ആമുഖം

ആമുഖം

രാജ്യത്തിന്‍റെ 73-ാം റിപ്പബ്ലിക് ദിനമാണ് ഈ ജനുവരി 26ന് ആഘോഷിക്കുന്നത്. 1950 ജനുവരി 26നാണ് ഭരണഘടന നിലവില്‍ വന്നത്. ബ്രിട്ടന്‍ ഇന്ത്യയുടെ ഭരണാധികാരം ഇന്ത്യക്കാരെ ഏല്‍പ്പിച്ച് പിന്‍വാങ്ങിയത് 1947 ആഗസ്ത് 15നായിരുന്നു. ആസ്ട്രേലിയയും ന്യൂസിലന്‍ഡും മറ്റും സ്വാതന്ത്ര്യം നേടിയശേഷവും മുന്‍ സാമ്രാജ്യത്വമേലാളരുടെ കോയ്മ പരോക്ഷമായെങ്കിലും നിലനിര്‍ത്തി. ബ്രിട്ടനിലെ രാജാവ്/രാജ്ഞിയാണ് അവിടങ്ങളിലെ ഗവര്‍ണര്‍ ജനറല്‍മാരെ ഔപചാരികമായി നിയമിക്കുന്നത്. ഇന്ത്യയാകട്ടെ, അത് വേണ്ടെന്നു വച്ചു. ഭരണഘടന തയ്യാറാക്കിയപ്പോള്‍ ഭരണത്തലപ്പത്ത് ജനപ്രതിനിധികള്‍  തിരഞ്ഞെടുക്കുന്ന പ്രസിഡന്‍റിനെ (രാഷ്ട്രപതിയെ) പ്രതിഷ്ഠിച്ചു.

സ്വാതന്ത്ര്യം 1947 ആഗസ്ത് 15ന് ലഭിച്ചത് ഇന്ത്യയിലെ ജനസാമാന്യത്തിനായിരുന്നില്ല. അതിനു തെളിവാണ് എകെജി ഉള്‍പ്പെടെ കര്‍ഷക, തൊഴിലാളി നേതാക്കളെ സ്വാതന്ത്ര്യം ലഭിച്ച ദിനത്തിലും തടങ്കലില്‍ പാര്‍പ്പിച്ചത്. വിവിധ കോടതികളില്‍ ഏറെനാള്‍ നിയമയുദ്ധം ചെയ്താണ് അവസാനം അവര്‍ക്ക് ജയില്‍മോചനം ലഭിച്ചത്. പുതുതായി അധികാരത്തിലെത്തിയ ഇന്ത്യന്‍ ഭരണാധികാരികളുടെ വര്‍ഗസ്വഭാവം കൃത്യമായി വെളിപ്പെടുത്തുന്നതാണീ സംഭവം.

ഭരണഘടനാ അസംബ്ലിയിലും മറ്റും നീണ്ട ചര്‍ച്ചകള്‍ നടത്തപ്പെട്ടുവെങ്കിലും, പുതിയ ഭരണവര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായിരുന്നു മുന്‍ഗണന. അന്നത്തെ ഭരണാധികാരികള്‍ (നെഹ്റു ഉള്‍പ്പെടെ) വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നു എങ്കിലും, ഭരണഘടനാ വ്യവസ്ഥകള്‍ പ്രകടമായ സമ്പന്നപക്ഷപാതിത്വം ഉള്‍ക്കൊള്ളുന്നവയായിരുന്നു. ഇടതുപക്ഷങ്ങള്‍ ഇക്കാര്യം രാജ്യത്ത് വിപുലമായി പ്രചരിപ്പിച്ചിരുന്നു. അതിന്‍റെ ഭാഗമായിട്ടായിരുന്നു കേരള മുഖ്യമന്ത്രി ആയിരിക്കെ ഇ എം എസ് ഭരണഘടനയുടെ സമ്പന്നപക്ഷപാതിത്വത്തെക്കുറിച്ച് ഒരു പ്രസംഗത്തില്‍ എടുത്തുപറഞ്ഞത്. അതിനെതിരെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കേരള ഹൈക്കോടതി ഇ എം എസിനു പിഴയിട്ടു. ഈ കാര്യങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നത് കോടതി ഉള്‍പ്പെടെയുള്ള ഭരണകൂടത്തിന്‍റെ വര്‍ഗസ്വഭാവം ആദ്യംമുതല്‍ക്കേ അധ്വാനിക്കുന്ന വര്‍ഗങ്ങള്‍ക്ക് എതിരായിരുന്നു എന്നു സൂചിപ്പിക്കാനാണ്.


1990കളോടെ ആഗോളവല്‍ക്കരണനയങ്ങള്‍ ഇവിടെയും നടപ്പാക്കപ്പെട്ടപ്പോള്‍ കുത്തകപ്രീണനം സംശയാതീതമായി. അതിനൊത്തവിധത്തില്‍ സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റംവന്നു. അത്രത്തോളം തൊഴിലാളി-കര്‍ഷകവര്‍ഗങ്ങള്‍ക്കും ജനസാമാന്യത്തിനുമെതിരായി ഭരണകൂടാക്രമണം രൂക്ഷമായി. അതാണ് തുടര്‍ന്നുള്ള രണ്ടു പതിറ്റാണ്ടുകളില്‍ രാജ്യത്ത് അനുഭവപ്പെട്ടത്.

എട്ടുവര്‍ഷം മുമ്പ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ ഭരണഘടനയുടെ പ്രത്യക്ഷത്തിലുള്ള മതനിരപേക്ഷ സ്വഭാവം മാറ്റി ഹിന്ദുത്വശക്തികളുടെ നയസമീപനം നടപ്പാക്കുന്നതിനു ഊന്നല്‍ നല്‍കപ്പെട്ടു. എട്ടു പതിറ്റാണ്ടുമുമ്പ് ഗോള്‍വാള്‍ക്കര്‍ 'വിചാരധാര'യില്‍ വിശദീകരിച്ച മുസ്ലീമിനും ക്രിസ്ത്യാനിക്കും കമ്യൂണിസ്റ്റുകാര്‍ക്കും എതിരായ നയത്തിനായി ഊന്നല്‍. ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റുന്നതിന് പാര്‍ലമെന്‍റിനുപോലും അധികാരമില്ല എന്ന് അരനൂറ്റാണ്ട് മുമ്പ് സുപ്രീംകോടതി വിധിച്ചിരുന്നു. അതാണ് ഇപ്പോള്‍ ആര്‍എസ്എസ്- ബിജെപിയുടെ അധികാരമോഹത്തിനു തടസ്സമായി നില്‍ക്കുന്നത്.


ഇപ്പോഴത്തെ ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത് ഈയടുത്തിടെ ചെയ്ത പ്രസംഗത്തിന്‍റെ സത്ത രാജ്യത്തെ സമസ്താധികാരവും കയ്യാളാന്‍ ഹിന്ദുത്വശക്തികള്‍ വെമ്പല്‍ കൊള്ളുന്നു എന്നാണ്. ജുഡീഷ്യറിയാണ്, കോടതികളാണ്, ഇന്ന് അവരുടെ കണ്ണിലെ കരട്. സുപ്രീംകോടതിയുടെ കൊളീജിയവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ പുതിയ ജഡ്ജിമാരെ നിയമിക്കുന്നതും നിലവിലുള്ളവരുടെ സ്ഥലംമാറ്റവും സംബന്ധിച്ച് നിരന്തരം തര്‍ക്കത്തിലാണ്. പാര്‍ലമെന്‍റിനെയും സര്‍ക്കാരിനെയും വരുതിയിലാക്കിയ ആര്‍എസ്എസ്-ബിജെപി നേതൃത്വം കോടതികളെക്കൂടി നിയന്ത്രണ വിധേയമാക്കി അധികാരം കൈപ്പിടിയില്‍ ഒതുക്കാനാണ് ശ്രമിക്കുന്നത്. ഈ അമിതാധികാര പ്രവണതയ്ക്കു മൂക്കുകയറിടലാണ് ഇന്നു രാജ്യവും ജനങ്ങളും നേരിടുന്ന പ്രധാന പ്രശ്നം. ഈ റിപ്പബ്ലിക് ദിനപ്പതിപ്പ് ഈ വിഷയമാണ് കൈകാര്യം ചെയ്യുന്നത്.•
              ചിന്ത പ്രവര്‍ത്തകര്‍