വളഞ്ഞിട്ടാക്രമിക്കപ്പെടുന്ന ജനാധിപത്യം
പ്രകാശ് കാരാട്ട്
സ്വതന്ത്ര ഇന്ത്യയുടെ മുഖ്യനേട്ടങ്ങളില് ഒന്നായി പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തെ അടുത്തകാലംവരെ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയുമായിരുന്നു. 1950 ല്‍ റിപ്പബ്ലിക്കന്‍ ഭരണഘടന അംഗീകരിച്ചത് രാഷ്ട്രീയത്തില്‍ ജനങ്ങളുടെ പങ്കാളിത്തത്തിനും ശബ്ദം കേള്‍പ്പിക്കാനുമുള്ള സാധ്യതയുണ്ടാക്കി; ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള തങ്ങളുടെ സമരത്തില്‍ ഇന്ത്യന്‍ ജനതയുടെ ആഗ്രഹാഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണിത്.
വികസ്വര മുതലാളിത്ത സമൂഹത്തിലെ ജനാധിപത്യ സംവിധാനത്തിന്മേല് വര്‍ഗ്ഗപരമായ പ്രതിബന്ധങ്ങളും ഇടുങ്ങിയ അടിസ്ഥാനവും ഉണ്ടായിട്ടും കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി പാര്‍ലമെന്ററി ജനാധിപത്യത്തിന് അതിന്റെ ഊര്ജ്ജസ്വലത നിലനിര്‍ത്താന്‍ എങ്ങനെ കഴിഞ്ഞുവെന്നത് പ്രശംസനീയമായ കാര്യമാണ്. ജനാധിപത്യത്തിന്റെ വിജയസാധ്യത സുസ്ഥിരമാക്കുന്നത് മുഖ്യമായും ജനങ്ങളും ജനകീയ സമരങ്ങളും ജനാധിപത്യ പ്രസ്ഥാനങ്ങളും മൂലമാണ്.
സമ്പൂര്‍ണ്ണ സ്വേച്ഛാധിപത്യം
2019 മെയ് മാസത്തില്‍, വര്‍ദ്ധിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചുവന്ന ബിജെപി ഏകകക്ഷി സര്‍വ്വാധിപത്യം സ്ഥാപിക്കുകയെന്ന ലക്ഷ്യമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് സാധ്യമാക്കുന്നതിന് പ്രതിപക്ഷത്തിനുമേല്‍ സമ്പൂര്‍ണ്ണമായ കടന്നാക്രമണം ആവശ്യമാണ്. പ്രതിപക്ഷത്തിനു പാര്‍ലമെന്റിലുള്ള പങ്ക് ഒതുക്കപ്പെടുകയാണ്; തിരഞ്ഞെടുക്കപ്പെടുന്ന പ്രതിപക്ഷ സംസ്ഥാന സര്‍ക്കാരുകളെ എം എല്‍ എമാരെ വിലയ്ക്കെടുത്തും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചും അസ്ഥിരീകരിക്കുകയാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും (ഇ ഡി) സിബിഐയെയും ആദായനികുതിവകുപ്പിനെയും പ്രതിപക്ഷ നേതാക്കള്‍ക്കും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളിലെ മന്ത്രിമാര്‍ക്കും എതിരായ ആയുധങ്ങളാക്കുകയാണ്.
പാര്‍ലമെന്റിന്റെ മൂല്യം കെടുത്തുന്നതും പാര്‍ലമെന്ററി നടപടിക്രമങ്ങളെ അവഹേളിക്കുന്നതും പ്രത്യേകിച്ചും മോദി ഗവണ്മെന്റിന്റെ രണ്ടാമൂഴത്തില്‍ അതിരൂക്ഷമായിരിക്കുകയാണ്. 2021 ല്‍ പാര്‍ലമെന്റ് 50 ദിവസംപോലും യോഗം ചേര്‍ന്നില്ല. നിയമനിര്‍മ്മാണങ്ങളെ സംബന്ധിച്ച ചര്‍ച്ചയൊന്നും നടക്കുന്നില്ലായെന്നു മാത്രമല്ല, അവതരിപ്പിക്കപ്പെടുന്ന ബില്ലുകളിന്മേല് സൂക്ഷ്മപരിശോധന തന്നെ ഉണ്ടാകുന്നില്ല. യുപിഎ ഗവണ്മെന്റിന്റെ കാലത്ത് ലോക്സഭയില്‍ 60 ശതമാനം മുതല്‍ 70 ശതമാനം വരെ ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടിരുന്നത് മോദി ഗവണ്മെന്റിന്റെ ഒന്നാമൂഴത്തില്‍ 22 ശതമാനമായും രണ്ടാമൂഴത്തില്‍ വെറും 13 ശതമാനമായും കുറഞ്ഞിരിക്കുന്നു. വിഷയങ്ങള്‍ ഉന്നയിക്കാനും നിയമനിര്മ്മാണപ്രക്രിയയ്ക്കിടയില് വോട്ടെടുപ്പിനായി പ്രസ് ചെയ്യാനുമുള്ള പ്രതിപക്ഷത്തിന്റെ അവകാശം നിഷേധിച്ചുകൊണ്ട് ഇത് കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. ഉപരിസഭയില്‍ ബില്ലുകളുടെ സൂക്ഷ്മ പരിശോധനയും വോട്ടെടുപ്പും ഒഴിവാക്കുന്നതിനായി പല നിയമനിര്മ്മാണനടപടികളെയും മണിബില്ലുകളായി പ്രഖ്യാപിച്ചുകൊണ്ട് രാജ്യസഭയുടെ പദവിയെയും തരംതാഴ്ത്തുകയാണ്.
ഭരണഘടന പരിപാവനമായി ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള പൗരരുടെ ജനാധിപത്യാവകാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളും ചവിട്ടിമെതിക്കപ്പെടുന്നതിനിടയാക്കുന്നതാണ് ഈ സ്വേച്ഛാധിപത്യ നീക്കം.
ഭിന്നാഭിപ്രായങ്ങളുടെ ക്രിമിനല്‍വല്‍ക്കരണവും പൗരസ്വാതന്ത്ര്യങ്ങളുടെ അടിച്ചമര്‍ത്തലുമാണ് സ്വേച്ഛാധിപത്യ വാഴ്ചയുടെ മുഖമുദ്ര. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമവും (യുഎപിഎ) രാജ്യദ്രോഹവകുപ്പും പോലെയുള്ള കിരാതമായ നിയമങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഇത് അഭൂതപൂര്‍വമായ ഉയരങ്ങളില്‍ എത്തിയിരിക്കുകയാണ്. 2014 നും 2020 നും ഇടയ്ക്കായി, ഏഴ് വര്‍ഷത്തിനിടയില്‍ യുഎപിഎപ്രകാരം ഏകദേശം 690 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്; 10,552 ആളുകളെ ഈ നിയമത്തിലെ വ്യവസ്ഥകള്‍പ്രകാരം അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇതില്‍ രാഷ്ട്രീയ പ്രവര്‍ത്തകരും പൗരാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരുമെല്ലാം ഉള്‍പ്പെടുന്നു. 16 പ്രമുഖ ആക്ടിവിസ്റ്റുകളെയും ബുദ്ധിജീവികളെയും ഭീമ കൊറേഗാവ് കേസില്‍ യുഎപിഎ പ്രകാരം അറസ്റ്റുചെയ്ത് ജയിലിലടച്ചതാണ് ഇതിന്റെ ഉത്തമ ഉദാഹരണം.
ജുഡീഷ്യറി സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും എക്സിക്യൂട്ടീവിന്റെ അതിക്രമങ്ങള്‍ക്ക് കടിഞ്ഞാണിടുകയും ചെയ്യാതിരിക്കുന്നതാണ് സ്വേച്ഛാധിപത്യവാഴ്ചയുടെ നൈസര്‍ഗ്ഗികമായ പ്രത്യേകത. സുപ്രീം കോടതി കൂടുതല്‍ കൂടുതലായി എക്സിക്യൂട്ടീവ് കോടതിയെപ്പോലെ പെരുമാറാന്‍ തുടങ്ങി. സാക്കിയ ജഫ്രി കൊടുത്ത അപ്പീലില്‍ സുപ്രീംകോടതി അടുത്തയിടെ പുറപ്പെടുവിച്ച വിധിയും കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (PMLA) ഇ ഡിക്കുള്ള അധികാരവും അധികാരപരിധിയും സംബന്ധിച്ച വിധിയും വെളിപ്പെടുത്തുന്നത് ഈ രാജ്യത്തെ അത്യുന്നത കോടതി എക്സിക്യൂട്ടീവിന്റെ കടന്നാക്രമണങ്ങളില്‍നിന്ന് പൗരരുടെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയിരിക്കുന്നതെങ്ങനെയെന്നാണ്. ഈയടുത്തിടെ ഈ പ്രവണതയില്‍ ആശ്വാസകരമായൊരു മാറ്റം കാണുന്നുണ്ട്.
കഴിഞ്ഞ 75 വര്‍ഷങ്ങളിലേക്ക് നാം തിരിഞ്ഞുനോക്കുകയാണെങ്കില്‍ ജനാധിപത്യത്തിനു നേരെയുള്ള ഏറ്റവും വലിയ ആക്രമണം സംഭവിച്ചത് 1975 ജൂണില്‍ ഇന്ദിരഗാന്ധി ആഭ്യന്തര അടിയന്തരാവസ്ഥ അടിച്ചേല്പിച്ചതാണ്. സ്വേച്ഛാധിപത്യ വാഴ്ചയുടെ ഈ കാലഘട്ടം കണ്ടത് പ്രതിപക്ഷനേതാക്കളെ ജയിലിലടച്ചതും പൗരാവകാശങ്ങള്‍ സസ്പെന്‍ഡ് ചെയ്തതും പത്രങ്ങള്‍ക്കുമേല്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതുമാണ്. എന്നാല്‍ ഇത് 20 മാസം മാത്രമാണ് നിലനിന്നത്; അതിനെത്തുടര്‍ന്നുവന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ തിരസ്കരിച്ചു.
ഇപ്പോള്‍ ജനാധിപത്യത്തിനു നേരെ നടക്കുന്ന കടന്നാക്രമണം കൂടുതല്‍ ഗുരുതരമാണ്; സമഗ്രവുമാണ്. ജനാധിപത്യത്തിന് അംഗഭംഗം വരുത്തിയും മതനിരപേക്ഷതയെയും ഫെഡറലിസത്തെയും തകര്‍ത്തും റിപ്പബ്ലിക്കിന്റെ സ്വഭാവത്തെ മാറ്റാനാണ് ശ്രമം നടക്കുന്നത്.
ജനാധിപത്യത്തെ ശ്വാസം മുട്ടിച്ചുകൊല്ലുന്ന സ്വേച്ഛാധിപത്യത്തിന്റെ ക്രൂരമായ ഈ രൂപം എന്തുകൊണ്ടാണ് രാജ്യത്തിനുമേല്‍ പിടിമുറുക്കിയത്? ഇതൊരു വഴിതെറ്റലോ യാദൃച്ഛികമായ ഒരു വഴിത്തിരിവോ അല്ല, ഒരു വ്യക്തിയുടെ സ്വേച്ഛാധിപത്യപ്രവണതയായി ആരോപിക്കാനും കഴിയില്ല. സ്വേച്ഛാധിപത്യത്തിലേക്കുള്ള ഈ പരിണതിക്കിടയാക്കിയ ശക്തികളുടെ സംയോജനത്തെതന്നെ ക്കുറിച്ച് നാം മനസ്സിലാക്കേണ്ടതുണ്ട്.
രാഷ്ട്രീയ ജനാധിപത്യത്തെ
സംബന്ധിച്ച് അംബേദ്കര്‍
ഭരണഘടന അംഗീകരിച്ച കാലത്ത്, സാമൂഹികവും സാമ്പത്തികവുമായ ജനാധിപത്യം കൂടാതെ രാഷ്ട്രീയ ജനാധിപത്യത്തിന് വിജയിക്കാനാവില്ലയെന്ന് ഡോ. ബി ആര് അംബേദ്കര്‍ താക്കീത് ചെയ്തു. "ഇന്ത്യയിലെ ജനാധിപത്യം ഇന്ത്യന്‍ മണ്ണിനുമേലുള്ള ഒരു പുറംപൂച്ച് മാത്രമാണ്; അതാകട്ടെ ജനാധിപത്യവിരുദ്ധമാണെന്നത് അനിഷേധ്യമായ വസ്തുതയാണ്."
പതിറ്റാണ്ടുകള്‍കൊണ്ട് 'തിരഞ്ഞെടുപ്പ് ജനാധിപത്യം' പുഷ്ടിപ്പെട്ടപ്പോള്തന്നെ, സാമ്പത്തികവും സാമൂഹികവുമായ ജനാധിപത്യത്തിനായുള്ള നീക്കം വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ടു. ഭരണവര്‍ഗ്ഗങ്ങള്‍ പിന്തുടര്‍ന്ന മുതലാളിത്ത വികസനപാത വര്‍ഗ്ഗപരമായ അസമത്വങ്ങളും പ്രാദേശിക അസമത്വങ്ങളും വര്‍ദ്ധിപ്പിച്ചു. മൂന്ന് ദശകങ്ങള്ക്കുമുന്പ് നവലിബറല്‍ നയങ്ങളുടെ വരവ് സാമ്പത്തിക അസമത്വം അതീവഗുരുതരമാകുന്നതിനിടയാക്കി; അതിസമ്പന്നരുടെ കൈകളില്‍ ഭീകരമായ വിധത്തിലുള്ള സ്വത്തിന്റെ കുമിഞ്ഞുകൂടലോടുകൂടിയ ധനാധിപത്യത്തിന്റെ ദൃഢീകരണമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
സാമൂഹിക വശത്തുനിന്നു നോക്കുമ്പോള്‍, ഭൂപ്രഭുത്വവുമായും മുതലാളിത്തപൂര്വ്വബന്ധങ്ങളുമായും സന്ധി ചെയ്തിട്ടുള്ള ബൂര്‍ഷ്വാസി ജാതിപരമായ അടിച്ചമര്‍ത്തലും അനീതി നിറഞ്ഞ സാമൂഹികക്രമവും അവസാനിപ്പിക്കാന്‍ ഔപചാരികമായ ശ്രമങ്ങള്‍ മാത്രമേ നടത്തിയിട്ടുള്ളൂ.
അതിനാല്‍ അംബേദ്കര്‍ ദീര്ഘദൃഷ്ടിയോടു കൂടി നിരീക്ഷിച്ചിട്ടുള്ളതുപോലെ, രാഷ്ട്രീയ ജനാധിപത്യവും വര്‍ദ്ധിച്ചുവരുന്ന സാമൂഹിക-സാമ്പത്തിക അസമത്വവും തമ്മിലുള്ള വൈരുധ്യം കുറച്ചുകഴിയുമ്പോള്‍ മൂര്ധന്യാവസ്ഥയിലെത്തും.
ഡോ. അംബേദ്കറുടെ ഈ വിശകലനം ഇന്ത്യയിലെ മാര്‍ക്സിസ്റ്റുകാരുടെ വിശകലനവുമായി ഏറ്റവുമധികം ഒത്തുപോകുന്നുവെന്നത് ശ്രദ്ധേയമാണ്. തുടക്കം മുതല്‍ തന്നെ സിപിഐ എം സ്വീകരിച്ചിരുന്ന നിലപാട്, സാമൂഹിക ബന്ധങ്ങളുടെയും കാര്‍ഷിക ബന്ധങ്ങളുടെയും സമൂലവും ജനാധിപത്യപരവുമായ പരിവര്‍ത്തനം നടപ്പാക്കുന്നതിലുണ്ടാകുന്ന വീഴ്ച ആധുനിക ബൂര്‍ഷ്വാ ജനാധിപത്യസമൂഹമാക്കി രാജ്യത്തെ വികസിപ്പിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നുവെന്നാണ്. നവലിബറലിസത്തിന്റെ കടന്നാക്രമണവും ഹിന്ദുത്വ ഭൂരിപക്ഷവാദപരമായ വര്‍ഗ്ഗീയതയുടെ വളര്‍ച്ചയും സാമൂഹികവും സാമ്പത്തികവുമായ നീതിയുടെ മരണമണി മുഴക്കും; ഇത് ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതിനും സ്വേച്ഛാധിപത്യത്തിന് അകമ്പടി സേവിക്കുന്നതിനും ഇടയാക്കും.
നവലിബറലിസം ജനാധിപത്യത്തിന് മൂക്കുകയറിടുന്നു
ജനങ്ങള്‍ക്കും അവരുടെ അവകാശങ്ങള്‍ക്കും മീതെ കമ്പോളത്തെ പ്രതിഷ്ഠിച്ചുകൊണ്ട് നവലിബറലിസം ജനാധിപത്യത്തെ സങ്കുചിതമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. വന്‍കിട മൂലധനം രാഷ്ട്രീയ സംവിധാനത്തെ ആക്രമിക്കുകയാണ്; എല്ലാ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളും പണാധിപത്യത്തിനു കീഴടങ്ങിയിരിക്കുകയുമാണ്. ഇത് പാര്‍ലമെന്ററി സമ്പ്രദായത്തെ കാര്‍ന്നുതിന്നുകയാണ്.
സിപിഐ എം പരിപാടിയില്‍ പ്രസ്താവിച്ചിട്ടുള്ള കാര്യം നാം എപ്പോഴും ഓര്‍മ്മിക്കേണ്ടതുണ്ട്; "പാര്‍ലമെന്ററി സംവിധാനത്തിനും ജനാധിപത്യത്തിനുമുള്ള ഭീഷണി വരുന്നത് അധ്വാനിക്കുന്ന ജനങ്ങളില്‍ നിന്നും അവരുടെ താല്പര്യങ്ങള് പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികളില്‍ നിന്നുമല്ല. ആ ഭീഷണി വരുന്നത് ചൂഷകവര്ഗ്ഗങ്ങളില് നിന്നാണ്. തങ്ങളുടെ സങ്കുചിതതാല്പര്യങ്ങള് സംരക്ഷിക്കുന്നതിനുള്ള ഉപകരണമാക്കി പാര്‍ലമെന്ററി സംവിധാനത്തെ മാറ്റിക്കൊണ്ട് അതിനുള്ളില്‍ നിന്നും പുറത്തുനിന്നും ആ സംവിധാനത്തെ തകര്‍ക്കുന്നത് ചൂഷകവര്‍ഗ്ഗങ്ങള്‍ തന്നെയാണ്."
ഹിന്ദുത്വ ശക്തികളുടെ ഉയര്‍ച്ചയും 2014 ല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തിയതും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിഷേധാത്മകമായ ഒരു ചുവടുമാറ്റം കൊണ്ടുവന്നു. ആര്‍എസ്എസിന്റെ ഫാസിസ്റ്റ് സ്വഭാവമുള്ള പ്രത്യയശാസ്ത്രത്തോട് താദാത്മ്യം പ്രാപിച്ചിട്ടുള്ള ഒരു പാര്‍ട്ടിയാണ് ഭരണകൂടാധികാരം കൈയാളുന്നത്. അവര്‍ ഹിന്ദുഭൂരിപക്ഷവാദ (മെജോറിറ്റേറിയന്‍) വാഴ്ച സ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നത്. അത് ജനാധിപത്യത്തിനു വിരുദ്ധമാണ്; കാരണം, അത് ന്യൂനപക്ഷങ്ങള്‍ക്ക് പൗരരെന്ന നിലയിലുള്ള തുല്യപദവിയും തുല്യ അവകാശങ്ങളും നിഷേധിക്കുന്നതാണ്.
മുസ്ലീങ്ങളെ ടാര്‍ജറ്റ് ചെയ്യുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ സംഘടനകളുടെ ജാഗ്രതാ നടപടികളും ഭരണകൂടം മുന്‍കൈയെടുത്ത് നിര്‍മ്മിക്കുന്ന നിയമങ്ങളും നാം കാണുകയാണ്; ഈ ജനവിഭാഗത്തെ നിരന്തരം ആക്രമിക്കുന്നതും ഭരണയന്ത്രം അവര്‍ക്കെതിരെ നടത്തുന്ന വേട്ടയാടലുകളും നാം കാണുന്നുണ്ട്. വാസ്തവത്തില്‍, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണ്ണാടകം എന്നിങ്ങനെ ബിജെപി അധികാരത്തിലുള്ള, സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍തന്നെ രണ്ടാംകിട പൗരരുടെ പദവിയിലേക്ക് തരം താഴ്ത്തപ്പെട്ടിരിക്കുകയാണ്.
ഹിന്ദുത്വ-കോര്‍പ്പറേറ്റ് സഖ്യം
അങ്ങനെ സ്വേച്ഛാധിപത്യ നടപടികള്‍ക്ക് ഊര്‍ജ്ജം പകരുകയാണ് കോര്‍പ്പറേറ്റ്- ഹിന്ദുത്വ ശക്തികള്‍ ഊട്ടിയുറപ്പിച്ച കൂട്ടുകെട്ട്. നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നതിനും സമൂഹത്തിനുമേല്‍ ഹിന്ദുത്വ മൂല്യങ്ങള്‍ അടിച്ചേല്പിക്കുന്നതിനും ഒരേപോലെ അനിവാര്യമാണ് ശക്തമായ സ്വേച്ഛാധിപത്യവാഴ്ച. നാല് ലേബര്‍ കോഡുകള്‍ അംഗീകരിച്ചതിലൂടെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കപ്പെട്ടിരിക്കുകയാണ്.
ഭരണഘടനയുടെ ആമുഖത്തിനുള്ളില് നിന്നു പ്രവര്‍ത്തിക്കുന്ന ഭരണകൂട സ്ഥാപനങ്ങളെയാകെ രൂപമാറ്റം വരുത്തുന്ന നടപടികളാണ് നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സ്വേച്ഛാധിപത്യത്തിനായുള്ള മണ്ണൊരുക്കം നടത്തുന്നത് രാഷ്ട്രീയ മണ്ഡലത്തില്‍ മാത്രമല്ല, സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും കൂടിയാണ്. കന്നുകാലികളെ കൊല്ലുന്നതിനും മാട്ടിറച്ചി കഴിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തുന്നത്, മോറല്‍ പൊലീസിങ്, ആര്‍ട്ടിസ്റ്റുകളെയും സാംസ്കാരിക ഉല്പന്നങ്ങളെയും ഹിന്ദുവിരുദ്ധമെന്ന് മുദ്രകുത്തുന്നത്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമേലുള്ള നിയന്ത്രണം ഉപയോഗിച്ച് ഹിന്ദുത്വമൂല്യങ്ങള്ക്കനുസൃതമായി അവയെ മാറ്റുന്നത്-ഇവയെല്ലാം തന്നെ സ്വേച്ഛാധിപത്യകടന്നാക്രമണത്തിന്റെ സവിശേഷതകളാണ്.
ജനാധിപത്യത്തിനായുള്ള പോരാട്ടം
ഇന്ത്യയിലെ ജനാധിപത്യം ഇപ്പോള്‍ നിര്‍ണ്ണായകമായ ഒരു വഴിത്തിരിവിലാണ്. മോദി ഗവണ്മെന്റ് സ്പഷ്ടമായും തെളിയിച്ചുകൊണ്ടിരുന്ന ഹിന്ദുത്വ സ്വേച്ഛാധിപത്യ വാഴ്ച നിലനില്‍ക്കുന്നത് ജനാധിപത്യത്തിനും ജനങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ക്കും നേരെയുള്ള സ്ഥിരവും ശക്തവുമായ വെല്ലുവിളിയാണ്. ജനാധിപത്യവും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പോരാട്ടം വരുംദിവസങ്ങളില്‍ ആരംഭിക്കേണ്ടതാണ്. എന്നാല്‍ ജനാധിപത്യത്തിനായുള്ള സമരത്തെ ഹിന്ദുത്വത്തിനും നവലിബറലിസത്തിനുമെതിരായ സമരവുമായി ബന്ധിപ്പിക്കേണ്ടതുമുണ്ട്.
തൊഴിലാളിവര്‍ഗ്ഗത്തെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തിനായുള്ള പോരാട്ടം നിര്‍ണ്ണായകമാണ്; അതിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് റോസ ലക്സംബര്‍ഗ്ഗ് സ്പഷ്ടമായും ഇങ്ങനെ പറഞ്ഞിട്ടുണ്ട്:
ജനാധിപത്യം ബൂര്‍ഷ്വാസിക്ക് ഭാഗികമായി ഉപരിപ്ലവവും ഭാഗികമായി പ്രശ്നമുണ്ടാക്കുന്നതുമാണെങ്കില്, തൊഴിലാളിവര്‍ഗ്ഗത്തെ സംബന്ധിച്ച് അത് അവശ്യം വേണ്ടതും അനുപേക്ഷണീയവുമാണ്. ഒന്നാമതായി, ബൂര്‍ഷ്വാ സമൂഹത്തെ പരിവര്‍ത്തനപ്പെടുത്തുന്നതിനുള്ള പ്രേരകശക്തിയും ആധാരബിന്ദുവുമെന്ന നിലയില്‍ തൊഴിലാളി വര്‍ഗ്ഗത്തിന് പ്രയോജനകരമായ രാഷ്ട്രീയ രൂപങ്ങള്‍ (സ്വയം ഭരണസര്‍ക്കാര്‍, തിരഞ്ഞെടുപ്പ് അവകാശം തുടങ്ങിയവ) സൃഷ്ടിക്കുന്നതാണ് ജനാധിപത്യം എന്നതുകൊണ്ടാണ് അത് അത്യാവശ്യമാകുന്നത്. എന്നാല്‍, രണ്ടാമതായി ജനാധിപത്യത്തിനായുള്ള സമരത്തിനു മാത്രമേ തൊഴിലാളിവര്‍ഗ്ഗത്തെ സ്വന്തം വര്‍ഗ്ഗതാല്പര്യങ്ങളെക്കുറിച്ചും അതിന്റെ ചരിത്രപരമായ കടമകളെക്കുറിച്ചും ബോധ്യപ്പെടുത്താനാകൂ എന്നതുകൊണ്ടും ജനാധിപത്യം അനുപേക്ഷണീയമാണ്.
നവലിബറല്‍ വാഴ്ചയ്ക്കും ഹിന്ദുത്വ വര്ഗ്ഗീയതയ്ക്കുമെതിരായി ഏറ്റവും ഉറച്ച നിലപാടുള്ള ശക്തിയെന്ന നിലയില്‍ സ്വേച്ഛാധിപത്യ വിപത്തിനെതിരായി ജനകീയ-ജനാധിപത്യ ശക്തികളെയാകെ വിപുലമായി അണിനിരത്തുന്നതില്‍ ഇടതുപക്ഷം നിര്‍ണ്ണായക പങ്കുവഹിക്കേണ്ടതുണ്ട്. •