ജനകീയാസൂത്രണം: കേരളത്തിന്‍റെ മുഖച്ഛായ മാറ്റിയ കാല്‍ നൂറ്റാണ്ട്

സി പി നാരായണന്‍

കേരളത്തില്‍ ജനകീയാസൂത്രണം നടപ്പാക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷം തികയുകയാണ്. അത് കേരളത്തിന്‍റെ സാമൂഹ്യ - സാമ്പത്തിക - രാഷ്ട്രീയ - സാംസ്കാരിക മണ്ഡലങ്ങളില്‍ നിരവധി മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചതായും ഒരു പുതിയ അവബോധം ഗ്രാമാന്തരങ്ങളിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലും സൃഷ്ടിച്ചതായും പല പഠനങ്ങളും നിരീക്ഷണങ്ങളും ഇക്കാലയളവില്‍ പലപ്പോഴായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാന ധനകമ്മീഷനുകള്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ നടത്തിയ പഠനങ്ങള്‍ ഇതു സംബന്ധമായ സാമ്പത്തികം ഉള്‍പ്പെടെയുള്ള വസ്തുതകള്‍ പുറത്തു കൊണ്ടുവന്നിട്ടുണ്ട്. സംസ്ഥാനത്തെ അധികാരവികേന്ദ്രീകരണത്തിലെ ഓരോ കാലത്തുണ്ടാകുന്ന ശക്തിദൗര്‍ബല്യങ്ങള്‍ ആ പഠനങ്ങള്‍ എടുത്തു കാണിച്ചിട്ടുണ്ട്. അവയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഓരോ കാലത്തെയും സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധിതമായിട്ടുണ്ട്. അവയെ ഫലത്തില്‍ തള്ളിക്കളഞ്ഞ സര്‍ക്കാരുകളുമുണ്ട്. 
 പാര്‍ലമെന്‍റ് 1993ല്‍  അംഗീകരിച്ച 73, 74 ഭരണഘടനാ ഭേദഗതികളുടെ അടിസ്ഥാനത്തില്‍ അവയില്‍ നിര്‍ദ്ദേശിക്കപ്പെട്ട 29 അധികാരങ്ങളും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതിന് സംസ്ഥാന നിയമസഭകള്‍ക്ക്  വിവേചനാധികാരം ലഭിച്ചു. അതായത്, ഈ ഭരണഘടനാ ഭേദഗതികള്‍ ത്രിതല പഞ്ചായത്തുകളും നഗരസഭകളും രൂപീകരിക്കുന്നതിനു അവയെ ബാധ്യസ്ഥമാക്കിയതുപോലെ ഈ അധികാരങ്ങളും അവ നടപ്പാക്കാനുള്ള വിഭവങ്ങളും അവയ്ക്ക് കൈമാറുന്നതിന്   73, 74 ഭരണഘടനാ ഭേദഗതികള്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിച്ചില്ല. അതിനാല്‍ പുതിയ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നിലവില്‍ വന്നതല്ലാതെ അവയ്ക്ക് അധികാരങ്ങളും വിഭവങ്ങളും എല്ലാ സംസ്ഥാന നിയമസഭകളും കൈമാറ്റം ചെയ്തില്ല. കേരളമുള്‍പ്പെടെയുള്ള, പ്രധാനമായി ഇടതുപക്ഷ ഭൂരിപക്ഷമുള്ള നിയമസഭകള്‍ മാത്രമാണ് ഇക്കാര്യത്തില്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചത്. കേരള നിയമസഭാ നിയമത്തില്‍ പറഞ്ഞ അധികാരങ്ങള്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക്  കൈമാറിയതിനൊപ്പം സംസ്ഥാന സര്‍ക്കാരിന്‍റെ വാര്‍ഷിക പദ്ധതിയുടെ 30 ശതമാനം അടങ്കല്‍ അവയ്ക്കു കൈമാറണമെന്ന ലക്ഷ്യവും അംഗീകരിച്ചു. 


 ഇത്രയും അധികാരങ്ങളും വിഭവങ്ങളും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് കൈമാറുന്നത് അതാദ്യമായിരുന്നു. എന്നാല്‍, കേന്ദ്രനിയമം വരുന്നതിനു മുമ്പുതന്നെ കേരളം ആ വഴിക്ക് നീങ്ങാന്‍ തുടങ്ങിയിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് മദിരാശി പ്രവിശ്യയില്‍ ജില്ലാ ബോര്‍ഡുകള്‍ പ്രവര്‍ത്തിച്ചിരുന്നു. അവയ്ക്ക് ചില അധികാരങ്ങളും ഉണ്ടായിരുന്നു. മദിരാശി പ്രവിശ്യയുടെ ഭാഗമായിരുന്നു മലബാര്‍ ജില്ല. അതിലെ ജില്ലാ ബോര്‍ഡിലാണ് കമ്യൂണിസ്റ്റ് പാര്‍ടി ഗ്രാമപഞ്ചായത്തിനു മുകളിലുള്ള തിരഞ്ഞെടുക്കപ്പെട്ട സമിതിയില്‍ ആദ്യമായി അധികാരത്തില്‍ എത്തുന്നത്. പരിമിതമായ അധികാരങ്ങളും വിഭവങ്ങളും മാത്രമേ അതിനു ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ബ്രിട്ടീഷ്  വാഴ്ചയിന്‍കീഴില്‍ പ്രാഥമികമായ വിദ്യാഭ്യാസം, ആരോഗ്യരക്ഷ,  യാത്രാസൗകര്യം മുതലായ സേവനങ്ങള്‍ അനുഭവിക്കാന്‍ കഴിയാതിരുന്ന ഗ്രാമീണര്‍ക്ക് ഉള്ള അധികാരം വച്ചുതന്നെ പലതും ചെയ്യാമെന്ന് കുറഞ്ഞ കാലത്തെ ഭരണ പരിചയം കൊണ്ട് പാര്‍ടി മനസ്സിലാക്കി. 


 ആ അനുഭവവും ഗ്രാമപഞ്ചായത്തുകളിലെ അനുഭവവും ഗ്രാമീണരുടെ അക്കാലത്തെ പരിതഃസ്ഥിതിയെയും ആവശ്യത്തെയും മുന്‍നിര്‍ത്തി 1957ല്‍ നിലവില്‍ വന്ന ഇ എം എസിന്‍റെ  നേതൃത്വത്തിലുള്ള   കേരള സര്‍ക്കാര്‍ സമഗ്രമായ പഞ്ചായത്ത് നഗരസഭാ നിയമനിര്‍മാണത്തിന് ഒരുങ്ങി. കാലാവധി പൂര്‍ത്തിയാക്കപ്പെടുന്നതിനു മുമ്പ് സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടതിനാല്‍ നിയമനിര്‍മ്മാണം നടന്നില്ല. 


 പ്രാദേശിക ഭരണസമിതികളെ സംബന്ധിച്ച നിയമപരിഷ്കാരത്തിനു മുന്നോടിയായി 1950കളില്‍ നെഹ്റു സര്‍ക്കാര്‍ ബല്‍വന്ത് റായി മേത്ത അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഗ്രാമപഞ്ചായത്തുകളും  ബ്ലോക്ക് പഞ്ചായത്തുകളും  ജില്ലാ പഞ്ചായത്തുകളും രൂപീകരിച്ച് അവയ്ക്ക് കൂടുതല്‍ അധികാരങ്ങളും വിഭവങ്ങളും നല്‍കണമെന്ന നിര്‍ദേശം അത് സമര്‍പ്പിച്ചു. അതൊന്നും നടപ്പായില്ല. തുടര്‍ന്ന് 1977ലെ ജനതാ സര്‍ക്കാര്‍ അശോക് മേത്ത കമ്മിറ്റിയെ ഇതേ കാര്യത്തിനായി നിയോഗിച്ചു. അതില്‍ അംഗമായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാട് റിപ്പോര്‍ട്ടിനുള്ള  തന്‍റെ വിയോജനക്കുറിപ്പില്‍ സാധാരണക്കാരും പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവരുമായ ജനങ്ങളുടെ പല പ്രാഥമിക ആവശ്യങ്ങളും നിറവേറ്റപ്പെടണമെങ്കില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ അധികാരാവകാശങ്ങളോടെ രൂപീകരിക്കപ്പെട്ട്  പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്ന്  നിര്‍ദേശിച്ചിരുന്നു. ഇ  എം എസ് മലബാറില്‍  കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായിരുന്ന കാലത്തുതന്നെ 1937ല്‍  മദിരാശി പ്രവിശ്യയിലെ  ജില്ലാ ബോര്‍ഡുകള്‍ക്ക് നിലവിലുണ്ടായിരുന്ന അധികാരങ്ങള്‍ നിലനിര്‍ത്തേണ്ടതിന്‍റെയും മുനിസിപ്പാലിറ്റികള്‍ക്ക് കൂടുതല്‍ അധികാരം  കൈമാറേണ്ടതിന്‍റെയും പ്രാധാന്യം എടുത്തു പറഞ്ഞിരുന്നു. 


 മുകളില്‍ ചൂണ്ടിക്കാണിച്ച പോലെ ഇ എം എസും കമ്യൂണിസ്റ്റ് പാര്‍ടിയും തദ്ദേശഭരണ സ്ഥാപനങ്ങളെ കൂടുതല്‍ അധികാരങ്ങളോടും വിഭവങ്ങളോടും കൂടി ശക്തിപ്പെടുത്തണം  എന്ന അഭിപ്രായഗതിക്കാരായിരുന്നു. ഈ പശ്ചാത്തലം ഉണ്ടായിരുന്നതുകൊണ്ടാണ് 73, 74 ഭരണഘടനാ ഭേദഗതികള്‍ നടപ്പാക്കുന്ന സമയത്ത് അതിന്‍റെ അടിസ്ഥാനത്തിലുള്ള കേരള പഞ്ചായത്ത് മുനിസിപ്പല്‍ നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ നിയമ ഭേദഗതിയെ കൂടുതല്‍ സമഗ്രമാക്കാന്‍ 1996ലെ നായനാര്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതായിരുന്നു ജനകീയാസൂത്രണത്തിന് വഴിയൊരുക്കിയത്. 


 ഇടതുപക്ഷത്തിന്‍റെ ബോധപൂര്‍വമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച് ഒരു കാര്യം ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. കേന്ദ്രത്തില്‍ അശോക് മേത്ത കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ത്രിതല പഞ്ചായത്തുകള്‍ രൂപീകരിക്കാനും അവയ്ക്ക്  കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനും ഉള്ള 73, 74  ഭരണഘടനാ ഭേദഗതി ബില്ലുകള്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചെങ്കിലും അത് പാസാക്കപ്പെടുന്നതിനുമുമ്പ് ആ സര്‍ക്കാരിന്‍റെ കാലാവധി തീര്‍ന്നു. പിന്നീട് വന്ന വി പി സിംഗ് സര്‍ക്കാര്‍ അതിനായി ശ്രമിച്ചെങ്കിലും അത് പൂര്‍ത്തിയാക്കപ്പെടുന്നതിന് മുമ്പായി പരാജയപ്പെടുത്തപ്പെട്ടു. 1991ല്‍ നിലവില്‍ വന്ന നരസിംഹറാവു സര്‍ക്കാരാണ് അത് അവസാനം പാര്‍ലമെന്‍റ് അവതരിപ്പിച്ച് പാസ്സാക്കാന്‍ ഇടയാക്കിയത്. എന്നാല്‍, അന്ന് കേരളം ഭരിച്ചിരുന്ന കെ കരുണാകരന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ആ ഭരണഘടനാ ഭേദഗതികളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് - മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ താല്പര്യം കാണിച്ചില്ല. 1995 സെപ്തംബറില്‍ നടക്കേണ്ട പഞ്ചായത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പായി ഈ ഭേദഗതികള്‍ പാസാക്കണമെന്ന് പ്രതിപക്ഷത്തിനു പുറമേ കെ എന്‍ രാജ്, ഐ എസ് ഗുലാത്തി മുതലായ സാമ്പത്തിക വിദഗ്ധരും കേരളശാസ്ത്ര സാഹിത്യപരിഷത്തുപോലെയുള്ള സംഘടനകളും സെക്രട്ടറിയറ്റിനുമുന്നില്‍ ധര്‍ണ പോലുള്ള പ്രത്യക്ഷ സമരങ്ങള്‍ നടത്തിയിരുന്നു.  ഇത് ഇവിടെ പരാമര്‍ശിക്കുന്നത് തദ്ദേശഭരണസ്ഥാപനങ്ങളുടെ അധികാരം വര്‍ദ്ധിപ്പിക്കുന്നതില്‍  രാഷ്ട്രീയ പാര്‍ടികള്‍ക്ക് പുറമെ നാനാ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ ജനങ്ങളില്‍ ഒരു വലിയ വിഭാഗത്തിന് ഏറെ താല്‍പര്യമുണ്ടായിരുന്നു എന്ന് സൂചിപ്പിക്കാനാണ്. 


 ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കപ്പെടുന്നതിന് മുമ്പു തന്നെ സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളില്‍ ജനങ്ങളെ ഭാഗഭാക്കാക്കിക്കൊണ്ട് നിരവധി പരീക്ഷണങ്ങള്‍ നടന്നിരുന്നു. അവയില്‍ വിപുലമായ ഒന്നായിരുന്നു കണ്ണൂരിലെ കല്ല്യാശ്ശേരി പഞ്ചായത്തില്‍ നടത്തപ്പെട്ട മാസങ്ങളോളം നീണ്ടുനിന്ന പ്രവര്‍ത്തനങ്ങളും പഠനങ്ങളും. എങ്ങനെ കൃഷി, ജലസംരക്ഷണ വിനിയോഗ നിര്‍ഗമന സേചന പ്രവര്‍ത്തനങ്ങള്‍ പൊതുവായ കാഴ്ചപ്പാടോടെ, ദീര്‍ഘ വീക്ഷണത്തോടെ നടപ്പാക്കാം, നമ്മുടെ വിവിധ വിളകളുടെ ഉല്‍പാദനക്ഷമത കുറഞ്ഞിരിക്കാന്‍ എന്താണ് കാരണം, എങ്ങനെ അത് ഉയര്‍ത്താം, എങ്ങനെ വിദ്യാഭ്യാസ ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഒരു പ്രദേശത്തെ സമസ്ത ജനങ്ങളെയും ലാക്കാക്കി പുനരാവിഷ്ക്കരിക്കാം, എങ്ങനെ തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കാം, ഈ വക പ്രവര്‍ത്തനങ്ങളിലെല്ലാം സ്ത്രീകള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ മുതലായവരെ എങ്ങനെ സജീവ പങ്കാളികളാക്കാം, എങ്ങനെ അവരുടെ സാമൂഹിക സാമ്പത്തിക സ്ഥിതി  മെച്ചപ്പെടുത്തുന്നതിനുവേണ്ട  ഇടപെടല്‍ നടത്താം മുതലായവ സംബന്ധിച്ച പ്രായോഗിക പ്രവര്‍ത്തന പഠനങ്ങളും ഉള്ളുതുറന്ന ചര്‍ച്ചയും അവിടെ നടന്നു. ഇ എം എസ്, ഐ എസ് ഗുലാത്തി, കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്ന ശ്യാമസുന്ദരന്‍ നായര്‍, അന്ന് ആ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന എം പി നാരായണന്‍ നമ്പ്യാര്‍ എന്ന കര്‍ഷകസംഘം നേതാവ് ഉള്‍പ്പെടെ സമൂഹത്തിലെ ചില പ്രമുഖരും ശാസ്ത്രസാങ്കേതിക വിദഗ്ദ്ധരും ആഴ്ചകള്‍ നീണ്ടുനിന്ന ആ പ്രവര്‍ത്തന പഠന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ജില്ലാ തുറകളിലും ഉള്ള ജനങ്ങള്‍ അവരുടെ സാമൂഹ്യ സാമ്പത്തിക സാംസ്കാരിക രാഷ്ട്രീയ മുന്‍വിധികള്‍ മാറ്റിവെച്ച് അതിനു തൊട്ടു മുമ്പ് നടന്ന സമ്പൂര്‍ണ സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ എന്നപോലെ ഇത്തരം കാര്യങ്ങളിലും പങ്കെടുക്കുമെന്ന് കല്ല്യാശേരിയിലെ അനുഭവം സ്പഷ്ടമാക്കിയിരുന്നു. 
 തങ്ങള്‍ അനുഭവിച്ചു വന്നതും അനുഭവിച്ചു വരുന്നതുമായ അസമത്വങ്ങളോടും അനീതികളോടും ഉള്ള വിവിധ വിഭാഗം ജനങ്ങളുടെ അസംതൃപ്തിയും എതിര്‍പ്പും  പരാതികളും പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കമായപ്പോഴേക്കും അന്നു മൂന്നായി കിടന്ന കേരളത്തിലെ വിവിധ ജനവിഭാഗങ്ങള്‍ പല രൂപഭാവങ്ങളില്‍ പ്രകടിപ്പിച്ചു കൊണ്ടിരുന്നു. ഒരുഭാഗത്ത് ജാതീയമായ അടിച്ചമര്‍ത്തലുകളോടുള്ള എതിര്‍പ്പ് ശ്രീനാരായണഗുരു, മന്നത്ത് പത്മനാഭന്‍, അയ്യങ്കാളി,  വി ടി ഭട്ടതിരിപ്പാട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇരുപതാംനൂറ്റാണ്ടിന്‍റെ ആദ്യം മുതല്‍ ആരംഭിച്ച സാമുദായിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍ നിലവിലിരുന്ന നാടുവാഴിത്ത ചിന്തക്കും വഴക്കങ്ങള്‍ക്കും വലിയ പ്രചാരം നല്‍കി. പിന്നീട് രൂപം കൊണ്ട സ്വാതന്ത്ര്യസമര തൊഴിലാളിവര്‍ഗ്ഗ കുടിയാന്‍ പ്രസ്ഥാനങ്ങളും അവയെല്ലാം ചേര്‍ന്ന് രൂപപ്പെടുത്തിയ ഐക്യകേരള പ്രസ്ഥാനവും ജനങ്ങള്‍ക്ക് പുതിയ കാഴ്ചപ്പാടും ജീവിതവീക്ഷണവും പ്രദാനം ചെയ്തു. ബ്രിട്ടീഷ് കോയ്മയും രാജ - ജന്മി വാഴ്ചകളും അടിച്ചേല്‍പ്പിച്ചിരുന്ന ജീവിതക്രമത്തിലും ചിന്താഗതിയിലും വ്യക്തി സമൂഹബന്ധങ്ങളിലും അവ പൊളിച്ചെഴുത്ത് നടത്തി. ഒരു വശത്ത് ശ്രീനാരായണഗുരു മുതല്‍ക്കുള്ള സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ക്കും മറുവശത്ത് ഇ എം എസ്, എ കെ ജി മുതല്‍ക്കുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും ഈ പരിവര്‍ത്തനത്തില്‍ ഉള്ള പങ്ക് ഇന്ന് എല്ലാവര്‍ക്കുമറിയാം. 


 അധികാരമാകെ കേന്ദ്രീകൃതമായിരുന്നു ബ്രിട്ടീഷ് നാട്ടുരാജ്യ ഭരണത്തിന്‍ കീഴില്‍. ബ്രിട്ടീഷ് സര്‍ക്കാരിനു ഇന്ത്യയില്‍ ജനാധിപത്യം വളരണമെന്നോ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് പൗരാവകാശങ്ങള്‍ നല്‍കണമെന്നോ അഭിപ്രായമുണ്ടായിരുന്നില്ല. ഇന്ത്യക്കാരെ മൊത്തത്തില്‍ പരമാവധി ചൂഷണം ചെയ്ത് കഴിയുന്നത്ര സമ്പത്ത് കടത്തിക്കൊണ്ടു പോകുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ പരമാവധി ജനങ്ങളെ പങ്കാളികളാക്കിക്കൊണ്ടല്ലാതെ സ്വാതന്ത്ര്യം നേടാനോ നേടിയാല്‍ തന്നെ അത് ഉപയോഗിച്ച് ജനസാമാന്യത്തിന്‍റെ സാര്‍വത്രികമായ മോചനം സാക്ഷാത്കരിക്കാനോ  കഴിയില്ലെന്ന തിരിച്ചറിവ് ഒരുതരത്തില്‍ മഹാത്മാഗാന്ധിക്കും വേറൊരു തരത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതിക്കാര്‍ക്കും ഉണ്ടായിരുന്നു. അതിനു തെളിവാണ് 1937ലെ ഇഎംഎസിന്‍റ ലേഖനവും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടി അധികാര വികേന്ദ്രീകരണത്തിനുവേണ്ടി നിരന്തരം കൈക്കൊണ്ട നിലപാടുകളും നടപടികളും. 


കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ വലതുപക്ഷ പാര്‍ടികള്‍ക്ക് രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങള്‍, സ്വാതന്ത്ര്യങ്ങള്‍, അധികാരങ്ങള്‍ എന്നിവ നല്‍കുന്നതുസംബന്ധിച്ച് ഉണ്ടായിരുന്ന സമീപനം ബ്രിട്ടീഷ് കോളനി സര്‍ക്കാരിന്‍റേതില്‍ നിന്ന് പലതുകൊണ്ടും  വ്യത്യസ്തമായിരുന്നില്ല. അതിനു തെളിവാണ് തീര്‍ത്തും സാമ്രാജ്യത്വ വിരുദ്ധമായ കാഴ്ചപ്പാടോടെയുള്ള ഭരണഘടന തയ്യാറാക്കുന്നതിനുപകരം 1935ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യക്കായി തയ്യാറാക്കി നടപ്പാക്കിയ നിയമത്തെ സ്വാതന്ത്ര്യാനന്തര ഭരണഘടനയുടെ അടിത്തറയായി കോണ്‍ഗ്രസിന് മേല്‍ക്കൈ ഉണ്ടായിരുന്ന ഭരണഘടനാ അസംബ്ലി അംഗീകരിച്ചത്. അതുകൊണ്ടാണ് ഭരണഘടനയെ ജനങ്ങളില്‍ നിന്ന് ആരംഭിക്കുന്ന ഭരണസംവിധാനത്തിനുപകരം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആരംഭിക്കുന്ന ഒന്നായി ആവിഷ്കരിച്ചത്. അതിന്‍റെ ഫലമായിട്ടാണ് കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കായി അധികാരങ്ങളും വിഭവങ്ങളും പകുത്തു വച്ചപ്പോള്‍ പ്രാദേശിക സര്‍ക്കാരുകള്‍ വേണമെന്നും അധികാരം നല്‍കണമെന്നും ഭരണഘടനയില്‍ പറയാതിരുന്നത്. അതുകൊണ്ടാണ് ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന ആശയത്തെ പഞ്ചായത്ത് രാജ് എന്ന കീഴ്തട്ടിലെ അധികാരഘടകം പാര്‍ലമെന്‍റ് ഭരണഘടന നിലവില്‍വന്ന്  40 വര്‍ഷങ്ങള്‍ക്ക് ശേഷം സൃഷ്ടിച്ചപ്പോള്‍ അതിനു കേന്ദ്ര സര്‍ക്കാരിന്‍റെ അധികാരം ഒന്നും പോലും നല്‍കാതെ,  തങ്ങളുടെ അധികാരത്തില്‍ ചിലത് കൈമാറുകയോ കൈമാറാതിരിക്കുകയോ ചെയ്യാനുള്ള വിവേചനാധികാരം സംസ്ഥാന നിയമസഭകള്‍ക്ക് പാര്‍ലമെന്‍റ് വിട്ടുകൊടുത്തത്. 


 ഏറ്റവും താഴേത്തട്ടില്‍ ജനങ്ങളോട് ഏറ്റവും അടുത്തുനല്‍ക്കുന്ന അധികാര ഘടകമാണ്, അതിന്‍റെ നിയന്ത്രണത്തിലുള്ള അധികാരവും വിഭവങ്ങളുമാണ്, ഒരു രാജ്യത്തെ ജനാധിപത്യത്തിന്‍റെ അളവുകോല്‍. നവ ഉദാരവല്‍ക്കരണത്തിന്‍റെ കടന്നാക്രമണം രാജ്യത്ത് ഉണ്ടായ കാലത്താണ് ഇവിടെ താഴേത്തട്ടിലുള്ള അധികാര ഘടനക്ക് രൂപം നല്‍കപ്പെട്ടത് എന്നും ഓര്‍ക്കുക. അതുകൊണ്ടുതന്നെ പ്രധാനമായി ഇടതുപക്ഷ നേതൃത്വത്തിലുള്ള ഭരണം ഉള്ളവ ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ഗാന്ധിയന്‍ രീതിയിലായാലും പടിഞ്ഞാറന്‍ ജനാധിപത്യരീതിയിലായാലും ഇടതുപക്ഷ സ്വഭാവത്തോടെയായാലും ഉള്ള അധികാര വികേന്ദ്രീകരണത്തിന് മുതിര്‍ന്നില്ല. കാരണം മുതലാളിത്തത്തിന് ഒട്ടും സ്വീകാര്യമല്ലാത്ത ഭരണ പരിഷ്കാരമായിത്തീര്‍ന്നു  അക്കാലമായപ്പോഴേക്ക് അധികാരവികേന്ദ്രീകരണം. 


 എന്നാല്‍, കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാര വികേന്ദ്രീകരണത്തെ ഒരു അജന്‍ഡയായി അംഗീകരിച്ചു. അതുകൊണ്ടാണ് 1987ലെ എല്‍ ഡിഎഫ് സര്‍ക്കാര്‍ ഏഴിന പരിപാടികള്‍ നിശ്ചയിക്കുകയും ഓരോ തദ്ദേശഭരണ സ്ഥാപനത്തിനും അവയില്‍ ചില ഇനങ്ങള്‍ നടപ്പിലാക്കാന്‍ അധികാരവും വിഭവവും  നല്‍കുകയും ചെയ്തത്. ഏതാണ്ട് അതേ കാലത്തായിരുന്നു കേരളത്തില്‍ സമ്പൂര്‍ണ സാക്ഷരത പരിപാടി നടപ്പാക്കപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ അതിനു നിശ്ചിത സംഖ്യ അനുവദിക്കുകയും സംസ്ഥാനതലത്തില്‍ അതിനായി ചില ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തെങ്കിലും,  ഏറ്റവും താഴേത്തട്ടില്‍ നിരക്ഷരരെ കണ്ടുപിടിക്കുകയും അവരെ സാക്ഷരരാക്കുന്നതിനുള്ള പരിശീലകര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പതിനായിരക്കണക്കിന് കണ്ടെത്തുകയും ചെയ്തത്. പങ്കെടുത്തവരെയെല്ലാം അതുപോലെ ആവേശം കൊള്ളിച്ച പരിപാടിയും പ്രവര്‍ത്തനവും അപൂര്‍വമായേ കേരളത്തില്‍ ഉണ്ടായിട്ടുള്ളൂ. ജനങ്ങളെ ശരിക്കും ഉത്സുകരാക്കിയാല്‍ അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ പോലും അവരെ കൊണ്ട് നിഷ്പ്രയാസം ചെയ്യിക്കാനാകും എന്ന ഒരു പാഠം സാക്ഷരത ക്യാമ്പയിന്‍ എല്ലാവരെയും പഠിപ്പിച്ചു. സന്നദ്ധ പ്രവര്‍ത്തനത്തിന് പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ വിപുലമായ തോതില്‍ അണിനിരക്കും എന്നും അവരുടെ സംഘാടക ശേഷി വിസ്മയകരം ആണെന്നും അത് വെളിവാക്കി. 


 സംസ്ഥാനത്തിന്‍റെ  നാനാഭാഗങ്ങളില്‍ വിവിധ വിഭാഗം ജനങ്ങള്‍ പലതരത്തിലുള്ള പ്രയാസങ്ങള്‍ നേരിട്ടുകൊണ്ടിരുന്നു. മുതലാളിത്ത വളര്‍ച്ച അവരുടെ ജീവിതം കൂടുതല്‍ കൂടുതല്‍ ദുഷ്കരമാക്കി. കൃഷി പൊതുവില്‍ നാശോന്മുഖമായിരുന്നു. തൊഴിലില്ലായ്മ ചെറുപ്പക്കാര്‍ക്കിടയില്‍, പ്രത്യേകിച്ചും അഭ്യസ്തവിദ്യരായ വ്യക്തികള്‍ക്കിടയില്‍ വിപുലമായിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തണം, ആരോഗ്യ സേവനം കൂടുതല്‍ സാര്‍വത്രികവും മികവാര്‍ന്നതുമാക്കണം തുടങ്ങിയ അഭിപ്രായങ്ങള്‍ സാര്‍വത്രികമായി ഉയരാന്‍ തുടങ്ങിയ കാലത്താണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലാ കൗണ്‍സിലുകള്‍ തീരുമാനിച്ചത്. 1991 ആദ്യം തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു. നിലവില്‍ വന്ന ജില്ലാ കൗണ്‍സിലുകള്‍ മേല്‍പറഞ്ഞ  കാര്യങ്ങളില്‍ ഇടപെടാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചു. ഓരോ ജില്ലയിലും അതത്  കൗണ്‍സിലിന്‍റെ ഭാവനക്കൊത്ത പദ്ധതികളാണ് തയ്യാറാക്കപ്പെട്ടത്. അവ നടപ്പാക്കുന്നതിന് ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ഒപ്പം പ്രവര്‍ത്തിക്കുന്നതിന് അധ്യാപകര്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ പ്രേമികളായ നിരവധിപേര്‍ സന്നദ്ധ പ്രവര്‍ത്തകരായി വരികയും പല നിര്‍ദേശങ്ങളും മുന്നോട്ടുവക്കുകയുമുണ്ടായി. എന്നാല്‍ 1991 ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ വിജയം നേടി നിലവില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് നിയമാനുസൃതം രൂപീകരിച്ച ജില്ലാ കൗണ്‍സിലുകളെ  പിരിച്ചുവിട്ടു. അങ്ങനെ വിസ്മയകരമായ ആ അധികാര വികേന്ദ്രീകരണ പരിപാടി അവസാനിച്ചു. 
 ജില്ലാ കൗണ്‍സിലുകളുടെ പ്രവര്‍ത്തനം കുറച്ചു മാസങ്ങള്‍ മാത്രമേ നിലനിന്നുള്ളൂ എങ്കിലും, അത് നിരവധിപേര്‍ക്ക് പുതിയ ഒട്ടേറെ പ്രവര്‍ത്തനാനുഭവങ്ങള്‍ കാഴ്ചവച്ചു. കണ്ണൂര്‍ ജില്ലയിലെ വിദ്യാലയങ്ങളില്‍ രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്നുള്ള സംഘ (പിടിഎ)ത്തിനു പകരം അമ്മ - അധ്യാപക സംഘങ്ങള്‍ പരീക്ഷിക്കപ്പെട്ടു. വളരെ സജീവമായിരുന്നു അവയുടെ പ്രവര്‍ത്തനം. ഇത്തരത്തില്‍ നിരവധി പുതിയ പരീക്ഷണങ്ങളും പ്രവര്‍ത്തന കൂട്ടായ്മകളും അവയ്ക്ക് പുതിയ പ്രവര്‍ത്തന പരിപാടികളും ഉണ്ടായി. ഭരണ പ്രവര്‍ത്തനം ഏതാനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂടിയുള്ള ഭരണനിര്‍വഹണ രീതിയില്‍ നിന്ന് ഓരോ പ്രദേശത്തെ ജനങ്ങളുടെ പ്രശ്നപരിഹാരത്തിനും ആവശ്യ നിര്‍വഹണത്തിനും മറ്റും അവരുടെ കൂടി സജീവ പങ്കാളിത്തമുള്ള ബഹുമുഖമായ പരിപാടിയായി അതിന് വികസന സാധ്യത ഉണ്ടെന്ന് തെളിഞ്ഞു. 


ജില്ലാ കൗണ്‍സിലുകള്‍ പിരിച്ചുവിടപ്പെട്ടെങ്കിലും, കുറഞ്ഞ കാലത്തെ അവരുടെ പ്രവര്‍ത്തനം ജനമനസ്സുകളില്‍ ഒരു സുന്ദര സ്വപ്നം പോലെ പച്ച പിടിച്ചു നിന്നു. ഔപചാരികവും ഉദ്യോഗസ്ഥമേധാവിത്വപരവുമായ ഭരണശൈലിക്കുപകരം ജനപ്രതിനിധികള്‍ അടങ്ങുന്ന സംവിധാനത്തിനും സന്നദ്ധ പ്രവര്‍ത്തകരുടെ സഹായസഹകരണങ്ങളോടെ  പലതും ചെയ്യാന്‍ അത് അവസരമൊരുക്കി. കേരളത്തില്‍ സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് പല അനൗപചാരിക പരീക്ഷണങ്ങളും മുന്‍കൈകളും അതിനെ തുടര്‍ന്ന് നടന്നു. കേരളത്തില്‍ അനൗപചാരിക സ്കൂള്‍ വിദ്യാഭ്യാസത്തിന് അക്കാലത്തെ ഈ പരീക്ഷണങ്ങള്‍ പല സംഭാവനകളും ചെയ്തു. 
 പല പരിമിതികള്‍ കൊണ്ട് വികലമാക്കപ്പെട്ടെങ്കിലും കേരളത്തില്‍ നടപ്പിലാക്കപ്പെട്ട ഭൂപരിഷ്കരണം, കുടികിടപ്പുകാര്‍ക്ക് 10 സെന്‍റ് വീതം ഭൂമി, സൗജന്യവും സാര്‍വത്രികവുമാക്കപ്പെട്ട പൊതുവിദ്യാഭ്യാസം എന്നിവ നേരത്തേ നടന്ന നവോത്ഥാനത്തിന്‍റെ തുടര്‍ച്ചയായി മാറി. ജാതി മത പാര്‍ടികള്‍ രൂപീകരിച്ച് പണ്ടെന്നപോലെ സമൂഹത്തെ പല തട്ടുകളില്‍ ആക്കാനുള്ള സ്ഥാപിത താല്‍പര്യക്കാരുടെ നീക്കങ്ങള്‍ വിജയിച്ചില്ല. സമൂഹത്തില്‍ ഒരു ചെറു ന്യൂനപക്ഷത്തെ സമ്പന്നരും മഹാ ഭൂരിപക്ഷത്തെ ദരിദ്രരുമാക്കി വിഭജിക്കുന്ന മുതലാളിത്ത പ്രക്രിയ  തുടര്‍ന്നെങ്കിലും, ആ പ്രവണതയെ ചെറുത്ത്  കൊണ്ട് എല്ലാ വിഭാഗം ജനങ്ങളെയും സമൂഹ വികസനപ്രക്രിയയില്‍ പങ്കാളികളാക്കാനുള്ള ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ മുന്‍കൈകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. 
 ഈ പശ്ചാത്തലത്തിലാണ് 73, 74 ഭരണഘടനാ ഭേദഗതികള്‍ പാസാകുന്നതും സംസ്ഥാനത്തെ പഞ്ചായത്ത് മുനിസിപ്പല്‍ നിയമങ്ങള്‍ അവയനുസരിച്ച് ഭേദഗതി ചെയ്യപ്പെടുന്നതും 1995 ഒക്ടോബറില്‍ പുതിയ തദ്ദേശ ഭരണസമിതികള്‍ നിലവില്‍ വരുന്നതും. തൊട്ടുപിന്നാലെ 1996 മെയ് മാസത്തില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു മന്ത്രിസഭ രൂപീകരിച്ചു. കൂടുതല്‍ അധികാരങ്ങള്‍ ലഭിച്ച തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് സംസ്ഥാന വാര്‍ഷിക പദ്ധതിയുടെ 30 ശതമാനം വരുന്ന തുക വികസന പ്രവര്‍ത്തനങ്ങള്‍ സ്വയം ചെയ്യാനായി കൈമാറാന്‍ മന്ത്രിസഭ തീരുമാനിച്ചു. അതോടെയാണ് ജനകീയാസൂത്രണത്തിന്‍റെ  ആരംഭം.
 ഇപ്പോള്‍ ഓരോ ഗ്രാമപഞ്ചായത്തിനും കോടിക്കണക്കിനു രൂപ പ്രതിവര്‍ഷം ലഭിക്കുന്നു. എന്നാല്‍, അക്കാലത്ത് ഏതാനും ലക്ഷങ്ങളാണ് ലഭിച്ചിരുന്നത്. പക്ഷേ, അന്ന് അത് വലിയ സംഖ്യയായിരുന്നു; ഒരു പുതിയ അനുഭവമായിരുന്നു. സര്‍ക്കാര്‍ വ്യവസ്ഥ നിശ്ചയിക്കും.  കൃഷി, വ്യവസായം എന്നിവയ്ക്ക് എത്ര ചെലവാക്കണം, എത്ര സേവനമേഖലയ്ക്ക്, എത്ര റോഡ് പോലെയുള്ള നിര്‍മ്മാണങ്ങള്‍ക്ക് എന്നെല്ലാം. റോഡിനായിരുന്നു ജനങ്ങളില്‍ നിന്ന് ഏറ്റവും വലിയ ഡിമാന്‍ഡ്. കാരണം അവരുടെ കാല്‍നടയാത്ര പോലും മഴക്കാലത്തും മറ്റും അസാധ്യമായ പല ഇട (വെട്ടു) വഴികള്‍ ഉണ്ടായിരുന്നു മിക്ക ജില്ലകളിലും; നഗരത്തില്‍ പോലും.
 അനുവദിക്കപ്പെട്ട പണത്തേക്കാള്‍ ജനശ്രദ്ധ ആകര്‍ഷിച്ചത് പഞ്ചായത്ത് പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് ജനകീയ സമിതികളും വിദഗ്ധ സമിതികളും രൂപീകരിച്ചതും വലിയ ആവേശത്തോടെ അവയില്‍ ആളുകള്‍ പങ്കെടുത്തതും ആയിരുന്നു. ഓരോ പഞ്ചായത്തിലും അതിലെ പല വാര്‍ഡുകളിലും  ജനങ്ങളുടെ ചിരകാല സ്വപ്നങ്ങളായ പദ്ധതികള്‍ ചര്‍ച്ചാവിഷയമായി. എല്ലാം ഒറ്റയടിക്ക് നടപ്പാക്കാന്‍ ആവില്ല എന്ന് അവര്‍ തിരിച്ചറിഞ്ഞു. മുന്‍ഗണനകള്‍ നിശ്ചയിക്കപ്പെട്ടു, ചില സന്ദര്‍ഭങ്ങളില്‍ പലരുടെയും വിമ്മിട്ടത്തോടെയും പ്രതിഷേധത്തോടെയും  പലേടങ്ങളിലും പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ,  പ്രദേശങ്ങളുടെ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കപ്പെട്ടു; നല്‍കാത്ത അനുഭവങ്ങളും കുറവായിരുന്നില്ല.


 റോഡിനു, വിദ്യാലയത്തിന്, അതുപോലുള്ള പൊതു ആവശ്യങ്ങള്‍ക്കും സ്വന്തം ഭൂമി വിട്ടു കൊടുക്കുന്ന പതിവ് (കൊടുക്കാതിരിക്കുന്ന പതിവും) നേരത്തെ ഉണ്ടായിരുന്നു. മുമ്പ് അത്തരം പദ്ധതികള്‍ക്ക് ഒരിഞ്ച് ഭൂമിപോലും നല്‍കാതെ വഴിമുടക്കി നിന്ന പലരും ജനകീയ ആസൂത്രണം ആര്‍ജിച്ച ജനകീയാവേശത്തിന്‍റെ കുത്തൊഴുക്കില്‍ വഴങ്ങുന്ന കാഴ്ച കണ്ടു. പല പാടശേഖരങ്ങളിലും ജലസേചന നിര്‍ഗമന നിര്‍മ്മാണങ്ങള്‍ക്കായി ഭൂവുടമകള്‍ എല്ലാവരും പൂര്‍ണ്ണമനസ്സോടെ സമ്മതിക്കുന്നതും വലിയ ജനപങ്കാളിത്തത്തോടെ  നടപ്പാക്കപ്പെടുന്നതുമായ അനുഭവങ്ങള്‍ പല ജില്ലകളിലെയും പഞ്ചായത്തുകളില്‍ ഉണ്ടായി. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പല രാഷ്ട്രീയ സാമൂഹ്യ നേതാക്കളുടെ സജീവ സാന്നിധ്യവും പങ്കാളിത്തവും അവര്‍ക്ക് ആവേശവും ഊക്കും കൂട്ടി.


 ഒരു വര്‍ഷം ഒന്നര ഒന്നേമുക്കാല്‍ ലക്ഷം പദ്ധതികള്‍ ത്രിതല പഞ്ചായത്തുകളും നഗരസഭകളും കൂടി നിര്‍ദ്ദേശിക്കുന്ന സ്ഥിതി ഏതാനും വര്‍ഷങ്ങള്‍ക്കകം ഉണ്ടായി, ആദ്യവര്‍ഷങ്ങളില്‍ അത്ര തന്നെ ഉണ്ടായിരുന്നില്ല. ഗ്രാമപഞ്ചായത്തുകളില്‍ ഇത്തരം പദ്ധതി രേഖകള്‍ സാങ്കേതിക വിവരങ്ങളോടെ നിശ്ചിതരൂപത്തില്‍ തയ്യാറാക്കുന്നതിന് സാങ്കേതിക സഹായി പോലും ഉണ്ടായിരുന്നില്ല. ഓരോ പദ്ധതി രേഖയും സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുന്നതിനു അതത് മേഖലയിലെ ബിരുദധാരിയായ വിദഗ്ധ ഉദ്യോഗസ്ഥന്‍റെ കയ്യൊപ്പ് നേടിയിരുന്നു. അദ്ദേഹം അതിന്‍റെ സാങ്കേതിക സാധുത ഉറപ്പുനല്‍കുന്നു എന്നാണ് ആ ഒപ്പിന്‍റെ അര്‍ത്ഥം. കൂടുതല്‍ പദ്ധതികളും എന്‍ജിനീയറിങ് മേഖലയില്‍ ഉള്ളതായിരുന്നു. പല പഞ്ചായത്തുകളിലും എന്‍ജിനീയര്‍ പോയിട്ട് സാങ്കേതിക സഹായി പോലുമുണ്ടായിരുന്നില്ല. മറ്റ് മിക്ക വകുപ്പുകളുമായി ബന്ധപ്പെട്ടും ഇതായിരുന്നു സ്ഥിതി. 


 ഈ പശ്ചാത്തലത്തിലായിരുന്നു പല വകുപ്പുകളില്‍ നിന്നുമായി തദ്ദേശഭരണ വകുപ്പിലേക്ക് കുറെ തസ്തികകള്‍  മാറ്റാന്‍ ഒരു സര്‍ക്കാര്‍ നിയമിത സമിതി നിര്‍ദേശിച്ചത്. അതിനെ ഉദ്യോഗസ്ഥ സംഘടനകളിലും രാഷ്ട്രീയ നേതാക്കളിലുംപെട്ട പലരും എതിര്‍ത്തു. ആ പശ്ചാത്തലത്തിലാണ് സംസ്ഥാന ജില്ലാ തലങ്ങളില്‍ സാങ്കേതിക ശാസ്ത്രസംഘം ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടത്. അധികാര വികേന്ദ്രീകരണം പൊതുവില്‍ അംഗീകരിക്കപ്പെട്ടെങ്കിലും, അതിനെ ലോകബാങ്ക് പ്രേരിത ആശയവും പ്രവര്‍ത്തനവുമായി വ്യാഖ്യാനിക്കാന്‍ ഒരു വിഭാഗം സാമൂഹ്യ രാഷ്ട്രീയ സാങ്കേതിക പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. ഇന്ന്, രണ്ടര പതിറ്റാണ്ടിന് ശേഷം, അത്തരം എതിര്‍പ്പുകളുടെ നിരര്‍ഥകത സ്പഷ്ടമാണെങ്കിലും, ഏത് മാറ്റത്തെയും എതിര്‍ക്കുന്നവരുടെ പ്രതിനിധികള്‍ എന്ന നിലയില്‍ അവര്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്നു. അത്തരക്കാരുടെ ഈ കാലഘട്ടത്തിലെ പ്രതിനിധികള്‍ ആണല്ലോ പ്രതിപക്ഷ നേതാവിനെ പോലെയുള്ളവര്‍.


 50 ആണ്ട് കഴിഞ്ഞ സ്വാതന്ത്ര്യലബ്ധി നവഉദാരവല്‍ക്കരണത്തിന്‍റെ രൂപത്തിലുള്ള നവകോളനി വല്‍ക്കരണത്തിലേക്ക് വഴുതി വീഴുമ്പോഴായിരുന്നു, അധികാര വികേന്ദ്രീകരണ പ്രവര്‍ത്തനങ്ങളിലൂടെ സ്വാശ്രയത്വത്തെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പിന്നാക്ക പ്രദേശങ്ങളുടെയും സമഗ്ര പുരോഗതിയെയും പ്രതിരോധിക്കാനും മുന്നോട്ടു നീക്കാനുമുള്ള പ്രസ്ഥാനം അതായത് രണ്ടാം സ്വാതന്ത്ര്യസമര പ്രസ്ഥാനം പോലെ ഉയര്‍ന്നുവന്നത്. വാസ്തവത്തില്‍ അതായിരുന്നു സമ്പന്നര്‍ക്കും സാമ്രാജ്യത്വത്തിനും മുന്നില്‍ സമൂഹത്തിന്‍റെ സ്വാതന്ത്ര്യവും ജനാധിപത്യവും ഐക്യവും സമത്വ സഹോദര്യങ്ങളും നീതിയും അടിയറ വയ്ക്കാന്‍ ഉള്ള നിക്ഷിപ്ത താല്‍പര്യ നീക്കത്തെ ചെറുത്തത്. നവഉദാരവല്‍ക്കരണ വാഴ്ചയ്ക്കുകീഴില്‍ അസ്വാതന്ത്ര്യവും അസമത്വവും അക്രമവും അശാസ്ത്രീയതയും ആഘോഷപൂര്‍വ്വം പുതിയ ഉയരങ്ങളിലേക്ക് ആനിയ്ക്കപ്പെടുബോള്‍,   ആ നീക്കത്തിനെതിരെ എല്ലാ സ്വാതന്ത്ര്യ സമത്വനീതി കാംക്ഷികളെയും പ്രതിരോധിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും അധികാരവികേന്ദ്രീകരണം പ്രതിരോധിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന ശക്തികളാണ്. നിപ, കോവിഡുകള്‍ക്കെതിരായ ചെറുത്തുനില്‍പ്പില്‍ കേരളം കാണിച്ചതും കാണിച്ചു കൊണ്ടിരിക്കുന്നതുമായ ബദല്‍ പ്രവര്‍ത്തനങ്ങളില്‍ ഈ ശക്തികളെ തെളിഞ്ഞുകാണാം. ആരോഗ്യ  ഭരണ ക്രമസമാധാനാദി വകുപ്പുകള്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. അവിടങ്ങളില്‍ ഇല്ലാത്തത് പ്രാദേശിക സര്‍ക്കാരുകളുടെ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ത്രിതല വലക്കണ്ണികളാണ്. അവയുടെ മേല്‍നോട്ടത്തിന് കീഴിലുള്ള നിതാന്ത ജാഗ്രതയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സംസ്ഥാനതല പ്രവര്‍ത്തനങ്ങളെ അസ്ന്ദിഗ്ധ വിജയങ്ങള്‍ ആക്കുന്നത്. ഈ ത്രിതല വലക്കണ്ണികള്‍ രൂപപ്പെട്ടതും ശക്തിപ്പെട്ടതും  ജനകീയ ആസൂത്രണത്തിലൂടെ ആയിരുന്നു.


 ഈ സംവിധാനം കഴിഞ്ഞ 25 വര്‍ഷമായി ഏകതാനമായി പ്രവര്‍ത്തിക്കുക ആയിരുന്നില്ല. ഇടയ്ക്കിടെ നിലവില്‍ വന്ന യുഡിഎഫില്‍ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ബോധപൂര്‍വം, നിര്‍ബന്ധപൂര്‍വം അതിനുമുമ്പ് വളര്‍ത്തി വികസിപ്പിച്ച വികേന്ദ്രീകൃത ആസൂത്രണ പ്രവര്‍ത്തനങ്ങളെ തച്ചുടയ്ക്കാനും അധികാരം വകുപ്പ് തലത്തില്‍ കേന്ദ്രീകരിക്കാനും ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനശൈലിയെയും പദ്ധതികളെയും എതിര്‍ക്കുകയും തകര്‍ക്കുകയും മാത്രമായിരുന്നില്ല അവര്‍ ചെയ്തത്. ഓരോ പ്രദേശത്തെ ജനങ്ങള്‍,  മിക്കപ്പോഴും പലതരത്തില്‍ അനുകരിക്കപ്പെട്ട വിഭാഗങ്ങള്‍,  വളര്‍ത്തിക്കൊണ്ടുവന്ന പരിപാടികളെ ആയിരുന്നു അവര്‍ തച്ചുടച്ചത്. ശ്രീനാരായണ ഗുരു' ഈഴവ ശിവനെ' പ്രതിഷ്ഠിച്ചതു പോലെയായിരുന്നു പല പ്രദേശങ്ങളിലും ജനകീയാസൂത്രണ പദ്ധതികള്‍. ഓരോ പ്രദേശവാസികളുടെ ചിരകാലാഭിലാഷം നിറവേറ്റാന്‍ കൊണ്ടുവന്നതായിരുന്നു അവ. അവ തകര്‍ത്ത് പകരം വേറെ പദ്ധതികള്‍ തുടങ്ങുന്നത് 'ഈഴവ ശിവനെ തകര്‍ത്തു വേറൊരു ശിവനെ പ്രതിഷ്ഠിക്കുന്നതിന്' സമമായിരുന്നു. ഇത്തരത്തിലുള്ള പല ഇടപെടലുകളും മാറി മാറി വരുന്ന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ നടന്നിരുന്നു. ഈ അവസരത്തില്‍ അധികാര വികേന്ദ്രീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അത് തിരിച്ചടിയായി ഭവിച്ച് അവയെ  മന്ദീഭവിപ്പിച്ചു എന്ന് പറയാതെ വയ്യ. അതിലും ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ഉള്ള  ഇടപെടല്‍ മുതല്‍ കിലയിലെ പലതരം,  പല നിലവാരങ്ങളിലുള്ള ഇടപെടലുകള്‍ വരെ പെടും. അതൊക്കെ അധികാര വികേന്ദ്രീകരണത്തിന്‍റെ ദിശാ ബോധത്തെ, ആവേശത്തെ,  മുന്‍കൈകളെ തളര്‍ത്താനും കെടുത്താനും എത്രമാത്രം കാരണമായി എന്ന് തിട്ടപ്പെടുത്തേണ്ടതാണ്, ഭാവിയില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍.


 എത്രയൊക്കെ അടിച്ചമര്‍ത്തപ്പെട്ടാലും, പിന്തള്ളപ്പെട്ടാലും, മനുഷ്യരുടെ ഇച്ഛാശക്തി പ്രത്യേകിച്ചു സാമൂഹ്യ സമ്മര്‍ദ്ദങ്ങളില്‍ പ്രേരിതമായവ വീണ്ടും വീണ്ടും തല ഉയര്‍ത്തി മുന്നോട്ടുവരും. കേരളത്തിന്‍റെ സമൂഹ വികാസത്തിന്‍റെ ഒരു ധാരയാണ്  പ്രാദേശിക വികസനത്വര. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട സമൂഹ വിഭാഗങ്ങളുടെ, പ്രദേശവാസികളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ആണ് അതിന്‍റെ പ്രേരകശക്തി. രാജ്യത്ത് സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും സാമൂഹ്യനീതിയും ഉറപ്പുനല്‍കപ്പെട്ട പശ്ചാത്തലത്തില്‍ പ്രാദേശിക വികസന മോഹം ഉയര്‍ന്നു വരികതന്നെ ചെയ്യും. കഴിഞ്ഞ നൂറ്റാണ്ടിലെ നവോത്ഥാനം അതിനു ഊക്കും ഊര്‍ജ്ജവും നല്‍കി. അതിന്‍റെ തള്ളിക്കയറ്റമാണ് പ്രാദേശിക ആസൂത്രണത്തിലും പ്രാദേശിക വികസനത്തിലും  പ്രതിഫലിച്ചത്. അതിന്‍റെ പ്രഭവ ശക്തി ചിലര്‍ പറഞ്ഞുപരത്തുന്നത് പോലെ ലോകബാങ്കോ സാമ്രാജ്യത്വമോ ആയിരുന്നില്ല, സ്വാതന്ത്ര്യ പ്രാപ്തിയുടെ അടുത്ത ഘട്ടമായിരുന്നു, സാമൂഹ്യ വികസനത്തിന്‍റെ അടരുകളായിരുന്നു. അവയെ വേരോടെ പിഴുതെറിയാനാണ്  മോഡി സര്‍ക്കാരിന്‍റെ നീക്കങ്ങള്‍. 


 വികേന്ദ്രീകൃത ആസൂത്രണത്തിന്‍റെ രജത ജൂബിലി ആഘോഷിക്കുമ്പോള്‍ ഇതെല്ലാം തിരിച്ചറിയേണ്ടതുണ്ട്. പ്രത്യേകിച്ച്, സമൂഹ പ്രവര്‍ത്തനങ്ങളെ ആകെ സങ്കുചിത ദേശീയവാദത്തിന്‍റെയും മതതീവ്രവാദത്തിന്‍റെയും കോര്‍പ്പറേറ്റ് പ്രീണനത്തിന്‍റെയും അടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ രാജ്യത്തും അന്താരാഷ്ട്ര തലത്തിലും ഊര്‍ജിതമാക്കപ്പെട്ടിരിക്കുന്നു, ഈ കോവിഡ് ആക്രമണ വേളയില്‍. അത്തരം ശക്തികളുടെയെല്ലാം സംഘടിത നീക്കം പ്രാദേശിക ജനവിഭാഗങ്ങളുടെ ഉയര്‍ച്ചയെയും അഭിലാഷ പൂര്‍ത്തീകരണത്തെയും അടിച്ചമര്‍ത്താനാണ്; മുതലാളിത്തത്തിന്‍റെ സാര്‍വത്രിക വികസന നീക്കത്തിലേക്ക് അവയെ ഒടിച്ചു മടക്കാനാണ്. അവയെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്.


 അതേസമയം കാല്‍നൂറ്റാണ്ട് മുമ്പ് ജനകീയാസൂത്രണത്തിന്‍റെ ആരംഭവേളയില്‍ ഉന്നയിച്ച മുദ്രാവാക്യങ്ങളില്‍ ആവിഷ്കരിക്കപ്പെട്ട ലക്ഷ്യങ്ങളിലും ശൈലികളിലും മറ്റും തടവിലാക്കപ്പെടരുത്. കേരളത്തിലെ സമൂഹത്തില്‍ മാറ്റം വന്നു കൊണ്ടിരിക്കുകയാണ്. അവരില്‍ മൂന്നിലൊന്ന് ഈ കാലയളവില്‍ ജനിച്ചുവളര്‍ന്നവരാണ്. രാജ്യത്തും ലോകത്താകെയും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ വിശേഷിച്ചും ശാസ്ത്ര സാങ്കേതിക മേഖലയിലും ആസ്വാദന മേഖലയിലും അവയുടെ ആവശ്യങ്ങളിലും കാഴ്ചപ്പാടിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. അതനുസരിച്ചുള്ള മാറ്റങ്ങള്‍, പ്രകൃതിസംരക്ഷണത്തിന് നല്‍കപ്പെടേണ്ട വര്‍ദ്ധിച്ച ഊന്നലിന്‍റെ അടിസ്ഥാനത്തിലുള്ള മാറ്റങ്ങളെല്ലാം ജനകീയ ആസൂത്രണത്തിന് അലകിലും പിടിയിലും ആവശ്യമാണ്. മാറ്റമില്ലാത്തത് ജനകീയ ആസൂത്രണം തുടരണം എന്ന ലക്ഷ്യത്തില്‍ മാത്രം. അതൊക്കെ വിശദമായി ചര്‍ച്ച ചെയ്തു അംഗീകരിക്കേണ്ടതാണ്.
 ഏതുതരം പ്രവര്‍ത്തനവും മനുഷ്യര്‍ ആരംഭിച്ചത് ഒരു ആവശ്യം നിര്‍വഹിക്കാനാണ്. അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അവ അതിനെ നിലനിര്‍ത്തുകയോ ഭേദഗതി ചെയ്യുകയ്യോ ഉപേക്ഷിക്കുകയോ ചെയ്യും. മറ്റു ജന്തുക്കളെപ്പോലെ വിശപ്പു തോന്നുമ്പോള്‍ ഇരപിടിച്ച് പശിയടക്കുകയായിരുന്നു മനുഷ്യനും  പതിവ്. എന്നാല്‍, ആവശ്യമുള്ളപ്പോള്‍ വേണ്ടത് എടുത്താല്‍ മതി എന്ന അടിസ്ഥാനത്തില്‍ മൃഗങ്ങളെയും വൃക്ഷലതാദികളെയും  മെരുക്കി വളര്‍ത്താന്‍ തുടങ്ങി. അങ്ങനെ ശീലം മാറ്റി. സമയം അറിയാന്‍ പകല്‍ സൂര്യനെയും രാത്രി നക്ഷത്രങ്ങളെയും നോക്കി കണക്കാക്കുന്ന പതിവ് ഒരു കാലത്ത് മനുഷ്യന്‍ ആരംഭിച്ചു. ക്ലോക്ക്, വാച്ച് എന്നിവ നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെ ആ പതിവ് മാറി. ഒരു കാലം വരെ മനുഷ്യനു വേണ്ടാത്ത വസ്തുക്കള്‍ തുറസ്സായ സ്ഥലത്ത് കിടന്നു ജീര്‍ണ്ണിച്ചു നശിച്ചു പോകുകയാണ് പതിവ്. തീ നിയന്ത്രണവിധേയമായപ്പോള്‍ ഒരു ഘട്ടത്തില്‍ ആവശ്യമില്ലാത്തവസ്തുക്കളുടെ പച്ചക്ക് തീയിട്ട് നശിപ്പിച്ചു. എന്നാല്‍ പലതും തീയിടുന്നത് തനിക്കും പ്രകൃതിക്കും ആപത്താണെന്ന് കണ്ടപ്പോള്‍ അതില്‍ വിവേചനം വരുത്തി. അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ ചുറ്റുപാടും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്ന ജീവിയാണ് മനുഷ്യന്‍. 
അധികാര വികേന്ദ്രീകരണം നടപ്പാക്കുന്നതിന് ആവിഷ്കരിച്ച ജനകീയ ആസൂത്രണത്തിലും ഇത്തരത്തില്‍ കാലദേശോചിതങ്ങളായ മാറ്റം ആവശ്യമാണ്. നമുക്ക് 1956 നവംബര്‍ ഒന്നിന് പൈതൃകമായി (അതോ മാതൃകമോ?) ലഭിച്ച കേരളത്തെ അന്നത്തെ നിലയില്‍ നിലനിര്‍ത്താന്‍ അല്ല ഒരു തലമുറയും ശ്രമിച്ചത്. കാലോചിതമായ മാറ്റങ്ങള്‍ വരുത്താനാണ്. അതിന്‍റെ ഭാഗമായാണ് അധികാര വികേന്ദ്രീകരണം/ ജനകീയ ആസൂത്രണം ഉയര്‍ന്നുവന്നത്. ഒരുകാലത്ത് നടപ്പാക്കിയ ഓരോ പ്രവൃത്തികളെയും ആചാരമായി നിലനിര്‍ത്തുന്ന പതിവ്  മനുഷ്യര്‍ക്കുണ്ട്. ചട്ടങ്ങള്‍ ആയാലും, ആചാരങ്ങള്‍ ആയാലും, കാലോചിതമായി മാറ്റണം. അല്ലെങ്കില്‍ ആശാന്‍ പറഞ്ഞതുപോലെ, ' മാറ്റുമതുകളീ  നിങ്ങളെത്താന്‍'.


 അധികാരവികേന്ദ്രീകരണം ആരംഭിച്ചത് ഓരോ പ്രദേശത്തെയും തനത് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍  ആയിരുന്നു. ആ അര്‍ത്ഥത്തില്‍ കാലോചിതമായ മാറ്റങ്ങളോടെ  ജനകീയ ആസൂത്രണം ഇനിയും തുടരേണ്ടതുണ്ട്.


 ഇന്ത്യയിലാകെ ആസൂത്രണം നടന്ന കാലത്തായിരുന്നു അധികാര സോപാനത്തിലെ ഏറ്റവും താഴേ ത്തട്ടിലേക്ക് ആസൂത്രണത്തെ വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനമാരംഭിച്ചത്. അതുവഴി നിന്ദിതരും പീഡിതരും അവഗണിക്കപ്പെടുന്നവരുമായ ജനങ്ങള്‍ക്ക് മറ്റുള്ളവര്‍ക്ക് ഉള്ളതുപോലെ വീട്,  വിദ്യാഭ്യാസം,  ആരോഗ്യരക്ഷ,  തൊഴില്‍,  വിനോദം മുതലായവ ഉറപ്പു നല്‍കാനായി അവരുടെ അദ്ധ്വാനശേഷിയെ പൊതുസമൂഹത്തിനു പ്രയോജനപ്പെടുത്താനുള്ള പദ്ധതികളാണ് അതിന്‍റെ ഭാഗമായി വികസിപ്പിച്ചതും വികസിപ്പിച്ചു കൊണ്ടിരിക്കുന്നതും. മറ്റു പല സംസ്ഥാനങ്ങളിലും മേല്‍പ്പറഞ്ഞ ജനങ്ങള്‍ തൊഴിലും ഉപജീവനവും തേടി നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്ദങ്ങള്‍ക്കും മുന്‍പ്  നമ്മുടെ പൂര്‍വികരെ പോലെ നാടുനീളെ തെണ്ടാന്‍  വിധിക്കപ്പെട്ടവരാണ് ഇന്നും. അതിന് ഉത്തമ ഉദാഹരണമാണല്ലോ അന്യസംസ്ഥാന തൊഴിലാളികള്‍.


 എന്നാല്‍ സമൂഹത്തിന്‍റെ മൊത്തം പങ്കാളിത്തത്തോടെ ഇത്തരത്തില്‍ സാമൂഹ്യമായ അവശത അനുഭവിക്കുന്നവരെ മറ്റുള്ള ജനങ്ങളുടെ നിലവാരത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കേരളം ആവിഷ്കരിച്ച പദ്ധതിയാണ് ജനകീയാസൂത്രണം. അവര്‍ മാത്രമല്ല അതിന്‍റെ ഗുണഭോക്താക്കള്‍. ഓരോരോ തരത്തില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും അതിന്‍റെ പ്രയോജനം ലഭിക്കുന്നു. ഈ ജനങ്ങള്‍ക്ക് കൂടി ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം മുതലായവ ഉറപ്പുവരുത്തുന്നതിന്‍റെ ഫലമായി ഈ മേഖലകളിലെല്ലാം പുതിയ തൊഴിലവസരങ്ങള്‍ വളരുന്നു. അതായത്, ജനകീയ ആസൂത്രണം അതിദരിദ്രര്‍ക്കായുള്ള  ധര്‍മ്മക്കഞ്ഞി വിതരണമല്ല. മറിച്ച്, ആധുനികമായ വികസന പ്രക്രിയ പുതിയ സമൂഹവിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കലാണ്. അത്തരത്തിലുള്ള സ്ഥൂല വികസനതലം ഈ  സൂക്ഷ്മ വികസന പ്രക്രിയയ്ക്കുണ്ട്.  


കേരളത്തിന്‍റെ ഒരു പ്രത്യേകത - മറ്റ് സംസ്ഥാനങ്ങള്‍ക്ക് തീരെ ഇല്ലെന്നല്ല - അതിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും നാനാ മേഖലകളില്‍ പ്രവര്‍ത്തനാനുഭവങ്ങളുള്ള 'സീനിയര്‍ സിറ്റിസണ്‍സ് ' ഉണ്ട് എന്നതാണ്. ഏതു വികസന പ്രക്രിയയ്ക്കും വഴികാട്ടികളും താങ്ങും തണലുമായി ഉണ്ടാകേണ്ട ബഹുമുഖ വൈദഗ്ദ്ധ്യത്തിന്‍റെ കലവറയാണ് ആ വിഭാഗം. വികസന പ്രക്രിയയുടെ അനൗപചാരിക വഴികാട്ടികളായി അവരുടെ അനുഭവ മികവുകളെ പ്രയോജനപ്പെടുത്തുന്നതിന് കഴിയണം. കഴിഞ്ഞകാലത്ത് അക്കാര്യത്തില്‍ അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങള്‍ ജനകീയാസൂത്രണ വിരുദ്ധര്‍ ഉന്നയിച്ചിരുന്നു. അത്തരം വൈതരണികളെ ഫലപ്രദമായി മറികടക്കേണ്ടത് ജനകീയ ആസൂത്രണ വിജയത്തിന് ആവശ്യമാണ്. 


 കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയവും ഭീതിപ്പെടുത്തുന്ന മലയിടിച്ചിലും പ്രകൃതി നമുക്ക് തന്ന താക്കീതുകള്‍ ആണ്. കഴിഞ്ഞ നാലഞ്ച് നൂറ്റാണ്ടുകളായി മാനവരാശി വരുത്തിയ പ്രകൃതിനാശം ഭീകരമാണ്. അതിനെ പ്രാദേശിക പ്രതിഭാസമായല്ല വീക്ഷിക്കേണ്ടത്. ഇതില്‍ പ്രാദേശികമായ എന്ത് പ്രകൃതിനാശവും വരുത്തി വയ്ക്കാമെന്നല്ല. ഐസക് ന്യൂട്ടണ്‍ മൂന്നാം ചലന നിയമം പറയുന്നത് 'ഏതൊരു പ്രവര്‍ത്തനത്തിനും തുല്യമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ട്' എന്നാണ്. മനുഷ്യര്‍ പ്രകൃതിക്കുമേല്‍ നടത്തുന്ന ആഘാതത്തിന് പ്രകൃതി തിരിച്ചടിക്കും എന്ന് അര്‍ത്ഥം. ഒരു പ്രകൃതിനിയമം എന്ന നിലയില്‍ എംഗല്‍സ്  ഇക്കാര്യം 'വാനരനില്‍ നിന്ന് നരനിലേക്കുള്ള പരിവര്‍ത്തനത്തില്‍ അധ്വാനം വഹിച്ച പങ്ക്'എന്ന ലേഖനത്തില്‍ ഇക്കാര്യം എടുത്തുപറയുന്നു. നാം നേരിടുന്ന ഓരോ പ്രകൃതിദുരന്തത്തെയും ഇത്തരത്തില്‍ കാണേണ്ടതുണ്ട.് അത് നല്‍കുന്ന പാഠം ജനകീയാസൂത്രണ പദ്ധതികള്‍ കാലോചിതമായ പരിഷ്കാരങ്ങളോടെ ആവിഷ്കരിച്ചു നടപ്പാക്കേണ്ടതുണ്ട് എന്നാണ്. 


 ഈ പുതിയ പ്രകൃതി മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ നവകേരള നിര്‍മ്മിതി ലക്ഷ്യമായി പ്രഖ്യാപിച്ച് അതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണല്ലോ. സ്വാഭാവികമായി ഇനിയങ്ങോട്ടുള്ള ജനകീയ ആസൂത്രണത്തെ സംസ്ഥാനത്തിന്‍റെ ഈ മാറിയ കാഴ്ചപ്പാടിലൂടെ ബന്ധിപ്പിക്കേണ്ടതുണ്ട്. അതിന്‍റെ ഭാഗമായി പുതിയ ശാസ്ത്രസാങ്കേതിക അറിവുകളെ ജനകീയ ആസൂത്രണവുമായി എത്രത്തോളം ഏതെല്ലാം രീതിയില്‍ സമന്വയിപ്പിക്കാം എന്ന ആലോചനയും ആവശ്യമാണ്. 


 ജനകീയ ആസൂത്രണം ആരംഭിച്ചത് നവ ഉദാരവല്‍ക്കരണം സംസ്ഥാനത്തേക്ക് കടന്നു കയറാന്‍ തുടങ്ങിയ കാലത്താണ്. ഇപ്പോള്‍ മനുവാദികള്‍  രാജ്യത്തെ ആകമാനം വര്‍ഗീയ വിവേചനത്തിലേക്കും സങ്കുചിത രാഷ്ട്രവാദത്തിലേക്കും അവയുടെ അകമ്പടിയോടെയുള്ള അമിതാധികാര വാഴ്ചയിലേക്കും കൊണ്ടുപോകാനുള്ള നീക്കത്തിലാണ്. ഇത്തരം സങ്കുചിത നീക്കങ്ങള്‍ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തേണ്ടത്  ജനകീയ ആസൂത്രണ ശക്തികളുടെ ലക്ഷ്യമായിരിക്കണം.