മഹാമാരിയെ ചെറുക്കുന്നതിനാകണം മുന്‍ഗണന

ജൂലൈ 17 വെള്ളിയാഴ്ച വരെ കേരളത്തില്‍ ആകെ 11,066 കോവിഡ് രോഗികളേ ഉണ്ടായിട്ടുള്ളൂ. അന്ന് കോവിഡ് ബാധിതരായി ഉണ്ടായത് 6029 പേരും. ഇന്ത്യയിലാകെ 10.39 ലക്ഷം പേര്‍ ഇതുവരെ രോഗബാധിതരായി. 3.42 ലക്ഷം പേര്‍ ചികിത്സയിലും 25,000 ത്തിലേറെ മരണവും ഉണ്ടായി ഇതുവരെ. അങ്ങനെ നോക്കിയാല്‍ രാജ്യത്താകെയുള്ള കോവിഡ് ബാധിതരില്‍ ഒരു ശതമാനം മാത്രമാണ് കേരളത്തിലുള്ളത്. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഡല്‍ഹി, കര്‍ണാടക, തെലങ്കാന, രാജസ്ഥാന്‍, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ് മുതലായ സംസ്ഥാനങ്ങളിലൊക്കെ കേരളത്തേക്കാള്‍ കൂടുതല്‍ രോഗികളുണ്ട്; മരണങ്ങളും. അവിടങ്ങളില്‍ ചില നഗരങ്ങളിലും മറ്റും രോഗികളുടെ എണ്ണം ആയിരക്കണക്കിലാണ്. എന്നിട്ടും ആ സംസ്ഥാന സര്‍ക്കാരുകളൊന്നും സമൂഹ വ്യാപനമുണ്ട് എന്ന് എവിടെയെങ്കിലും എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കേരളം മാത്രമാണ് അത് ചെയ്തത്.


ഇവിടെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യവിദഗ്ധര്‍ പൂന്തുറയിലും അതുപോലുള്ള ചില ഡിവിഷനുകളിലും തീരപ്രദേശങ്ങളിലെ ചില വാര്‍ഡുകളിലും സമൂഹവ്യാപനമുണ്ട് എന്നു വിലയിരുത്തി. അത് സര്‍ക്കാര്‍ അംഗീകരിച്ചു. അത്തരം പ്രദേശങ്ങള്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിനു വിധേയമാക്കി. രോഗവ്യാപനം നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇവിടെ സര്‍ക്കാരിനു ഒന്നും മറച്ചുവയ്ക്കാനില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. പാവപ്പെട്ടവരായ കുടുംബങ്ങളുള്ള ഈ പ്രദേശങ്ങള്‍ക്ക് എല്ലാ തരത്തിലുമുള്ള സഹായം സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇങ്ങനെ ചെയ്യാനുള്ള ധൈര്യം ഇന്ത്യയില്‍ ഇടതുപക്ഷ സര്‍ക്കാരിനു മാത്രമേയുള്ളൂ. രോഗികള്‍ക്കും രോഗബാധ വരാവുന്നവര്‍ക്കും എല്ലാ വിധത്തിലുള്ള പരിരക്ഷയും ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടുവരികയാണ്.


മുമ്പ് നിപ ആക്രമണം ഉണ്ടായപ്പോഴും പ്രളയവും ഗുരുതരമായ മണ്ണിടിച്ചിലുമുണ്ടായപ്പോഴും പ്രദേശവാസികളെ രക്ഷിക്കാനും പുനരധിവസിപ്പിക്കാനും ആശ്വാസം പകരാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ നടപ്പാക്കിയത് അതത് പ്രദേശത്തെ തദ്ദേശഭരണ സ്ഥാപനത്തിന്‍റെ നേതൃത്വത്തിലാണ്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരും നാട്ടുകാരാകെയും അടങ്ങുന്ന ബൃഹത്തായ സംവിധാനമാണ് രാപകലെന്യെ അക്കാലങ്ങളിലൊക്കെ പ്രവര്‍ത്തിച്ചത്. കോവിഡ് ബാധയുടെ ഒരു ഘട്ടത്തില്‍ മാര്‍ച്ച് മാസം മുതല്‍ ഇത്തരമൊരു സംവിധാനം കേരളത്തിലെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.


തദ്ദേശഭരണസ്ഥാപനങ്ങള്‍ വിവിധകക്ഷികളുടെ നേതൃത്വത്തില്‍ ഉള്ളവയാണ്. ആദ്യമൊക്കെ അവരെല്ലാം ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചുവന്നത്. പിന്നീട് ഓരോ ഘട്ടത്തിലും ഇതില്‍ ചില വിള്ളലുകള്‍ വന്നു.  ഇടക്കാലത്ത് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യുഡിഎഫ് രാഷ്ട്രീയസമരം ആരംഭിച്ചപ്പോള്‍ ചില തദ്ദേശഭരണ സ്ഥാപനങ്ങളിലെ കോവിഡ് പ്രതിരോധസംവിധാനത്തില്‍ അതിന്‍റെ അനുരണനമുണ്ടായി.
യുഡിഎഫ് പ്രതിപക്ഷ നേതാവിനെക്കൊണ്ട് മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം ഉന്നയിപ്പിച്ചിരിക്കുകയാണ്. നിയമസഭ ജൂലൈ  27നു ധനവിനിയോഗത്തിന് സര്‍ക്കാരിനെ അധികാരപ്പെടുത്തുന്ന ഫൈനാന്‍സ് ബില്‍ പാസാക്കുന്നതിനു ഒറ്റദിവസ സമ്മേളനം നടത്താനാണ് തീരുമാനം. സാധാരണഗതിയില്‍ ചെയ്യാനുള്ള സബ്ജക്ട് കമ്മിറ്റി പരിശോധന കൂടാതെ ഒറ്റദിവസം കൊണ്ട് സമ്മേളനം അവസാനിപ്പിക്കാനാണ് കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തീരുമാനം. പ്രതിപക്ഷം സര്‍ക്കാരിനും സ്പീക്കര്‍ക്കും എതിരായി അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കുമെന്ന വാര്‍ത്തയുണ്ട്. ഇത്തരത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള നിലവിലുള്ള സര്‍ക്കാരിനെതിരെ നടത്തുന്ന നീക്കങ്ങള്‍ ഉടനെ ബാധിക്കുക കോവിഡിനെതിരായ ജനകീയ പ്രതിരോധത്തിലെ ഐക്യത്തെയാണ്.
പ്രതിപക്ഷത്തിനു ജനാധിപത്യവ്യവസ്ഥയില്‍ വിയോജിക്കാനും എതിര്‍ക്കാനും ഒക്കെയുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍, ഏത് സ്വാതന്ത്ര്യത്തിനും പരിമതികളുമുണ്ട് എന്ന് ഭരണഘടന പറയുന്നു. കോവിഡ് സമൂഹവ്യാപന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴും മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം കോവിഡിനെതിരെ ഇതേ വരെ ജനങ്ങളെല്ലാം ഒന്നിച്ചുചേര്‍ന്നു നടത്തിവന്ന ചെറുത്തുനില്‍പ്പിലെ ഐക്യം തകര്‍ക്കാനാണ് ഇടയാക്കുക.


ഇന്ത്യയിലാകെയും അതിന്‍റെ ഭാഗമായി കേരളത്തെയും ഗ്രസിച്ചിരിക്കുന്ന മഹാമാരി അതിന്‍റെ രൂക്ഷത വര്‍ധിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്? കോവിഡ് വ്യാപനത്തിനെതിരായി സര്‍ക്കാര്‍ നടത്തുന്ന നടപടികളില്‍ ഉണ്ടായ വീഴ്ചയുടെ അടിസ്ഥാനത്തിലാണോ? അല്ല എന്നു ഉറപ്പിച്ചു പറയാന്‍ കഴിയും. മറ്റൊരു സംസ്ഥാനത്തും കേരളത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നതുപോലുള്ള രോഗപ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നില്ല. തദ്ദേശഭരണപ്രദേശതലം വരെ രോഗപ്രതിരോധത്തിനുള്ള വിപുലമായ സംവിധാനം ഇവിടെ മാത്രമാണുള്ളത്.


വിദ്യാഭ്യാസരംഗത്താണെങ്കില്‍ സ്കൂള്‍ പരീക്ഷകളെല്ലാം സമയബന്ധിതമായി നടത്താനും ഫലം പ്രഖ്യാപിക്കാനും ഇവിടെ മാത്രമാണ് കഴിഞ്ഞിട്ടുള്ളത്. അവ യഥാസമയം നടത്തപ്പെടാതിരിക്കാന്‍ യുഡിഎഫ് നേതൃത്വം നടത്തിയ കോപ്പിരാട്ടികളും അട്ടഹാസങ്ങളുമൊക്കെ കണ്ടവരാണ് കേരളത്തിലെ ജനസാമാന്യം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് പൊതുവിലും പാവപ്പെട്ടവര്‍ക്ക് പ്രത്യേകിച്ചും വിപുലമായ ആശ്വാസനടപടികള്‍ കൈക്കൊണ്ട മറ്റൊരു സര്‍ക്കാര്‍ കേന്ദ്ര-സംസ്ഥാനതലങ്ങളില്‍ ഇല്ല.


സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യ ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ്, അതിനെ ആകെ അവഗണിച്ചുകൊണ്ടുള്ള  പ്രതിപക്ഷ നേതാവിന്‍റെ ആഹ്വാനം. കോവിഡ് ഭീഷണിയെ നേരിടുന്നതിനു സര്‍ക്കാര്‍ എന്തു ചെയ്യണമെന്ന് ഭരണഘടനാപരമായ ഉത്തരവാദിത്വമുള്ള വ്യക്തി എന്ന നിലയില്‍ പ്രതിപക്ഷ നേതാവ് കഴിഞ്ഞ മാസങ്ങളില്‍ ഉന്നയിച്ച നിര്‍ദ്ദേശങ്ങളില്‍ പലതും ജനങ്ങള്‍ക്കിടയില്‍ പരിഹാസച്ചിരി ഉയര്‍ത്തിയത് ജനങ്ങള്‍ ഓര്‍ക്കുന്നു. ജനങ്ങളോടുള്ള ഉത്തരവാദിത്വങ്ങളെല്ലാം മറന്നുകൊണ്ടുള്ളതാണ് ഇപ്പോഴത്തെ ആഹ്വാനം. അതിനെ അത് അര്‍ഹിക്കുന്ന രീതിയല്‍ പ്രബുദ്ധരായ കേരള ജനത തള്ളിക്കളയും എന്ന കാര്യത്തില്‍ സംശയമില്ല.


കോവിഡിന്‍റെ സമൂഹവ്യാപനം ആരംഭിച്ച ഇപ്പോഴത്തെ സ്ഥിതിയില്‍ ജനങ്ങള്‍ ജാതി, മത, ലിംഗ, പ്രായ, രാഷ്ട്രീയഭേദം മറന്ന് ഏകമനസ്സോടെ അതിനെ ചെറുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളോട് നിരുപാധികം ഐക്യപ്പെടേണ്ടതുണ്ട്. തദ്ദേശ സ്ഥാപന വാര്‍ഡ്/ ഡിവിഷന്‍തലം മുതല്‍ക്കുള്ള കമ്മിറ്റികളുടെ ആഭിമുഖ്യത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ അവര്‍ പങ്കാളികളാകേണ്ടതാണ്. മാസ്ക് ധരിക്കല്‍, കൈകഴുകല്‍, സാമൂഹ്യ അകലം പാലിക്കല്‍, കോവിഡ് വൈറസിന്‍റെ കണ്ണിമുറിക്കല്‍ മുതലായ കാര്യങ്ങളില്‍ ശുഷ്കാന്തിയോടെ സര്‍വാത്മനാ സഹകരിക്കേണ്ടതുണ്ട്. പ്രായമായവരും കുട്ടികളും സ്ഥായിയായ ചില രോഗങ്ങളുള്ളവരും കോവിഡ് ആക്രമണത്തിനു വിധേയരാകാതിരിക്കാനുള്ള പ്രത്യേക മുന്‍കരുതല്‍ മേല്‍പറഞ്ഞ സംവിധാനങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്നതില്‍ ഏവരും അവരാല്‍ കഴിയുന്ന സഹായ സഹകരണങ്ങള്‍ നല്‍കേണ്ടതാണ്.


എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പ്രത്യേകിച്ച് സിപിഐ എമ്മുകാര്‍ക്ക്, സവിശേഷമായ ഉത്തരവാദിത്വമുണ്ട്. പ്രതിപക്ഷം കൈക്കൊള്ളുന്ന ചില നടപടികള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയും സേവനവും സംരക്ഷണവും കോവിഡ് ബാധിതര്‍ക്ക് ലഭിക്കുന്നതിനു തടസ്സം സൃഷ്ടിക്കുകയാണ്. അത് രോഗബാധയുടെ വ്യാപ്തിയും തീവ്രതയും വര്‍ധിപ്പിക്കാനും അതുവഴി പല വിലപ്പെട്ട ജീവനുകളും നഷ്ടപ്പെടാനുമാണ് ഇടയാക്കുക. ഇത് തടയണമെങ്കില്‍ ഇന്നത്തെ സാഹചര്യത്തില്‍ ഈ സര്‍ക്കാരിന്‍റെ സംരക്ഷണവും സേവനവും ലഭിക്കേണ്ടവര്‍ക്ക് തക്ക സമയത്ത് ലഭിക്കുന്നു എന്നു അവര്‍ ഉറപ്പു വരുത്തണം. അതില്‍ ഒരു പ്രധാന പങ്ക് ചെയ്യേണ്ടത് വാര്‍ഡ്/ഡിവിഷന്‍ തലത്തിലാണ്.


രോഗബാധിതരോ രോഗബാധ ഉണ്ടാകാന്‍ സാധ്യതയുള്ളവരോ ആയ അയല്‍വാസികളുടെ നേരെ ചിലര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നതായ പരാതികള്‍ സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. അത് കേരളത്തിന്‍റെ വിദ്യാഭ്യാസത്തിലും ശാസ്ത്രബോധത്തിലുമുള്ള വളര്‍ച്ചക്ക് നിരക്കുന്നതല്ല. നമുക്ക് രോഗം ബാധിക്കാതെ അവരെ ഏതെല്ലാം വിധത്തില്‍ സഹായിക്കാം എന്നാണ് ഓരോ പൗരനും എപ്പോഴും ചിന്തിക്കേണ്ടത്. കാരണം പരസ്പര സഹകരണത്തിലൂടെയാണ് മാനവരാശി പല മഹാമാരികളെയും നേരിട്ട് ഇവിടം വരെ എത്തിയത്. ആ പുരോഗതിയെ പ്രതിപക്ഷത്തിന്‍റെയോ സാമൂഹ്യബോധം ഇല്ലാത്ത ചിലരുടെയോ പ്രവര്‍ത്തനംമൂലം പിന്നോട്ടടിപ്പിക്കുന്ന സ്ഥിതി ഉണ്ടാകരുത്. മഹാമാരിയെ ചെറുത്ത് കേരളത്തിന്‍റെ, കേരളീയരുടെ ആരോഗ്യം പരിരക്ഷിക്കുന്നതിനാകണം മുന്‍ഗണന.