കോവിഡ് കാലത്തെ യുദ്ധവായ്ത്താരികള്‍

കെ എന്‍ ഗണേശ്

കോവിഡ് കാലഘട്ടത്തില്‍ അന്താരാഷ്ട്രബന്ധങ്ങള്‍ വീണ്ടും സങ്കീര്‍ണമാകുകയാണ്. ചൈനയില്‍ വ്യാപിച്ച രോഗം അവിടെത്തന്നെ ഒതുക്കി നിര്‍ത്താന്‍ ഒരു വര്‍ഷക്കാലം കഠിനശ്രമം നടന്നുവെങ്കിലും ഈ വര്‍ഷം അത് പുറത്തേക്കു വ്യാപിക്കാന്‍ തുടങ്ങി. വുഹാനില്‍ നിന്നു വന്ന വിദ്യാര്‍ത്ഥികളാണ് കേരളത്തിലേക്ക് കോവിഡുമായിആദ്യം വന്നത് . ഇതുപോലെയുള്ള പരസ്പരസമ്പര്‍ക്കമാണ് ഇറ്റലിയിലേക്കും സ്പെയിനിലേക്കും പിന്നീട് അമേരിക്കന്‍ ഐക്യനാടുകളിലേക്കും കോവിഡ് വ്യാപിപ്പിച്ചത്. ഇപ്പോള്‍ ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ, എപ്പോഴാണ് പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിയുക എന്ന് ആര്‍ക്കും ഇപ്പോഴും തിട്ടമില്ലാത്ത ഒരു മഹാമാരിയായി കോവിഡ് മാറിയിരിക്കുകയാണ്.


മഹാമാരിയെ നേരിടുന്നതില്‍ വ്യത്യസ്തമായ രീതികളാണ് ഉപയോഗിക്കപ്പെട്ടത്. ചൈനയില്‍ ആദ്യഘട്ടത്തില്‍ ചെറിയ ചാഞ്ചാട്ടമുണ്ടായെങ്കിലും പിന്നീട് ശക്തമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തുകയും കോവിഡ് വ്യാപിച്ച ഹുബെയ് പ്രവിശ്യ മുഴുവനും ലോക്ക് ഡൗണിലാക്കുകയും ചെയ്തു. മാസങ്ങള്‍ നീണ്ട പോരാട്ടത്തിനു ശേഷം ഹുബെയ് പ്രവിശ്യയെ രോഗവിമുക്തമാക്കാന്‍ അവര്‍ക്കു കഴിഞ്ഞു. പിന്നീട് പുറമെ നിന്ന് ചൈനക്കാര്‍ എത്തിത്തുടങ്ങിയതിനു ശേഷം മാത്രമാണ് രോഗം വീണ്ടും വ്യാപിച്ചത്. അപ്പോഴേക്കും രോഗപ്രതിരോധമാര്‍ഗങ്ങളുമായി അവര്‍ ശക്തമായി നീങ്ങി. എന്നാല്‍ യൂറോപ്പിന്‍റെയും  അമേരിക്കയുടെയും ബ്രസീല്‍ പോലെയുള്ള രാജ്യങ്ങളുടെയും സ്ഥിതി വ്യത്യസ്തമായിരുന്നു. അവര്‍  പകര്‍ച്ചവ്യാധിയെ അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിച്ചില്ല എന്നു മാത്രമല്ല പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള പ്രാഥമിക ഉപാധികള്‍ പോലും അവരുടെ കൈവശം ഉണ്ടായിരുന്നില്ല. ഇന്ത്യയ്ക്ക് നല്‍കാമെന്ന് സമ്മതിച്ചിരുന്ന ചൈനീസ് പ്രതിരോധസാമഗ്രികള്‍ പോലും രൊക്കമായി അമേരിക്ക വാങ്ങിക്കൊണ്ടുപോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രികള്‍ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചതുപോലുമില്ല. ആവശ്യത്തിന് വെന്‍റിലേറ്ററുകളോ മറ്റു സാമഗ്രികളോ ഇല്ലാത്തതു കാരണം രോഗികള്‍ മരിച്ചു. പല യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും  ബ്രസീലിലും മഹാമാരി സാമൂഹ്യവ്യാപനത്തിലേക്കു നീങ്ങി. 


ഇരുനൂറിലധികം രാഷ്ട്രങ്ങളിലേക്ക് വ്യാപിച്ച ഈ മഹാമാരിയെ മനുഷ്യരാശി ഒന്നാകെ ചേര്‍ന്ന് തടുത്തു നിര്‍ത്തേണ്ട ഘട്ടമായിരുന്നു ഇത്. എല്ലാ വൈരങ്ങളും ഭിന്നതകളും മറന്ന് ഒരുമിച്ച് നില്‍ക്കേണ്ട കാലഘട്ടം. അതിനു വേണ്ടി സാധ്യമായ സഹായങ്ങളെല്ലാം പരസ്പരം ചെയ്തുകൊടുക്കേണ്ട കാലഘട്ടം . ഈ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്യൂബയിലെ ഡോക്ടര്‍മാര്‍ രോഗത്തെ പ്രതിരോധിക്കാന്‍ ഇറ്റലിയില്‍ എത്തിയത്. രോഗത്തിനെതിരെ പോരാടുന്ന ഘട്ടത്തില്‍ പോലും ചൈന മറ്റു രാജ്യങ്ങള്‍ക്ക് സഹായമെത്തിച്ചത്.മനുഷ്യന്‍  എത്ര ചെറിയ ജീവിയാണെന്നതും ഈ മഹാമാരി തന്നെ തെളിയിച്ചു. ആശുപത്രി ചികിത്സ കൊണ്ടുതന്നെ വ്യാധിയെ തടയാമെന്നു വീരവാദമിളക്കുകയും ലോക്ക് ഡൗണ്‍  പോലുള്ള സാമൂഹ്യ പ്രതിരോധ ഉപാധികളെ പരിഹസിക്കുകയും ചെയ്ത അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വന്നു. ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ അടക്കം കോവിഡ് സ്ഥിരീക്കപ്പെട്ടതോടെ അവിടെയും ലോക്ക് ഡൗണ്‍ അനിവാര്യമായി. സ്പെയിനില്‍ സ്വകാര്യസ്ഥാപനങ്ങള്‍ ഏറ്റെടുത്തു

പൊതുജനാരോഗ്യസംവിധാനങ്ങളാക്കാന്‍ ഗവണ്മെന്‍റ് തീരുമാനിച്ചതോടെ വ്യാധിയെ നിയന്ത്രിക്കുക കൂടുതല്‍ എളുപ്പമായി. ക്രമേണ ജര്‍മനിയും ഇറ്റലിയും അതേ മാര്‍ഗങ്ങള്‍ സ്വീകരിച്ചു. എന്നാല്‍ അമേരിക്കയും ബ്രസീലും ഈ മാര്‍ഗങ്ങള്‍ പിന്തുടരാന്‍ കൂട്ടാക്കിയില്ല എന്നു മാത്രമല്ല, ബ്രസീല്‍ പ്രസിഡന്‍റ് ജയ് ബാഴ്സനാരോ മാസ്ക് ധാരണത്തെ വരെ പരിഹസിക്കുകയും ചെയ്തു. ട്രംപ് പകര്‍ച്ചവ്യാധിയുടെ ഉത്തരവാദിത്വം ആദ്യം ലോകാരോഗ്യസംഘടനയിലേക്കും പിന്നീട് ചൈനയിലേക്കും ആരോപിച്ച് സ്വന്തം കെടുകാര്യസ്ഥതയെ കുറിച്ചുള്ള  ആരോപണങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് തുടര്‍ച്ചയായി ശ്രമിച്ചത്. വ്യാധിയെ തടുത്തു നിര്‍ത്തുന്നതില്‍ ചൈന കൈവരിച്ച നേട്ടങ്ങളെ ശ്ളാഘിക്കുന്നതിനു പകരം അതിതീവ്രമായ ചൈനാവിരുദ്ധ വികാരം അഴിച്ചു വിടുന്നതിനാണ് ട്രംപ് ശ്രദ്ധിച്ചത്. ഇതിനായി ഹോങ്കോങ്ങിലെ ചൈനാവിരുദ്ധ കലാപത്തെയും ഇന്ത്യയും ചൈനയും തമ്മിലുണ്ടാകുന്ന അതിര്‍ത്തിത്തര്‍ക്കങ്ങളെയും ഉത്തരകൊറിയന്‍ പ്രസിഡന്‍റ് ആസന്നമരണാവസ്ഥയിലാണ് എന്ന പ്രചാരണത്തെയും അടക്കം എന്തിനെയും ചൈനയ്ക്കും പൊതുവില്‍ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ക്കും എതിരായി ഉപയോഗിക്കുന്ന രീതിയാണ് ട്രംപും സാമ്രാജ്യത്വവും ഇപ്പോള്‍ പിന്തുടരുന്നത്.


വരാന്‍ പോകുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പും ഡെമോക്രാറ്റിക് പാര്‍ടിയുടെ സ്ഥാനാര്‍ഥി ജോ ബൈഡനെ ഏതുവിധേനയും തോല്പിച്ച് ഒരു തവണകൂടി പ്രസിഡന്‍റ് ആകാനുള്ള ട്രംപിന്‍റെ തത്രപ്പാടുമാണ് ഇത്തരം ആക്രോശങ്ങള്‍ക്കു കാരണം എന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഇതിന്‍റെ പിറകിലുള്ള മറ്റൊരു കാരണം കൂടി അവഗണിച്ചുകൂടാ. മൂലധനസമാഹരണത്തിലും ശാസ്ത്ര-സാങ്കേതികവിദ്യകളുടെ പ്രയോഗത്തിലും ബഹുദൂരം മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് അമേരിക്ക. കോവിഡിന് വാക്സിന്‍ കണ്ടുപിടിക്കാത്തതുകൊണ്ട് രോഗപ്രതിരോധം ഉറപ്പുവരുത്താന്‍ ഒരു രാജ്യത്തിനും കഴിയുകയില്ല. നിലവിലുള്ള സൗകര്യങ്ങള്‍ വെച്ചുകൊണ്ട് മരണങ്ങള്‍ കുറയ്ക്കാനും പരമാവധി പേര്‍ക്ക് രോഗമുക്തി ഉറപ്പാക്കാനും അമേരിക്കയ്ക്കും മറ്റു സാമ്രാജ്യത്വരാഷ്ട്രങ്ങള്‍ക്കും കഴിയേണ്ടതായിരുന്നു. അതിനു സാധിച്ചില്ലെന്നു മാത്രമല്ല സാമൂഹ്യവ്യാപനം തടയാന്‍ പോലും അവര്‍ക്കു കഴിയുന്നില്ല. മിറ്റിഗേഷന്‍ വഴി രോഗബാധിതരുടെ എണ്ണം അനുക്രമമായി കുറച്ചുകൊണ്ടുവരുന്നതിനും അവര്‍ക്കു സാധിക്കുന്നില്ല. അതെ സമയം കൃത്യമായ സാമൂഹ്യപ്രതിരോധരൂപങ്ങളെയും പൊതുജനാരോഗ്യസംവിധാനങ്ങളുടെ ഉപയോഗത്തെയും ആശ്രയിച്ച ചൈനയടക്കമുള്ള സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും കേരളം പോലുള്ള പ്രദേശങ്ങളും രോഗത്തെ തടഞ്ഞുനിര്‍ത്തുന്നതില്‍ ബഹുദൂരം മുന്നോട്ടുപോയി. മൂലധനം പരാജയപ്പെടുന്നയിടത്ത് സാമൂഹ്യപ്രതിരോധശക്തികള്‍  വിജയിക്കുകയാണ്. അമേരിക്കയെപ്പോലെ മൂലധനത്തെ ആശ്രയിച്ചു മാത്രം നിലനിന്നു പോന്ന രാഷ്ട്രങ്ങള്‍ക്ക് ഇതേല്‍പ്പിക്കുന്ന ആഘാതം ചില്ലറയല്ല. സ്വന്തം സമ്പദ്ഘടനകള്‍ പോലും തീവ്രമായ പ്രതിസന്ധികളില്‍ അകപ്പെടുന്നതു കൂടാതെ മനുഷ്യരാശിയെ ബാധിക്കുന്ന പ്രകൃതിദുരന്തങ്ങള്‍, മനുഷ്യനിര്‍മിതമായ ദുരന്തങ്ങള്‍, കാലാവസ്ഥാവ്യതിയാനമടക്കമുള്ള പരിസ്ഥിതിദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍, തുടങ്ങിയവക്കൊന്നിനും കൃത്യമായ പരിഹാരം കാണാന്‍ സാമ്രാജ്യത്വത്തിന് കഴിയുന്നില്ല എന്ന് മാത്രമല്ല അത്തരം പരിഹാരങ്ങള്‍ പോലും കച്ചവടാടിസ്ഥാനത്തില്‍ ഉപയോഗിക്കാനുള്ള വ്യഗ്രത മാത്രമാണ് അവരുടെ രീതി . ഇപ്പോള്‍ കാണുന്ന വാക്സിന്‍ ഉണ്ടാക്കാനുള്ള മത്സരം തന്നെ ഇതിനു തെളിവാണ്.


സാമ്രാജ്യത്വം സൃഷ്ടിക്കുന്ന പ്രതിസന്ധികളെ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ അതിജീവിക്കുന്നത് ആദ്യമായല്ല. ഒന്നാം ലോകയുദ്ധത്തില്‍ നിന്ന് റഷ്യയിലെ വിപ്ലവാനന്തരഭരണകൂടം പിന്‍വാങ്ങിയത് യുദ്ധക്കെടുതികളില്‍ നിന്ന് ഭാഗികമായെങ്കിലും റഷ്യയെ രക്ഷിച്ചു എന്ന് മാത്രമല്ല അന്ന് പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്ളൂ എന്ന മഹാമാരിക്കെതിരെ പോരാടാനും സഹായിച്ചു. 1931ലെ അമേരിക്കന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് തകര്‍ച്ച സോവിയറ്റ് യൂണിയനെ അശേഷം ബാധിച്ചില്ല. മാത്രമല്ല സോവിയറ്റ് യൂണിയന്‍ അതിവേഗത്തില്‍ സാമ്പത്തികവളര്‍ച്ച കൈവരിക്കുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മാര്‍ഷല്‍ പ്ലാനിന്‍റെയും ലോക ബാങ്കിന്‍റെയും ഐഎംഎഫിന്‍റെയും ധനസഹായം വേണ്ടി വന്നപ്പോള്‍ കനത്ത ആള്‍നാശവും സാമ്പത്തിക നാശവും നേരിടേണ്ടിവന്ന സോവിയറ്റ് യൂണിയന് പിന്നീടു സ്ഥാപിച്ച കോമെക്കോണ്‍ എന്ന പരസ്പരസഹായസംഘടന മാത്രമാണ് സഹായത്തിനുണ്ടായിരുന്നത്. എന്നിട്ടും അവര്‍ സാമ്രാജ്യത്വരാജ്യങ്ങളെ കവച്ചുവയ്ക്കുന്ന പുരോഗതി നേടി. 1970 കളിലെ എണ്ണക്കുഴപ്പത്തെയും അവര്‍ അതിജീവിച്ചു. ഏറ്റവും അവസാനം 2008 നു ശേഷം വളര്‍ന്നുവന്ന സാമ്പത്തിക പ്രതിസന്ധി ചൈനയടക്കമുള്ള രാജ്യങ്ങളെ കാര്യമായി ബാധിച്ചില്ല.  ഇതിന്‍റെ കാരണം വ്യക്തമാണ്. ചൈനയടക്കമുള്ള രാജ്യങ്ങളില്‍ ഉല്പാദനശക്തികള്‍ക്കുള്ള ശക്തമായ സാമൂഹ്യ അടിത്തറയാണ് അവരെ കുഴപ്പങ്ങളില്‍ നിന്നു രക്ഷപ്പെടുത്തിയത്. അമേരിക്കയെപ്പോലെ വിറ്റുവരവ് കണക്കുകളില്‍ നിന്നു മാത്രം മനുഷ്യജീവിതങ്ങളെ നിര്‍ണയിക്കുന്ന രാജ്യങ്ങളില്‍ മുതലാളിത്തം സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ കുഴപ്പങ്ങള്‍ക്ക് പ്രതിവിധി കാണാന്‍ അവര്‍ക്കു കഴിയില്ല. മഹാമാരിയുടെ ഇടയില്‍ തന്നെ ജോര്‍ജ് ഫ്ളോയ്ഡ് എന്ന ആഫ്രോ അമേരിക്കന്‍ യുവാവ് പൊലീസ് മര്‍ദനത്തില്‍ മരിച്ചത് സൃഷ്ടിച്ച പ്രതിഷേധത്തെ ഇപ്പോഴും അവര്‍ക്കു തടയാന്‍ കഴിയുന്നില്ല. ഇതോടെ സാമ്രാജ്യത്വത്തിന്‍റെ ആന്തരികദൗര്‍ബല്യങ്ങള്‍ പകല്‍പോലെ വ്യക്തമാവുകയാണ്. വിനിമയമൂല്യത്തിന്‍റെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യജീവിതത്തിന്‍റെ അടിസ്ഥാനത്തില്‍ കാണാനുള്ള ആന്തരികക്ഷമത മൂലധനത്തിനില്ല. എന്തെല്ലാം പരാധീനതകളുണ്ടെങ്കിലും മനുഷ്യജീവിതങ്ങളെ നിലനിര്‍ത്തുന്നതില്‍ സോഷ്യലിസ്റ്റ് മാര്‍ഗമാണ് മികച്ചത് എന്ന വസ്തുതയും പ്രകടമാകുന്നു. അമേരിക്കയും അമേരിക്കയുടെ തൊട്ടു താഴെ കിടക്കുന്ന ക്യൂബയും തമ്മില്‍ രോഗപ്രതിരോധത്തില്‍ ഉണ്ടായ വമ്പിച്ച അന്തരം തന്നെ ഇതു പ്രകടമാക്കുകയാണ്. സോഷ്യലിസ്റ്റ് ആശയത്തിനും പ്രയോഗത്തിനും കിട്ടുന്ന മേല്‍ക്കൈ ആണ് സാമ്രാജ്യത്വശക്തികളെ അമ്പരപ്പിക്കുന്നത്. ട്രംപിന്‍റെ ചൈനീസ് വിരുദ്ധ ഇളകിയാട്ടത്തിന്‍റെ യാഥാര്‍ത്ഥകാരണവും അതാണ്.


ചൈനീസ് വിരുദ്ധ ഇളകിയാട്ടം പ്രയോഗതലത്തില്‍ ദുഷ്കരമാണ്. ചൈനയുടെ അതിര്‍ത്തിയുടെ സിംഹഭാഗവും റഷ്യയും പഴയ സോവിയറ്റ് ഘടകരാഷ്ട്രങ്ങളുമാണ്. അവരാരും ഇപ്പോള്‍ അമേരിക്കന്‍ പക്ഷത്തു നിലയുറപ്പിച്ചിട്ടില്ല. പിന്നെയുള്ളത് ജപ്പാന്‍, കൊറിയ, തായ്വാന്‍ പോലുള്ള രാഷ്ട്രങ്ങളാണ്. ഇവയില്‍ തായ്വാന്‍ മാത്രമാണ് അമേരിക്കയുടെ കൂടെ പൂര്‍ണമായി നില്‍ക്കാന്‍ സാധ്യതയുള്ളത്. തെക്കുകിഴക്കേ ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ ചിലതിന് അമേരിക്കന്‍ പക്ഷപാതിത്തം കാണാമെങ്കിലും സൈനികമായും മറ്റു വിധത്തിലും ദുര്‍ബലമാണ് അവ. ഇതുകൊണ്ടാണ് ഹോംഗ് കോങ്ങിലെ കലാപത്തെ അമേരിക്ക എല്ലാ വിധത്തിലും പ്രോത്സാഹിപ്പിക്കുന്നത്. ഹോങ് കോങ്ങിലെ കലാപകാരികള്‍ അവരുടെ ശ്രമങ്ങളില്‍ വിജയിച്ചില്ലെങ്കില്‍ പോലും ചൈനയില്‍ കുത്തി പഴുപ്പിക്കാവുന്ന ഒരു വ്രണമായി ഹോങ് കൊങ്ങിനെ നിലനിര്‍ത്താന്‍ കഴിയുക എന്നതാണ് സാമ്രാജ്യത്വതന്ത്രം.


ഇവിടെയാണ്  ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യയുടെ പ്രാധാന്യം. റഷ്യ കഴിഞ്ഞാല്‍ ചൈനയുമായി ഏറ്റവും ദൈര്‍ഘ്യമേറിയ അതിര്‍ത്തി ഇന്ത്യയ്ക്കാണ് ഉള്ളത്. എന്നു മാത്രമല്ല, ഒട്ടനവധി ആശയക്കുഴപ്പങ്ങള്‍ ഈ അതിര്‍ത്തിയെ സംബന്ധിച്ച് നിലനില്‍ക്കുന്നുമുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പ് ബ്രിട്ടീഷ് സര്‍ക്കാര്‍ കമ്മിഷന്‍ ചെയ്തു തയ്യാറാക്കിയ മക്മഹോന്‍ രേഖയെ പറ്റി തന്നെ അവ്യക്തതകളുണ്ടായിരുന്നു. എങ്കിലും രണ്ടാം ലോകമഹായുദ്ധത്തില്‍ അടക്കം ചൈനയുമായി അതിര്‍ത്തിതര്‍ക്കങ്ങള്‍ ഉണ്ടാകാത്തതുകൊണ്ട് അതാരും സാരമാക്കിയില്ല. സ്വാതന്ത്ര്യത്തിനു ശേഷം ലഡാക് പ്രവിശ്യ ഇന്ത്യയുടെ ഭാഗമായി നിലനിന്നു. 1954 ല്‍ പ്രധാനമന്ത്രി നെഹ്രുവും ചൈനീസ് പ്രധാനമന്ത്രി ചൗ എന്‍ ലായും ചേര്‍ന്ന് ഒപ്പു വെച്ച പഞ്ചശീല പ്രഖ്യാപനം ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനം ഉറപ്പുവരുത്തി. ചൈനയുടെ ടിബറ്റന്‍ അധിനിവേശവും ദലൈ ലാമയുടെ നേതൃത്വത്തില്‍ നടന്ന ചൈനാവിരുദ്ധ പ്രക്ഷോഭവും സ്ഥിതിഗതികളില്‍ മാറ്റം വരുത്തി. ദലൈ ലാമയുടെ പ്രക്ഷോഭത്തെ സാമ്രാജ്യത്വം പരസ്യമായി പിന്തുണച്ചു. ചൈന പുറത്താക്കിയ ദലൈ ലാമക്കും സംഘത്തിനും ഇന്ത്യ അഭയം നല്‍കിയത് ചൈനയുമായുള്ള ബന്ധം വഷളാക്കി, സാമ്രാജ്യത്വത്തിന് ഇടപെടാനുള്ള സൗകര്യമൊരുക്കുകയും ചെയ്തു.

ലഡാക്കിന്‍റെയും ടിബറ്റിന്‍റെയും അതിര്‍ത്തിയിലുള്ള അക്സയ് ചിന്‍  പ്രദേശത്തിനു മേല്‍ ചൈന അവകാശവാദം ഉന്നയിക്കുകയും 1959 ല്‍ പടനീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തുവെങ്കിലും അത് യുദ്ധമായി വളര്‍ന്നുവന്നില്ല. 1962 ല്‍ വടക്കു കിഴക്കന്‍ അതിര്‍ത്തിപ്രവിശ്യയില്‍ (ഇന്നത്തെ അരുണാചല്‍ പ്രദേശ്) ഇന്ത്യന്‍ പട്ടാളം സ്ഥാപിച്ച ഒരു ഔട്പോസ്റ്റ് പിന്‍വലിക്കണമെന്നു ചൈന ആവശ്യപ്പെടുകയും ചൈനീസ് പട്ടാളം അതിര്‍ത്തികടന്ന് ഏതാനും കിലോമീറ്റര്‍ ഉള്ളിലേക്ക് വരുകയും ചെയ്തു. ഏറെ താമസിയാതെ അവര്‍ പിന്‍വാങ്ങിയെങ്കിലും ഇന്ത്യ-ചൈന ശത്രുതയുടെ അന്തരീക്ഷം രൂപപ്പെടുകയുമായിരുന്നു. മക്മഹോന്‍ രേഖയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ട നിയന്ത്രണരേഖ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോള്‍) ഇരു രാജ്യങ്ങളും അംഗീകരിച്ചതോടെ യുദ്ധത്തിന് വിരാമമായി. പിന്നീട് 1975 ല്‍ വീണ്ടും രേഖകടന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായെങ്കിലും അതും വേഗം തന്നെ പരിഹരിക്കപ്പെട്ടു. 


ഇപ്പോഴത്തെ തര്‍ക്കമുണ്ടാകുന്നത് തികച്ചും വ്യത്യസ്തമായ സാഹചര്യത്തിലാണ്. ചൈനയുമായി നടന്ന ആദ്യസംഘട്ടനത്തിന്‍റെ കാലത്തു ചേരിചേരാരാജ്യങ്ങളുടെ  നേതൃനിരയിലാണ് ഇന്ത്യയുണ്ടായിരുന്നത്. ലോകത്തിലെ കൊളോണിയല്‍ വിരുദ്ധപോരാട്ടങ്ങളോടെല്ലാം ഇന്ത്യ ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. ഇതു കൂടാതെ കൊറിയന്‍ യുദ്ധം, വിയറ്റ്നാമിലെ  അമേരിക്കന്‍ അധിനിവേശം, ക്യൂബക്കെതിരെ അമേരിക്ക നടത്തിയ ബേ ഓഫ് പിഗ്സ് ആക്രമണം തുടങ്ങിയവക്കെല്ലാം ഇന്ത്യ എതിര്‍പ്പു പ്രകടിപ്പിക്കുകയും ഇസ്രയേലിന്‍റെനീക്കങ്ങള്‍ക്കെതിരെ അറബിരാജ്യങ്ങളുമായി സൗഹൃദം നിലനിര്‍ത്തുകയും ചെയ്തു. ഈ സാഹചര്യങ്ങളിലാണ് ഇന്ത്യയും ചൈനയുമായുള്ള തര്‍ക്കമുണ്ടായത് എന്നതുകൊണ്ടുതന്നെ നിരവധിരാജ്യങ്ങള്‍ സമാധാനശ്രമങ്ങളുമായി മുന്നോട്ടു വന്നു. 1962 ല്‍ കൊളോമ്പോയില്‍ ചേര്‍ന്ന സമ്മേളനം നല്‍കിയ സമാധാനനിര്‍ദേശങ്ങള്‍ ഉദാഹരണമാണ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ വിദേശനയം വന്‍തോതില്‍ മാറിയിരിക്കുന്നു. ഇന്ത്യയുടെ സാമ്രാജ്യത്വവിരുദ്ധ നയം പൂര്‍ണമായി ഉപേക്ഷിച്ചിരിക്കുന്നു എന്നു മാത്രമല്ല, അമേരിക്കന്‍ സാമ്രാജ്യത്വവുമായി പരസ്യമായ സന്ധിയില്‍ ഏര്‍പ്പെടാനും ഇന്ത്യക്ക് ഒരു മടിയുമില്ല. അമേരിക്കയുടെ പശ്ചിമേഷ്യയിലെ ചട്ടുകമായ ഇസ്രയേലുമായുള്ള ചങ്ങാത്തം ഉദാഹരണമാണ്. ലോക സമാധാനത്തിനുവേണ്ടി നിലകൊണ്ട ഇന്ത്യ ഇപ്പോള്‍ അയല്‍ രാജ്യങ്ങളുമായെല്ലാം കലഹത്തിലാണ്. പാകിസ്താനുമായി തുടര്‍ച്ചയായി നടക്കുന്ന അതിര്‍ത്തി സംഘര്‍ഷങ്ങള്‍ ഉദാഹരണമാണ്. മുസ്ലിങ്ങളെ ഭീകരരായി ചിത്രീകരിച്ചുകൊണ്ടുള്ള അമേരിക്കന്‍ ഭരണകൂടത്തിന്‍റെ നിലപാടുകളോട് പൂര്‍ണമായ ഐക്യദാര്‍ഢ്യമാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്. മോഡിയുടെ ഹിന്ദുത്വസര്‍ക്കാരിന്‍റെ മുസ്ലീം വിരുദ്ധത പാകിസ്താനുമായുള്ള അതിര്‍ത്തിയിലെ പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ പുല്‍വാമയിലെ ബോംബ് സ്ഫോടനവും അതിനെ മോഡി സര്‍ക്കാര്‍ നേരിട്ട വിധവും ഇതിനെയാണ് കാണിച്ചത്. അതിനു ശേഷമാണ് കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദുചെയ്യാനും ജമ്മു കാശ്മീര്‍ സംസ്ഥാനത്തെ വെട്ടി മുറിച്ച് രണ്ടാക്കാനുമുള്ള നീക്കം. അതില്‍ പാക് അധീന കാശ്മീരിനോടും ചൈനയോടും തൊട്ടു കിടക്കുന്ന ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കി അവിടെ സൈന്യത്തെ വിന്യസിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം തന്നെ ഇന്ത്യയുടെ സൈനികനയം വ്യക്തമാക്കുന്നതാണ്. സമാധാനപ്രേമിയായ ഇന്ത്യക്കു പകരം അടിക്കു തിരിച്ചടി എന്ന നിലയില്‍ മുന്നോട്ടു നീങ്ങുന്ന മറ്റൊരു ഇന്ത്യയിലാണ് നാം ഇന്നു ജീവിക്കുന്നത്. അതിനു ജനസമ്മതി ലഭിക്കുന്ന രീതിയിലുള്ള തീവ്ര ഹൈന്ദവ ദേശീയതയുടെ പ്രചാരണവും കാണാം. 
വ്യവസ്ഥാപിതമായ ഒരു ദേശീയരാഷ്ട്രമെന്ന  നിലയില്‍ ഇന്ത്യയുടെ അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ട് എന്നതില്‍ രണ്ടഭിപ്രായം ഉണ്ടാകാന്‍ ഇടയില്ല. ചൈനയായാലും പാകിസ്താനായാലും നേപ്പാളായാലും അതിര്‍ത്തികള്‍ ലംഘിച്ചു പ്രദേശങ്ങള്‍ കയ്യേറുന്നത് അംഗീകരിക്കാനാവില്ല. അതിനാണ് രണ്ടു രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തികളെക്കുറിച്ചും അതിലൂടെ നടക്കുന്ന സഞ്ചാരത്തെക്കുറിച്ചും ധാരണകളുണ്ടാക്കുന്നത്. ഈ ധാരണകള്‍ പാലിക്കാന്‍ ഇരുരാജ്യങ്ങളും ബാധ്യസ്ഥമാണ്. ധാരണകളെ കുറിച്ച് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ പരസ്പരചര്‍ച്ചകളിലൂടെ അവ പരിഹരിക്കപ്പെടണം.

ഇത്തരം ചര്‍ച്ചകളും ധാരണകളും സുരക്ഷാരീതികളും എല്ലാം പരാജയപ്പെടുമ്പോള്‍ നടത്താവുന്ന അന്തിമ ആയുധമായി മാത്രമേ യുദ്ധത്തെ കാണാവൂ.  ഇപ്പോള്‍ നടക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങളില്‍ ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ ആരംഭിച്ചു എന്നത് ശുഭോദര്‍ക്കമാണ്. ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ തന്നെയാണ് ഏവരും ശ്രമിക്കേണ്ടത്. അത്തരം ശ്രമങ്ങള്‍ നടക്കുമ്പോള്‍ തന്നെ ശത്രുത പ്രകടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചര്‍ച്ചകളെ സഹായിക്കുകയാണോ ചെയ്യുന്നത് എന്നും പരിശോധിക്കേണ്ടതാണ്. വിവരം ചോര്‍ത്തുന്നു എന്ന പേരില്‍ ചില ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് അത്തരത്തില്‍ ഒരു നീക്കമാണ്. കോവിഡിനെതിരേ പോരാട്ടം നടക്കുമ്പോള്‍ തന്നെയുള്ള പ്രധാനമന്ത്രിയുടെ ലഡാക് സന്ദര്‍ശനം എതിര്‍ പക്ഷം ഒരു അക്രമ സൂചനയായി വ്യാഖ്യാനിച്ചാല്‍ അത്ഭുതപ്പെടാനില്ല. 


കോവിഡിനെതിരായ പ്രതിരോധത്തില്‍ ഇന്ത്യയും ചൈനയും പാകിസ്താനും നേപ്പാളുമടക്കം എല്ലാ രാജ്യങ്ങളും ഏര്‍പ്പെട്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ ഏതെങ്കിലും വിധത്തില്‍ മഹാമാരിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ക്കായിരിക്കും ഓരോ രാജ്യവും മുന്‍കൈയെടുക്കുക. കാരണം ഏതെങ്കിലും രാജ്യത്തിന്‍റെയോ ജനവിഭാഗങ്ങളുടെയോ രാഷ്ട്രീയപാര്‍ടികളുടെയോ നേതാക്കളുടെയോ നിലനില്‍പ്പല്ല ഇവിടെ പ്രശ്നം, മനുഷ്യരാശിയുടെ നിലനില്‍പ്പിന്‍റേതാണ്. അത്തരം ഒരു സമയത്താണ് പകര്‍ച്ചവ്യാധി പരത്തുന്നത് ചൈനയുടെ ഗൂഢതന്ത്രമാണ് എന്ന അടിസ്ഥാനരഹിതമായ വാദവുമായി അമേരിക്ക ചൈനക്കെതിരെ പ്രചാരണത്തിനിറങ്ങുന്നത്. സാമ്രാജ്യത്വത്തിന്‍റെ സകലസന്നാഹങ്ങളുമുണ്ടായിട്ടും കൊവിഡില്‍ നിന്ന് സ്വന്തം ജനതയെ രക്ഷിക്കാന്‍ കഴിയാത്ത ഒരു ഭരണകൂടത്തിന്‍റെ ജാള്യത മറച്ചു വയ്ക്കാനും കുറ്റം മറ്റുള്ളവരുടെ മേല്‍ ചാരാനുമുള്ള കുടിലതന്ത്രമാണിത്. ലോകാരോഗ്യസംഘടനയില്‍ നിന്ന് സ്വന്തം ഓഹരി പിന്‍വലിക്കാനുള്ള അമേരിക്കന്‍ ഭരണകൂടത്തിന്‍റെ നീക്കം സംയുക്തമായ പ്രതിരോധത്തിന് അമേരിക്ക പുല്ലുവിലയാണ് കല്പിക്കുന്നത് എന്നതു തെളിയിക്കുന്നതാണ്. അതേ സമയം ലോകത്തിലെ എല്ലാ തര്‍ക്കങ്ങളിലും ഇടപെടാനും അമേരിക്കയ്ക്ക് ഇപ്പോഴും ഒരു മടിയുമില്ല. കോവിഡിനെ ചെറുക്കുന്നതില്‍ മോഡിയുടെ പ്രകടനവും നല്ലതല്ല. മഹാമാരി വ്യാപിക്കുമ്പോള്‍ പോലും ഒരു തയ്യാറെടുപ്പുമില്ലാതെ അന്തിച്ചു നില്‍ക്കുകയും അവസാനം കൃത്യമായ പ്ലാനില്ലാതെ ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയുമാണ് മോഡി സര്‍ക്കാര്‍ ചെയ്തത്. അതു സൃഷ്ടിച്ച അരക്ഷിതാവസ്ഥയില്‍ നിന്ന് ഇന്ത്യ ഇതുവരെ കരകയറിയിട്ടില്ല. ഇന്ത്യയിലെ പ്രധാനനഗരങ്ങളിലെ ജനങ്ങളെ മുഴുവന്‍ കോവിഡ് വേട്ടയാടുകയാണ്. ആഗസ്ത് 15 നു പുറത്തിറക്കുമെന്ന് പ്രഖ്യാപിക്കപ്പെടുന്ന ഒരു വാക്സിനാണ് ഇപ്പോള്‍ സര്‍ക്കാരിന്‍റെ പിടി വള്ളി. അങ്ങനെ ഒരു പ്രത്യേകദിവസം പുറത്തിറക്കുമെന്ന് അനൗന്‍സ് ചെയ്ത് ഒരു കണ്ടുപിടിത്തവും ലോകത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്തതു കൊണ്ട് ഈ വാക്സിന്‍ മറ്റൊരു ലോകാത്ഭുതമായിരിക്കും. ഇത്രയും പെട്ടെന്ന് ഒരു വാക്സിനും ഉണ്ടാകാന്‍ സാധ്യതയില്ലെന്നുതന്നെയാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ഇത്തരത്തില്‍ നടത്തുന്ന കൗശലപ്പണികളില്‍ നിന്ന് രക്ഷപ്പെടാന്‍ ചൈനയുമായുള്ള യുദ്ധസന്നാഹം ഒരു കച്ചിത്തുരുമ്പായിരിക്കും. 


അതായത് ട്രംപും മോഡിയും ഒരേ വിധത്തിലാണ് ചിന്തിക്കുന്നത് എന്നര്‍ത്ഥം.മനുഷ്യരാശിയെ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ഒന്നിച്ച് നില്‍ക്കുകയും അതിനു വേണ്ട എല്ലാ ശ്രമങ്ങളുംനടത്തുകയും ചെയ്യുന്നതിനു പകരം സ്വന്തം അധികാരരൂപങ്ങളെ നിലനിര്‍ത്താനുള്ള ചവിട്ടുപടിയായി മനുഷ്യരെ കാണുന്നത് നമ്മുടെ ഭരണാധികാരിവര്‍ഗങ്ങള്‍ എത്ര ചെറിയ ജീവികളാണെന്നു മാത്രമാണ് കാണിക്കുന്നത്. ഒരു ദുരന്തത്തില്‍ നിന്ന് ഇപ്പോഴും രക്ഷപ്പെട്ടിട്ടില്ലാത്ത കോടിക്കണക്കിനു മനുഷ്യരെ യുദ്ധം എന്ന മറ്റൊരു ദുരന്തത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള ഭരണാധികാരികളുടെ വെറി ഇന്നത്തെ സാഹചര്യത്തില്‍ സ്വീകാര്യമല്ല. എത്രയും വേഗം ഇന്ത്യ ചൈനയുമായും മറ്റ് അയല്‍രാജ്യങ്ങളുമായും സമാധാനപരമായ ബന്ധം പുനഃസ്ഥാപിക്കുകയാണ് വേണ്ടത്. അതുപോലെ ചൈനക്കെതിരെ പടപ്പുറപ്പാടിന് നടക്കാതെ എല്ലാ രാഷ്ട്രങ്ങളും ഒന്നിച്ചുനിന്ന് പോരാടുന്നതിനുള്ള സാദ്ധ്യതകള്‍ ഒരുക്കുകയാണ് വേണ്ടത്. അതിനു ലോകാരോഗ്യസംഘടനയെപ്പോലുള്ള പൊതു വേദികളെ ശക്തിപ്പെടുത്തുകയാണ് ഇന്നത്തെ ആവശ്യം. വാക്സിന്‍റെ നിര്‍മാണം പോലും ഏതെങ്കിലും രാഷ്ട്രത്തിന്‍റെയോ കോര്‍പ്പറേറ്റ് കുത്തകയുടെയോ താല്പര്യത്തിനു വിടാതെ ലോകാരോഗ്യസംഘടന നേരിട്ടാണ് ഏറ്റെടുക്കേണ്ടത്. മനുഷ്യരാശിക്ക് ഇപ്പോള്‍ വേണ്ടത് സമാധാനപരമായ അന്തരീക്ഷവും ആരോഗ്യകരമായ നിലനില്‍പ്പിനുള്ള സംവിധാനങ്ങളുമാണ്. തീവ്രദേശീയതാല്പര്യങ്ങളുടെയും സാമ്രാജ്യത്വതാല്‍പര്യങ്ങളുടെയും  പേരില്‍ ഇളക്കി വിടുന്ന യുദ്ധവെറി അത്തരമൊരു അന്തരീക്ഷത്തെ സൃഷ്ടിക്കുന്നതിനുള്ള സാധ്യതകളെ തകര്‍ക്കുകയാണ് ചെയ്യുക.