ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെടണം

പിണറായി വിജയന്‍

ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി ആദിവാസികളും ദളിതരും കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ത്ഥികളും സ്ത്രീകളുമുള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളും പല രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള പ്രസ്ഥാനങ്ങളും രാജ്യത്ത് നടത്തിയ ശക്തമായ പോരാട്ടങ്ങളുടെയും ജനകീയ മുന്നേറ്റങ്ങളുടെയും പരിണതഫലമായി രൂപപ്പെട്ടതാണ് ഇന്ത്യന്‍ ഭരണഘടനയും അതുറപ്പുവരുത്തുന്ന ജനാധിപത്യവും. അങ്ങനെ രൂപപ്പെട്ട ഇന്ത്യന്‍ ഭരണഘടനയെയും അതുവഴി ലഭ്യമായിരിക്കുന്ന ജനാധിപത്യ വ്യവസ്ഥയെയും അവയുടെ സവിശേഷതകളെയും വ്യക്തമായി മനസ്സിലാക്കണമെന്നുണ്ടെങ്കില്‍ അതിന്‍റെ പിന്നിലുള്ള ചരിത്രം പഠിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഇന്ന് ദേശീയതലത്തില്‍ അധികാരം കയ്യാളുന്ന സംഘപരിവാര്‍ രാഷ്ട്രീയം ആ ചരിത്രത്തെ തന്നെ അപനിര്‍മ്മിക്കുന്നു എന്നതാണ് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഒരു പ്രധാനപ്പെട്ട വെല്ലുവിളി.


1920ല്‍ കോഴിക്കോട്ട് കടപ്പുറത്ത് ഗാന്ധിജി അഭിസംബോധന ചെയ്തത് നിസ്സഹകരണ - ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരെ സംയുക്തമായാണ്. ആ പ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയായാണ് സാമ്രാജ്യത്വ-ജന്മിത്വ വിരുദ്ധ മലബാര്‍ സമരം രൂപംകൊണ്ടത്. അതിനെ സ്വാതന്ത്ര്യ സമരമല്ല എന്നു പറയുന്നതും അതിന്‍റെ അമരക്കാരായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസലിയാരും മറ്റും ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ സ്വജീവിതം ത്യജിച്ച ധീര രക്തസാക്ഷികളല്ല എന്നു പറയുന്നതും ഇപ്പോള്‍ അധികാരത്തിലിരിക്കുന്നവര്‍ നടത്തുന്ന ചരിത്ര അപനിര്‍മ്മിതിയുടെ ഭാഗമായാണ്. "അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍" എന്ന മുദ്രാവാക്യമുയര്‍ത്തി തിരുവിതാംകൂറിനെ സ്വതന്ത്ര ഇന്ത്യയുടെ ഭാഗമാക്കിയ പുന്നപ്ര-വയലാര്‍ സമരങ്ങളുടെ കാര്യത്തിലും ബ്രിട്ടീഷ് ഭരണം തുലയട്ടെ എന്ന മുദ്രാവാക്യം വിളിച്ച് ധീരതയോടെ തൂക്കുമരത്തിലേറിയ കയ്യൂര്‍ രക്തസാക്ഷികളുടെ കാര്യത്തിലും ഇതേ നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. തങ്ങള്‍ സ്വാതന്ത്ര്യ സമരമുന്നേറ്റങ്ങളുടെ ഭാഗമല്ലാതിരുന്നതിനാല്‍, അവയുടെ ഭാഗമായിരുന്നവര്‍ ആരൊക്കെയാണ് എന്ന് പൊതുസമൂഹമറിയരുത് എന്ന ചിന്തയാണ് ഈ ചരിത്ര അപനിര്‍മ്മിതിക്കു ചുക്കാന്‍ പിടിക്കുന്നവരെ നയിക്കുന്നത്.


നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവരെയും അവര്‍ നയിച്ച പോരാട്ടങ്ങളെയും ചരിത്രത്തില്‍ നിന്നു മായ്ച്ചുകളയുന്നതിലൂടെ അവരെന്തിനുവേണ്ടിയും, ഏതു മൂല്യങ്ങള്‍ മുറുകെപ്പിടിച്ചുമാണ് സമരം ചെയ്തത് എന്ന വസ്തുതയാണ് പൊതുസമൂഹത്തിന്‍റെ ഓര്‍മ്മയില്‍ നിന്നു നീക്കം ചെയ്യാന്‍ ശ്രമിക്കുന്നത്. ആ ഓര്‍മ്മയാണ് ആധുനിക ഇന്ത്യയുടെ രാഷ്ട്രശില്പികള്‍ വിഭാവനം ചെയ്ത പരികല്പനയ്ക്കനുസൃതമായി നമ്മുടെ ജനാധിപത്യം മുന്നോട്ടുപോകുന്നു എന്നുറപ്പുവരുത്തുക. ഇന്ത്യന്‍ ജനാധിപത്യം ആ വിധത്തില്‍ മുന്നോട്ടുപോകുന്നില്ല എന്നുറപ്പു വരുത്തുകയാണ് ചരിത്ര അപനിര്‍മ്മിതിക്കു പിന്നിലുള്ളവരുടെ യഥാര്‍ത്ഥ ലക്ഷ്യം.

ഭരണഘടനയുടെ സത്തയെ ഇല്ലാതാക്കുന്നു 
 സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി അണിനിരന്ന വിവിധ രാഷ്ട്രീയ സാമൂഹ്യ വിഭാഗങ്ങള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളുടെയും മുന്നോട്ടുവെച്ച മൂല്യങ്ങളുടെയും സ്വാംശീകരണമാണ് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണ സഭയിലെ ചര്‍ച്ചകളില്‍ നടന്നത്. അവയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കപ്പെട്ടത്. അങ്ങനെയാണ് സ്വതന്ത്ര ഇന്ത്യയെ നാമൊരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്തത്. നമ്മുടെ പൂര്‍വികര്‍ വിഭാവനം ചെയ്ത സ്വഭാവം രാജ്യത്തിനു നഷ്ടമായേക്കുമെന്ന ആശങ്ക ഉയര്‍ന്നുവന്ന ഒരു സവിശേഷ ഘട്ടത്തിലാണ് ഇന്ത്യയെ പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്തത്.

സൈനിക ഉടമ്പടികളിലൂടെയും ആയുധ ഇറക്കുമതി കരാറുകളിലൂടെയും സ്വതന്ത്ര വ്യാപാര കരാറുകളിലൂടെയും മറ്റും ഇന്ത്യയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ പരമാധികാരം ചോദ്യംചെയ്യപ്പെടുകയാണ്. ഇത്തരം കരാറുകളുടെ ഫലമായി ഇന്ത്യന്‍ ഭരണഘടനാ വ്യവസ്ഥകള്‍ ലംഘിക്കപ്പെടുമ്പോള്‍ രാജ്യത്തെ നിയമപ്രകാരം കേസെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് സംജാതമായിട്ടുള്ളത്. പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ നിലനിര്‍ത്തുന്നത് അതിന്‍റെ പാര്‍ലമെന്‍ററി സംവിധാനമാണ്. എന്നാല്‍ അതിനു പകരം പ്രസിഡന്‍ഷ്യല്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ സജീവമാണ്. അതിനായുള്ള ചര്‍ച്ചകള്‍ വരെ ഇപ്പോള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരത്തില്‍ നമ്മുടെ ഭരണഘടനയുടെ സത്തയെ ഇല്ലാതാക്കുന്നത് നമ്മുടെ ജനാധിപത്യം അത് വിഭാവനം ചെയ്യപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നുറപ്പുവരുത്തുന്നതില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 

സമീപകാല ഇന്ത്യന്‍ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ ഇന്ന് വളരെയധികം ചര്‍ച്ചചെയ്യപ്പെടുകയാണ്. നമ്മുടെ വൈവിധ്യങ്ങള്‍ ആഘോഷിക്കപ്പെടുന്നതിനു പകരം അവയെ അമര്‍ച്ച ചെയ്യാനുള്ള ശ്രമങ്ങള്‍ ഭരണഘടനയുടെ അന്തഃസത്തയെ നിരര്‍ത്ഥകമാക്കുകയാണ്. ജമ്മുകാശ്മീര്‍ ഇന്ത്യയുടെ ഭാഗമായത് 370-ാം അനുഛേദത്തിന്‍റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ജമ്മുകാശ്മീരിനെ രണ്ടായി പിളര്‍ക്കുകയും സംസ്ഥാന പദവി തന്നെ എടുത്തുമാറ്റുകയും ചെയ്തു. ഭരണഘടനാദത്തമായ അവകാശത്തെത്തന്നെ ഇല്ലാതാക്കുന്ന നടപടികളാണ് ഇതിലൂടെ മോദി സര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്‍റെ കാര്യത്തിലും സമാനമായ നിലയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അവിടുത്തെ സവിശേഷതകളെ മനസ്സിലാക്കാതെ ഇടപെടുന്ന രീതിയും വലിയ എതിര്‍പ്പ് അവിടെ സൃഷ്ടിച്ചിട്ടുണ്ട്.

മതങ്ങളുടെ ഈറ്റില്ലമായി ലോകമൊന്നടങ്കം വിലയിരുത്തുന്ന നാടാണ് ഇന്ത്യ. നൂറ്റാണ്ടുകളായി വിവിധ മതങ്ങള്‍ ഇവിടെ ഉല്‍ഭവിക്കുകയും ഇവിടെ വന്നുചേരുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ലോകത്തെ എല്ലാ പ്രധാന മതവിഭാഗങ്ങളും സാഹോദര്യത്തോടെ കഴിഞ്ഞ ചരിത്രമാണ് നമ്മുടെ നാടിനുള്ളത്. അതുകൊണ്ടാണ് പാകിസ്ഥാന്‍ മതരാഷ്ട്രമായി രൂപീകരിക്കപ്പെട്ടപ്പോഴും ഇന്ത്യ മതനിരപേക്ഷമായി നിലകൊണ്ടത്. നമ്മുടെ ഭരണഘടനയില്‍ മതമുള്ളവര്‍ക്കും മതമില്ലാത്തവര്‍ക്കുമൊക്കെ ഇന്ത്യന്‍ പൗരത്വം അനുവദിച്ചതും പൗരത്വത്തിനു വ്യക്തിയുടെ വിശ്വാസം മാനദണ്ഡമാക്കപ്പെടാതിരുന്നതും ഇത്തരത്തിലുള്ള വിശാലമായ കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ്.

എന്നാലിന്ന് പൗരത്വത്തിനു മതം ഒരു ഘടകമായി നിശ്ചയിക്കുന്ന നിലയിലേക്ക് ഇന്ത്യ മാറുകയാണ്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കേണ്ട സര്‍ക്കാരുകള്‍തന്നെ ഒരു മതത്തിന്‍റെ വക്താക്കളായി മാറുന്ന അവസ്ഥയും മറ്റു മതങ്ങളെയും അവയിലുള്‍പ്പെട്ടവരെയും അരികുവല്‍ക്കരിക്കുന്ന സ്ഥിതിയും സംജാതമായിരിക്കുകയാണ്. വര്‍ഗ്ഗീയത പരത്തുകയും വിദ്വേഷം പടര്‍ത്തുകയും അങ്ങനെ കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതും അത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരായി നിലകൊള്ളുന്നവരെ കേസിലകപ്പെടുത്തുകയും ചെയ്യുന്ന കിരാത നിലപാടാണ് അധികാരികളില്‍ നിന്നുണ്ടാകുന്നത്.

 വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതും അങ്ങനെ മനുഷ്യപുരോഗതിയിലേക്കു മുന്നേറുന്നതുമായ നിലപാടില്‍ നിന്ന് വൈവിധ്യങ്ങളെ തള്ളിക്കളയുന്ന പ്രതിലോമകരമായ നിലപാടിലേക്ക് രാജ്യം ചുരുങ്ങുന്നു. ഇതാകട്ടെ ജനാധിപത്യം പൂര്‍ണ്ണതോതില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അനുഭവവേദ്യമാകാത്ത നില സൃഷ്ടിക്കും. ഇപ്രകാരം മതനിരപേക്ഷതയെ വെല്ലുവിളിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യം ഇന്ന് നേരിടുന്ന വലിയ ഒരു വെല്ലുവിളിയാണ്. അത് വൈവിധ്യപൂര്‍ണ്ണമായ നമ്മുടെ രാജ്യത്തിന്‍റെ നിലനില്പിനുതന്നെ ഭീഷണിയായിത്തീരും.

ഭരണഘടനാ സംവിധാനങ്ങളെ ക്ഷയിപ്പിക്കുന്നു
 ഭരണഘടനാ മൂല്യങ്ങളെ തള്ളിക്കളയുന്നതോടൊപ്പം ഭരണഘടനാ സംവിധാനങ്ങളെ ക്ഷയിപ്പിക്കുന്നു എന്ന പ്രശ്നവും ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളുടെ സവിശേഷതകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് എല്ലാ മേഖലകള്‍ക്കും പ്രയോജനപ്പെടുന്ന പദ്ധതികള്‍ ആവിഷ്കരിക്കാനാണ് ആസൂത്രണ കമ്മീഷന്‍ എന്നൊരു സംവിധാനത്തെ ഭരണഘടനയിലൂടെ ഏര്‍പ്പെടുത്തിയിരുന്നത്. ആസൂത്രണ കമ്മീഷനെ ഇല്ലാതെയാക്കി എന്നു മാത്രമല്ല, പദ്ധതിയാവിഷ്കരണത്തെത്തന്നെ അപ്പാടെ ഉപേക്ഷിച്ചിരിക്കുകയുമാണ്. ഇങ്ങനെ വിഭവങ്ങളുടെ നീതിയുക്തമായ വിതരണം സാധ്യമാകാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. 

 പബ്ലിക് സര്‍വിസ് കമ്മീഷനുകളെ ഭരണഘടനയിലൂടെ ഏര്‍പ്പെടുത്തിയത് സംവരണമനുവദിച്ചുകൊണ്ട് പരിമിതമായ തോതിലെങ്കിലും സാമൂഹ്യ നീതി ഉറപ്പുവരുത്തുന്ന തൊഴില്‍ സംസ്കാരം നാട്ടില്‍ യാഥാര്‍ത്ഥ്യമാക്കാനും അങ്ങനെ ചരിത്രപരമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാനുമാണ്. എന്നാല്‍, ഇവയെ നിഷ്ക്രിയമാക്കിയും സര്‍ക്കാര്‍ മേഖലയിലെ തൊഴിലുകള്‍ കുറച്ചുകൊണ്ടും, ഉള്ള പരിമിതമായ തൊഴിലവസരങ്ങള്‍ വരെ സ്വകാര്യ മേഖലയ്ക്കു വിട്ടുകൊടുത്തുകൊണ്ടും ഭരണഘടന ലക്ഷ്യംവെച്ച രീതിയില്‍ ജനാധിപത്യ സംവിധാനങ്ങളുടെ ഗുണഫലങ്ങള്‍ എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാകാത്ത സാഹചര്യമാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

യുജിസി പോലെയുള്ള സംവിധാനങ്ങളെ അപ്രസക്തമാക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ നടത്തി വിദ്യാഭ്യാസ മേഖലയുടെ സ്വഭാവത്തെ ത്തന്നെ പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനു ചേരാത്തതാക്കുകയാണ്. കേന്ദ്ര സര്‍ക്കാരിനെ ചലിപ്പിക്കുന്ന ശക്തികള്‍ ജുഡീഷ്യറിയെയും ക്രമസമാധാന സേനകളെയും തിരഞ്ഞെടുപ്പു കമ്മീഷനെപ്പോലുള്ളവയെയും ഒക്കെ തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നതും നാം കാണുകയാണ്. അങ്ങനെ ജനാധിപത്യ സംവിധാനത്തിന്‍റെ ഫലപ്രദമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ 'ചെക്ക്സ് ആന്‍ഡ് ബാലന്‍സസ്' ഇല്ലാതാക്കുകയാണ്. ഇത്തരത്തില്‍ ഭരണഘടനാ സംവിധാനങ്ങളെ ക്ഷയിപ്പിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യം ഇന്നു നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്.

പാര്‍ലമെന്‍റിന്‍റെ പരമാധികാരത്തെ 
ചോദ്യം ചെയ്യുന്നു

നമ്മുടേതുപോലൊരു പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ ജനങ്ങളുടെ ശബ്ദം സര്‍ക്കാരിനു മുമ്പിലെത്തുന്നത് നിയമനിര്‍മ്മാണ സഭകളിലൂടെയാണ്. അതുകൊണ്ടുതന്നെ പാര്‍ലമെന്‍റിന്‍റെ പരമാധികാരം പരമ പ്രധാനമാണ്. എന്നാല്‍ പാര്‍ലമെന്‍റിന്‍റെ അറിവോ അനുവാദമോ കൂടാതെ സര്‍ക്കാരുകള്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്ക് വിരുദ്ധവും രാജ്യത്തിന്‍റെ സാഹചര്യങ്ങള്‍ക്ക് യോജിച്ചതുമല്ലാത്ത കരാറുകളിലേര്‍പ്പെടുന്നു. അവയെ ഇന്ത്യന്‍ ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നു. അങ്ങനെ ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നു എന്നതൊരു വശം.

 മറുവശം, പാര്‍ലമെന്‍റിന്‍റെ ചട്ടങ്ങളും കീഴ്വഴക്കങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് നടത്തപ്പെടുന്ന നിയമനിര്‍മ്മാണങ്ങളാണ്. സബ്ജക്ട് കമ്മിറ്റികളെ വെറും കാഴ്ചക്കാരാക്കിക്കൊണ്ട് ആവശ്യമായ പഠനങ്ങളോ കൂടിയാലോചനകളോ കൂടാതെ സുപ്രധാന മേഖലകളെ വരെ ബാധിക്കുന്ന നിയമങ്ങള്‍ ഇപ്പോള്‍ തുടര്‍ച്ചയായി പാസ്സാക്കിയെടുക്കുന്നു. കാര്‍ഷിക നിയമങ്ങളുടെ കാര്യത്തിലാകട്ടെ സഭയില്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ട്, അതുപോലും ശരിയായി നടത്താതെയാണ് നിയമം പാസ്സാക്കി എന്നു പ്രഖ്യാപിച്ചത്. ഈ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ ജനങ്ങളുടെ ശബ്ദമുയര്‍ത്തിയ ജനപ്രതിനിധികളെയാകട്ടെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
ജനങ്ങളുടെ ശബ്ദം ജനപ്രതിനിധികളിലൂടെയാണ് നിയമനിര്‍മ്മാണ സഭകളില്‍ മുഴങ്ങുന്നത്. അതായത്, നിയമനിര്‍മ്മാണ സഭകളുടെ പരമാധികാരം എന്നു പറയുന്നത് ജനങ്ങളുടെ പരമാധികാരമാണ്. ആ പരമാധികാരമാണ് ഇപ്പോള്‍ ഇന്ത്യയില്‍ ചോദ്യം ചെയ്യപ്പെടുന്നത്. ഇത് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന സുപ്രധാനമായ വെല്ലുവിളിയാണ്.

ഫെഡറല്‍ തത്വങ്ങളെ അട്ടിമറിക്കുന്നു
ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമെന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് ഫെഡറല്‍ ഘടനയോടുകൂടിയ ഒരു ജനാധിപത്യ സംവിധാനം ഇന്ത്യയില്‍ ആവിഷ്കരിച്ചത്. ഓരോ പ്രദേശത്തിന്‍റെയും വികസന സാമൂഹ്യ പ്രശ്നങ്ങളെ സവിശേഷമായി അഭിസംബോധന ചെയ്യാന്‍ അതത് പ്രദേശങ്ങളുടെ തന്നെ പ്രത്യേക ചുമതലയുള്ള സംസ്ഥാന സര്‍ക്കാരുകളെ ഫെഡറല്‍ ഘടന സഹായിക്കും എന്നതിനാല്‍ കൂടിയാണ് ഇപ്രകാരമൊരു സംവിധാനത്തെ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഭാഗമാക്കിയത്. എന്നാലിപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രശ്നം, സംസ്ഥാനങ്ങളെ ബാധിക്കുന്നതും അവയുടെ അധികാരപരിധിയില്‍ വരുന്നതുമായ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അറിവോ അനുവാദമോ കൂടാതെ കേന്ദ്ര സര്‍ക്കാര്‍ കരാറുകളിലേര്‍പ്പെടുന്നു എന്നതാണ്. അപ്രകാരം കരാറുകളിലേര്‍പ്പെട്ടിട്ട് അവയെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം പോലും തേടാതിരിക്കുന്നു. സംസ്ഥാനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്ന വ്യവസ്ഥകള്‍ അവയിലുള്‍ച്ചേര്‍ക്കണമെന്ന ആവശ്യമുയരുമ്പോള്‍ പോലും അത്തരം വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താതെ ഇരിക്കുന്നു.

ഭരണഘടനയില്‍ സ്റ്റേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ക്രമസമാധാനം, കൃഷി എന്നിവയുടെ കാര്യങ്ങളില്‍ കേന്ദ്രീകരണത്തിലേക്കു നയിക്കുന്ന വിധത്തിലുള്ള നിയമങ്ങള്‍ തുടര്‍ച്ചയായി ആവിഷ്കരിക്കപ്പെടുകയാണ്. ജനാധിപത്യ മര്യാദകള്‍ ലംഘിച്ചുകൊണ്ട് പാസ്സാക്കാന്‍ ശ്രമിക്കുകയും ഉജ്ജ്വലമായ സമരത്തിലൂടെ കര്‍ഷകസംഘടനകള്‍ പരാജയപ്പെടുത്തുകയും ചെയ്ത കാര്‍ഷിക നിയമങ്ങള്‍ അപ്രകാരമുള്ളവയാണ്. കണ്‍കറന്‍റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലും സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ക്കു ഹാനികരമായ നിയമങ്ങള്‍ നടപ്പാക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയം അപ്രകാരമുള്ളതാണ്. ജിഎസ്ടിയിലൂടെ സംസ്ഥാനങ്ങളുടെ നികുതി നിര്‍ണ്ണയാവകാശങ്ങള്‍ ഇല്ലാതാക്കിയതുകൊണ്ട് സംസ്ഥാനങ്ങളനുഭവിക്കുന്ന ദുരിതം ഇപ്പോള്‍ നമുക്കു മുമ്പിലുണ്ട്. സമാനമായ സാഹചര്യമാണ് കാര്‍ഷിക, വിദ്യാഭ്യാസ മേഖലകളിലുമുണ്ടാകാന്‍ പോകുന്നത്.

സംസ്ഥാനങ്ങളില്‍ ഓരോ സര്‍ക്കാരും അധികാരത്തില്‍ വരുന്നത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി അതാത് സംസ്ഥാനത്തിനനുയോജ്യമായ വികസന, സാമൂഹ്യക്ഷേമ പദ്ധതികളടങ്ങിയ പ്രകടനപത്രിക അവതരിപ്പിച്ചുകൊണ്ടാണ്. എന്നാല്‍, ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതിലൂടെ പലപ്പോഴും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തങ്ങളുടെ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാതെ പോകുന്നു. ഒരോ പ്രദേശത്തിന്‍റെയും സ്പന്ദനമറിയുന്ന പ്രാദേശിക പാര്‍ട്ടികളാണ് മിക്ക സംസ്ഥാനങ്ങളിലും ഭരണത്തിലുള്ളത് എന്ന് നാമോര്‍ക്കണം. അതുകൊണ്ടുതന്നെ ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ ഒരു സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ജനാധിപത്യപരമായി അവകാശപ്പെട്ടത് നിഷേധിക്കപ്പെടുകയാണ്. രാഷ്ട്രീയ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ രൂപീകൃതമായ ഇന്ത്യന്‍ ജനാധിപത്യം ഇന്നു നേരിടുന്ന ഒരു വെല്ലുവിളിയാണ് ഇത്.

ഭിന്നാഭിപ്രായങ്ങളെ നിശ്ശബ്ദമാക്കുന്നു
നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാടാണ് ഇന്ത്യന്‍ സംസ്കാരത്തിന്‍റെ മുഖമുദ്ര. വൈവിധ്യങ്ങള്‍ സംസ്കാരത്തിന്‍റെയും ഭാഷയുടെയും ഭക്ഷണത്തിന്‍റെയും വസ്ത്രത്തിന്‍റെയും കാര്യത്തില്‍ മാത്രമല്ല നമുക്കുള്ളത്. വീക്ഷണങ്ങളുടെയും അഭിപ്രായങ്ങളുടെയും കാര്യത്തിലും നമുക്ക് വൈവിധ്യങ്ങളുണ്ട്!. ആ വൈവിധ്യങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ ബഹുപാര്‍ട്ടി സമ്പ്രദായം ഉള്ളത്. എന്നാല്‍, രാഷ്ട്രീയപരമായ ഭിന്നാഭിപ്രായങ്ങളെ നിശ്ശബ്ദമാക്കുന്ന ഒരു പ്രക്രിയ ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. അധികാര വര്‍ഗ്ഗങ്ങളും വര്‍ഗ്ഗീയ ശക്തികളുമാണ് ഇപ്രകാരം രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചൊതുക്കുന്ന സമീപനം സ്വീകരിക്കുന്നത്.

ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങള്‍ക്കെതിരെ നിലകൊള്ളുന്നവരെയാണ് ഇപ്രകാരം നിശബ്ദമാക്കുന്നത്. വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ പ്രതികരിക്കുന്നവരെയും അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശാസ്ത്രത്തിന്‍റെയും യുക്തിയുടെയും പ്രചരണാര്‍ത്ഥം പ്രവര്‍ത്തിക്കുന്നവരെയും അടിച്ചമര്‍ത്തുന്നുണ്ട്. അതിനായി നിയമങ്ങളുടെ ദുരുപയോഗവും നിയമവ്യവസ്ഥകളുടെ ലംഘനവും നടത്തപ്പെടുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയ്ക്കു വിരുദ്ധമായ സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്ക്കെതിരെ സമരങ്ങള്‍ സംഘടിപ്പിച്ചവരെ ഇത്തരത്തില്‍ അടിച്ചമര്‍ത്താനും നിശബ്ദരാക്കാനും നടത്തുന്ന ശ്രമങ്ങള്‍ നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തെത്തന്നെ തച്ചുടയ്ക്കുന്ന ഈ സമീപനം വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്.

മാധ്യമങ്ങളെ ഭരണവര്‍ഗ്ഗത്തിന്‍റെ ചൊല്‍പ്പടിക്കു നിര്‍ത്തുന്നു
ലെജിസ്ലേച്ചര്‍, എക്സിക്യൂട്ടിവ്, ജുഡീഷ്യറി എന്നിവ ഔദ്യോഗികമായിത്തന്നെ ജനാധിപത്യത്തിന്‍റെ മൂന്നു ശാഖകള്‍ എന്നു വിലയിരുത്തപ്പെടുന്നവയാണ്. അതേസമയം തന്നെ മാധ്യമങ്ങള്‍ ജനാധിപത്യത്തിന്‍റെ നാലാമത്തെ തൂണാണ് എന്ന് പലരും വിലയിരുത്താറുണ്ട്. വിവരങ്ങള്‍ ശേഖരിക്കാനും പങ്കുവെക്കാനും ചോദ്യങ്ങളുന്നയിക്കാനുമൊക്കെയുള്ള ഉപാധി എന്ന നിലയ്ക്ക് മാധ്യമങ്ങള്‍ക്ക് ജനാധിപത്യത്തില്‍ തങ്ങളുടേതായ പങ്കുവഹിക്കാനുണ്ട് എന്നതാണ് വസ്തുത. എന്നാലിന്ന് വിവരവിനിമയത്തിനു പകരം സമ്മതി നിര്‍മ്മിതിയിലേക്ക് മാധ്യമങ്ങള്‍ തിരിയുന്നു എന്ന പ്രശ്നം ഉയര്‍ന്നു വന്നിട്ടുണ്ട്.

മുമ്പ് അടിയന്തരാവസ്ഥയുടെ ഘട്ടത്തില്‍ കുനിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇഴഞ്ഞ ചരിത്രമുണ്ട് നമ്മുടെ പല മാധ്യമങ്ങള്‍ക്കും. എന്നാലിന്നിപ്പോള്‍ അടിയന്തരാവസ്ഥ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടാതെ തന്നെ ഭരണാധികാരികള്‍ക്കും വര്‍ഗ്ഗീയ ശക്തികള്‍ക്കും മുന്നില്‍ സാഷ്ടാംഗം വീഴുന്ന മാധ്യമങ്ങളാണ് ഏറിയപങ്കും. അവര്‍ പറയുന്ന തരത്തില്‍ വാര്‍ത്തകള്‍ കൊടുത്തും അവര്‍ നിശ്ചയിക്കുന്ന വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയും അവരാഗ്രഹിക്കാത്ത വിവരങ്ങള്‍ വാര്‍ത്തയാക്കാതെയും അധികാരി വര്‍ഗ്ഗത്തിനനുകൂലമായ സമ്മതിയുടെ നിര്‍മ്മിതിയാണ് മാധ്യമപ്രവര്‍ത്തനം എന്ന നിലയിലേക്കു വരെ ചില ഘട്ടങ്ങളില്‍ കാര്യങ്ങളെത്തി നില്‍ക്കുന്നു. പച്ചക്കള്ളങ്ങളും വസ്തുതയുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളും വാര്‍ത്തകളാകുന്നു. അധികാരിവര്‍ഗ്ഗത്തിന്‍റെ പക്ഷം പിടിക്കുന്ന ഇന്നത്തെ മാധ്യമ സംസ്കാരം സ്വതന്ത്രമായ ജനാധിപത്യ സംവിധാനത്തിന് വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്.

ഇത്തരത്തില്‍ നമ്മുടെ ജനാധിപത്യം നിരവധി വെല്ലുവിളികള്‍ നേരിടുമ്പോള്‍ തന്നെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും നിരവധി ജനവിഭാഗങ്ങള്‍ മുന്നോട്ടു വരുന്നുണ്ട് എന്നത് ആശാവഹമായ വസ്തുതയാണ്. ചരിത്രത്തിന്‍റെ അപനിര്‍മ്മിതിക്കെതിരെ ചരിത്രാധ്യാപകരും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെയുള്ള പൊതുസമൂഹവും ശബ്ദിക്കുന്നു. ഭരണഘടനയെയും ഭരണഘടനാ സംവിധാനങ്ങളെയും മതനിരപേക്ഷതയെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും സംരക്ഷിക്കാന്‍ യുവജനങ്ങളും സ്ത്രീകളും ഉള്‍പ്പെടെ സമൂഹത്തിന്‍റെ വിവിധ വിഭാഗങ്ങള്‍ അണിനിരക്കുന്നു. പാര്‍ലമെന്‍റിന്‍റെ പരമാധികാരം ഉറപ്പുവരുത്താന്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രതിനിധികള്‍ നിയമനിര്‍മ്മാണ സഭകളില്‍ പോരാടുമ്പോള്‍ അവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കര്‍ഷകരും തൊഴിലാളികളും ഒന്നിക്കുന്നു. ഫെഡറല്‍ ഘടനയോട് നീതിപുലര്‍ത്താനും അങ്ങനെ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതികളുള്ള സംസ്ഥാന സര്‍ക്കാരുകള്‍ വരെ കൈകോര്‍ക്കുന്നു. മാധ്യമങ്ങളില്‍ വരുന്ന കള്ളത്തരങ്ങള്‍ പൊളിച്ചുകാണിക്കുകയും സത്യാവസ്ഥ അവതരിപ്പിക്കുകയും ചെയ്യുന്ന നിരവധി ജനാധിപത്യ സ്നേഹികള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്‍റെ വക്താക്കളായി സമൂഹ മാധ്യമങ്ങളില്‍ നിലകൊള്ളുന്നു.

നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനുമായി നടത്തപ്പെടുന്ന ഇത്തരം പോരാട്ടങ്ങളില്‍ അണിചേരുക എന്നതാണ് ഈ ഘട്ടത്തില്‍ നാമോരോരുത്തരും ചെയ്യേണ്ടത്. ഭരണഘടനയേയും ഇന്ത്യന്‍ ജനാധിപത്യത്തേയും സംരക്ഷിക്കാന്‍ ഏറ്റവും അനിവാര്യമായ ഒരു പോരാട്ടമാണത്.•