കരണീയമായത് കൊളീജിയം സംവിധാനം

കെ എ വേണുഗോപാലന്‍

മുതലാളിത്ത വ്യവസ്ഥയാണ് പാര്‍ലമെന്‍ററി ജനാധിപത്യ വ്യവസ്ഥയ്ക്ക് രൂപംകൊടുക്കുകയും അതിനെ വികസിപ്പിക്കുകയും ചെയ്തത്. അതിനുമുമ്പ് നിയമനിര്‍മ്മാണത്തിന്‍റെയും നിയമനിര്‍വഹണത്തിന്‍റെയും നീതിന്യായ വ്യവസ്ഥയുടെയും ഒക്കെ പരമാധികാരി രാജാവായിരുന്നു. എന്നാല്‍ ജനാധിപത്യ വ്യവസ്ഥയുടെ വികാസത്തോടെ ഇത് മൂന്നും മൂന്നായി തിരിയുകയും പരസ്പരം ഏറ്റുമുട്ടലുകള്‍ ഒഴിവാക്കിക്കൊണ്ട് മുന്നോട്ടുപോകേണ്ടതാണ് എന്ന ധാരണ വളര്‍ന്നു വരികയും ചെയ്തു. എന്നാല്‍ മുതലാളിത്തം വളരുകയും വികസിക്കുകയും നിരന്തരം പ്രതിസന്ധിയില്‍ അകപ്പെടുകയും ചെയ്തതോടെ ഇവ തമ്മില്‍ പലപ്പോഴും ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ അത്തരം ഏറ്റുമുട്ടലുകള്‍ ഉണ്ടായതിന്‍റെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തന്നെയാണ്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിക്കെതിരായി തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന രാജ് നാരായണന്‍ നല്‍കിയ തിരഞ്ഞെടുപ്പ് കേസില്‍ അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് 1975 ജൂണ്‍ 12ന് വിധിയുണ്ടായി. ഇന്ദിര ഗാന്ധിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി, ജനപ്രാതിനിധ്യ നിയമത്തില്‍ നിശ്ചയിച്ചതിലധികം തുക ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പിനു വേണ്ടി ചെലവാക്കി എന്നത് അടക്കമുള്ള കുറ്റങ്ങളാണ് തെളിഞ്ഞതായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ച ഇന്ദിര ഗാന്ധിക്ക് സോപാധികമായ സ്റ്റേ മാത്രമേ ലഭിച്ചുള്ളൂ. അതുകാരണം അധികാരം നഷ്ടപ്പെടുമെന്ന് കണ്ട ഇന്ദിര ഗാന്ധി, അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പൗരാവകാശങ്ങളെല്ലാം റദ്ദാക്കുകയും പ്രസ് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തു. ഭരണഘടനയുടെ 14, 21,22 അനുച്ഛേദങ്ങള്‍ അനുസരിച്ച് മൗലികാവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടാന്‍ ഏതെങ്കിലും കോടതിയെ സമീപിക്കാന്‍ ഉണ്ടായിരുന്ന പൗരന്‍റെ അവകാശവും സസ്പെന്‍ഡ് ചെയ്തു. ഇതിലൂടെ കോടതികളെ നിഷ്പ്രഭമാക്കുകയും നീതിന്യായ വ്യവസ്ഥയെ ഭരണ നിര്‍വ്വഹണ സംവിധാനത്തിന് കീഴ് പ്പെടുത്തുകയുമാണ് ഇന്ദിര ഗാന്ധി ചെയ്തത്. ഭരണഘടനയും നീതിന്യായ സംവിധാനവും ഒക്കെ അപ്രസക്തമായി. നീതിന്യായ വ്യവസ്ഥ,നിയമനിര്‍വഹണ അധികാരികള്‍ക്ക് കീഴ്പ്പെടുന്ന അവസ്ഥ വന്നു.

ഇത് നീതിന്യായ വ്യവസ്ഥയ്ക്ക് കനത്ത ആഘാതമായിരുന്നു. ഭരണഘടനാപരമായിത്തന്നെ നീതിന്യായ വ്യവസ്ഥയുടെ പല്ലും നഖവും മുറിച്ചു മാറ്റാമെന്ന് തെളിയിക്കപ്പെട്ടു. പിന്നീട് അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെടുകയും ജനാധിപത്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. സ്വതന്ത്രമായ നിലനില്‍പ്പ് ഉറപ്പുവരുത്തേണ്ടത് നീതിന്യായ വ്യവസ്ഥയുടെ ആവശ്യമായി മാറി. ഈ ചരിത്ര പശ്ചാത്തലത്തിലാണ് സുപ്രീംകോടതി ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിന് സുപ്രീം കോടതി കൊളീജിയം സംവിധാനത്തിന് രൂപം കൊടുത്ത വിധി പ്രസ്താവിച്ചത്. അന്ന് അത് ജുഡീഷ്യല്‍ ആക്ടിവിസത്തിന്‍റെ ഭാഗമായി ചിത്രീകരിക്കപ്പെടുകയും ജനാധിപത്യ വിശ്വാസികള്‍ അടക്കം അതിനെ എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ജനാധിപത്യ വ്യവസ്ഥ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ ഇന്ത്യയെ നവ ഫാസിസത്തിലേക്ക് നയിക്കാനുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കെ നീതിന്യായ സംവിധാനത്തിന്‍റെ സ്വാതന്ത്ര്യം,നിഷ്പക്ഷത,അധികാരങ്ങള്‍ എന്നിവയൊക്കെ സംരക്ഷിക്കപ്പെടേണ്ടത് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ തന്നെ നിലനില്‍പ്പിന്‍റെ ഭാഗമായി മാറിയിരിക്കുന്നു.

 എന്തൊക്കെയായാലും അധികാര വിഭജനം എന്ന തത്വം ഭരണഘടനയുടെ അടിസ്ഥാന ഘടകമാണെന്ന് സുപ്രീംകോടതി തന്നെ വിലയിരുത്തിയിട്ടുണ്ട്. അതനുസരിച്ച് ഭരണകൂടോപകരണങ്ങളില്‍ ഓരോന്നിനും അതിന്‍റെ പ്രവേശനത്തിനും ഇടപെടലിനും പ്രത്യേക മേഖലകള്‍ ഉണ്ട്. ഭരണഘടനയെ മാനിക്കാതെ അതിലേക്ക് കടന്നുകയറുന്നത് ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളുടെ ലംഘനമാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളില്‍ ഭേദഗതി വരുത്താന്‍ പാര്‍ലമെന്‍റിന് അധികാരമില്ല എന്നു വിധിച്ചത് സുപ്രീം കോടതിയാണ്. അത് ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമായിരുന്നില്ല. ജര്‍മ്മനിയുടെ ഭരണഘടനയില്‍ നിന്ന് കടമെടുത്തതാണ് ഈ കാഴ്ചപ്പാട്. പാര്‍ലമെന്‍റിന്‍റെ പരമാധികാരത്തെക്കുറിച്ചുള്ള വ്യാമോഹത്തിന്‍റെ പേരില്‍ സുപ്രീം കോടതിയുടെ ഈ നിലപാടിനെ ഉല്‍പതിഷ്ണുക്കളായ പലരും അന്ന് എതിര്‍ത്തിട്ടുണ്ട്. 

മനുസ്മൃതിയുടെ കാഴ്ചപ്പാടനുസരിച്ച് ഇന്ത്യയെ ഒരു ഹിന്ദുത്വ രാഷ്ട്രമാക്കിത്തീര്‍ക്കുന്നതിനുവേണ്ടി കേന്ദ്ര ഭരണകക്ഷി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ പരിത:സ്ഥിതിയില്‍ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളുടെ സംരക്ഷണം ജനാധിപത്യത്തിന്‍റെയും മതനിരപേക്ഷതയുടെയും സംരക്ഷണമായി മാറിത്തീര്‍ന്നിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തുവന്ന നിര്‍ണായകമായ ഈ മാറ്റം അന്ന് സുപ്രീംകോടതിയുടെ ആ വിധിയെ എതിര്‍ത്തവര്‍ക്കുതന്നെ അതിനെ പിന്തുണയ്ക്കേണ്ട അവസ്ഥാവിശേഷം സംജാതമാക്കിയിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഏറ്റവുമധികം ഉയര്‍ത്തിപ്പിടിക്കേണ്ട മുദ്രാവാക്യം ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. മുതലാളിത്തം നവലിബറല്‍ ദശയിലേക്ക് വളര്‍ന്നതും അത് നേരിടുന്ന പ്രതിസന്ധികളുമൊക്കെ ജനാധിപത്യത്തിന്‍റെയും മതനിരപേക്ഷതയുടെയും അന്തകരായി മാറിയേക്കാം.

എന്തൊക്കെയായാലും ജനാധിപത്യ രാജ്യങ്ങളിലെ ജഡ്ജിമാര്‍ ബ്രിട്ടനിലേതുപോലെ കീഴ്വഴക്കങ്ങളാലോ അമേരിക്കയിലെയും ഇന്ത്യയിലെയും പോലെ ഭരണഘടനാദത്തമായോ വന്‍ അധികാരങ്ങള്‍ ഉള്ളവരാണ്. അവര്‍ നിഷ്പക്ഷരും സ്വതന്ത്രരും ആയിരിക്കേണ്ടതാണ്. രാജ്യത്തു നടക്കുന്ന ഏത് തര്‍ക്കത്തിലും അന്തിമ വിധി പറയാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളവരാണ് അവര്‍. അവരുടെ വിധി ലംഘിച്ചാല്‍ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെടും. കോടതിയലക്ഷ്യം അനുസരിച്ച് ശിക്ഷിക്കാനുള്ള അധികാരവും അവര്‍ക്ക് ഭരണഘടനാദത്തമാണ്. സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശം മൗലികാവകാശമാണെങ്കിലും അതും കോടതിയലക്ഷ്യത്തിന് കീഴ്പ്പെട്ടിരിക്കുന്നു. എല്ലാ പൗരരുടെയും പൗരാവകാശങ്ങള്‍ക്കുള്ള ഉറപ്പാണ് നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രമായ നിലനില്‍പ്പ്.

അതുകൊണ്ടുതന്നെ ഇന്ത്യയിലെ എല്ലാ നീതിപീഠങ്ങളിലേക്കുമുള്ള നിയമനം, അവയുടെ പ്രവര്‍ത്തനങ്ങള്‍,ജഡ്ജിമാരെ നീക്കം ചെയ്യല്‍ എന്നിവയൊക്കെ ശരിയായ രീതിയില്‍ നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. എന്നാല്‍ ഇങ്ങനെ നിയമിക്കപ്പെടുന്ന ജഡ്ജിമാരില്‍ ചിലരെങ്കിലും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക് വിരുദ്ധമായി ചിന്തിക്കുന്നവരോ പ്രവര്‍ത്തിക്കുന്നവരോ ആവാം. ജനാധിപത്യവും മതനിരപേക്ഷതയും സോഷ്യലിസവും മൗലികാവകാശങ്ങളും ഒക്കെ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളാണ്. ഉന്നത നീതിപീഠത്തിലുള്ള ചിലരെങ്കിലും ഇതിനെതിരായി ചിന്തിക്കുന്നതായി ഉണ്ടാവാം. അതുകൊണ്ടുതന്നെ ജഡ്ജിമാരുടെ നിയമനത്തിന്‍റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധചെലുത്തേണ്ടത് ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയുടെ തന്നെ നിലനില്‍പ്പിന് ആവശ്യമാണ്.

ഭരണഘടന അനുവദിച്ചു നല്‍കിയിട്ടുള്ള പരിധി ജുഡീഷ്യറി ലംഘിക്കില്ല എന്ന് ഉറപ്പുവരുത്തിയാല്‍ മാത്രമേ ജനാധിപത്യ വ്യവസ്ഥയ്ക്ക് കോട്ടം കൂടാതെ നിലനില്‍ക്കാനാവൂ. ഇന്ത്യന്‍ ഭരണഘടനയുടെ 3 മുതല്‍ 4എ വരെയുള്ള ഭാഗങ്ങള്‍ അതിന്‍റെ ആത്മാവായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആ ഭാഗങ്ങളില്‍ പറഞ്ഞിട്ടുള്ള സാമൂഹ്യ തത്വശാസ്ത്രവും സംസ്കാരവും ആജ്ഞാപരതയും അംഗീകരിക്കേണ്ടത് കോടതിയുടെ കടമയാണ്. അതുകൊണ്ടുതന്നെ ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാരെ നിയമിക്കുന്നതിന് സവിശേഷമായ ഒരു സംവിധാനം ആവശ്യമാണ്. ഏറ്റവും സീനിയറായ നാല് സുപ്രീംകോടതി ജഡ്ജിമാരും ചീഫ് ജസ്റ്റിസും ഉള്‍ക്കൊള്ളുന്ന കൊളീജിയം സംവിധാനമാണ് ഇപ്പോള്‍ ഇതിനായി പ്രവര്‍ത്തിച്ചുവരുന്നത്.

1993 ലെ ഒരു സുപ്രീംകോടതി വിധിപ്രകാരമാണ് ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ നിയമിക്കുന്ന സ്ഥിതിവിശേഷം ഇന്ത്യയില്‍ രൂപപ്പെട്ടത്. സുപ്രീംകോടതിയിലെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ്സ് അസോസിയേഷന്‍ ഒരു പൊതു താല്‍പര്യ ഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കി. ആ ഹര്‍ജി പരിഗണിച്ചുകൊണ്ട് 1993ല്‍ സുപ്രീം കോടതിയുടെ ഒമ്പതംഗ ബഞ്ച് കൊളീജിയം സംവിധാനത്തിന് അനുകൂലമായി വിധി പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസ് ഏറ്റവും സീനിയറായ രണ്ട് ജഡ്ജിമാരോട് ആലോചിച്ച് ജഡ്ജിയായി നിയമിക്കപ്പെടേണ്ട ആളുകളുടെ പേര് നിര്‍ദ്ദേശിക്കുകയാണ് വേണ്ടത് എന്നാണ് സുപ്രീം കോടതി വിധിച്ചത്. ഈ നിര്‍ദ്ദേശം അംഗീകരിക്കുക മാത്രമാണ് രാഷ്ട്രപതി ചെയ്യേണ്ടത് എന്നും വിധിപ്രസ്താവം വ്യക്തമാക്കി. 1993ലെ വിധി സുപ്രീം കോടതി വീണ്ടും 1998 ല്‍ ആവര്‍ത്തിച്ചുറപ്പിച്ചു. 1998 ലെ വിധിയില്‍ ഒരു മാറ്റം വരുത്തി. ചീഫ് ജസ്റ്റീസും നാല് സീനിയര്‍ ജഡ്ജിമാരും അടങ്ങുന്ന സംഘം ആണ് നിയമിക്കപ്പെടേണ്ട ജഡ്ജിമാരുടെ പാനല്‍ തയ്യാറാക്കേണ്ടത് എന്ന് പുതിയ വിധിയില്‍ വ്യക്തമാക്കി. അതാണ് ഇപ്പോള്‍ ഉന്നത നീതിപീഠങ്ങളിലേക്കുള്ള ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള കൊളീജിയം സംവിധാനം.

ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ തിരഞ്ഞെടുക്കുന്ന സംവിധാനം കുറ്റമറ്റതാണെന്ന അഭിപ്രായമൊന്നുമില്ല. സ്വജനപക്ഷപാതമൊക്കെ ഇതിനിടയില്‍ വരാനിടയുണ്ട്. അങ്ങനെ വരുന്നു എന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിട്ടുമുണ്ട്. മേല്‍ ജാതിര്‍ മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂ എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ജഡ്ജിമാരുടെ നിയമന സംഘത്തില്‍ അതായത് കൊളീജിയത്തില്‍ അയോഗ്യര്‍ കടന്നു കയറാന്‍ ഇടവന്നാല്‍ തുടര്‍ന്ന് നിയമിക്കപ്പെടുന്ന ജഡ്ജിമാരും അത്തരക്കാരാകും. ആശ്രിതരും പാര്‍ശ്വവര്‍ത്തികളും നീതിന്യായ വ്യവസ്ഥയില്‍ നുഴഞ്ഞുകയറാനും ഇടയുണ്ട്. 

2025 ല്‍ ആര്‍എസ്എസ് രൂപീകരിക്കപ്പെട്ടിട്ട് നൂറ് വര്‍ഷം തികയുകയാണ്. ആ വര്‍ഷം ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കമാണ് ഇന്ന് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട യുജിസി ചെയര്‍മാന്‍, യു പി എസ് സിചെയര്‍മാന്‍ എന്നിവപോലുള്ള പദവികളിലൊക്കെ ഹിന്ദുത്വ ചിന്താഗതിയുള്ളവരെ കുത്തിനിറയ്ക്കുകയാണ് ഇന്ന് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതേപോലെ ജുഡീഷ്യറിയിലും ഹിന്ദുത്വ ചിന്താഗതിക്കാരെ കുത്തിനിറയ്ക്കാനായാല്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ഒക്കെ മറികടക്കുന്ന ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവന്നാല്‍ അതൊക്കെ അംഗീകരിച്ചു കൊടുക്കാന്‍ സുപ്രീം കോടതി തയ്യാറാവും. എന്നാല്‍ അത്തരക്കാരെ കുത്തിനിറയ്ക്കാന്‍ ഇന്ന് നിലവിലുള്ള കൊളീജിയം സംവിധാനം തടസ്സം നില്‍ക്കുന്നു എന്ന ബോധ്യം ഭരണനേതൃത്വത്തിനുണ്ട്.

1998 ല്‍ കൊളീജിയം സംവിധാനം സംബന്ധിച്ച രണ്ടാം വിധി പ്രഖ്യാപനം വന്നിട്ട് ഏതാണ്ട് രണ്ടര ദശകം അടുക്കുകയാണ്. 2015 വരെ കൊളീജിയം സംവിധാനത്തെ ക്കുറിച്ച് യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലാതിരുന്ന ബിജെപി ഇപ്പോള്‍ കേന്ദ്ര നിയമ മന്ത്രിയെയും ഉപരാഷ്ട്രപതിയെയും ഉപയോഗിച്ചുകൊണ്ടുതന്നെ കൊളീജിയം ഭരണഘടനാ വിരുദ്ധം എന്ന് പരസ്യപ്രസ്താവന നല്‍കിയിരിക്കുകയാണ്. ഭരണനിര്‍വാഹകരും പരമോന്നത നീതിപീഠവും തമ്മിലുള്ള പരസ്യമായ ഒരു ഏറ്റുമുട്ടലിലേക്ക് ഇന്ത്യന്‍ ജനതയെ തള്ളിവിടുക എന്നതാണ് അവര്‍ ഉദ്ദേശിക്കുന്നത്. കൊളീജിയം സംവിധാനത്തിന് കുറവുകള്‍ ഉണ്ട് എന്നതു ശരിയാണ്. എന്നാല്‍ അതിനേക്കാള്‍ വലിയ ശരികേടിലേക്കാണ്, ജനാധിപത്യ വ്യവസ്ഥയെ ത്തന്നെ ഇല്ലാതാക്കുന്നതിലേക്കാണ്, ഇന്ത്യന്‍ ഭരണകക്ഷി ഇന്ത്യയെ നയിക്കാന്‍ ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലപാട് എടുക്കുകയാണ്, ജുഡീഷ്യറിയെ പിന്തുണയ്ക്കുകയാണ്,  കൊളീജിയം സംവിധാനത്തെ പിന്തുണയ്ക്കുക മാത്രമേ ഈ കാലഘട്ടത്തില്‍ ജനാധിപത്യ വിശ്വാസികള്‍ക്കും മതനിരപേക്ഷവാദികള്‍ക്കും കരണീയമായിട്ടുള്ളൂ.•