വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുത്തി ആര്‍എസ്എസ്

സി പി നാരായണന്‍

താണ്ട് നൂറുവര്‍ഷം മുമ്പ്, 1925ല്‍, ആര്‍എസ്എസ് രൂപീകരിക്കപ്പെട്ടത് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കാനായിരുന്നില്ല; അക്കാലത്ത് ഇവിടത്തെ സമൂഹത്തില്‍ നടമാടിയിരുന്ന മതവൈരവും ജാതിയുടെ പേരിലുള്ള അടിച്ചമര്‍ത്തലും അവസാനിപ്പിച്ച് സമൂഹത്തില്‍ സമത്വവും സാഹോദര്യവും ജനാധിപത്യവും മതനിരപേക്ഷതയും ഉറപ്പുവരുത്താനുമായിരുന്നില്ല. ആര്‍എസ്എസിന്‍റെ ആദ്യകാല നേതാക്കളില്‍ ഒരാളായിരുന്ന ഗോള്‍വാള്‍ക്കര്‍ അതിന്‍റെ കാഴ്ചപ്പാട് വിശദീകരിക്കുന്ന 'വിചാരധാര'യില്‍ എഴുതിയത് മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും രാജ്യത്തിന്‍റെ ശത്രുക്കളാണ് എന്നാണ്. അവരെ രാജ്യത്തുനിന്നു തുരത്തുക അല്ലെങ്കില്‍ വംശനാശം വരുത്തുക തങ്ങളുടെ ലക്ഷ്യമായി ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിച്ചു. ആര്‍എസ്എസുകാര്‍ ഇന്നത് അടിയന്തിരമായി നടപ്പാക്കേണ്ട അജന്‍ഡയായി കാണുന്നു.

ഇത് ഇവിടെ പരാമര്‍ശിക്കേണ്ടിവന്നത് ആര്‍എസ്എസിന്‍റെ ഇപ്പോഴത്തെ തലവന്‍ (സര്‍സംഘചാലക്) ആയ മോഹന്‍ ഭാഗവത് ആ സംഘടനയുടെ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍മാരോട് ഈയിടെ ചെയ്ത പ്രസംഗത്തിന്‍റെ പശ്ചാത്തലത്തിലാണ്. ഹെഡ്ഗേവാറും ഗോള്‍വാള്‍ക്കറും മറ്റും ചേര്‍ന്ന് ആര്‍എസ്എസ് രൂപീകരിച്ച കാലത്തെ സ്ഥിതിയിലല്ല ഇന്ന് ഇന്ത്യ. അക്കാലത്ത് ഇന്ത്യ ബ്രിട്ടീഷ് കോളനിയായിരുന്നു. ആര്‍എസ്എസ് രൂപീകരിച്ച് കാല്‍നൂറ്റാണ്ടിനകം ഇന്ത്യ സ്വതന്ത്രമായി, പുതിയ ഭരണഘടന നിലവില്‍ വന്നു. അതനുസരിച്ച് രാജ്യം തനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് ആയി. ഭരണഘടനാപരമായെങ്കിലും ജനങ്ങള്‍ക്ക് സ്വാതന്ത്ര്യവും സമത്വവും ലഭിച്ചു. ആര്‍എസ്എസ് ആഗ്രഹിച്ചത് അതായിരുന്നില്ല. ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രം ആകണമെന്ന നിലപാടാണ് അന്നും ഇന്നും ആര്‍എസ്എസിനുള്ളത്.

ആ ലക്ഷ്യം കൈവരിക്കാനാണ് ഹിന്ദുക്കള്‍ "വൈദേശിക കടന്നാക്രമണങ്ങള്‍ക്കും സ്വാധീനത്തിനും ഗൂഢാലോചനകള്‍ക്കും എതിരായി യുദ്ധം തുടരണം" എന്ന് ഭാഗവത് പറഞ്ഞത്. "ഹിന്ദു സമൂഹം യുദ്ധത്തിന്‍റെ വക്കിലാണ്" എന്നും "പുറത്തുനിന്നുള്ള ശത്രുക്കള്‍ക്ക് എതിരായല്ല ഈ യുദ്ധം, അകത്തുനിന്നുള്ള ശത്രുക്കള്‍ക്ക് എതിരായാണെ"ന്നും അദ്ദേഹം പറയുന്നു. അതിന്‍റെ തുടര്‍ച്ച തന്നെയാണ് ആര്‍എസ്എസ് മുഖപ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന്‍റെ പുതിയ ലക്കം കവര്‍സ്റ്റോറിയില്‍ കാണുന്നത്. ലോകമെങ്ങുമുള്ള മനുഷ്യര്‍ ജാതി-മത-വംശഭേദമെന്യേ ആഘോഷിക്കുന്ന ക്രിസ്മസ് പുതുവത്സരാഘോഷത്തെ വിനാശകരമായ ഒന്നാക്കി ഓര്‍ഗനൈസര്‍ അവതരിപ്പിക്കുന്നു. ഇതും ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണ്. എന്നാല്‍, ഇന്ത്യയുടെ ഭരണഘടനയോടും അതനുസരിച്ചുള്ള ഭരണസംവിധാനത്തോടും കൂറും വിധേയത്വവും പ്രഖ്യാപിച്ചാണ് ബിജെപി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അങ്ങനെ വിജയിച്ച നരേന്ദ്രമോദിയും സഹപ്രവര്‍ത്തകരും അത് അനുവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് ഭരണാധികാരം ഏറ്റത്. ഹിന്ദുക്കള്‍ യുദ്ധം തുടരണമെന്ന ഭാഗവതിന്‍റെ ആഹ്വാനത്തിനു ചെറിയൊരു വിഭാഗത്തിന്‍റെ പിന്തുണ മാത്രമാണുള്ളത്. ഇന്ത്യയിലെ വോട്ടര്‍മാരില്‍ 80 ശതമാനത്തോളം ഹിന്ദുക്കളാണ്. അവരില്‍ ഭൂരിപക്ഷവും ആര്‍എസ്എസ് പിന്താങ്ങുന്ന ബിജെപിക്കെതിരെ വോട്ട് ചെയ്തവരാണ്. കാരണം 40 ശതമാനത്തില്‍ താളെവോട്ടാണ് ബിജെപിക്ക് ലഭിച്ചത്.

2023ല്‍ പല നിയമസഭകളിലേക്കും തിരഞ്ഞെടുപ്പു നടക്കാന്‍ പോകുന്നു. അടുത്തവര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പാണ്. ഇവയില്‍ ബിജെപിക്ക് വിജയിക്കാന്‍ കഴിയണമെങ്കില്‍ കൂടുതല്‍ ജനപിന്തുണ ആവശ്യമായി വരും. ബിജെപിയും ആര്‍എസ്എസും കൂടി ചെയ്യുന്ന ഭരണപരവും അല്ലാത്തതുമായ ദ്രോഹങ്ങള്‍ പലരും പൂര്‍ണമായല്ലെങ്കിലും മനസ്സിലാക്കിവരികയാണ്. ബിജെപി ഇതര വോട്ടുകള്‍ പല പാര്‍ട്ടികള്‍ക്കായി ചിതറിപ്പോയതാണ് ബിജെപിയുടെ വിജയത്തിനു കാരണമെന്നു പലരും തിരിച്ചറിയുന്നു. 40 ശതമാനത്തില്‍ താഴെമാത്രം വോട്ടുനേടുന്ന ബിജെപി ഭൂരിപക്ഷ കക്ഷിയായി മാറുന്നത് അതുകൊണ്ടാണ്. ബിജെപി ഇതര വോട്ടുകള്‍ ഭിന്നിക്കാതിരുന്നാല്‍ ദയനീയമായ പരാജയമായിരിക്കും ബിജെപി നേരിടേണ്ടിവരിക. ഈ തിരിച്ചറിവിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഹിന്ദു വോട്ടുകള്‍ ബിജെപിക്കു പിന്നില്‍ അണിനിരത്തുന്നതിനുവേണ്ടിയുള്ള ആര്‍എസ്എസ് നേതാവ് ഭാഗവതിന്‍റെ മതപരമായ ആഹ്വാനം.

ഹിന്ദുക്കളുടെ വോട്ടു നേടി അധികാരത്തിന്‍റെ ശീതളഛായയില്‍ കഴിയാനാണ് ആര്‍എസ്എസിന്‍റെ മോഹം. ഹിന്ദുക്കളുടെ പേരില്‍ വര്‍ഗീയ പേക്കൂത്ത് നടത്തുന്നതില്‍ അപ്പുറം ആ വിഭാഗത്തില്‍പെട്ട ദരിദ്രരും തൊഴിലില്ലാത്തവരുമായ ആളുകള്‍ക്കായി ഒരു സേവനവും ചെയ്യാന്‍ യാതൊരുവിധ പദ്ധതിയും ആര്‍എസ്എസിനില്ല. മതത്തിന്‍റെ പേരില്‍ വീമ്പടിക്കണം, മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കണം എന്നതില്‍ ഉപരിയായി ഹിന്ദുക്കള്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ ആര്‍എസ്എസിനു പരിപാടിയില്ല. തീരെയില്ല എന്നു പറഞ്ഞുകൂട. അയോധ്യയില്‍ രാമക്ഷേത്രം പണിയലാണ് തങ്ങളുടെ ദേശീയ ലക്ഷ്യമായി ആര്‍എസ്എസ് - ബിജെപിക്കാര്‍ പെരുമ്പറയടിച്ചു ഘോഷിക്കുന്നത്! എന്നാല്‍ അവരിലെ സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കുന്നതിന്, അവരുടെ പിന്നാക്കാവസ്ഥയില്‍നിന്നു അവരെ കൈപിടിച്ചുയര്‍ത്തുന്നതിന് ഒരു പരിപാടിയുമില്ല ബിജെപിക്കും പരിവാരങ്ങള്‍ക്കും.

ലക്ഷ്യം വളരെ വ്യക്തമാണ്. ഇന്ത്യയിലെ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ഒറ്റപ്പെടുത്തണം, അടിച്ചമര്‍ത്തണം, ഹിന്ദുക്കള്‍ക്ക് തുല്യമായ നിലയില്‍ അവര്‍ രാജ്യത്ത് ജീവിക്കരുത്. അത്തരം മതപരവും രാഷ്ട്രീയവും സാമ്പത്തികവും മറ്റുമായ സമത്വവും സാഹോദര്യവും സ്വാതന്ത്ര്യസമര നേതാക്കള്‍ വാഗ്ദാനം ചെയ്തതുപോലെ പുലര്‍ന്നുകൂട. മറ്റു മതക്കാരെ ചവിട്ടിത്തേയ്ക്കണം. ഇതാണ് ഭാഗവതിന്‍റെ ആഹ്വാനം. മുമ്പ് ഗോള്‍വാള്‍ക്കറും മറ്റും പറഞ്ഞതും അതുതന്നെ. രാജ്യത്തിന്‍റെയും സമൂഹത്തിന്‍റെയും വിവിധ ജനവിഭാഗങ്ങളുടെയും മുഖത്തടിക്കുന്നതാണ് ഭാഗവതിന്‍റെ ഈ പ്രസ്താവന.

ആര്‍എസ്എസും ബിജെപിയും ഇന്നു വര്‍ഗീയത പ്രചരിപ്പിക്കുന്നതും പ്രാവര്‍ത്തികമാക്കുന്നതും വികസിപ്പിച്ചെടുക്കുന്നതും അത്തരത്തിലാണ്. സ്വാതന്ത്ര്യസമരകാലത്ത് ആ സമരത്തിലെ വിവിധ കൈവഴികള്‍ പ്രചരിപ്പിച്ചത് മത-ജാതിിരപേക്ഷ രാഷ്ട്രീയമായിരുന്നു. അക്കാലത്തെ പ്രധാന ഊന്നല്‍ വിദേശാധിപത്യത്തിന് എതിരായ ഐക്യത്തിലായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചാല്‍ മുതലാളിത്ത നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലവില്‍ വരണമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. തൊഴിലാളികളുടെയും കര്‍ഷകരുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും അടിമത്തത്തിനും അടിച്ചമര്‍ത്തപ്പെടലിനും അന്ത്യംകുറിക്കുന്ന സര്‍ക്കാര്‍ നിലവില്‍ വരണം എന്നായിരുന്നു ഇടതുപക്ഷത്തുള്ള വിവിധ കക്ഷികളുടെയും ഗ്രൂപ്പുകളുടെയും നിലപാട്.നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടുവന്ന മറ്റു പിന്നാക്ക ജാതിക്കാര്‍, പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍, സ്ത്രീകള്‍ എന്നീ ജനവിഭാഗങ്ങളുടെ മോചനം ആയിരുന്നു ഇടതുപക്ഷം സ്വപ്നം കണ്ടിരുന്നത്, ആഗ്രഹിച്ചത്, ആവശ്യപ്പെട്ടിരുന്നത്.

ഈ വിഭാഗങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ നിറവേറ്റപ്പെടണം എങ്കില്‍ പുതുതായി നിലവില്‍ വരുന്ന ഭരണകൂടം ജനാധിപത്യപരമാകണം, മതനിരപേക്ഷമാകണം, അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി കൂടി പ്രതിജ്ഞാബദ്ധമാകണം. സമൂഹത്തില്‍ മഹാഭൂരിപക്ഷം വരുന്ന ഈ ജനവിഭാഗങ്ങളോട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനും ഇടതുപക്ഷ പാര്‍ടികള്‍ക്കും ഓരോ സംസ്ഥാനത്തുമുള്ള മറ്റു മതനിരപേക്ഷ ജനാധിപത്യ പാര്‍ടികള്‍ക്കും പ്രതിബദ്ധത ഉണ്ടായിരുന്നു. അതുകൊണ്ടാണ് കഴിഞ്ഞ കാലത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്സിതര പ്രാദേശിക കക്ഷികള്‍, ഇടതുപക്ഷകക്ഷികള്‍, കോണ്‍ഗ്രസില്‍നിന്നു തെറ്റിപ്പിരിഞ്ഞവര്‍ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാര്‍ടികള്‍ എന്നിവയ്ക്കു വിവിധ സംസ്ഥാനങ്ങളില്‍ ജനപിന്തുണ ലഭിച്ചത്.

അതേസമയം കുറെ പേര്‍ ആര്‍എസ്എസ് രാഷ്ട്രീയത്തിനും ചിലര്‍ ന്യൂനപക്ഷ മതരാഷ്ട്രീയത്തിനും പിന്തുണ നല്‍കി. സ്വാതന്ത്ര്യസമരകാലത്ത് മതരാഷ്ട്രീയം ഇന്ത്യയില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാമ്രാജ്യത്വശക്തിയായ ബ്രിട്ടന്‍ പരമാവധി ശ്രമിച്ചു. അവിഭക്ത ഇന്ത്യയെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുകയായിരുന്നു ബ്രിട്ടീഷ് ഭരണാധികാരികളുടെ ലക്ഷ്യം. അവിഭക്ത ഇന്ത്യയെ ഇന്ത്യയും പാകിസ്താനുമായി വിഭജിക്കുന്നതിനു ബ്രീട്ടിഷ് സാമ്രാജ്യത്വം ചരടുവലികള്‍ നടത്തി. അങ്ങനെയാണ് 1947 ആഗസ്ത് 14, 15 തീയതികളില്‍ കൊളോണിയല്‍ ഇന്ത്യ ഇന്ത്യയും പാകിസ്താനുമായി പിളര്‍ന്നത്.

പിന്നീട് ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിന് ശക്തമായ പ്രസ്ഥാനം ഉയര്‍ന്നുവന്നപ്പോള്‍ എന്തുകൊണ്ട് ഭാഷാടിസ്ഥാനത്തിലുള്ള രാജ്യങ്ങളായി ഇന്ത്യയെ വിഭജിച്ചുകൂട എന്നു ചോദിക്കാനും ഇവിടെ ആളുകളുണ്ടായി. പക്ഷെ, അവരുടെ പ്രേരണയ്ക്ക് ഇന്ത്യയിലെ ജനസാമാന്യം വഴങ്ങിയില്ല. ഭാഷാ സംസ്ഥാന രൂപീകരണം ഇന്ത്യയ്ക്കകത്ത് നടന്നു. അത് രാഷ്ട്രമെന്ന നിലയ്ക്കുള്ള ഇന്ത്യയുടെ ഐക്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. ഇന്ത്യ വിട്ടുപോകാനുള്ള പ്രേരണ ഒരു ഭാഷാ സംസ്ഥാനത്തും ഉണ്ടായില്ല. അത്രത്തോളം രാഷ്ട്രീയമായ വളര്‍ച്ചയും പക്വതയും ഇന്ത്യയിലെ ജനസാമാന്യം അതിനകം ആര്‍ജിച്ചു കഴിഞ്ഞിരുന്നു.
ജനസാമാന്യത്തിന്‍റെ രാഷ്ട്രീയമായ ഈ വളര്‍ച്ചയും തിരിച്ചറിവും പ്രബുദ്ധതയുമാണ് ഇന്ത്യ എന്ന രാഷ്ട്രത്തിന്‍റെ ഉറച്ച അടിത്തറ. അതിനെ മതാടിസ്ഥാനത്തില്‍ പുതുക്കിപ്പണിയാനാണ് ആര്‍എസ്എസ് - ബിജെപി കൊണ്ടുപിടിച്ചു ശ്രമിക്കുന്നത്. അത് വിജയിക്കാനുള്ള സാധ്യത കുറവാണ്. കാരണം, 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കിയ ബ്രിട്ടന്‍ അതിനുവേണ്ടി ശ്രമിച്ചിരുന്നു. അന്ന് ജനങ്ങള്‍ ആ പ്രേരണയെ അതിജീവിച്ചു. ഇന്ത്യ രാഷ്ട്രീയമായി ദുര്‍ബലമായ 1970 കളിലും 1990കളിലും മറ്റും ഈ പ്രേരണ ശക്തമായെങ്കിലും ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി അതിനെ ചെറുത്തു. 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 2019ല്‍ കേവല ഭൂരിപക്ഷം നേടി. പല സംസ്ഥാനങ്ങളിലും അത് ഭൂരിപക്ഷം  നേടി മന്ത്രിസഭ രൂപീകരിച്ചു. അതില്‍നിന്ന് മോഹന്‍ ഭാഗവതും സഹപ്രവര്‍ത്തകരും കണ്ടെത്തുന്നത് ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങള്‍ ബിജെപിയെ പിന്താങ്ങുന്നു എന്നാണ്. ആ പാര്‍ടിക്ക് ലോക്സഭയിലും പല നിയമസഭകളിലും ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞു എന്നത് യാഥാര്‍ഥ്യമാണ്. പക്ഷെ, അത് ഇന്ത്യയിലെ ഭൂരിപക്ഷം വോട്ടര്‍മാരുടെ പിന്തുണ നേടിയല്ല. പല പാര്‍ടികള്‍ മത്സരിച്ച് ബിജെപി ഇതര വോട്ടുകള്‍ ഭിന്നിച്ചപായതുകൊണ്ടാണ്.

ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവം ഇല്ലായ്മ ചെയ്യാനും അതിനെ ഒരു ഹിന്ദു രാഷ്ട്രമാക്കാനുമുള്ള ആര്‍എസ്എസ് - ബിജെപി നീക്കം ശക്തമാണെന്നു കണ്ടാല്‍ ജനങ്ങള്‍ അതിനെതിരെ യോജിക്കും. 1977ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും തോല്‍പ്പിച്ചതുപോലെ ഇനിവരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കും. കാരണം മതവൈവിധ്യത ഇന്ത്യയുടെ തനിമയാണ്, ഏറെ നാളായിട്ട്. സ്വാതന്ത്ര്യലബ്ധിക്കും എത്രയോ മുമ്പുമുതല്‍ അതാണ് ഇവിടത്തെ സ്ഥിതി. അതിനെ തകിടം മറിക്കാനുള്ള ആര്‍എസ്എസ് - ബിജെപി നീക്കത്തെ ഇന്ത്യയിലെ മതനിരപേക്ഷവാദികളായ ജനസാമാന്യം പരാജയപ്പെടുത്തുക തന്നെ ചെയ്യും.•