ഐക്യദാര്‍ഢ്യത്തിന്‍റെ പുസ്തകം

ലക്ഷ്മി ദിനചന്ദ്രന്‍

"They won't arrest my toughts. They won't arrest my dreams. If they don't let me walk, I'll walk with your legs. If they don't let me talk, I'll speech through your mouth. If my heart stops beating, it will beet in your heart"

        -Luiz Inacio Lula Da Silva

ഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ ലോകത്തെമ്പാടുമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന സംഭവമാണ് ബ്രസീലില്‍ ബൊള്‍സനാരോയെ പരാജയപ്പെടുത്തി ലുല പ്രസിഡന്‍റ് സ്ഥാനത്ത് എത്തിയത്. തിരഞ്ഞെടുപ്പിന്‍റെ രണ്ടാം റൗണ്ടില്‍ കടുത്ത മത്സരമായി; ലുലയ്ക്ക് 50.9% വോട്ടുകള്‍ ലഭിച്ചപ്പോള്‍ നിലവിലെ പ്രസിഡന്‍റ് ജെയര്‍ ബൊള്‍സനാരോയ്ക്ക് 49% വോട്ടാണ് ലഭിച്ചത്. വമ്പിച്ച കോര്‍പ്പറേറ്റ് പിന്തുണയോടെ, പണവും അധികാരവും ഉപയോഗിച്ച് ബൊള്‍സനാരൊ നടത്തിയ ശ്രമങ്ങളെ വിഫലമാക്കിക്കൊണ്ടാണ് ഈ വിജയം. 

ചരിത്രപരമായിത്തന്നെ, തൊഴിലാളിവര്‍ഗത്തോട് നീതിപുലര്‍ത്തുന്ന രാഷ്ട്രീയസാഹചര്യമായിരുന്നില്ല ബ്രസീലില്‍ നിലനിന്നിരുന്നത്. 2003 മുതല്‍ 2010 വരെ രണ്ടു തവണ പ്രസിഡന്‍റായിരുന്ന ലുലയും അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായിരുന്ന ദില്‍മ റൂസെഫും മുന്നോട്ടുവച്ചതും നടപ്പില്‍ വരുത്തിയതും ബ്രസീലില്‍ താണ്ഡവമാടിക്കൊണ്ടിരുന്ന ദാരിദ്ര്യത്തിന് അറുതിവരുത്താന്‍പോന്ന നയങ്ങളാണ്. അവ ലോകശ്രദ്ധനേടുകയും ചെയ്തിരുന്നു. എന്നാല്‍, ബ്രസീലില്‍ പ്രബലരായിരുന്ന വലതുപക്ഷകോര്‍പ്പറേറ്റ് ബാന്ധവക്കാര്‍ 2016ല്‍ നിയമനിര്‍മാണസഭാ അട്ടിമറിയിലൂടെ ദില്‍മയെ അധികാരത്തില്‍ നിന്നു പുറത്താക്കുകയും, 2018ല്‍ ലുലയെ കള്ളക്കേസില്‍ കുടുക്കി 580 ദിവസം ജയിലില്‍ അടയ്ക്കുകയും ചെയ്തു. 

 'പരോക്ഷമായ അഴിമതി' എന്ന കുറ്റം ചുമത്തപ്പെട്ട് ലുല ജയില്‍വാസം തുടങ്ങിയ 2018 ല്‍ പുറത്തിറങ്ങിയ ചെറുപുസ്തകമാണ് 'Truth Will Prevail: Why I Have Been Condemned'. ബ്രസീലിലെ പ്രസാധകരായ Boitempo ആണ് ഈ പുസ്തകം പുറത്തിറക്കിയത്. ഇന്ത്യയില്‍ ഇതെത്തിച്ചത് Leftword ആണ്. ഒന്‍പത് അധ്യായങ്ങളും വിശദമായ പിന്‍കുറിപ്പുകളുമുള്ള ഈ പുസ്തകത്തിന് 242 പേജുകളാണുള്ളത്. ലുലയുടെ ബാല്യം മുതലുള്ള നിരവധി അപൂര്‍വചിത്രങ്ങളുള്ള ജീവിതരേഖയാണ് ആദ്യ അധ്യായം. പൂര്‍ണമായും ലുല എഴുതിയ പുസ്തകമല്ല ഇത്. പലരുടെ കുറിപ്പുകളുടെ ഒരു ശേഖരമാണ്. എന്നാല്‍ ഇതിലെ ഏറ്റവും പ്രധാനപ്പെട്ടതും സുദീര്‍ഘവുമായ അധ്യായം 'Lula by Lula' എന്ന തലക്കെട്ടില്‍ അദ്ദേഹവുമായുള്ള അഭിമുഖമാണ്. 'I Was Born in this Union' എന്ന ലുല നടത്തിയ പ്രസംഗമാണ് മറ്റൊരധ്യായം. ബ്രസീലിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയും തളര്‍ച്ചയും, ആ കാലഘട്ടത്തില്‍ ജനാധിപത്യമെന്ന വ്യവസ്ഥിതിതന്നെ അവിടെ നേരിട്ട വെല്ലുവിളികള്‍, ലുലയ്ക്കെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന കള്ളക്കേസിന്‍റെ വിശദാംശങ്ങള്‍, ജീവചരിത്രക്കുറിപ്പുകള്‍, അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെയും പ്രവര്‍ത്തനത്തിന്‍റെയും വിശദമായ നാള്‍വഴി  ഇവയൊക്കെയാണ് മറ്റ് അധ്യായങ്ങള്‍. 

രാജ്യത്തിന്‍റെ രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ മാത്രമല്ല, ദൈനംദിനജീവിതത്തില്‍ വര്‍ഗബോധത്തിനും വര്‍ണ്ണ-വര്‍ഗകാഴ്ചപ്പാടുകള്‍ക്കുമുള്ള സ്വാധീനത്തെക്കുറിച്ചുള്ള വളരെ സരസമായ ചില നിരീക്ഷണങ്ങളും ഈ പുസ്തകത്തില്‍ ലുല നടത്തിയിട്ടുണ്ട്. 
"തങ്ങള്‍ കയ്യാളിയിരുന്ന സ്ഥാനങ്ങള്‍ പ്രിവിലേജ് കുറഞ്ഞവരായ സാധാരണക്കാര്‍ക്കും പ്രാപ്യമാകുന്നത് ബ്രസീലിലെ ഉന്നതശ്രേണിക്കാരെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടോ?" എന്ന യുകാ ക്ഫൂരിയുടെ ചോദ്യത്തിന് ലുല നല്‍കുന്ന മറുപടി ഇങ്ങനെയാണ്:

"നിങ്ങള്‍ക്ക് ഓര്‍മയില്ലേ, എയര്‍പോര്‍ട്ട് ഒക്കെ 'ബസ് സ്റ്റാന്‍ഡ് പോലെ ആയി' എന്ന് ഇവര്‍ പറഞ്ഞിരുന്നത്? അവര്‍ പറഞ്ഞുവച്ചത്, പാവപ്പെട്ടവര്‍ വിമാനത്തില്‍ യാത്രചെയ്യുന്നത് അവര്‍ക്ക് പിടിക്കുന്നില്ല എന്നുള്ളതാണ്. വിമാനത്തില്‍ ഒരു അമേരിക്കക്കാരനുണ്ടെങ്കില്‍ പക്ഷേ, ഇക്കൂട്ടര്‍ക്ക് വലിയ സന്തോഷമാണ്. ഒരു വെള്ളക്കാരന്‍ വിമാനത്തില്‍ ഷോര്‍ട്സ് ധരിച്ച് കയറിയാല്‍ അതിനെ 'ക്യൂട്ട്' എന്ന് പറയുകയും, കറുത്ത തൊലിയുള്ള ബ്രസീലുകാരന്‍ അതേ വസ്ത്രം ധരിച്ചാല്‍ "അവനു വസ്ത്രം ധരിക്കേണ്ടതെങ്ങനെയെന്നറിയില്ല" എന്ന് പറയുകയും ചെയ്യുന്നത് അവരിലെ അപകര്‍ഷതാബോധമാണ്..... നല്ല സാധനങ്ങള്‍ പാവപ്പെട്ടവര്‍ക്കും ഇഷ്ടമാണ് എന്നത് ഇവര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നില്ല.... അതെല്ലാം അവര്‍ക്ക് മാത്രമേ ആസ്വദിക്കാവൂ എന്ന ചിന്താഗതിയാണ്.... ഞാനിന്നും സ്വപ്നം കാണുന്നുണ്ട് കറുത്തനിറമുള്ളവരില്‍ നിന്നും ഒരുപാടുപേര്‍ ബാങ്ക് മാനേജര്‍മാരും ഡെന്‍റിസ്റ്റുകളും ഒക്കെ ആകുന്നത്, ഭരണഘടനയില്‍ എഴുതിവച്ചതുകൊണ്ടുമാത്രം ഇത് സാധ്യമാകില്ല. മനുഷ്യരുടെ മനസ്സുകളിലാണ് വിവേചനം..." 

കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ബ്രസീലില്‍ മാത്രമല്ല, ഇങ്ങു ദൂരെ കൊച്ചുകേരളത്തില്‍പോലും ഇത്തരം ചിന്തകള്‍ നമുക്ക് പരിചിതമാണ്. പൊതുവിദ്യാഭ്യാസവും, സര്‍ക്കാരാശുപത്രികളും, ക്ഷേമപെന്‍ഷനും, ലൈഫ് പദ്ധതിയുമൊക്കെ അസാധ്യമാകുന്ന വലതുപക്ഷരാഷ്ട്രീയത്തിന്‍റെ മുഖം ഇവിടെയും ഒട്ടും വ്യത്യസ്തമല്ലല്ലോ.

സമകാലിക കേരളത്തിലെ മാധ്യമപ്രവര്‍ത്തകരും പ്രസാധകരും മനസ്സിരുത്തി വായിക്കേണ്ട ഒന്നാണ് ഈ പുസ്തകത്തിന് ഇവാന ജിങ്കിങ്സ് എഴുതിയ പ്രസാധനക്കുറിപ്പ്. അതിന്‍റെ സംക്ഷിപ്തരൂപം ഇങ്ങനെയാണ്:
'പരോക്ഷമായ അഴിമതിയുടെ പേരില്‍ ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയ്ക്ക് വിധിച്ച ശിക്ഷയ്ക്കെതിരായ അപ്പീല്‍ ഫെഡറല്‍ ജഡ്ജി സെര്‍ജിയോ മോറോ 2018 ജനുവരി 24ന് പോര്‍ട്ടോ അലെഗ്രെയില്‍ പരിഗണിച്ചു. മുന്‍പേയുള്ള ശിക്ഷ സ്ഥിരീകരിക്കുകയും, അതിന്‍റെ കാലാവധി നീട്ടുകയും കൂടി ചെയ്തപ്പോള്‍ത്തന്നെ, ഇത് മുന്‍നിശ്ചയിച്ച ഒത്തുകളിയാണെന്നത് വ്യക്തമാവുകയും ചെയ്തു. അതേസമയം കോടതിക്ക് പുറത്ത് പതിനായിരക്കണക്കിനാളുകള്‍, കൂടുതലും തൊഴിലാളികളും വിദ്യാര്‍ത്ഥികളും, ബ്രസീലിയന്‍ തൊഴിലാളിവര്‍ഗം സൃഷ്ടിച്ചിട്ടുള്ളതില്‍വച്ച് ഏറ്റവും ജനകീയനായ രാഷ്ട്രീയനേതാവിന് പിന്തുണ അറിയിച്ചുകൊണ്ട് അണിനിരന്നു. ബ്രസീലിയന്‍ രാഷ്ട്രീയ നിയമവ്യവസ്ഥയുടെ തകര്‍ച്ചയുടെയും, നമ്മുടെ ജനാധിപത്യം നേരിടുന്ന ഭീഷണിയുടെയും പശ്ചാത്തലത്തില്‍, ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളെപ്പോലെ ഒരു സ്ഥാപനം നിലനില്‍ക്കേണ്ടതുതന്നെ അതിനാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.

ബോയ്ടെമ്പോ ഒരു സ്വതന്ത്ര പ്രസിദ്ധീകരണശാലയാണ്. ഇത് വലിയൊരു ബിസിനസ് ഗ്രൂപ്പിന്‍റെയൊന്നും ഭാഗമല്ല; രാഷ്ട്രീയ പാര്‍ട്ടികളുമായോ സാമൂഹികപ്രസ്ഥാനങ്ങളുമായോ മതസ്ഥാപനങ്ങളുമായോ ബന്ധമില്ല. പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണ് ഇതിന്‍റെ ഏക വരുമാന മാര്‍ഗ്ഗം. കഴിഞ്ഞ ഇരുപതുവര്‍ഷക്കാലം, ഞങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളും വിമര്‍ശനാത്മകചിന്താഗതിയില്‍ ഉറച്ചുനില്‍ക്കുന്ന എഡിറ്റോറിയല്‍ ലൈനും ഒന്നിച്ചുകൊണ്ടുപോകാനാണ് ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളത്. ഞങ്ങള്‍ സെല്‍ഫ്ഹെല്‍പ് പുസ്തകങ്ങളോ പാഠപുസ്തകങ്ങളോ സാഹിത്യ ഫാസ്റ്റ് ഫുഡുകളോ പ്രസിദ്ധീകരിക്കില്ല. മിഥ്യാധാരണകള്‍ കൊണ്ട് ആളുകളെ ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നില്ല. പല ചിന്താസരണികളില്‍നിന്നുമുള്ള പുരോഗമനചിന്താഗതിക്കാരായ എഴുത്തുകാരുടെ നിലവാരമുള്ള കൃതികള്‍ നന്നായി എഡിറ്റ് ചെയ്തു പ്രസിദ്ധീകരിക്കുക എന്നതാണ് ഞങ്ങളുടെ രീതി.  അവയില്‍ പലതും വര്‍ക്കേഴ്സ് പാര്‍ട്ടിയെ നിശിതമായി വിമര്‍ശിക്കുന്നവയുമാണ്. 

ഒരു കമ്പനി എന്ന നിലയില്‍ ഒരു പാര്‍ട്ടിയെയോ സ്ഥാനാര്‍ത്ഥിയെയോ ഞങ്ങള്‍ പിന്തുണയ്ക്കുന്നില്ല. എന്നാല്‍ 2016 ഏപ്രിലിലെ അട്ടിമറി മുതല്‍ ബ്രസീലില്‍ അസഹിഷ്ണുതയും മുന്‍വിധിയും വല്ലാതെ വര്‍ദ്ധിച്ചിരിക്കുന്നു. ഇതിന്‍റെ ഫലമാണ് പ്രസിഡന്‍റ് ലുലയുടെ അറസ്റ്റ്. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ വ്യക്തിത്വത്തോടോ സര്‍ക്കാരിലെ പെരുമാറ്റത്തോടോ ഞങ്ങള്‍ യോജിക്കുന്നുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെതന്നെ, അദ്ദേഹത്തിനെതിരായ പീഡനം ഒരു വ്യക്തിയോട് അല്ലെങ്കില്‍ പാര്‍ട്ടിയോടുള്ള വെറുപ്പ് എന്നതിനേക്കാള്‍ ഗൗരവമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇപ്പോള്‍ ലുലയെ ജയിലിലടച്ചതിലൂടെ, പാവപ്പെട്ടവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതോടൊപ്പം, പണക്കാര്‍ കൂടുതല്‍ പണക്കാരാകുകയും, സമ്പദ്വ്യവസ്ഥ തകരുകയും, രാജ്യത്തിന്‍റെ പരമാധികാരം അധഃപതിക്കുകയും ചെയ്യുന്ന ഒരു സ്വേച്ഛാധിപത്യ സാഹസികതയ്ക്ക് ഈ രാജ്യം തുടക്കമിട്ടിരിക്കുന്നു. 
ഗവണ്‍മെന്‍റിനുമേല്‍ പിടിമുറുക്കിയിരിക്കുന്ന കുറേ ദുഷ്ടശക്തികള്‍ ബ്രസീലിനെ നയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉറക്കെപ്പറയാന്‍ കൂടിയാണ് അഗാധമായ ജനാധിപത്യ ബോധ്യത്തോടെ ഞങ്ങള്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മാറ്റത്തിനുള്ള ഞങ്ങളുടെ ആഗ്രഹത്തെയും സാംസ്കാരിക പ്രതിരോധത്തെയും കൂടിയാണ് ഈ പുസ്തകം പ്രതിനിധാനം ചെയ്യുന്നത്."

എഴുത്തും പ്രസാധനവും മാധ്യമപ്രവര്‍ത്തനവും പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗമല്ലെന്നും, ഇടുങ്ങിയ ലാഭചിന്തയ്ക്കപ്പുറം സാമൂഹികമായ ഉത്തരവാദിത്വം അതിനുണ്ടെന്നുമുള്ള ഓര്‍മപ്പെടുത്തലാണ് ഈ പുസ്തകവും അത് പുറത്തിറങ്ങിയ സാഹചര്യവും. •