ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും ലോക്ക്ഡൗണില്‍

ഡോ.ജെ.പ്രഭാഷ്

ജനാധിപത്യത്തിന്‍റെ പേരില്‍ വളരെ വിചിത്രമായ കാര്യങ്ങളാണ് ലോകത്തു നടക്കുന്നത്. സ്വന്തം രാജ്യത്തെ പ്രതിപക്ഷത്തെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കംബോഡിയയിലെ പ്രധാനമന്ത്രി അവിടുത്തെ സുപ്രിംകോടതിയെ സമീപിച്ചത് ഏതാനും വര്‍ഷങ്ങള്‍ക്കു (2017) മുമ്പാണ്. കോടതി അത് അനുവദിക്കുകയും പ്രതിപക്ഷത്തെ പിരിച്ചുവിടുകയും ചെയ്തത് മറ്റൊരു വിചിത്രമായ കാര്യം! റഷ്യയില്‍ പ്രസിഡന്‍റ്, വ്ളാടിമിര്‍ പുട്ടിന്‍, വീണ്ടുമൊരു തിരഞ്ഞെടുപ്പില്ലാതെ, അദ്ദേഹത്തിന്‍റെ കാലാവധി പതിനാറ് വര്‍ഷത്തേയ്ക്കുകൂടി (2036 വരെ) നീട്ടാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. 'ലോകത്തെ ഏറ്റവും മഹത്തായ ജനാധിപത്യം' എന്ന് പലരും പാടി പുകഴ്ത്തുന്ന അമേരിക്കയില്‍ അവിടുത്തെ ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. 'ഭൂരിപക്ഷം അമേരിക്കക്കാരും സ്വന്തം രാജ്യത്ത് അന്യരായി കഴിയുന്നു'چഎന്ന് സെനറ്റര്‍  ബേണി സാന്‍ഡേഴ്സ് പറഞ്ഞതിന്‍റെ പൊരുള്‍ ഇതാണ്. അപവാദം മാറ്റി വച്ചാല്‍, ലോകത്തെമ്പാടുമുള്ള ജനാധിപത്യ രാജ്യങ്ങളുടെ അവസ്ഥ ഇതാണ്. ജനങ്ങള്‍ മോഹിക്കുന്ന ഭരണകൂടവും അവര്‍ തിരഞ്ഞെടുക്കുന്ന ഭരണകൂടവും തമ്മില്‍ വലിയ വൈരുദ്ധ്യം നിലനില്‍ക്കുന്നു എന്നുസാരം. ജനങ്ങളുടെ പ്രതിനിധികള്‍ ജനങ്ങളെ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും അവരുടെ താല്പര്യങ്ങളെ പ്രതിനിധീകരിക്കുന്നില്ല. ജനാധിപത്യം വെറും തിരഞ്ഞെടുപ്പായി ചുരുങ്ങിയിരിക്കുന്നു എന്നാണ് പറഞ്ഞു വരുന്നത്. ലണ്ടന്‍ നഗരത്തിലെ മഞ്ഞിനേയും മനുഷ്യനേയും കുറിച്ച് ഓസ്കാര്‍ വൈല്‍ഡ് ഉന്നയിച്ച ഒരു ചോദ്യമുണ്ട്. 'ആര് ആരെ സൃഷ്ടിക്കുന്നു, മനുഷ്യന്‍ മഞ്ഞിനെയോ മഞ്ഞ് മനുഷ്യനെയോ?' വര്‍ത്തമാനകാല ജനാധിപത്യത്തെ  സംബന്ധിച്ചിടത്തോളം ഈ ചോദ്യം മറ്റൊരു രീതിയില്‍ ഉയരുന്നു. ജനങ്ങള്‍ ഭരണകൂടത്തെയാണോ ഭരണകൂടം ജനങ്ങളെയാണോ  സൃഷ്ടിക്കുന്നത്? ഇതേ ചോദ്യം ഇതിനേക്കാള്‍ തീക്ഷ്ണതയില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ചും ഉയരുന്നുണ്ട്. 


ഇന്ത്യ: 1947 ല്‍ നിന്ന് 
2020 ലേക്ക് 


 1947ലെ ഇന്ത്യയും 2020ലെ ഇന്ത്യയും തമ്മില്‍ എന്തു സമാനതയാണ് ഉള്ളത്?  ഭൂമിശാസ്ത്രപരമായി രണ്ടും ഒരു രാജ്യമാണെന്ന് പറയുന്നിടത്ത് സമാനത  അവസാനിക്കുന്നില്ലേ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നതിനു മുമ്പ്, കമ്യൂണിസ്റ്റ് ഭരണകൂടത്തിന് ജനങ്ങളോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ച്, ആന്‍ഡ്രെ മാല്‍റസിനോട് (അിറൃല ങമഹൃമൗഃ) മാവോ സേതുങ് പറഞ്ഞ കാര്യം അറിയേണ്ടതുണ്ട്.'ജനങ്ങള്‍ അവ്യക്തമായി നല്‍കിയതിനെ ആശയ വ്യക്തതയോടെ ഞങ്ങള്‍ തിരിച്ചു നല്‍കും', അദ്ദേഹം പറഞ്ഞു. അധികാരത്തിന്‍റെ ആത്യന്തികമായ ലക്ഷ്യം സാമൂഹ്യ പരിവര്‍ത്തനമാണെന്നാണ് മാവോ പറഞ്ഞുവച്ചത്. അധികാരവും ജനങ്ങളും തമ്മിലുള്ള ജൈവ ബന്ധത്തെക്കുറിച്ചും അധികാരത്തിന്‍റെ ലക്ഷ്യത്തെക്കുറിച്ചും ഇത്രയും ഹ്രസ്വവും മനോഹരവുമായി പറഞ്ഞ അപൂര്‍വം ചില ഭരണാധികാരികളേ ലോക ചരിത്രത്തില്‍ ഉള്ളു. ഇതുതന്നെയല്ലേ യഥാര്‍ത്ഥ ജനാധിപത്യ സംവിധാനത്തില്‍ ഭരണകൂടത്തിന് ജനങ്ങളോടുള്ള ഉത്തരവാദിത്വം? 


 ഒരര്‍ത്ഥത്തില്‍, ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ പറഞ്ഞിരിക്കുന്നതും ഇതേ കാര്യം തന്നെയാണ്: ജാതി വ്യവസ്ഥയിലും പലവിധ അനീതികളിലും നങ്കൂരമിട്ടു നില്‍ക്കുന്നൊരു പഴമയുടെ സ്ഥാനത്ത്, നീതിയിലും നാനാത്വത്തിലും അധിഷ്ഠിതമായൊരു നാളേയ്ക്ക് പിറവി നല്‍കുക. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഇന്ത്യന്‍ ഭരണഘടന, അതിന്‍റെ പോരായ്മകള്‍ എന്തു തന്നെ ആയാലും, വാഗ്ദാനം ചെയ്യുന്നത് ഭൂതകാലത്തിലേക്കുള്ള മടക്കയാത്രയല്ല, പ്രതീക്ഷാനിര്‍ഭരമായ ഭാവിയിലേക്കുള്ള മുന്നേറ്റമാണ്. 1947 മുതല്‍ നാം ശ്രമിച്ചത് അതിനാണ്. അതുകൊണ്ടാണ് സ്വാതന്ത്ര്യലബ്ധിയുടെ ആദ്യ ദശകങ്ങളെ രാഷ്ട്ര നിര്‍മാണത്തിന്‍റെയും സമൂഹ നിര്‍മാണത്തിന്‍റെയുമൊക്കെ കാലമായി പലരും വിശേഷിപ്പിച്ചത്. അന്ന് നാം രാഷ്ട്ര നിര്‍മാണത്തെ കണ്ടതുതന്നെ ഒരു സാംസ്കാരിക - രാഷ്ട്രീയ പ്രക്രിയയും ബൗദ്ധിക പദ്ധതിയും ആയാണ്. 


എന്നാല്‍ 2020ല്‍, മോഡി ഭരണത്തിന്‍റെ ആറാം വര്‍ഷത്തില്‍ എത്തിയപ്പോള്‍, ഇതിന്‍റെ നേരെ വിപരീത ദിശയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇന്ന് രാഷ്ട്ര നിര്‍മ്മാണമല്ല, അതിന്‍റെ വില്പനയാണ് നടക്കുന്നത്. ഇന്ത്യക്കാരുടെ ഇന്ത്യയില്‍ നിന്ന് കോര്‍പ്പറേറ്റുകളുടെ ഇന്ത്യയിലേക്കുള്ള യാത്രയുടെ നടുവിലാണ് നാം എത്തി നില്‍ക്കുന്നത്. രാഷ്ട്രീയത്തിന് അതിന്‍റെ പരിവര്‍ത്തന സ്വഭാവം പോയിട്ട് സൗമ്യതയും ജനാധിപത്യ  ശീലുകളും നഷ്ടമായിരിക്കുന്നു. മോഡി ഗവണ്‍മെന്‍റ് വാഗ്ദാനം ചെയ്യുന്നത്  ഭാവി പ്രതീക്ഷയല്ല, ചരിത്രത്തിലേക്കുള്ള തിരിഞ്ഞു നടത്തമാണ്. ഈ നടത്തത്തിനിടയില്‍ ദേശസ്നേഹവും സംഗീതവും സംസ്കാരവും രാഷ്ട്രീയവുമെല്ലാം യൂണിഫോമിട്ട് അണിനിരക്കണമെന്നാണ് അത് ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ സമൂഹവും ഇന്ത്യന്‍ ഭരണകൂടവും തമ്മില്‍ മുന്‍പൊരിക്കലും ഇല്ലാത്തവിധം അകല്‍ച്ചയിലാണ് ഇപ്പോള്‍ കഴിയുന്നത്. സ്വാഭാവികമായും, ഇത്തരമൊരു ഭരണകൂടത്തിന് ഭരണഘടനയേയും ജനാധിപത്യം അനുശാസിക്കുന്ന കീഴ്വഴക്കങ്ങളേയും ലംഘിച്ചും അതിന്‍റെ സ്ഥാപന സ്വരൂപങ്ങളെ നശിപ്പിച്ചും മാത്രമേ മുന്നേറാനാവു. ഇതാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നതും. 


ഭരണഘടനയ്ക്കും 
നിയമങ്ങള്‍ക്കും 
അതീതമായ ഭരണകൂടം 


ജനാധിപത്യത്തില്‍ ഭരണകൂടം ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും വിധേയമായാണല്ലോ പ്രവര്‍ത്തിക്കേണ്ടത്.ഇവ രണ്ടും (ഭരണഘടനയും  നിയമങ്ങളും) ഭരണകൂടത്തിന്‍റെ ചെയ്തികളെ അതിരുവിടാതെ  കാത്തുസൂക്ഷിക്കുന്ന ലക്ഷ്മണരേഖയാണ്. എന്നാല്‍ ഈ ലക്ഷമണരേഖയെ  അപ്രസക്തമാക്കുന്ന വിധത്തിലാണ് കേന്ദ്രം ഭരിക്കുന്ന കക്ഷിയും അത് നയിക്കുന്ന മുന്നണിയും പെരുമാറുന്നത്. അവര്‍ ഭരണഘടനയുടെ അന്തഃസത്തയെ നിരാകരിക്കുകയും അതുറപ്പുനല്‍കുന്ന അവകാശങ്ങളെ നോക്കുകുത്തി ആക്കുകയും ചെയ്യുന്നു. 


 ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയ 370-ാം വകുപ്പ് എടുത്തു കളഞ്ഞതും സംസ്ഥാനത്തെത്തന്നെ ഇല്ലാതാക്കിയതും ഇതിന്‍റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. 370-ാം വകുപ്പ് റദ്ദ് ചെയ്തത് പാര്‍ലമെന്‍റിന്‍റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ വെറും എക്സിക്യൂട്ടീവ് ഓര്‍ഡര്‍ വഴിയാണെന്ന കാര്യം ഓര്‍ക്കുക. ഏതാണ്ട് ഇതുതന്നെയാണ് സംസ്ഥാന പദവി എടുത്തുകളഞ്ഞ കാര്യത്തിലും നടന്നത്. സംസ്ഥാന നിയമസഭയുടെ അനുമതി ഇല്ലാതെ ഒരു 'സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ' കാശ്മിരിന് സംസ്ഥാന പദവി നഷ്ടപ്പെടുകയാണ് ഉണ്ടായത്. രാജ്യസഭയുടെ എതിര്‍പ്പിനെ മറികടക്കാന്‍ സാമ്പത്തിക രംഗവുമായി ബന്ധമില്ലാത്ത കാര്യങ്ങളെ ധനകാര്യ ബില്ലില്‍ ഉള്‍പ്പെടുത്തുന്ന പുത്തന്‍ പ്രവണതയും ആരംഭിച്ചിരിക്കുന്നു. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേവലം നാലുമണിക്കൂര്‍ മുന്‍കൂര്‍ നോട്ടിസ് നല്‍കി ദേശീയ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച കേന്ദ്ര നടപടിയും ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതാണ്. ഇന്ത്യയിലെ കോടാനുകോടി സാധാരണക്കാരേയും കുടിയേറ്റ തൊഴിലാളികളേയും ദോഷകരമായി ബാധിച്ച, ഒരര്‍ത്ഥത്തില്‍ അവരെ പട്ടിണിയിലേക്കു തള്ളിവിട്ട, ഈ നടപടി ഭരണഘടനയിലെ 14ഉം (സമത്വം) 21ഉം വകുപ്പുകളുടെ (ജീവിക്കാനുള്ള അവകാശം)നഗ്നമായ ലംഘനമല്ലെങ്കില്‍ പിന്നെ എന്താണ്? 


ഇതുതന്നെയാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിലും സംഭവിക്കുന്നത്. ജനാധിപത്യത്തിലെ ഏറ്റവും മൗലികമായ അവകാശമാണിത്. അഭിപ്രായ സ്വാതന്ത്ര്യം വെറും വര്‍ത്തമാനം പറച്ചിലല്ല. ജനങ്ങളും  ഭരണകൂടവും തമ്മില്‍ ഉണ്ടാകേണ്ട ഒരു ജൈവ പ്രക്രിയയും ആശയ വിനിമയത്തിന്‍റെ ഏറ്റവും നല്ല ഉപാധിയുമാണ്.ഭരണകൂട വിമര്‍ശനവും അതിനെതിരെയുളള സമാധാനപരമായ സമരങ്ങളും പ്രത്യയശാസ്ത്രപരമായ ഭിന്നതകളും സംവാദവുമെല്ലാം ഇതില്‍ ഉള്‍ച്ചേരുന്നു. 


ശ്രവിക്കുന്നതിന്‍റെ രാഷ്ട്രീയം (Politics of Listening)  


ജനങ്ങളുടെ ശബ്ദം ഭരണകൂടത്തിന്‍റെ ചെവിയില്‍ എത്തിക്കാനുള്ള ഏറ്റവും വലിയ ജനാധിപത്യ മാര്‍ഗമാണ് മുകളില്‍ പറഞ്ഞത്. ഇവിടെ രണ്ടു കാര്യങ്ങള്‍ പ്രസക്തമാകുന്നു. ഇതില്‍ ആദ്യത്തേത് ജനങ്ങളുടെ അഭിപ്രായം ശ്രവിക്കാനും അതു കണക്കിലെടുക്കാനുമുള്ള ഭരണകൂടത്തിന്‍റെ മനോഭാവത്തെ സംബന്ധിക്കുന്നതാണ്. മറ്റേതാകട്ടെ ഇത്തരം അഭിപ്രായ പ്രകടനത്തിനുള്ള സാഹചര്യം ഒരുക്കുക എന്നതും. 


 ഇതില്‍ ആദ്യത്തെ പ്രശ്നത്തിലേക്കു തന്നെ വരാം. മനുഷ്യന്‍: രാഷ്ട്രീയ, സാമൂഹ്യ ബന്ധങ്ങളില്‍ സംസാരത്തെക്കാള്‍ പ്രധാന്യം കേള്‍വിക്കാണ്. അതുകൊണ്ടാണ് മനുഷ്യന്, എപ്പിക് റൈറ്റ്സ് എന്ന സ്റ്റോയിക് തത്ത്വചിന്തകന്‍ പറഞ്ഞതുപോലെ, രണ്ട് ചെവികളും ഒരു വായും തന്നിരിക്കുന്നത്. പക്ഷേ ഇവിടെ ഒരടിസ്ഥാന പ്രശ്നമുണ്ട്. കേള്‍ക്കുക എന്നത് ഒരു പൊളിറ്റിക്കല്‍ ആക്ടാണ് ). ആരെ കേള്‍ക്കണം, എന്തു കേള്‍ക്കണം എന്നതാണ് ഈ രാഷ്ട്രീയ പ്രവൃത്തിയിലെ ഏറ്റവും കാതലായ വശം. സംശയം വേണ്ട, ജനാധിപത്യത്തില്‍ ഭരണകൂടം കേള്‍ക്കേണ്ടത് ജനങ്ങളുടെ ആവലാതികള്‍  തന്നെയാണ്. എന്നാല്‍ വര്‍ത്തമാനകാല ജനാധിപത്യ ഭരണകൂടങ്ങള്‍ ജനങ്ങളെയല്ല കേള്‍ക്കുന്നത്, മൂലധനശക്തികളെയാണ്. ഇന്ത്യയില്‍ അംബാനിക്കോ അദാനിക്കോ അതുപോലുള്ള മറ്റുള്ളവര്‍ക്കോ കിട്ടുന്ന വിസിബിലിറ്റി, അവരുടെ വാക്കുകള്‍ക്ക് ലഭിക്കുന്ന ശ്രദ്ധ, മറ്റാര്‍ക്കും ലഭിക്കുന്നില്ല. ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ നിയമങ്ങളും നയങ്ങളും ഇക്കൂട്ടര്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍ക്കും നയങ്ങള്‍ക്കും വിധേയമാണ്. ഇവിടെ ഒരു പുതിയ 'നമ്മള്‍' (ണല) ഉണ്ടാവുന്നു, ആ 'നമ്മളില്‍' 'നിങ്ങള്‍' ഇല്ലെന്ന് സാധാരണക്കാരോടുള്ള ്യു പ്രഖ്യാപനംകൂടി ആണിത്. 


ശ്രദ്ധേയമായ മറ്റൊരു വസ്തുതയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ജനങ്ങളെ ശ്രവിക്കുന്നില്ലെങ്കിലും ഭരണകൂടം സദാ അവരോട് ഏകപക്ഷീയമായി സംസാരിച്ചു കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിമാസ പരിപാടി 'മന്‍ കി ബാത്തിന്‍റെ കാര്യം ഓര്‍ക്കുക. അടച്ചിടല്‍ കാലത്തുടനീളം ഇത്തരം ആത്മഭാഷണങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചു കൊണ്ടിരുന്നതും സ്മരണീയമാണ്. കോര്‍പ്പറേറ്റുകളെ ശ്രവിക്കുകയും, ജനങ്ങളോട് പ്രസംഗിക്കുകയും ചെയ്യുന്നതാണ് മോഡിയുടെ ശൈലി. സമകാലിക ഭാരതത്തില്‍ ശ്രവണത്തിന്‍റെ രാഷ്ട്രീയം പോകുന്നത് ഇങ്ങനെയാണ്. 


 നിര്‍ഭാഗ്യവശാല്‍, ശ്രവണത്തിന്‍റെ ഈ രാഷ്ട്രീയമാണ് ഇന്ത്യയില്‍ (എവിടേയും അങ്ങനെ തന്നെ) അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ രാഷ്ട്രീയത്തെയും നിര്‍വചിക്കുന്നത്. തന്മൂലം, തുറന്ന സംവാദങ്ങള്‍ ഭരണകൂടത്തിന് പഥ്യമാവുന്നില്ല. അത് അസത്യ പ്രചാരണത്തിലും തങ്ങള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെയും പ്രക്ഷോഭങ്ങളേയും  അടിച്ചമര്‍ത്തുന്നതിലും മുഴുകുന്നു. ഭരണകൂടം അതില്‍ തന്നെ  അസത്യങ്ങളുടെ തടവുപുള്ളി ആകുന്നതോടെ, അതിന് എല്ലാം കളവാണന്ന് തെളിയിക്കേണ്ടി വരുന്നു. ഭൂത, വര്‍ത്തമാന, ഭാവി കാലങ്ങളെല്ലാം ഇതില്‍ കണ്ണി ചേര്‍ക്കപ്പെടുന്നു. ഈ വിധം അസത്യ പ്രചാരണത്തെ മുഖമുദ്രയായി കൊണ്ടുനടക്കുന്നവരോട് ഭരണകൂടമായാലും സംഘടിത ജാതി,മത, രാഷ്ടീയ പ്രസ്ഥാനങ്ങളായാലും  സംവാദം നടത്തുന്നത് ദുഷ്കരമാണ്. അഥവാ അതിനു ശ്രമിച്ചാല്‍ തന്നെ, അത് കാക്കയോട് ചതുരംഗം കളിക്കുന്നതിനു സമാനമാണ്. കാക്ക കരുക്കള്‍ തട്ടിയെറിഞ്ഞ് ചതുരംഗപലകയില്‍ കാഷ്ഠിച്ച് കടന്നുകളയുന്നതു പോലെ സംവാദം അലങ്കോലപ്പെടുന്നു. 


ഭരണകൂട വിമര്‍ശനങ്ങളേയും അതിനെതിരെയുള്ള പ്രക്ഷോഭങ്ങളേയും നേരിടുന്നതിലെ ഭരണഘടനാ വിരുദ്ധതയും പ്രകടമാണ്. അതില്‍ ഏര്‍പ്പെടുന്നവരെ കള്ളക്കേസുകളില്‍ കുടുക്കുക എന്നതാണ് ഭരണകൂടത്തിന്‍റെയും അവരെ പിന്‍പറ്റുന്നവരുടേയും ഒരു പൊതു സമീപനം. ഇതിനായി യാതൊരു ഉളുപ്പുമില്ലാതെ നിയമങ്ങളെ വളച്ചൊടിക്കുന്നു. നരേന്ദ്ര മോഡി ദത്തെടുത്ത വാരണാസിയിലെ ഭോമാരി ഗ്രാമത്തിലെ ജനങ്ങള്‍ അടച്ചുപൂട്ടല്‍ കാലത്ത് പട്ടിണിയിലായിരുന്നു എന്ന വാര്‍ത്ത പുറത്തുകൊണ്ടു വന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ  കോള്‍  എക്സിക്യൂട്ടീവ് എഡിറ്റര്‍ സുപ്രിയ ശര്‍മയെ പട്ടികജാതി വിഭാഗത്തിനെതിരായ അതിക്രമങ്ങള്‍ തടയല്‍, അപകീര്‍ത്തിപ്പെടുത്തല്‍, പകര്‍ച്ചവ്യാധി പരത്തല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി കേസെടുത്തത് ഇതിന്‍റെ സമീപകാല ഉദാഹരണമാണ്. തങ്ങളെ വിമര്‍ശിക്കുന്ന മാധ്യമ സ്ഥാപനങ്ങളെ അടച്ചു പൂട്ടുക, മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുക തുടങ്ങിയവ നിത്യസംഭവമായിരിക്കുന്നു. അടച്ചുപൂട്ടല്‍ കാലത്ത് മാത്രം ഇത്തരം 55  കേസുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് റൈറ്റ്സ് ആന്‍ഡ് റിസ്ക് അനാലിസിസ് ഗ്രൂപ്പ് (ഞശഴവേെ മിറ ഞശസെെ അിമഹ്യശെെ ഏൃീൗു) അതിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തിയവര്‍ ഉള്‍പ്പടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേയും ഇതേ രീതിയിലുള്ള അതിക്രമങ്ങള്‍ അരങ്ങേറുന്നു. 


സ്ഥാപന സ്വരൂപങ്ങള്‍  ഭരണഘടനയെയും നിയമങ്ങളേയും അവകാശങ്ങളേയും സംബന്ധിക്കുന്നത് മാത്രമല്ല. ഇവയെ സംബന്ധിക്കുന്ന അതേ അളവില്‍ അത് സ്ഥാപന സ്വരൂപങ്ങളുമായും ബന്ധപ്പെട്ടു നില്‍ക്കുന്നു. തന്മൂലം, ഭരണഘടനാദത്തമായ അവകാശങ്ങളേയും നിയമങ്ങളേയും ബാധിക്കുന്നതെന്തും സ്ഥാപനങ്ങളേയും ദോഷകരമായി ബാധിക്കുന്നു. ഇക്കാര്യത്തില്‍ ഒരു വ്യത്യാസം മാത്രമേ ഉള്ളു. സ്ഥാപനങ്ങളുടെ നാശം നമ്മുടെ ശ്രദ്ധയില്‍ പതിയുന്നത് വളരെ വൈകി ആയിരിക്കും. ഏണസ്റ്റ് ഹെമിംഗ് വെയുടെ നോവലിലെ (ഠവല ടൗി അഹീെ ഞശലെെ) കേന്ദ്രകഥാപാത്രം, മൈക് കാംബല്‍, പറയുന്നതുപോലെ, 'സ്ഥാപനങ്ങളുടെ തകര്‍ച്ച നിര്‍ദ്ധനത്വം പോലെയാണ്. തുടക്കത്തില്‍ സാവധാനത്തിലും ശേഷം അതിവേഗത്തിലും'. സൂക്ഷ്മ വിശകലനത്തില്‍, നമ്മുടെ രാജ്യത്തും ഇക്കാര്യം സംഭവിക്കുന്നുണ്ടെന്ന് ബോധ്യമാവും. ഫെഡറല്‍ സംവിധാനം, സിവില്‍ സര്‍വീസ്, നീതിപീഠങ്ങള്‍, അറിവ് ഉല്‍പ്പാദന കേന്ദ്രങ്ങള്‍, പൊതുമണ്ഡല സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് അതില്‍ പ്രധാനപ്പെട്ടത്. രസകരമായ വസ്തുത ഇത്തരം സ്ഥാപനങ്ങളെ നശിപ്പിക്കുന്നത് അവ തങ്ങള്‍ക്ക് യാതൊരുവിധ പ്രയോജനവും ചെയ്യില്ലെന്ന ബോധം ജനങ്ങളില്‍ സൃഷ്ടിച്ചുകൊണ്ടാണെന്നതാണ്. സ്ഥാപനങ്ങളെ സാമ്പത്തികമായി ശ്വാസംമുട്ടിച്ചും ഒഴിവുകള്‍ നികത്താതിരുന്നും രാഷ്ട്രീയമായ ഇടപെടല്‍ നടത്തിയും തലങ്ങും വിലങ്ങും സ്വകാര്യവല്‍ക്കരിച്ചും ലക്ഷ്യം കൈവരിക്കാനാണ് ശ്രമം. ഇതിന്‍റെ ഏറ്റവും നല്ല തെളിവാണ് കേന്ദ്ര  - സംസ്ഥാന ബന്ധങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരങ്ങളില്‍ കൈകടത്തുന്നതും അവ അര്‍ഹിക്കുന്ന സാമ്പത്തിക സഹായം തടഞ്ഞുവയ്ക്കുന്നതും സര്‍വസാധാരണമായിരിക്കുന്നു. ജി.എസ്.ടി കുടിശിക നല്‍കാത്തതിനെക്കുറിച്ച് കേരളം നിരന്തരം ഉന്നയിക്കുന്ന പരാതി ഇവിടെ ആലോചിക്കാവുന്നതാണ്. ഇതിനുപുറമെയാണ് കേന്ദ്ര - സംസ്ഥാന ബന്ധങ്ങളുടെ അമിതമായ രാഷ്ട്രീയവല്‍ക്കരണം. 
 കേന്ദ്ര സര്‍വകലാശാലകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സിവില്‍ സര്‍വ്വീസിലും ജുഡീഷ്യറിയിലും ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ എണ്ണം അസംഖ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സര്‍വകലാശാലയുടെയും  ഗവേഷണ കേന്ദ്രങ്ങളുടെയും കാവിവല്‍ക്കരണവും അവയ്ക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കുന്നതും ഗവേഷണത്തേയും ജ്ഞാനോല്‍പ്പാദനത്തേയും ദോഷകരമായി ബാധിച്ചു തുടങ്ങിയതും നാം കാണാതിരുന്നു കൂടാ. നീതിപീഠങ്ങളെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമങ്ങള്‍ക്കും കുറവൊന്നുമില്ല. ഹൈക്കോടതികള്‍ സമാന്തര സര്‍ക്കാരുകളെപ്പോലെ പ്രവര്‍ത്തിക്കുന്നു എന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, സുപ്രീം കോടതി മുന്‍പാകെ പറഞ്ഞത് ഇതിന്‍റെ ഒരു ടെസ്റ്റ് ഡോസാണ്. ഇതേ കോടതിയില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരെ കഴുകന്മാരെന്നും നാശത്തിന്‍റെ പ്രവാചകരെന്നും ബുദ്ധിജീവികളെ കസേര വേദാന്തികളെന്നും അദ്ദേഹം വിശേഷിപ്പിക്കുകയുണ്ടായി. കുടിയേറ്റ തൊഴിലാളിയുടെ പ്രശ്നം സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നപ്പോള്‍ ഒരു തൊഴിലാളി പോലും കാല്‍നടയായി സഞ്ചരിക്കുന്നില്ലെന്ന് അദ്ദേഹം കോടതിയെ തെറ്റിദ്ധരിപ്പിച്ചു. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്‍റെ അവസ്ഥ ഇതാണെങ്കില്‍ മറ്റ് സ്ഥാപനങ്ങളുടെ ഗതി ആലോചിക്കാവുന്നതേ ഉള്ളു. 


 ഇതുവരെ പറഞ്ഞതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്, ഭരണഘടനയുടേയും ജനാധിപത്യത്തിന്‍റെയും ലോക്ക്ഡൗണിലേയ്ക്കാണ് കാര്യങ്ങള്‍ പോകുന്നത്. 'അമേരിക്കയ്ക്ക് ഇപ്പോള്‍ ആവശ്യം ഒരു നല്ല ഷട്ട് ഡൗണ്‍' ആണെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതും തികച്ചും ആകസ്മികമാണെന്നു കരുതുക വയ്യ. ലോകത്തെമ്പാടും ജനാധിപത്യം നേരിടുന്ന വെല്ലുവിളിയിലേക്കുള്ള ഒരു ചൂണ്ടുപലകയാണിത്. നിര്‍ഭാഗ്യവശാല്‍, ട്രംപ് അമേരിക്കയ്ക്കുകുറിച്ച അതേ കുറിപ്പടിയാണ് ഇന്ത്യയ്ക്ക് നരേന്ദ്ര മോഡി കുറിക്കുന്നതും.1932ല്‍ മുസോളിനി പറഞ്ഞതും ഇത്തരം കുറിപ്പടികളുമായിച്ചേര്‍ന്നു പോകുന്നു എന്നത് കേവലം യാദ്യച്ഛികമാണെന്ന് കരുതാന്‍ ബുദ്ധിമുട്ടുണ്ട്. 'ഇപ്പോഴത്തെ നൂറ്റാണ്ട് അധികാരത്തിന്‍റെ നൂറ്റാണ്ടാണ്, വലതുപക്ഷത്തിന്‍റെയും ഫാസിസത്തിന്‍റെയും നൂറ്റാണ്ട്', ഇതാണ് അദ്ദേഹം നമ്മെ ഓര്‍മിപ്പിച്ചത്. ഏതാണ്ട് ഒരു നൂറ്റാണ്ടിനു മുന്‍പാണ് മുസോളിനി ഇതു പറഞ്ഞതെങ്കിലും, ഫാസിസത്തിന്‍റെ ധാര ഇന്നും സജീവമായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നു എന്ന് നാം തിരിച്ചറിയണം. ഒപ്പം, ഫാസിസത്തിനും ജനാധിപത്യത്തിനും ഇടയില്‍ മധ്യപാത ഇല്ലെന്ന വസ്തുതയും.