സിലബസ് ലഘൂകരണത്തിലെ ഒളിയജന്‍ഡകള്‍

ഒ എം ശങ്കരന്‍, കെ ടി രാധാകൃഷ്ണന്‍,ഡോ. പി വി പുരുഷോത്തമന്‍

കോവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാനുള്ള ഭഗീരഥയത്നത്തിലാണ് ലോകമെങ്ങുമുള്ള ഭരണാധികാരികളും ജനങ്ങളും. രോഗവ്യാപനത്തെ തുടര്‍ന്ന് സ്കൂളുകള്‍ അടയ്ക്കാനും കുട്ടികളെ വീട്ടിലിരുത്താനും ഏതാണ്ടെല്ലാ രാജ്യങ്ങളും നിര്‍ബന്ധിതമായി. നിലവിലുള്ള സ്ഥിതി തുടരുന്ന കാലത്തോളം ഓണ്‍ലൈന്‍ വഴി പഠിപ്പിക്കാനും കാര്യങ്ങള്‍ മെച്ചപ്പെടുന്ന മുറയ്ക്ക് കുട്ടികളെ ഘട്ടംഘട്ടമായി സ്കൂളില്‍ വരുത്തിച്ച് ഈ വര്‍ഷത്തെ സിലബസ് പൂര്‍ത്തീകരിക്കാനുമുള്ള വഴി തേടുകയാണ് ഏവരും. ഇന്ത്യയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ ബോര്‍ഡായ സി. ബി. എസ്. ഇ. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ സിലബസ് 30% ലഘൂകരിച്ചുകൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത് ഈ പശ്ചാത്തലത്തിലാണ്.


ഒറ്റനോട്ടത്തില്‍തന്നെ ദുരുദ്ദേശ്യപരമെന്നു സംശയിക്കാവുന്ന ഈ തീരുമാനം കടുത്ത വിമര്‍ശനമാണ് അക്കാദമിക വിദഗ്ധരില്‍ നിന്നും രാഷ്ട്രീയകക്ഷികളില്‍ നിന്നും നേരിട്ടുകൊണ്ടിരിക്കുന്നത്. സിലബസ് ലഘൂകരണത്തിന്‍റെ ഭാഗമായി നീക്കംചെയ്യപ്പെട്ട ഭാഗങ്ങള്‍ പരിശോധിച്ചാല്‍ മഹാമാരിയെപ്പോലും തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള 'സുവര്‍ണാവസര'മാക്കി മാറ്റുന്ന സംഘപരിവാറിന്‍റെ കുബുദ്ധി വ്യക്തമാകും. കോവിഡിന്‍റെ മറവില്‍ ഇന്ത്യയിലെ തൊഴില്‍നിയമങ്ങള്‍ തിരുത്തുകയും പരിസ്ഥിതിനിയമങ്ങള്‍ കാറ്റില്‍ പറത്തുകയും പൗരത്വസമരം നിഷ്പ്രഭമാക്കാനുള്ള കുത്സിതവൃത്തികളില്‍ ഏര്‍പ്പെടുകയും ചെയ്ത ഇക്കൂട്ടര്‍ കിട്ടുന്ന ഏത് അവസരവും സ്വന്തം അജന്‍ഡകള്‍ സ്ഥാപിച്ചെടുക്കാനായി ദുരുപയോഗം ചെയ്യും എന്നതില്‍ ആര്‍ക്കും സംശയം വേണ്ട. 


സംഘപരിവാറിന്‍റെ ഇടപെടല്‍ മുമ്പും


വിദ്യാഭ്യാസരംഗത്ത് ഇതിനുമുമ്പും തീവ്രഹിന്ദുത്വം അതിന്‍റെ അജന്‍ഡകള്‍ ഒളിഞ്ഞും തെളിഞ്ഞും നടപ്പിലാക്കിയിട്ടുണ്ട്. 2000 ല്‍ വാജ്പേയിയുടെ ഭരണകാലത്താണ് കരിക്കുലം തിരുത്തിയെഴുതാനുള്ള പ്രമാദമായ ചുവടുവെപ്പുകള്‍ ഉണ്ടായത്. ജ്യോതിഷവും വേദഗണിതവും പുരാണങ്ങളും മറ്റും തിരുകിക്കയറ്റാനും ചരിത്രത്തിന്‍റെ പ്രാധാന്യം കുറയ്ക്കാനുമായിരുന്നു ശ്രമം. 2002 ല്‍ പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ചപ്പോള്‍ അതിലും തങ്ങളുടെ കുത്സിതബുദ്ധി പ്രയോഗിച്ചു. എന്നാല്‍ കാവിവത്കരണത്തിനുള്ള ഹീനമായ ഈ നീക്കങ്ങളെ ഇടതുമതേതര കക്ഷികളും അക്കാദമിക് വിദഗ്ധരും യോജിച്ചെതിര്‍ത്തു. ഇതേത്തുടര്‍ന്നാണ് ഇടതുപക്ഷത്തിന്‍റെ പിന്തുണയോടെ യു. പി. എ. അധികാരത്തില്‍ വന്നപ്പോള്‍ പ്രൊഫ. യശ്പാലിന്‍റെ നേതൃത്വത്തില്‍ 2005 ലെ ദേശീയപാഠ്യപദ്ധതി (ചഇഎ 2005) കൊണ്ടുവന്നതും സംഘപരിവാര്‍ ആശയങ്ങളുടെ കടന്നുകയറ്റത്തിന് തത്കാലത്തേക്ക് തടയിട്ടതും. എന്നാല്‍ അതുകൊണ്ടൊന്നും പിന്‍വാങ്ങാന്‍ തയ്യാറല്ലാത്ത സവര്‍ണഫാസിസ്റ്റുകള്‍ പിന്നീട് തങ്ങള്‍ക്ക് അധികാരം കിട്ടിയ സംസ്ഥാനങ്ങളിലെല്ലാം പാഠപുസ്തക ഉള്ളടക്കങ്ങളിലൂടെയും അഭ്യാസങ്ങളിലൂടെയും പരീക്ഷാചോദ്യങ്ങളിലൂടെയും മറ്റും വിഷലിപ്തമായ സ്വന്തം കാഴ്ചപ്പാടുകള്‍ തിരുകിക്കയറ്റാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഇന്ത്യയുടെ സാംസ്കാരിക ബഹുത്വത്തോടുള്ള അസഹിഷ്ണുതയും ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും ഇന്ത്യന്‍ ചരിത്രത്തിലെ കീഴാളമുന്നേറ്റങ്ങളെ തമസ്കരിക്കാനുള്ള മനോഭാവവും യഥാര്‍ഥചരിത്രവസ്തുതകളോടുള്ള വിപ്രതിപത്തിയും ഗാന്ധി - നെഹ്റു തുടങ്ങിയ രാഷ്ട്രനേതാക്കളോടുള്ള അവഹേളനവും സവര്‍ക്കറെയും മറ്റും രാജ്യത്തിന്‍റെ വീരസന്താനങ്ങളായി അവതരിപ്പിക്കാനുള്ള അമിതോല്‍സാഹവും ഒക്കെ വിദ്യാഭ്യാസ സംവിധാനത്തിലൂടെ സാധിച്ചെടുക്കാനുള്ള ഒട്ടേറെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നാം സാക്ഷ്യം വഹിക്കുകയായിരുന്നു. മോഡിയുടെ ഒന്നാം വരവിലായിരുന്നു 2015 ല്‍ മുംബൈയില്‍ നടന്ന ശാസ്ത്രകോണ്‍ഗ്രസ്സിലൂടെ പുഷ്പകവിമാനം പോലുള്ളവ വെറും ഭാവനയല്ലെന്നും പൗരാണിക ശാസ്ത്രമുന്നേറ്റത്തിന്‍റെ തെളിവാണെന്നും യാതൊരു ഉളുപ്പുമില്ലാതെ വാദിച്ചുറപ്പിക്കാന്‍ ശ്രമിച്ചത്. ഇത്തരത്തില്‍, കിട്ടിയ അവസരങ്ങളിലെല്ലാം ചരിത്രത്തെയും സ്വാതന്ത്ര്യസമരത്തെയും ശാസ്ത്രചിന്തയെയും തിരുത്തിയെഴുതാനും  സ്വതന്ത്രചിന്തയെ കടന്നാക്രമിക്കാനും ഉത്സാഹിച്ച ഇക്കൂട്ടര്‍ കോവിഡ് കാലത്ത് കുട്ടികള്‍ എന്തു പഠിക്കണം / പഠിക്കേണ്ട എന്നു തീരുമാനിക്കാന്‍ കിട്ടുന്ന അവസരം കളഞ്ഞുകുളിച്ചില്ല എന്നത് മതേതരവാദികളെ അത്ഭുതപ്പെടുത്തുന്നില്ല.


കടുംവെട്ടിന്‍റെ മാനദണ്ഡം


കഴിഞ്ഞ ജൂലായ് 7 ന് ആണ് സി. ബി. എസ്. ഇ. യുടെ ഇതു സംബന്ധിച്ച ഉത്തരവ് ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത എല്ലാ സ്കൂള്‍ മേധാവികള്‍ക്കും ലഭിക്കുന്നത്. അതില്‍ പറയുന്നതനുസരിച്ച് കോവിഡ്മൂലം നഷ്ടമായ അധ്യയനദിനങ്ങള്‍ നികത്താന്‍ കുറേ പാഠഭാഗങ്ങള്‍ സിലബസില്‍ നിന്നും ഈ വര്‍ഷം ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ബോര്‍ഡിന്‍റെ കരിക്കുലം കമ്മിറ്റിയുടെയും ഗവേണിങ് ബോഡിയുടെയും അനുമതിയോടെയാണ് വിവിധ വിഷയസമിതികള്‍ ഈ തീരുമാനം കൈക്കൊണ്ടത്. കാതലായ ആശയങ്ങള്‍  പരമാവധി നിലനിര്‍ത്തിക്കൊണ്ടാണ് ഈ വെട്ടിച്ചുരുക്കലുകള്‍ നടത്തിയതെന്നും അതില്‍ പറയുന്നു. നീക്കുന്ന ഭാഗങ്ങള്‍ മറ്റു ഭാഗങ്ങളെ പരസ്പരം ബന്ധിപ്പിച്ചു പഠിക്കാന്‍ അനിവാര്യമെങ്കില്‍ അധ്യാപകര്‍ക്ക് അവ 'പറഞ്ഞുകൊടുക്കാ'മെന്നും എന്നാല്‍ അവ ആന്തരിക വിലയിരുത്തലിനോ (കിലേൃിമഹ അലൈാലൈിേ) വാര്‍ഷികപരീക്ഷയ്ക്കോ പരിഗണിക്കേണ്ടതില്ലെന്നും അതില്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുന്നു.  


ഈ ഉത്തരവു വായിക്കുന്ന ഏതൊരാളും കരുതുക മറ്റൊരു നിവൃത്തിയുമില്ലാത്തതിനാല്‍ കൂട്ടത്തില്‍ താരതമ്യേന അപ്രധാനമായവ ഒഴിവാക്കിയിരിക്കുന്നു എന്നുതന്നെയാണ്. അന്നേദിവസം മാനവശേഷി വികസനവകുപ്പ് മന്ത്രി രമേഷ് പൊക്രിയാല്‍ ഇക്കാര്യം തന്‍റെ ട്വീറ്റിലൂടെ സാധൂകരിക്കുകയും ചെയ്തു. ആഴ്ചകള്‍ക്കുമുമ്പ് ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ തേടിക്കൊണ്ട് താന്‍ നടത്തിയ അഭ്യര്‍ഥനയോട് 1500 ലേറെ വിദ്യാഭ്യാസ വിദഗ്ധര്‍ പ്രതികരിക്കുകയുണ്ടായെന്നും ഈ തീരുമാനമെടുക്കാന്‍ സഹായിച്ച അവരോട് നന്ദി രേഖപ്പെടുത്തുന്നതായും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം കുറിച്ചു. ഈ 'വിദഗ്ധര്‍' ആര് എന്നതില്‍ വലിയ സംശയങ്ങളൊന്നും വേണ്ടതില്ലെന്ന് ഏതാനും സാമ്പിളുകളുടെ മാത്രം പരിശോധന വ്യക്തമാക്കും.


സോഷ്യല്‍ സയന്‍സിലെ 
അതിക്രമം


സെക്കന്‍ഡറിയിലെ സോഷ്യല്‍ സയന്‍സില്‍ മുഖ്യമായും ഒഴിവാക്കിയ ഭാഗങ്ങള്‍ നോക്കാം. 2
- ക്ലാസ് 9 - ജനസംഖ്യ, ജനാധിപത്യ അവകാശങ്ങള്‍, ഭക്ഷ്യസുരക്ഷ, മലിനജല നിര്‍മാര്‍ജനം, ജലസ്രോതസ്സുകള്‍
-ക്ലാസ് 10 - കാടും വന്യജീവികളും, ജനാധിപത്യവും വൈവിധ്യവും, ലിംഗപദവി, മതവും ജാതിയും, ജനാധിപത്യത്തിനെതിരെയുള്ള വെല്ലുവിളികള്‍, ജനകീയ സമരങ്ങളും മുന്നേറ്റങ്ങളും, അച്ചടിസംസ്കാരവും ആധുനികലോകവും
    ഹയര്‍ സെക്കന്‍ഡറിയിലെ പൊളിറ്റിക്കല്‍ സയന്‍സ് ആണ് സംഘപരിവാര്‍ വിദഗ്ധരുടെ 'വിദഗ്ധ' ഹസ്തങ്ങള്‍ പതിഞ്ഞ മറ്റൊരു മേഖല.
-ക്ലാസ് 11 - ഫെഡറലിസം, പൗരത്വം, ദേശീയത, സെക്കുലറിസം, പ്രാദേശിക ഭരണകൂടങ്ങളുടെ ആവശ്യകത, ഇന്ത്യയില്‍ അവയുടെ വളര്‍ച്ച
- ക്ലാസ് 12 - ആസൂത്രണ കമ്മീഷന്‍, പഞ്ചവത്സര പദ്ധതികള്‍, അയല്‍രാജ്യങ്ങളുമായുള്ള ബന്ധം, സാമൂഹ്യ / നവസാമൂഹ്യ മുന്നേറ്റങ്ങള്‍, പരിസ്ഥിതിയും പ്രകൃതിവിഭവങ്ങളും
        ഹയര്‍ സെക്കന്‍ഡറിയിലെ ബിസിനസ് സ്റ്റഡീസ് ആണ് ഇവരുടെ സൂക്ഷ്മ ശസ്ത്രക്രിയയ്ക്ക് വിധേയമായ മറ്റൊരു മേഖല.
-ക്ലാസ് 11 - ജി. എസ്. ടി.
-ക്ലാസ് 12 - നോട്ട് നിരോധനം, ഉപഭോക്തൃ സംരക്ഷണം


ഇവയോരോന്നും സംഘപരിവാര്‍ രാഷ്ട്രീയത്തിന് പഥ്യമല്ലാതാവുന്നത് എന്തുകൊണ്ടെന്ന് സമകാലിക ഇന്ത്യന്‍ രാക്ഷ്ട്രീയത്തില്‍ സാമാന്യപരിചയം മാത്രമുള്ളവര്‍ക്കു പോലും അറിയാം. ജനാധിപത്യ അവകാശങ്ങള്‍ ചവിട്ടിമെതിച്ചുകൊണ്ട് പൗരത്വപ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയ സംഭവങ്ങള്‍ കൊറോണയ്ക്ക് തൊട്ടുമുമ്പാണ് രാജ്യതലസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ അരങ്ങേറിയത്. കാശ്മീരില്‍ ജനനേതാക്കളെ മാസങ്ങളോളം തടങ്കലില്‍ ഇടാന്‍ ഇവര്‍ ആയുധമാക്കിയത് ദേശീയതയെക്കുറിച്ചുള്ള കപടമായ ഉത്കണ്ഠകളാണ്. അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തെ പോലും സ്വന്തം രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്യാന്‍ ഇവര്‍ക്ക് മടിയില്ല. ഫെഡറലിസം എന്നത് തങ്ങളുടെ ഹിതമനുസരിച്ച് സംസ്ഥാനങ്ങള്‍ ഭരിക്കുന്നവരെ കൈയയച്ച് സഹായിക്കാനും അല്ലാത്തവരെ സാമ്പത്തികമായും രാഷ്ട്രീയമായും സമ്മര്‍ദത്തിലാഴ്ത്താനുമുള്ള ഏര്‍പ്പാടാണെന്ന് ഇവര്‍ പലവട്ടം തെളിയിച്ചുകഴിഞ്ഞു. കോടികള്‍ ഒഴുക്കി ജനപ്രതിനിധികളെ വിലയ്ക്കെടുക്കാന്‍ യാതൊരു മടിയുമില്ലാത്തവര്‍ ജനാധിപത്യമൂല്യങ്ങള്‍ എന്നത് ഉച്ചരിക്കാന്‍ പോലും ഭയപ്പെടും. ഏകദേശീയതയിലും സവര്‍ണഹിന്ദുത്വത്തിലും പുരുഷാധിപത്യ ആശയങ്ങളിലും ഉറച്ചുനില്‍ക്കുന്നവര്‍ ദേശീയത, മതനിരപേക്ഷത, ലിംഗസമത്വം എന്നിവ കുറച്ചുകാലത്തേക്കെങ്കിലും പുതുതലമുറ കേള്‍ക്കാതിരുന്നാല്‍ അത്രയും നല്ലത് എന്നേ കരുതൂ.


ജി.എസ്.ടി, നോട്ടുനിരോധനം എന്നിവ കൊണ്ടുവന്നത് സാധാരണക്കാരന്‍റെ നേട്ടത്തിനാണെന്നാണ് പ്രധാനമന്ത്രി നാഴികയ്ക്ക് നാല്‍പതുവട്ടം പറഞ്ഞിരുന്നത്. എന്നാല്‍ അവകൊണ്ട് ആര്‍ക്കാണ് നേട്ടമുണ്ടായതെന്ന് ഇന്ത്യയിലെ പാവപ്പെവര്‍ക്ക് അനുഭവത്തിലൂടെ ബോധ്യപ്പെട്ടിരിക്കുന്നു. ഇന്ന് ഇവരണ്ടും ഉച്ചരിക്കാന്‍ ബി.ജെ.പി.യുടെ വക്താക്കള്‍ ഭയപ്പെടുകയാണ്. അങ്ങനെയിരിക്കെ പഞ്ചവത്സരപദ്ധതികള്‍ അടക്കമുള്ള കാര്യങ്ങള്‍ അപ്രധാനമെന്നു വരുത്തി തെരഞ്ഞുപിടിച്ചു നീക്കാന്‍ ഉപദേശം നല്‍കിയവരുടെ രാഷ്ട്രീയവിധേയത്വത്തെ കുറിച്ച് അരിയാഹാരം കഴിക്കുന്നവര്‍ക്ക് സംശയം ഉണ്ടാവാന്‍ ഇടയില്ല. 


പത്താംതരത്തിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകം മാത്രം പ്രത്യേകമെടുത്ത് പരിശോധിക്കുന്നത് കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത പകരും. ഈ പാഠപുസ്തകത്തെ നാല് വിഷയമേഖലകളാക്കി തിരിച്ചതില്‍ ഒരുഭാഗം പൊളിറ്റിക്കല്‍ സയന്‍സാണ്. അതില്‍ ആകെയുള്ള എട്ട് അധ്യായങ്ങളില്‍ നാലെണ്ണം പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നു. അവയാകട്ടെ ഏതാണ്ട് പകുതിയോളം പേജുകള്‍ വരും. മുപ്പതു ശതമാനം എന്നത് അമ്പത് ശതമാനമാണ് ഈ ഭാഗത്ത് എന്നു കാണാം. അവ യഥാക്രമം നേരത്തെ സൂചിപ്പിച്ച ജനാധിപത്യവും വൈവിധ്യവും (അധ്യായം 3), ലിംഗപദവി, മതവും ജാതിയും (അധ്യായം 4), ജനകീയ സമരങ്ങളും മുന്നേറ്റങ്ങളും (അധ്യായം 5), ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ (അധ്യായം 8) എന്നിവയാണ്. അധികാരം പങ്കിടല്‍, ഫെഡറലിസം, രാഷ്ട്രീയപാര്‍ട്ടികള്‍, ജനാധിപത്യത്തിന്‍റെ നേട്ടങ്ങള്‍ എന്നിവയാണ് നിലനിര്‍ത്തപ്പെട്ട അധ്യായങ്ങള്‍. എന്നുവെച്ചാല്‍ എട്ട് അധ്യായങ്ങളില്‍ എന്തുകൊണ്ടും സുപ്രധാനമായവയാണ് പൂര്‍ണമായും വെട്ടിമാറ്റിയിരിക്കുന്നത്. 


ഇതേക്കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ മന്ത്രി തന്‍റെ ട്വിറ്ററിലൂടെ മറുപടി പറഞ്ഞത് വീട്ടിലിരുന്നുള്ള ഓണ്‍ലൈന്‍ പഠനത്തിനായി എന്‍. സി. ഇ. ആര്‍. ടി. തയ്യാറാക്കിയ ബദല്‍ അക്കാദമിക പാഠ്യപദ്ധതിയില്‍ ഇവയൊക്കെ ഉണ്ടെന്നാണ്. എന്നാല്‍ അപ്പറഞ്ഞ രേഖയില്‍ ജനാധിപത്യത്തെ കുറിച്ചുള്ള ചെറിയ ഒരു ഭാഗമേ വന്നിട്ടുള്ളൂ എന്നതാണ് വസ്തുത. 3 ഒഴിവാക്കപ്പെട്ടതും വാര്‍ഷിക പരീക്ഷയില്‍ ചോദ്യം വരില്ലെന്ന് ഉറപ്പുള്ളതുമായ ഭാഗമാകയാല്‍ അതുപോലും പഠിപ്പിക്കാന്‍ അധ്യാപകരോ, പഠിക്കാന്‍ കുട്ടികളോ തയ്യാറാകുമോ എന്ന മറുചോദ്യത്തിന് ഉത്തരമില്ല. പരീക്ഷാകേന്ദ്രിതമായാണ് മിക്ക സി. ബി. എസ്. ഇ. സ്കൂളുകളും പ്രവര്‍ത്തിക്കാറ് എന്നത് രഹസ്യമായ കാര്യമല്ല. ആ നിലയ്ക്ക് മന്ത്രിയുടെ വിശദീകരണത്തെ പിടിച്ചുനില്‍ക്കാനുള്ള ശ്രമമായേ വിലയിരുത്താനാവൂ. ചുരുക്കത്തില്‍ നീക്കം ചെയ്യപ്പെട്ട അധ്യായങ്ങള്‍ ഈ വര്‍ഷം കുട്ടികള്‍ പഠിക്കാന്‍ പോകുന്നില്ല. ഇത് അധികൃതര്‍ക്ക് അറിയാത്ത കാര്യമാകാനും ഇടയില്ല. ഒരുപക്ഷേ അതുതന്നെയാവാം അവരുടെ മനസ്സിലിരിപ്പും.


കേന്ദ്രം മുന്നോട്ടുവെച്ച ഓണ്‍ലൈന്‍ പഠനമാതൃക കേരളത്തിലുള്ളതുപോലെ ചാനല്‍ സംപ്രേക്ഷണത്തില്‍ അധിഷ്ഠിതമല്ല. അധ്യാപകര്‍ ഫോണ്‍വഴി നല്‍കുന്ന നിര്‍ദേശങ്ങളെ മാത്രം അടിസ്ഥാനമാക്കിയാണ് അവിടെ പഠനം. കേരളത്തില്‍ ചെയ്തതുപോലെ വീട്ടില്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് ടി. വി. യോ ഫോണോ എത്തിക്കാനുള്ള യാതൊരു ഇടപെടലും നടത്തിയിട്ടില്ല. എന്നുവെച്ചാല്‍ ടീച്ചറുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായി കാര്യങ്ങള്‍ നടക്കും. ടീച്ചര്‍ ഒന്നും ചെയ്തില്ലെങ്കില്‍ ഒരു പഠനവും നടക്കില്ല. അതാകട്ടെ മോണിറ്റര്‍ ചെയ്യാന്‍ സംവിധാനങ്ങളുമില്ല. ചുരുക്കത്തില്‍ സി. ബി. എസ്. ഇ. സ്കൂളില്‍ ചെന്നുപെട്ട പിന്നാക്കക്കാരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും കാര്യം 'കട്ടപ്പൊക' തന്നെയാവും. ഒട്ടേറെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സി. ബി. എസ്. ഇ. സിലബസ് ആണ് നടപ്പിലാക്കുന്നത് എന്ന് ഓര്‍ക്കുക.


ശാസ്ത്രവിഷയങ്ങളിലേക്കു 
വരുമ്പോള്‍ 


ശാസ്ത്രവിഷയങ്ങളില്‍ ഇതുപോലുള്ള വിവാദഭാഗങ്ങള്‍ ഒഴിവാക്കി എന്നതല്ല പ്രശ്നം. മറിച്ച് പല ഭാഗങ്ങളുടെയും പഠനത്തുടര്‍ച്ചയെ ബാധിക്കും വിധത്തില്‍, ആന കരിമ്പിന്‍ കാട്ടില്‍ ചെന്നതിനു സമാനമായി യാതൊരു യുക്തിയും പുലര്‍ത്താതെ നടത്തിയ വെട്ടിനിരത്തലാണ് വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്. ഉദാഹരണമായി പ്ലസ് വണ്‍ ഫിസിക്സില്‍ നേര്‍രേഖാചലനം, വേഗത, പ്രവേഗം തുടങ്ങിയവയും ന്യൂട്ടന്‍റെ മൂന്നു ചലനനിയമങ്ങളും കെപ്ലറുടെ നിയമങ്ങളും ഭൂഗുരുത്വനിയമവുമൊക്കെ ഒഴിവാക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. 


താപം അറിയാതെ വാതകങ്ങളുടെ ഗതികസിദ്ധാന്തം പഠിക്കേണ്ടിവരിക, നേര്‍രേഖാചലനം എന്തെന്നറിയാതെ പ്രതലത്തിലൂടെയുള്ള ചലനം പഠിക്കേണ്ടിവരിക, ന്യൂട്ടന്‍റെ ചലനനിയമത്തിന്‍റെ അഭാവത്തില്‍ പ്രവൃത്തി, പവര്‍, ഊര്‍ജം എന്നിവ പഠിക്കാന്‍ നിര്‍ബന്ധിക്കപ്പെടുക തുടങ്ങിയവപോലുള്ള അനേകം വൈപരീത്യങ്ങളാണ് ചൂണ്ടിക്കാണിക്കാനാവുക. എന്നുവെച്ചാല്‍ അടിസ്ഥാനകാര്യങ്ങള്‍ ഒഴിവാക്കിയ ശേഷം അതിനു മുകളിലുള്ള സങ്കീര്‍ണമായ കാര്യങ്ങള്‍ പഠിക്കാന്‍ ആവശ്യപ്പെടുന്നതിലെ യുക്തിരാഹിത്യമാണ് സംഭവിച്ചിരിക്കുന്നത്. അധികൃതര്‍ അവകാശപ്പെടുംപോലെ ഭാരം കുറയ്ക്കാനല്ല മറിച്ച് ഭാരം കൂട്ടാനാണ് വീണ്ടുവിചാരമില്ലാത്ത ഇത്തരം തീരുമാനങ്ങള്‍ ഇടയാക്കുക. മിക്ക വിഷയങ്ങളുടെയും സ്ഥിതി ഇതാണ്.


കുട്ടികള്‍ അറിവ് നിര്‍മിക്കുന്നത് എങ്ങനെയെന്ന് പരിഗണിക്കാതെയുള്ള തീരുമാനങ്ങള്‍  കൈക്കൊണ്ടതിനാലാണ്  ഇങ്ങനെ സംഭവിച്ചിരിക്കുന്നത്.  സിലബസ് ക്രമീകരണത്തിന്‍റെ അടിസ്ഥാന തത്ത്വങ്ങളോ പഠനപ്രക്രിയയോ പരിഗണിക്കാതെ നടത്തിയ കൈക്രിയ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കാണ് ഇടയാക്കുക. കുരങ്ങന്‍ അപ്പക്കഷണം വീതംവെച്ചതുപോലെ കരിക്കുലം ലഘൂകരണത്തെ സമീപിച്ചു എന്നാണ് വ്യക്തമാവുന്നത്.


 'വിദ്യാഭ്യാസലക്ഷ്യങ്ങള്‍, കുട്ടികളുടെ പഠനപ്രക്രിയ, അവരുടെ മാനസികവികാസം, പഠിതാവിന്‍റെ സാഹചര്യങ്ങള്‍ ' എന്നിവ ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ പരിഗണിക്കണമായിരുന്നുവെന്ന് പ്രമുഖ വിദ്യാഭ്യാസവിചക്ഷണയും ഡല്‍ഹി സര്‍വകലാശാല വിദ്യാഭ്യാസ വകുപ്പിലെ മുന്‍ഡീനുമായ ഡോ. അനിതാ റാംപാല്‍ പറയുന്നു. അമൂര്‍ത്തമായ ആശയങ്ങള്‍ പലതും മനസ്സിലാക്കണമെങ്കില്‍ വര്‍ധിച്ച തോതിലുള്ള കൂട്ടായ അനുഭവങ്ങളും മതിയായ കാലയളവും ആവശ്യമാണെന്നിരിക്കെ മുന്നുംപിന്നും നോക്കാതെയുള്ള കടുംവെട്ടിനു പിറകില്‍ വെറും രാഷ്ട്രീയലക്ഷ്യങ്ങളേ ഉള്ളുവെന്നും ഒരു സ്വകാര്യചാനലിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ തുറന്നടിക്കുന്നു. 


നിലനിര്‍ത്തപ്പെട്ടവ പലതും ഫലപ്രദമായി പഠിക്കാന്‍ ഒഴിവാക്കപ്പെട്ടവ അനിവാര്യമാണെന്ന് എന്‍.സി.ഇ.ആര്‍.ടി.യുടെ മുന്‍ഡയറക്ടര്‍ പ്രൊഫ. കൃഷ്ണകുമാറും ചര്‍ച്ചയില്‍ അഭിപ്രായപ്പെടുകയുണ്ടായി. 'എട്ടുമാസം കഴിഞ്ഞുമാത്രം നടക്കുന്ന ഒരു പരീക്ഷയുടെ പേരില്‍ കുട്ടികള്‍ക്ക് വായിക്കാനും ചില കാര്യങ്ങള്‍ നന്നായി ഗ്രഹിക്കാനുമുള്ള അവകാശത്തെയാണ് എടുത്തുമാറ്റുന്നതെന്നും' അദ്ദേഹം അധികൃതരെ ഓര്‍മിപ്പിക്കുന്നു. ശാസ്ത്രമെന്നത് മാര്‍ക്കുനേടാനുള്ള കുറേ വിവരങ്ങള്‍ മാത്രമാണെന്നും അതില്‍ കുറേ ഭാഗങ്ങള്‍ വെട്ടിക്കളഞ്ഞാല്‍ ഒന്നും സംഭവിക്കില്ലെന്നുമുള്ള ലളിതബുദ്ധിയാകാം സംഘപരിവാറിന്‍റെ ബൗദ്ധികസേവകരെ നയിച്ചത്. ശാസ്ത്രവും ചരിത്രവും എത്രകണ്ട് കുറച്ചുപഠിക്കാമോ അത്രയും നല്ലത് എന്നാണല്ലോ ഇവരുടെ മനസ്സിലിരിപ്പ്.     


ബയോളജിയില്‍ സ്ഥിതി കുറേക്കൂടി പരിതാപകരമാണ്. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഇവല്യൂഷനറി ബയോളജി എന്ന അക്കാദമിക കൂട്ടായ്മയുടെ അഭിപ്രായത്തില്‍ പരിസ്ഥിതിവിജ്ഞാനീയം, പരിണാമം തുടങ്ങിയ ഏറെ പ്രാധാന്യമുള്ള ഉള്ളടക്കത്തിലാണ് അധികൃതര്‍ കൈവെച്ചിരിക്കുന്നത്. ഇവയുടെ അഭാവത്തിലുള്ള ജീവശാസ്ത്രമെന്നത് പരസ്പരബന്ധമില്ലാത്ത കുറേ വിവരങ്ങളുടെ കൂമ്പാരമായേ അനുഭവപ്പെടൂ.

പരിസ്ഥിതിവിജ്ഞാനീയവും പരിണാമവും ശരിയാംവിധം ആളുകള്‍ മനസ്സിലാക്കാത്തതിന്‍റെ ഫലമായാണ് പരിസ്ഥിതിക്കുമേലും ജൈവവൈവിധ്യത്തിനു മേലുമുള്ള കൈയേറ്റം നടക്കുന്നത്. ഇത്തരം കൈയേറ്റങ്ങളാണ് കോവിഡ് - 19 പോലുള്ള ജനിതകവ്യതിയാനം വന്ന വൈറസുകളുടെ ഉത്ഭവത്തിനു കാരണം എന്നാണ് ശാസ്ത്രലോകം അനുമാനിക്കുന്നത്. ഇത്തരമൊരു മഹാമാരിയുടെ വിളയാട്ടം നടക്കുന്ന ഘട്ടത്തില്‍ അതുമായി ബന്ധപ്പെട്ട സുപ്രധാന പഠനമേഖലകള്‍ മാറ്റിവെക്കുന്നത് തികഞ്ഞ വിരോധാഭാസമാണെന്ന് സംഘടന പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.


പാട്ടകൊട്ടിയും വിളക്കുകൊളുത്തിയും കൊറോണയെ നേരിട്ട രീതിയും ആഗസ്ത് 15 ന് വാക്സിന്‍ പുറത്തിറക്കുമെന്നു പ്രഖ്യാപിച്ചതും നാം കണ്ടതാണല്ലോ. കേന്ദ്രസര്‍ക്കാര്‍ കാര്യങ്ങളെ എത്ര ലാഘവപൂര്‍ണമായും അശാസ്ത്രീയമായുമാണ് സമീപിക്കുന്നത് എന്നതിന്‍റെ മറ്റൊരു തെളിവായി വേണം സിലബസ് ലഘൂകരണത്തെയും വിലയിരുത്താന്‍.


യഥാര്‍ഥത്തില്‍ 
ചെയ്യേണ്ടിയിരുന്നത്


പ്രവൃത്തിദിനങ്ങളുടെ അപ്രതീക്ഷിതനഷ്ടം മറ്റെങ്ങനെയാണ് പരിഹരിക്കേണ്ടത് എന്ന മറുചോദ്യം ഇവിടെ പ്രസക്തമാണ്. ലോകത്തിന്‍റെ പലഭാഗത്തും ഇങ്ങനെയൊക്കെയല്ലേ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന വാദവും ഉയരുന്നുണ്ട്. 


എന്നാല്‍ സിലബസില്‍ മാറ്റം വരുത്തുംമുമ്പ് പല കാര്യങ്ങളും ആലോചിക്കേണ്ടതുണ്ട്. അതില്‍ സുപ്രധാനമായത് ശരിയായ അക്കാദമിക നിലപാടുകള്‍ കൈക്കൊള്ളുക എന്നതാണ്. വിദ്യാഭ്യാസമെന്നത് പരീക്ഷയ്ക്കു വേണ്ടിയുള്ള വെറുമൊരു ഏര്‍പ്പാടല്ല. അത് ഒരു തലമുറയെ നിര്‍മിക്കുന്ന പ്രക്രിയയാണ്. അവരവരെയും ലോകത്തെയും മനസ്സിലാക്കാനും അതനുസരിച്ച് സമൂഹത്തിനുതകുന്ന പൗരരായി ഭാവിയില്‍ സ്വയം അടയാളപ്പെടുത്താനും പ്രാപ്തമാക്കലാണ്. പതിനെട്ടു വയസ്സ് തികയുമ്പോള്‍ രാജ്യത്തിന്‍റെ ജനാധിപത്യപ്രക്രിയയില്‍ പങ്കുകൊള്ളാനും ശരിയായ തീരുമാനങ്ങള്‍ എടുക്കാനുമുള്ള കഴിവ് വളര്‍ത്തലാണ്. ഇതിനു വേണ്ടിയാണ് വ്യത്യസ്തമേഖലകളില്‍ പെട്ട അറിവുകളില്‍ നിന്ന് ഉചിതമായവ തെരഞ്ഞെടുത്ത് ചെറിയ ക്ലാസുകളില്‍ ഉദ്ഗഗ്രഥിതമായും മുകളിലേക്കു പോകുന്തോറും വിഷയവിഭജനത്തോടെയും സിലബസ് ക്രമീകരിക്കുന്നത്. എളുപ്പമായതില്‍ നിന്ന് സങ്കീര്‍ണമായതിലേക്കും മൂര്‍ത്തമായതില്‍ നിന്നും അമൂര്‍ത്തമായതിലേക്കും അടുത്തുള്ളതില്‍ നിന്നും അകലെയുള്ളതിലേക്കും വരുംവിധമാണ് ഉള്ളടക്കം ചിട്ടപ്പെടുത്തുക. ക്ലാസുകള്‍ പിന്നിടുന്നതിനനുസരിച്ച് അറിവിന്‍റെ ആഴവും പരപ്പും കൂടിവരുന്നു. പുതിയ കാര്യങ്ങള്‍ പഠിക്കുമ്പോള്‍ തന്നെ പഴയതിലേക്കു തിരിച്ചുവരാനും അങ്ങനെയുണ്ടാകുന്ന പുനരനുഭവങ്ങളിലൂടെ പിന്നിട്ട കാര്യങ്ങള്‍ കൂടുതല്‍ ഗ്രഹിക്കാനുമൊക്കെ സാധിക്കണം. ഇതിനെയാണ് ജെറോം ബ്രൂണറെ പോലുള്ള വിദഗ്ധര്‍ സിലബസ് ക്രമീകരണത്തിലെ 'ചാക്രികാരോഹണരീതി' (ടുശൃമഹ മൃൃമിഴലാലിേ) എന്ന് വിശേഷിപ്പിക്കുന്നത്. പിന്നാക്കക്കാര്‍ക്ക് ഏറെ സഹായമാണിത്. സിലബസ് ക്രമീകരണത്തിലെ ഇത്തരം തത്ത്വങ്ങളും കരുതലുകളും വിസ്മരിച്ചുകൊണ്ട് തത്ത ചീട്ടെടുക്കുംപോലെ അവിടെനിന്നും ഇവിടെനിന്നും ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റുന്നത് അത്യാപത്കരമാണ്.


സിലബസ് ക്രമീകരിക്കുന്നതു പോലെതന്നെ സിലബസ് ലഘൂകരിക്കുന്നതും അത്യന്തം ശ്രദ്ധിച്ചുവേണം. 'രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യഭരണ സംവിധാനത്തിനകത്ത് നിന്നുകൊണ്ട് കുട്ടികളില്‍ ദൃഢമായ വ്യക്തിത്വം വളര്‍ത്താന്‍' ലക്ഷ്യമിട്ട് 2005 ല്‍ തയ്യാറാക്കിയ ദേശീയ പാഠ്യപദ്ധതി രൂപരേഖയുടെ (ചഇഎ 2005) അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പാഠപുസ്തകങ്ങളാണ് ഇപ്രകാരം വെട്ടിച്ചുരുക്കിയിരിക്കുന്നത്. ബഹുസംസ്കാരങ്ങള്‍ അധിവസിക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ ഓരോ കുട്ടിയുടെയും അനുഭവങ്ങള്‍ മറ്റോരോ കുട്ടിയുടെ അനുഭവങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നും ഇത് ഒരു ബാധ്യതയല്ലെന്നും മറിച്ച് നമ്മുടെ കരുത്താണെന്നും ദേശീയപാഠ്യപദ്ധതി രൂപരേഖ നിലപാടെടുക്കുകയുണ്ടായി. സാമൂഹ്യപ്രശ്നങ്ങളില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ സ്വീകരിക്കുന്നതിനെയും ജനാധിപത്യരീതിയില്‍ പരസ്പരം ഇടപെടുന്നതിനെയും അംഗീകരിക്കുന്ന വിമര്‍ശനാത്മക  പാഠ്യപദ്ധതിയാണത്. 6 ഭരണഘടനാമൂല്യങ്ങളും ശരിയായ ദേശീയകാഴ്ചപ്പാടും അതിന്‍റെ അന്ത:സത്തയാണ്. അതിനര്‍ഥം ദേശീയതയും ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും ലിംഗസമത്വവുമൊക്കെ  ശരിയായ അര്‍ഥത്തോടെ നമ്മുടെ കുട്ടികള്‍ അറിയണം എന്നു തന്നെയാണ്. 


അതുകൊണ്ടാണ് 'ഭരണഘടനാമൂല്യങ്ങളുടെ അടിത്തറയിളക്കുന്നതും ജനാധിപത്യ, മതനിരപേക്ഷ ഇന്ത്യയുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്നതുമായ തെരഞ്ഞുപിടിച്ചുള്ള ഈ സിലബസ് ലഘൂകരണത്തെ ഞങ്ങള്‍ തള്ളിക്കളയുന്നു' എന്ന് സീതാറാം യച്ചൂരി ഒരു ട്വീറ്റില്‍ അഭിപ്രായപ്പെട്ടത്. 


പതിനെട്ടുവയസ്സിനകം ഭരണഘടനാമൂല്യങ്ങളും പൗരത്വബോധവും ഉള്‍ക്കൊള്ളുന്ന വ്യക്തിയാക്കി മാറ്റുക എന്ന സുപ്രധാനലക്ഷ്യം മറന്നുകൊണ്ടുള്ള 'ലോഡ്ഷെഡ്ഡിങ്' അറിവ് കുറഞ്ഞ യുവവോട്ടറെ സൃഷ്ടിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ലെന്ന് മുന്‍ഉപരാഷ്ട്രപതിയും വിദ്യാഭ്യാസ വിചക്ഷണനുമായ ഹാമിദ് അന്‍സാരിയും ചൂണ്ടിക്കാട്ടുന്നു.

 


പ്രായോഗികമായ മറ്റുചില ആലോചനകളാണ് വാസ്തവത്തില്‍ ഇക്കാര്യത്തില്‍ വേണ്ടിയിരുന്നത്. നമ്മുടെ പാഠ്യപദ്ധതി ലക്ഷ്യങ്ങളെയും ഭരണഘടനാമൂല്യങ്ങളെയും ശാസ്ത്രീയമായ ചിന്തയെയും മുന്‍നിര്‍ത്തിയുള്ള ഗൗരവപൂര്‍വമായ അന്വേഷണമാണ് നടക്കേണ്ടിയിരുന്നത്. നിലവിലുള്ള സാഹചര്യത്തില്‍ കുറച്ചുഭാഗം മാറ്റിവെക്കേണ്ടി വരാം. എന്നാല്‍ അത് കുട്ടികളുടെ പഠനത്തിന് വലിയ വിഘാതമുണ്ടാക്കാത്ത രീതിയില്‍ വേണം ചെയ്യാന്‍. താരതമ്യേന പ്രാധാന്യം കുറഞ്ഞ ഭാഗങ്ങള്‍, പിന്നീട് വരുന്ന ഭാഗങ്ങളില്‍ ഫലപ്രദമായി ഉദ്ഗ്രഥിച്ചു ചേര്‍ക്കാവുന്ന കാര്യങ്ങള്‍, ശക്തമായ അടിത്തറ ഇപ്പോള്‍ ഉണ്ടാക്കിവെച്ചാല്‍ അതിനു മുകളില്‍ സമയമനുസരിച്ച് പിന്നീടു പടുത്തുയര്‍ത്താവുന്ന ആശയങ്ങള്‍, ലബോറട്ടറിയുടെ സഹായത്തോടെ മാത്രം പഠിക്കേണ്ട കാര്യങ്ങള്‍, സംഘപ്രവര്‍ത്തനങ്ങളും കൂട്ടായ ചര്‍ച്ചയും അനിവാര്യമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ മാറ്റിവെക്കുന്നതിനെ ആരും എതിര്‍ക്കില്ല. 


എന്നാല്‍ അത്തരത്തില്‍ യാതൊരു നിലപാടും ഇപ്പോഴത്തെ വെട്ടിയൊതുക്കലില്‍ പ്രവര്‍ത്തിച്ചുവെന്നു തോന്നുന്നില്ല. ഓരോ ഭാഗവും മാറ്റിവെച്ചതിന്‍റെ ശാസ്ത്രീയമായ യുക്തി പറഞ്ഞില്ലെന്നു മാത്രമല്ല പലപ്പോഴായി നല്‍കാന്‍ ശ്രമിച്ച വിശദീകരണങ്ങള്‍ പുരോഗമന വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ക്ക് കടകവിരുദ്ധവുമാണ്. സി.ബി.എസ്.ഇ.യുടെ 'കരിക്കുലം കമ്മിറ്റി' എന്‍.സി.ഇ.ആര്‍.ടി. ക്കു മുകളിലാണ് എന്നാണ് വന്നിരിക്കുന്നത്. ഇത് നല്ല പ്രവണതയല്ല. 'നമുക്ക് വിദ്യാഭ്യാസത്തില്‍ നിന്ന് രാഷ്ട്രീയത്തെ മാറ്റിനിര്‍ത്താം, പകരം രാഷ്ട്രീയത്തെ കൂടുതല്‍ വിദ്യാഭ്യാസവത്കരിക്കാം' എന്ന മന്ത്രിയുടെ പ്രസ്താവന തന്നെയാണ് അദ്ദേഹത്തോട് തിരിച്ചു പറയാനുള്ളത്. 


ഈ വര്‍ഷം മുഴുവന്‍ ഇങ്ങനെതന്നെ പഠിക്കേണ്ടി വന്നാലുണ്ടാകുന്ന വീഴ്ചകള്‍ക്ക് ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരും. അതിനാല്‍ അത്യാവശ്യമായ സിലബസ് മാറ്റങ്ങള്‍ അതാതിന്‍റെ യുക്തിയോടെ വരുത്തിയും, സ്കൂള്‍ തുറക്കുമ്പോള്‍ അവധിദിനങ്ങള്‍ പരമാവധി കുറച്ചും, അധ്യയനവര്‍ഷം ആവശ്യാനുസരണം മുമ്പോട്ടു നീട്ടിയുമൊക്കെയുള്ള തീരുമാനങ്ങള്‍ അടിയന്തിരമായി ഉണ്ടാവണം. മന:ശാസ്ത്രം, ബോധനശാസ്ത്രം തുടങ്ങിയ മേഖലകളിലെ കൂടുതല്‍ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് അവധാനതയോടെ വേണം തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍. സംഘപരിവാറിന്‍റെ സങ്കുചിതവും വിഭാഗീയവുമായ പ്രത്യയശാസ്ത്രം അടിച്ചേല്‍പിക്കാനും യുക്തിബോധവും ശാസ്ത്രചിന്തയുമൊക്കെ വളരുന്നത് തടയാനും നടത്തി വരുന്ന ഗൂഢമായ ഇടപെടലുകളുടെ തുടര്‍ച്ചയായേ ഇപ്പോഴത്തെ കടുംവെട്ടിനെയും കാണാനാവൂ. കുട്ടികളുടെ ശരിയായ വികാസം ആഗ്രഹിക്കുന്നവരും രാജ്യത്തിന്‍റെ ഭാവിയില്‍ ഉത്കണ്ഠയുള്ളവരുമായ യഥാര്‍ഥ രാജ്യസ്നേഹികള്‍ ഇതിനെതിരെ രംഗത്തു വരണം.