ഒക്കച്ചങ്ങായിമാര്‍

ഗൗരി

ടുവില്‍ മനോരമയ്ക്കും സമ്മതിക്കേണ്ടതായി വന്നു, നാരായണന്‍നായര്‍ വധക്കേസിലെ പ്രതികള്‍ 11 പേരും ആര്‍എസ്എസുകാരാണെന്ന്. 2013ല്‍ നടന്ന ആ അരുംകൊലയിലെ പ്രതികള്‍ പതിനൊന്നു പേരും കുറ്റക്കാര്‍ തന്നെയെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍റ് സെഷന്‍സ് ജഡ്ജി വിധിച്ചത് നവംബര്‍ 11ന്. നാട്ടുകാര്‍ക്കാകെ അറിയാവുന്ന വസ്തുതയാണ് ഈ 11 പ്രതികളും ആര്‍എസ്എസുകാരാണെന്ന്. എന്നാല്‍ പത്ത് വര്‍ഷം മുമ്പ് സംസ്ഥാനത്താകെ കോളിളക്കം സൃഷ്ടിച്ച ഈ കൊലപാതകം ചെയ്തത് ആര്‍എസ്എസുകാരാണെന്ന സത്യം ഉറക്കെ വിളിച്ചുപറയാന്‍ സംഭവം നടന്ന കാലത്തെന്നപോലെ ഇപ്പോഴും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തയ്യാറല്ല.

നോക്കൂ, 12-ാം തീയതിയിലെ മനോരമയുടെ ഏഴാം പേജിലെ വാര്‍ത്ത. "നാരായണന്‍നായര്‍ വധം: 11 പ്രതികളും കുറ്റക്കാര്‍." ഈ വാര്‍ത്തയില്‍ പ്രതികള്‍ ആര്‍എസ്എസുകാരാണെന്ന് വായനക്കാരെ അറിയിക്കാതെ മനോരമ അത് ബോധപൂര്‍വം മറയ്ക്കുന്നു. മാത്രമല്ല, ഇത്തരം ഗുരുതര കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാകുന്നവരുടെയും ശിക്ഷിക്കപ്പെടുന്നവരുടെയും ചിത്രങ്ങള്‍ അതാത് സമയത്തെ റിപ്പോര്‍ട്ടിനൊപ്പം നല്‍കുകയെന്നത് സത്യസന്ധമായ മാധ്യമപ്രവര്‍ത്തനത്തിന്‍റെ ഭാഗമാണ്. സത്യന്നെ തമസ്കരിക്കുന്നവരെ സംബന്ധിച്ച് ഇത് ബാധകമല്ലല്ലോ. അതാണ് ഒന്നാം പേജില്‍ പ്രാധാന്യത്തോടെ വരേണ്ട വാര്‍ത്ത 7-ാം പേജില്‍ ഒതുക്കുകയും ചുരുക്കുകയും ചെയ്തതിനു കാരണവും.


എന്നാല്‍ 14-ാം തീയതി കോടതി ഈ 11 പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇതിനകം നവമാധ്യമങ്ങളിലും പൊതുമണ്ഡലത്തിലും വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവന്നതുകൊണ്ടാകും 15-ാം തീയതിയിലെ മനോരമ പത്രം മൂന്നാം പേജില്‍ കുറ്റവാളികളുടെ ചിത്രങ്ങള്‍ സഹിതം 8 കോളത്തില്‍ "നാരായണന്‍ നായര്‍ വധം: 11 പ്രതികള്‍ക്കും ജീവപര്യന്തം. പ്രതികള്‍ എല്ലാവരും ആര്‍എസ്എസ് പ്രവര്‍ത്തകര്‍. കൊല്ലപ്പെട്ടത് കോര്‍പറേഷന്‍ ജീവനക്കാരനും ഇടതുസംഘടനാ നേതാവും. സംഘം എത്തിയത് എസ്എഫ്ഐ നേതാവായ മകനെത്തേടി. അര്‍ധരാത്രി വീടുകയറി വെട്ടിക്കൊലപ്പെടുത്തി." എന്ന് നല്‍കാന്‍ നിര്‍ബന്ധിതമായി.

എന്നാല്‍ നമുക്ക് മാതൃഭൂമിയും കൂടിയൊന്നു നോക്കാം. 15-ാം തീയതിയിലെ മാതൃഭൂമിയും കൂടിയൊന്നു നോക്കാം. 11-ാം പേജിലാണ് ഈ വാര്‍ത്ത നല്‍കിയിട്ടുള്ളത്. "ആനാവൂര്‍ നാരായണന്‍നായര്‍ കൊലക്കേസ് ബിഎംഎസ് നേതാവുള്‍പ്പെടെ 11 പ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവ്." എന്ന് വാര്‍ത്ത 5 കോളത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. വാര്‍ത്തയ്ക്കുള്ളില്‍ ഒരിടത്ത്, "ഒന്നാം പ്രതി കെ എല്‍ രാജേഷ് കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയനായ കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്, മറ്റു പ്രതികള്‍ സംഘപരിവാര്‍ സംഘടനകളുമായി ബന്ധമുള്ളവരാണ്." എന്നും നല്‍കിയിരിക്കുന്നു. ആര്‍എസ്എസാണ് കൊലയാളികള്‍ എന്നു പറയാന്‍ മാതൃഭൂമിക്ക് എന്തുമാത്രം വൈമനസ്യമാണെന്ന് നോക്കണേ! ഇനി 12-ാം തീയതിയോ? മാതൃഭൂമി വായനക്കാര്‍ ആര്‍എസ്എസുകാര്‍ക്കെതിരായ വാര്‍ത്തയൊന്നും അറിയേണ്ടതില്ലെന്നതിനാല്‍ കോടതി വാര്‍ത്ത അവര്‍ നല്‍കിയതേയില്ല. ഇനി ശിക്ഷിക്കപ്പെടുന്ന പ്രതികള്‍ സിപിഐ എം അംഗങ്ങളോ അനുഭാവികളോ ആണെങ്കില്‍ അത് ആഘോഷമായി നല്‍കാന്‍ ഈ മുഖ്യധാരക്കാര്‍ തമ്മില്‍ മത്സരിക്കുമായിരുന്നു. മാത്രമല്ല, പൊടിപ്പും തൊങ്ങലും വച്ചുള്ള അനുബന്ധ സ്റ്റോറികളും വാല്‍ക്കഷ്ണങ്ങളും ആവോളം ഉണ്ടാവുകയും ചെയ്യും. അതാണ് നമ്മുടെ മാധ്യമങ്ങളുടെ 'നിഷ്പക്ഷത'.

കേരള കൗമുദിയില്‍ 15-ാം തീയതി 9-ാം പേജില്‍ (പ്രാദേശികം) "ആനാവൂര്‍ നാരായണന്‍നായര്‍ വധക്കേസ്: 11 പ്രതികള്‍ക്ക് ജീവപര്യന്തം" എന്നാണ് തലവാചകം നല്‍കിയിട്ടുള്ളത്. എന്നാല്‍ വാര്‍ത്തയ്ക്കുള്ളില്‍ "പ്രതികളായ 11 ആര്‍എസ്എസുകാര്‍ക്ക് ജീവപര്യന്തം" എന്നു ചേര്‍ത്ത് തങ്ങളും സത്യം പറഞ്ഞുവെന്ന് സായൂജ്യമടയുന്നു. കൊലയാളികള്‍ ആര്‍എസ്എസുകാരായതിനാല്‍ ആര്‍എസ്എസിനെതിരാകുമായിരുന്ന വാര്‍ത്ത പ്രാധാന്യത്തോടെ നല്‍കുമെന്ന പ്രതീക്ഷയില്‍ 15ന്‍റെ മാധ്യമം നോക്കി. അതില്‍ 12-ാം പേജില്‍ "നാരായണന്‍നായര്‍ വധം. 11 പ്രതികള്‍ക്ക് ജീവപര്യന്തം" എന്ന് ഒതുക്കത്തില്‍ പറഞ്ഞ് പിന്‍മാറുന്നു. എന്നാല്‍ ഉള്ളില്‍ "പ്രതികളായ 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ചു!" എന്നു പറയുന്നതുകൊണ്ട് തൃപ്തിപ്പെടുന്നു. ജമാഅത്തെ ഇസ്ലാമി പത്രത്തിനും പ്രിയം ആര്‍എസ്എസ്സിനോടുതന്നെ. ഒരേ തൂവല്‍പക്ഷികള്‍ തന്നെയാണല്ലോ രണ്ടും!
നോക്കൂ, 12-ാം തീയതിയിലെ മാതൃഭൂമിയുടെ ഒന്നാം പേജിലെ സൂപ്പര്‍ തലക്കെട്ട്: "ഗവര്‍ണറുടെ ചാന്‍സലര്‍ പദവി നീക്കല്‍. ഒരടി പിന്നോട്ട്. ഓര്‍ഡിനന്‍സ് ഒഴിവാക്കി ബില്ലിന് ആലോചന." ഉറവിടം അജ്ഞാതം. 12ന്‍റെ മനോരമ 12-ാം പേജില്‍ ഇതു സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ടിങ്ങനെ: "ചാന്‍സലറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനില്‍ എത്തിയില്ല. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ആശയക്കുഴപ്പം എന്നു സൂചന."

എന്നാല്‍ 13-ാം തീയതി ആയപ്പോള്‍ മനോരമയില്‍ ഇതേ സംഭവത്തിന് ഒരു ട്വിസ്റ്റ് നല്‍കിയിരിക്കുന്നു. അതിങ്ങനെയാണ് ഒന്നാം പേജില്‍ അവതരിപ്പിച്ചിരിക്കുന്നത്: "രണ്ടും കല്‍പ്പിച്ച് ഓര്‍ഡിനന്‍സ് രാജ്ഭവനിലെത്തിച്ചു. ഒപ്പിട്ടില്ലെങ്കില്‍ സഭയില്‍ നേരിടും. ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കുന്ന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്കുമുന്നില്‍. വൈകിച്ചാല്‍ ബില്ലായി നിയമസഭയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍." എത്ര അപഹാസ്യമായ വിധമാണെന്നു നോക്കൂ ഗൗരവമുള്ള ഒരു വിഷയത്തെ ഈ പത്രം അവതരിപ്പിക്കുന്നത്- "രണ്ടും കല്‍പ്പിച്ച്" എന്ന പ്രയോഗം ഗവര്‍ണര്‍ ഒപ്പിടേണ്ട, അതിനദ്ദേഹം ബാധ്യസ്ഥമായ ഒരു ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് അയച്ചതിനെക്കുറിച്ചാണെന്നോര്‍ക്കുക. ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കുന്നത് എന്തോ മഹാപാതകമെന്ന മട്ടിലാണ് മുഖ്യധാരക്കാര്‍. ഇനി അങ്ങനെ ചെയ്യുകയാണെങ്കില്‍ത്തന്നെ തങ്ങള്‍ നിശ്ചയിക്കുംപോലെ നിശ്ചയിക്കുന്ന സമയത്തുതന്നെ ആയിരിക്കണമെന്ന ശാഠ്യവും ഈ കമ്യൂണിസ്റ്റുവിരുദ്ധ മാധ്യമ കോമരങ്ങള്‍ക്കുണ്ട്.

13-ാം തീയതിതന്നെ ഏഴാം പേജില്‍ മനോരമ സര്‍വകലാശാലകള്‍ സംബന്ധിച്ച മറ്റൊരിനം കൂടി അവതരിപ്പിക്കുന്നു. "കെടിയു വിസിക്കെതിരെ പ്രതികാര നടപടി നീക്കവുമായി സര്‍ക്കാര്‍. എം ടെക് പ്രവേശന നടപടികളില്‍ വീഴ്ചയെന്ന പഴയ ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ നീക്കം." ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ് സീനിയര്‍ ജോയിന്‍റ് ഡയറക്ടറായിരിക്കെ ഡോ. സിസ തോമസ് നടത്തിയ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നേരിടുകയായിരുന്നു. അതിനിടെയാണ് സര്‍ക്കാര്‍ അനുമതിയില്ലാതെ സാങ്കേതിക സര്‍വകലാശാലയില്‍ വിസിയായി ചുമതലയേറ്റത്. ഗവര്‍ണര്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ മന്ത്രിസഭയുടെ അനുമതി ഇല്ലാതെ നിയമിച്ചത് തെറ്റ്. ആ നിയമനം അംഗീകരിച്ച് കുറ്റിയും പറിച്ച് ഓടിവന്ന് ആ ജീവനക്കാരി അത് ഏറ്റെടുത്തത് അതിലും വലിയ തെറ്റ്. ഗവര്‍ണര്‍ക്ക് തോന്നിയപോലെ ആരെയെങ്കിലും വിസിയായി നിയമിക്കാന്‍ സര്‍വകലാശാലാ നിയമത്തിലോ യുജിസി ചട്ടങ്ങളില്‍ പോലുമോ വകുപ്പില്ല. ഒന്നുകില്‍ പ്രോ വൈസ്ചാന്‍സലര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കാം. അല്ലെങ്കില്‍ സര്‍ക്കാര്‍ അനുമതിയോടെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക് ചുമതല നല്‍കാം. അതാണ് നിയമമെന്നിരിക്കെ കെടിയു വിസിയായി ഡോ. സിസയെ നിയമിച്ചത് ചട്ടവിരുദ്ധമാണ്, നിയമവിരുദ്ധമാണ്, ഗവര്‍ണര്‍ നടത്തിയ പിന്‍വാതില്‍ നിയമനമാണിത്. തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യസര്‍ക്കാര്‍ നിയമാനുസരണം കൈക്കൊള്ളുന്ന നടപടികള്‍ക്കെതിരെ വാളോങ്ങുന്ന മാധ്യമങ്ങള്‍ എന്നാല്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെയാകെ കുളം തോണ്ടുന്നതിനായി നിയമവിരുദ്ധമായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ കണ്ണടയ്ക്കുകയാണ്.


15ന്‍റെ മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങളിലെ ലീഡ് വാര്‍ത്ത "കുഫോസ് വിസിയും പുറത്ത്" എന്നാണ്. എന്താ കാരണം? യുജിസി ചട്ടങ്ങളനുസരിച്ചല്ലത്രെ നിയമനം. എന്നാല്‍ യുജിസി നിയമത്തില്‍ ഇല്ലാത്ത ഒരു കൂട്ടിച്ചേര്‍ക്കല്‍ നടത്തി ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ ചട്ടങ്ങള്‍. 2014 നുശേഷം പുതുക്കിയ ഈ ചട്ടം ബിജെപി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സര്‍വകലാശാലാ വിസിമാരായി സംഘികളെ തിരുകിക്കയറ്റാന്‍ വേണ്ടി ഉണ്ടാക്കിയ ചട്ടം. മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയില്‍ ഒരാള്‍ ഗവര്‍ണറുടെ നോമിനിയും ഒരാള്‍ യുജിസിയുടെ നോമിനിയും ആയിരിക്കും. ഇവര്‍ മൂന്നുപേരും മൂന്നു പേരുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യാമെന്നാണെങ്കില്‍ കേന്ദ്രത്തിന് ഗവര്‍ണറിലൂടെ സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാം. അതംഗീകരിക്കണമോയെന്നതാണ് പ്രശ്നം. സംഘപരിവാറിന്‍റെ ഈ അജന്‍ഡ നടപ്പാക്കാനുള്ള കൂലിത്തല്ലു സംഘമായി കേരളത്തിലെ മാധ്യമങ്ങള്‍ മത്സരിക്കുന്നതായാണ് നാമിന്നു കാണുന്നത്. "ഗവര്‍ണറുടെ നിലപാടിന് അംഗീകാരം. 8 വിസിമാര്‍ കൂടി പുറത്തേക്ക്" എന്ന് ആവേശപൂര്‍വം വാര്‍ത്ത നല്‍കുന്നവര്‍ ഈ അജന്‍ഡയുടെ ഭാഗത്തുനില്‍ക്കുകയാണ്. അതാണ് കേരളത്തിലെ മതനിരപേക്ഷ സമൂഹം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ടത്.

11ന്‍റെ മനോരമയില്‍ ഒന്നാം പേജില്‍ മാസ്റ്റര്‍ ഹെഡ്ഡിനു തൊട്ടുതാഴെയായി 5 കോളത്തില്‍ പ്രമാദമായി ഒരുവാര്‍ത്ത നല്‍കിയിരിക്കുന്നു: "തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 9 സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്" കഴിഞ്ഞ ആറേഴ് വര്‍ഷത്തിനിടയില്‍ നിരവധി തവണ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്. അവയില്‍ കൂടുതലും എല്‍ഡിഎഫിന് അനുകൂലമോ സ്റ്റാറ്റസ്കൊ നിലനില്‍ക്കുന്നതോ അപൂര്‍വമായി യുഡിഎഫിന് മുന്‍തൂക്കം നല്‍കുന്നതോ ആയ ജനവിധികളുമാണ്. എന്നാല്‍ അന്നൊന്നുമില്ലാത്ത ആവേശമാണ്, സന്തോഷംകൊണ്ട് എനിക്കിരിക്കാന്‍ വയ്യായേയെന്ന മട്ടിലാണ് ഇപ്പോള്‍ മനോരമാദികള്‍ ആഹ്ലാദിക്കുന്നത്. എന്താകാം അതിനു നിദാനം. ഇപ്പോള്‍ എന്ത് കൊസ്രാക്കൊള്ളിയെടുത്തും എല്‍ഡിഎഫിനും പിണറായി മന്ത്രിസഭയ്ക്കും നേരേ അടിക്കാന്‍ ഓങ്ങി നില്‍ക്കുകയാണല്ലോ കോണ്‍ഗ്രസും ബിജെപിയും. ജനത്തെ അണിനിരത്താന്‍ കെല്‍പ്പില്ലാത്തോണ്ട് ഗുണ്ടാസംഘങ്ങളെ ഇറക്കി അക്രമത്തിന് കോപ്പുക്കൂട്ടുകയാണല്ലോ ഈ ഒക്കച്ചങ്ങായിമാര്‍. അതിനു കച്ചകെട്ടി ഇറങ്ങുന്നവര്‍ക്ക് ഉശിര് പകരുകയാണ് ഈ മാധ്യമപ്പറ്റങ്ങളുടെ ലക്ഷ്യം- ഇങ്ങനെ പൊലിപ്പിക്കുന്നതിലൂടെ അവ തെര്യപ്പെടുത്താന്‍ ശ്രമിക്കുന്നത് കേറിയടിയെടാ മക്കളെ, ഇനിയൊന്നും നോക്കാനില്ല, കാറ്റുമാറി വീശുന്നു. നമ്മള് ജയിക്കും; അപ്പോ സര്‍വതും തകര്‍ത്താലും പത്താളെ കൊന്നാലും നമ്മളെ ഭരണം തുണയ്ക്കുമെന്നല്ലേ! അതുകൊണ്ട് സര്‍വതും ചുട്ടെരിക്കാനും കൊന്നൊടുക്കാനും യുഡിഎഫ് - ബിജെപി ക്രിമിനല്‍ സംഘങ്ങള്‍ക്ക് ആഹ്വാനം നല്‍കുകയാണ് മനോരമാദികള്‍. ഒന്നാം പേജിലെ അര്‍മാദിക്കല്‍ പോരാഞ്ഞിട്ട് മനോരമ 9-ാം പേജിലും 5 കോളത്തില്‍ തകര്‍ത്താടുന്നത് ആ ഇരിക്കപ്പൊറുതി ഇല്ലായ്മ കൊണ്ടാണ്. പക്ഷേ, മനോരമക്കാരാ, ഒരു ചക്കവീണപ്പോള്‍ മുയല് ചത്തൂന്നുവെച്ച് എന്നും അതുതന്നെ സംഭവിക്കുമെന്ന് വിചാരിച്ച് മുയലിറച്ചി ഞണ്ണാന്‍ നാക്കും നുണച്ചിരിക്കല്ലേ! ആവേശത്തള്ളിച്ചയില്‍ മനോരമയ്ക്ക് കണക്കും തെറ്റി. ഒന്നാം പേജിലെ റിപ്പോര്‍ട്ടിനൊപ്പമുള്ള പട്ടികപ്രകാരം യുഡിഎഫിന് അധികം കിട്ടിയത് 8 സീറ്റ്, എല്‍ഡിഎഫിന് നഷ്ടപ്പെട്ടത് 6 സീറ്റ്, ബിജെപിക്ക് നഷ്ടം രണ്ട്, അങ്ങനെയായിരിക്കുമ്പോള്‍ തലക്കെട്ടില്‍ പറയുന്ന 9 സീറ്റിലെ ഒന്ന് മനോരമേടെ ദാനമായിരിക്കും! ഓരോരോ വേഷം കെട്ടലേ!

എല്‍ഡിഎഫിനെതിരായ സമരത്തിന് തീകൊളുത്തുന്നതും എരിവുപകരുന്നതും വലതുപക്ഷ മാധ്യമങ്ങളാണ്. വാര്‍ത്ത നല്‍കലല്ല, വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നതിലാണ് അവ അഭിരമിക്കുന്നത്. ഇതിനിടയില്‍ വലിയ പ്രചാരം നേടാനാവാതെ അലസിപ്പോയ ഒരൈറ്റവും കൂടിയുണ്ട്. രാവേറെ ഇരുണ്ടശേഷം ചില മാധ്യമക്കൊഞ്ഞാണന്മാര്‍ കുന്തവും കോലുമായി ഖദറിട്ടനാല് ഗുണ്ടകളെയും കൂട്ടി തിരുവനന്തപുരം മേയര്‍ താമസിക്കുന്ന സ്വകാര്യവസതിയില്‍ പ്രതിഷേധിക്കാന്‍ വന്നതും കയ്യോടെ പിടികൂടിയപ്പോള്‍ മാപ്പാക്കണമെന്നോതി തടിതപ്പിയതുമാണാ സങ്കതി. ചില ചാനലുകള്‍ കുറച്ചുനേരം സ്ക്രോള്‍ ചെയ്തെങ്കിലും സങ്കതി തിരിച്ചുകുത്തുമെന്ന് കണ്ട് പിന്‍വലിച്ച് ഓടിയൊളിച്ചതും നമ്മള്‍ കണ്ടു.


പതിമൂന്നാം തീയതി മനോരമ, മാതൃഭൂമി, കേരള കൗമുദി, മാധ്യമം ആദിയായവയെല്ലൊം സമരത്തിന് ഊര്‍ജം പകരാന്‍ എണ്ണയൊഴിക്കുന്ന പണിയെടുക്കുന്നതാണ് നാം കണ്ടത്. മനോരമ ഒന്നാം പേജില്‍ "ദുരൂഹത, ഉരുണ്ടുകളി. ക്രൈംബ്രാഞ്ച് ആനാവൂരിന്‍റെ മൊഴിയെടുത്തത് ഫോണിലൂടെ. വിജിലന്‍സ് ഓഫീസില്‍ നേരിട്ടു ഹാജരായി." എന്നു തുടങ്ങി മൂന്നാം പേജിലെ 8 കോളം പെട്ടിയിലുള്ള "മേയര്‍ രാജിവയ്ക്കണമെന്ന ആവശ്യം. സമരം നാളെ മുതല്‍ കൂടുതല്‍ കടുക്കും." അണ്ണാന്‍ ആനയോട് പണ്ട് പറഞ്ഞ കഥയിലെ കടുപ്പിക്കല്‍ ആണെന്ന് പിറ്റേന്ന് നഗരം കാണുകയും ചെയ്തു. അതാണല്ലോ കോങ്കി-സംഘി കൗണ്‍സിലര്‍മാര്‍ നഗരസഭാ മന്ദിരത്തിനുമുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുംപോലെ ഷോ കാണിച്ചതാണോ, ഹേ ഈ "കടുക്കല്‍!" 7-ാം പേജില്‍ "കോര്‍പറേഷന്‍ കത്തുവിവാദം: വിജിലന്‍സ് ഇടപെടല്‍ നിര്‍ണായകം. അഴിമതിയെന്ന് തെളിഞ്ഞാല്‍ മേയറും ജില്ലാ സെക്രട്ടറിയും പ്രതികളാവും." അഴിമതിയെന്നു തെളിയണമെങ്കില്‍ കത്ത് വ്യാജമായിരുന്നാല്‍ പറ്റില്ലല്ലോ. അപ്പോള്‍ മനോരമ നല്‍കുന്നത്, വലതുരാഷ്ട്രീയവുമായി പങ്കുവയ്ക്കുന്നത് വാര്‍ത്തയല്ല, മറിച്ച് സ്വന്തം മനക്കോട്ടയാണ്. •