അതിധനികര്‍ മാത്രമേ അതിജീവിക്കൂ
എ കെ രമേശ്
അര്‍ഹതയുള്ളത് അതിജീവിക്കും എന്നതിന്റെ ഇംഗ്ലീഷാണ് സര്‍വൈവല്‍ ഓഫ് ദ ഫിറ്റെസ്റ്റ് എന്ന് നമുക്കറിയാം. ഹെര്‍ബര്‍ട്ട് സ്പെന്സറുടെതാണ് ആ പ്രയോഗമെങ്കിലും ഡാര്‍വിന്റെ പേരുമായാണ് നമ്മള് അതിനെ കൂട്ടിവായിക്കാറ്. തന്റെ പുസ്തകത്തിന്റെ അഞ്ചാം പതിപ്പിലാണ് നാച്ചുറല്‍ സെലക്ഷന് എന്നതിലും നല്ല പ്രയോഗം സര്‍വൈവല്‍ ഓഫ് ദ ഫിറ്റെസ്റ്റ് ആണ് എന്നു മനസ്സിലാക്കി ആദ്യതലക്കെട്ട് ഡാര്വിന് പരിഷ്കരിച്ചതത്രെ.
സോഷ്യല്‍ ഡാര്‍വിനിസത്തിന്റെ കാലത്തെ പ്രധാന പ്രമാണങ്ങളില്‍ ഒന്നാണ് അര്‍ഹതയുള്ളതിന്റെ മാത്രം അതിജീവനം. അത്തരമൊരു കാലത്ത് പ്രയോഗം സര്‍വൈവല്‍ ഓഫ് ദ റിച്ചെസ്റ്റ് എന്നായാലോ? അതിധനികര്‍ മാത്രമേ അതിജീവിക്കൂ എന്ന കാര്യം തന്നെയാണ് അതുവഴി വെടിപ്പായി പറഞ്ഞു വെക്കുന്നത്. ഇക്കൊല്ലത്തെ ഓക്സ്ഫാം റിപ്പോര്‍ട്ടിന് അങ്ങനെയൊരു തലക്കെട്ട് നല്‍കിയത് എന്തുകൊണ്ടും ഉചിതമായി.
ഓക്സ്ഫാം റിപ്പോര്‍ട്ടുകളുടെ ഒരു സവിശേഷത അവര്‍ അവതരിപ്പിക്കുന്ന കണക്കുകള്‍ ഹൃദയത്തില്‍ ചെന്നാതറയ്ക്കുക എന്നതാണ്. എന്നാല്‍ പതിവിന്‍പടി ലോക സാമ്പത്തിക ഫോറം ചേരുന്ന അതേ ദിവസം പ്രസിദ്ധീകരിച്ച ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് കൂടുതല്‍ ഹൃദയസ്പൃക്കാണ്, കൃത്യമാണ്, വ്യക്തമാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ അഭിനന്ദനീയവും.
ഏബര്‍ ക്രിസ്റ്റീനയുടെ 40 ഉം എലോണ്‍ മസ്കിന്റെ മൂന്നും
വടക്കേ ഉഗാണ്ടയില്‍ ധാന്യമാവ് തയാറാക്കി വില്‍ക്കലാണ് ഏബര്‍ ക്രിസ്റ്റീനയുടെ പണി. ചോളവും അരിയും സോയയും ചേര്‍ത്തരച്ച ധാന്യമാവ് കച്ചവടം വഴി നല്ലൊരു മാസമാണെങ്കില്‍, ഏതാണ്ട് 3 ലക്ഷം ഉഗാണ്ടന്‍ ഷില്ലിങ് (എന്നുവെച്ചാല്‍ ഏതാണ്ട് 80 ഡോളര്‍) വരുമാനം കിട്ടും. അവര്‍ ആദായ നികുതി നല്‍കേണ്ടതില്ല. പക്ഷേ തദ്ദേശസ്ഥാപനത്തിന് നികുതി കൊടുക്കേണ്ടതുണ്ട്; പ്രതിദിനം 4000 ഉഗാണ്ടന്‍ ഷില്ലിങ്. വരുമാനത്തിന്റെ 40 ശതമാനമാണ് നികുതിയായി നല്‍കേണ്ടിവരുന്നത് എന്നര്‍ത്ഥം.
അമേരിക്കയിലെ അത്യതിസമ്പന്നനാണ് ടെസ്ലാ മുതലാളിയായ എലോണ്‍ മസ്ക്. ശൂന്യാകാശത്തിലേക്ക് ഉല്ലാസ യാത്ര നടത്തിയ ആള്. അതിനായി സ്പെയ്സ് എക്സ് എന്ന സ്ഥാപനത്തിന് രൂപം കൊടുത്ത സായ്പ്. സമീപകാലത്ത് ട്വിറ്ററിനെ തൂക്കി വാങ്ങിയ വീരന്.
2014 - 18 കാലത്ത് അദ്ദേഹം നല്കിയ നികുതി വെറും 3.27 ശതമാനം മാത്രമായിരുന്നു എന്നാണ് ഇന്റേണല്‍ റവന്യൂ സര്‍വീസ് (IRS) കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്പ്രോ പബ്ലിക്കാ വെളിപ്പെടുത്തിയത്. ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ വന്ന ലേഖനത്തിന് ആദ്യമായി പുലിറ്റ്സര്‍ സമ്മാനം നേടിയ പ്രസാധകക്കമ്പനിയാണ് പ്രോ പബ്ലിക്ക എന്ന കാര്യം കൂടി കൂട്ടി വായിക്കണം.
എലോണ്‍ മസ്ക് 2022 ല്‍ നടത്തിയ ഉല്ലാസക്കപ്പല്‍ യാത്രയ്ക്ക് ചെലവായ സംഖ്യ സമാഹരിക്കാന്‍ ഏബര്‍ ക്രിസ്റ്റീന എത്ര കാലം പണിയെടുക്കേണ്ടിവരും? ഒരു ദിവസത്തെ യാത്രാച്ചെലവ് തികയ്ക്കാന്‍ ക്രിസ്റ്റീന12 വര്‍ഷം പണിയെടുത്താല്‍ മതി എന്നാണ് ഓക്സ് ഫാം നല്കുന്ന കൃത്യമായ ഉത്തരം. ഇത്തരം കൃത്യമായ കണ്ണില്‍ തറയ്ക്കുന്ന താരതമ്യങ്ങളാണ് ഇക്കൊല്ലത്തെ 'അതി സമ്പന്നര്‍ മാത്രമേ അതിജീവിക്കൂ' എന്ന ഓക്സ്ഫാം റിപ്പോര്‍ട്ടിന്റെയും പ്രത്യേകത.
എങ്ങനെയാണ് അത്രയും ഭീമമായ സമ്പാദ്യമുള്ള ഒരാള്‍ ഇത്രയും ചെറിയ നികുതി കൊടുക്കുന്നത് എന്നല്ലേ? അതാണ് നാം ജീവിക്കുന്ന കാലത്തെ മുതലാളിത്തത്തിന്റെ സവിശേഷത. കൃത്യമായി പറഞ്ഞാല്‍ എലോണ്‍ മസ്കിന്റെ സമ്പാദ്യത്തിലേറെയും അദ്ദേഹത്തിന്റെ കമ്പനി ഷെയറുകളിലാണ്. അതിന്റെ മൂല്യവര്‍ദ്ധന പട്ടികപ്പെടുത്തിയിരിക്കുന്നത് ഇനിയും വന്നു ചേരാത്ത ആദായം (ൗിൃലമഹശലെറ രമുശമേഹ ശിരീാല) എന്ന വകുപ്പിലാണ്. കൈയില്‍ കിട്ടാത്ത ആദായത്തിനെന്ത് നികുതി?
പക്ഷേ ഏട്ടിലെ പുല്ല് തിന്നാത്ത പശുവല്ല ഓഹരികള്‍ എന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ റിപ്പോര്‍ട്ട്. ആദായ നികുതിയില്‍ നിന്ന് ഒഴിവാണെങ്കിലും, പുതിയ മുതല്‍ സമാഹരിക്കാനായുള്ള വായ്പകള്‍ക്ക് ഈട് വെക്കാന്‍ അത് ധാരാളം. അങ്ങനെയാണ് 4,400 കോടി ഡോളര്‍ മാര്‍ക്കറ്റ് വിലയുള്ള ട്വിറ്ററിനെ മസ്ക് സ്വന്തമാക്കിയത് എന്നും പറഞ്ഞുവെക്കുന്നുണ്ട് ഓക്സ്ഫാം റിപ്പോര്‍ട്ട്.
പ്രതിസന്ധിയും അവസരമാക്കിയവര്‍
കോവിഡിന്റെ പിടിയില്‍ നിന്ന് ഇനിയും നന്നായി കുതറി മാറാനായിട്ടില്ല ലോകത്തിന്. ബഹുമുഖ പ്രതിസന്ധികളെ ഒന്നിച്ചാണ് നേരിടേണ്ടി വരുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണി തുടരുകയാണ്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ പട്ടിണി ഇമ്മട്ടില്‍ പെരുകിയിട്ടില്ല. പക്ഷേ ഈ സകല വമ്പന്‍ പ്രതിസന്ധികളും തങ്ങളുടെ ലാഭവര്ദ്ധനവിനുള്ള അവസരമാക്കി മാറ്റിയ ഒരു വിഭാഗമുണ്ട്. അത്യതിസമ്പന്നരായ ഒരു ചെറു ന്യൂനപക്ഷം. ജനസംഖ്യയില്‍ ഒരു ശതമാനം മാത്രം വരുന്ന ആര്ഭാടക്കുട്ടന്മാര് !
മഹാമാരി മരുന്നിന്റെ രൂപത്തില്‍, അത്യുഷ്ണം എയര്‍ കണ്ടീഷണറുകളായി, പട്ടിണി പൂഴ്ത്തിവെപ്പും കൊള്ളവിലയുമായി അവരങ്ങനെ എന്തിനെയും ഏതിനെയും അവസരങ്ങളാക്കി മാറ്റുകയാണ്. ലാഭം കുന്നുകൂട്ടുന്നതിനായി നിയമങ്ങള്‍ തന്നെ തിരുത്തിയെഴുതിക്കുകയാണ്. അതുകൊണ്ടു തന്നെ അസമത്വം പെറ്റുപെരുകുകയാണ്.
അതീവ സമ്പന്നരായ ഒരു ശതമാനം പേരാണ് ഭൂമിയില്‍ 2020 നുശേഷം പുതുതായുണ്ടായ സമ്പത്തിന്റെ മൂന്നില്‍ രണ്ടും കൈയടക്കിയിരിക്കുന്നത്. ഇതാകട്ടെ 99 ശതമാനത്തിന് ആകെ കിട്ടുന്നതിന്റെ ഇരട്ടി സംഖ്യ വരും.
ശതകോടീശ്വരരുടെ സമ്പത്ത് ഒരു ദിവസം 270 കോടി ഡോളര്‍ കണ്ട് പെരുകുകയാണ്. 170കോടി തൊഴിലാളികളുടെ യഥാര്‍ത്ഥ കൂലി കവര്‍ന്നെടുത്ത് കുതിക്കുകയാണ് നാണയ പെരുപ്പം. അപ്പോഴാണീ സമ്പാദ്യപ്പെരുപ്പം. പട്ടിണി വര്‍ദ്ധിക്കുമ്പോഴാണ്, 2022 ല്‍ ഭക്ഷ്യക്കുത്തകകളും ഊര്‍ജ കുത്തകകളും തങ്ങളുടെ ലാഭം ഇരട്ടിപ്പിച്ചിരിക്കുന്നത്. 80 കോടി മനുഷ്യര്‍ തീറ്റ കിട്ടാതുറങ്ങേണ്ടിവരുന്ന ഒരു കാലത്താണിത്.
ഈ നയപ്പിഴവ് ഇനിയും വേണ്ട
ലോകത്തെ ശതകോടീശ്വരരില്‍ പാതിയും ജീവിക്കുന്നത് തങ്ങളുടെ വരുംതലമുറക്കായി അവശേഷിപ്പിച്ച സ്വത്തിന് ഒറ്റക്കാശും പിന്തുടര്ച്ചാ നികുതി നല്‍കേണ്ടതില്ലാത്ത രാജ്യങ്ങളിലാണ്. വെറും അഞ്ച് ശതമാനം നികുതി ഈ ശതകോടീശ്വരരില്‍ നിന്ന് ഈടാക്കാനായാല്‍ ഏതാണ്ട് 1.7 ലക്ഷം കോടി ഡോളര്‍ സമാഹരിക്കാനാവും എന്നാണ് ഓക്സ്ഫാം
കണക്കാക്കുന്നത്. 200 കോടി മനുഷ്യരെ ദാരിദ്ര്യത്തില്‍ നിന്നു കരകയറ്റാനും പട്ടിണി അവസാനിപ്പിക്കാനുമുള്ള ആഗോള പദ്ധതിക്കുള്ള ഫണ്ട് കണ്ടെത്താനും ഈ തുക മതി.
സമാനതകളില്ലാതെ കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന അസമത്വത്തിന് തടയിടാനും മാനവരാശി അഭിമുഖീകരിക്കുന്ന ഈ ബഹുമുഖ പ്രതിസന്ധി മറികടക്കാനുമുള്ള ഏക മാര്‍ഗം വമ്പന്മാരില് നിന്ന് വന്‍ നികുതി ഈടാക്കുക മാത്രമാണെന്ന കാര്യത്തിന് അടിവരയിടുകയാണ് ഓക്സ് ഫാം റിപ്പോര്‍ട്ട് .
ലോകത്ത് പത്തില്‍ ഒമ്പത് രാജ്യങ്ങളിലും മാനവവികസന സൂചിക താഴോട്ടാണെന്ന് ഇതാദ്യമായി യുഎന്‍ഡിപി കണ്ടെത്തിയ കാലമാണിത്.
ദരിദ്ര രാജ്യങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിക്കുന്ന കാശിന്റെ 4 ഇരട്ടിയാണ് വായ്പാ തിരിച്ചടവിന് മാറ്റി വെക്കേണ്ടിവരുന്നത്. പല രാജ്യങ്ങളും ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഓക്സ്ഫാം കണക്കാക്കുന്നത് വരുന്ന 5 കൊല്ലത്തിനിടയ്ക്ക് സര്‍ക്കാറുകളില്‍ നാലില്‍ മൂന്നും ചെലവ് ചുരുക്കുമെന്നാണ്. അതാകട്ടെ, ഏതാണ്ട് മൊത്തം 7.8 ലക്ഷം കോടി ഡോളര്‍ വരും. അത്തരമൊരു കാലത്ത് ഓരോ ശതകോടീശ്വരനും ഒരു നയപ്പിഴവാണെ (Policy failure) ന്നാണ് ഓക്സ്ഫാം നിരീക്ഷിക്കുന്നത്. ഓരോ ശതകോടീശ്വരനും കാലാവസ്ഥാ വ്യതിയാനത്തിന് കനത്ത സംഭാവനകളാണ് നല്‍കുന്നതെന്നും കണ്ടെത്തുന്നുണ്ട് ഈ റിപ്പോര്‍ട്ട്. ഒരു ശതകോടീശ്വരന്‍ സൃഷ്ടിക്കുന്ന കാര്‍ബണ്‍ പ്രസരണം ഒരു ശരാശരി മനുഷ്യന് പുറത്തുവിടുന്നതിന്റെ പത്തു ലക്ഷം മടങ്ങാണ് !
നികുതി കുറച്ച് നിക്ഷേപം സ്വീകരിച്ചാല്‍ ഇറ്റിറ്റ് വരും സമൃദ്ധി എന്നും പറഞ്ഞ് ഇക്കിളിപ്പെടുത്തിയ ആസ്ഥാന പണ്ഡിതരെ കണക്കിനു പ്രഹരിക്കുന്നുണ്ട് ഈ റിപ്പോര്‍ട്ട്. സര്‍ക്കാരുകളും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും ചേര്‍ന്ന് ആവര്ത്തിപ്പിച്ചുറപ്പിച്ച പാഴ്ക്കഥകള്‍ പൊളിച്ചടക്കുന്നുണ്ട് ഈ രേഖ. അത്തരം കഥകള്‍ കേട്ട് വരാനിരിക്കുന്ന സമൃദ്ധിയും കാത്ത് നികുതിയിളവുകള്‍ നല്കിയവരൊന്നും രക്ഷപ്പെട്ടില്ലെന്നു മാത്രമല്ല, അവ നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ മനസ്സുകളെ കുത്തകവല്ക്കരിക്കാനേ സഹായിച്ചിട്ടുള്ളൂ എന്നും പറഞ്ഞു വെക്കുന്നുണ്ട് ഈ രേഖ.
മറികടക്കാന്‍ മാര്‍ഗങ്ങളുണ്ട്
ഈ വിഷമ വൃത്തത്തില്‍ നിന്നു മറികടക്കാനുള്ള വഴികളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ശതകോടീശ്വരരുടെ ഈ അനന്തമായ സമ്പത്ത് കേന്ദ്രീകരണം തടയണമെങ്കില്‍ അവര്‍ തങ്ങള്‍ക്കനുകൂലമാക്കി സമ്പദ് വ്യവസ്ഥയില്‍ പിടിമുറുക്കിയതത്രയും ഒഴിപ്പിച്ചെടുത്തേ പറ്റൂ. അത് തൊഴില്‍ നിയമങ്ങളുടെ രൂപത്തിലായാലും പൊതുമുതല്‍ സ്വകാര്യവല്ക്കരണമായാലും, സ്ഥാപന മേധാവികളുടെ ശമ്പള കാര്യത്തിലായാലും ഇടപെടാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയണം. ഇതൊക്കെയും വേണ്ടതു തന്നെ. എന്നാല്‍ ഏറ്റവും പ്രധാന പരിഹാരമായി ഓക്സ്ഫാം നിര്‍ദേശിക്കുന്നത് ധനികര്‍ക്ക് കനത്ത നികുതി ചുമത്തുക എന്നതു തന്നെയാണ്.
2030 ആവുന്നതോടെ ശതകോടീശ്വരരുടെ എണ്ണവും സമ്പത്തും പാതിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത്തരം നടപടികള്‍ വഴി ഒരു ദശകം മുമ്പ് അവര്‍ എവിടെയായിരുന്നോ , അവിടേക്കെങ്കിലും എത്തിക്കാനാവും എന്നാണ് കണക്കുകൂട്ടുന്നത്. അവിടെ നിന്നും ഇനിയും ഏറെ പോകേണ്ടതുണ്ട്. ലോക സമ്പത്തിന്റെ വിതരണം കൂടുതല്‍ നീതിപൂര്വകമാവേണ്ടതുണ്ട്. അവിടേക്കെത്തുന്നതിനു മുമ്പ് ഇങ്ങനെയൊരു കടുപ്പപ്പണി എടുക്കേണ്ടതുണ്ട് എന്നാണ് ഓക്സ്ഫാം പറയുന്നത്.
ഇപ്പോള്‍ നികുതിയായി സമാഹരിക്കുന്ന ഓരോ ഡോളറിലും വെറും 4 സെന്റ് മാത്രമാണ് സ്വത്ത് നികുതി. നേരത്തെ മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് തൊഴിലില്‍ നിന്നുള്ള വരുമാനത്തിനേക്കാള്‍ കൂടുതല്‍ നികുതി, സ്വത്തില്‍ നിന്നുള്ള ആദായത്തിന് ഈടാക്കുന്നത്.
എന്നും ഇങ്ങനെയായിരുന്നോ?
അമേരിക്കയില്‍ 1951 മുതല്‍ 1963 വരെ ഈടാക്കിയിരുന്ന ഉയര്‍ന്ന ആദായ നികുതിത്തോത് 91 ശതമാനമായിരുന്നു. 1975 വരെ അവിടെ പിന്തുടര്ച്ചാവകാശ നികുതി 77 ശതമാനമായിരുന്നു. 1950 കളിലും 60 കളിലും ഏറ്റവും കൂടിയ കോര്‍പറേറ്റ് നികുതി 50 ശതമാനത്തിന് മുകളിലായിരുന്നു. ധനികരാഷ്ട്രങ്ങളിലെല്ലാം സ്ഥിതി ഇതായിരുന്നു. പണാധിപത്യം അടിച്ചേല്‍പ്പിച്ച ഈ നികുതിഘടന പുനഃസ്ഥാപിക്കാന്‍ ജനാധിപത്യത്തിനേ കഴിയൂ. ബ്രിട്ടണില്‍ 2022 ഒക്ടോബറില്‍ നടപ്പാക്കാനിരുന്ന നികുതിയിളവ് പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ സമീപകാല ചരിത്രം നമുക്കു മുന്നിലുണ്ട്. കാറ്റ് മാറി വീശുന്നുണ്ട് എന്നതാണ് വാസ്തവം.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ലക്ഷാധിപരായ 100 പേര് ധനികര്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്. ഇങ്ങനെ ഇനിയും ഏറെക്കാലം തുടരാനാവില്ല എന്നുതന്നെയാണ് ഓക്സ്ഫാം റിപ്പോര്‍ട്ടും പറയുന്നത്. •