എലിയെ കൊല്ലാന്‍ ഇല്ലം ചുടണോ?

സി പി നാരായണന്‍

കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് ചിലേടങ്ങളില്‍ കേന്ദ്രീകരിച്ചും മുമ്പില്ലാതിരുന്ന തോതിലും വര്‍ധിച്ചുകൊണ്ടിരുന്നപ്പോഴാണ് ഈ മാസം ആദ്യ ആഴ്ച അവസാനം തിരുവനന്തപുരത്ത് സ്വര്‍ണക്കള്ളക്കടത്ത് സ്ഥിരീകരിക്കപ്പെടുന്നത്. സംസ്ഥാനത്തിന്‍റെ, ജനങ്ങളുടെയും സര്‍ക്കാരിന്‍റെയും, ശ്രദ്ധ കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന ആശങ്കയിലും ഭീതിയിലും അതിനെ എങ്ങനെ നേരിടണമെന്നതിലും കേന്ദ്രീകരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഈ സംഭവവികാസം. 


യുഡിഎഫിനും ബിജെപിക്കും കേരള സര്‍ക്കാരിന്‍റെ കോവിഡ്ബാധ കൈകാര്യംചെയ്യുന്ന രീതി കണ്ണിലെ കരടും സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതിലെ തടസ്സവുമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനരീതി ഈ വിഷയത്തില്‍ പ്രത്യേകിച്ചും മറ്റു കാര്യങ്ങളില്‍ പൊതുവിലും രാഷ്ട്രീയഭേദമെന്യെ ജനങ്ങള്‍ക്ക് തൃപ്തികരമായിരുന്നു. കോവിഡ് വ്യാപനത്തിന്‍റെ നിഴലിലാണ് ഇത്തവണ എസ്എസ്എല്‍സി-ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള പരീക്ഷകളും അവയുടെ മൂല്യനിര്‍ണയവും നടത്തി ഫലം പ്രഖ്യാപിച്ചത്. കീം പരീക്ഷയും നടന്നുകഴിഞ്ഞു. അതോടൊപ്പം പാവങ്ങള്‍ക്കായുള്ളവ ഉള്‍പ്പെടെ പല വികസന പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകുന്നുമുണ്ട്. 


അന്താരാഷ്ട്ര പ്രശംസയ്ക്ക് പാത്രമായ ഈ റെക്കോര്‍ഡ് വലിച്ചുകീറാന്‍ വെമ്പിനിന്ന പ്രതിപക്ഷങ്ങള്‍ക്കുമുമ്പില്ലാണ് സ്വര്‍ണക്കള്ളക്കടത്ത് പൊട്ടിവീണത്. അതിലെ പ്രതികളെല്ലാം സിപിഐ എംകാരാണെന്ന് തുടക്കത്തില്‍ മാധ്യമങ്ങളും പ്രതിപക്ഷവും ആരോപിച്ചത് ഈ വെപ്രാളത്തിന്‍റെ ഭാഗമായിട്ടായിരുന്നു. ഉന്നയിക്കുന്ന മിക്ക ആരോപണങ്ങള്‍ക്കും നിമിഷങ്ങളുടെ നിലനില്‍പേ ഉള്ളൂ എന്ന് അറിയാമായിരുന്നിട്ടും അവര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കെട്ടിച്ചമച്ച് പ്രചരിപ്പിക്കുകയാണ്. ജന മനസ്സുകളില്‍ എല്‍ഡിഎഫ് സര്‍ക്കാരിനും പിണറായി വിജയന്‍ മന്ത്രിസഭയ്ക്കും ഉള്ള മനോഹരമായ ചിത്രം തല്ലിത്തകര്‍ത്ത് വികൃതമാക്കണം. അതാണ് അവരുടെ ലക്ഷ്യം. ആ പദ്ധതിയാണ് അവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 


യുഎഇയുടെ തിരുവനന്തപുരത്തെ കോണ്‍സുലേറ്റിലേക്ക് ജൂണ്‍ 30നുവന്ന ബാഗേജില്‍നിന്ന് ജൂലൈ 4ന് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 30 കിലോ സ്വര്‍ണം പിടിച്ചത് സംസ്ഥാന രാഷ്ട്രീയത്തില്‍ തങ്ങള്‍ക്ക് അനുകൂലമായി കോളിളക്കമുണ്ടാക്കുന്ന പ്രശ്നമാക്കി മാറ്റാന്‍ പ്രതിപക്ഷം അന്നുമുതല്‍ ശ്രമം തുടങ്ങി. ഈ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലായിട്ടുള്ളത് കോണ്‍സുലേറ്റിലെ മുന്‍ ജോലിക്കാരായ സരിത്തും സ്വപ്നസുരേഷും അവരുടെ സഹായിയായ സന്ദീപ്നായരുമാണ്. ഇവരില്‍നിന്ന് സ്വര്‍ണം ഏറ്റെടുത്ത് മറ്റാര്‍ക്കോ കൈമാറുന്ന മലപ്പുറത്തുകാരനായ റമീസും മൂവാറ്റുപുഴക്കാരനായ ജലാലും യുഎഇയില്‍ ഫൈസല്‍ ഫരീദും ചില ആഭരണ ശാലകളും ഉള്‍പ്പെടെ ചിലര്‍കൂടി ഇതിനകം കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ പിടിയിലായിട്ടുണ്ട്. പല തവണകളായി മേല്‍പറഞ്ഞ സംഘം 130 കി.ഗ്രാം സ്വര്‍ണം കടത്തിക്കൊണ്ടുവന്നതായി പറയപ്പെടുന്നു. അതില്‍ 100 കിലോ ഗ്രാമിനെക്കുറിച്ച് ഒരു വിവരവുമില്ല.


ഇവര്‍ കുറച്ചുകാലമായി യുഎഇയുടെ നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കേരളത്തിലേക്ക് കടത്തുകയായിരുന്നു എന്ന് വെളിപ്പെട്ടിട്ടുണ്ട്. ഏതൊരു രാജ്യത്തിന്‍റെയും നയതന്ത്രജ്ഞര്‍ കൂടെ കൊണ്ടുപോകുന്നതോ അവര്‍ക്ക് പാഴ്സലായി വരുന്നതോ ആയ ബാഗേജുകള്‍ മറ്റൊരു രാജ്യത്തെ നിയമപാലകര്‍ പരിശോധിക്കാറില്ല. അതത് രാജ്യത്തിന്‍റെ നയതന്ത്ര തലവന്‍റെ അനുമതിയോടെ മാത്രമെ പരിശോധിക്കാറുള്ളു. അതാണ് തിരുവനന്തപുരത്ത് ജൂലൈ 4ന് സംഭവിച്ചതും.


മേല്‍പറഞ്ഞവരില്‍ സന്ദീപ്നായര്‍ തിരുവനന്തപുരത്തെ ബിജെപിക്കാരനാണ് എന്നു തെളിഞ്ഞിട്ടുണ്ട്. ഒരു ഗള്‍ഫ് രാജ്യത്ത് ജനിച്ചുവളര്‍ന്ന സ്വപ്നസുരേഷ്  ഇന്ത്യയില്‍ ആദ്യം എയര്‍ ഇന്ത്യാ സാറ്റ്സിലും പിന്നീട് യുഎഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റിലും കഴിഞ്ഞ ഏതാനും മാസങ്ങളായി ഐടി വകുപ്പുമായി ബന്ധപ്പെട്ടുള്ള കെഎസ്ഐടിഐഎല്‍ എന്ന പൊതുമേഖലാ കമ്പനിയുടെ കീഴിലെ ഒരു പ്രൊജക്ടില്‍ അതിന്‍റെ നടത്തിപ്പുകാരായ പിഡബ്ല്യുസിയിലെ ജീവനക്കാരിയായിരുന്നു. 


കോണ്‍സുലേറ്റിലേക്കുവന്ന ബാഗേജില്‍ അതില്‍ പറയാത്ത വസ്തുക്കളുണ്ട് എന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് തുറന്നുനോക്കാനുള്ള അനുവാദത്തിനായി കസ്റ്റംസ് ഡല്‍ഹിയില്‍ വിദേശകാര്യ വകുപ്പിനെ സമീപിച്ചു. അതിനിടെ, ബാഗേജ് മേല്‍വിലാസക്കാരന് വിട്ടുകൊടുക്കണമെന്ന് ബിഎംഎസ് നേതാവായ ഹരിരാജ് കസ്റ്റംസിനോട് കയര്‍ത്തുതന്നെ ആവശ്യപ്പെട്ടിരുന്നു എന്നാണ് വാര്‍ത്ത. സ്വര്‍ണം കണ്ടുപിടിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കസ്റ്റംസ് അധികൃതര്‍ 10 മണിക്കൂര്‍ നേരം ചോദ്യംചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.


സരിത് തൊണ്ടി മുതലോടെ പിടിക്കപ്പെട്ടപ്പോള്‍ സ്വപ്നസുരേഷും സന്ദീപ്നായരും മുങ്ങി. അവരെ 14ന് ബംഗളുരുവില്‍നിന്നാണ് എന്‍ഐഎ പിടികൂടിയത്. അവരെയും കസ്റ്റംസ് പിടിച്ച സരിത്തിനെയും റമീസിനെയും ഒക്കെ രണ്ട് ഏജന്‍സികളും ചോദ്യംചെയ്തു വരുന്നു. 


ഐടി വകുപ്പ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കരന്‍ ഐഎഎസിന് സ്വപ്നയുമായി ബന്ധമുണ്ട് എന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ഈ രണ്ടു പദവികളില്‍നിന്ന് മുഖ്യമന്ത്രി മാറ്റിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറിയും ധനവകുപ്പ് സെക്രട്ടറിയും ചേര്‍ന്നു നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ശിവശങ്കരനെ സസ്പെന്‍ഡ് ചെയ്തു. 
ഇന്ത്യയിലേക്ക് വന്‍തോതിലാണ് സ്വര്‍ണ കള്ളക്കടത്ത്. പ്രതിവര്‍ഷം 50 ലക്ഷം കിലോ സ്വര്‍ണ്ണം കള്ളക്കടത്തിലൂടെ വരുന്നതായാണ് സര്‍ക്കാര്‍ മതിപ്പ്. അതില്‍ ആയിരത്തില്‍ ഒരു അംശമോ മറ്റോ ആണ് കേരളത്തിലേക്ക് വരുന്നത് എന്നാണ് മതിപ്പ്. ഇത് ആഭരണശാലക്കാര്‍ക്കാണ് വരുന്നത് എന്നും, അല്ല, തീവ്രവാദ പ്രവര്‍ത്തനത്തിനും മറ്റും വേണ്ടിയാണെന്നുമാണ് രണ്ട് നിഗമനങ്ങള്‍. രണ്ടാമത്തേതിനെ കേന്ദ്രീകരിച്ചാണ് എന്‍ഐഎ അന്വേഷണം. 


ഈ കേസ് അന്വേഷണം തുടങ്ങിയതുമുതല്‍ കേരളത്തിലെ പ്രതിപക്ഷവും, സിപിഐ എമ്മിനും മുഖ്യമന്ത്രിക്കും എതിരായി പലപ്പോഴും വാര്‍ത്തകള്‍ പടച്ചുവിടാറുള്ള മാധ്യമങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ച് ആക്രമണം ആരംഭിച്ചിരുന്നു. സന്ദീപ്നായര്‍ സിപിഐ എം പ്രവര്‍ത്തകനാണ് എന്നായിരുന്നു ചില മാധ്യമങ്ങളുടെ ബ്രേക്കിങ് ന്യൂസ്. അയാളുടെ അമ്മ പറഞ്ഞു എന്നായിരുന്നു പ്രചരണം. ആ അമ്മ പറഞ്ഞത് താന്‍ സിപിഐ എംകാരിയാണെന്നും സന്ദീപ് ബിജെപിക്കാരനാണ് എന്നുമായിരുന്നു. മറ്റു മാധ്യമങ്ങള്‍ ഈ കള്ളത്തരം തുറന്നുകാട്ടിയപ്പോള്‍ വാര്‍ത്ത പിന്‍വലിക്കാനും ഖേദം പ്രകടിപ്പിക്കാനും അവ നിര്‍ബന്ധിതമായി. സ്വപ്നസുരേഷും സന്ദീപ്നായരും ബംഗളുരുവിലേക്ക് കടന്നത് സിപിഐ എം  സഹായത്തോടെയാണെന്നായി അടുത്ത കള്ള പ്രചാരണം. കര്‍ണാടകത്തിലേക്ക് കടക്കണമെങ്കില്‍ അവിടുത്തെ സര്‍ക്കാരിന്‍റെ അനുമതി വേണം. പ്രത്യേകിച്ച്, ബംഗളുരുവിലടക്കം പല പ്രദേശങ്ങളിലും ലോക്ക്ഡൗണ്‍ ഉള്ള പശ്ചാത്തലത്തില്‍. ബിജെപി നേതൃത്വത്തിലാരോ ആണ് അത് നേടിക്കൊടുത്തത് എന്ന് പിന്നീട് സ്പഷ്ടമായി.


ഈ കേസ് ഉണ്ടായതുമുതല്‍ പ്രതിപക്ഷ നേതാവ് പറഞ്ഞുകൊണ്ടിരിക്കുന്നത് സിബിഐ അന്വേഷണം വേണമെന്നാണ്. മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടത് സ്വര്‍ണ്ണക്കള്ളക്കടത്ത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ്. കേ ന്ദ്രം എന്‍ഐഎയെ അതിനായി നിയോഗിച്ചു. സിബിഐക്ക് വേണ്ടത്ര ഉശിരില്ല എന്ന നിഗമനത്തിലാണ് മന്‍മോഹന്‍സിങ് നയിച്ച യുപിഎ സര്‍ക്കാര്‍ കൂടുതല്‍ കാര്യക്ഷമതയുള്ളത് എന്നുപറഞ്ഞ് എന്‍ഐഎ രൂപീകരിച്ചത്. അതിന്‍റെ അന്വേഷണം വേണ്ട എന്ന് പ്രതിപക്ഷനേതാവ് ആവര്‍ത്തിച്ചു പറയുന്നത് എന്തുകൊണ്ടാണ്? എന്‍ഐഎ അന്വേഷണം യഥാര്‍ഥ കുറ്റവാളികളെ പിടികൂടും എന്ന ഭയംകൊണ്ടാണോ? അവരില്‍ ചിലര്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരായതുകൊണ്ടാണോ?


എന്തുകൊണ്ട് കേരള പൊലീസ് കള്ളക്കടത്ത് അന്വേഷിക്കുന്നില്ല, അവര്‍ക്ക് അതിന് അധികാരമുണ്ട് എന്നാണ് പല മാധ്യമങ്ങളോടും ബിജെപി-യുഡിഎഫ് നേതാക്കള്‍ പറയുന്നത്.  എന്താണ് വസ്തുത? കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കേണ്ടത് കസ്റ്റംസാണ്. അതാകട്ടെ കേന്ദ്രത്തിന്‍റെ നിയന്ത്രണത്തിലുള്ളതുമാണ്. ഏതെങ്കിലുമൊരു കേന്ദ്ര ഏജന്‍സി അന്വേഷിക്കുമ്പോള്‍ സംസ്ഥാന പൊലീസ് അന്വേഷിക്കണമെങ്കില്‍ ആ കേന്ദ്ര ഏജന്‍സി രേഖാമൂലം ആവശ്യപ്പെടണം. അങ്ങനെ ആവശ്യപ്പെട്ടപ്പോള്‍ വേണ്ട സഹായം ചെയ്തുകൊടുത്തിട്ടുമുണ്ട്.


മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കരന്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. യുഡിഎഫ് സര്‍ക്കാരിനുകീഴിലുള്ള കെഎസ്ഇബി ചെയര്‍മാന്‍റേതടക്കം ഉന്നത പദവികള്‍ വഹിച്ചിരുന്നയാളാണ്. അതിനാല്‍ അദ്ദേഹത്തെ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാക്കിയതില്‍ തെറ്റില്ല എന്ന് മുന്‍ കീഴ്വഴക്കങ്ങള്‍ നോക്കിയാല്‍ വ്യക്തമാണ്.  തങ്ങള്‍ ഭരിക്കുമ്പേഴും ഉന്നത സ്ഥാനം വഹിച്ചിരുന്ന ഉദ്യോഗസ്ഥന്‍, ഇപ്പോള്‍ അഴിമതിക്കാരന്‍ എന്നാണ് യുഡിഎഫിന്‍റെ വാദം. 


സ്വര്‍ണ കള്ളക്കടത്ത് മോഡി ഭരണത്തിന്‍കീഴില്‍ തഴച്ചുവളരുകയാണ്. മോഡി പ്രധാനമന്ത്രിയായ വര്‍ഷം കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ നികുതി ഒടുക്കാതെ കടന്നുപോകുന്ന സ്വര്‍ണത്തിന്‍റെ അളവ് വര്‍ഷംതോറും കൂടിവരുന്നതായാണ് ഔദ്യോഗിക കേന്ദ്രങ്ങളുടെതന്നെ വിലയിരുത്തല്‍. എങ്ങനെ ആകാതിരിക്കും? കഴിഞ്ഞവര്‍ഷം കൊച്ചി (നെടുമ്പാശ്ശേരി) വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തു നടത്തുന്ന ഉയര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടിയിരുന്നു. പക്ഷേ, പിന്നീട് അയാളുടെമേല്‍ നടപടി കൈക്കൊണ്ടതായി വാര്‍ത്തയൊന്നും ഇതുവരെ കണ്ടില്ല. പിടിച്ച സ്വര്‍ണത്തെപ്പറ്റിയും ഒരു വിവരവുമില്ല. വേലിതന്നെ വിളവുതിന്നുന്ന നാട്ടില്‍ എന്താണ് സ്ഥിതി എന്ന് ഊഹിക്കാവുന്നതേയുള്ളു. 


ഇത് ഇവിടെ മാത്രമല്ല നടക്കുന്നത്. കള്ളപ്പൊന്നിന്‍റെ ഇന്ത്യയിലെ പ്രധാന താവളം ഗുജറാത്താണ്, എത്രയോ കാലമായി. സൂറത്തില്‍ അത്തരം ജുവലറി ഫാക്ടറികള്‍തന്നെ ഉള്ളതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അവ ഒരു ശല്യവും സര്‍ക്കാരില്‍നിന്നില്ലാതെ സുഖമായി പ്രവര്‍ത്തിക്കുകയാണല്ലോ.


കേരളത്തിലെ യുഡിഎഫ് നേതാക്കളും ഒരു വിഭാഗം മാധ്യമങ്ങളും പിണറായി വിജയനെ വേട്ടയാടാന്‍ തുടങ്ങിയിട്ട് പത്തു പതിഞ്ചു വര്‍ഷങ്ങളായി. ലാവ്ലിന്‍കേസില്‍ കുടുക്കി എന്ന് അവരൊക്കെ വിളിച്ചുകൂവിയെങ്കിലും, പിണറായിയെയും ഭാര്യയെയും മക്കളെയും കുറിച്ച് ഒരുപാട് കഥകള്‍ ചമച്ചെങ്കിലും അവയൊക്കെ ചീറ്റിപ്പോയി. ലാവ്ലിന്‍ കേസ് സിബിഐ കോടതി തന്നെ തള്ളിയതാണല്ലോ. എന്നിട്ടും നിര്‍ത്തുന്നില്ല.


പിണറായിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ സ്വപ്നസുരേഷ് പങ്കെടുത്തെന്നതിന് തെളിവായി വനിതകള്‍ ഉള്‍പ്പെടെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഒരു ഫോട്ടോ പ്രചരിപ്പിച്ചു. ഇ പി ജയരാജന്‍റെ ഭാര്യയുടെ മുഖം ഫോട്ടോഷോപ്പ്വഴി മാറ്റിയാണ് ഈ "പങ്കെടുക്കല്‍" അവര്‍ സ്ഥാപിച്ചത്. നെറികെട്ട യുഡിഎഫ്-മാധ്യമ പ്രചാരണത്തിന്‍റെ സാമ്പിളാണിത്.കള്ളം കയ്യോടെ പിടിച്ചാലും ഒരു നാണവുമില്ല അവര്‍ക്ക്. പതിറ്റാണ്ടുകളായി നടത്തുന്നതാണല്ലോ ഈ തട്ടിപ്പ്.


പല മാധ്യമങ്ങളും പരമ്പര എഴുതുന്നുണ്ട്. അവയില്‍ പറയുന്ന കാര്യങ്ങള്‍ അവ അന്വേഷിച്ച് കണ്ടെത്തിയ വസ്തുതകളാണെന്ന തെറ്റിദ്ധാരണ  ചില വായനക്കാര്‍ക്കെങ്കിലും ഉണ്ടാകാം. മുഖ്യമന്ത്രിയുടെ ഉപദേശകരെ വലിയ ശമ്പളവും വീടും കാറും ഓഫീസും സ്റ്റാഫും ഒക്കെ നല്‍കി നിയമിച്ചതാണെന്നുതന്നെ മലയാളമനോരമയുടെ പരമ്പരയിലുണ്ട്. തനിക്ക് മനോരമ വിവരിച്ച ഒരു ആനുകൂല്യവും ഇല്ലെന്ന് അവരില്‍ ഒരാളായ ജോണ്‍ബ്രിട്ടാസ് പറഞ്ഞു. അദ്ദേഹത്തോടോ മുഖ്യമന്ത്രിയുടെ ഓഫീസിലോ അന്വേഷിക്കാതെ  'ഫോട്ടോഷോപ്പ്' ചെയ്താണ് ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാരുകളെക്കുറിച്ച് ഇത്തരം കല്ലുവെച്ച നുണകള്‍ പ്രസിദ്ധീകരിക്കുന്ന ഈ സമ്പ്രദായത്തിനു 'വിമോചന' സമരകാലം മുതല്‍ക്കുള്ള പഴക്കമുണ്ട്. സത്യാനന്തരകാലത്ത് അത് മൂര്‍ഛിച്ചിരിക്കുന്നു. 
കുറ്റക്കാര്‍ക്കെതിരായ നടപടികളായാലും ആവശ്യക്കാര്‍ക്ക് അനുകൂലമായവ ആയാലും നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമെ ചെയ്യാന്‍ കഴിയൂ. അല്ലെങ്കില്‍ പുതിയവ ഉണ്ടാക്കണം. അതാണ് നിയമവാഴ്ച. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കേണ്ടത് കസ്റ്റംസാണ്, കേന്ദ്ര സര്‍ക്കാരാണ്. അത് ത്വരിതവും സമഗ്രവും ആക്കാനാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. തെലങ്കാനയിലെയോ യുപിയിലെയോ പൊലീസ് ചെയ്തതുപോലെ നിയമം കയ്യിലെടുക്കുന്നതിന് പൊലീസിനെ അനുവദിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിയില്ല. ഇതുതന്നെയാണ് എം ശിവശങ്കരനെതിരായ നടപടികളുടെയും കാര്യം. ഉപ്പുതിന്നവന്‍ വെള്ളംകുടിക്കണം. പക്ഷേ, അത് തോന്നിയമട്ടില്‍ ചെയ്യാന്‍ അനുവദിച്ചുകൂട എന്നതാണ് ജനാധിപത്യത്തിലെ വ്യവസ്ഥാപിത മാര്‍ഗം. അതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നതും. 


ഇതിനകം പുറത്തുവന്ന പേരുകളും പിടിക്കപ്പെട്ട വ്യക്തികളും ബിജെപിയോടും യുഡിഎഫിനോടും അടുത്തുനില്‍ക്കുന്നവരോ അവയുടെ പ്രവര്‍ത്തകരോ ആണ്.  മോഡിസര്‍ക്കാരിന് അഴിമതിയോട് ശക്തമോ വിട്ടുവീഴ്ച ഇല്ലാത്തതോ ആയ എതിര്‍പ്പില്ല. എന്നു മാത്രമല്ല, അഴിമതിക്കാരെ സംരക്ഷിക്കുന്ന സ്വഭാവവും ഉണ്ട്. ഇത് ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടകം മുതലായ സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്രത്തിലെ മോഡിസര്‍ക്കാരിന്‍റെയും കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നു. തിരുവനന്തപുരത്തെ യുഎഇ കോണ്‍സല്‍ ഓഫീസിലെ അറ്റാഷെയുടെ പെട്ടെന്നുള്ള തിരിച്ചുപോക്കിനെ ഈ കേസിലെ പ്രതികളെ രക്ഷിക്കുന്നതിനുള്ള അവസരമായികേന്ദ്രസര്‍ക്കാര്‍ ഉപയോഗിച്ചുകൂടെന്നില്ല. 


ബിജെപിക്കും കേരളത്തിലെ പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കണ്ണിലെ കരടാണ്. അവരുടെ മത രാഷ്ട്രവാദത്തിനും കോര്‍പറേറ്റുകളെ നിരന്തരം തടിപ്പിക്കുകയും സാധാരണക്കാരെ ഞെക്കിപ്പിഴിയുകയും ചെയ്യുന്ന ഭരണ നയങ്ങള്‍ക്കും അനിഷേധ്യ ബദലാണ് ഈ സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. ജനങ്ങളെ ജനാധിപത്യപരമായി അണിനിരത്തി ഏറ്റവും പാവപ്പെട്ടവരുടെയും പിന്നാക്കക്കാരുടെയും മറ്റും പാര്‍ശ്വവല്‍കൃതരുടെയും ജീവിതം മെച്ചപ്പെടുത്താനും കാര്‍ഷിക-വ്യാവസായിക-സേവനരംഗങ്ങളില്‍ പുരോഗതികൈവരിക്കാനും കഴിയുമെന്ന് അത് സ്ഥാപിച്ചുകൊണ്ടിരിക്കുകയാണല്ലോ. മോഡിസര്‍ക്കാരിനും ബിജെപി ഉള്‍പ്പെടെയുള്ള സംഘപരിവാരത്തിനും അവരെയെല്ലാം തീറ്റിപ്പോറ്റുന്ന കോര്‍പറേറ്റുകള്‍ക്കും ഉള്ള വെല്ലുവിളിയായും ബദലായും ജനങ്ങള്‍ അതിനെ കാണുന്നു.


കേരളത്തിലെ ജനങ്ങള്‍ കോവിഡ് വ്യാപനവും അതുണ്ടാക്കാവുന്ന വര്‍ദ്ധിച്ച മരണങ്ങളും നേരിടുന്നു. അതില്‍നിന്ന് അവരെ രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ കൈക്കൊള്ളുന്ന സര്‍വതല സ്പര്‍ശിയായ നടപടികള്‍ ഒരു വശത്ത്. ആദ്യമൊക്കെ ഇതിനോട് സഹകരിച്ച യുഡിഎഫ് നേതൃത്വം, എല്‍ഡിഎഫിനായിരിക്കും ഇതിന്‍റെ നേട്ടം എന്നു ധരിച്ച് കോവിഡിനെതിരെ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ജനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാട്ടാനും പാരവെക്കാനും നടത്തുന്ന നീക്കങ്ങള്‍ മറുവശത്ത്. അതാണ് കഴിഞ്ഞ ദിവസങ്ങളില്‍ മെഡിക്കല്‍ കോളേജുകളെ ഇകഴ്ത്തിക്കാട്ടാന്‍ ചില പ്രതിപക്ഷാനുകൂല മാധ്യമങ്ങള്‍ നടത്തിയ പാഴ്നീക്കങ്ങളും കീം പരീക്ഷയെഴുതിയ ചില വിദ്യാര്‍ഥികള്‍ക്ക് കോവിഡ് ബാധ ഉണ്ടായതിനെ പര്‍വതീകരിച്ച് യുഡിഎഫ് നേതാക്കള്‍ നടത്തിയ പ്രസ്താവനകളും വെളിവാക്കുന്നത്. കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ജനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ ചില യുഡിഎഫ് നേതാക്കള്‍ നടത്തുന്ന നീക്കങ്ങളെയാണ് മുഖ്യമന്ത്രി അപലപിച്ചത്.


യുഡിഎഫ് ഇപ്പോള്‍ ഉയര്‍ത്തുന്ന ആവശ്യം മുഖ്യമന്ത്രി രാജിവെക്കണമെന്നാണ്. സ്വര്‍ണക്കള്ളക്കടത്തിന്‍റെ പേരിലാണത്. അതുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ബിജെപിക്കാരും യുഡിഎഫുക്കാരും അവരുമായി ബന്ധമുള്ളവരുമാണ്. എന്നിട്ടും മുഖ്യമന്ത്രി രാജിവെക്കണം പോലും! രാജിവെച്ചാല്‍ കോവിഡിനെതിരെ ഉയര്‍ത്തിയ ബഹുജനമുന്നണി തകരും. മറ്റു പല സംസ്ഥാനങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന കോവിഡിന്‍റെ സംഹാരതാണ്ഡവം ഇവിടെ നടക്കും. അതാണവര്‍ ആഗ്രഹിക്കുന്നത്.
എലിയെക്കൊല്ലാന്‍ ഇല്ലം ചുടുക എന്ന ചൊല്ല് കേട്ടിട്ടേയുള്ളൂ. പ്രതിപക്ഷം ഇവിടെ ശ്രമിക്കുന്നത് അതിനാണ്.