കൊറോണാനന്തര കാലത്തിന്‍റെ സാംസ്കാരിക സമസ്യകള്‍

വി സുകുമാരന്‍

കാളമാളിയ കാളിയനെപ്പോലെ ആയിരം പത്തികള്‍ വിടര്‍ത്തിയാടുന്ന കോവിഡ് 19 എന്ന മഹാമാരിയുടെ മുമ്പില്‍ അഹംഭാവിയും വഴക്കാളിയുമായ മനുഷ്യന്‍ വിറങ്ങലിച്ചു നില്‍ക്കുന്ന അവസ്ഥ, ഒരു ഇരുണ്ട തുരങ്കത്തിന്‍റെ ഒത്ത നടുവില്‍ എപ്പോഴും കെട്ടുപോകാവുന്ന ഒരു മെഴുകുതിരിത്തുണ്ടുമായി അന്തിച്ചുനില്‍ക്കുന്ന ഗതികേട്, ആഗോളമായിപ്പടരുന്ന ഒരു നിസ്സഹായത, ഒരനിശ്ചിതത്വം, ഒരു ചാവുപേടി, ഇവ ചേര്‍ന്നു ചമയ്ക്കുന്ന മ്ലാനമായ ഒരു ചുറ്റുപാടിനെ കണ്ടില്ലെന്ന് നടിച്ചുകൊണ്ടു ആര്‍ക്കും എഴുതാനാവില്ല, പാടാനാവില്ല, വരയ്ക്കാനാവില്ല. ഒരു തരത്തിലുള്ള ആത്മാവിഷ്കാരവും ആവില്ല.


പൊളിഞ്ഞ തുറസ്സായ ഈ ദുനിയാവ് ഒരുപാടു യുദ്ധങ്ങള്‍ കണ്ടിട്ടുണ്ട്. നിരവധി കീഴ്മേല്‍ മറിച്ചിലുകള്‍; ഭൂമി കുലുക്കങ്ങള്‍, കുഴിച്ചുമൂടലുകള്‍, ഉയിര്‍ത്തെഴുന്നേല്‍പുകള്‍, നശീകരണങ്ങള്‍, നിര്‍മാണങ്ങള്‍, പറിച്ചുനടലുകള്‍, പൊളിച്ചെഴുത്തുകള്‍.
യുദ്ധങ്ങളും പ്രകൃതിക്ഷോഭങ്ങളും പകര്‍ച്ചവ്യാധികളും അഗ്നിബാധകളും പ്രളയങ്ങളുമൊക്കെ കുതിച്ചു കയറേണ്ട ജനസംഖ്യയെ പിടിച്ചു കെട്ടാന്‍ പ്രകൃതി കൊണ്ടുവരുന്ന അനാവശ്യമായ നിഷേധാത്മക നടപടികളാണെന്നു പണ്ടു സിദ്ധാന്തിച്ചത് മാള്‍ത്തൂസ് ആയിരുന്നു. ഒരു വലിയ നിഗ്രഹണമില്ലാതെ മുന്നോട്ടുപോകല്‍ പറ്റില്ലെന്നു പ്രകൃതിക്കു ബോധ്യപ്പെടുമ്പോള്‍ വെള്ളപ്പൊക്കങ്ങളും മഹാമാരികളും സംഭവിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.


അതിരിക്കട്ടെ. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കൊറോണയെ, കോവിഡിനെ തുരത്തിയോടിക്കാന്‍ കഴിയാതെ വിയര്‍ത്തുനില്‍ക്കുന്ന ലോകരാഷ്ട്രങ്ങള്‍ക്കു നേരിടാനുള്ളത് 'ആപദി കിം കരണീയം' (ആപത്തുകാലത്ത് എന്തു ചെയ്യും) എന്ന ചോദ്യത്തെ മാത്രമല്ല, കൊറോണാനന്തര പുനര്‍നിര്‍മാണമെങ്ങിനെ എന്ന അത്യന്തം സങ്കീര്‍ണ്ണമായ പ്രശ്നവും കൂടിയാണ്.
ഭൂപടത്തിലടയാളപ്പെടുത്തിയ ഒരു വന്‍കരയേയും ഒരു രാജ്യത്തേയും ഒരു ആവാസ സമൂഹത്തേയും ഒരു ദ്വീപിനേയും ഒഴിവാക്കാതെ പടര്‍ന്നു കയറിയ മഹാമാരിയെന്ന് കോവിഡിനെ വിശേഷിപ്പിക്കുമ്പോള്‍ ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ഒരു സംഗതിയുണ്ട്. ഇത് മനുഷ്യരാശിയുടെ ആദ്യത്തെ അനുഭവമൊന്നുമല്ല. 541 എ ഡിയില്‍ ബൈസാന്‍റ്യന്‍ സാമ്രാജ്യമായ കോണ്‍സ്റ്റാന്‍റിനോപ്പാളില്‍ത്തുടങ്ങി അതിവേഗം പടര്‍ന്നുപന്തലിച്ച മഹാമാരി പതിനായിരക്കണക്കിനു മനുഷ്യജീവനുകളെയാണ് ഓരോ ദിവസവും അപഹരിച്ചത്. ഇന്നത്തെപ്പോലെ അതികൃത്യമായ കണക്കെടുപ്പൊന്നും അക്കാലത്തുണ്ടായിരുന്നില്ല. വിഖ്യാതനായ ജസ്റ്റീനിയന്‍ ചെങ്കോല്‍ നടത്തുന്ന കാലത്തായിരുന്നു ഈ ബ്യൂബോനിക് പ്ലേഗിന്‍റെ തേരോട്ടം. ആയതിനാല്‍ ആ മഹാമാരിയെ The Plague of Justinian എന്നു വിളിക്കുന്നു. മറവുചെയ്യപ്പെടാത്ത ശവങ്ങള്‍ കെട്ടിടങ്ങളിലും തെരുവുകളിലും കുമിഞ്ഞു കൂടുന്നതായി പ്ലൊക്കോവിയസ്സിനെപോലുള്ള ചരിത്രകാരന്മാര്‍ പറയുന്നു. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിക്കും രോഗാണുബാധയുണ്ടായി. എന്നാല്‍ അദ്ദേഹം മരണത്തില്‍ നിന്നു വിസ്മയകരമാംവിധം രക്ഷപ്പെട്ടു. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പൗരസമൂഹം പകുതിയിലേറെ തൂത്തുമാറ്റപ്പെട്ടു. ഈ  വ്യാധി യൂറോപ്പിലും ആഫ്രിക്കയിലും പല കാലങ്ങളിലായി മരണവൃത്തം നടത്തി. ഇരുപത്തഞ്ചു ദശലക്ഷം ജനങ്ങളാണ് കൊല്ലപ്പെട്ടത്. വലിയ ഭക്ഷണക്ഷാമവും കടുത്ത ദാരിദ്ര്യവും മൂന്നു വന്‍കരകളിലുമുണ്ടായി.


രണ്ടാമത്തെ ഏറ്റവും വലിയ മഹാമാരിയായിരുന്നു 1347ലെ 'ബ്ലാക് ഡെത്ത്'. യൂറോപ്പിലെ പല പട്ടണങ്ങളും പൂര്‍ണമായും തുടച്ചുമാറ്റപ്പെട്ടു. ക്രിമിയയില്‍ നിന്നുവന്ന ഇറ്റാലിയന്‍ നാവികരിലൂടെയാണ് കറുത്ത മരണം യൂറോപ്പില്‍ എത്തിയത്. ഈ പ്ലേഗിനെതിരായ പോരാട്ടത്തിനാവശ്യമായ മരുന്നും ചികില്‍സാരീതികളും പലേടത്തും ഉണ്ടായിരുന്നില്ല. പ്ലേഗിനു പൂര്‍ണമായും കീഴടങ്ങുക എന്നതായിരുന്നു പരമദയനീയമായ അവസ്ഥ. മധ്യകാല വൈദ്യവിദ്യക്കു പരിമിതികളേറെയുണ്ടായിരുന്നു. 1353 വരെ ഈ ബ്ലാക്ക് ഡെത്തിന്‍റെ താണ്ഡവം തുടര്‍ന്നു. അഞ്ച് കോടി ആളുകളാണ് മരിച്ചത്. അതായത് യൂറോപ്പിലെ ജനസംഖ്യയുടെ പകുതിയിലേറെ കുഴിച്ചുമൂടപ്പെട്ടു എന്നര്‍ത്ഥം.


ഈ മഹാമാരി ദൈവശിക്ഷയാണെന്നു ഭക്തജനം വിശ്വസിച്ചു. പടച്ചവന്‍കൊടുത്തുവിട്ട അമ്പാണ് പ്ലേഗ് എന്നു പാതിരിമാര്‍ പറഞ്ഞു. ഈ പ്ലേഗിന് കാരണം ജൂതന്മാരാണ് എന്നൊരു ധാരണയും ഏതോ കുബുദ്ധികള്‍ പരത്തി. തുടര്‍ന്ന് കിഴക്കന്‍ യൂറോപ്പില്‍ പല നാടുകളിലും ജൂത സമൂഹത്തിനുനേരെ വലിയ ആക്രമണങ്ങളുണ്ടായി. പട്ടിണിയും പരിവട്ടവും എല്ലായിടത്തും കാണാനായി. അധ്വാനശേഷിയുള്ളവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. തൊഴിലെടുക്കാന്‍ ആളില്ല. ആ അവസ്ഥ വന്നു ചേര്‍ന്നു.


മറ്റൊരു മഹമാരിയായിരുന്നു The Great Plague of London - ലണ്ടനിലെ വലിയ പ്ലേഗ്. 16, 17 നൂറ്റാണ്ടുകളില്‍ പലതവണ പ്ലേഗിന്‍റെ രൂക്ഷമായ ആക്രമണത്തിനു ലണ്ടന്‍ നഗരം വിധേയമായിട്ടുണ്ട്. 1665നും 1666 നുമിടയില്‍ ലണ്ടനെ അടിമുടി പിടിച്ചുകുലുക്കിയ മഹാമാരിക്കാണ് ദി ഗ്രേറ്റ് പ്ലേഗ് എന്ന മുദ്ര ചാര്‍ത്തിക്കിട്ടിയത്. നഗരവാസം നരകതുല്യമായി. രാജാവ് ചാള്‍സ് രണ്ടാമന്‍ കുടുംബസമേതം ഉള്‍നാട്ടിലേക്ക് ഓടിപ്പോയി. കാശുള്ള പൗരന്മാര്‍ പലായനം ചെയ്തു. പ്ലേഗിന്‍റെ പരാക്രമം മുഴുവന്‍ നഗരത്തിന്‍റെ അടിവയറുകളില്‍ത്തൂങ്ങുന്ന എരേച്ചന്മാരുടെ മേലായിരുന്നു. 'ഹോം ക്വാറന്‍റൈന്‍' ആദ്യമായി പരീക്ഷിച്ചത് ഈ വലിയ പ്ലേഗിന്‍റെ കാലത്താണ്. പ്ലേഗു പരത്തുന്നത് എലികളുടെ പുറത്തുള്ള ചെള്ളുകളാണ് എന്നു തിരിച്ചറിയാന്‍ കുറെ വൈകി. 


1621 മുതല്‍ 1631 വരെ നീണ്ടുനിന്ന ഒരു മഹാമാരി ഇറ്റലിയിലുമുണ്ടായി. വെറോണ, മിലാന്‍, ഫ്ളോറന്‍സ്, വെനിസ് തുടങ്ങിയ ഇറ്റാലിയന്‍ നഗരങ്ങളില്‍ പ്ലേഗിന്‍റെ അഴിഞ്ഞാട്ടമായിരുന്നു. രോഗബാധിതരെ ചില ദ്വീപുകളിലേക്കു നാടുകടത്തുക എന്നതായിരുന്നു ഭരണകൂടത്തിന്‍റെ രീതി. മനുഷ്യത്വഹീനമായ പെരുമാറ്റമാണ് പല നഗരങ്ങളും രോഗികളോടു സ്വീകരിച്ചത്.


ഒന്നൊന്നര ലക്ഷം ജനങ്ങളെ കൊന്നൊടുക്കിയ ഒരു മഹാമാരിക്കു ഫ്രാന്‍സിലെ മാഴ്സെയില്‍സ് എന്ന തുറമുഖ പട്ടണം കീഴമര്‍ന്നത് 1720 ലാണ്. തുറമുഖത്തു നങ്കൂരമിട്ട ഏൃമിറ ടമശിേ അിീശേില എന്ന ചരക്കുകപ്പലാണ് പ്ലേഗു കൊണ്ടുവന്നത്. 1722 വരെ ഈ മഹാമാരിയുടെ അട്ടഹാസം തുടര്‍ന്നു.


1844ല്‍ പൊട്ടിപ്പുറപ്പെട്ട പ്ലേഗ് മഹാമാരിയുടെ പ്രഭവ കേന്ദ്രം ചൈനീസ് പ്രവിശ്യയായ യുനാന്‍ ആയിരുന്നു. ഈ പ്ലേഗ് പല നാടുകളിലേക്കും സഞ്ചരിച്ചു. ആസ്ട്രേലിയയിലെ സിഡ്നിയിലും ഹോങ്കോങ്ങിലുമൊക്കെയാണ് അതിന്‍റെ വിപുലമായ വ്യാപനമുണ്ടായത്.


ഈ മൂന്നാം മഹാമാരി അഞ്ചു പതിറ്റാണ്ടോളം ഒളിഞ്ഞും തെളിഞ്ഞും നിലനിന്നു. ഇന്ത്യയിലെ സൂറത്തില്‍ പോലും അതിന്‍റെ ആസുരമായ അരങ്ങേറ്റമുണ്ടായി.


എന്നാല്‍ ഇപ്പോള്‍ നാം നേരിടുന്ന മഹാമാരി നോവല്‍ കൊറോണ വൈറസിന്‍റെ സംഭാവനയാണ്. ഒരു ഫ്ളൂ വൈറസ് എന്ന നിലയില്‍ ഇത് പണ്ടും പ്രചരിച്ചിരുന്നു. കൊറോണയുടെ പല വക ഭേദങ്ങളും ശ്വാസകോശരോഗങ്ങള്‍ ഉല്‍പാദിപ്പിച്ചുകൊണ്ടു മനുഷ്യന്‍റെ ജീവനുഭീഷണിയുണര്‍ത്തിയിരുന്നു. കോവിഡ് 19 നു കാരണമായ വൈറസ് ഇതിനുമുമ്പ് വൈദ്യശാസ്ത്രത്തിനു പരിചയമില്ലാത്ത ഒരു ഭീകരനാണെന്നാണ് പറയുന്നത്. അതിനു പ്രതിരോധമരുന്നൊന്നും നമ്മുടെ കൈവശമുണ്ടായിരുന്നില്ല. മിക്ക രോഗങ്ങളും പകര്‍ച്ചവ്യാധികളും ഫലപ്രദമായി പ്രതിരോധിക്കുന്നതിനുള്ള വാക്സിനുകള്‍ നാം വികസിപ്പിച്ചിട്ടുണ്ട്. കോളറയെ, പ്ലേഗിനെ നാം ഭയക്കുന്നില്ല. കാരണം അവയെ പ്രതിരോധിക്കുന്നതിനും കീഴ്പ്പെടുത്തുന്നതിനുമുള്ള മികവുറ്റ ഏര്‍പ്പാടുകളൊക്കെ നമുക്കുണ്ട്. ഈ കൊറോണയാണ് നമ്മെ അന്ധാളിപ്പിച്ചത്. ഇതിനെതിരായ ഒരുക്കമൊന്നും പ്രമാണി രാജ്യങ്ങളില്‍പ്പോലുമില്ലായിരുന്നു. കൈയ്യില്‍ കിട്ടിയത് പെട്ടെന്നെടുത്ത് നാം ഈ പകര്‍ച്ചരോഗത്തിനെതിരെ പ്രയോഗിക്കുകയായിരുന്നു.


കൊറോണ ബാധിത രാജ്യങ്ങളില്‍ വ്യാപനത്തിന്‍റെ അടിസ്ഥാനത്തില്‍ നാം നില്‍ക്കുന്നത് മൂന്നാംസ്ഥാനത്താണ്; ചെയ്യാവുന്നതിന്‍റെ പരമാവധി നാം ചെയ്തുകൊണ്ടിരിക്കുന്നു. തുരങ്കത്തില്‍നിന്നും പുറത്തു കടക്കുമെന്നു തന്നെയാണ് നമ്മുടെ ഉറപ്പ്. സ്വല്‍പം കാലമെടുത്തേക്കാം.


ജനജീവിതത്തെ ഇത്രക്കു കീഴ്മേല്‍ മറിച്ച, നിത്യജീവിതശൈലികളെ ഇത്ര അലങ്കോലമാക്കിയ മറ്റൊരു മഹാമാരി മുമ്പുണ്ടായിട്ടില്ല.
വ്യവസായ ചക്രങ്ങള്‍ നിശ്ചലമായി, വാണിജ്യവും വ്യാപാരവും കൃഷിയും സ്തംഭിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂട്ടിക്കിടക്കുന്നു. എല്ലാം നേര്‍പടിയാവാന്‍ എത്ര കാലമെടുക്കുമെന്നു ആര്‍ക്കും പ്രവചിക്കാനാവില്ല. ഉയര്‍ന്ന ശുഭാപ്തി വിശ്വാസം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോഴും ഒരു പാട് സംശയങ്ങള്‍, ആശങ്കകള്‍, ഭയപ്പാടുകള്‍ നമ്മെ അസ്വസ്ഥരാക്കുന്നുണ്ട്. കോവിഡാനന്തര സമൂഹത്തിന്‍റെ രൂപവും ഭാവവും ഭാഷയും എന്തായിരിക്കുമെന്നു നമുക്കറിയില്ല.


യുദ്ധങ്ങളും മഹാമാരികളും പലപ്പോഴും ഇളക്കുന്നത് അസ്തിവാരങ്ങളെയാണ്; മുറിക്കുന്നത് അടിവേരുകളെയാണ്. മനുഷ്യന്‍റെ ബിംബം പുനര്‍നിര്‍മിക്കേണ്ട അവസ്ഥ വന്നു ചേരും. മൂല്യങ്ങളുടെ പുനഃപരിശോധന വേണ്ടിവരും. 


ഒന്നാംലോക മഹായുദ്ധം കത്തിയമര്‍ന്നപ്പോള്‍ അവശേഷിച്ചത് ഒരു ഊഷര ഭൂമിയാണ്; അകം പൊള്ളയായ മനുഷ്യരാണ്; ചുറ്റും ചിതറിക്കിടന്നത് ഭഗ്ന ബിംബങ്ങളാണ്. കാറ്റിനുണ്ടായിരുന്നത് കരിഞ്ഞ മാംസത്തിന്‍റെ ഗന്ധമാണ്. ഈ യുദ്ധാനന്തര ലോകത്തിന്‍റെ ഭഗ്നേതിഹാസങ്ങളാണ് എലിയറ്റും ജെയിംസ് ജോയ്സും നമുക്കു തന്നത്. ഭാഷ മാറി. ശൈലി മാറി. വീക്ഷണം മാറി. സംസ്കാരമെന്നതിന്‍റെ തിരസ്കാരവും പുനര്‍നിര്‍മാണവുമുണ്ടായി. രണ്ടാം ലോക യുദ്ധത്തിനുശേഷം എല്ലാത്തകര്‍ക്കലും, നിരാകരണങ്ങളും നിഷേധ വേദാന്തങ്ങളുടെ അരങ്ങേറ്റവും ഉണ്ടായി. വിഗ്രഹഭഞ്ജനം ഒരുപാടു നടന്നു. ആശയ ശാസ്ത്രങ്ങളുടെ പൊളിച്ചെഴുത്തുണ്ടായി.
ഇപ്പോള്‍ കോവിഡിന്‍റെ ആസുര കാലമാണ്. തമസ്സിന്‍റെ തേര്‍വാഴ്ചയാണ് ഇത്. ഒരു ദിവസം അവസാനിക്കുമ്പോള്‍ ഒരുപാടു ശൂന്യതകള്‍ സാംസ്കാരിക വഴികളില്‍ നമ്മെ കാത്തുനില്‍പ്പുണ്ടാവും. നാമറിയാതെ നമ്മുടെ സാംസ്കാരിക പരിപ്രേക്ഷ്യങ്ങള്‍ മാറിക്കൊണ്ടിരിക്കും. തയ്ച്ച പഴയ കുപ്പായങ്ങള്‍ ഒട്ടും ചേരാതെ വരും. സംസ്കാരത്തിനു പുതിയ നിര്‍വ്വചനങ്ങള്‍ വന്നു ചേരും.


അത്യുഷ്ണമായ ഒരനുഭവ മേഖലയാണ് പോസ്റ്റ്കൊറോണ കാലം നമുക്കായി തുറന്നിടാന്‍ പോകുന്നു. സാഹിത്യരചനയ്ക്കകത്തെ അര്‍ഥങ്ങള്‍ അസ്പഷ്ടമാവുമ്പോള്‍ പുതിയ അര്‍ത്ഥങ്ങളുടെ തിരക്കുപിടിച്ച നിര്‍മിതിയുണ്ടാവും. നമ്മുടെ ഇന്നത്തെ തീര്‍ച്ചകള്‍ നമുക്കു ഉപേക്ഷിക്കേണ്ടിവരും. പഴയ വ്യാഖ്യാനങ്ങളും പഴയ സത്യാന്വേഷണങ്ങളും അസാധുവായിത്തീരും.


സംസ്കാരമെന്നു വ്യവഹരിക്കപ്പെടുന്നതത്രയും മനുഷ്യബന്ധങ്ങളുമായി, മനുഷ്യന്‍റെ ദാഹങ്ങളുമായി, ചിത്തവൃത്തികളുമായി ഇടകലര്‍ന്നു കിടക്കുന്നു. ഇപ്പറഞ്ഞതിനെയൊക്കെയും കൊറോണ വാഴ്ചയുടെ കരള്‍ പിളരും കാലം പിടിച്ചുകുലുക്കുകയും അവതാളമാക്കുകയും ചെയ്യുന്നുണ്ട്. നാമറിയാതെ നമ്മുടെ വിചാരങ്ങളെ, സമീപനങ്ങളെ, പ്രതികരണങ്ങളെ, കാഴ്ചപ്പാടുകളെ, വിലയിരുത്തലുകളെ നീണ്ട ഒരു പാന്‍ഡെമിക് കാലാവസ്ഥ ഇളക്കിമറിക്കുന്നു. പോസ്റ്റ് കൊറോണ കാലം ഒരുപാട് മരവിപ്പുകളെയും വ്യര്‍ത്ഥതാബോധങ്ങളെയും സര്‍ഗപരമായ മുരടിപ്പുകളേയും അപകടകരമായ ബുദ്ധിവ്യാപാരങ്ങളേയും ബാക്കിനിര്‍ത്തുമെന്നു ഭയപ്പെടാന്‍ കാരണമുണ്ട്. വന്ധ്യമായ ഒരു രോഷം ചാരം മൂടിയ കനലായി എഴുത്തിലും മറ്റ് ആവിഷ്കാരങ്ങളിലും സാന്നിധ്യമറിയിക്കും.
ഒരു വലിയ തകര്‍ച്ചയെ, പുതിയ നിര്‍വചനങ്ങളാവശ്യപ്പെടുന്ന പ്രതിസന്ധിയെ, ഊര്‍ജം നഷ്ടപ്പെട്ട ഒരു സര്‍ഗ കാലാവസ്ഥയെ, ചിന്താപരമായ ജീര്‍ണതയെ, നാളെ നമുക്ക് അഭിമുഖീകരിക്കേണ്ടിവരും. പുതിയ സമവാക്യങ്ങള്‍ സൃഷ്ടിക്കപ്പെടും. പഴയ ഗ്രാമര്‍, പഴയ മെറ്റാഫര്‍, പഴയ രസതന്ത്രം കൊറോണാനന്തര സാംസ്കാരിക ജീവിതത്തില്‍ പ്രയോജനപ്പെടില്ല എന്നത് തീര്‍ച്ചയാണ്.


വലിയൊരു തയ്യാറെടുപ്പ്, ഒരു പുനര്‍ജനി നൂഴല്‍, ഒരു കൂടുവിട്ടു കൂടുമാറല്‍, നമ്മില്‍നിന്ന് കാലം ആവശ്യപ്പെടുമെന്നു തീര്‍ച്ചയാണ്. ഒരുപാട് ഭാണ്ഡങ്ങള്‍ നമുക്ക് ഉപേക്ഷിക്കേണ്ടിവരും. നമ്മുടെ കാല്‍പനികതയെ അഴിച്ചുപണിയേണ്ടിവരും. കയ്പേറിയ മരുന്നുകള്‍ കഴിക്കേണ്ടിവരും. കണ്ണടകള്‍ മാറ്റേണ്ടിവരും.


മനോഭാവങ്ങളുടെ അഴിച്ചുപണിക്ക് തയ്യാറാവാതെ വയ്യ. ഒരുപാട് നിഷേധങ്ങളെ നമുക്കു സ്വീകരിക്കേണ്ടിവരും.