്ടായിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാത്രി ആരംഭിച്ച ആ യാത്ര വെള്ളിയാഴ്ച രാവിലെ 7 മണിയോടെ ഏറ്റുമുട്ടല്‍ നടന്നുവെന്ന് പറയുന്ന സ്ഥലത്തിനും കിലോമീറ്ററുകള്‍ക്കകലെ വച്ച് മാധ്യമങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയില്‍ പ്രതിയുടെ വാഹനവും മാറ്റിയിരുന്നു; സഫാരിയില്‍ നിന്നും എസ്.യു.വി.യിലേക്ക്. 
കാണ്‍പൂരിനും 30 കിലോമീറ്റര്‍ അകലെ വിശാലമായ പാടങ്ങള്‍ നിറഞ്ഞ ഒരിടത്തു വച്ചു വണ്ടി മറിഞ്ഞുവെന്നും ഇന്‍സ്പെക്ടറുടെ തോക്ക് തട്ടിപ്പറിച്ച് ദുബെ കടന്നുകളയാന്‍ ശ്രമിച്ചുവെന്നും പിന്തുടര്‍ന്ന് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ വെടിവെച്ചതിനെത്തുടര്‍ന്ന് പ്രത്യാക്രമണം നടത്തേണ്ടി വന്നുവെന്നുമാണ് പൊലീസ് ഭാഷ്യം. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ ജീവനില്ലായിരുന്നുവെന്നും നെഞ്ചില്‍ മൂന്നു വെടി കൊണ്ടിരുന്നുവെന്നുമാണ് ഡോക്ടര്‍മാരുടെ വാദം. 62 കേസ്സുകളില്‍ പ്രതിയായ ഒരു കൊടുംകുറ്റവാളിയെ വിലങ്ങിടാതെ അന്തര്‍സംസ്ഥാന യാത്ര നടത്തുക. മുമ്പ് ഒരു അപകടത്തില്‍പ്പെട്ട് എല്ലു പൊട്ടിയതിനാല്‍ രണ്ടു കാലുകളിലും കമ്പിയിട്ടിരുന്നതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. 


2001 ല്‍ ഒരു സംസ്ഥാന മന്ത്രിയെ വെടിവെച്ചു കൊന്ന കേസില്‍ പ്രതിയായി. രാജ്നാഥ്സിംഗ് മുഖ്യമന്ത്രിയായിരിക്കേ നടന്ന സംഭവത്തില്‍ 25 പൊലീസുകാരുള്‍പ്പെടെയുള്ളവര്‍ കൂറുമാറി. ഉജ്ജയിനിയിലെ മഹാകാല്‍ ക്ഷേത്രത്തില്‍ നടന്നത് കീഴടങ്ങല്‍ ആയിരുന്നോ, പിടികൂടല്‍ നാടകമായിരുന്നോ?  വെറും 48 വയസ്സിനിടെ ഉന്നത രാഷ്ട്രീയ, പൊലീസ് ബന്ധങ്ങളുള്ള കൊടുംകുറ്റവാളി ആവുക; കാണ്‍പൂരിലെ സവര്‍ണ ജാതിയിലെ ഇടത്തരം ദരിദ്രവിഭാഗങ്ങള്‍ക്കിടയിലെ കിരീടം വയ്ക്കാത്ത രാജാവായി മാറുക - ഇതായിരുന്നു ദുബെ.


വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് വീര പരിവേഷവും ന്യായീകരണങ്ങളും പ്രശംസ പോലും ചൊരിയുന്ന ഔദ്യോഗിക നടപടികളും അതപ്പടി ഏറ്റുപാടുന്ന മാനസികാവസ്ഥയിലേക്കു പൊതുസമൂഹത്തെ കൊണ്ടെത്തിക്കാന്‍ ശ്രമിക്കുന്ന ചില മാധ്യമ ഇടപെടലുകളും നിയമവാഴ്ചയ്ക്കു ഭീഷണിയാണ്. നിയമവാഴ്ചയ്ക്കു വീഴ്ചയുണ്ടായാല്‍ ജനാധിപത്യ വ്യവസ്ഥയ്ക്കു കാലിടറും. മണല്‍മാഫിയയും ഖനന മാഫിയയും മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയാല്‍ പോലും വമ്പന്‍ മാധ്യമ ചക്രവര്‍ത്തിമാര്‍ കണ്ടില്ലായെന്ന് നടിക്കും. 


ഒരു വശത്ത് "ഏറ്റുമുട്ടല്‍ കൊല"കളും മറുവശത്ത് കുറ്റകൃത്യങ്ങളും പെരുകുന്ന നാടായിത്തീര്‍ന്നു യു.പി. മുസ്ലീങ്ങളും പിന്നാക്കക്കാരുമാണ് ഇരകളായി ലക്ഷ്യം വയ്ക്കപ്പെടുക. ഇതിനപവാദം വികാസ് ദുബെയും അടുത്ത കൂട്ടാളിയും മാത്രമാണ;്ജാതിയില്‍ ബ്രാഹ്മണര്‍! യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 2019 ഡിസംബര്‍ വരെ പൊലീസ് നടത്തിയ ഏറ്റുമുട്ടലുകള്‍ 5178. അവയില്‍ കൊല്ലപ്പെട്ടവര്‍ 103. എന്‍.സി.ആര്‍.ബി. ഡാറ്റ പ്രകാരം സ്ത്രീകള്‍ക്കെതിരായ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്നത് യു.പി.യിലാണ്. വ്യാജ ഏറ്റുമുട്ടലില്‍ വ്യവസായ എതിരാളിയെ കൊല്ലുന്നതിന് പ്രതിഫലമായി  8 ലക്ഷം രൂപ ചോദിക്കുന്ന ആഗ്ര സോണിലെ ചിത്രാഹട്ട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറെ കുറിച്ച് 2018 ല്‍ 'ഇന്ത്യ ടുഡേ' റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 


ബിജെപി കേന്ദ്ര നേതൃത്വം യു.പി.യിലെ ഇത്തരം അരാജക അവസ്ഥയെ നിയമവാഴ്ചയായി വ്യാഖ്യാനിക്കുന്നുവോ? ഇക്കഴിഞ്ഞ വര്‍ഷം അമിത് ഷാ ഒരു യോഗത്തില്‍ പ്രസംഗിച്ചതായി കണ്ടത്, "യോഗി ആദിത്യനാഥ് ചുമതലയേറ്റ ശേഷം ക്രിമിനലുകള്‍ ബോര്‍ഡും തൂക്കിയാണ് നടപ്പ്, ഞങ്ങളെ അറസ്റ്റു ചെയ്തുകൊള്ളൂ. പക്ഷേ ഏറ്റുമുട്ടല്‍ നടത്തിക്കളയരുത്".


യു.പി.യിലെ രാഷ്ട്രീയം പോലെ തന്നെ പൊലീസും ജാതിസാമുദായിക ചേരിതിരിവുകള്‍ക്കു കുപ്രസിദ്ധമാണ്. 1980 മുതല്‍ രണ്ടു പതിറ്റാണ്ടുകാലം പ്രാദേശിക അധോലോക തലവന്മാര്‍ ഹഫ്തപ്പിരിവും ഭൂമിയിടപാടുകളും മുതല്‍ വോട്ടു മറിക്കലും ഭീഷണിയും തട്ടിക്കൊണ്ടുപോകലും വരെയുള്ള 'പണി'കളിലൂടെ വളര്‍ന്നു വമ്പന്‍ സ്രാവുകള്‍ ആയി. കുടിപ്പകയും പൊലീസ് ഏറ്റുമുട്ടലുകളുമുള്‍പ്പെടെയുള്ള പല കേസുകളുടെ കാര്യത്തിലും മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും നീതി അകലെത്തന്നെ. നിയമസഭാംഗങ്ങളില്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരില്‍ 37% ബിജെപിക്കാരാണ്. 


സുപ്രീംകോടതിയും ദേശീയ മനുഷ്യാവകാശ കമ്മീഷനും ഏറ്റുമുട്ടല്‍ വിചാരണകളെ അഥവാ "എക്സിക്യൂട്ടീവ് കൊലപാതകങ്ങളെ" സംബന്ധിച്ച് വിധിന്യായങ്ങളും നിര്‍ദ്ദേശങ്ങളും പലപ്പോഴായി പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷേ "ഏട്ടിലെ പശു പുല്ലു തിന്നാറില്ല"ല്ലോ? 1993ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കസ്റ്റഡിമരണങ്ങളില്‍, തുടര്‍ന്ന് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയുണ്ടായി. 
2009ല്‍ ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച്, ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ പൊലീസുകാരുടെ മേല്‍ കുറ്റകരമായ നരഹത്യ ചാര്‍ജു ചെയ്യണമെന്നു നിര്‍ദേശിക്കുകയുണ്ടായി. ഇതിനെതിരെ ആന്ധ്രാ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി ഉടനടി സ്റ്റേ സമ്പാദിച്ചുവെങ്കിലും 2019ല്‍ സുപ്രീം കോടതി ഹൈക്കോടതി വിധി ശരിവച്ചു.

. 2014ല്‍, സുപ്രീം കോടതി മുമ്പാകെ വന്ന ഒരു പൊതുതാല്പര്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധയും ജസ്റ്റിസ് ആര്‍.എഫ്. നരിമാനും എല്ലാ കസ്റ്റഡിമരണങ്ങളും ക്രിമിനല്‍ നടപടി ചട്ടത്തില്‍ 370-ാം വകുപ്പ് അനുസരിച്ച് മജിസ്ട്രേറ്റ് അന്വേഷിക്കണമെന്ന് വിധിച്ചു.

വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തുന്നതിനുള്ള മാര്‍ഗരേഖയും സുപ്രീംകോടതി പുറപ്പെടുവിച്ചു. എന്നാല്‍ നിരവധി പഴുതുകളും പോരായ്മകളും ഇതിലുള്ളതായി നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. അന്വേഷണ നടപടികളില്‍ ആരംഭം മുതല്‍ അവസാനം വരെ പൊലീസ് തന്നെയാണ് എന്നതാണ് അതില്‍ മുഖ്യം. പ്രതിയും പൊലീസ് തന്നെ. രാഷ്ട്രീയ രക്ഷാധികാരികളാണ് അടുത്ത കടമ്പ. യു.പി.സര്‍ക്കാര്‍ ആകട്ടെ ഏറ്റുമുട്ടലുകളെ നേട്ടങ്ങളായാണ് ചിത്രീകരിക്കുന്നത്. 


35 ലക്ഷത്തോളം തോക്കുകളാണ് 2018ല്‍ ലൈസന്‍സുള്ളതായി ഇന്ത്യയിലെ കണക്കുകള്‍. യു.പി.യിലേത് 12.77 ലക്ഷം വരും. രാജസ്താന്‍, കര്‍ണാടകം, മഹാരാഷ്ട്ര, ബീഹാര്‍, ഹിമാചല്‍പ്രദേശ്,ഉത്തരാഖണ്ഡ്, ഗുജറാത്ത്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ മൊത്തം ഇതിന്‍റെ പകുതി വരും. ഏറ്റവുമധികം അനധികൃത തോക്കുകളും യു.പി.യില്‍ തന്നെയാണ്. മൊത്തം 85 ശതമാനം കൊലപാതകങ്ങളും അനധികൃത തോക്കുകള്‍ ഉപയോഗിച്ചാണ്. പ്രതിവര്‍ഷം 25 ലക്ഷത്തോളം അനധികൃത തോക്കുകള്‍ നിര്‍മ്മിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കാണ്‍പൂര്‍ അതിന്‍റെ പ്രധാന കേന്ദ്രവും. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ 'സര്‍വീസിലെ നക്ഷത്ര ചിഹ്ന'ങ്ങളായും സമൂഹത്തില്‍ ഖ്യാതി നല്‍കുന്നതായും കരുതുന്നവരാണ് യു.പി.യിലെയുള്‍പ്പെടെ പല പൊലീസുദ്യോഗസ്ഥരും. കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളെയും ഹൈദരാബാദ് പൊലീസ് മുമ്പ് "ഏറ്റുമുട്ടലില്‍" കൊന്ന സംഭവം ചാര്‍ത്തിയ പരിവേഷം ഓര്‍ക്കുക. സംരക്ഷകരുടെ വീഴ്ച നിയമവ്യവസ്ഥയുടെ വീഴ്ചയായി വ്യാഖ്യാനിക്കപ്പെട്ടാല്‍ നിയമവാഴ്ച അപ്രസക്തമാകും. 


കാണ്‍പൂരിനടുത്ത് സചേന്ദിയില്‍ വച്ചു നടന്ന സംഭവം "കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊല്ലിച്ചതും നീയേ ചാപ്പാ"... എന്ന പഴയ ചൊല്ല് ഓര്‍മിപ്പിക്കുന്നു. പ്രതി ജീവിച്ചിരുന്നാല്‍ പ്രമുഖരായ ചിലര്‍ക്കെങ്കിലും ഭീഷണിയായി മാറിയേക്കാവുന്ന വെളിപ്പെടുത്തല്‍ ഉണ്ടാവുമായിരുന്നോ? കൊല്ലപ്പെടുന്നതിനും മണിക്കൂറുകള്‍ക്കു മുമ്പ് വികാസ് ദുബെ വധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വെള്ളിയാഴ്ച തന്നെ പരിഗണിക്കണമെന്ന് മുംബൈ സ്വദേശിയായ അഡ്വക്കേറ്റ് ഘന്‍ശ്യാം ഉപാധ്യായ ആവശ്യപ്പെട്ടിരുന്നു. ജൂലൈ 3 ന് പൊലീസ് വീടുപൊളിക്കുകയുണ്ടായി. ദുബെയുടെ അഞ്ചു കൂട്ടാളികളെ പൊലീസ് വകവരുത്തിയെന്നും ഇയാള്‍ക്കും അപ്രകാരമുള്ള വിധിക്ക് സാധ്യതയുണ്ടെന്നും  ചൂണ്ടിക്കാട്ടിയിരുന്നു. കേസ് സി.ബി.ഐ.ക്കു വിടണമെന്നും കോടതിയില്‍  ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി സമയത്തിനും മുമ്പേ തന്നെ അതും സംഭവിച്ചു കഴിഞ്ഞിരുന്നു.


ഈ വിഷയം സുപ്രീംകോടതി പരിഗണിക്കുകയുണ്ടായി. ഉന്നത കോടതിയിലെ ഒരു മുന്‍ ജഡ്ജിയും റിട്ടയര്‍ ചെയ്ത പൊലീസുദ്യോഗസ്ഥനെയും ഉള്‍പ്പെടുത്തി വികാസ് ദുബെയുടെ 'ഏറ്റുമുട്ടല്‍ കൊല' അന്വേഷിക്കുന്നതിന് ഒരു സമിതിയെ നിയോഗിക്കണമെന്ന കാര്യം സംസ്ഥാന ഗവണ്‍മെന്‍റിനോട് നിര്‍ദേശിച്ചിട്ടുണ്ട്.