ലാറ്റിനമേരിക്ക വിപ്ലവവും പ്രതിവിപ്ലവവും
ജി വിജയകുമാര്‍
ലോകത്ത് ഏറ്റവുമധികം സമാധാനത്തോടെ ജീവിക്കുന്ന, ഏറ്റവും സന്തുഷ്ടരായ ജനത ഏതു രാജ്യത്തുള്ളവരാണ്? ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താനാണ് അഭിപ്രായ സര്‍വെകള്‍ നടത്തുന്ന ഗാലപ്പ് എന്ന ലോകപ്രശസ്ത സ്ഥാപനം 2023 ജനുവരി ആദ്യം ശ്രമിച്ചത്. 122 രാജ്യങ്ങളില്‍ ഗാലപ്പ് നടത്തിയ സര്‍വെയില്‍ കണ്ടെത്തിയത് നിക്കരാഗ്വയിലെ ജനങ്ങളാണ് ലോകത്ത് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് എന്നാണ്. ചൈനയെയും വിയത്നാമിനെയും ക്യൂബയെയും മറ്റും -സോഷ്യലിസത്തിലേക്ക് നീങ്ങുന്ന രാജ്യങ്ങളെ - ഒഴിവാക്കിയിട്ട് നടത്തിയതാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ സര്‍വെ.
നിക്കരാഗ്വ ഒന്നാമത്
നിക്കരാഗ്വയിലെ 73 ശതമാനത്തിലേറെ ആളുകളും സമാധാനത്തോടെയാണ് സദാ ജീവിക്കുന്നത് എന്നു കണ്ടെത്തിയ ഗാലപ്പ് ഇക്കാര്യത്തിലെ ലോക ശരാശരി 34 ശതമാനമാണെന്നും അമേരിക്കയില്‍ അത് 28 ശതമാനവും കാനഡയില്‍ 26 ശതമാനവുമാണെന്നും കണ്ടെത്തി. അമേരിക്ക കരിമ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ള രാജ്യങ്ങളിലൊന്നാണ് സാന്‍ഡിനിസ്റ്റ പ്രസ്ഥാനം അധികാരത്തിലിരിക്കുന്ന, അമേരിക്ക സ്വേച്ഛാധിപതിയെന്ന് വിശേഷിപ്പിച്ച് അധിക്ഷേപിക്കുന്ന ഡാനിയല്‍ ഒര്‍ട്ടേഗ പ്രസിഡന്റായിട്ടുള്ള നിക്കരാഗ്വ. 77.4 ശതമാനം ജനങ്ങളുടെ പിന്തുണയുള്ള, കൃത്യമായി ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ ഒര്ട്ടേഗയെയാണ് അമേരിക്കയും ശിങ്കിടികളും അവയുടെ മാധ്യമങ്ങളും സ്വേച്ഛാധിപതിയായി ചിത്രീകരിക്കുന്നത്. (എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ബൈഡന് അമേരിക്കന്‍ ജനതയില്‍ 37 ശതമാനത്തിന്റെ മാത്രം പിന്തുണയേയുള്ളൂവെന്നാണ് വിവിധ സര്‍വെ ഫലങ്ങള്‍ കാണിക്കുന്നത്) ലാറ്റിനമേരിക്കയില്‍ ഇടതുപക്ഷം അധികാരത്തിലുള്ള ഹോണ്ടുറാസും കൊളംബിയയുമെല്ലാം ജനങ്ങളുടെ സന്തുഷ്ടിയുടെയും സമാധാനത്തിന്റെയും കാര്യത്തില്‍ ലോകത്ത് മുന്‍നിരയിലാണ്.
2018ല്‍ ചാരസംഘടനകളുടെ ഇടപെടല്‍വഴി അമേരിക്ക, നിക്കരാഗ്വയില്‍ സൈനിക അട്ടിമറിക്ക് ശ്രമിച്ച് പരാജയപ്പെട്ടതാണ്. അമേരിക്കക്കാരെ നിക്കരാഗ്വയിലേക്ക് പോകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന് ഔദ്യോഗികമായി വന്‍ പ്രചാരണമാണ് നടത്തുന്നത്. പട്ടിണി ഇല്ലാതാക്കാനും ദാരിദ്ര്യവും സാമ്പത്തിക അസമത്വവും കുറച്ചുകൊണ്ടുവരാനും സൗജന്യവും സാര്‍വത്രികവുമായ ആരോഗ്യപരിചരണവും വിദ്യാഭ്യാസവും ലഭ്യമാക്കാനും ചിട്ടയായ പ്രവര്‍ത്തനം നടത്തുന്ന ഭരണമാണ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തില്‍ നിക്കരാഗ്വയില്‍ നടക്കുന്നത്. അതിന്റെ സ്വാഭാവികമായ അനന്തരഫലമാണ് ജനങ്ങളില്‍ നിലനില്‍ക്കുന്ന സന്തോഷവും സമാധാനവും. ലിംഗ സമത്വവും അധികാരകേന്ദ്രങ്ങളില്‍ ഉയര്‍ന്ന സ്ത്രീ പ്രാതിനിധ്യവുമുള്ള രാജ്യമാണ് നിക്കരാഗ്വ . അങ്ങനെ എല്ലാവിധത്തിലും ജനങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും സമാധാനവും നല്കുന്ന ഭരണം തുടരാന്‍ അനുവദിക്കില്ലെ മൂലധനശക്തികളുടെ, സാമ്രാജ്യത്വത്തിന്റെ നിലപാടാണ് നിക്കരാഗ്വയിലും ലാറ്റിനമേരിക്കയിലാകെയും സംഘടിപ്പിക്കപ്പെടുന്ന അട്ടിമറികളില്‍ പ്രതിഫലിക്കുന്നത്.
ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് വെനസ്വേല
1998ല്‍ വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസ് അധികാരത്തിലെത്തിയതോടെയാണ് ലാറ്റിനമേരിക്കയില്‍ ഒന്നാം ഇളംചുവപ്പ് (പിങ്ക്) തരംഗത്തിന് തുടക്കമായത്. ഷാവേസ് ഗവണ്മെന്റ് അധികാരത്തിലെത്തിയതിനെതുടര്ന്ന് നിലവിലെ നവലിബറല്‍ സ്വഭാവമുള്ള ഭരണഘടന കൂടുതല്‍ ജനപക്ഷവും ജനാധിപത്യപരവുമായി പൊളിച്ചെഴുതുന്നതിന് ഹിതപരിശോധനയിലൂടെ ജനങ്ങളുടെ അംഗീകാരം നേടിയെടുത്തു. അതുപ്രകാരം പുതിയ കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയെ തിരഞ്ഞെടുക്കുകയും ആ അസംബ്ലി തയ്യാറാക്കിയ ഭരണഘടനയ്ക്ക് വീണ്ടും ഹിതപരിശോധനയിലൂടെ ജനങ്ങളുടെ അംഗീകാരം ലഭിക്കുകയും ചെയ്തു. പുതിയ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ ജനവിധി നേടിയ ഷാവേസ്, ദാരിദ്ര്യവും നിരക്ഷരതയും അകറ്റാന്വേണ്ട പരിപാടികള്‍ക്ക് മുന്‍ഗണന നല്കി നടപ്പാക്കി. അതുപോലെ ഭൂപരിഷ്കരണം, പൊതുമേഖല എന്നിവയ്ക്കും അധികാരസ്ഥാനങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തിനും വേണ്ട നടപടികള്‍ തുടങ്ങി. തൃണമൂല തലത്തില്‍ ജനാധിപത്യം സുസ്ഥാപിതമാക്കാന്‍ വേണ്ട സമീപനവും സ്വീകരിച്ചു. അന്നുമുതല്‍ തുടങ്ങിയതാണ് ഷാവേസിനു നേരെ സ്വേച്ഛാധിപതി എന്നുള്ള അധിക്ഷേപം. ഷാവേസിന്റെ പിന്‍ഗാമിയായി നിക്കൊളാസ് മദൂറൊ തിരഞ്ഞെടുക്കപ്പെട്ടപ്പോഴും പ്രതിവിപ്ലവശക്തികളുടെ സ്വേച്ഛാധിപത്യാരോപണം തുടര്‍ന്നു. ഈ രണ്ടു ഘട്ടങ്ങളിലും വെറുതെ ആരോപണമുന്നയിക്കല്‍ മാത്രമായിരുന്നില്ല, നിരന്തരം അട്ടിമറിശ്രമങ്ങള്‍ ഒന്നിനു പിറകെ ഒന്നായി നടപ്പാക്കിക്കൊണ്ടുമിരുന്നു.
ഇതിനെയെല്ലാം അതിജീവിച്ചാണ് ജനങ്ങളുടെ പിന്തുണയെ മാത്രം ആശ്രയിച്ച്, വീണ്ടും വീണ്ടും ജനവിധി നേടി വെനസ്വേലയില്‍ ഇടതുപക്ഷ ഭരണം നിലനില്‍ക്കുന്നത്, തുടരുന്നത്. ഭക്ഷ്യസാധനങ്ങളുടെ ദൗര്‍ലഭ്യമാണ് വെനസ്വേലയിലെ ഇടതുപക്ഷ ഭരണത്തിനെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ കുറച്ചുനാളുകള്ക്കുമുമ്പുവരെ വലതുപക്ഷം ആയുധമാക്കിയത്. കഴിഞ്ഞ 100 വര്‍ഷത്തിലേറെയായി വെനസ്വേലയില്‍ ആവശ്യമായതിന്റെ 80 ശതമാനം ഭക്ഷ്യസാധനങ്ങളും ഇറക്കുമതി ചെയ്യുകയായിരുന്നു. അമേരിക്കയും സഖ്യകക്ഷികളും വെനസ്വേലയ്ക്കുമേല്‍ അടിച്ചേല്‍പ്പിച്ച സാമ്പത്തിക ഉപരോധവും ആഭ്യന്തരമായി കൊള്ളലാഭക്കാരും വലതുപക്ഷ രാഷ്ട്രീയക്കാരുടെ പിന്തുണക്കാരുമായ വന്‍കിട കച്ചവടക്കാര്‍ ഭക്ഷ്യസാധനങ്ങള്‍ പൂഴ്ത്തിവച്ചതും കൂടിയായപ്പോള്‍ ക്ഷാമം രൂക്ഷമാവുകയും ജനങ്ങളില്‍ അത് ആശങ്കപടര്ത്തുകയും ചെയ്തു. ഈ സാഹചര്യമാണ് ഒരു വിഭാഗം ജനങ്ങളെയെങ്കിലും തെറ്റിദ്ധരിപ്പിച്ച് ഇടയ്ക്കെല്ലാം തങ്ങള്‍ക്കൊപ്പം കൂട്ടാന്‍ വലതുപക്ഷം ആയുധമാക്കിയത്. അതിനെയെല്ലാം അതിജീവിക്കാന്‍ മദുറോയുടെ നേതൃത്വത്തില്‍ വെനസ്വേലയ്ക്കു കഴിഞ്ഞു.
ഇപ്പോള്‍, പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ പുറത്തുവന്ന വാര്‍ത്തകളിലൊന്ന് 2022ല്‍ വെനസ്വേലയ്ക്ക് ആവശ്യമായതിന്റെ 94 ശതമാനം ഭക്ഷ്യസാധനങ്ങളും അവിടെ ഉല്പ്പാദിപ്പിച്ചുവെന്നതാണ്. പ്രസിഡന്റ് മദുറൊ തന്നെ പുതുവര്‍ഷാരംഭത്തില്‍ മാധ്യമപ്രവര്‍ത്തകനായ ഇഗ്നേഷ്യോ റമോണെറ്റിനു നല്കിയ അഭിമുഖത്തില്‍ ഇക്കാര്യം അഭിമാനത്തോടെ പ്രഖ്യാപിക്കുകയാണുണ്ടായത്. വെനസ്വേലന്‍ സമ്പദ്ഘടനയുടെ നട്ടെല്ലായ എണ്ണ വ്യവസായത്തെയും എല്ലാ ഉല്‍പ്പാദനോപകരണങ്ങളെയും പ്രതികൂലമായി ബാധിച്ച അമേരിക്കയുടെ കണ്ണില്‍ ചോരയില്ലാത്ത സാമ്പത്തിക ഉപരോധത്തിന്റെ നടുവില്‍ നിന്നാണ് വെനസ്വേല ഭക്ഷ്യസ്വയംപര്യാപ്തത നേടിയത്. എണ്ണയെ ആശ്രയിച്ചുള്ള സമ്പദ്ഘടനയിലേക്ക് തിരിച്ചുപോക്കല്ല, മുതലാളിത്ത മാതൃകയില്‍ നിന്ന് മോചനം നേടുകയാണ് ലക്ഷ്യമെന്നും മദുറൊ പറഞ്ഞു. 2022ല്‍ ഭക്ഷ്യസ്വയം പര്യാപ്തതയിലേക്കുള്ള ചുവടുവയ്പ് മാത്രമായിരുന്നില്ല, അസാധ്യമെന്ന് കരുതിയിരുന്ന, വെനസ്വേലയെ ഒരു ശാപംപോലെ ഗ്രസിച്ചിരുന്ന നാണയപ്പെരുപ്പത്തെ പരാജയപ്പെടുത്താനും മദുറൊ ഗവണ്മെന്റിന് കഴിഞ്ഞു. മാത്രമല്ല, കഴിഞ്ഞ വര്‍ഷം 19 ശതമാനം സാമ്പത്തികവളര്‍ച്ച കൈവരിക്കുകയും ചെയ്തു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വളര്ച്ചാനിരക്കുമാണിത്.
എന്നാല്‍ ഇപ്പോള്‍ വെനസ്വേല കൈവരിച്ച വളര്‍ച്ച ശാശ്വതമായി നിലനില്‍ക്കുമെന്ന അവകാശവാദമൊന്നും മദുറൊ മുന്നോട്ടുവയ്ക്കുന്നില്ല. ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത് പ്രത്യേകിച്ച്, കാര്‍ഷികരംഗത്തെ ഈ "മഹാത്ഭുതം" സാധ്യമാക്കിയതിനുപിന്നില് പ്രവര്‍ത്തിച്ച ഘടകങ്ങളെന്താണ്? നൂറുകണക്കിന് ചെറുകിട ഉല്‍പ്പാദകരെ, ഗ്രാമീണ സംരംഭകരെ അണിനിരത്തി ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ഉല്പ്പാദിപ്പിക്കപ്പെട്ടതാകെ ഇടനിലക്കാരെക്കൂടാതെ വിപണിയിലെത്തിച്ച് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്ന മാതൃക നടപ്പാക്കിയതാണ് ഈ നേട്ടത്തിനു കാരണമായ മുഖ്യഘടകം. ബൊളിവേറിയന്‍ സാമ്പത്തിക അജന്‍ഡ നടപ്പാക്കുന്നതിനായുള്ള ആദ്യചുവടുവയ്പാണിത്. രണ്ടാമത്തേത് പുതിയ ഒരു വെനസ്വേലന്‍ വിനിമയ സമ്പ്രദായം സ്ഥാപിച്ചതാണ്. വെനസ്വേലയിലെ വ്യാവസായിക സംവിധാനത്തെയും കാര്‍ഷികോല്‍പ്പാദന സംവിധാനത്തെയും ബാങ്കിങ് സംവിധാനത്തെയുമാകെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ഒരു കൂട്ടം തീരുമാനങ്ങളും നടപടികളുമാണ് മൂന്നാമത്തേത്. വെനസ്വേലയുടെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയമേഖലകളുടെയാകെ പൊതുസമ്മതി പ്രകാരമുള്ള നടപടികളും നയങ്ങളുമാണ് ഇവയെല്ലാം. സംവാദങ്ങളില്‍നിന്നും പൊതുചര്‍ച്ചകളില്‍ നിന്നും ഉരുത്തിരിഞ്ഞുവന്നവയാണ് ഇവയാകെ. വെനസ്വേലയ്ക്കുമേല്‍ അമേരിക്കയും കൂട്ടരും അടിച്ചേല്‍പ്പിച്ച ഉപരോധത്തിന്റെ കെടുതികളില്‍ നിന്നും കരകയറാനുള്ള അടിത്തറയാണ് ഈ നയങ്ങളിലൂടെ മദുറൊ ഗവണ്മെന്റ് പാകിയിരിക്കുന്നത്. അതിന്റേതായ മുന്നോട്ടുപോക്ക് സമ്പദ്ഘടനയുടെ സമസ്ത മേഖലകളിലും ഉണ്ടായിരിക്കുന്നുവെന്നതാണ് വസ്തുത.
കൊളംബിയ വൈസ് പ്രസിഡന്റിനുനേരെ
വധശ്രമം
സാമ്രാജ്യത്വത്തിന്റെയും പിന്തിരിപ്പന് ശക്തികളുടെയും മയക്കുമരുന്ന് മാഫിയയുടെയും ലാറ്റിനമേരിക്കയിലെ നെടുങ്കോട്ടയും താവളവുമായി അറിയപ്പെട്ടിരുന്ന കൊളംബിയ ഇടതുപക്ഷത്തേക്ക് എത്തിയത് 2022ല്‍ നടന്ന തിരഞ്ഞെടുപ്പോടെയാണ്. ഒരു നൂറ്റാണ്ടിലേറെയായി ഭൂപ്രഭുക്കളുടെയും ക്രിമിനല്‍ മൂലധനത്തിന്റെയും ചവിട്ടടിയില്‍ പെട്ടിരുന്ന കൊളംബിയന്‍ ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് 2022ലെ വിഭാഗങ്ങളും പട്ടാളവും ഏറെക്കുറെ ഒരു വശത്തും ഇടതുപക്ഷ ഗറില്ലാ സംഘടനകള്‍ മറുവശത്തുമായുളള ആഭ്യന്തരയുദ്ധത്തിനും അറുതിയാവുകയാണ്- 5 ലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെടുകയും 80 ലക്ഷത്തിലേറെ ആളുകള്‍ക്ക് നാടും വീടും നഷ്ടപ്പെടുകയും ചെയ്ത ഭീകരമായ അവസ്ഥയില്‍ നിന്നാണ് മെല്ലെ കൊളംബിയ കരകയറാനാരംഭിക്കുന്നത്.
2022 ജൂണ്‍ 19നാണ് റിയല്‍ എസ്റ്റേറ്റ് ബിനിനസുകാരനായ റുഡോള്‍ഫോ ഹെര്‍ണാണ്ടസിനെ 50 ശതമാനത്തിലധികം വോട്ടുനേടി പരാജയപ്പെടുത്തി, മുന്ഗറില്ലാ പോരാളിയും ബൊഗോട്ടൊ മേയറുമായ ഗുസ്താവൊ പെത്രോ കൊളംബിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. നിയമവാഴ്ച തന്നെ തകര്‍ക്കപ്പെട്ട അവസ്ഥയും പൊതുസേവനങ്ങളുടെ അഭാവവും പെരുകി വരുന്ന, സാമൂഹിക-സാമ്പത്തിക അസമത്വവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന പൊതുകടവും യുവാക്കള്‍ക്കിടയിലെ ഉയര്‍ന്ന തൊഴിലില്ലായ്മയും കൊളംബിയയുടെ അതിര്‍ത്തിക്കുള്ളിലെ ആമസോണ്കാടുകള് വെട്ടിനശിപ്പിക്കപ്പെടുന്നതുമായ ഒരു അവസ്ഥയാണ് രാജ്യത്ത് നിലനിന്നത്. ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ബാധ്യസ്ഥമായാണ് 2022 ആഗസ്തില്‍ പെത്രോ അധികാരമേറ്റത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും വ്യക്തമായ ഭൂരിപക്ഷം ഇല്ലയെന്നതും പ്രതിസന്ധിയാണ്.
കൊളംബിയയിലെ പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനും പുരോഗമനവാദിയുമായ ഹോസെ ആന്റോണിയൊ ഒകാംബോയെ ധനമന്ത്രിയായി നിശ്ചയിച്ചതും തന്റെ മുന്‍ഗണന അസമത്വത്തിന് പരിഹാരം കാണലും പരിസ്ഥിതി സംരക്ഷിക്കലുമാണെന്ന് പ്രഖ്യാപിച്ചതും നല്ല തുടക്കമായി കാണാനാവും. കൊളംബിയയില്‍ ആദായനികുതി വെറും 5 ശതമാനം ജനങ്ങളില്‍നിന്നു മാത്രമാണ് ഈടാക്കിയിരുന്നത്. അതിസമ്പന്നര്‍ക്കും കോര്‍പറേറ്റുകള്‍ക്കും ആവോളം ഇളവുകള്‍ നല്‍കുകയും ചെയ്തിരുന്നു. ഈ മേഖലകളില്‍ പിടിമുറുക്കി രാജ്യത്തിന്റെ സാമ്പത്തികനില ഭദ്രമാക്കലാണ് പെത്രോയുടെയും പുതിയ ധനമന്ത്രിയുടെയും അടിയന്തര കടമ. അതിനുള്ള നടപടികളും ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആരംഭിച്ചുകഴിഞ്ഞു. തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയും തന്റെ ചേരിയുടെ ദുര്‍ബലത പരിഗണിച്ചുമാണ്, പാര്‍ലമെന്ററി ഭൂരിപക്ഷം ഉറപ്പാക്കാനായി യാഥാസ്ഥിതിക ചേരിയിലെ അല്‍വാറൊ ലേയ്വയെ വിദേശകാര്യമന്ത്രിയായും മുന്‍ മധ്യ വലതുഗവണ്മെന്റുകളില് മന്ത്രിയായിരുന്ന അലജാന്ദ്രോ ഗവീറയെ വിദ്യാഭ്യാസമന്ത്രിയായും നിയമിച്ച് പെത്രോ തന്റെ ചുവടുറപ്പിച്ചത്. താഴെ തട്ടിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുമായും ഇപ്പോഴും ഗറില്ല പോരാട്ടം തുടരുന്ന ചില സംഘങ്ങളുമായും സമാന്തരമായി ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ശ്രമിക്കുന്നുണ്ട്. ഹുവാന്‍ മാനുവല്‍ സാന്തോസിന്റെ ഭരണകാലത്ത് തുടങ്ങിവെച്ചതും ഐവാന്‍ ദുഖെ അധികാരത്തിലെത്തിയതോടെ ഉപേക്ഷിച്ചതുമായ നാഷണല്‍ ലിബറേഷന്‍ ആര്‍മി (ഇഎല്‍എന്‍)യുമായുള്ള സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ചു. 2022 ഡിസംബറില്‍ വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസില്‍വച്ച് ആദ്യവട്ട ചര്‍ച്ച നടത്തിക്കഴിഞ്ഞു. അഭിഭാഷകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ, ആഫ്രോ-കൊളംബിയന്‍ വംശജയായ, പുതിയ വൈസ്പ്രസിഡന്റ് ഫാന്ഷ്യമാര്ക്വസിനുനേരെ ആവര്‍ത്തിച്ചുനടക്കുന്ന വധശ്രമം പ്രതിലോമ ശക്തികളുടെ അങ്കലാപ്പിന്റെ സൂചനയാണ്. കൊളംബിയയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പെത്രോയുടെ ഭരണത്തിന് സാധിച്ചാല്‍ തീവ്രവലതുപക്ഷത്തിന്റെ മേല്‍വിലാസം തന്നെ നഷ്ടപ്പെടുമെന്നു മാത്രമല്ല, സ്വേച്ഛാധിപത്യവലതുപക്ഷ വാഴ്ചകള്‍ക്കു കീഴില്‍ കൊഴുത്തുതടിച്ചിരുന്ന, പാവപ്പെട്ട മനുഷ്യരുടെ ചോരയൂറ്റിക്കുടിച്ച് വീര്‍ത്തുവന്ന, മൂലധനശക്തികളുടെ കൊള്ളകള്‍ക്ക് മൂക്കുകയര്‍ ഇടപ്പെടുമെന്നും അവ തിരിച്ചറിയുന്നുണ്ട്. അതാണ് ഈ ഭരണത്തെ മുളയിലേ നുള്ളാനുള്ള തീവ്രപരിശ്രമം സാമ്രാജ്യത്വശക്തികളുടെ പിന്‍ബലത്തില്‍ കൊളംബിയന്‍ ഭരണവര്‍ഗം എന്തുകടുംകൈയും ചെയ്യാന്‍ തയ്യാറാകുന്നതിന്റെ കാരണം.
2019 മുതല്‍ അവര്‍ക്കെതിരെ പല തവണ വധശ്രമം നടന്നിരുന്നു. 2022 ഏപ്രില്‍ മാസത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന വേളയില്‍ അഗ്വിലാസ് നീഗ്രാസ് (കറുത്ത കഴുകന്മാര്) എന്ന തീവ്രവലതുപക്ഷ സായുധസംഘം ഗുസ്താവൊ പെത്രോയും ഫ്രാന്ഷ്യാ മാര്‍ക്വെസും ഉള്‍പ്പെടെയുള്ള ഹിസ്റ്റോറിക് പാക്ട് സഖ്യത്തിന്റെ നിരവധി നേതാക്കള്‍ക്കെതിരെ വധഭീഷണി ഉയര്‍ത്തി. (മൂലധനശക്തികള്‍ ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ ഏതൊക്കെ വേഷം കെട്ടും എന്നതിന്റെ ഉദാഹരണമാണിത്. കറുത്ത മനുഷ്യന്റെ പേരില്‍ ഫാസിസ്റ്റ് സ്വഭാവമുള്ള സംഘടനയുണ്ടാക്കി ഇടതുപക്ഷത്തെ നേതാക്കള്‍ക്കെതിരെ വധഭീഷണിയും വധശ്രമവും നടത്താനാണ് കൊളംബിയയില്‍ ഇക്കൂട്ടര്‍ ശ്രമിച്ചത്). മെയ് മാസത്തില്‍ മാര്‍ക്വെസ് ബൊഗോട്ടൊയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കെ ഒരു ലേസര്‍ ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മൂലധനശക്തികളും അതിന്റെ പിണിയാളുകളായ വലതുപക്ഷ രാഷ്ട്രീയക്കാരും ഇടതുപക്ഷത്തെ തകര്‍ക്കാന്‍ അതിന്റെ നേതാക്കളെ വ്യക്തിഹത്യ നടത്താനും കൊലപ്പെടുത്താനും വരെ മടിക്കില്ല എന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് നാം കൊളംബിയയില്‍ കാണുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരെയും തൊഴിലാളി-കര്‍ഷക സംഘടനാപ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും കറുത്തവരുടെയും ദേശീയരുടെയും പല സാമൂഹിക സംഘടനകളുടെയും പ്രവര്‍ത്തകരെയുമെല്ലാം വലതുപക്ഷത്തിന്റെയും മയക്കുമരുന്ന് മാഫിയയുടെയും സായുധ ഗുണ്ടാസംഘങ്ങള്‍ ആക്രമണലക്ഷ്യമാക്കുന്നത് കൊളംബിയയില്‍ പുത്തരിയല്ല.
പെറുവില്‍ അട്ടിമറിവാഴ്ചയ്ക്കെതിരെ ജനകീയപോരാട്ടം
2021 ജൂലൈയിലാണ് പെറു ലിബ്രെ (സ്വതന്ത്ര പെറു) പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ അധ്യാപകനും ട്രേഡ് യൂണിയന് നേതാവുമായ പെദ്രോ കാസ്റ്റിയോ പെറുവിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഒന്നരവര്‍ഷം പിന്നിടുന്നതിനകം, 2022 ഡിസംബര്‍ 7ന് സൈന്യത്തിന്റെയും പൊലീസിന്റെയും അമേരിക്കയുടെയും പിന്തുണയോടെ വലതുപക്ഷം അദ്ദേഹത്തെ അട്ടിമറിക്കുകയും ജയിലിലടയ്ക്കുകയും ചെയ്തു. അട്ടിമറികഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും അട്ടിമറിവാഴ്ചയ്ക്കെതിരായ ജനകീയപോരാട്ടം തുടരുകയാണ്. ലളിതമായ ഒരു മുദ്രാവാക്യം മുന്നോട്ടുവച്ചാണ് പെദ്രോ കാസ്റ്റിയൊ തിരഞ്ഞെടുപ്പിനെ നേരിട്ടത്- "സമ്പന്നമായ ഈ രാജ്യത്ത് ഇനിയൊരിക്കലും ദരിദ്രര്‍ ഉാവില്ല." ദശലക്ഷക്കണക്കിന് തൊഴിലാളികളെയും കര്‍ഷകരെയും, പ്രത്യേകിച്ച് പട്ടിണിപ്പാവങ്ങളായ ഖെച്വ, അയ്മാറ തുടങ്ങിയ തദ്ദേശീയ ജനവിഭാഗങ്ങളെ, ഈ മുദ്രാവാക്യം ഹഠാദാകര്ഷിച്ചതാണ് കാസ്റ്റിയൊയുടെ വിജയത്തിന് കാരണമായത്. ദരിദ്രരായ, പ്രത്യേകിച്ചും തദ്ദേശീയ ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജില്ലകളിലെ 80 ശതമാനം വോട്ടും പെദ്രോ കാസ്റ്റിയൊക്കാണ് ലഭിച്ചത്. ചെമ്പും സ്വര്‍ണവും വന്‍തോതിലുള്ള പെറുവിലെ ധാതുസമ്പത്താകെ വന്‍കിട ഖനികുത്തകകള് കൊള്ളയടിക്കുന്നതാണ് പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായ ആ രാജ്യത്തെ ജനങ്ങള്‍ പരമദരിദ്രരായിരിക്കാന് കാരണം. ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്ന് ശരിയായിത്തന്നെ സാധാരണജനത ചിന്തിച്ചു. അങ്ങനെയാണ് പെദ്രോ കാസ്റ്റിയൊ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. പക്ഷേ പെറൂവിയന്‍ മുതലാളിമാരും 17 ബഹുരാഷ്ട്ര കോര്‍പറേഷനുകളും ചേര്‍ന്ന പ്രഭുവര്ഗമാണ് പെറൂവിയന്‍ സമ്പദ്ഘടനയെയും മാധ്യമങ്ങളെയും ഭരണകൂടത്തെയും മുഖ്യരാഷ്ട്രീയകക്ഷികളെയും നിയന്ത്രിക്കുന്നത്.
ഖനികള്‍ സ്വന്തമാക്കിവച്ചിട്ടുള്ള ബഹുരാഷ്ട്ര കുത്തകകളുമായി ചര്‍ച്ച നടത്തി അവയില്‍നിന്നും രാജ്യത്തിന്റെ ഖജനാവിലേക്ക് കൂടുതല്‍ വരുമാനം സമാഹരിക്കുമെന്നും കമ്പനികള്‍ അതിനു വിസ്സമ്മതിച്ചാല്‍ ദേശസാല്‍ക്കരിക്കുമെന്നും അതുപോലെ കാമിസിയ ഗ്യാസ് ഫീല്‍ഡ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമാണ് മാര്‍ക്സിസം- ലെനിനിസത്തിലും മരിയാത്വഗിയുടെ ചിന്തയിലും വിശ്വസിക്കുന്ന, തൊഴിലാളി സംഘടനാ പ്രവര്‍ത്തകനായ പെദ്രോ കാസ്റ്റിയൊ ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനം. അതുകൊണ്ടുതന്നെ അദ്ദേഹം തിരഞ്ഞെടുക്കപ്പെടാതിരിക്കാന്‍ പഠിച്ചപണി പതിനെട്ടും പയറ്റിയ മൂലധനശക്തികള്‍, അദ്ദേഹം ജയിച്ചിട്ടും ആ വിജയം അംഗീകരിക്കാന്‍ തയ്യാറാകാതെ പരാജയപ്പെട്ട തങ്ങളുടെ പ്രതിനിധി കീക്കൊ ഫുജിമോറി വിജയിച്ചതായി പ്രഖ്യാപിക്കണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. കാസ്റ്റിയൊയുടെ വിജയം തങ്ങള്‍ അംഗീകരിക്കില്ലെന്ന വാദമുയര്‍ത്തി കീക്കൊ ഫുജിമോറിയും കൂട്ടരും തുടങ്ങിയ കലാപമാണ് ഭരണം അട്ടിമറിക്കുന്നതില്‍ കലാശിച്ചത്.
സമവായത്തില്‍ മുന്നോട്ടുപോകുന്നതിനായി, ജനങ്ങള്‍ക്കുവേണ്ടി പരമാവധി കാര്യങ്ങള്‍ ചെയ്യുന്നതിനായി വിട്ടുവീഴ്ചയുടേതായ സമീപനമാണ് കാസ്റ്റിയൊയും ഇടതുപക്ഷവും സ്വീകരിച്ചത്. പ്രതിപക്ഷത്തിന്റെ വിമര്‍ശനം ഒഴിവാക്കുന്നതിനായി അദ്ദേഹം താന്‍ നിയമിച്ച പ്രധാനമന്ത്രി ബെല്ലിഡൊയെയും വിദേശകാര്യമന്ത്രി ബെജാറിനെയും തൊഴില്‍മന്ത്രിയെയും പുറത്താക്കാന്‍ തയ്യാറായി. പക്ഷേ, അത്തരം വിട്ടുവീഴ്ചകള്‍ ദൗര്‍ബല്യമായി കണ്ട വലതുശക്തികള്‍ അദ്ദേഹത്തെ നിരന്തരം തടസ്സപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചത്. പാര്‍ലമെന്റില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ ന്യൂനപക്ഷമായതാണ് വിട്ടുവീഴ്ചകള്‍ക്ക് അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയത്. എന്നാല്‍ അതുകൊണ്ടൊന്നും അടങ്ങാത്ത പ്രതിപക്ഷ നിലപാടിനെത്തുടര്‍ന്നാണ്, അദ്ദേഹം പ്രസിഡന്‍ഷ്യല്‍ അധികാരം ഉപയോഗിച്ച് പാര്‍ലമെന്റ് പിരിച്ചുവിടാനും കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി രൂപീകരിച്ച് പുതിയ ഭരണഘടന നിര്‍മിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചത്. പക്ഷേ അതിന്റെ പേരില്‍, അദ്ദേഹത്തിന്റെ തീരുമാനം നടപ്പാക്കുന്നതിനു മുന്‍പേ പട്ടാളത്തിന്റെ പിന്തുണയോടെ അദ്ദേഹത്തെ ഇംപീച്ച് ചെയ്ത് പുറത്താക്കുകയും ജയിലിലടയ്ക്കുകയുമായിരുന്നു വലതുപക്ഷം. "ഭരണഘടനാപരമായ" ഈ അട്ടിമറിക്ക് നേതൃത്വം നല്‍കിയത് മുതലാളിമാരുടെ സംഘടനയായ കോണ്ഫീപ്പ് (CONFIEP), മാധ്യമങ്ങള്‍, ഭരണകൂടത്തിന്റെ സര്‍വ ഉപകരണങ്ങളും ഒപ്പം ബഹുരാഷ്ട്ര കുത്തകകളും അമേരിക്കന്‍ എംബസിയും ഒത്തുപിടിച്ചാണ്.
തങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്ന, തങ്ങളില്‍ ഒരാളായ പ്രസിഡന്റിനെ അധികാരത്തില്‍ നിന്നു പുറത്താക്കുകയും അദ്ദേഹത്തെ ജയിലിലടയ്ക്കുകയും ചെയ്തത് തങ്ങളോടുള്ള യുദ്ധപ്രഖ്യാപനമായി കണ്ട പെറുവിലെ സാധാരണജനത രാജ്യമാസകലം പ്രതിഷേധ പ്രകടനങ്ങളുമായി തെരുവിലിറങ്ങുകയാണുണ്ടായത്. റോഡുകള്‍ ഉപരോധിച്ചും പൊതുപണിമുടക്ക് നടത്തിയും ഒറ്റുകാരിയായ ദിന ബൊലുവാര്‍ത്തെയുടെ ഭരണത്തിനെതിരെ (കാസ്റ്റിയൊക്കൊപ്പം ജയിച്ച് വൈസ്പ്രസിഡന്റായ ബൊലു വാര്ത്തെ വലതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രസിഡന്റാവുകയായിരുന്നു) പ്രതിഷേധംതുടര്ന്നു. തങ്ങളുടെ പ്രസിഡന്റിനെ ജയില്‍മോചിതനാക്കുകയും ഉടന്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുകയെന്ന ജനാധിപത്യപരമായ ആവശ്യമാണ് പ്രതിഷേധിക്കുന്ന ജനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. സാധാരണക്കാര്‍, പ്രത്യേകിച്ച് ആദിവാസി ജനത തിങ്ങിപ്പാര്‍ക്കുന്ന തെക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാണ്. ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ജനാധിപത്യപരമായി പ്രശ്നം പരിഹരിക്കുന്നതിനു പകരം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രതിഷേധത്തെ അടിച്ചമര്‍ത്താനാണ് ബൊലു വാര്ത്തെയും കൂട്ടരും ശ്രമിക്കുന്നത്. ജലപീരങ്കിയും വെടിയുണ്ടകളും കൊണ്ട് നേരിടാനാകാത്ത വിധം, ഇതിനകം അമ്പതോളം പേര് കൊല്ലപ്പെട്ടിട്ടും, പ്രതിഷേധം കരുത്താര്‍ജിച്ച് മുന്നോട്ടുപോകുന്നതായാണ് കാണുന്നത്. 2000 ല്‍ സ്വേച്ഛാധിപതിയായ ആല്‍ബെര്‍ട്ടൊ ഫുജിമോറിയുടെ ഭരണത്തെ താഴെയിറക്കിയ ജനകീയപോരാട്ടത്തെയാണ് പെറുവിലെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഓര്‍മിപ്പിക്കുന്നത്.
ബ്രസീലില്‍ പരാജയപ്പെട്ട അട്ടിമറിനീക്കം
ബൊള്‍സനാരൊയുടെ ജനവിരുദ്ധ തീവ്രവലതുപക്ഷ ഭരണത്തിനെതിരായ ജനവിധിയായിരുന്നു ഒക്ടോബര്‍ 30ന് നടന്ന ബ്രസീലിയന്‍ പൊതുതിരഞ്ഞെടുപ്പിലുണ്ടായത്. ആ ജനവിധിയിലൂടെ വീണ്ടും അധികാരത്തിലെത്തിയ മുന്‍പ്രസിഡന്റും വര്‍ക്കേഴ്സ് പാര്‍ട്ടി നേതാവുമായ ലുല ഡ സില്‍വ 2023 ജനുവരി ഒന്നിന് അധികാരമേറ്റു. ലുലയുടെ 30 അംഗ മന്ത്രിസഭയില്‍ 12 പേര് സ്ത്രീകളാണ്. പരിസ്ഥിതി സംരക്ഷണത്തിനും തദ്ദേശീയ ജനതയുടെ ക്ഷേമത്തിനും ലിംഗപരമായ തുല്യതയ്ക്കും സ്ത്രീ അവകാശങ്ങള്‍ക്കും മുഖ്യപരിഗണന നല്‍കുന്നതാകും ലുലയുടെ ഈ രണ്ടാം വരവെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിസഭയുടെ ഘടന തന്നെ. ഗായികയായ മാര്‍ഗരീത്ത മെനെസെസിനെ സാംസ്കാരികമന്ത്രിയായും പുതുതായി രൂപീകരിച്ച തദ്ദേശീയ ജനക്ഷേമ മന്ത്രാലയത്തെ നയിക്കാന്‍ സോണിയ ഗുജാജാറയെയും വംശീയതുല്യതയ്ക്കുള്ള മന്ത്രിയായി, വധിക്കപ്പെട്ട ഇടതുപക്ഷനേതാവിന്റെ സഹോദരി അനിയേല ഫ്രാങ്കോയെയും പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതല മറീന സില്‍വയെയും ഏല്‍പ്പിച്ചതുതന്നെ ഏറെ ശ്രദ്ധ നേടി.
ദാരിദ്ര്യനിര്മാജനത്തിനും സാമൂഹിക-സാമ്പത്തിക അന്തരം ഇല്ലാതാക്കുന്നതിനും വേണ്ട പദ്ധതികള്‍ നടപ്പാക്കാന്‍ നിയമനിര്‍മാണം ആവശ്യമാണ്. അതുപോലെതന്നെ ആമസോണ്‍ മഴക്കാടുകളെ മൈനിങ് മാഫിയയുടെയും വനം കൊള്ളക്കാരുടെയും കൈകളില്‍ നിന്ന് സംരക്ഷിക്കുന്നതിനും തദ്ദേശീയജനതയുടെയും സ്ത്രീകളുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമെല്ലാം പുതിയ നിര്‍മാണങ്ങള്‍ ആവശ്യമാണ്. ജനങ്ങളില്‍ പകുതിയോളം വരുന്ന ദരിദ്രര്‍ക്ക് ഭക്ഷണത്തിനു വേണ്ട സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കാര്‍ഷിക പരിഷ്കരണവും ആവശ്യമാണ്. ബ്രസീലിലും പുതിയ ഭരണം നേരിടുന്ന പ്രതിസന്ധി പാര്‍ലമെന്റിലെ വലതുപക്ഷ മേല്‍ക്കൈ തന്നെയാണ്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും അവസരവാദികളായ സെന്ട്രിസ്റ്റുകള്ക്കാണ് മേല്‍ക്കൈ. എന്നാല്‍ ഈ പ്രതികൂല സാഹചര്യം മറികടന്ന് നിയമനിര്‍മാണങ്ങള്‍ സുഗമമാക്കുന്നതിന് ലിബറല്‍ കക്ഷിക്കാരനായ വൈസ്പ്രസിഡന്റ് ജെറാള്‍ഡൊ അല്ക്ക്മിനെ പ്രസിഡന്റ് ലുല ചുമതലപ്പെടുത്തിയിരിക്കുകയാണ്.
എന്നാല്‍ മൂലധനശക്തികള്‍ക്കും അവരുടെ നായകനായ വംശീയ ഫാസിസ്റ്റായ ജെയര്‍ ബൊള്സനാരോയ്ക്കും ജനക്ഷേമപദ്ധതികളുമായി മുന്നോട്ടുപോകാന്‍ ലുലയെ അനുവദിക്കാന്‍ പറ്റാത്തത്ര ഇരിക്കപ്പൊറുതി നഷ്ടപ്പെട്ടിരിക്കുന്നു. അതാണ് ലുല അധികാരമേറ്റ് ഒരാഴ്ച പിന്നിടുംമുന്പുതന്നെ അദ്ദേഹത്തെ അട്ടിമറിയിലൂടെ ഭരണത്തില്‍നിന്ന് പുറത്താക്കാന്‍ ജനുവരി 8ന് ബൊള്‍സനാരോ അനുയായികളെ ഇളക്കിവിട്ട് കലാപത്തിന് തുനിഞ്ഞത്. ബ്രസീലിയന്‍ ഭരണത്തിന്റെ സിരാകേന്ദ്രങ്ങളായ പാര്‍ലമെന്റ് മന്ദിരം, സുപ്രീംകോടതിയുടെ ആസ്ഥാനം, പ്രസിഡന്റിന്റെ കൊട്ടാരം എന്നിവ വളഞ്ഞാണ് ബൊള്‍സനാരോ സംഘം കലാപം ആരംഭിച്ചത്. അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയശേഷം ബൊള്‍സനാരോ അമേരിക്കയിലെ ഫ്ളോറിഡയിലേക്ക് കടക്കുകയാണുണ്ടായത്. ബൊള്‍സനാരോ പക്ഷക്കാരന്‍ ഗവര്‍ണറായിട്ടുള്ള ബ്രസീലിയയില്‍ ഈ കലാപം അരങ്ങേറാന്‍ വേണ്ട സൗകര്യം ഒരുക്കുകയായിരുന്നു പ്രവിശ്യയിലെ പൊലീസ്. ആയിരക്കണക്കിന് കലാപകാരികള്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് നൂറുകണക്കിനു ബസ്സുകളിലെത്തി തന്ത്രപ്രധാനകേന്ദ്രങ്ങള്‍ വളഞ്ഞിട്ടും പ്രവിശ്യയിലെ പൊലീസും ഭരണസംവിധാനവും കണ്ണടച്ചിരിക്കുകയായിരുന്നു. ബ്രസീലില്‍ കലാപം തുടങ്ങുന്നതിനുമുന്പായി ബൊള്‍സനാരോ തന്റെ ഗുരു ട്രംപിനെ കണ്ട് ചര്‍ച്ച ചെയ്തതായും വാര്‍ത്തയുണ്ട്.
പിന്നീട് ഫെഡറല്‍ പൊലീസും സുരക്ഷാസേനയും ഇറങ്ങിയാണ് കലാപകാരികളെ ഓടിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ കലാപം അടിച്ചമര്‍ത്തുകയും തുടര്‍ന്ന് പ്രവിശ്യാ പൊലീസ് മേധാവി ഉള്‍പ്പെടെ നിരുത്തരവാദപരമായി പെരുമാറിയവര്ക്കും കലാപത്തിനു നേതൃത്വം നല്‍കുകയും ഗൂഢാലോചന നടത്തുകയും ചെയ്തവര്ക്കുമെല്ലാമെതിരെ കേസെടുക്കുകയും അറസ്റ്റുചെയ്യുകയും ചെയ്തു. അങ്ങനെ അട്ടിമറി നീക്കത്തെ മുളയിലേ തളര്‍ത്താന്‍ കഴിഞ്ഞെങ്കിലും ഡെമോക്ലീസിന്റെ വാള്‍പോലെ കലാപ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ജനാധിപത്യമെന്നത് ബൂര്‍ഷ്വാസിയെ സംബന്ധിച്ചിടത്തോളം മുതലാളിമാരുടെ താല്പര്യം സംരക്ഷിക്കുന്നതിനുള്ള ഉപകരണം മാത്രമാണെന്നും അതിന് കഴിയാതെവരുമ്പോള്‍ അവര്‍ നഗ്നമായ സ്വേച്ഛാധിപത്യത്തെ ആശ്രയിക്കുമെന്നുമുള്ള യഥാര്‍ഥ്യം വീണ്ടും വീണ്ടും വെളിപ്പെടുത്തുന്നതാണ് ലാറ്റിനമേരിക്കയിലെ അനുഭവങ്ങള്‍.•