ധനകേന്ദ്രീകരണവും പാപ്പരാകുന്ന സംസ്ഥാനങ്ങളും

ഡോ. ടി എം തോമസ് ഐസക്

ഇ്യന്ത്യയിലെ ഭരണഘടനപ്രകാരം വിഭവ സമാഹരണമാര്‍ഗ്ഗങ്ങള്‍ യൂണിയന്‍ സര്‍ക്കാരിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. മൊത്തം റവന്യൂ വരുമാനത്തിന്‍റെ 60 ശതമാനം കേന്ദ്രമാണ് സമാഹരിക്കുന്നത്. അതേസമയം രാജ്യത്തെ വികസന ചെലവുകളുടെ 40 ശതമാനമേ കേന്ദ്രത്തിന്‍റെ ബാധ്യതയാകുന്നുള്ളൂ; 60 ശതമാനം സംസ്ഥാനങ്ങളുടെ ചുമതലയാണ്. ജലസേചനം, റോഡുകള്‍, വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വികസന ചെലവുകളും ക്രമസമാധാനം, പൊതുഭരണം തുടങ്ങിയ ഭരണ ചെലവുകളും വഹിക്കേണ്ടിവരുന്നത് സംസ്ഥാനങ്ങളാണ്.

മൊത്തം ചെലവിന്‍റെ 60 ശതമാനമെന്നത് സംസ്ഥാനങ്ങളുടെ വികസനഭാരത്തിന്‍റെ യഥാര്‍ത്ഥ സ്ഥിതി വെളിപ്പെടുത്തുന്നില്ല. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അവരിപ്പോള്‍ ചെലവഴിച്ചുകൊണ്ടിരിക്കുന്ന തുകയേ ഇതില്‍ പ്രതിഫലിക്കുന്നുള്ളൂ; യഥാര്‍ത്ഥ ആവശ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല. വരുമാന പരിമിതിമൂലം സംസ്ഥാനങ്ങള്‍ക്ക് അവരുടെ ചുമതലകള്‍ കാര്യക്ഷമമായി നിര്‍വഹിക്കാന്‍ കഴിയുന്നില്ല എന്നതാണ് അവസ്ഥ. സംസ്ഥാനങ്ങള്‍ക്ക് അവരുടെ വരുമാനമനുസരിച്ചേ ചെലവ് ചെയ്യാനാകൂ. കേന്ദ്രസര്‍ക്കാരിന് യഥേഷ്ടം വായ്പയെടുക്കുന്നതിനോ പുതിയ പണം പുറത്തിറക്കുന്നതിനോ കഴിയും. 

മേല്‍ വിവരിച്ച അസന്തുലിതാവസ്ഥയാണ് കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലെ അടിസ്ഥാന യാഥാര്‍ത്ഥ്യം. ഇത് പരിഹരിക്കുന്നതിന് ഭരണഘടനയില്‍ ഫിനാന്‍സ് കമ്മീഷന്‍പോലുള്ള ചില വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഭരണഘടനാ വ്യവസ്ഥയ്ക്ക് പുറത്ത് പ്ലാനിംഗ് കമ്മിഷന്‍പോലുള്ള സംവിധാനങ്ങളും രൂപംകൊണ്ടു. ഇത്തരം ഭരണഘടനാ വ്യവസ്ഥകളെയും കീഴ്വഴക്കങ്ങളേയും അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. ഇത് സംസ്ഥാനങ്ങളുടെ ധനകാര്യ പ്രതിസന്ധി രൂക്ഷമാക്കുന്നു. 

കേന്ദ്ര നികുതി വിഹിതം  ഭരണഘടനാപരമായ 
അവകാശം


കേന്ദ്ര സര്‍ക്കാരിന്‍റെ റവന്യൂ വരുമാനത്തില്‍ നീതിപൂര്‍വകമായ വിഹിതം സംസ്ഥാനങ്ങള്‍ക്ക് കൈമാറുന്നതിന് 5 വര്‍ഷം കൂടുമ്പോള്‍ കേന്ദ്ര ധനകാര്യ കമ്മീഷനെ നിയോഗിക്കണമെന്ന് ഭരണഘടന വ്യവസ്ഥചെയ്യുന്നു. ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ 14-ാം ധനകാര്യകമ്മീഷന്‍റെ ശുപാര്‍ശകളാണ് നിലവിലുണ്ടായിരുന്നത്. 14-ാം ധനകാര്യ കമ്മീഷന്‍ ധനവിന്യാസത്തില്‍ സംസ്ഥാനങ്ങള്‍ക്കനുകൂലമായ വലിയൊരു മാറ്റം വരുത്തിയിരുന്നു. സംസ്ഥാനങ്ങള്‍ക്കുള്ള  കേന്ദ്ര നികുതി വിഹിതം 32 ശതമാനമായിരുന്നത് 42 ശതമാനമായി ധനകാര്യ കമ്മീഷന്‍ ഉയര്‍ത്തി. ഇത് സംസ്ഥാനങ്ങളുടെ ധനസ്ഥിതിയില്‍ ആശാവഹമായ മാറ്റം വരുത്തുമെന്ന പ്രതീക്ഷയുയര്‍ത്തി. എന്‍ഡിഎ സര്‍ക്കാര്‍ ഇതിന് തുരങ്കംവച്ചു.

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങളില്‍ 42 ശതമാനം നികുതി വിഹിതമെന്നുള്ളത് പുനരാലോചിക്കണമെന്ന ആവശ്യം ബിജെപി സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. എല്ലാ സംസ്ഥാന സര്‍ക്കാരുകളും കൂട്ടായി എതിര്‍ത്തതുകൊണ്ട് 42ല്‍ നിന്ന് 41 ആയി കുറയ്ക്കുകയേ ചെയ്തുള്ളൂ. ജമ്മുകശ്മീരിന്‍റെ വിഹിതം തല്‍ക്കാലം ഒഴിവാക്കിയതുകൊണ്ടുമാത്രമായിരുന്നു ഇത്.

ധനകാര്യ കമ്മീഷന്‍ വഴി ചെയ്യാന്‍ കഴിയാതിരുന്ന കാര്യം സെസും സര്‍ചാര്‍ജും വര്‍ദ്ധിപ്പിച്ചുകൊണ്ട് ഒരുപരിധിവരെ കേന്ദ്രം നേടി. കേന്ദ്ര നികുതി വരുമാനത്തില്‍ നിന്ന് സര്‍ചാര്‍ജ്ജും സെസും കഴിഞ്ഞുള്ള തുകയാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ട നികുതി (divisible pool). എന്തുകൊണ്ട് സര്‍ചാര്‍ജ്ജും സെസും ഒഴിവാക്കുന്നു? ഇവ പ്രത്യേക ആവശ്യങ്ങള്‍ക്കുവേണ്ടി പിരിക്കുന്നതാണ്. ഉദാഹരണത്തിന് റോഡ് സെസ് അല്ലെങ്കില്‍ വിദ്യാഭ്യാസ സെസ്. അങ്ങനെ കിട്ടുന്ന പണം പങ്കുവയ്ക്കുന്നത് ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കു വിഘാതമാകുമെന്നാണ് കേന്ദ്രത്തിന്‍റെ വാദം. ഇതില്‍ ഒരു ശരിയുണ്ടെങ്കിലും ഇത് ദുരുപയോഗപ്പെടുത്തുന്നുവെന്ന വിമര്‍ശനം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള 2010ലെ എം.എം. പുഞ്ചി കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇതു സംബന്ധിച്ചു വിശദമായി പ്രതിപാദിക്കുന്നുണ്ട്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014-15ല്‍ സെസും സര്‍ചാര്‍ജ്ജും കേന്ദ്ര നികുതി വരുമാനത്തിന്‍റെ 6 ശതമാനം മാത്രമായിരുന്നു. ഇപ്പോള്‍ അത് 20 ശതമാനത്തിനു മുകളിലാണ്. ഇതില്‍നിന്നും കോമ്പന്‍സേഷന്‍ സെസ് കുറച്ചാലും മോദി ഭരണത്തിനു കീഴില്‍ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടതില്ലാത്ത നികുതി വരുമാനം ഇരട്ടിയിലേറെ വര്‍ദ്ധിച്ചു. 

പെട്രോള്‍, ഡീസല്‍ നികുതിയുടെ കാര്യത്തിലാണ് ഇത് ഏറ്റവും നിര്‍ലജ്ജം നടപ്പാക്കിയത്. 2014ല്‍ ബിജെപി അധികാരമേല്‍ക്കുമ്പോള്‍ അടിസ്ഥാന എക്സൈസ് തീരുവ 1.2 രൂപയും അഡീഷണല്‍ എക്സൈസ് തീരുവ 6 രൂപയും സെസ് 2 രൂപയുമായിരുന്നു. 2021ല്‍ അടിസ്ഥാന എക്സൈസ് തീരുവ 1.4 രൂപയും അഡീഷണല്‍ എക്സൈസ് തീരുവ 11 രൂപയും സെസ് 20.5 രൂപയുമായി ഉയര്‍ന്നു.
യൂണിയന്‍ ഫിനാന്‍സ് കമ്മീഷന്‍റെ അവാര്‍ഡ് പ്രകാരം കേന്ദ്ര നികുതിയുടെ 41 ശതമാനമാണല്ലോ സംസ്ഥാനങ്ങള്‍ക്കു കൈമാറേണ്ടത്. എന്നാല്‍ 2022-23ലെ ബജറ്റ് മതിപ്പു കണക്കു പ്രകാരം 29.60 ശതമാനം നികുതിയേ സംസ്ഥാനങ്ങള്‍ക്കു കൈമാറിയുള്ളൂ. ബിജെപി സര്‍ക്കാര്‍ ഒരുവര്‍ഷംപോലും പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത വിഹിതം കൈമാറിയിട്ടില്ല. 2014-15 മുതല്‍ 2022-23 വരെയുള്ള കാലയളവെടുത്താല്‍ ശരാശരി കൈമാറിയത് 32.54 ശതമാനം മാത്രമാണ്. 

അതിഭീമമായ തുകയാണ് ഇതുവഴി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നഷ്ടപ്പെടുന്നത്. 2022-23ലെ ബജറ്റ് പ്രകാരം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറുന്ന നികുതി വിഹിതം 8,16,649 കോടി രൂപയാണ്. യഥാര്‍ത്ഥത്തില്‍ 41 ശതമാനം നികുതി കൈമാറിയിരുന്നെങ്കില്‍ 11,31,169 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചേനേ. അതായത് നടപ്പുവര്‍ഷത്തില്‍ സംസ്ഥാനങ്ങള്‍ക്ക് 3,14,520 കോടി രൂപ നഷ്ടമാകും.

കേന്ദ്രാവിഷ്കൃത പദ്ധതികള്‍
ഭരണഘടന ധനകാര്യ കമ്മീഷന്‍ വഴിയുള്ള ധനവിന്യാസത്തെക്കുറിച്ചേ പറയുന്നുള്ളൂ. എന്നാല്‍ കാലക്രമേണ സംസ്ഥാനങ്ങളുടെ വികസന അധികാരത്തില്‍പ്പെടുന്ന മേഖലകളില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ച് സംസ്ഥാനങ്ങള്‍വഴി നടപ്പാക്കുന്ന സമ്പ്രദായം കൊണ്ടുവന്നു. ഇത്തരം സ്കീമുകളെയാണ് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എന്നു പറയുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മാനദണ്ഡങ്ങള്‍ രാജ്യത്ത് എല്ലായിടത്തും ഒരുപോലെയാണ്. എന്നാല്‍ ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികള്‍ വ്യത്യസ്തമാണ്. അതുകൊണ്ട് ഇത്തരം സ്കീമുകളില്‍ കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാതെ സംസ്ഥാനങ്ങള്‍ക്കു പണം കൈമാറുകയാണു വേണ്ടതെന്ന് ശക്തമായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടുവന്ന കാര്യമാണ്.

14-ാം ധനകാര്യ കമ്മീഷന്‍ കേന്ദ്ര നികുതി വിഹിതം 42 ശതമാനമായി ഉയര്‍ത്തിയപ്പോള്‍ ബിജെപി സര്‍ക്കാര്‍ പല കേന്ദ്രാവിഷ്കൃത പദ്ധതികളും നിര്‍ത്തലാക്കി. സംസ്ഥാനങ്ങള്‍ക്ക് അത്രയും ധനവിന്യാസം നിഷേധിക്കപ്പെട്ടു. ഇതിനുപുറമേ അവശേഷിച്ച സ്കീമുകളില്‍ സംസ്ഥാനവിഹിതം വര്‍ദ്ധിപ്പിച്ചു. ഉദാഹരണത്തിന്, സര്‍വശിക്ഷാ അഭിയാനില്‍ നേരത്തെ 30 ശതമാനമായിരുന്നു സംസ്ഥാനവിഹിതം. മോദിയത് 50 ശതമാനമാക്കി. എന്‍ആര്‍എച്ച്എമ്മില്‍ 10 ശതമാനമായിരുന്ന സംസ്ഥാനവിഹിതം; 40 ശതമാനമാക്കി. ആക്സിലറേറ്റഡ് ഡ്രിങ്കിംഗ് വാട്ടര്‍ സ്കീമില്‍ 10 ശതമാനം സംസ്ഥാന വിഹിതം 50 ശതമാനമാക്കി. ഇത്തരത്തില്‍ കേന്ദ്രപദ്ധതികളില്‍ സംസ്ഥാനങ്ങളുടെ ഭാരം വര്‍ദ്ധിപ്പിച്ചു. 

ഫിനാന്‍സ് കമ്മീഷനുകള്‍ കേന്ദ്രത്തിന്‍റെ വരുതിയില്‍
സംസ്ഥാനങ്ങളോടു ചര്‍ച്ച ചെയ്യാതെ കേന്ദ്ര ഫിനാന്‍സ് കമ്മീഷനെ നിയമിക്കുന്ന രീതിയോട് കടുത്ത വിമര്‍ശനം എക്കാലത്തും ഉണ്ടായിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ നിയമിച്ച എന്‍.കെ. സിംഗ് അധ്യക്ഷനായുള്ള 15-ാം ധനകാര്യ കമ്മീഷനാണ് ഏറ്റവും വലിയ വിവാദം സൃഷ്ടിച്ചിട്ടുള്ളത്. സാമ്പത്തികമായി സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള കൃത്യമായ ഒരു അജന്‍ഡയാണ് കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങളില്‍ ഉണ്ടായിരുന്നത്. 

ഭരണഘടനയില്‍തന്നെ സംസ്ഥാനങ്ങള്‍ക്കായി വ്യവസ്ഥ ചെയ്തിട്ടുള്ള റവന്യു കമ്മി ഗ്രാന്‍റ് തുടരേണ്ടതുണ്ടോ എന്നതായിരുന്നു ഒരു പരിഗണനാ വിഷയം. നികുതി വിഹിതം ലഭിച്ചാലും വലിയ കമ്മി നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കു നല്‍കിയിരുന്ന പ്രത്യേക പരിഗണനയാണിത്. ഇതു നിര്‍ത്തലാക്കിയിരുന്നെങ്കില്‍ കേരളത്തിനു വലിയ നഷ്ടമുണ്ടായേനേ. രാജ്യവ്യാപകമായ പ്രതിരോധം ഉറപ്പുവരുത്തിക്കൊണ്ടാണ് ഈ നീക്കം തടയാനായത്. തന്മൂലം കേരളത്തിന് 80,000ത്തോളം കോടി രൂപ അധികമായി ലഭിച്ചു. 

14-ാം ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശകള്‍ പുനരവലോകനം ചെയ്യണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു. 

ധനകാര്യ കമ്മീഷന്‍റെ ഗ്രാന്‍റുകള്‍ ലഭിക്കുന്നതിനു കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു. കുടി
വള്ളം, ജലസേചനം, വൈദ്യുതി തുടങ്ങിയ സേവനമേഖലകളുടെ നിരക്കുകള്‍പോലും വര്‍ദ്ധിപ്പിക്കുന്നത് പരിഗണനാ വിഷയങ്ങളായിരുന്നു. ഇത്തരത്തിലുള്ള നിബന്ധനകളൊന്നും ഭരണഘടന വിഭാവനം ചെയ്യുന്നില്ല. 

ധന ഉത്തരവാദിത്വ നിയമത്തിന്‍റെ പുനരവലോകനവും പരിഗണനാ വിഷയമായിരുന്നു. ചെയര്‍മാന്‍ എന്‍.കെ. സിംഗ് തന്നെ മറ്റൊരു കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ധനഉത്തരവാദിത്വ നിയമം കര്‍ശനമാക്കണമെന്നും സംസ്ഥാനങ്ങളുടെ വായ്പാ പരിധി 3 ശതമാനത്തില്‍ നിന്ന് 1.75 ശതമാനമായി താഴ്ത്തണമെന്നും അഭിപ്രായപ്പെട്ടിരുന്നു. 15-ാം ധനകാര്യ കമ്മീഷന്‍ ഇത്തരമൊരു നിലപാട് മുന്നോട്ടു വയ്ക്കാതിരുന്നതിന്‍റെ കാരണം വ്യക്തമാണ്. കോവിഡുമൂലം സാമ്പത്തിക തകര്‍ച്ച നേരിട്ടിരുന്ന കാലത്ത് വായ്പ കുറവു ചെയ്യാന്‍ വകതിരിവുള്ള ആരും പറയില്ല. സംസ്ഥാനങ്ങളെ കോവിഡ് രക്ഷിച്ചൂവെന്നു പറയാം.

ആസൂത്രണ കമ്മീഷന്‍ നിര്‍ത്തലാക്കല്‍
സംസ്ഥാന ആസൂത്രണ ബോര്‍ഡുകള്‍ക്കു പകരം നിതി ആയോഗിന്‍റെ കുട്ടിപ്പതിപ്പ് സംസ്ഥാനങ്ങളില്‍ സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം സംസ്ഥാന അധികാരങ്ങളുടെ മേലുള്ള കയ്യേറ്റമാണ്. സാമ്പത്തികസാമൂഹിക ആസൂത്രണം കണ്‍കറന്‍റ് ലിസ്റ്റില്‍ 20-ാമത്തെ ഇനമാണ്. കണ്‍കറന്‍റ് ലിസ്റ്റില്‍ ആയതുകൊണ്ട് നിയമ നിര്‍മ്മാണത്തിലൂടെ അല്ലാതെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ചിരിക്കുന്ന ആസൂത്രണ ബോര്‍ഡിനെ ഒരു എക്സിക്യുട്ടീവ് ഉത്തരവിലൂടെ ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയില്ല. തന്മൂലം കേന്ദ്രത്തിന്‍റെ ഇണ്ടാസ് കേരളത്തില്‍ നടപ്പായില്ല. നമ്മുടെ ആസൂത്രണ ബോര്‍ഡ് തുടര്‍ന്നു.

2015ല്‍ കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണ കമ്മീഷന്‍ അവസാനിപ്പിച്ച് നിതി ആയോഗ് എന്ന ഉന്നത കൂടിയാലോചനാ സമിതിക്കു (think tank) രൂപം നല്‍കി. ആസൂത്രണത്തില്‍ നിന്നുള്ള പരിപൂര്‍ണ്ണമായ പിന്‍വാങ്ങലിനെയാണ് ഈ പുതിയ സ്ഥാപനം പ്രതിനിധാനം ചെയ്യുന്നത്. പ്ലാനിംഗ് കമ്മീഷനില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രാതിനിധ്യം ഉണ്ടായിരുന്നില്ലെങ്കിലും തുടര്‍ച്ചയായ ആശയവിനിമയം ഉണ്ടായിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനങ്ങള്‍. പദ്ധതിയുമായി ബന്ധപ്പെട്ട് ദേശീയ വികസന സമിതി അഞ്ചുവര്‍ഷം കൂടുമ്പോള്‍ നിര്‍ബന്ധമായും മുഖ്യമന്ത്രിമാരുടെ പങ്കാളിത്തത്തോടെ യോഗവും ചേരുമായിരുന്നു. എന്നാല്‍ നിതി ആയോഗ് കേന്ദ്ര സര്‍ക്കാരിന്‍റെ ഒരു ഉപദേശക സമിതി മാത്രമാണ്. നിയോലിബറല്‍ നയങ്ങള്‍ കരുപ്പിടിപ്പിക്കാനുള്ള ഒരു ഉപദേശക സമിതി. സംസ്ഥാന പ്രാതിനിധ്യത്തിനു പകരം കോര്‍പ്പറേറ്റ് പങ്കാളിത്തമാണ് ഇതിന്‍റെ സ്വഭാവം.

പഞ്ചവത്സര പദ്ധതികള്‍ അവസാനിച്ചതോടെ ആസൂത്രണ കമ്മീഷന്‍ തീരുമാനമെടുത്തിരുന്ന കേന്ദ്ര ബജറ്റിന്‍റെ നാലിലൊന്ന് വരുന്ന വികസന ഫണ്ട് പൂര്‍ണ്ണമായും കേന്ദ്ര ധനകാര്യ മന്ത്രിയുടെ ഇഷ്ടപ്രകാരമായി വിനിയോഗം. സംസ്ഥാനങ്ങള്‍ക്കു നല്‍കിയിരുന്ന പദ്ധതി ധനസഹായവും നിലച്ചു. അതിനു പകരം ആവശ്യം വരുമ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രിക്ക് പാക്കേജ് പ്രഖ്യാപിക്കാനുള്ള ഫണ്ടായി തീര്‍ന്നു അത്. 

ധനഉത്തരവാദിത്വ നിയമം
കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കടമെടുക്കുന്നതു നിയന്ത്രിക്കുന്നതിന് പാര്‍ലമെന്‍റും നിയമസഭയും ധനഉത്തരവാദിത്വ നിയമം പാസ്സാക്കിയിട്ടുണ്ട്. അതുപ്രകാരം ജിഡിപിയുടെ 3 ശതമാനത്തിനപ്പുറം ഒരു വര്‍ഷം വായ്പയെടുക്കാന്‍ പാടില്ല. അതോടൊപ്പം വായ്പയെടുക്കുന്ന തുക സര്‍ക്കാരിന്‍റെ ദൈനംദിന റവന്യു ചെലവിനായി ഉപയോഗിക്കാനും പാടില്ല. അഥവാ ധന കമ്മി 3 ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ല. റവന്യു കമ്മി പൂജ്യവും ആയിരിക്കണം.

കേന്ദ്രം ഒരിക്കല്‍പ്പോലും ഈ നിയമത്തെ അനുസരിച്ചിട്ടില്ല. സംസ്ഥാനങ്ങള്‍ മൊത്തത്തില്‍ എടുത്താല്‍ നിയമാനുസൃതമായാണ് ബജറ്റുകള്‍ നടപ്പാക്കിയത്. 2002-04 കാലയളവിലാണ് ധനഉത്തരവാദിത്വ നിയമങ്ങള്‍ പാസ്സാക്കിയത്. അതിനു മുമ്പ് കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടെയും കമ്മിയും കടവും വളരെ ഉയര്‍ന്നതായിരുന്നു. ധനഉത്തരവാദിത്വ നിയമങ്ങള്‍ക്കുശേഷം എന്തു സംഭവിച്ചു? 

1) പത്തുവര്‍ഷംകൊണ്ട് സംസ്ഥാനങ്ങള്‍ റവന്യു കമ്മി ഇല്ലാതാക്കി. ചില സംസ്ഥാനങ്ങള്‍ റവന്യു മിച്ച സംസ്ഥാനങ്ങളായി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ റവന്യു കമ്മി 2.5 ല്‍നിന്ന് 3.5 ശതമാനമായി ഉയര്‍ന്നു.
2) അഞ്ചുവര്‍ഷംകൊണ്ട് സംസ്ഥാനങ്ങളുടെ ധന കമ്മി അനുവദനീയ പരിധിയായ 3 ശതമാനത്തിനു താഴെയായി. ഒരു ഘട്ടത്തില്‍ 2 ശതമാനത്തിനും താഴെയായി. എന്നാല്‍ കേന്ദ്രത്തിന്‍റെ ധന കമ്മിയാകട്ടെ 5.0 ശതമാനത്തിനും 3.5 ശതമാനത്തിനുമിടയില്‍ ഉയര്‍ന്നു നിന്നു. 
3) സംസ്ഥാനങ്ങളുടെ കടബാധ്യത 25 ശതമാനമായി താഴ്ന്നു. കേന്ദ്രത്തിന്‍റേത് ഇപ്പോഴും 50 ശതമാനമാണ്.
ഇങ്ങനെ തുടര്‍ച്ചയായി നിയമലംഘനം നടത്തിയ കേന്ദ്ര സര്‍ക്കാരാണ് കേരളം പോലുള്ള ചില സംസ്ഥാനങ്ങള്‍ നിയമംലംഘിച്ചുവെന്നു പറഞ്ഞു വാള്‍ എടുത്തിരിക്കുന്നത്. ഇത് ഇപ്പോള്‍ കിഫ്ബി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ പശ്ചാത്തലസൗകര്യ നിര്‍മ്മാണത്തിനായി എടുക്കുന്ന വായ്പകള്‍ സംസ്ഥാത്തിന് അനുവദിച്ചിട്ടുള്ള വാര്‍ഷിക വായ്പയില്‍ നിന്ന് തട്ടിക്കിഴിക്കും എന്നിടം വരെയെത്തി. ഇതുവരെ പിന്തുടര്‍ന്ന വായ്പാ നയത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന്‍റെ കാര്യത്തില്‍ ഇന്നും തുടരുന്ന നിലപാടില്‍ നിന്നും വിരുദ്ധമായ ഈ സമീപനം കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ അട്ടിമറിക്കാനാണ്. 

ചരക്കുസേവന നികുതി
ഇതുവരെ പ്രതിപാദിച്ചത് കേന്ദ്രത്തില്‍ നിന്നുള്ള ധനവിന്യാസത്തെക്കുറിച്ചാണ്. എന്നാല്‍ ഭരണഘടന സംസ്ഥാനത്തിനും സ്വതന്ത്രമായി വിഭവസമാഹരണത്തിനു ചില മാര്‍ഗ്ഗങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനം വില്‍പ്പന നികുതിയാണ്. അതുകഴിഞ്ഞാല്‍ സ്റ്റാമ്പ് ഡ്യൂട്ടിയാണ്. മൂന്നാമത്തേത് മോട്ടോര്‍ വാഹന നികുതിയും. പുതിയ മോട്ടോര്‍ വാഹന നിയമം സംസ്ഥാന മോട്ടോര്‍ നികുതി പിരിവിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ നഗരവികസന ഫണ്ടുകള്‍ ലഭിക്കുന്നതിന് ഒരു നിബന്ധനയായി സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. വില്‍പ്പന നികുതിയാവട്ടെ ജി.എസ്.ടിയില്‍ ലയിക്കുകയും ചെയ്തു.


2009ല്‍ ജി.എസ്.ടി സംബന്ധിച്ച് ധനമന്ത്രിമാരുടെ കമ്മിറ്റിയില്‍ ചര്‍ച്ച തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്ന കാഴ്ചപ്പാടില്‍ നിന്നു വ്യത്യസ്തമായ ജി.എസ്.ടിക്കാണ് ബിജെപി രൂപം നല്‍കിയത്. ജി.എസ്.ടി വരുമാനത്തില്‍ 60 ശതമാനം സംസ്ഥാനങ്ങള്‍ക്കും 40 ശതമാനം കേന്ദ്രത്തിനും എന്നുള്ളത് മാറ്റി 50:50 ആക്കി. വാറ്റ് കാലത്തെന്നപോലെ സംസ്ഥാനത്തിനുള്ളിലെ ക്രയവിക്രയങ്ങളുടെ മേലുള്ള സംസ്ഥാന ജി.എസ്.ടിയില്‍ ഒരു ശതമാനം കൂട്ടാനും കുറയ്ക്കാനുമുള്ള അവകാശം ഉണ്ടായിരിക്കുമെന്നുള്ള ധാരണ പൊളിച്ചു. അത്തരം മാറ്റം പ്രകൃതിദുരന്തം പോലുള്ള വലിയ പ്രതിസന്ധിക്കാലത്തു മാത്രം ജി.എസ്.ടി കൗണ്‍സിലിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന ഒന്നാക്കി മാറ്റി.
 
ഈ വിട്ടുവീഴ്ചകള്‍ക്കു സംനങ്ങള്‍ തയ്യാറായത് 14 ശതമാനം വാര്‍ഷിക നികുതി വര്‍ദ്ധന അഞ്ചു വര്‍ഷത്തേക്കു കേന്ദ്ര സര്‍ക്കാര്‍ ഗ്യാരണ്ടി ചെയ്തതുകൊണ്ടാണ്. ഇതില്‍ കുറവുണ്ടായാല്‍ ആ കുറവു വരുന്ന തുക നഷ്ടപരിഹാരമായി പ്രത്യേക സെസ് വഴി പിരിച്ചു നല്‍കുന്നതിനും തീരുമാനമുണ്ടായി. എന്നാല്‍ ജി.എസ്.ടി വരുമാനം ഏതാണ്ട് 10 ശതമാനംവച്ചേ വര്‍ദ്ധിച്ചുള്ളൂ. ഇതുവരെ സംസ്ഥാനങ്ങളെ നികുതി വരുമാനത്തില്‍ ഉണ്ടായ ഇടിവ് ബാധിച്ചില്ല. കാരണം നഷ്ടപരിഹാരം ലഭിച്ചുവന്നു. എന്നാല്‍ ഇപ്പോള്‍ നഷ്ടപരിഹാര കാലയളവ് കഴിഞ്ഞു. നമുക്ക് പിരിഞ്ഞുകിട്ടുന്ന നികുതി മാത്രമായി വരുമാനം. കഴിഞ്ഞ വര്‍ഷം 14 ശതമാനംവച്ച് വര്‍ദ്ധിച്ചുകൊണ്ടിരുന്ന നികുതി പൊടുന്നനെ താഴും.

കേന്ദ്ര സര്‍ക്കാരിനു ചെയ്യാവുന്ന ഒരു കാര്യമുണ്ടായിരുന്നു. ജി.എസ്.ടി നഷ്ടപരിഹാര സമ്പ്രദായം ഒന്നോ രണ്ടോ വര്‍ഷവുംകൂടി ദീര്‍ഘിപ്പിക്കുക. അതുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് ഒരു നഷ്ടവുമില്ല. അഞ്ച് വര്‍ഷമായി പിരിച്ചുകൊണ്ടിരിക്കുന്ന നഷ്ടപരിഹാര സെസിന്‍റെ കാലയളവ് നീട്ടേണ്ട കാര്യമേയുള്ളൂ. നികുതി പിരിവ് സമ്പ്രദായവും അതിന്‍റെ ഐറ്റി സംവിധാനവും കുത്തഴിഞ്ഞതിന്‍റെ മുഖ്യഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണല്ലോ. അതുപോലെ തന്നെ വളരെയേറെ ചര്‍ച്ചകള്‍ക്കുശേഷം നിശ്ചയിച്ചിരുന്ന ജി.എസ്.ടി നിരക്കുകള്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കണ്ടുകൊണ്ട് വെട്ടിക്കുറയ്ക്കുന്നതിനു മുന്‍കൈയെടുത്തതും കേന്ദ്ര സര്‍ക്കാരായിരുന്നു. എന്നാല്‍ നഷ്ടപരിഹാര കാലയളവ് നീട്ടാന്‍ തയ്യാറാകാതെ സംസ്ഥാനങ്ങളെ ധനകാര്യ പ്രതിസന്ധിയിലേക്കു തള്ളിവിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ഫെഡറല്‍ ഭരണഘടനയിലെ കേന്ദ്രസംസ്ഥാന ബന്ധങ്ങളെ പൊതുവായി നിയമനിര്‍മ്മാണം, ഭരണ നിര്‍വഹണം, നീതിന്യായം, നികുതി സംബന്ധിച്ചത് എന്നിങ്ങനെ നാലായി തിരിക്കാം. ഇവയില്‍ ധനകാര്യ മേഖല മാത്രമാണ് ഈ ലേഖനത്തില്‍ പ്രതിപാദിച്ചത്. സ്വാതന്ത്ര്യാനന്തര കാലത്തുടനീളം കേന്ദ്രീകരണ പ്രവണതകള്‍ പ്രകടമായിരുന്നു. എന്നാല്‍ ബിജെപി ഭരണകാലത്ത് കേന്ദ്രീകരണം പരമകാഷ്ഠയിലെത്തിയിരിക്കുകയാണ്. രാജ്യത്തിന്‍റെ വൈവിധ്യത്തെ അംഗീകരിക്കാത്ത ആശയ സംഹിതയാണല്ലോ സംഘപരിവാറിന്‍റേത്. ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായ വികസനപാതകളും ധനപരമായ ആവശ്യങ്ങളും ഉണ്ടാകാമെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ ബിജെപി തയ്യാറല്ല. ഇതാണ് കേരളത്തിന്‍റെ വികസനം ഇന്ന്  നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.•