സംവാദപ്രിയരായ ഇന്ത്യക്കാര്‍ അതിജീവിക്കുമോ?

എം എ ബേബി

സംവാദപ്രിയനായ ഇന്ത്യക്കാരന്‍ (The Argumentative Indian) എന്ന തന്‍റെ പ്രശസ്തകൃതിയില്‍ പ്രൊഫ. അമര്‍ത്യാസെന്‍ ഇന്ത്യയിലെ ജനങ്ങളുടെ ഒരു സവിശേഷ സ്വഭാവവിശേഷത്തെക്കുറിച്ച്, ഏത് വിഷയത്തെക്കുറിച്ചായാലും വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള താല്പര്യത്തെക്കുറിച്ച്, അന്വേഷിക്കുന്നു. താന്‍ മുന്നോട്ടുവയ്ക്കുന്ന ആശയം തെളിയിക്കുന്നതിനായി അദ്ദേഹം ബുദ്ധിസ്റ്റ് പാരമ്പര്യത്തിലേക്കും ചരിത്രപരമായ മറ്റുസ്രോതസ്സുകളിലേക്കും ആഴങ്ങളില്‍ മുങ്ങിത്തപ്പുകയാണ്. ഇന്ന് 21-ാം നൂറ്റാണ്ടിന്‍റെ ആദ്യപാദം ഏതാണ്ട് പൂര്‍ത്തിയാകാറാവുകയും ഒപ്പം ബ്രിട്ടീഷ് കൊളോണിയല്‍ നുകത്തില്‍നിന്നുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വര്‍ഷത്തിലേക്ക് കടക്കുകയും ചെയ്യുമ്പോള്‍ ഭീകരമായ ഒരു ചോദ്യം നമ്മെ തുറിച്ചുനോക്കുകയാണ്. അമര്‍ത്യയുടെ സംവാദപ്രിയരായ ഇന്ത്യക്കാര്‍ക്ക് ഇനി എത്രകാലം സംവാദപ്രിയരായിരിക്കാനുള്ള സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയും?


വിഖ്യാത അഭിഭാഷകയും മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതില്‍ മുന്നില്‍ നില്ക്കുന്ന ധീരയോദ്ധാവും വര്‍ഗ്ഗീയതയ്ക്കെതിരായ ധീരയായ പോരാളിയുമായ ടീസ്ത സെതല്‍വാദും സമുന്നതനും ആദരണീയനുമായ റിട്ടയേര്‍ഡ് ഐ പി എസ് ഉദ്യോഗസ്ഥന്‍ ആര്‍ ബി ശ്രീകുമാറും 2002 ലെ ഗുജറാത്ത് വംശഹത്യയിലെ ഇരകള്‍ക്കായി വാദിക്കുകയും അവരുടെ കേസ് ഏറ്റെടുക്കുകയും ചെയ്തതിന്‍റെ പേരില്‍ സമീപകാലംവരെ ജയിലില്‍ നരകയാതന അനുഭവിക്കുകയായിരുന്നു. ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണാനായി കോടതിയെ സമീപിക്കാനുള്ള ഭരണഘടനാപരമായ അവകാശം അനുസരിച്ച് ജുഡീഷ്യറിയുടെ വാതിലില്‍ മുട്ടിയതാണ് അവര്‍ ചെയ്ത കുറ്റം. എന്നാല്‍, വിചിത്രമെന്ന് പറയട്ടെ, അവര്‍ക്കെന്തെങ്കിലും സഹായം നല്കുന്ന കാര്യത്തില്‍ സുപ്രീം കോടതി പരാജയപ്പെട്ടു. അതിനുപകരം ഇന്ത്യയിലെ പരമോന്നത കോടതി വിധിന്യായത്തില്‍ പരാതിക്കാര്‍ക്കെതിരെ അസാധാരണവും നീതീകരിക്കാനാവാത്തതുമായ ചില നിരീക്ഷണ ങ്ങള്‍ നടത്തി; അതാണ് അവരെ അറസ്റ്റ് ചെയ്യാനും ജാമ്യം നിഷേധിക്കാനും ജയിലിലടയ്ക്കാനും പ്രതികാരദാഹിയായ എക്സിക്യൂട്ടീവിന്‍റെ ഉപകരണങ്ങള്‍ക്ക് കരുത്തുപകര്‍ന്നത്.

ഭിന്നാഭിപ്രായത്തോട് കടുത്ത അസഹിഷ്ണുത
ഭിന്നാഭിപ്രായം പ്രകടിപ്പിക്കാനും വാദപ്രതിവാദത്തിനുമുള്ള ജനാധിപത്യാവകാശങ്ങളെ അംഗീകരിക്കാനും വിലമതിക്കാനും അധികാരകേന്ദ്രങ്ങള്‍ മര്‍ക്കടമുഷ്ടിയോടെ വിസമ്മതിക്കുന്നത് ഇന്ത്യയുടെ ഭരണഘടനയോടുള്ള അവഹേളനമാണ്. ഒരേ സമയം ഇതൊരു രാഷ്ട്രീയ പ്രശ്നവും സാംസ്കാരിക പ്രശ്നവുമാണ്. ബഹുമുഖവും അതീവശ്രദ്ധയോടുകൂടിയതുമായ പദ്ധതികളാണ് മെജോറിട്ടേറിയന്‍ വര്‍ഗ്ഗീയ ബ്രാഹ്മണിക്കല്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനായി ആസൂത്രണം ചെയ്യപ്പെടുന്നത്. ഈ പ്രോജക്ടിനെ ഒന്നാകെ സാംസ്കാരിക ദേശീയത സ്ഥാപിക്കുന്നതിനായുള്ള നീക്കമായി സിദ്ധാന്തവല്ക്കരിക്കപ്പെടുകയാണ്. ആര്‍എസ്എസിന്‍റെ യഥാര്‍ത്ഥലക്ഷ്യം-മതനിരപേക്ഷമല്ലാത്ത, ഫാസിസ്റ്റ് സ്വഭാവമുള്ള മതാധിഷ്ഠിത രാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യം-മറച്ചുവയ്ക്കുന്നതിന് അവര്‍ പടച്ചുണ്ടാക്കിയ ഒരു മൃദുഭാഷണം മാത്രമാണിത്; എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നതും നാനാത്വത്തെ അടിസ്ഥാനമാക്കിയതുമായ ജനാധിപത്യരാഷ്ട്രം എന്ന ആധുനികസങ്കല്പനത്തിന്‍റെ അടിവേരറുക്കുന്നതാണിത്.

ആര്‍ എസ് എസ് പ്രത്യയശാസ്ത്രകാരനായ എം എസ് ഗോള്‍വാള്‍ക്കര്‍ (1906-1979) ഇങ്ങനെ എഴുതിയിരിക്കുന്നു: 

രാഷ്ട്രത്തിന്‍റെയും അതിന്‍റെ സംസ്കാരത്തിന്‍റെയും വിശുദ്ധി സൂക്ഷിക്കുന്നതിന് രാജ്യത്തെ സെമറ്റിക് വംശജരെ, ജൂതരെ ഉന്മൂലനം ചെയ്തുകൊണ്ട് ജര്‍മ്മനി ലോകത്തെ ഞെട്ടിച്ചു. ദേശീയമായ അഭിമാനബോധം ഇവിടെ പ്രകടമാക്കപ്പെട്ടിരിക്കുകയാണ്. അടിത്തട്ടുവരെ വ്യത്യസ്തതകളോടുകൂടിയ വിവിധ വംശങ്ങളെയും സംസ്കാരങ്ങളെയും സംബന്ധിച്ചിടത്തോളം ഒരൊറ്റ കൂട്ടായ്മയായി സ്വാംശീകരിക്കുകയെന്നത് എത്രത്തോളം അസാധ്യമാണെന്ന് ജര്‍മ്മനി നമുക്ക് കാണിച്ചുതരുന്നു; ഹിന്ദുസ്ഥാനിലെ നമ്മളെ സംബന്ധിച്ചിടത്തോളം പഠിക്കാനും നേട്ടമുണ്ടാക്കാനും പറ്റിയ മികച്ച പാഠമാണത്. (നാം അഥവാ നമ്മുടെ ദേശീയത നിര്‍വ്വചിക്കപ്പെടുന്നു, പേജ് 43)

നമ്മുടെ ഭരണഘടനയുടെ വിലപ്പെട്ട മൂല്യങ്ങള്‍ക്ക് വിരുദ്ധമായതാണ് സംസ്കാരത്തെയും രാഷ്ട്രത്തെയും സംബന്ധിച്ച ഗോള്‍വാള്‍ക്കറുടെ വ്യാഖ്യാനത്തിലെ സങ്കല്പനം എന്നു പറയേണ്ടതില്ലല്ലോ. ആദ്യവാചകത്തിലെ മൂന്നുവാക്കുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകരുത്- വിശുദ്ധി, രാഷ്ട്രം, സംസ്കാരം. 'സാംസ്കാരിക ദേശീയത' എന്ന പദപ്രയോഗം ജര്‍മ്മനിയിലെ നാസി അനുഭവത്തെതുടര്‍ന്നു പടച്ചുണ്ടാക്കിയതാണെന്ന് വ്യക്തമാണ്.

ആര്‍എസ്എസിനാല്‍ നിയന്ത്രിക്കപ്പെടുകയും വഴികാട്ടപ്പെടുകയും ചെയ്യുന്ന ബിജെപി ഭരണം ഊന്നല്‍ നല്കുന്നത് ഹിന്ദുരാഷ്ട്രം എന്ന ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കി സംസ്കാരത്തെ പുനര്‍രൂപപ്പെടുത്താനായി സാംസ്കാരികമണ്ഡലത്തില്‍ ഇടപെടുന്നതിനാണ്. ചരിത്രത്തെ വക്രീകരിക്കുകയും സ്കൂള്‍ വിദ്യാഭ്യാസത്തെയും സര്‍വകലാശാല വിദ്യാഭ്യാസത്തെയും വര്‍ഗ്ഗീയവല്ക്കരിക്കുകയും ചെയ്യുന്നതിനുപുറമേ, സ്വയംഭരണ പാരമ്പര്യവും പദവിയുമുള്ള വിവിധ അക്കാദമിക സ്ഥാപനങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും സംഘടനകളിലുമുള്ള അവരുടെ കരുതിക്കൂട്ടിയുള്ള ഇടപെടലുകള്‍ കൃത്യമായി തെളിയിക്കപ്പെട്ടതാണ്.

ഇന്ത്യന്‍ സമൂഹത്തിന്‍റെ അതിസമ്പന്നമായ ജനാധിപത്യ പാരമ്പര്യംമൂലം അസന്ദിഗ്ധമായ ഭാഷയില്‍ തങ്ങളുടെ ഭിന്നാഭിപ്രായം പ്രകടിപ്പിക്കാനും മുഖാമുഖം എതിരിടാനും ധൈര്യപ്പെടുന്ന ഒട്ടേറെ പണ്ഡിതരും ബുദ്ധിജീവികളും കലാകാരും എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ഉണ്ടായിരുന്നു; ഇപ്പോഴും അത്തരം ഒട്ടേറെപ്പേരുണ്ട്. തര്‍ക്കിക്കാനും ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ധൈര്യപ്പെടുന്നവര്‍ക്കെതിരെ വിവിധ സേനകളുടെ തെറ്റിദ്ധാരണാജനകമായ പേരുകളോടുകൂടിയ ആര്‍എസ്എസിന്‍റെ വിവിധ തീവ്രവാദി-അക്രമി സംഘങ്ങളെ കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. ഈ ക്രൂരകൃത്യങ്ങളിലൂടെ രാജ്യത്തിന് പ്രമുഖരായ നിരവധി പുത്രന്മാരെയും പുത്രിമാരെയുമാണ് നഷ്ടപ്പെട്ടത്. ഡോ. എം എം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധാബോല്‍ക്കര്‍, ഗൗരി ലങ്കേഷ്, സ്റ്റാന്‍സ്വാമി എന്നിവര്‍ അതില്‍ ചില പേരുകള്‍ മാത്രം. 2015 ലെ അക്കാദമി അവാര്‍ഡുകള്‍ മടക്കിക്കൊടുക്കാനും വര്‍ഗ്ഗീയാടിസ്ഥാനത്തിലുള്ള കൊലപാതകങ്ങളും അക്രമസംസ്കാരവും വര്‍ദ്ധിച്ചുവരുന്നതിനെ പരസ്യമായി വിമര്‍ശിക്കാനുമുള്ള നയന്‍താര സെഹ്ഗാളിന്‍റെയും സച്ചിദാനന്ദന്‍റെയും ഉദയ്പ്രകാശിന്‍റെയും ചമന്‍ലാലിന്‍റെയും റഹ്മാന്‍ അബ്ബാസിന്‍റെയും മറ്റു നിരവധി പേരുടെയും ധീരമായ തീരുമാനത്തെ ഇവിടെ സ്മരിക്കേണ്ടതുണ്ട്.

മനുഷ്യാവകാശ പ്രവര്‍ത്തകരെയും 
ബുദ്ധിജീവികളെയും ജയിലിലടയ്ക്കുന്നു

സംഘപരിവാര്‍ നയത്തിനൊത്ത് നില്ക്കാന്‍ വിസമ്മതിക്കുന്ന പ്രശസ്തരായ ബുദ്ധിജീവികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും തുറുങ്കിലടയ്ക്കുന്നതിന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കള്ളത്തെളിവുകളുണ്ടാക്കുന്നത് ഇപ്പോഴത്തെ ഭരണത്തിന്‍കീഴില്‍ പ്രകടമാവുന്ന ഭരണകൂടഭീകരതയുടെ നിന്ദ്യമായ ഒരു രൂപമാണ്. ഡോ. ആനന്ദ് തെല്‍തുംദെ, സുധഭരദ്വാജ്, വരവര റാവു തുടങ്ങിയ ഭീമ കൊറേഗാവ് കേസില്‍ കുറ്റാരോപിതരായ നിരവധി പേര്‍ യുഎ പിഎയും സമാനമായ മറ്റു കിരാതനിയമങ്ങളും ചുമത്തപ്പെട്ട് ജയിലുകള്‍ക്കുള്ളില്‍ നരകയാതന അനുഭവിക്കുകയാണ്. സംഘപരിവാറും അവരുടെ ചെരുപ്പുനക്കികളും പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകളെ തുറന്നുകാണിക്കുന്നതില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ ആള്‍ട്ട് ന്യൂസിലെ മുഹമ്മദ് സുബൈറിനെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കുറ്റം ചാര്‍ത്തി. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഒടുവില്‍ സുപ്രീം കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

ആള്‍ക്കൂട്ട അക്രമങ്ങള്‍ ലക്ഷ്യംവെച്ചുള്ള കൊലപാതകങ്ങള്‍, പ്രോസിക്യൂഷന്‍ ഭീഷണി, ജയിലിലടയ്ക്കല്‍ തുടങ്ങിയവപോലുള്ള അതിഭീകരമായ പീഡനോപകരണങ്ങളാണ് സാമൂഹികമായി മെനഞ്ഞെടുക്കപ്പെടുന്ന മെജോറിറ്റേറിയന്‍ ലൈനില്‍ രാഷ്ട്രീയമായ അണിനിരത്തലിനായി ഉപയോഗിക്കപ്പെടുന്നത്. ഇതിനൊപ്പം ന്യൂനപക്ഷസമുദായങ്ങള്‍ക്കെതിരായി ചിട്ടയായുള്ള ഗൂഢപദ്ധതികള്‍ ഇതേ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്യപ്പെടുകയും നടപ്പാക്കപ്പെടുകയുമാണ്. ഗോള്‍വാള്‍ക്കറില്‍നിന്ന് മുന്‍പുദ്ധരിച്ച വരികള്‍ വ്യക്തമായും വാദിക്കുന്നത്, "ജര്‍മ്മനിയില്‍ നാസികള്‍ ചെയ്തത്" ഹിന്ദുസ്ഥാനിലുള്ള നമ്മള്‍ക്ക് പഠിക്കാനും നേട്ടമുണ്ടാക്കാനും പറ്റിയ നല്ല 'പാഠ'മാണെന്നാണ്-ഗോള്‍വാള്‍ക്കറുടെ ആശയങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കപ്പെടുകയാണെന്നാണ് സംഘപരിവാറിന്‍റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളും കാംപെയ്നുകളും തെളിയിക്കുന്നത്.

2021 ഡിംസബര്‍ 16 മുതല്‍ 18 വരെ സംഘപരിവാര്‍ ഹരിദ്വാറില്‍ ധര്‍മ്മ സംസദ് (മതപാര്‍ലമെന്‍റ്) 
ഘടിപ്പിച്ചു. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള മുഖ്യതടസ്സമായി നില്ക്കുന്ന ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുന്നതിന് ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് ആ സമ്മേളനത്തില്‍ പങ്കെടുത്ത കാവി വസ്ത്രം ധരിച്ച യോഗിമാരും യോഗിനിമാരും തങ്ങളുടെ നീണ്ട പ്രസംഗങ്ങള്‍ അവസാനിപ്പിച്ചത്. ഇവരെല്ലാം സംസാരിച്ചത് ഭരണഘടനയ്ക്കും നാട്ടില്‍ നിലവിലുള്ള നിയമങ്ങള്‍ക്കും എതിരായിരുന്നിട്ടും ഈ പ്രാസംഗകരില്‍ ഒരാള്‍പോലും അറസ്റ്റുചെയ്യപ്പെടുകയോ പ്രോസിക്യൂട്ട് ചെയ്യപ്പെടുകയോ ഉണ്ടായില്ല. 

പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ഇതിനെ അപലപിച്ചില്ല; മാത്രമല്ല, തങ്ങളുടെ ലക്ഷ്യസാക്ഷാത്ക്കാരത്തിന് അക്രമാസക്തമായി ഇടപെടുന്നതിനുള്ള ആഹ്വാനങ്ങളോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാന്‍പോലും ഇവര്‍ തയ്യാറായിട്ടില്ല. ധര്‍മ്മ സംസദില്‍ നിന്ന് അവര്‍ ഇരുവരും അകന്നുനില്ക്കുകയോ അതിനെ അപലപിക്കുകയോ ചെയ്യാതിരുന്നത് അവരുടെ ഉള്ളിലുള്ളത് തന്നെയാണ്, അവര്‍ക്ക് ഏറെ പ്രിയപ്പെട്ട കാര്യങ്ങള്‍ തന്നെയാണ് അവിടെ മുഴങ്ങിക്കേട്ടത് എന്നതിനാലാണ്. ജെനസൈഡ് വാച്ചിന്‍റെ സ്ഥാപകനും അദ്ധ്യക്ഷനുമായ പ്രൊഫ. ഗ്രിഗറി സ്റ്റാന്‍റണ്‍ നടത്തിയ പ്രവചനം ഉള്ളുലയ്ക്കുന്നതാണ്. അദ്ദേഹം പ്രവചിച്ചത്, ഇപ്പോഴത്തെ പ്രവണതകള്‍, സൂചനകളും സംഭവങ്ങളും വിരല്‍ചൂണ്ടുന്നത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഏറെ വൈകാതെ വംശഹത്യക്കുള്ള സാദ്ധ്യതയുണ്ടെന്നാണ്. ഞാന്‍ ആഗ്രഹിക്കുന്നതും പ്രതീക്ഷയര്‍പ്പിക്കുന്നതും പ്രൊഫ. സ്റ്റാന്‍റണ്‍ന്‍റെ പ്രവചനം തെറ്റട്ടെയെന്നാണ്.

ജനാധിപത്യത്തിന്‍റെയും ഭിന്നാഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശത്തിന്‍റെയും നിയമവാഴ്ചയുടെയും മതനിരപേക്ഷതയുടേതുമായ ഭരണഘടനാമൂല്യങ്ങളോട് പ്രതിബദ്ധതയുള്ളവര്‍ അപകടകരമായ നിലയിലുള്ള നമ്മുടെ സമൂഹത്തിന്‍റെ ഒഴുകിപ്പോക്ക് തടയാന്‍ ശ്രമിക്കുന്നതിനുള്ള വിശാലവേദിക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ഇന്ത്യയില്‍ ഇന്ന് പൊതുബോധമെന്ന നിലയില്‍ സമൂഹത്തിലെ വിപുലമായ വിഭാഗങ്ങളെ സ്വാധീനിക്കുന്ന മെജോറിറ്റേറിയന്‍ വര്‍ഗ്ഗീയ ആഖ്യാനത്തിന്‍റെ പ്രവണത വളര്‍ന്നുവരികയാണ്. ഇതിന്, സംഘപരിവാര്‍ ഉപയോഗിക്കുന്നത് അനേകം മുഖങ്ങളുള്ള സംഘടനകളെയും സാങ്കേതികവും സാംസ്കാരികവുമായ ഉപകരണങ്ങളെയുമാണ്. വിവിധ സംഘപരിവാര്‍ സംഘടനകളുടെ അംഗങ്ങള്‍ അവരുടെ നടപടികളിലൂടെയും തൊഴിലിടങ്ങളും പാര്‍പ്പിടങ്ങളും സന്ദര്‍ശിക്കുന്നതിലൂടെയും നേരിട്ടുള്ള ബന്ധങ്ങളിലൂടെയും ജനങ്ങളുമായി പൊതുവില്‍ നിരന്തരം ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനായി അവര്‍ റസിഡന്‍ഷ്യല്‍ അസോസിയേഷനുകളിലും ക്ഷേത്ര സമിതികളിലും നുഴഞ്ഞുകയറുകയാണ്.

മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നു
തങ്ങളുടെ നികൃഷ്ടമായ അജന്‍ഡയ്ക്കനുകൂലമായ സമ്മതി നിര്‍മ്മിക്കുന്നതിന് ആര്‍എസ്എസ് സോഷ്യല്‍ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കുന്നു. നമ്മുടെ രാജ്യത്ത് യൂട്യൂബ് ഉപയോഗിക്കുന്ന 26.5 കോടി ആളുകളും ഫേസ്ബുക്ക് ഉപയോഗിക്കുന്ന 32.9 കോടി ആളുകളും വാട്സാപ്പില്‍ 45.9 കോടി ആളുകളുമുണ്ട്. ഏറെക്കുറെ അവിശ്വസനീയമായ വിധത്തിലാണ് ഇവയിലെല്ലാം സംഘപരിവാറിന്‍റെ ചിട്ടയായ നുഴഞ്ഞുകയറ്റം. സോഷ്യല്‍ മീഡിയയില്‍ അവരെയും അവരുടെ അജന്‍ഡയെയും ആരെങ്കിലും തുറന്നുകാണിക്കാന്‍ ശ്രമിക്കുന്നതോടെ വസ്തുതകള്‍ക്കെതിരെ ചില സവിശേഷവാദഗതികളുമായി ആര്‍എസ്എസിന്‍റെ സൈബര്‍ പോരാളികള്‍ രംഗത്തുവരുന്നു!

ദൂരദര്‍ശനെയും ആള്‍ ഇന്ത്യ റേഡിയൊയെയും മിക്കവാറും എല്ലാ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളെയും സാമദാന ഭേദ ദണ്ഡമുറകള്‍ പ്രയോഗിച്ച് ഉപയോഗിക്കുന്നതിനുപുറമേ പുസ്തകങ്ങള്‍, നാടകം, ഗാനങ്ങള്‍, ചലച്ചിത്രങ്ങള്‍ (ഉദാഹരണത്തിന്, ഉറി സര്‍ജിക്കല്‍ സ്ട്രൈക്, കാശ്മീര്‍ ഫയല്‍സ്, കല്‍ക്കട്ട കില്ലിങ്സ് തുടങ്ങിയവ) എന്നിവയെയും ബിജെപി ഫലപ്രദമായി ഉപയോഗിക്കുന്നു. ബിജെപിയുടെ കാശ്മീരിലെ വിഭാഗീയമായ വിദ്വേഷ അജന്‍ഡ പ്രോത്സാഹിപ്പിക്കുന്നതിന് കലയെ ഉപയോഗിക്കുന്നതിന്‍റെ ക്ലാസിക് ഉദാഹരണമാണ് കാശ്മീര്‍ ഫയല്‍സ്.

ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന് സമൂഹത്തെ വര്‍ഗ്ഗീയവല്ക്കരിക്കുകയെന്ന പ്രോജക്ടുതന്നെ ധനമൂലധനത്തിന്‍റെയും കുത്തക കുടുംബങ്ങളുടെയും താല്പര്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ്. ഇന്ത്യനും വൈദേശികവുമായ മൂലധനത്തിന്‍റെ സാമ്പത്തിക താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ബ്രാഹ്മണമേധാവിത്തത്തോടുകൂടിയ ഹിന്ദുരാഷ്ട്രമാണ് അവരുടെ ലക്ഷ്യം. ഇന്ത്യന്‍ ഭരണവര്‍ഗ്ഗങ്ങള്‍ ഭൂരിപക്ഷവര്‍ഗ്ഗീയതയെ പിന്തുണയ്ക്കുന്നതും വര്‍ഗ്ഗീയവാദികള്‍ ഇന്ത്യനും വൈദേശികവുമായ മൂലധനത്തെ സംരക്ഷിക്കുന്നതും അതുകൊണ്ടുതന്നെയാണ്.

തൊഴിലാളികളും കര്‍ഷകരും മറ്റ് അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളും പങ്കെടുത്ത സ്വാതന്ത്ര്യസമരത്തിന്‍റെ പരിണതഫലമായ ഇന്ത്യന്‍ ഭരണഘടനയില്‍ പരിപാവനമായി ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷജനാധിപത്യപരവും സമത്വാധിഷ്ഠിതവുമായ മൂല്യങ്ങളെ നാം എങ്ങനെ സംരക്ഷിക്കും? ഇടതുപക്ഷ ജനാധിപത്യശക്തികള്‍ സ്വയം പുനരേകോപിക്കുകയും ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സാമൂഹിക രാഷ്ട്രീയ-സാമ്പത്തിക-സാംസ്കാരിക പ്രശ്നങ്ങള്‍ ഏറ്റെടുത്ത്ബഹുജനങ്ങളുമായി നിരന്തരം ഉറ്റബന്ധം പുലര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കുകയുമാണ് വേണ്ടത്. ഇത് അതികഠിനമായ ഒരു കടമയാണ്. എന്നാല്‍ ശക്തമായ ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി പൊരുതിയതിന്‍റെ അനുഭവം നമുക്കുണ്ട്. സാമ്രാജ്യത്വ ബ്രിട്ടന്‍ അന്ന് എങ്ങനെയാണ് വീരവാദം മുഴക്കിയിരുന്നതെന്ന് നമുക്കറിയാം: ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ സൂര്യന്‍ ഒരിക്കലും അസ്തമിക്കില്ല എന്നാണല്ലോ! ഇത്തരത്തില്‍ ശക്തമായ ഒരു സാമ്രാജ്യത്വ ശക്തിക്കെതിരെ പൊരുതുകയും അതിനെ കീഴ്പ്പെടുത്തുകയും ചെയ്ത ഹതഭാഗ്യരായ തൊഴിലാളികളും കര്‍ഷകരും തൊഴില്‍രഹിതരുമായ ആളുകളില്‍നിന്നുമുള്ള പാഠങ്ങള്‍ നാം പഠിക്കണം.

അജ്ഞാതരായ അസംഖ്യം രക്തസാക്ഷികളുടെ ത്യാഗവും ഭഗത്സിങ്ങിന്‍റെയും അദ്ദേഹത്തിന്‍റെ സഖാക്കളുടെയും ധീരോദാത്തമായ ത്യാഗങ്ങളും ഒരുവശത്തും മറുവശത്ത് മഹാത്മാഗാന്ധി നേതൃത്വം നല്കിയ വിപുലമായ ദേശീയ പ്രസ്ഥാനവും കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ നടന്ന തെലങ്കാന, പുന്നപ്ര-വയലാര്‍, തേഭാഗ, സുര്‍മാവാലി, വര്‍ളി സമരങ്ങളും ഐ എന്‍ എ, ആര്‍ ഐ എന്‍ പോരാട്ടങ്ങളുമെല്ലാം ചേര്‍ന്ന് ഒരൊറ്റ കരുത്തുറ്റശക്തിയായി പ്രവര്‍ത്തനോന്മുഖമായത് കീഴടങ്ങാനും തിടുക്കപ്പെട്ട് ഒത്തുതീര്‍പ്പിലെത്താനും ബ്രിട്ടീഷുകാരെ നിര്‍ബ്ബന്ധിതരാക്കി. മഹനീയ സമരങ്ങളുടെ ഇത്തരം വീരഗാഥകളാണ് തൊഴിലാളികളും കര്‍ഷകരും സ്ത്രീകളും യുവജനങ്ങളും വിദ്യാര്‍ത്ഥികളും ദളിതരും ആദിവാസികളും ഉള്‍പ്പെടെയുള്ള അദ്ധ്വാനിക്കുന്ന ജനങ്ങള്‍ ഒരിക്കല്‍ ബോധവാന്മാരാകുകയും സംഘടിതരാവുകയും ചെയ്താല്‍ അദൃശ്യമായ ഒരു ശക്തിയായി അതിനെ മാറ്റാന്‍ കഴിയുമെന്ന ആത്മവിശ്വാസം നമുക്ക് നല്‍കുന്നത്.

നിലവിലെ വെല്ലുവിളിനിറഞ്ഞ സാഹചര്യത്തെ സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതില്‍ സാംസ്കാരികമണ്ഡലത്തിലെ സമര്‍പ്പിതമായ പ്രവര്‍ത്തനത്തിന് ചില സുപ്രധാന സംഭാവനകള്‍ ചെയ്യാനുണ്ട്. പാര്‍ട്ടി കേന്ദ്രകമ്മിറ്റി സാംസ്കാരിക മുന്നണിയിലെ കടമകള്‍ സംബന്ധിച്ച് ഒരു രേഖ അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സാംസ്കാരികമണ്ഡലത്തിലെ പ്രവണതകളെക്കുറിച്ച് വിശകലനം ചെയ്തശേഷം സാംസ്കാരിക മുന്നണിയിലെ പ്രവര്‍ത്തനത്തില്‍ അടിയന്തിര പ്രാധാന്യത്തോടെ പ്രയോഗികമാക്കാനുള്ള ഉത്തരവാദിത്വങ്ങള്‍ ചുവടെ ചേര്‍ക്കുന്ന രീതി
ല്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്:

മതപരമായ വികാരത്തിന്‍റെ പേരിലോ ജാതിമേധാവിത്തത്തിന്‍റെ പേരിലോ വര്‍ഗ്ഗീയശക്തികള്‍ വാദിക്കുന്നതുപോലെയുള്ള സാംസ്കാരിക ദേശീയതയുടെ പേരിലോ ഉള്ള അസഹിഷ്ണുതയുടെ എല്ലാ രൂപങ്ങളെയും ചെറുക്കുന്നതിന്, ജനങ്ങളുടെ സാംസ്കാരവ്യവഹാരങ്ങളില്‍ ഭാഷാപരവും വംശീയവും പ്രാദേശികവുമായ വൈവിധ്യങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക; ഇത്തരത്തിലുള്ള വൈവിധ്യങ്ങളുടെ വക്താക്കള്‍ക്കിടയിലുള്ള മെച്ചപ്പെട്ട ആശയ വിനിമയത്തെയും ധാരണയെയും പ്രോത്സാഹിപ്പിക്കുക; വൈവിധ്യമാര്‍ന്ന ഈ പാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നതിന്‍റെ പേരില്‍ ആക്രമണം നേരിടുന്ന ചിന്തകള്‍ക്കും കലാകാരര്‍ക്കും ഒപ്പം നില്ക്കുക എന്നിവയിലാണ് നമ്മള്‍ പ്രത്യേക ശ്രദ്ധ അര്‍പ്പിക്കേണ്ടത്.
വിജ്ഞാനവിരോധം, മതഭ്രാന്ത്, അന്ധവിശ്വാസം, അയുക്തികത എന്നിവയെല്ലാം തുറന്നുകാണിക്കപ്പെടേണ്ടവയാണ്. അതേപോലെതന്നെ, പൊതുവിദ്യാഭ്യാസ സമ്പ്രദായത്തെ സംരക്ഷിക്കേണ്ടതുമുണ്ട്. ഒപ്പം ശാസ്ത്രീയവും പാണ്ഡിത്യപരവും സാംസ്കാരികവുമായ സ്ഥാപനങ്ങളുടെ സ്വയം ഭരണത്തെയും സംരക്ഷിക്കേണ്ടതുണ്ട്.

വിശ്വാസികളെ  തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം
മിക്ക ആരാധനാലയങ്ങളിലും വര്‍ഗ്ഗീയ-തീവ്രവാദ സംഘടനകള്‍ സജീവമാണ്. ഉത്സവങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വര്‍ഗ്ഗീയവിഭാഗീയ പ്രചാരണമാണ് ആധിപത്യം പുലര്‍ത്തുന്നത്. ഓരോ സ്ഥലത്തും നിലനില്ക്കുന്ന മൂര്‍ത്തമായ സ്ഥിതിഗതികളെ ആശ്രയിച്ച് നമ്മുടെ പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ കഴിയാവുന്നിടത്തോളം ഇത് തടയാന്‍ ശ്രമിക്കേണ്ടതാണ്.

വര്‍ഗ്ഗീയവാദികളല്ലാതിരിക്കെത്തന്നെ മതവിശ്വാസവും ആചാരങ്ങളും വച്ചുപുലര്‍ത്തുന്ന വളരെ വലിയൊരു വിഭാഗമുണ്ട്. ഇവരെയും വര്‍ഗ്ഗീയ തീവ്രവാദികളാക്കി മാറ്റാന്‍ പരിവാര്‍ ശ്രമിക്കുന്നു. ആയതിനാല്‍ അവരെ വര്‍ഗ്ഗീയവിഷത്തില്‍നിന്നും രക്ഷപ്പെടുത്തുന്നതിനായിരിക്കണം നാം നിരന്തരം പരിശ്രമിക്കേണ്ടത്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ എല്ലാ രൂപങ്ങളിലുമുള്ള വര്‍ഗ്ഗീയതയ്ക്കെതിരായ നമ്മുടെ പോരാട്ടം വര്‍ഗ്ഗീയവാദികളല്ലാത്തവരും മതവിശ്വാസികളുമായ ജനവിഭാഗങ്ങളെയും കൂടി അണിനിരത്തിക്കൊണ്ടായിരിക്കണം. ചിലപ്പോഴെല്ലാം പുരോഗമനചേരിയിലെ ചില വിഭാഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വേണ്ടത്ര വ്യക്തതയുണ്ടാവുന്നില്ല.

ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കുമേല്‍ കോര്‍പ്പറേറ്റ് മൂലധനം പിടിമുറുക്കിയിരിക്കുന്നതുമൂലം സാങ്കേതികവിദ്യാ മുന്നേറ്റങ്ങളുടെ ഗുണഫലങ്ങള്‍ നിഷേധിക്കപ്പെടുന്ന സാധാരണക്കാര്‍ക്കുവേണ്ടി സാങ്കേതികവിദ്യാപരമായി മുന്നേറിയ അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളുടെ ലോകത്ത് ഇടം തിരിച്ചുപിടിക്കാന്‍ ചിട്ടയായതും ആസൂത്രിതമായതുമായ നീക്കങ്ങള്‍ ആവശ്യമാണ്. ബാലിശമായ വാര്‍ത്തകള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കപ്പെട്ട വെറും ചവറ് പരസ്യങ്ങളുടെയും അരോചകവും ഉപരിപ്ലവവുമായ റിയാലിറ്റി ഷോകളുടെയും പിന്തിരിപ്പനും പുരുഷാധിപത്യപരവും സ്ത്രീവിരുദ്ധവുമായ സീരിയലുകളുടെയും മറ്റ് ഇലക്ട്രോണിക് ഉല്പന്നങ്ങളുടെയും ആധിപത്യത്തിലേക്കാണ് ഈ മൂലധനാധിപത്യം നയിക്കുന്നത്. ജനങ്ങളെ സംബന്ധിച്ച് കൂടുതല്‍ പ്രസക്തമായ കാര്യങ്ങള്‍ക്കായി കുറച്ച് ഇടം വീണ്ടെടുക്കുന്നതിന് ഇത്തരം സാങ്കേതികവിദ്യകളെ എങ്ങനെ ഉപയോഗിക്കാന്‍ കഴിയുമെന്നതിന്‍റെ ചില ദൃഷ്ടാന്തങ്ങളാണ് ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍, സോഷ്യല്‍ മീഡിയ, ഡോക്യുമെന്‍ററി ഫിലിമുകള്‍,  കമ്യൂണിറ്റി റേഡിയോ തുടങ്ങിയവ; ആസൂത്രിതവും ചിട്ടയോടു കൂടിയതുമായവിധത്തില്‍ ഈ മേഖലകളില്‍ വൈരുധ്യമുള്ളവരെ ഈ ദിശയില്‍ പ്രോത്സാഹിപ്പിക്കേണ്ടതും പ്രചോദനം നല്കേണ്ടതും ആവശ്യമാണ്.

കുട്ടികളെയും വിദ്യാര്‍ത്ഥികളെയും ചെറുപ്പക്കാരെയും സംരക്ഷിക്കുന്നതിനുവേണ്ടി നാം നിലകൊള്ളേണ്ടതുണ്ട്; അങ്ങനെ അവരുടെ സ്വതന്ത്രമായ സര്‍ഗ്ഗാത്മക കഴിവുകള്‍ വികസിപ്പിക്കാനുള്ള അവസരങ്ങള്‍ അവര്‍ക്കു ലഭിക്കും; നിഷ്കരുണമായ മത്സരാധിഷ്ഠിത ഉപഭോഗ മൂല്യങ്ങളോ അഥവാ വെറുപ്പിന്‍റെയും പരസ്പര നശീകരണത്തിന്‍റെയും സംസ്കാരമോ അവരുടെ അഭിലാഷങ്ങളെ ഗ്രസിക്കുന്നില്ലായെന്ന് ഉറപ്പാക്കുവാനുള്ള അവസരങ്ങള്‍ ലഭിക്കും; അവരുടെ വിദ്യാഭ്യാസപരമായ അവകാശങ്ങളും ഏറ്റവും പുരോഗമനാത്മകമായ അറിവ് ലഭിക്കുവാനുള്ള അവകാശവും ഉറപ്പാക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കകത്തും പുറത്തും നമ്മുടെ ഏറ്റവും മെച്ചപ്പെട്ട ബൗദ്ധികവും സര്‍ഗ്ഗാത്മകവുമായ പാരമ്പര്യങ്ങളോട് അവരെ ചേര്‍ത്തുനിര്‍ത്തുന്നതിന് ബഹുവിധമായ പരിശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്.

വിവിധ തീവ്രവാദ, വിഭാഗീയ, ഭീകരവാദ സംഘടനകളും അവരുടെ  പ്രത്യയശാസ്ത്രങ്ങളും അടിത്തറ കൈവരിക്കുകയും, കലാപ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. ഭൂഗോളത്തിലുടനീളം വലിയ രൂപത്തിലുള്ള സ്വേച്ഛാധിപത്യത്തിലേക്കു നീങ്ങുന്നതിനുവേണ്ടി ഗവണ്‍മെന്‍റുകള്‍ ഇവയെ ദുരുപയോഗിക്കുന്നു. എവിടെയൊക്കെയാണോ സാധ്യമായത്, അവിടങ്ങളിലെല്ലാം ഭരണകൂടം സവിശേഷാധികാരങ്ങളും കൈക്കലാക്കുന്നു. ഒട്ടേറെ കേസുകളില്‍, ദേശീയ സുരക്ഷയുടെ പേരില്‍ സാധാരണ ജനങ്ങള്‍ ഇത്തരം നടപടികളെ പിന്തുണയ്ക്കുന്നതിന് പ്രേരിപ്പിക്കപ്പെടുകയും നിര്‍ബ്ബന്ധിക്കപ്പെടുകയും ചെയ്യുന്നു. സ്വേച്ഛാധിപത്യ ഭരണകൂടം എവിടെയൊക്കെയാണോ പൗരസ്വാതന്ത്ര്യങ്ങള്‍ക്കും ജനാധിപത്യാവകാശങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും മുറിവേല്പിക്കുന്നത്, അവിടങ്ങളിലെല്ലാം അവയെ സംരക്ഷിക്കുന്നതിനുവേണ്ടി നാം നിലകൊള്ളുന്നു; എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുവാനുള്ള അനിയന്ത്രിതമായ അധികാരവും സ്വാതന്ത്ര്യവും ഭരണകൂടത്തിനു നല്കുന്ന കിരാത നിയമങ്ങളെ നമ്മള്‍ എതിര്‍ക്കുന്നു.

മലയാളത്തിന്‍റെ അതുല്യനായ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ 1989 ല്‍ നടന്ന സ്വാതന്ത്ര്യസമര സേനാനികളുടെ യോഗത്തില്‍ ചിന്തോദ്ദീപകമായൊരു നിരീക്ഷണം നടത്തുകയുണ്ടായി. നാഥുറാം വിനായക് ഗോഡ്സെ ക്രൂരമായി മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിനെക്കുറിച്ചു വിവരിച്ചശേഷം ബഷീര്‍ തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു: "ഗോഡ്സെയുടെ തോക്കില്‍നിന്നും പുറത്തേക്ക് പ്രവഹിച്ച വിഷലിപ്തമായ കാറ്റ് ഇന്ന് ഇന്ത്യയാകെ പരക്കുകയാണ്. സത്യം, നീതി, ധര്‍മ്മം, സ്നേഹം, കരുണ എന്നിവയൊന്നും ഇപ്പോഴും മാഞ്ഞുപോയിട്ടില്ല. നന്മയുടെ പൂക്കള്‍ ഇപ്പോഴുമിവിടെ വിരിയുന്നുണ്ട്. എന്നിരുന്നാലും വിഷലിപ്തമായ ആ കാറ്റുമൂലം അവ കൊഴിഞ്ഞുപോകുന്നു". ഒരു പ്രതിഭാശാലിയെന്ന നിലയില്‍, നമ്മുടെ രാജ്യത്തിന്‍റെ ദുരവസ്ഥ മൂന്നര പതിറ്റാണ്ടുമുന്‍പേ തന്നെ മുന്‍കൂട്ടിക്കാണുവാന്‍ ബഷീറിന് കഴിഞ്ഞു.

നിരന്തരം ബഹുജനങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കുക, ജനങ്ങളോട് നേരിട്ട് ഇടപഴകുന്നതുവഴി അവരുമായി സജീവബന്ധം സ്ഥാപിക്കുക, അതിനായി വിവരവിനിമയത്തിനുള്ള ആധുനിക ശാസ്ത്രസൗകര്യങ്ങളും ഉപയോഗപ്പെടുത്തുക എന്നിങ്ങനെ ഇടതുപക്ഷ ജനാധിപത്യ പുരോഗമന പ്രസ്ഥാനത്തിന്‍റെ കടമയാണ് മൗലികമായ കാല്‍വെയ്പ്. സമാനമായി, രാജ്യത്തിന്‍റെ ഭരണസംവിധാനത്തില്‍ സംഘപരിവാര്‍ നടത്തുന്ന മേധാവിത്തത്തെ തുറന്നുകാണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുകയെന്ന നമ്മുടെ ലക്ഷ്യം വിജയിക്കണമെങ്കില്‍, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹിക പുരോഗതിക്കും വേണ്ടിയുള്ള കരുത്തുറ്റ ജനകീയ മുന്നേറ്റം വികസിപ്പിക്കുന്നതിനുള്ള സാധ്യമായത്രയും വിശാലമായ വേദി കെട്ടിപ്പടുക്കുവാനായി കഠിനപരിശ്രമങ്ങള്‍ നടത്തേണ്ടത് പരമപ്രധാനമാണ്. •